(രചന: ഹരിത ദാസ്)
” നിന്നെ എനിക്കീ വീട്ടിൽ വേണ്ടത് എന്റെ ഭാര്യയായാണ് അല്ലാതെ കണ്ട സ്റ്റേജുകളിൽ കണ്ടവർക്ക് മുന്നിൽ നൃത്തം ചെയ്യുന്ന നർത്തകിയായല്ല,ഇനി എങ്കിലും നീ ഈ വിഡ്ഢിത്തം നിർത്തിയേക്കണം.നിന്റെ ഈ ചിലങ്കകകളുടെ ശബ്ദം കേൾക്കുമ്പോഴേ..എനിക്കോക്കാനം വരുന്നു.”
വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസമാണ് ഗൗരിയുടെ നൃത്തത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ ആകെ തകർന്നു പോയത്.കാലുകളിൽ ചിലങ്കകൾ അണിഞ് നൃത്ത ചുവടുകൾ പ്രാക്ടീസ് ചെയ്യുകയായിരുന്നു ഗൗരി. അപ്പോഴായിരുന്നു സ്വന്തം ഭർത്താവിൽ നിന്നും ഇത്തരമൊരു അധിക്ഷേപം.
2005 ഏപ്രിൽ 5.വെറും 25-ാം വയസ്സിൽ, ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അവൾ സുന്ദരനും നല്ല സ്റ്റാറ്റസുമുള്ള ഒരു അപരിചിതന് മുന്നിൽ താലി ചാർത്താൻ കഴുത്തു നീട്ടി കൊടുത്തു. മാതാപിതാക്കൾ നേർന്ന ഒരു നേർച്ച പോലെ.
കല്യാണം കഴിഞ്ഞാലും നിനക്ക് ഡാൻസ് ചെയ്യാലോ എന്നുള്ള ന്യായങ്ങൾ നിരത്തിയപ്പോൾ അവൾ അതിൽ വീണു. സുന്ദരൻ,നല്ല ജോലി. അവന്റ ചിരിയിലും സ്റ്റാറ്റസിലും
അവളും മയങ്ങി.
ആരെയും പഴിക്കാതെ അയാൾക്ക് മുന്നിൽ അവൾ മൗനമായി നിന്നു. എന്നും കാതുകളിൽ സംഗീതമായിരുന്ന കണങ്കാൽ ചിലങ്കകളുടെ ശബ്ദം നഷ്ടമായെന്നുള്ള തിരിച്ചറിവിൽ അവളുടെ ശരീരമൊന്ന് വിറച്ചു.കണ്ണുകൾ നിറഞ്ഞു. ഭർത്താവ് പുറത്തേക്ക് പോയ നിമിഷം അവൾ സ്വന്തം വീട്ടിലേക്ക് ഫോൺ വിളിച്ചു.ഫോണിന്റെ അങ്ങേ തലയ്ക്കലുള്ള അമ്മയോട് കരഞ്ഞു കൊണ്ടവൾ സങ്കടം പറഞ്ഞു.
“മോളെ..ഗൗരി,നിന്റെ ലോകമിനി അവനാണ് അത് കൊണ്ട് തന്നെ എന്റെ മോൾ അവന്റ ആഗ്രഹങ്ങൾക്കും അവന്റ ഇഷ്ടങ്ങൾക്കും അനുസരിച്ച് ജീവിക്കുക തന്നെ വേണം.നമുക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ലൊരു ബന്ധമാണ്. മോളായിട്ട് ഇനി അവനെ ദേഷ്യം പിടിപ്പിക്കേണ്ട.”
സ്വന്തം അമ്മയുടെ ഉപദേശം കേട്ടപ്പോൾ അവളുടെ കൈപിടിയിൽ നിന്നും ഫോൺ വഴുതി താഴേക്ക് വീണു. ഒരു നർത്തകിക്ക് അവളുടെ ചിലങ്കകൾ നഷ്ടമാവുന്നത് അവളുടെ ജീവൻ നഷ്ടമാവുന്നതിന് തുല്യമാണ്.ഗൗരിക്കിനി ചിലങ്കകളുടെ ഭാരമില്ല.
“ദാമ്പത്യത്തിന്റെ മധുരമായ പ്രതീക്ഷകളും, ഒരു പിടി സമ്മാനങ്ങളും, കൊട്ടാരം പോലുള്ള വീടും എന്തിനാണ് ഞാൻ പ്രതീക്ഷിച്ചത്.ഈ ചിലങ്കകൾ നഷ്ടപെടാൻ വേണ്ടിയോ ?”
അവൾ സ്വയം അവളെ കുറ്റപെടുത്തി. അവളുടെ ഒരു ഭാഗം ആ ദിവസം മരിച്ചിരുന്നു.
ദാമ്പത്യത്തിന്റെ മധുരമായ പ്രതീക്ഷകൾ തേടി പോയവൾക്ക് ഒരാഴ്ച കൊണ്ട് തന്നെ ദാമ്പത്യം ഒരു പേടി സ്വപ്നമായി മാറി.ഒരാഴ്ച വേണ്ടി വന്നു ഭർത്താവിനെ അവൾക്ക് മനസ്സിലാക്കാൻ.ഭാര്യയുടെ ശരീരത്തിൽ വേ ദനകൾ നൽകി ആനന്ദം കണ്ടെത്തുന്ന ഒരു സാ ഡിസ്റ്റയിരുന്നു അവളുടെ ഭർത്താവ്.അവളുടെ ശരീരവും മനസ്സും ഒരുപോലെ അയാൾ മുറിവേൽപ്പിച്ചു.കിടപ്പറയിൽ ആണേലും അടുക്കളയിൽ ആണേലും ഗൗരിയെ അയാൾ ലൈം ഗികമായും അല്ലാതെയും ഒത്തിരി ഉപദ്രവിച്ചു. ഇതൊക്കെ ആരോട് പറയും. ഒരു ബാധ്യത ഒഴിഞ്ഞു പോയല്ലോ എന്ന് കരുതിയ, പണത്തിന്റെ തിളക്കത്തിൽ അവളെ പോലെ തന്നെ കണ്ണ് മങ്ങി പോയ വീട്ടുകാരോടോ?
പലപ്പോഴും സ്വന്തം വീട്ടിൽ ഭർത്താവിന്റെ കൂടെ പോയപ്പോൾ ഞാനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷവദി എന്ന് തോന്നും രീതിയിൽ അവൾ സ്വയം അവളെ പ്രദർശിപ്പിച്ചു. അയാൾക്ക് അവൾ പൂർണമായും അടിമപെട്ടിരുന്ന പോലെ.
ഒന്നര വർഷം കൊണ്ട് അവൾ ഒരു പെൺകുട്ടിക്ക് ജന്മം നൽകി.കുറച്ചൊക്കെ സ്നേഹം അപ്പോഴായിരുന്നു ഭർത്താവ് അവളോട് കാട്ടാൻ തുടങ്ങിയത്. എന്നാലും,ആ സനേഹത്തിനും വലിയ ആയുസ്സില്ലായിരുന്നു.മകൾക്ക് പത്തു വയസ്സായപ്പോൾ നമുക്ക് ഡിവോഴ്സ് ആയാലോ എന്നൊരു ചോദ്യം പതിയെ അയാൾ അവളോട് ചോദിച്ചു.അത് വരെ അയാൾ ശരീരത്തിൽ നഖങ്ങൾ കൊണ്ടും പല്ലുകൾ കൊണ്ടും കത്തിച്ച സിഗരറ്റ് കുറ്റികൾ കൊണ്ടും സമ്മാനിച്ച വേദനകൾ എല്ലാം ഒരുമിച്ച് നീറുന്നത് പോലെ അവൾക്കപ്പോൾ തോന്നി.അവൾ പതിയെ എഴുന്നേറ്റ് മുറിയിലേക്ക് പോയി. അതി ശക്തമായി മുറിയുടെ വാതിൽ അയാൾക്ക് മുന്നിൽ അടഞ്ഞു. ഉടുത്തിരുന്ന വസ്ത്രം അഴിച്ചു നഗ്ന യായി അവൾ കണ്ണാടിക്ക് മുന്നിൽ നിന്നു.അവളുടെ ന ഗ്നമായ ശരീരത്തിലൂടെ അവൾ കണ്ണോടിച്ചു.
ഇരുപത്തഞ്ചാം വയസ്സിൽ കല്യാണം കഴിഞ്ഞു വരുമ്പോൾ ഉണ്ടായിരുന്ന ശരീരമിന്ന് ഒത്തിരി മെലിഞ്ഞിരിക്കുന്നു. അഭിമാനമായി കൊണ്ട് നടന്നിരുന്ന സ് തനങ്ങൾ ഇടിഞ്ഞു തൂങ്ങിയിരിക്കുന്നു. ശരീരത്തിൽ അങ്ങോളം ഇങ്ങോളം ദാമ്പത്യത്തിന്റെ സമ്മാനങ്ങൾ പോലെ മുറിവുകൾ.
വാതിൽ തുറന്ന് അകത്തു കയറി വന്ന അവളുടെ ഭർത്താവ് അവളുടെ ആ നിൽപ്പിൽ പോലും ഒരു തരം കാ മം കണ്ടു.അവളുടെ ശരീരത്തിൽ അനുവാദമില്ലാതെ അയാൾ തൊട്ടു. അവൾ തിരിഞ്ഞു നിന്ന് അയാളുടെ മുഖത്തേക്ക് ആ ഞ്ഞടിച്ചു. അയാൾ തു ള്ളി പോയി.അവളുടെ കണ്ണുകളിലെ നനവിൽ ഒരു തരം തെളിച്ചവും ഭീകരതയും അയാൾ കണ്ടു. ദുർഗ വേഷം കെട്ടിയ പഴയ ആ നർത്തകിയുടെ കണ്ണുകൾ പോലെ. ആ കണ്ണുകൾ അയാളെ പേടിപ്പെടുത്തി.അവള നിമിഷം അവളുടെ സ്വയം ഭരണം അവിടെ പ്രഖ്യാപിച്ചു.
കോടതിയും കേസുമായി പിന്നെയും ഒരു മൂന്ന് വർഷം.അയാൾ അയാളുടെ നാൽപ്പതുകളിലേക്ക് കടന്നു. അയാളുടെ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു മുപ്പത്താർ വയസ്സ്ക്കാരിയെ അയാൾ കല്യാണം കഴിച്ചു. മോശമല്ലാത്ത ഒരു ജീവനാംശം കോടതി പറയാതെ തന്നെ അയാൾ ഗൗരിക്ക് നൽകി.
ഗാർഹിക പീ ഡനം എന്നൊക്കെ പറഞ്ഞാൽ ഒത്തിരി ചർച്ചയാവുന്ന 2020 ന്റെ ആരംഭം. നല്ല രീതിയിൽ ഫെമിനിസ്റ്റ് നിലപാടുകളും ആക്റ്റീവിസ്റ്റ് കളും അവരുടെ ഫെമിനിസ്റ്റ് ചർച്ചകളും. ആണധികാരത്തെ തച്ചുടച്ചു മുന്നോട്ട് വരുന്ന സ്ത്രീകളും ഒത്തിരി ഉണ്ടായികൊണ്ടിരിക്കുന്ന സമയം.
അവൾ അവളുടെ നാല്പത്കളിലേക്കും കടന്നു.ഒരു വാടക വീട്ടിൽ പതിനാലു വയസ്സുകാരി മകളുമായി അവൾ താമസം മാറി. അവളുടെ ജീവിതത്തിന്റെ പുതിയൊരു അദ്ധ്യായം.
ഭൂതകാലത്തെ പിന്നിലേക്ക് ഉപേക്ഷിച് മകളുമായി പുതിയൊരു യാത്ര അവൾ ആരംഭിച്ചു.അടുത്ത് തന്നെയുള്ള സൂപ്പർ മാർകെറ്റിൽ അവൾ ജോലിക്ക് കയറി.സ്വന്തം വീടുമായി വലിയ അടുപ്പമൊന്നും പിന്നെ അവൾ കാട്ടിയില്ല.
ഒരൊഴിവ് ദിവസം പഴയ സാധനങ്ങൾ എല്ലാം മാറ്റിവെയ്ക്കുന്നതിന് ഇടയിലായിരുന്നു പൊടി പിടിച്ച പഴയ ചിലങ്കകൾ അവളൊരു പെട്ടിയിൽ കണ്ടത്. അവളുടെ കാതുകളിൽ പഴയ നർത്തകിയുടെ ഓരോ ചുവടിലും കിലുങ്ങിയ ചിലങ്കകളുടെ ശബ്ദം അലയടിച്ചു. അവള ചിലങ്കകളെ തഴുകി. അതിൽ ഒരടി അടിച്ചു. പൊടി ചുഴറ്റി കൊണ്ട് ഏറെ നാളത്തെ നിശബ്ദതയ്ക്ക് ശേഷം ആ ചിലങ്കകൾ ശബ്ദിച്ചു.
കണ്ണാടിക്ക് മുന്നിൽ നിന്നു കൊണ്ട് അവൾ പഴയ നർത്തകിയുടെ ചുവടുകൾ ഓർത്തെടുക്കാൻ ശ്രമിച്ചു. പലതും മറന്നു പോയിരിക്കുന്നു.ഒരിക്കൽ അവൾക്കറിയാവുന്ന നർത്തകി അവളിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു.
കാലുകളും കൈകളും വഴങ്ങുന്നില്ല. ഇടുപ്പിൽ ഒരു ഉളുക്ക് വന്നപോലെ. ഇടുപ്പിൽ പിടിച്ചു കൊണ്ട് അവളവിടെ കട്ടിലിൽ ഇരുന്നു. പഴയ നർത്തകി ശരീരത്തിൽ നിന്നും എവിടെയൊ പോയി മറഞ്ഞിരിക്കുന്നു.അവളറിയാതെ തേങ്ങി പോയി.കിടക്കയിൽ മുഖം ആഴ്ത്തി കിടന്ന് അവൾ പൊട്ടി കരഞ്ഞു.
അങ്ങനെ ഇരിക്കെ സൂപ്പർ മാർകെറ്റിൽ വെച്ച് അവൾ പഴയ ഒരു കൂട്ടുകാരിയെ കണ്ടു മുട്ടി.
“പാർവതി”
സമയം നിശ്ചലമായത് പോലെ അവൾക്കപ്പോൾ തോന്നി.പാർവതി യെ കണ്ടപ്പോൾ ഗൗരി അവളുടെ ഇരുപതാം വയസ്സിലേക്കൊന്ന് തിരിച്ചു പോയി.നൃത്തത്തിൽ ആര് ജയിക്കും തോൽക്കുമെന്ന് അവർ തമ്മിൽ മത്സരമുണ്ടായിരുന്ന കാലം. കലോത്സവ വേദികൾ അവർ അടക്കി വാണിരുന്ന കാലം.വിജയത്തിന്റെ ആവേശവും തോൽവിയുടെ വേദനയും കൊണ്ടാടിയ കാലം.
പാർവതി അവളെ കേട്ടു. അവൾ ഗൗരിയെ ചേർത്ത് പിടിച്ചു കരഞ്ഞു. അവളുടെ ശരീരത്തിലേ മുറിവുകളിലൂടെ അവളൊരു തേങ്ങലോടെ വിരലുകൾ ഓടിച്ചു.
ഇന്റർനാഷണൽ നൃത്ത വേദികളിലെ നിറ സാനിധ്യമാണ് നാൽപ്പത്തൊന്ന് വയസ്സ്ക്കാരി പാർവതി ഇന്ന്. നൃത്തം അവൾക്കൊരു ഹരമായിരുന്നു.നൃത്തത്തോടുള്ള അഭിനിവേഷവും, അർപ്പണ ബോധവും അവൾക്ക് ഒത്തിരി അംഗീകാരങ്ങളും പണവും നേടികൊടുത്തു. ഗൗരിക്ക് അവളുടെ പേര് കൃത്യതയുടെ പര്യായമായിരുന്നു. കൃത്യത എന്നത് അവളെ കണ്ടായിരുന്നു ഗൗരി പഠിച്ചത്.വിവാഹം കഴിക്കാത്തതാണ് നീ എടുത്ത ഏറ്റവും മികച്ച തീരുമാനമെന്ന് ഒരു ചെറു പുഞ്ചിരിയോടെ ഗൗരി അവളോട് അഭിപ്രായപെട്ടു.
“നീ ഇനിയും ചിലങ്കകൾ അണിയണം.. പഴയ ആ നർത്തകി നിന്റെ ഉള്ളിൽ തന്നെയുണ്ട്. എവിടെയും പോയിട്ടില്ല..”
” കേൾക്കാൻ നല്ല രസമുണ്ട്.. പക്ഷെ ഈ ശരീരം ഇനി അതിനു വഴങ്ങുമെന്ന് എനിക്ക് തോന്നുന്നില്ല.. ”
ഗൗരി യുടെ വാക്കുകളിൽ പ്രതീക്ഷകൾ വറ്റിയിരുന്നു.
“നിനക്ക് കഴിയും.. ഞാൻ നിന്നെ ട്രെയിൻ ചെയ്യാം.. ഒരിക്കൽ കൂടെ എനിക്ക് നിന്നോട് നൃത്തം ചെയ്യണം. ആ പഴയ പാർവതി യും ഗൗരിയുമായി..”
ഗൗരിയുടെ മനസ്സും എന്തിനോ വേണ്ടി തുടിച്ചു. ചിലങ്കകൾ ഒരിക്കൽ കൂടെ അണിയാൻ കഴിഞ്ഞിരുന്നെങ്ങിലെന്ന് അവളും ഒത്തിരി ആഗ്രഹിച്ചിരുന്നു.
രണ്ട് വർഷം നീണ്ട കഠിന പരിശീലനം അവളുടെ ഉള്ളിൽ വീണ്ടും ആ നർത്തകി കുടിയേറി.ഗൗരിക്ക് വീണ്ടും 15 വയസ്സ് കുറഞ്ഞത് പോലെ.അവളുടെ വാടി കരിഞ്ഞ മുഖം വീണ്ടും ഇരുപതിന്റെ തിളക്കം കൈ വരിച്ചു. കൃത്യമായ മെഡിക്കേഷൻ നും വ്യായാമവും അവളെ പഴയ പോലെ സുന്ദരിയാക്കി മാറ്റി. ഒരുപാട് സ്റ്റേജ്കളിൽ അവൾക്ക് ഇനിയും നൃത്തം ചെയ്യാൻ പറ്റുമെന്ന ആത്മ വിശ്വാസം പാർവതി ഗൗരിയിൽ വളർത്തിയെടുത്തു.
2023 ഇൽ ന്യൂഡൽഹിയിൽ നടന്ന ആഗോള ഡാൻസ് പ്രോഗ്രാമായ “ഐഗിരി നന്ദിനി ” വേദിയിൽ പാർവതി യും ഗൗരിയും ഒന്നിനൊപ്പം എത്തുന്ന രീതിയിൽ നൃത്തം ചെയ്തു. ഗൗരി ആ നൃത്തത്തിന്റെ ഓരോ ചുവടുകളും ആസ്വദിക്കുകയായിരുന്നു. തന്റെ സ്വപ്‍നങ്ങൾക്ക് വിലങ്ങിട്ട ഭർത്താവിനെ കൊ ല്ലുന്ന രീതിയിൽ മനസ്സിൽ സങ്കല്പിച്ചു കൊണ്ട് അവൾ നൃത്തം ചെയ്തു.കാണികൾ എഴുന്നേറ്റ് നിന്ന് കൈ അടിച്ചു. പിറ്റേ ദിവസത്തെ പത്രങ്ങളിലെ വാർത്തകളിൽ ഗൗരി നിറഞ്ഞു നിന്നു.
പണവും പ്രസക്തിയും ഗൗരിയെ തേടിയ്യെത്തി..
ഒരുനാൾ അതി രാവിലെ അവൾ വീടിന്റെ ബാൽക്കണിയിൽ നിന്നും പത്രം വായിച്ചു കൊണ്ടിരിക്കുമ്പോൾ.ഒരു മരണ വാർത്ത അവളുടെ ശ്രദ്ധയിൽ പെട്ടു. അവളൊന്ന് ഞെട്ടി. അവളുടെ ഭർത്താവിന്റെ പടം മരണകോളത്തിൽ. അവള പേജ് കീറി. അയാളുടെ മുഖമുള്ള ഭാഗം മുഖത്തോടു ചേർത്തു എന്തൊക്കെയോ മന്ത്രിച്ചു. ഒരു നിമിഷം അവൾ തേങ്ങി. പതിയെ അവളുടെ കയ്യിലെ കടലാസ് അവൾ ചുരുട്ടി. അവിടെ വെച്ചിരുന്ന ബാസ്ക്കറ്റ് കൊട്ടയിലേക്കിട്ടു. ഉദിച്ചുയർന്നു വരുന്ന സൂര്യനെ നോക്കി അവളുടെ വിഷാദം നിറഞ്ഞ മുഖത്തു പുഞ്ചിരി വിടർന്നു. വലതു കയ്യിലെ നടു വിരൽ നിവർത്തി പിടിച്ച് കൊണ്ട് കാലുമേൽ കാൽ കയറ്റിവെച്ച് അവൾ കസേരയിൽ സ്റ്റൈലായിരുന്നു.പത്ര വായന തുടർന്നു.ഇനി തോൽക്കില്ല എന്ന ദൃഢ നിശ്ചയത്തോടെ.
ശുഭം.