(രചന: Sethu Madhavan)
ആരുടെയോ നിലവിളി കേട്ടാണ് രവി ഞെട്ടിയുണർന്നത്. ഗോമതിയക്ക ആരുടെയോ ശിക്ഷ നടപ്പാക്കുന്നു, ഒരു മാസത്തോളം ആയി എന്ന് തോന്നുന്നു രവി ഇവിടെ വന്നിട്ട്, അതിൽ തന്നെ മൂന്ന് ദിവസത്തോളം രവിക്ക് ബോധം ഇല്ലായിരുന്നു എന്നാണ് ഗോമതിയക്ക പറയുന്നത്. ഇതിനിടയിൽ എത്രാമത്തെ ആളാണ് ഗോമതിയക്കയുടെ ശിക്ഷ ഏറ്റുവാങ്ങുന്നത്.
ആദ്യമൊക്കെ അക്കയെ കാണുമ്പോ രവിക്ക് ആശ്വാസം ആയിരുന്നു, ഇല്ലാതെ പോയ ചേച്ചിയെ കിട്ടിയ പോലൊരു തോന്നൽ, അന്ന് ആദ്യമായി ഗോമതിയക്കയുടെ ശിക്ഷ കാണുന്നത് വരെ. മുഖം നിറയെ ചോരയുമായി മുന്നിൽ നിന്ന് കരയുന്ന പുരുഷന്റെ ഓരോ വിരലുകളായി മുറിച്ചെടുക്കുന്ന അക്കയെ കണ്ടു ഭയന്നതിൽ പിന്നെ അവരെ കാണുമ്പോൾ എല്ലാം നട്ടെല്ലിൽ നിന്നും ഒരു തണുപ്പരിച്ചു കയറുന്നത് പോലെ രവിക്ക് തോന്നും.
ഈ നാട്ടിലെ റാണിയാണത്രേ അക്ക, ഇവിടുത്തെ നിയമവും പോലീസും കോടതിയും ഒക്കെ അവർ തന്നെ. എല്ലാവരോടും ദേഷ്യത്തോടും ഉറക്കെയും സംസാരിക്കുന്ന അവർ പക്ഷെ രവിയോട് മാത്രം ഒച്ചയെടുക്കാറില്ല, അത്രയും ശൗര്യം താങ്ങില്ല എന്നോർത്താവണം. അതോ പിറന്ന നാട്ടിൽ ആരുമില്ലാതെ അന്യനായിപ്പോയത് കൊണ്ട് നാടുവിട്ടു അറിയാത്ത ദേശത്തു വന്നു പെട്ടുപോയവനോടുള്ള സഹതാപം കൊണ്ടോ അറിയില്ല.
പതിവ് പോലെ കൈ നിറയെ ചോരയും ആയി അക്ക മുറിയിലേക്ക് കയറിപ്പോയി, ഭയം കൊണ്ട് ചുരുണ്ട് കിടക്കുന്ന രവിയെ നോക്കിയ അവരുടെ കണ്ണുകളിൽ പക്ഷെ വാത്സല്യം പോലെ എന്തോ ഒന്ന്. കണ്ണുകൾ ഇറുക്കെ അടച്ചു രവി കിടന്നു. ഇനി അവർ ചോര ഒക്കെ കഴുകി കളഞ്ഞു വരും, ഇവിടെ രവിയുടെ കട്ടിലിന്നരികിൽ വന്നിരിക്കും, ഒന്നും മിണ്ടാതെ. തനിക്കും അവർക്കും ഇടയിൽ എന്താണ്, രവി ഓർത്തു. അവർ വരുന്നുണ്ട്, രവിയുടെ കട്ടിലിന്നരികിൽ ഇരുന്നു കഴിഞ്ഞു.
അക്കാ
ഭയത്തോടെയാണെങ്കിലും രവി വിളിച്ചു, പുരികം ഇളക്കിയുള്ളൊരു നോട്ടം ആയിരുന്നു മറുപടി
എനിക്ക് പോണം
എങ്കെടാ കണ്ണാ
അറിയില്ല, എങ്ങോട്ടെങ്കിലും പോകണം
എതുക്കെടാ, ഇങ്കെ ഉനക്ക് ഏതാവത് പ്രച്ചനൈ ഇറുക്കാ
എനിക്ക് പോണം
അക്കയുടെ മുഖത്ത് നോക്കാതെ രവി പിന്നെയും പറഞ്ഞു, ഭയം തന്നെ മൂടുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു
ഉനക്ക് ഒടമ്പ് ശരിയല്ലടാ കണ്ണാ, എല്ലാമേ ശരിയാകട്ടും പോയിടലാം
അവർ അയാളുടെ മുടിയിൽ തഴുകിക്കൊണ്ടിരുന്നു
എനിക്ക് പേടിയാണ് അക്കാ, നിങ്ങൾക്ക് ചോരയുടെ മണമാണ്, നിങ്ങൾ എന്നെ തൊടുമ്പോൾ മരണത്തിന്റെ തണുപ്പ് ആണെനിക്ക്, നിങ്ങൾക്ക് ആളുകളെ വേദനിപ്പിക്കുന്നത് കൊല്ലുന്നത് ഒക്കെ ഒരു രസമല്ലേ
പെട്ടന്ന് അവരുടെ കൈ തട്ടി മാറ്റി രവി പറഞ്ഞു
കുറച്ചു നേരം രവിയെ തന്നെ നോക്കിയിരുന്നിട്ട്
ഇല്ലെടാ കണ്ണാ ഇല്ലേ, അഴാതെടാ
അവർ അയാളുടെ കവിളിൽ തലോടി, താൻ കരയുകയായിരുന്നു എന്ന് അയാൾക്കപ്പോഴാണ് മനസ്സിലായത്
നീ എനക്ക് കൊളന്ത മാതിരി, ഉന്നെ നാൻ ഒന്നും പണ്ണമാട്ടൻ, അവാങ്ക എല്ലാം തപ്പാനവർ, നീ അവരെമാതിരി ഇല്ലല്ലേ
അവർ രവിയെ നെഞ്ചോട് ചേർത്ത് പറഞ്ഞു
നിങ്ങൾക്ക് എങ്ങനെയാണ് മനുഷ്യരോട് ഇങ്ങനെ ക്രൂരമായി പെരുമാറാൻ പറ്റുന്നത്
പെട്ടന്ന് ഉണ്ടായ ധൈര്യത്തിൽ രവി ചോദിച്ചു
പെട്ടന്നവർ എഴുനേറ്റു, മുറിയിൽ ഉണ്ടായിരുന്ന എല്ലാവരെയും പുറത്തിറക്കി വാതിലടച്ചു, ഭയം കൊണ്ട് രവി കട്ടിലിന്റെ ഒരറ്റത്തേക്ക് ചുരുങ്ങി, എന്നെ ഒന്നും ചെയ്യരുതേ എന്ന് ഉറക്കെ നിലവിളിക്കണം എന്നുണ്ടായിരുന്നു, നാവ് ചുരുങ്ങി ഇറങ്ങിപ്പോയ പോലെ തോന്നി രവിക്ക്.
സൗമ്യമായി അവർ അയാളുടെ അരികിൽ വന്നിരുന്നു
ഗോമതിയക്കക്ക് എങ്ങനെ ഇത്ര ക്രൂരമായി പെരുമാറാൻ കഴിയുന്നു എന്നല്ലേ നിനക്ക് അറിയേണ്ടത്, പറയാം
അതുവരെ പറഞ്ഞ തമിഴിൽ നിന്ന് മാറി മലയാളത്തിൽ അവർ തുടർന്നു
അന്നെനിക്ക് 24 വയസായിരുന്നു പ്രായം, എന്റെ വിവാഹം ആയിരുന്നു അന്ന്, എനിക്ക് താഴെ നാല് പെൺകുട്ടികൾ കൂടെ, പട്ടിണിയിൽ നിന്നും ഒരാൾ എങ്കിലും രക്ഷപ്പെടുന്നു എന്ന സന്തോഷം ആയിരുന്നു അച്ഛന്റെ മുഖത്ത്, ഒരു നേരം സ്വന്തം വയർ നിറയ്ക്കാനുള്ള വക പോലും ഇല്ലാത്ത രണ്ട് മനുഷ്യർക്ക് അഞ്ച് പെൺകുട്ടികൾ, എന്തിനുണ്ടാക്കിയോ എന്തോ
പുച്ഛത്തോടെ ഗോമതിയക്ക തുടർന്നു
കെട്ടാൻ പോകുന്ന ചെറുക്കനെ കാണുന്നതിലും, ഇനി മുതൽ വയറു നിറയെ ആഹാരം കഴിക്കാമല്ലോ എന്നതായിരുന്നു എന്റെ ചിന്ത മുഴുവൻ, അപ്പോഴാണ് പന്തലിലേക്ക് രണ്ട് ചെറുപ്പക്കാരെയും കൊണ്ട് ഏകദേശം എഴുപത് വയസ് തോന്നിക്കുന്ന ഒരാൾ കടന്ന് വന്നത്, ആ ചെറുപ്പക്കാരിൽ ആരാണ് എന്റെ വരൻ എന്ന് ഇടങ്കണ്ണ് കൊണ്ട് പരതുന്നതിനിടയിൽ ഞാൻ അറിഞ്ഞു എനിക്കരികിൽ വന്നിരിക്കുന്നത് ആ വയസ്സൻ ആണെന്ന്. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ആരും കണ്ടില്ല.
ഗോമതിയക്കയുടെ ശബ്ദം ഒന്നിടറി
ആദ്യരാത്രി, ആ വയസൻറെ പരാക്രമങ്ങളിൽ ദേഹത്ത് എവിടെയൊക്കെയോ വേദനിച്ചു, എന്താണ് എനിക്ക് സംഭവിക്കുന്നത് എന്ന് അമ്പരന്നു കൂർക്കം വലിച്ചുറങ്ങുന്ന അയാളെയും നോക്കി ഇരിക്കുമ്പോളാണ് രണ്ട് കൈകൾ എന്റെ മൂക്കും വായും പൊത്തിപ്പിടിച്ചു ആ മുറിയിൽ നിന്ന് വലിച്ചിഴച്ചു പുറത്തേക്ക് കൊണ്ട് പോയത്, ശ്വാസം മുട്ടിപ്പിടയുമ്പോൾ ഞാൻ കണ്ടു എന്റെ മാറിടങ്ങളിൽ കടിച്ചു വലിക്കുന്ന ആ മുഖം, പന്തലിൽ ആ വയസൻറെ ഒപ്പം ഉണ്ടായിരുന്ന അയാളുടെ മൂത്ത മകൻ. രാത്രി എപ്പോഴോ വികാരങ്ങൾ ഇറക്കി വെച്ച് അയാൾ പോകുമ്പോൾ എനിക്ക് ബോധം ഉണ്ടായിരുന്നില്ല.
പിന്നീടെപ്പോഴോ ശരീരത്തു കൂടെ ഇഴയുന്ന കൈകൾ ആണെന്നെ ബോധത്തിലേക്ക് കൊണ്ട് വരുന്നത്, വയ്യ എന്നെ ഒന്നും ചെയ്യരുത് എന്ന് നിലവിളിക്കാനുള്ള ശക്തി പോലും ഇല്ലാതെ കിടക്കുമ്പോൾ ഞാനറിഞ്ഞു ഇപ്പോൾ എന്നെ ചുറ്റി വരിയുന്ന കൈകൾ അയാളുടെ ഇളയ മകന്റെത് എന്ന്. ഒരേ രാത്രി അച്ഛന്റെയും മക്കളുടെയും ഒപ്പം ആദ്യരാത്രി കഴിയേണ്ടി വന്നവൾ, അതുപോലെ എത്ര എത്ര രാത്രികൾ
പക ജ്വലിക്കുന്ന കണ്ണുകളുമായി ഗോമതിയക്ക തുടർന്നു
കാമം ശമിപ്പിക്കുന്നതിനൊപ്പം എന്റെ വേദനകൾ ആയിരുന്നു അവരുടെ ഹരം, ആരാണ് കൂടുതൽ എന്നെ മുറിവേൽപ്പിക്കുന്നത് എന്ന് അവർ തമ്മിൽ മത്സരിച്ചിരുന്നു.
ഗോമതിയക്കയുടെ ക്രൂരതകളിൽ തന്നെ ഭയന്നിരുന്ന രവി വീണ്ടും ഭയന്നു.
വയസൻറെ ക്രൂരതയുടെ ഒരു രാത്രിയിൽ എന്റെ മുലഞെട്ടുകളെ ഞെരടി വേദനിപ്പിച്ചിരുന്ന അയാളുടെ വിരലുകൾ അറുത്ത് മാറ്റി കഴുത്തിൽ കത്തി കുത്തിയിറക്കി ഞാൻ അവിടുന്ന് ഇറങ്ങി ഓടി, ജീവനും വാരിപ്പിടിച്ചുള്ള ആ ഓട്ടത്തിൽ എന്നെപ്പോലെയുള്ള ഒരുപാട് പേരെ ഞാൻ കണ്ടു, കൂടെ കൂട്ടി. ഞങ്ങളെ ദ്രോഹിച്ചവരോട് എല്ലാം പകരം വീട്ടി, ചെയ്തതിനെല്ലാം ഇരട്ടിയായി തിരികെ കൊടുത്തു
ഒരു ഉന്മാദിയെ പോലെ ചിരിച്ചുകൊണ്ടവർ തുടർന്നു,
വയസൻറെ മക്കളിൽ ഒരാളുടെ കണ്ണുകൾ ഞങ്ങൾ ചൂഴ്ന്ന് എടുത്തു, മറ്റെയാളുടെ നഖങ്ങൾ പച്ചയ്ക്ക് പറിച്ചെടുത്തും വിരലുകൾ അറുത്ത് മാറ്റിയും ഞങ്ങൾ ആഘോഷിച്ചു. അവരുടെ നിലവിളികൾ ഞങ്ങൾക്ക് വാദ്യമേളങ്ങൾ ആയി.
ഗോമതിയക്ക പറഞ്ഞു നിർത്തി
കണ്ണാ നീ സൊല്ല്, നാ ഇപ്പടി ആനത് ഏൻ തപ്പാ
എനിക്ക് പോകണം
തല കുനിച്ചു കൊണ്ട് രവി പറഞ്ഞു
എനിക്ക് പേടിയാണ്, പോകണം
രവി ആവർത്തിച്ചു കൊണ്ടിരുന്നു. ചൂഴ്ന്നെടുക്കപ്പെട്ട കണ്ണുകളും വിരലുകൾ അറ്റ് പോയ കൈകളുമായി രണ്ട് മനുഷ്യർ നിലവിളിക്കുന്നൊരു വീട്ടിൽ നിന്ന് എങ്ങോട്ടെന്നില്ലാതെ ഭയന്നോടുന്ന ഒരു ചെറുപ്പക്കാരനെ മാത്രമേ അയാൾ അപ്പോൾ കാണുന്നുണ്ടായിരുന്നുള്ളു.