മസ്സാജ് പാർലർ
(രചന: ഷക്കീല റഷീദ്)
നഗരത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ആ മസാജ് പാർലറിന് തൊട്ട് അപ്പുറത്തായി അയാൾ വണ്ടി നിർത്തി..അയാളുടെ മനസ് സംഘർഷഭരിതമായിരുന്നു..അതിന് മുന്നിലുള്ള ബോർഡിലേക്ക് നോക്കി അയാൾ ഒന്നുകൂടി അതൊക്കെ വായിച്ചു..
ക്രോസ്സ് തെറാപ്പി അവൈലബിൾ
തായ് തെറാപ്പി
സ്വീഡിഷ് തെറാപ്പി
അരോമ തെറാപ്പി
ഡീപ് ഇഷ്യൂ
താഴെ അവരുടെ കോൺടാക്ട് നമ്പറും..
കുറച്ചു ദിവസം മുന്നേ അതുവഴി പോയപ്പോളാണ് ഈ ബോർഡ് കണ്ണിൽ പെട്ടത്.. തമാശയായി ഭാര്യയോട് ഒന്ന് സൂചിപ്പിച്ചതെ ഓർമയുള്ളു..
“പിന്നേ.. ഈ പ്രായത്തിലാ നിങ്ങളുടെയൊരു തെറാപ്പി.. ഒന്ന് പോയെ മനുഷ്യാ.. “
അതായിരുന്നു അവളുടെ മറുപടി.
അന്ന് ആഗ്രഹം വെച്ചതാണ്.. സംഭവം എന്താണെന്ന് ഒന്ന് അറിയണമല്ലോ.. അവൾ എന്തായാലും ഇതൊന്നും ചെയ്തു തരില്ലെന്ന് ഉറപ്പായല്ലോ…
അയാൾ പതുക്കെ കാറിന്റെ ഡോർ തുറന്നു പുറത്തിറങ്ങി നാലുപാടും ഒന്ന് വീക്ഷിച്ചു.. മനസ് അയാളെ പിന്നോട്ട് വലിക്കുന്നുണ്ടെങ്കിലും ശരീരം അയാളെ മുന്നോട്ടു തന്നെ നയിച്ചു..
ആരും കാണുന്നില്ലെന്ന വിശ്വാസത്തോടെ മസാജ് പാർലറിന് നേരെ നടന്നു, ഗ്ലാസ് ഡോർ തള്ളി തുറന്നു അകത്തേക്ക് കയറുമ്പോൾ അയാളുടെ കാലുകൾ ഒന്ന് വിറച്ചു…റിസപ്ഷനിൽ ഇരിക്കുന്ന കണ്ണട വെച്ച സ്ത്രീ അയാളെ തലയുയർത്തി ഒന്ന് നോക്കി..പിന്നെ അവിടെ കണ്ട കസേരയിൽ ഇരിക്കാൻ ആഗ്യം കാണിച്ചു കൊണ്ട് കമ്പ്യുട്ടറിന് നേരെ തല തിരിച്ചു..
അയാൾ പരിഭ്രമത്തോടെ കസേരയിലേക്ക് ഇരുന്നു.. ഏസിയുടെ തണുപ്പിലും അയാൾ വിയർക്കുന്നുണ്ടായിരുന്നു..കാറ്റിൽ ഇളകുന്ന കർട്ടനുകൾ വരെ അയാളിൽ ഭയമുളവാക്കി.. പരിചയക്കാർ ആരെങ്കിലും കടന്നു വരുമോ എന്നായിരുന്നു അയാളുടെ പേടി..അയാളുടെ പരിഭ്രമം കണ്ടിട്ടോ എന്തോ ആ സ്ത്രീ അയാളെ അടുത്തേക്ക് വിളിച്ചു…പിന്നെ ഒരു രജിസ്റ്റർ ബുക്ക് മുന്നിലേക്ക് നീക്കി വച്ചു പേരും അഡ്രസ്സും മൊബൈൽ നമ്പറും എഴുതാൻ ആവശ്യപ്പെട്ടു.. വിറക്കുന്ന കൈകളോടെ അയാൾ ആ രജിസ്റ്ററിൽ പേരും അഡ്രസ്സും മൊബൈൽ നമ്പറും എഴുതി..
“മസാജിനു മാത്രം രണ്ടായിരം രൂപ വരും.. പിന്നെ എക്സ്ട്രാ സർവീസ് വേണമെങ്കിൽ അഞ്ഞൂറ് വെച്ചു വേണ്ടി വരും.. അത് നിങ്ങളുടെ തെറാപ്പിസ്റ്റിന് കൊടുത്താൽ മതി… രണ്ടായിരം ഇവിടെ കൗണ്ടറിൽ അടക്കണം..”
ആ സ്ത്രീ അയാളുടെ മുഖത്തേക്ക് നോക്കി.. അയാൾ സമ്മതഭാവത്തിൽ തലയാട്ടി കൊണ്ട് പേഴ്‌സ് തുറന്നു നാല് അഞ്ഞൂറിന്റെ നോട്ടുകൾ അവരുടെ മുന്നിൽ വെച്ചു..
അവരത് വാങ്ങി മേശയുടെ ഡ്രോയിലേക്കിട്ട് അയാളെയും കൂട്ടി അകത്തേക്ക് നടന്നു..
വിശാലമായ ഒരു ഹാളായിരുന്നു അത്.. അവിടെ കണ്ട സോഫയിൽ അയാളോട് ഇരിക്കാൻ പറഞ്ഞിട്ട് അവർ അപ്പുറത്തേക്ക് പോയി..
അയാൾ അവിടെമാകെ ഒന്ന് കണ്ണോടിച്ചു..അത്യാവശ്യം വലിപ്പമുള്ള ആ ഹാളിൽ രണ്ട് സോഫയുണ്ടായിരുന്നു.. പിന്നെ ചെറിയൊരു ടീപോയ്. ചുമരിൽ മദർ തെരെസയുടെ ഒരു ഫോട്ടോ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ടായിരുന്നു..
അപ്പോളേക്കും ആ സ്ത്രീ അങ്ങോട്ട് കടന്നു വന്നു.. കൂടെ മൂന്ന് യുവതികളും..
“ഇതിൽ ആരെ വേണമെങ്കിലും നിങ്ങൾക്ക് സെലക്ട് ചെയ്യാം..” അതും പറഞ്ഞു അവർ പുറത്തേക്ക് പോയി..
അയാൾ ആകെ പതറി..വായിലെ വെള്ളം വറ്റി, തൊണ്ട വരണ്ടു.. എങ്കിലും അയാൾ ആത്മസംയമനം പാലിച്ചു കൊണ്ട് മൂന്നു പേരെയും മാറി മാറി നോക്കി..
ബർമുഡയും സ്ലീവലസ് ടീഷർട്ടും ധരിച്ച ഒരു പെൺകുട്ടി.. ഏകദേശം ഒരു ഇരുപത് വയസ്സ് തോന്നിക്കും.. കണ്ടാൽ തന്റെ കുഞ്ഞനുജത്തി സംഗീതയെ പോലെ.. പിന്നെ ചുരിദാർ ധരിച്ച ഒരു ഇരുപത്തിയേഴ് വയസ്സ് തോന്നിക്കുന്ന യുവതി.. പിന്നെ നാൽപതിനോട് അടുത്ത് പ്രായം ഉള്ള ഒരു യുവതി.. മൂന്നു പേരും അയാളെ നോക്കി പുഞ്ചിരിയോടെ നിന്നു..
അയാൾ തെല്ലു മടിയോടെ ആ ചുരിദാറുകാരിക്ക് നേരെ വിരൽ ചൂണ്ടി.അയാളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു… മറ്റു രണ്ട്പേരും വേഗം അവിടെ നിന്ന് പോയി..
ചുരിദാറുകാരി അയാളെ ഒരു ഇടനാഴിയുടെ അറ്റത്തുള്ള മുറിയിലേക്ക് കൊണ്ട് പോയി..ആ മുറിയിൽ ഒരാൾക്ക് മാത്രം കിടക്കാൻ വീതിയുള്ള കുഷ്യനിട്ട ഒരു കട്ടിലും പിന്നെ ഒരു ചെറിയ അലമാരയും മാത്രമാണ് ഉണ്ടായിരുന്നത്.. അവൾ അലമാര തുറന്നു നേരിയ ഒരു ഡ്രസ്സ് എടുത്തു പുഞ്ചിരിയോടെ അയാളുടെ കയ്യിൽ കൊടുത്തു..
“ഇയാൾ ഇട്ടിരിക്കുന്ന ഡ്രസ്സ് മാറ്റി ഈ ഡ്രസ്സ് ഇട്ടോളൂ..”അതും പറഞ്ഞു വാതിൽ ചാരി അവൾ പുറത്തേക്ക് പോയി..
അയാളത് കയ്യിൽ വാങ്ങി മിഴിച്ചു നിന്നു..പിന്നെ നാലുപാടും നോക്കി.. വല്ല സിസിടീവീയോ ക്യാമറയോ ഉണ്ടോന്ന്.. എന്ത് ചെയ്യണമെന്ന് അയാൾക്ക് ഒരു പിടിയും കിട്ടിയില്ല.. വീട്ടിലേക്ക് തിരിച്ചു പോയാലോ എന്ന് വരെ അയാളോർത്തു.
“ചെ.. വേണ്ടിയിരുന്നില്ല.., ഏത് നേരത്താവോ.. “
പെട്ടന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അയാൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി.. ആ യുവതി കയ്യിൽ ഒരു സ്പ്രേ ബോട്ടിലുമായി അങ്ങോട്ട് വന്നു..
“ആഹാ.. ഡ്രെസ്സൊന്നും മാറിയില്ലേ..” അവൾ ചിരിച്ചു..
അയാളും തിരിച്ചു ചിരിച്ചെന്ന് വരുത്തി..പക്ഷെ അതൊരു ചിരിയല്ലായിരുന്നു.. ഒരു തരം ചിറി കോട്ടൽ..
“ഇയാൾക്കെന്താ പേടിയുണ്ടോ..? “ അവൾ ചോദിച്ചു..
അയാൾ ഉണ്ടെന്നൊ ഇല്ലെന്നോ മനസിലാകാത്ത രീതിയിൽ തലയാട്ടി..
“ഇവിടെ അങ്ങനെ പേടിക്കേണ്ട ആവശ്യം ഒന്നുമില്ല.. ഇത് ഗവണ്മെന്റ് അംഗീകൃത സ്ഥാപനം ആണ്.. പോലിസ് റെയ്ഡോ മറ്റു ഇഷ്യൂസോ ഒന്നും ഉണ്ടാവില്ല..”
അവൾ അയാൾക്ക് ധൈര്യം കൊടുത്തു.. എങ്കിലും അയാളുടെ ഉള്ളിൽ ആ ഭയം അങ്ങനെ തന്നെ നിന്നു..
“ഇയാൾ ഡ്രസ്സ് മാറിക്കോളൂ..” പറഞ്ഞിട്ട് അവൾ വീണ്ടും പുറത്തേക്ക് പോയി..
അയാൾ ഷിർട്ടിന്റെ ബട്ടൻസ് അഴിക്കാൻ തുടങ്ങി.. രണ്ടെണ്ണം അഴിച്ചപ്പോൾ രമ്യയുടെ ശബ്ദം അയാളുടെ ചെവിയിൽ മുഴങ്ങി..
“പിന്നേ.. ഈ പ്രായത്തിലാ നിങ്ങളുടെയൊരു തെറാപ്പി.. ഒന്ന് പോയെ മനുഷ്യാ.. “
മൂന്നാമത്തെ ബട്ടൻസ് അഴിക്കാൻ എത്ര ശ്രമിച്ചിട്ടും അയാൾക്ക് പിന്നെ കഴിഞ്ഞില്ല…അയാൾ ഷർട്ടിൽ തെരുപ്പിടിച്ചു അങ്ങനെ നിന്നു…
“അച്ഛാ.., കമന്നു കിടക്ക്.. ഞാൻ പുറത്ത് മസാജ് ഇട്ടു തരാം.. “ അഞ്ചുവയസ്സുകാരൻ ആദിത്യന്റെ ശബ്ദം..
പ്രായമായ തന്റെ അച്ഛനും അമ്മയും..
അയാൾ തളർന്നു…
“ ഞാനെന്തൊരു മനുഷ്യനാണ്.., ഞാൻ എന്തിനാ ഇങ്ങോട്ട് വന്നത്..? “
“ഏട്ടാ.. ബട്ടൻസ് ഞാൻ ഇട്ടു തരാം..”
വീണ്ടും രമ്യയുടെ ശബ്ദം…അയാൾക്ക് ആകെ പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി..
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അയാൾ തിരിഞ്ഞു.. അത് അവളായിരുന്നു..
“സർ, ഡ്രസ്സ് ഇപ്പോളും മാറിയില്ലേ..”
“എനിക്ക് പോണം..”
അയാൾ പെട്ടന്ന് പറഞ്ഞു.. അവളൊന്ന് അമ്പരന്നു..
“എന്തുപറ്റി സർ..? “
അവൾ അയാളുടെ തോളിൽ കൈവെച്ചു.. ഒരു ഇരയെ നഷ്ടപെടുന്നത് അവൾക്ക് അംഗീകരിക്കാൻ കഴിയാത്തതു പോലെ..
“ഒന്നുമില്ല.. “ അയാൾ പോവാൻ തിരിഞ്ഞു
“സർ.. ഞങ്ങളുടെ ഭാഗത്ത് നിന്ന് സാറിന് എന്തെങ്കിലും ബുദ്ധിമുട്ട്..? “
“അതൊന്നുമല്ല.. ഇത് ശെരിയാവില്ല..”
അയാൾ വാതിലിനടുത്തു എത്തിയപ്പോൾ അവൾ തടഞ്ഞു കൊണ്ട് അയാളുടെ കണ്ണുകളിലേക്ക് നോക്കി.. അതൊരു വശീകരണശക്തിയുള്ള നോട്ടമായിരുന്നു.. അയാളാ നോട്ടം കാണാത്ത ഭാവത്തിൽ അവളെ തള്ളിമാറ്റി കൊണ്ട് പുറത്തിറങ്ങി…
“സർ ഇവിടെ പേ ചെയ്ത ക്യാഷ് തിരിച്ചു കിട്ടില്ല..”
അവൾ പിറകിൽ നിന്ന് തെല്ലു കടുപ്പത്തിൽ പറഞ്ഞു..
“അതിലും വലുതാണ് എനിക്കെന്റെ കുടുംബം..”
അയാൾ ആ മസാജ് പാർലറിന്റെ ഗ്ലാസ് ഡോർ തള്ളി തുറന്നു പുറത്തിറങ്ങി തന്റെ വണ്ടിയുടെ നേരെ നടന്നു..
കാറിലിരിക്കുമ്പോഴും ഡ്രൈവ് ചെയ്യുമ്പോളും അയാളുടെ മനസ് സംഘർഷകലുശിതമായിരുന്നു…
വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടു വരുന്ന ഈ സംഭവം ഇപ്പോൾ കേരളത്തിന്റെ മുക്കിലും മൂലയിലും വരെ എത്തി നിൽക്കുന്നു…ആകർഷകമായ ബോർഡ് വെച്ചു ജനങ്ങളെ വഴിതെറ്റിക്കാൻ വേണ്ടിയുള്ള ഗൂഡതന്ത്രം..മനുഷ്യരെ ചൂഷണം ചെയ്യുന്ന ഈ സാമൂഹിക വിപത്ത് തുടച്ചു നീക്കാൻ ആ നാട്ടിലെ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണം…
രണ്ടായിരത്തിൽ നിന്ന് മുന്നൂറോ അഞ്ഞൂറോ ലഭിക്കുന്ന പെൺകുട്ടികൾ അവരുടെ വീട്ടിലെ ദാരിദ്ര്യം മൂലം എത്തിപ്പെട്ടതാകാം ഇവിടെ…..പക്ഷേ ഇവരെ വച്ച് കാശുണ്ടാക്കുന്നവർ ചില്ലറക്കാരായിരിക്കില്ല…..പണം വാരാൻ കഴിയുന്ന ഏറ്റവും പുതിയ മാർഗ്ഗമായത് കൊണ്ടായിരിക്കും ചെറിയ ചെറിയ അങ്ങാടികളിൽ പോലും ഇത്തരം സ്ഥാപനങ്ങൾ ഉയർന്നുവരുന്നത്….
തനിക്ക് പോവാൻ തോന്നിയ ആ നിമിഷത്തെയോർത്തു അയാൾ ആയിരം വട്ടം അയാളെ തന്നെ ശപിച്ചു കൊണ്ടിരുന്നു…