എന്തിനാ അച്ഛാ അമ്മ കരഞ്ഞത് എന്താണ് അമ്മ ഇപ്പോൾ പറഞ്ഞത്?അച്ഛൻ ആദ്യം ഒന്നും മിണ്ടിയില്ല..

(രചന: Sumayya Beegum T. A)

അവരന്നും ഇലയട ഉണ്ടാക്കി. അരിപൊടി ചൂടുവെള്ളത്തിൽ കുഴച്ചു വാഴയിലയിൽ പരത്തി നടുവിൽ ശർക്കരയും തേങ്ങയും ജീരകവും ഏലയ്ക്ക പൊടിച്ചതും എല്ലാം ചേർത്ത മിശ്രിതം വെച്ചു മടക്കി അപ്പച്ചെമ്പിൽ വെച്ചു പുഴുങ്ങിയെടുത്തു.

അത് ഒരു പ്ലേറ്റിലാക്കി ഊണു മേശയിൽ കൊണ്ടുവെച്ചു.

ലീന നവീനുമായി വീഡിയോ കാളിൽ ആയിരുന്നു.

അവരത് ലീനയ്ക്ക് നേരെ നീട്ടി പതിവ് പോലെ അവൾ വേണ്ടമ്മാ എനിക്കു ഇഷ്ടം അല്ല എന്നുപറഞ്ഞു എഴുന്നേറ്റ് പോയി.

അവർ നിസ്സംഗതയോടെ കസേരയിൽ ഇരുന്നു ഇല അഴിച്ചു. അവരെ നോക്കി മൃദുവായി മന്ദഹസിച്ചിട്ട് ലീന മൊബൈലുമായി റൂമിലേക്ക് പോയി.

പുറത്തു ഭയങ്കര മഴ. മിക്കപ്പോഴും മഴ ഉള്ളപ്പോൾ ആണല്ലോ അമ്മ ഇലയട ഉണ്ടാക്കുക എന്ന് ആദ്യമായി അവൾ ചിന്തിച്ചു.

ഇവിടെ നവീന്റെ ഭാര്യ ആയി വന്നിട്ട് വർഷം ഒന്ന് കഴിഞ്ഞെങ്കിലും അപൂർവമായി മാത്രമേ വന്നു നില്കാറുള്ളു. ജോലി സ്ഥലത്തിനടുത്തു ഹോസ്റ്റലിൽ ആണ് താമസം. ഓഫ് കിട്ടുമ്പോൾ സ്വന്തം വീട്ടിലേക്ക് ഓടിപ്പോകും. ഇടയ്ക്കു ഇതുപോലെ വന്നു നവീന്റെ വീട്ടുകാരെയും തല കാണിക്കും.

മഴ കുറഞ്ഞപ്പോൾ രാത്രി പത്തു മണിയായി.

ദാഹം തോന്നി വെള്ളം കുടിക്കാൻ ചെന്നപ്പോൾ അമ്മ മേശമേൽ തലവെച്ചു മയങ്ങുന്നു. ഇലയട അതേപടി ഇരിപ്പുണ്ട്.

അവൾക്ക് അത്ഭുതം തോന്നി. അമ്മയ്ക്ക് വേണ്ടെങ്കിൽ പിന്നെ ആർക്ക് വേണ്ടിയാണു ഇത് ഉണ്ടാക്കുന്നത്. അച്ഛൻ കഴിക്കുന്നത് കണ്ടിട്ടില്ല.

അടുക്കളയിൽ നിന്ന് വെള്ളമെടുത്തു വരുമ്പോൾ അച്ഛൻ വന്നു അമ്മയെ തട്ടി വിളിക്കുന്നത് കണ്ടു.

ഡി നീ ഇവിടെ ഇരുന്നു മയങ്ങിപ്പോയോ. എഴുന്നേറ്റ് വന്നു കിടക്കു ഞാൻ ഒരു സിനിമ കാണുകയാരുന്നു.

അമ്മ കണ്ണ് തുടച്ചു കൊണ്ടു എഴുന്നേറ്റു.

വിജയേട്ടാ ഞാൻ അന്ന് മോൾക്ക് ഇലയട ഉണ്ടാക്കി കൊടുത്തില്ലല്ലോ?

നീ എന്താ ഇങ്ങനെ വർഷം എത്ര കഴിഞ്ഞു ചെന്നു കിടക്കു ഞാൻ വരാം.

അമ്മ മുഖം തുടച്ചു റൂമിലേക്ക് നടക്കുമ്പോൾ അച്ഛൻ ഇലയട വെച്ച പാത്രവുമായി അടുക്കളയിലേക്ക് നീങ്ങി അപ്പോഴാണ് അടുക്കള വാതിലിൽ നിൽക്കുന്ന ലീനയെ കണ്ടത്.

എന്തിനാ അച്ഛാ അമ്മ കരഞ്ഞത് എന്താണ് അമ്മ ഇപ്പോൾ പറഞ്ഞത്?

അച്ഛൻ ആദ്യം ഒന്നും മിണ്ടിയില്ല. പാത്രവുമായി അടുക്കളയിലേക്ക് പോയി.

തിരിച്ചു വന്നപ്പോഴും ലീന എന്തോ ഓർത്തു കസേരയിൽ ഇരിക്കുന്നത് കണ്ടു അയാളും അടുത്ത കസേരയിൽ ഇരുന്നു.

മോളെ നിനക്ക് അറിയാല്ലോ നവീനു ഒരു ചേച്ചി ഉണ്ടായിരുന്നു നയന.

തീരെ ചെറുപ്പത്തിലേ അവൾ ഞങ്ങളെ വിട്ടുപോയി.

ജലജയ്ക്ക് അത് വലിയൊരു ഷോക്ക് ആയതുകൊണ്ടാണ് ഈ വീട്ടിൽ ഞാനും നവീനുമൊന്നും അധികം മോളെ പറ്റി പറയാത്തത്.

മിടുക്കി ആയിരുന്നു ഒൻപതിൽ പഠിക്കുമ്പോൾ ആണ് ഇതുപോലെ പെരുമഴ പെയ്ത ദിവസം അന്നത്തെ പെട്ടന്നുള്ള മിന്നലിൽ മോൾ…..

അത്രയും പറഞ്ഞപ്പോൾ അയാളുടെ കണ്ണ് നിറഞ്ഞു.

മോൾക്ക്‌ ഇലയട ഭയങ്കര ഇഷ്ടം ആയിരുന്നു മരിക്കുന്നതിന് തൊട്ട് മുമ്പ് ജലജയോട് ആവശ്യപ്പെട്ടിരുന്നു. മഴ കാരണം അവൾ മടിച്ചു. പക്ഷേ ഏതാനും നിമിഷങ്ങൾക്കകം ഞങ്ങളുടെ മോൾ. അവളുടെ അടുത്ത് നിന്നും എഴുന്നേറ്റു പോയവഴിയാണ് മിന്നലേറ്റത്.

അന്ന് മരിച്ചത് മോൾ മാത്രമല്ല ഈ വീടിന്റെ ഉണർവ് ആയിരുന്ന ജലജ കൂടിയാണ്. പിന്നെ അവൾ അധികം ചിരിച്ചിട്ടില്ല. ആരോടും സംസാരിക്കില്ല.ലീന മോളോട് പോലും അവൾ വളരെ കുറച്ചല്ലേ മിണ്ടാറുള്ളു .

അടർന്ന കണ്ണുനീർ തുള്ളികളെ തുടച്ചു അയാൾ എഴുന്നേറ്റ് റൂമിലേക്ക് പോയി.

മോളെ ഓർത്തു ഇലയട ഉണ്ടാക്കുന്ന ആ അമ്മ ഇടയ്ക്കു ഒന്നോ രണ്ടോ തവണ തന്റെ നേരെ നീട്ടിയപ്പോഴും നിരസിച്ചതോർത്തു ലീനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

പിറ്റേന്ന് രാവിലെ ലീന സ്വന്തം വീട്ടിലേക്ക് പോകേണ്ടതാണ്. ജലജ അതുകൊണ്ട് തന്നെ അടുക്കളയിൽ അവർക്ക് മാത്രമുള്ള ഭക്ഷണ കാര്യങ്ങളിലേക്ക് തിരിഞ്ഞു. ലീന മിക്കവാറും ബ്രേക്ക് ഫാസ്റ്റ് അവളുടെ വീട്ടിൽ ചെന്നിട്ടാണ്.

അമ്മേ എന്നുവിളിച്ചു പതിവില്ലാതെ അടുക്കളയിൽ നിൽക്കുന്ന ലീനയെ കണ്ടു ജലജ നോക്കി. അവളുടെ കയ്യിൽ വെട്ടിയ വാഴയില ഉണ്ടായിരുന്നു.

അമ്മേ ഞാൻ ഇന്ന് പോവുന്നില്ല.എനിക്കു ഇലയട വേണം.

പറഞ്ഞപ്പോൾ അവളുടെ തൊണ്ട ഇടറി കണ്ണ് നിറഞ്ഞൊഴുകി.

ജലജ അതിശയത്തോടെ അവളെ നോക്കി അടുത്ത് വന്നു അവളുടെ മുഖം ആ കൈകുമ്പിളിൽ എടുത്തു കുറെ നേരം നോക്കി നിന്ന് നെറുകിൽ ചുംബിച്ചു.

ലീന ജലജയെ കെട്ടിപിടിച്ചു.

അന്ന് ആ വാഴയില പൊതിയിൽ നിന്ന് സ്നേഹത്തിന്റെ ഗന്ധം അവിടമാകെ പരന്നു.

ജലജ ലീനയ്ക്ക് ഇലയട നുള്ളി വായിൽ വെച്ചു കൊടുത്തപ്പോൾ വിജയേട്ടന്റെ കണ്ണും മനസ്സും നിറഞ്ഞു.

ചുമരിലെ ഭിത്തിയിൽ നയനയുടെ മുഖത്തും പ്രകാശം പരന്നു. അവിടമാകെ പടർന്ന സന്തോഷച്ചിരി കണ്ടു ദൂരെ നവീനും പുഞ്ചിരിച്ചു