താൻ തന്റെ ശാരീരിക ആവശ്യം നിറവേറ്റാൻ കഴിയുമെന്ന് ഉറപ്പുള്ളതും വിശ്വസിച്ചു കൂടെ കൂട്ടാൻ കഴിയാമെന്ന് ഉറപ്പുള്ള ഒരാളെ..

*The basic emotion of life*
(രചന: നെട്ടൂരാൻ എസ്)

വളരെ ചെറുപ്പത്തിൽ തന്നെ വിധവയാകേണ്ടി വന്നവളാണ് ജാനകി . തന്റെ ഭർത്താവായ റാമിന്റെ മരണം അവളുടെ മനസ്സിൽ വലിയ രീതിയിൽ ആഘാതം സൃഷ്ടിച്ചു. അയാൾക്കൊപ്പമുള്ള ജീവിതം സന്ധോഷവും സമാധാനവും നിറഞ്ഞതായിരുന്നു. അത് കൊണ്ട് തന്നെ ആ മനുഷ്യന്റെ വേർപാട് അവൾക്ക് ഉൾക്കൊള്ളുവാൻ കഴിഞ്ഞിരുന്നില്ല.വർഷങ്ങൾ പലത് കഴിഞ്ഞിട്ടും മറ്റൊരു വിവാഹത്തെ കുറിച്ചോ പ്രണയത്തെ കുറിച്ചോ അവൾ ചിന്തിച്ചതുപോലുമില്ല.

തന്റെ ഭർത്താവിന്റെ ചിത്രത്തിന് മുന്നിൽ അവൾ എന്നും പുഷ്പങ്ങൾ സമർപ്പിച്ചിരുന്നു.. ആ പതിവിൽ ഒരിക്കലും മുടക്കം വന്നിട്ടില്ല. അത് പോലെ അയാളുടെ ഓർമ്മകൾ ഉറങ്ങുന്ന ഓരോ ചെറിയ വസ്തുക്കൾ പോലും അവൾ നഷ്ടപ്പെടുത്താതെ സൂക്ഷിച്ചു. റാമിനോടുള്ള സ്നേഹത്തിൽ ജാനകിക്ക് അതിരുകൾ ഉണ്ടായിരുന്നില്ല.

പക്ഷെ കുറച്ചു ദിവസങ്ങളായി തന്റെ മനസ്സിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നത് പോലെ ജാനകിക്ക് തോന്നി. ഓരോ രാത്രികളിലും അവളുടെ ഉറക്കം നഷ്ടപെടുന്നു. മരിച്ചു പോയ തന്റെ ഭർത്താവിന്റെ ഓർമകളിൽ കഴിയുമ്പോഴും കിടപ്പറയിൽ അയാളുടെ സാന്നിധ്യം അവളെ വല്ലാത്ത ബുദ്ധിമുട്ടിലാക്കുന്നു. അവളുടെ ശരീരം എന്തൊക്കെയോ ആവശ്യങ്ങൾ നിറവേറ്റണം എന്നൊരു ആഗ്രഹം തിരിച്ചറിയുന്നത് പോലെ…

ഓരോ ദിവസങ്ങൾ കടന്ന് പോകുമ്പോഴും ജാനകിയുടെ ചിന്തകൾ അവളുടെ സമാധാനം നഷ്ടപ്പെടുത്തി. തന്റെ ഉള്ളിൽ ഉടലെടുത്ത ചിന്തകൾ ശരിയോ തെറ്റോ എന്ന ആശയകുഴപ്പത്തിൽ മനം നൊന്ത ജാനകി തന്റെ സുഹൃത്തിന്റെ ബന്ധുവായ സൈക്കാർറ്റിസ്റ്റ് അലക്സിന്റെ വീട്ടിലേക്ക് പോകുവാനും.. തന്റെ പ്രശ്നങ്ങളെ കുറിച്ച് അയാളോട് സംസാരിക്കുവാനും തീരുമാനിച്ചു.

ജാനകി അലക്സിന്റെ വീട്ടിൽ എത്തിയത് ഒരു വൈകുന്നേര സമയത്താണ് . അയാളെ കൂടാതെ അവിടെ വീട്ടുകാര്യങ്ങൾക്ക് സംഹായിക്കുന്ന ഒരു പയ്യനും ഉണ്ട്. ജാനകി എത്തുന്ന സമയത്ത് അലക്സ് തന്റെ ചെടി തോട്ടത്തിൽ എന്തോ പണികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അയാൾ ഒരു പ്രകൃതി സ്നേഹിയാണെന്ന് തന്റെ വീടിന്റെ ചുറ്റുപാടും ശ്രദ്ധിച്ചാൽ ആർക്കും മനസ്സിലാകും.. ഒരുപാട് പൂച്ചെടികളും പച്ചക്കറി കൃഷികളും.. കിളികളും… അങ്ങനെ ഒരു മനുഷ്യന് സന്തോഷം പകരുന്ന എല്ലാം തന്നെ അവിടെ നിലനിർത്തി പോന്നു. ജാനകി നടന്നു വരുന്നത് ശ്രദ്ധിച്ച അലക്സ് അവളെ നോക്കി പറഞ്ഞു.
” ഹലോ.. ജാനകി വരുമെന്ന് ജ്യോതി വിളിച്ചു പറഞ്ഞിരുന്നു. രാവിലേ കുറച്ചു തിരക്കിൽ ആയിരുന്നു.. അതാണ് ഈ സമയത്ത് വരാൻ പറഞ്ഞത്.. ഇവിടെ ആകുമ്പോൾ സമാധാനമായി സംസാരിക്കുകയും ചെയ്യാം… തനിക്ക് ബുദ്ധിമുട്ട് ആയില്ലല്ലോ..? ”

“ഏയ് ഇല്ല സാർ… എനിക്കും ഈ സമയമാണ് സൗകര്യം.. “ജാനകി അലക്സിനെ നോക്കി പറഞ്ഞു.

സംസാരിക്കുന്നതിടയിൽ തന്റെ നായ ബഹളം ഉണ്ടാക്കുന്നത് ശ്രദ്ധിച്ച അലക്സ് ജാനകിയോട് പറഞ്ഞു..
“അവന് നടക്കാൻ പോകാനുള്ള സമയം ആയി.. അതിനുള്ള പരാതി പറയുന്നതാ.. വിരോധമില്ലെങ്കിൽ നമുക്ക് അല്പം നടന്ന് കൊണ്ട് സംസാരിച്ചാലോ..?”

“തീർച്ചയായും സർ ”

അലക്സ് തന്റെ നായയെ കൂട്ടിൽ നിന്നും പുറത്തിറക്കിയ ശേഷം അവനെ തുടലിൽ പൂട്ടി ഒരറ്റത്ത് പിടിച് ജാനകിയോടൊപ്പം നടക്കാൻ തുടങ്ങി..

‘പിന്നെ ഈ സാർ വിളി ഒഴിവാക്കിക്കോളൂ… ‘അലക്സ്’ അങ്ങനെ വിളിച്ചാൽ മതി.. അയാൾ ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു…

“ജ്യോതി വിളിച്ചപ്പോൾ കുറച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു.. തനിക്ക് ഇത് പോലെ എന്തെങ്കിലും മാനസിക പ്രശ്നങ്ങൾ ഇതിന് മുൻപ് ഉണ്ടായിട്ടുണ്ടോ അയാൾ ജാനകിയോട് ചോദിച്ചു.

“ഇല്ല… ഇത് പോലെ ഇതാധ്യമായാണ്… ഞാൻ ഒരിക്കലും ഇത് പോലൊരു സാഹചര്യത്തിലൂടെ കടന്ന് പോയിട്ടില്ല “ജാനകി ദുഖഭാവത്തോടെ അലക്സിനു മറുപടി നൽകി.

“ഉറക്കമൊക്കെ എങ്ങനെ ആവശ്യത്തിന് കിട്ടുന്നുണ്ടോ..?”

“ഇല്ല അലക്സ് നന്നായി ഉറങ്ങിയിട്ട് നാളുകളായി.. സത്യത്തിൽ ഉറക്കത്തിലേക്ക് കടക്കാൻ തന്നെ ഒരുപാട് സമയം എടുക്കും. ഉറക്കം ഉണർന്നാലും വലിയ ഉന്മേഷം ഒന്നും തോന്നാറില്ല.”

“ശെരി… നന്നായി ഉറങ്ങിയിട്ട് എത്ര കാലമായികാണും.. ഓർക്കുന്നോ…?”

“ഒരുപാട് നാള് മുൻപ് ഭർത്താവ് കൂടെയുള്ളപ്പോൾ… അദ്ദേഹം എന്നെ വിട്ട് പോയിട്ട് മൂന്ന് വർഷമായി.. ഒരു ആക്‌സിഡന്റ് ആയിരുന്നു…”

“ഓഹ് സോറി…… തന്റെ വിവാഹജീവിതമൊക്കെ എങ്ങനെ ആയിരുന്നു…?

ജാനകി തന്റെ കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണ് നീർ തുടച്ചു നീക്കിയതിനു ശേഷം പറഞ്ഞു ” നന്നായിരുന്നു.. വളരെ നന്നായിരുന്നു.. ഞങ്ങൾ വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷം ഒരുമിച്ച് ജീവിച്ചു അതെന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരുന്നു.. വീട്ടുകാരുടെ സമ്മതത്തോടെ നടന്നതായിരുന്നില്ല ഞങ്ങളുടെ വിവാഹം.. എല്ലാവർക്കും എതിർപ്പ് ആയിരുന്നു.. അവരുടെ സഹകരണം ഇല്ലാത്തത് കൊണ്ട് തന്നെ റാമായിരുന്നു എനിക്ക് എല്ലാം…അദ്ദേഹത്തിനു ഞാനും… ”

“അദ്ദേഹത്തിന്റെ മരണശേഷം എപ്പോഴെങ്കിലും നിങ്ങൾ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?”

“ഒരിക്കലുമില്ല….എന്റെ റാമിന്റെ സ്ഥാനത്തു മറ്റൊരാളെ മാറ്റി ചിന്തിക്കുന്നത് അസാധ്യമാണ്…”

അലക്സ് തന്റെ നായയെ ചങ്ങലയിൽ നിന്ന് അഴിച്ചു വിട്ടതിനു ശേഷം ജാനകിയോട് പറഞ്ഞു. “ഞാൻ ഇവനെ സ്വതന്ത്ര്യനാക്കണം.. എത്രത്തോളം അവനെ ചങ്ങലയിൽ ഇടുന്നോ അത്രത്തോളം സ്വതന്ത്ര്യനാവാൻ അവൻ ഭയപ്പെടും.
എത്രത്തോളം ഭൂമിയിൽ ചേർന്ന് നിൽക്കുന്നുവോ അത്രത്തോളം ആകാശത്തു പറക്കാനും ഭയമായിരിക്കും.”

അലക്സ് പറയുന്നത് മനസ്സിലാകാതെ ജാനകി ആകുലതയിലായി നിന്നപ്പോഴേക്കും അയാൾ അടുത്ത ചോദ്യം ചോദിച്ചു. ” നിങ്ങളുടെ ലൈംഗിക ജീവിതം എങ്ങനെ ആയിരുന്നു…? ”

“അത് സാധാരണപോലെ.. ഞങ്ങൾ പ്രണയത്തിലായിരുന്നു.. അത് കൊണ്ട് തന്നെ അതും നന്നായിരുന്നു..”

“അപ്പോൾ റാമിന്റെ മരണശേഷം വേറെ ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലേ…?”

അലക്സിന്റെ ചോദ്യം കേട്ട ജാനകി ആശ്ചര്യത്തോടെ അയാളെ നോക്കിയതിനു ശേഷം പറഞ്ഞു.. “ഒരിക്കലുമില്ല റാമിനോട് ഞാൻ വിശ്വസ്ഥത പുലർത്തിയിരുന്നു.. ഇപ്പോഴും അതങ്ങനെ തന്നെയാണ്…”

അലക്സ് ചിരിച്ചുകൊണ്ട് പറഞ്ഞു… ” നോക്കൂ ജാനകി വിശക്കുമ്പോൾ നമുക്ക് ഭക്ഷണം വേണം.. ദാഹിക്കുമ്പോൾ വെള്ളവും… ക്ഷീണം വന്നാൽ ഉറങ്ങുകയും ചെയ്യണം. ലൈംഗിക അഭിലാഷങ്ങൾ ഉണ്ടാകുകയെന്നത് നമ്മുടെയുള്ളിൽ സ്വഭാവികമായി നടക്കുന്ന ഒന്ന് തന്നെയാണ്. ഇതിൽ വിശ്വാസ്യതക്ക് വലിയ സ്ഥാനമില്ല.

അലക്സിന്റെ മറുപടി കേട്ട ജാനകി കുറച്ചു ദേഷ്യത്തോടെ ചോദിച്ചു… ” എന്ന് കരുതി നമുക്ക് മൃഗങ്ങളെ പോലെ ജീവിക്കാൻ ആകില്ലല്ലോ.. പട്ടിയും പൂച്ചയുമൊക്കെ ആകാൻ കഴിയില്ലലോ…? ”

“നമ്മളൊക്കെ ഇടക്കിടക്ക് മറന്ന് പോകുന്ന ഒരു കാര്യമുണ്ട് നമ്മളും മൃഗങ്ങൾ ആണെന്നുള്ള സത്യം. ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ മൃഗങ്ങളും നമ്മളും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഒന്നുമില്ല.. സാമൂഹിക മാനദണ്ഡങ്ങൾ മാത്രമാണ് നമ്മുടെ ജീവിതരീതിയെ മാറ്റി മറിച്ചത് പിന്നെ അത് നമ്മളെ ‘ഇതാണ് ശരിയായ രീതിയെന്ന് ‘ വിശ്വസിപ്പിച്ചു. ഈ അടിസ്ഥാന ആവശ്യങ്ങൾ, ഇതെല്ലാം നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിൽ ഒരു ദിവസം നമ്മുടെയൊക്കെ ഉള്ളിലുള്ള ആ മൃഗം ചങ്ങല പൊട്ടിച്ചു പുറത്ത് വരും.

“ശാരീരിക ആവശ്യങ്ങൾ പോലെ ഹൃദയത്തിനും കാണില്ലേ അലക്സ് ആവശ്യങ്ങൾ. എന്റെ ഹൃദയം എന്നും റാമിനോടൊപ്പമാണ്. ശാരീരിക ആവശ്യങ്ങൾ നിറവേറ്റാൻ നിന്നാൽ വ്യഭിചാരം പോലെ എനിക്ക് തോന്നും ”

ജാനകി പറയുന്നത് കേട്ട അലക്സ് പൊട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു .. “വ്യഭിചാരം എന്നതൊക്കെ വലിയ വാക്കാണ് ജാനകി. നമ്മുടെ ഹൃദയത്തിന് ബാക്കിയുള്ള ഭാഗങ്ങളിലേക്ക് രക്തം എത്തിക്കേണ്ടതുണ്ട്.. മനസ്സ് ലോജിക് അന്വേഷിച്ചു കൊണ്ടേയിരിക്കും… മനുഷ്യ പരിണാമം ശ്രദ്ധിച്ചാൽ നമുക്കുള്ളതെല്ലാം വാടകക്ക് എടുത്തതാണെന്നു തോന്നും.. കാരണം എല്ലാ ജീവികളുടെയും പൊതുപൂർവ്വികനിൽ നിന്നുമാണ് മനുഷ്യവർഗ്ഗത്തിന്റെ ഉത്പത്തി. സമൂഹം സത്വമാക്കിയ ഒരു അഭിരുചിയുണ്ട്..”

“അലക്സ് പറഞ്ഞു തീരുന്നതിനു മുൻപ് ജാനകി ചോദിച്ചു.. താങ്കൾ എന്താണ് സംസാരിച്ചു വരുന്നത്..? ”

അലക്സ് അടുത്ത് നിന്നിരുന്ന വെണ്ട ചെടിയിൽ നിന്ന് ഒരു വെണ്ടയ്ക്ക മെല്ലെ പറിച്ചെടുത്ത ശേഷം ജാനകിയോട് പറഞ്ഞു

“നോക്കൂ ജാനകി.. ഈ വെണ്ടക്കയില്ലേ… ഇത് പച്ചക്കും തിന്നാം. എന്നാൽ സാമൂഹിക മാനദണ്ഡങ്ങൾ നമ്മളോട് പറയുന്നത് ഇത് ചെറുതായി അരിഞ് ഉപ്പും മുളകുമൊക്കെ പാകത്തിന് ചേർത്ത് വേവിച്ചു കഴിച്ചാൽ മാത്രമേ രുചി കിട്ടുകയുള്ളു എന്നാണ്. നാവിനു രുചികരമായത് നൽകാനാണ് നമ്മൾ ശ്രമിക്കുന്നത്. പക്ഷെ ഇതിന്റെയൊക്കെ പിന്നിലെ അടിസ്ഥാന സത്യം എന്നത് വിശപ്പ് മാത്രമാണ്.. അതിന് മാത്രമാണ് പ്രാധാന്യം.. ബാക്കിയെല്ലാം വെറും മോടി കൂട്ടൽ മാത്രമാണ്… ഇതിൽ ഹൃദയത്തെ പറ്റിയും സമൂഹത്തെ പറ്റിയും ഒക്കെ ചിന്തിക്കാൻ നിന്നാൽ വെണ്ടയ്ക്ക ചീഞ്ഞു പോകും….ഞാൻ പറഞ്ഞതൊക്കെ വീട്ടിൽ പോയതിനു ശേഷം ആവർത്തിച് ഒന്നുകൂടി ഓർത്ത് നോക്കൂ ജാനകി ” അലക്സ് ജാനകിയോട് പറഞ്ഞു നിർത്തി..

“ഞാൻ എന്ത് തീരുമാനം എടുക്കണം എന്നാണ് അലക്സ് പറഞ്ഞു വരുന്നത്…?”

താൻ തന്റെ ശാരീരിക ആവശ്യം നിറവേറ്റാൻ കഴിയുമെന്ന് ഉറപ്പുള്ളതും വിശ്വസിച്ചു കൂടെ കൂട്ടാൻ കഴിയാമെന്ന് ഉറപ്പുള്ള ഒരാളെ തിരഞ്ഞെടുക്കൂ… അതാണ് തന്റെ പ്രശ്ങ്ങളിൽ നിന്നുമുള്ള മോചനത്തിന്റെ ആദ്യ ഘട്ടം… പിന്നെ ഭർത്താവിനെ മറന്നു കളയണം എന്നല്ല ഞാൻ പറഞ്ഞു വരുന്നത്.. പക്ഷെ തന്റെ റാം പഞ്ചഭൂതങ്ങളിൽ ഒന്നായി മാറിയെന്ന സത്യം താൻ മനസിലാക്കാൻ ശ്രമിക്കണം.. ”

അലക്സിന്റെ അടുത്ത് നിന്നും പോയ ജാനകി അയാൾ പറഞ്ഞ കാര്യങ്ങളെ കുറിച്ചും തന്റെ ആവശ്യങ്ങളെ കുറിച്ചും ആവർത്തിച്ചു പലതവണ ചിന്തിച്ചു.. കുറച്ചധികം സമയം വേണ്ടി വന്നെങ്കിലും ശരിയായ ഒരു തീരുമാനത്തിൽ എത്തി ചേരാൻ അവൾക്ക് സാധിച്ചു.. തന്റെ ചിന്തകൾ തെറ്റായി കാണാൻ കഴിയില്ലെന്നും ശരീരത്തിന്റെ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റണ്ടത് ഏതൊരു ജീവന്റെയും കടമയാണെന്നും അവൾ തിരിച്ചറിഞ്ഞു.. പിന്നീടുള്ള ജാനകിയുടെ അന്വേഷണം അവളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് ഉറപ്പുള്ള ഒരാൾക്ക് വേണ്ടി ആയിരുന്നു… അവൾ തിരഞ്ഞു കൊണ്ടേയിരുന്നു….

നെട്ടൂരാൻ എസ്

#Based on a true story #