ക്ഷീണം തോന്നിയപ്പോൾ വന്നു കിടന്നതാണ്, ഉമ്മച്ചി കുളിച്ചിട്ടില്ല ആകെ വിയർത്തിട്ടുണ്ട് മക്കൾ എണീറ്റ് പോയെ..

ഉമ്മ മണം
(രചന: നജ്ല. സി)

വീട്ടിലെ പണികൾ കഴിഞ്ഞ നേരത്ത് വല്ലാത്തൊരു ക്ഷീണം തോന്നി മുറിയിൽ ചെന്നു കിടന്നു.

ശരീരത്തിനും മനസ്സിനും ഒരുപോലെ തളർച്ച തോന്നിയപ്പോൾ എനിക്കെന്റെ ഉമ്മച്ചിയെ കാണാൻ തോന്നി. എത്ര വയ്യാതായാലും ഉമ്മച്ചിയുടെ ഒരു വിളിയോ വാക്കോ കേട്ടാൽ മതി എല്ലാ വേദനകളും ഭേദമാകും. നീറുന്ന മനസ്സിനും അവശത ബാധിച്ച ശരീരത്തിനും സമാധാനത്തിന്റെ തണുപ്പു പകരാൻ അത്രയും നല്ല മരുന്നൊന്നും എവിടെ നിന്നും കുറിച്ചു കിട്ടില്ല. ഞാനെന്റെ ഉമ്മച്ചിയെ കുറിച്ചോർത്തു വിങ്ങിപ്പൊട്ടി അങ്ങനെ കിടന്നു..

അൽപ്പനേരം കഴിഞ്ഞപ്പോൾ മക്കൾ രണ്ടുപേരും ഇടവും വലവും വന്ന് കെട്ടിപ്പിടിച്ചു കിടന്നു.

“ക്ഷീണം തോന്നിയപ്പോൾ വന്നു കിടന്നതാണ്, ഉമ്മച്ചി കുളിച്ചിട്ടില്ല ആകെ വിയർത്തിട്ടുണ്ട് മക്കൾ എണീറ്റ് പോയെ..”

ഞാൻ അവരെ അകറ്റി നിർത്താൻ നോക്കി.

“ഉമ്മച്ചിക്ക് എപ്പോഴും നല്ല മണമാണ്..”

”അതെ ഉമ്മച്ചിക്ക് എന്തു നല്ല മണമാണ്..!
കുളിച്ചില്ലെങ്കിലും സാരമില്ല..”

രണ്ടുപേരും ഒരുപോലെ പറഞ്ഞുകൊണ്ട് കൂടുതൽ പറ്റിപ്പിടിച്ചു കിടന്ന് ഇരു കവിളിലും ഉമ്മതന്നു.

എനിക്കപ്പോൾ ശക്തമായ കരച്ചിൽ വന്ന് ചങ്കും തൊണ്ടയും വേദനിച്ചു. അടക്കിപ്പിടിക്കാൻ കഴിയാതെ ഞാൻ പൊട്ടിക്കരഞ്ഞു.

എന്നെ ഇറുകിപ്പിടിച്ച് നെഞ്ചിലേക്ക് തല ചായ്ച്ചു കിടന്ന മക്കളെ ഞാനൊന്നു കൂടി കൂട്ടിപ്പിടിച്ചു.
മക്കൾ രണ്ടാളും എന്റെ കരച്ചിൽ കണ്ട് വല്ലാതെ സങ്കടപ്പെട്ടു.

“എന്താണുമ്മച്ചിക്ക് പറ്റിയത് എന്തിനാ ഇങ്ങനെ കരയുന്നത്..?”

അങ്ങനെ ചോദിച്ചപ്പോഴേക്കും എന്റെ കരച്ചിൽ ഉച്ചത്തിലായി..

എന്റെ ഉമ്മച്ചിക്കും നല്ല മണമുണ്ടായിരുന്നു..
ഉമ്മച്ചി തലയിൽ ഇട്ടിരുന്ന തട്ടത്തിനും ഒരു പ്രത്യേക സുഗന്ധമായിരുന്നു..
മക്കൾക്ക് മാത്രം കിട്ടുന്ന “ഉമ്മ മണം…”
ആ മണമാണ് ലോകത്തിൽ വച്ചേറ്റവും മുന്തിയ ഗന്ധം..!
അതാണെനിക്ക് ഇനിയൊരിക്കലും അനുഭവിക്കാൻ കഴിയാത്ത വിധം വിദൂരത്തേക്ക് അകന്നുപോയത്..
പള്ളിത്തൊടിയിലെ മൈലാഞ്ചിക്ക് ആ മണം പകർന്നു കിട്ടിയിട്ടുണ്ടോയെന്നു മണത്തു നോക്കാൻ എന്റെ ഉള്ളം തുടിച്ചു..

”എനിക്കെന്റെ ഉമ്മച്ചിയെ കാണാനും കെട്ടിപ്പിടിക്കാനും മടിയിൽ തലചായ്ച്ചു കിടക്കാനും ഉമ്മകൊടുക്കാനുമൊക്കെ കൊതിയാവുന്നു.
നിങ്ങൾക്ക് ഉമ്മച്ചിയുണ്ട്, മക്കളെ ഉപ്പച്ചിക്കും ഉണ്ട് ഉമ്മച്ചി.. നിങ്ങളൊക്കെ ലോകത്തിൽ വച്ചേറ്റവും സന്തോഷമുള്ളവരല്ലേ..
എന്റെ തണലും താങ്ങും നഷ്ടപ്പെട്ടില്ലേ.. ഇവിടെ എനിക്കുമാത്രം ഉമ്മച്ചിയില്ലല്ലോ..”

എനിക്കെന്തോ എന്റെ മക്കളോട് അങ്ങനെയൊക്കെ പറഞ്ഞു കരയാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല.

വൈകീട്ട് ഇക്ക വന്നപ്പോഴും എന്റെ സങ്കടം മാറിയിരുന്നില്ല..
കിടന്നിട്ട് ഉറക്കം വരുന്നില്ല..

എനിക്ക് എന്നെ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥ..
ഇക്കാനോട് ഉമ്മച്ചിയെ കാണാൻ കൊതിയാവുന്നു എന്ന് പറഞ്ഞു കരച്ചിൽ തന്നെ..

കണ്ണുകൾ അടച്ച് ഉമ്മച്ചിയാണ് അടുത്തെന്ന് മനസ്സിൽ വിചാരിച്ച് കെട്ടിപ്പിടിച്ചു കിടക്കാൻ ഇക്ക പറഞ്ഞു.

ഇക്കയെന്നെ നെഞ്ചിലേക്ക് ചേർത്തുപിടിച്ച് ഖുർആനിലെ ആയത്തുകൾ ചൊല്ലിക്കൊണ്ട് എന്റെ ദേഹത്തേക്ക് ഊതി.
പുറത്തു കൂടി കൈകൾ കൊണ്ട് തലോടി..

പക്ഷേ ഉമ്മച്ചിയുടെ കൈകളുടെ കരുതൽ കിട്ടിയില്ല.. ഉമ്മച്ചിയുടെ നെഞ്ചിന്റെ ചൂട് കിട്ടിയില്ല.. ഉമ്മച്ചിയുടെ നിശ്വാസത്തിന്റെ താളം കിട്ടിയില്ല.. എന്റുമ്മച്ചിയുടെ മണം എനിക്ക് കിട്ടിയില്ല..
ഞാൻ വീണ്ടും കരഞ്ഞു..

ഉമ്മയെന്ന സൗഭാഗ്യം എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അത്രയും ആഴത്തിൽ സ്നേഹിക്കാനോ.. പ്രാർത്ഥിക്കാനോ കാത്തിരിക്കാനോ ഈ ദുനിയാവിൽ ഒരാളും ഇല്ലാത്ത വിധം ഞാൻ ഒറ്റപ്പെട്ടിരിക്കുന്നു.. തെറ്റുകളും കുറ്റങ്ങളും മറന്നും സഹിച്ചും ക്ഷമിച്ചും സദാനേരവും മനസ്സിൽ പ്രാർത്ഥനയോടെ കൊണ്ടുനടക്കുന്ന അളവറ്റ സ്നേഹത്തിന്റെ ആൾരൂപം മറഞ്ഞിരിക്കുന്നു.. ഒരിക്കലും തിരിച്ചു കിട്ടാത്ത പോലെ ഭൂമിയിലെ സ്വർഗ്ഗം മാഞ്ഞുപോയിരിക്കുന്നു..
“എന്റെ കുട്ടി” എന്ന് ഹൃദയം കൊണ്ടുള്ള ആ വിളിയൊച്ച നിലച്ചിരിക്കുന്നു..

പടച്ചവനേ…നീ കൊണ്ടുപോയതല്ലേ..
നീ അടർത്തിമാറ്റിയതല്ലേ..
നിന്റെ കാരുണ്യം കൊണ്ട് സ്വപ്നത്തിലെങ്കിലും എനിക്കെന്റെ ഉമ്മച്ചിയെ കാണിച്ചു തരാമോ..
എനിക്കൊന്ന് കെട്ടിപ്പിടിക്കാൻ.. ഒരുമ്മ കൊടുക്കാൻ ഒരുവട്ടമെങ്കിലും എനിക്കെന്റെ പൊന്നുമ്മച്ചിയെ കാണിച്ചു തരണേയെന്നുള്ള നെഞ്ചു പിടഞ്ഞ പ്രാർത്ഥനയോടെ ഇക്കാടെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടന്ന് ഞാനെപ്പഴോ ഉറങ്ങിപ്പോയി..

നെജ്യേ….ഡീ…. പെണ്ണേ….

ഇളം നീല നിറത്തിലുള്ള പുള്ളിത്തട്ടം തലയിലിട്ട് ഒരറ്റം മാറത്തേക്ക് വലിച്ചിട്ട് രണ്ടു കൈകളും നീട്ടിപ്പിടിച്ച് ഉമ്മച്ചിയെന്നെ വിളിച്ചു.

ഉമ്മച്ചിയേ….

ഞാനെന്റെ ഉമ്മച്ചിയുടെ നീട്ടിയ കൈകൾക്കുള്ളിലേക്ക് ഓടിച്ചെന്നു. എന്റെ രണ്ടു കൈകൾ കൊണ്ടും ഉമ്മച്ചിയെ ഇറുക്കി കെട്ടിപ്പിടിച്ചു. മാറിൽ മുഖം പൂഴ്ത്തിവച്ച് എന്റെ മൂക്കു വിടർത്തി കഴിയുന്നത്ര ശക്തിയോടെ..ഊക്കോടെ.. വലിച്ചു.
ഹാ….. ആ ദീർഘമായ ശ്വാസത്തോടൊപ്പം ഉമ്മച്ചിയുടെ മണം എന്റെ ശ്വാസകോശത്തിൽ നിറഞ്ഞുകവിഞ്ഞു. ശിരസ്സു തൊട്ട് കാൽ വരെ ആ ഗന്ധം പടർന്നു.. എന്നെ ചുറ്റിപ്പിടിച്ച ഉമ്മച്ചിയുടെ കൈകൾക്കുള്ളിൽ എന്റെ ഹൃദയം പൂത്തു.. ശരീരവും ആത്മാവും സ്വർഗ്ഗത്തിലെന്ന പോലെ ആനന്ദിച്ചു..

ഉറക്കം വിട്ടുണർന്നപ്പോഴും എന്റെ ശരീരത്തിലാകെയും ആ വാത്സല്യക്കുളിര് പടർന്നുകിടപ്പുണ്ടായിരുന്നു.
നിറഞ്ഞ മിഴികളോടെ ഇരുകൈകൾ ഉയർത്തി.. ചുണ്ടുകൾ മന്ത്രിച്ചു..

“അൽഹംദുലില്ലാഹ്….നാഥന് സ്തുതി.. ഇലാഹീ…നാളെ സ്വർഗ്ഗത്തിൽ ഒരുമിക്കാൻ ഭാഗ്യം തരണേ..”

ആമീൻ