(രചന: Sajitha Thottanchery)
“അച്ഛാ…ഇതാ ചായ”. ജോലി കഴിഞ്ഞു വന്നു ക്ഷീണിച്ചു ഇരിക്കുന്ന മുരളിയുടെ നേരെ മരുമകൾ ദിവ്യ ഒരു ഗ്ലാസ് ചായ നീട്ടി പറഞ്ഞു.
“കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ അച്ഛാ”. സ്നേഹത്തോടെ അവൾ ചോദിച്ചു.
“വേണ്ട മോളെ. ഈ ചായ തന്നെ പതിവില്ല. മോൾ തന്നത് കൊണ്ട് കുടിക്കുന്നു.”ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു.
മുരളിയുടെയും ഭാമയുടെയും ഏക മകൻ ആണ് ശരത്. മുരളി ബാങ്കിൽ പ്യൂൺ ആയി ജോലി ചെയ്യുന്നു. ഭാര്യ ഭാമ ഒരു അംഗൻവാടി ടീച്ചർ ആണ്. ശരത് ഒരു ഹൈ സ്കൂൾ അധ്യാപകൻ ആണ്. ശരത്തിന്റെയും ദിവ്യയുടെയും കല്യാണം കഴിഞ്ഞു ഒരു മാസം ആകുന്നതേ ഉള്ളു.ദിവ്യ ഒരു IT പ്രഫഷണൽ ആണ്. കല്യാണം പ്രമാണിച്ചു ഒരു മാസത്തെ ലീവിൽ ആണ്.
“അതെന്താ അച്ഛാ. വൈകിട്ട് ജോലി കഴിഞ്ഞു വന്നാൽ ചായ കുടിക്കാറില്ലേ. ഷുഗർ ഒന്നും ഇല്ലല്ലോ അല്ലേ “സംശയത്തോടെ ദിവ്യ ചോദിച്ചു.
“ഷുഗർ ഒന്നും ഇല്ല മോളെ. ചായ പതിവില്ല. വല്ലപ്പോഴും തോന്നിയാൽ ഞാൻ വച്ചു കുടിക്കും. ചിലപ്പോൾ മടി കാരണം വേണ്ട ന്നു വയ്ക്കും.”മുരളി പറഞ്ഞു.
“മോൾടെ ലീവ് തീരാറായില്ലേ”. അകത്തു നിന്നും ഭാര്യ വരുന്നത് കണ്ടപ്പോൾ വിഷയം മാറ്റാൻ എന്ന വണ്ണം മുരളി പറഞ്ഞു.
“ആ അച്ഛാ. നെക്സ്റ്റ് വീക്ക് മുതൽ പോയി തുടങ്ങണം.” എന്ന് പറഞ്ഞു അവൾ പോയി.
കല്യാണം കഴിഞ്ഞു ഒരു മാസം ആയെങ്കിലും യാത്രകളും മറ്റും ആയി ആകെ തിരക്കിലായിരുന്നു അവർ. എന്നാലും ആ വീട്ടിലെ സാഹചര്യങ്ങൾ അവളെ വല്ലാതെ വീർപ്പു മുട്ടിക്കുന്നതായിരുന്നു. അച്ഛനും അമ്മയും സ്നേഹത്തോടെ സംസാരിക്കുന്നത് അവൾ കണ്ടിട്ടില്ല. ആവശ്യം ഉള്ള കാര്യങ്ങൾ പറയുന്നത് ഒഴിച്ചാൽ ആരും പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നതായി അവൾക്ക് തോന്നിയില്ല. അവളുടെ വീട്ടിലെ രീതികൾ നേരെ തിരിച്ചായിരുന്നു. എല്ലാവരും പകൽ ഒന്നിച്ചു ഇല്ലെങ്കിലും വൈകീട്ട് ഒന്നിച്ചു എത്തിയാൽ ഒരുമിച്ചു ഇരുന്നു സംസാരിച്ചും, ഭക്ഷണം കഴിച്ചും,അന്നത്തെ വിശേഷങ്ങൾ പറഞ്ഞും ഒക്കെ ആണ് ആ ദിവസം അവസാനിപ്പിക്കുക.അമ്മയുടെ മടിയിൽ കിടക്കാനും,അച്ഛനെ കെട്ടിപ്പിടിച്ചു ഉമ്മ വയ്ക്കാനും അവർ രണ്ട് പെണ്മക്കളും അടിയാണ്. ആ സമയത്ത് ഫോൺ പോലും നോക്കാൻ തോന്നാറില്ല. എന്നാൽ ഇവിടെ എല്ലാവരും ഭയങ്കര സീരിയസ് ആണെന്ന് അവൾക്ക് തോന്നി. പിന്നെ എല്ലായിടത്തും സ്വന്തം വീട്ടിലെ പോലെ ആകില്ലെന്ന് ഓർത്തു അവൾ അതിന് അധികം പ്രാധാന്യം കൊടുത്തില്ല.
“അമ്മേം അച്ഛനും ഭയങ്കര സീരിയസ് കാരക്ട്ടേഴ്‌സ് ആണല്ലേ “. ഒരു ദിവസം ദിവ്യ ശരത്തിനോട് ചോദിച്ചു.
“അതെന്താ നീ അങ്ങനെ ചോദിച്ചേ?.”ശരത് പറഞ്ഞു.
“അല്ല, അത്യാവശ്യ കാര്യങ്ങൾ അല്ലാതെ അങ്ങനെ ഒന്നും സംസാരിക്കുന്ന കണ്ടിട്ടില്ല. ശരത് പോലും അവരുടെ കൂടെ അങ്ങനെ ഇരിക്കുന്നത് കാണാറില്ല. അത് കൊണ്ട് പറഞ്ഞതാ “. അവൾ എവിടേം തൊടാതെ പറഞ്ഞു.
“നിന്റെ വീട്ടിലെ പോലെ അത്ര അറ്റാച്ഡ് അല്ല ഇവിടെ. ഞാൻ ഓർമ വച്ചപ്പോൾ മുതൽ അങ്ങനെ തന്നെയാ കാണുന്നെ. പിന്നെ ബാക്കി ഉള്ള വീടുകളിലെ രീതികൾ കാണുമ്പോൾ ഇവിടെ കാരണങ്ങൾ ചോദിക്കേണ്ട പ്രായം ആയപ്പോഴേക്കും ഞാൻ ഇതൊക്കെ ആയിട്ട് ശീലമായിപ്പോയി. പിന്നെ ഇപ്പൊ ഇടയ്ക്ക് നിന്റെ വീട്ടിൽ വന്നു അവിടെ അതൊക്കെ ആസ്വദിക്കുമ്പോൾ ഓർക്കാറുണ്ട്. എനിക്കും ലൈഫിൽ എന്തൊക്കെയോ നഷ്ടമായിട്ടുണ്ട് എന്ന്. പിന്നെ എല്ലാവരും ഒരുപോലെ ആകില്ലല്ലോ”. ശരത് പറഞ്ഞു അവസാനിപ്പിച്ചു.
പിന്നെ അതിനെ പറ്റി ചോദിച്ചില്ലെങ്കിലും അവളുടെ ഉള്ളിൽ അതൊരു സംശയമായി ഇരുന്നു. ചോദിച്ചാൽ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി അവൾ ആരോടും അതിനെ പറ്റി സംസാരിച്ചില്ല. അവളുടെ വീട്ടിൽ പറഞ്ഞപ്പോഴും ഓരോ വീട്ടിൽ ഓരോ സാഹചര്യങ്ങൾ അല്ലേ മോളെ. നീ അതിനെ ചോദ്യം ചെയ്യാൻ പോകണ്ട എന്ന് അമ്മ അവളോട് പറഞ്ഞു.
വീട്ടിലെ എല്ലാ പണികളും അമ്മയും ദിവ്യയും കൂടി ആണ് ചെയ്യാനുള്ളത്. എന്നാലും ആവശ്യമുള്ള കാര്യങ്ങൾ മിണ്ടുക എന്നതൊഴിച്ചാൽ കൂടുതൽ സ്നേഹാന്വേഷണങ്ങൾക്ക് നിൽക്കാറില്ല. അച്ഛനെ കുറച്ചു ദിവസങ്ങൾ കൊണ്ട് ദിവ്യ കയ്യിലെടുത്തു.എന്നാൽ അമ്മ ഒരു രീതിയിലും അടുക്കാൻ കൂട്ടാക്കിയില്ല. എന്തെങ്കിലും ചോദിച്ചാൽ കൂടി അതിനുള്ള ഉത്തരം കുറച്ചു വാക്കുകളിൽ ഒതുക്കും. ചിലപ്പോൾ രണ്ടാമത് ഒന്ന് ചോദിക്കാൻ തോന്നാത്ത വിധമുള്ള റിയാക്ഷൻ ആയിരിക്കും.അച്ഛനും ദിവ്യയും ശരത്തും കൂടി സംസാരിച്ചു ഇരിക്കുന്നത് കണ്ടാൽ അവർ അങ്ങോട്ട് അധികം വരുന്നത് കാണാറില്ല. എന്തെങ്കിലും വായിച്ചോ മറ്റോ അവരിലേക്ക് മാത്രം ഒതുങ്ങാൻ ശ്രമിക്കുന്ന ഒരു ഉൾവലിഞ്ഞ സ്വഭാവമായി അവർ നിലകൊണ്ടു.എല്ലാവരും കൂടി ഒരുമിച്ച് പുറത്ത് പോകാം എന്ന് പറഞ്ഞാൽ കൂടി വരാൻ സമ്മതിക്കാത്ത ആർക്കും പിടി കൊടുക്കാത്ത എന്നാൽ ആർക്കും ശല്യമാവാത്ത ഒരാൾ ആണ് അവരെന്ന് ദിവ്യ മനസ്സിലാക്കി. എന്നാലും അവരെ മാറ്റിയെടുക്കണം എന്ന് അവൾ മാനസ്സിൽ ഉറപ്പിച്ചിരുന്നു.
ആയിടയ്ക്കാണ് ദിവ്യയുടെ ഒരു ബന്ധുവിന്റെ കല്യാണം വരുന്നത് .അത് പോലെ ഉള്ള ഒട്ടും ഒഴിച്ച് കൂടാനാവാത്ത സാഹചര്യങ്ങളിൽ മാത്രമേ അവർ എല്ലാവരും കൂടി ഒരുമിച്ച് യാത്ര ചെയ്യാറുള്ളു.
“അയ്യോ ഭാമ അല്ലേ ഇത് “. കല്യാണത്തിന് വന്ന ഒരു ആന്റി അവരുടെ അടുത്ത് വന്നു ചോദിച്ചു.
അവരുടെ സംസാരത്തിൽ നിന്നും അവർ ഒരുമിച്ച് പഠിച്ചതാണെന്ന് ദിവ്യയ്ക്ക് മനസ്സിലായി. എന്നാലും കൂടുതൽ വിശേഷങ്ങൾ പറയാൻ അമ്മ മടിക്കുന്നതായി അവൾക്ക് തോന്നി.
“നീ ഇപ്പോഴും പാട്ട് പാടാറുണ്ടോ?”. സംസാരത്തിനിടയിൽ അവർ ഭാമയോട് ചോദിച്ചു.
“അമ്മ പാടുമോ?” അത്ഭുതത്തോടെ ഇത് ചോദിച്ചത് ദിവ്യ ആയിരുന്നു.
“പാടുമോ എന്നോ.പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഞങ്ങൾ പെൺകുട്ടികൾ അടക്കം ഇവളുടെ പാട്ടിന്റെ ആരാധകർ ആയിരുന്നു.ഇവളുടെ കല്യാണത്തിന് ശേഷം ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല എന്ന് തന്നെ പറയാം. ഒരിക്കൽ ഓൾഡ് സ്റ്റുഡന്റസ് ഗ്രൂപ്പിൽ നമ്പർ തപ്പിപ്പിടിച്ചു ആഡ് ചെയ്തതാ ഇവളെ. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഇവൾ അതിൽ നിന്നും ഇറങ്ങിപ്പോയി. ഇപ്പോഴും ഞാൻ കുറെ സംസാരിക്കുന്നുണ്ടെങ്കിലും നീ എന്താ ഒന്നും മിണ്ടാത്തെ.പണ്ടത്തെ ഭാമയെ അല്ല നീ,ആകെ മാറിപ്പോയി.
അവരുടെ ചോദ്യങ്ങൾക്ക് എല്ലാം ഉള്ള ഉത്തരം ഇരു വിഷാദം നിറഞ്ഞ ചിരിയിൽ ഒതുക്കി ഭാമ.ആ കൂടിക്കാഴ്ചക്കു ശേഷം അമ്മ വല്ലാത്ത വിഷമത്തിൽ ആണെന്ന് ദിവ്യക്ക് തോന്നി.
“നിനക്കെന്താ. നീയെന്തിനാ ഇങ്ങനെ CID കളിക്കാൻ നിൽക്കുന്നെ. ഞാൻ ചെറുപ്പം മുതൽ കാണുന്നതാ ഇതൊക്കെ. ചോദിച്ചാലും അമ്മ ഒന്നും പറയില്ല. കൂടുതൽ ചോദിക്കാൻ പോയാൽ വഴക്കാകും. എനിക്ക് ഓർമ വച്ച കാലം മുതൽ അമ്മ ഇങ്ങനെ ആണ്. ഒരാൾ അങ്ങനെ ഇരിക്കാൻ ഇഷ്ടപ്പെടുമ്പോൾ നമ്മൾ എന്തിനാ പോയി ശല്യപ്പെടുത്തുന്നെ. നിനക്ക് ഒരു രീതിയിൽ ഉള്ള ബുദ്ധിമുട്ടും അമ്മ ഉണ്ടാക്കുന്നില്ലലോ. നീ നിന്റെ കാര്യം നോക്ക്.” ശരത്തിനോട് പറഞ്ഞപ്പോൾ അവന്റെ മറുപടി ഇതായിരുന്നു.
” ഞാൻ കല്യാണം കഴിച്ച മുതൽ അവൾ ഇങ്ങനെ തന്നെ ആണ് മോളെ. ആദ്യത്തിലൊക്കെ കുറെ ഞാൻ ശ്രമിച്ചു നോക്കി.പിന്നെ പിന്നെ സമാധാനം അല്ലേ എല്ലാവരും ആഗ്രഹിക്കുന്നെ. കല്യാണം കഴിഞ്ഞ കാലത്ത് എന്നോട് വല്ലാത്ത ദേഷ്യം ആയിരുന്നു കൂടുതലും. ഒന്നിനോടും തൃപ്‌തി ഇല്ലാതെ ഒന്നിനും അഭിപ്രായം പറയാതെ എന്നാൽ ഒന്നും എതിർക്കാതെ അങ്ങനെ ഒരു സ്വഭാവം. ഇഷ്ടമില്ലെങ്കിൽ പിരിയാം എന്ന് വരെ ഞാൻ പറഞ്ഞിട്ടുണ്ട്. അപ്പോഴേക്കും അവളുടെ ഉള്ളിൽ ഒരു ജീവൻ വളരാൻ തുടങ്ങിയിരുന്നു. അവളുടെ വീട്ടിലുള്ളവരോടും അവൾ ഇങ്ങനെ പെരുമാറുന്നത് എന്ന് കണ്ടപ്പോൾ പിന്നെ ഞാനും അതിനോട് അഡ്ജസ്റ്റ് ആവാൻ തുടങ്ങി. ഓരോരുത്തർക്കും ഓരോ സ്വഭാവം ഉണ്ടല്ലോ മോളെ. എന്നാലും അവൾ പാട്ട് പാടും എന്നൊക്കെ പറയുമ്പോൾ, ഒന്നുകിൽ അവർക്ക് ആള് മാറിപ്പോയി. അല്ലെങ്കിൽ നമ്മൾ അറിയാത്ത ഒരു കാലം അവൾക്കുണ്ട്. ഇനിയിപ്പോ അതൊക്കെ ചികഞ്ഞിട്ട് എന്താ കാര്യം മോളെ. ഇത്രയൊക്കെ ജീവിച്ചില്ലേ. ഇനിയും ഇങ്ങനൊക്കെ പോട്ടെ. ”
അച്ഛനും അങ്ങനെ പറഞ്ഞെങ്കിലും കാര്യങ്ങൾ കണ്ടുപിടിക്കാനുള്ള അവളുടെ ആഗ്രഹം അങ്ങനെ കിടന്നു. അങ്ങനെ അവൾ ഭാമയുടെ ചേച്ചിയെ വിളിച്ചു.
“ദിവ്യ മോളോ. എന്താ മോളെ വിശേഷങ്ങൾ. എല്ലാരും സുഖായിരിക്കുന്നോ.” അവർ വിശേഷങ്ങൾ തിരക്കി.
” ഞാൻ ഒരു കാര്യം ചോദിച്ചാൽ വല്യമ്മ സത്യം പറയുമോ. “ഔപചാരികമായ വിശേഷം പറച്ചിലിന് ശേഷം അവൾ ചോദിച്ചു.
“എന്താ മോളെ. പറഞ്ഞോ. എനിക്ക് അറിയാവുന്നതാണേൽ പറയാം.”അവർ പറഞ്ഞു.
” ഇവിടുത്തെ അമ്മ പണ്ട് പാട്ടൊക്കെ പാടുന്ന ആളായിരുന്നോ. ഇപ്പൊ ആണോ ആരോടും മിണ്ടാതെ ഇങ്ങനെ ആയത്. ” വളച്ചു കെട്ടില്ലാതെ അവൾ ചോദിച്ചു.
“അത് പറയാൻ ആണെങ്കിൽ കുറെ ഉണ്ട് മോളെ. നിങ്ങൾ ഇന്ന് കാണുന്ന ഭാമ ആയിരുന്നില്ല പണ്ടത്തെ ഞങ്ങളുടെ ഭാമ. എല്ലാവരോടും സംസാരിച്ച്, പ്രസരിപ്പോടെ നടക്കുന്ന അവളെ കാണുന്നവർക്ക് തന്നെ ഉള്ളിൽ അറിയാതെ ഒരു സന്തോഷം വരുമായിരുന്നു. പിന്നെ അതൊക്കെ ആ കാലം”. വിഷമത്തോടെ അവർ പറഞ്ഞു.
“എന്തെങ്കിലും റിലേഷൻഷിപ് ആയിരുന്നോ അതിനു കാരണം”. സ്വാഭാവികമായും എല്ലാവർക്കും തോന്നുന്ന അതെ ചിന്ത ഉള്ളിൽ വന്നപ്പോൾ അത് മറച്ചു വയ്ക്കാതെ അവൾ ചോദിച്ചു.
“ഏയ് ഇല്ല മോളെ, എന്റെ അറിവിൽ അവൾക്ക് അങ്ങനെ ഒരു ബന്ധം ഉള്ളതായി തോന്നിയിട്ടില്ല. സംഗീതം ആയിരുന്നു അവൾക്ക് എല്ലാം. ഓർമ വച്ച കാലം മുതൽ അവൾ പാട്ട് പഠിച്ചിരുന്നു. അമ്മയായിരുന്നു അവൾക്ക് സപ്പോർട്ട്. അച്ഛന് ഇതൊന്നും ഇഷ്ടമല്ലായിരുന്നെങ്കിലും കുട്ടിക്കാലത്തു എതിർക്കാൻ പോയില്ല. പക്ഷേ അവൾ വളർന്നു വലിയ പെണ്ണായപ്പോൾ അവളുടെ പാട്ടിനെ മറ്റുള്ളവർ പ്രശംസിക്കുന്നതും അവളെ ആരാധനയോടെ നോക്കുന്നതും അച്ഛന് വലിയ ഇഷ്ടമല്ലായിരുന്നു”
“എന്റെ പെണ്മക്കൾ പൊതുമുതൽ അല്ല. നാട്ടുകാരുടെ മുന്നിൽ ഒരുങ്ങിക്കെട്ടി നിന്നു പാടാൻ പോകണ്ട. വീടിനുള്ളിൽ പാടിയാൽ മതി “. അച്ഛന്റെ വാക്കുകൾ വലിയമ്മ ഓർത്തെടുത്തു.
“അന്നത്തെ കാലം അല്ലേ മോളെ. ആർക്കും എതിർക്കാൻ ധൈര്യം ഇല്ലായിരുന്നു. പിന്നീട് വന്ന ആലോചന അവളുടെ സമ്മതം പോലും നോക്കാതെ അച്ഛൻ ഉറപ്പിച്ചു. അവളുടെ ജീവിതത്തിൽ സംഗീതത്തിനുള്ള സ്ഥാനം മനസ്സിലാക്കാൻ അച്ഛന്റെ ആ പഴയ മനസ്സ് തയ്യാറായിരുന്നില്ല. പണ്ട് അവൾ അവളുടെ ആഗ്രഹങ്ങൾ പറയുമായിരുന്നു. അതിൽ നിറഞ്ഞു നിന്നിരുന്നത് സംഗീതം മാത്രമായിരുന്നു. അവളുടെ പാട്ടിനെ സ്നേഹിക്കുന്ന പാട്ടുമായി ബന്ധമുള്ള ഒരാളെ മാത്രമേ കല്യാണം പോലും കഴിക്കു എന്ന് പറഞ്ഞിരുന്ന അവളെ ഞാൻ ഇടക്കിടെ ഓർക്കാറുണ്ട്. അവൾ ആരോടൊക്കെയോ ഉള്ള വാശി ആണ് തീർക്കുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു കുട്ടി ആയാൽ അവൾ മാറും എന്ന് ഞാനും അമ്മയും ഒക്കെ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഒന്നും അവളെ മാറ്റിയില്ല. അത്രമേൽ ആയിരുന്നിരിക്കണം അവളുടെ ആഗ്രഹങ്ങൾ. അച്ഛൻ മരിക്കുന്നത് വരെ അച്ഛന്റെ നേരെ വന്നു നിന്നിട്ട് പോലുമില്ല അവൾ. പിന്നെ പിന്നെ എല്ലാവരും സ്വന്തം കാര്യങ്ങളിലേക്ക് തിരിഞ്ഞു. അച്ഛനും അമ്മേം ഒക്കെ പോയി. അവൾ മറന്നു പോയ ആ പഴയ ഭാമയെ ഓർമിപ്പിക്കാൻ ഞങ്ങളാരും പിന്നെ ശ്രമിച്ചതുമില്ല.”വിഷമത്തോടെ വലിയമ്മ പറഞ്ഞുതീർത്തു.
“നമുക്ക് ആ പഴയ ഭാമയെ തിരിച്ചു കൊണ്ട് വന്നാലോ വലിയമ്മേ. എന്നെ സഹായിക്കാമോ അതിനു”. ആവേശത്തോടെ ദിവ്യ ചോദിച്ചു.
“അതിനെന്താ മോളെ. എന്നെ കൊണ്ട് പറ്റാവുന്ന സഹായം ഞാൻ ചെയ്യാം”. അവർ വാക്ക് കൊടുത്തു.
പിന്നീടുള്ള ദിവസങ്ങൾ ദിവ്യക്ക് അതിനുള്ളതായിരുന്നു. ഭാമയുടെ പണ്ടത്തെ ഇഷ്ടമുള്ള കീർത്തനങ്ങളും പാട്ടുകളും വലിയമ്മയിൽ നിന്നും അറിഞ്ഞ അവൾ അതൊക്കെ തപ്പിപിടിച്ചു വൈകുന്നേരങ്ങളും അവധി ദിനങ്ങളിലും വീട്ടിൽ പ്ലേ ചെയ്യാൻ തുടങ്ങി. ആദ്യമൊക്കെ അത് കേട്ടിരിക്കുന്നത് ആരെങ്കിലും കണ്ടാൽ പതിയെ അവിടെ നിന്നും പോകുമായിരുന്നു. പിന്നെപ്പിന്നെ അതിനു മാറ്റം വരാൻ തുടങ്ങി. പണ്ടെപ്പോഴോ സംഗീതം പഠിച്ചതും ദിവ്യക്ക് സഹായമായി. പാട്ടുകളെ പറ്റി അവർ തമ്മിൽ ചർച്ചകൾ നടത്താൻ തുടങ്ങിയപ്പോൾ ദിവ്യയിൽ പ്രതീക്ഷകൾ തളിരിട്ടു. വൈകുന്നേരങ്ങളിൽ അവർ രണ്ടുപേർ മാത്രമായി യാത്രകൾ ചെയ്യാൻ തുടങ്ങി. ഭാമയിലെ മാറ്റങ്ങളും ദിവ്യയുടെ ഉദ്ദേശവും മനസ്സിലാക്കിയ അച്ഛനും മകനും അവർക്ക് അവസരങ്ങൾ സൃഷ്ടിച്ചു കൊടുത്തു. ഭാമയുടെ ആ വർഷത്തെ പിറന്നാളിനു അവർ മൂന്നുപേരും ചേർന്ന് സർപ്രൈസ് നൽകി. ജീവിതത്തിൽ ആദ്യമായി പിറന്നാളിന് കേക്ക് മുറിക്കുന്ന ഭാമയുടെ കണ്ണുകൾ നിറയാതിരുന്നില്ല. അതിനേക്കാൾ അവളെ സന്തോഷിപ്പിച്ചത് ദിവ്യ നൽകിയ സമ്മാനം ആയിരുന്നു. അമ്പലത്തിൽ പണ്ട് എപ്പോഴോ മൈക്കിന്റെ മുന്നിൽ നിന്നു പാടുന്ന ഫോട്ടോ ഫ്രെയിം ചെയ്ത് അവൾ നൽകിയപ്പോൾ ദിവ്യയെ അവൾ കെട്ടിപ്പിടിച്ചു കരഞ്ഞു. ഇതൊന്നും ഈ 28 വർഷത്തിനുള്ളിൽ താൻ ചെയ്തില്ലല്ലോ എന്നോർത്തു ശരത് തല കുനിച്ചു.ഭാര്യയുടെ മനസ്സ് മനസ്സിലാക്കാൻ ശ്രമിക്കാത്തത്തിൽ മുരളിക്കും കുറ്റബോധം ഉണ്ടായിരുന്നു. തന്റെ അച്ഛനോടുള്ള വാശി സ്വന്തം ജീവിതത്തിൽ തീർക്കുമ്പോൾ ഇതൊന്നും അറിയാത്ത ഭർത്താവിനോടും മകനോടും കൂടി ആണല്ലോ താൻ തെറ്റ് ചെയ്തത് എന്ന് ഭാമയും മനസ്സിലാക്കുകയായിരുന്നു.
“അമ്മ എന്റെ കൂടെ ഒരു സ്ഥലം വരെ വരാമോ.” ഒരു ദിവസം ദിവ്യ ചോദിച്ചു.
എങ്ങോട്ടാണെന്ന് ചോദിച്ചെങ്കിലും മറുപടി പറയാതെ അമ്മയെ കാറിൽ കയറ്റി അവൾ കൊണ്ട് പോകുകയായിരുന്നു. ആ വണ്ടി നേരെ ചെന്നു നിന്നത് ഒരു മ്യൂസിക് ക്ലാസ്സിന്റെ ഗേറ്റിനു മുന്നിൽ ആയിരുന്നു.
“ഈ പ്രായത്തിൽ അത് വേണോ മോളെ “. സംശയത്തോടെ ഭാമ ചോദിച്ചു.
Age is just a number. അത് കേട്ടിട്ടില്ലേ. പിന്നെ ഇത് അമ്മയ്ക്ക് വേണ്ടി അല്ല. എനിക്ക് ഒരു കൂട്ട്. എന്റെ മുടങ്ങിപ്പോയ സംഗീത പഠനം തുടരാൻ എനിക്ക് ആഗ്രഹമുണ്ട്. അമ്മ കൂട്ടിനുണ്ടായാൽ എനിക്ക് സന്തോഷാകും. വരില്ലേ.” അപേക്ഷ പോലെ ദിവ്യ ചോദിച്ചു.
അവളുടെ നിർബന്ധത്തിന് വഴങ്ങി ഭാമ അതിനു സമ്മതിച്ചു. അവൾക്ക് പഠനം തുടങ്ങുന്നതിനേക്കാൾ അമ്മയുടെ ഉള്ളിലെ പാട്ടുകാരിയെ പുറത്തേക്ക് കൊണ്ട് വരാനുള്ള അവളുടെ അടവ് ആണെന്ന് മനസ്സിലാക്കി കൊണ്ട് തന്നെയാണ് ഭാമ ആ ക്ലാസ്സിന്റെ പടികൾ കയറിയത്.
“ഭാമയെ ഞാൻ പാട്ട് പഠിപ്പിക്കാനോ. പണ്ടൊക്കെ ഇയാൾ പാടുന്നത് അസൂയയോടെ നോക്കി നിന്നിട്ടുള്ള ആളാ ഞാൻ”. അവിടെ പാട്ട് പഠിപ്പിക്കുന്ന അമ്മയുടെ പഴയ സുഹൃത്ത് അത് പറഞ്ഞപ്പോൾ അമ്മയുടെ കണ്ണുകളിൽ അഭിമാനത്തിന്റെ ഒരു തിളക്കം ദിവ്യ കണ്ടു.
ഒരുപാട് നാളുകൾ വേണ്ടി വന്നില്ല ഭാമയ്ക്ക് പഴയതൊക്കെ പൊടി തട്ടി എടുക്കാൻ. മനസ്സും ശരീരവും പണ്ടത്തെ കൗമാരക്കാരിയിലേക്ക് തിരിച്ചു പോകുകയായിരുന്നു.
“ഇനി ഭാമയെ പിടിച്ചാൽ കിട്ടില്ല. മകളും മോശമല്ല. കച്ചേരി ബുക്കിങ്ങിനു ആൾക്കാർ വരി നിൽക്കും.”
വർഷങ്ങൾക്ക് ശേഷം ഗുരുവായൂരിൽ തന്റെ സംഗീത ജീവിതത്തിനു ദിവ്യയോടൊപ്പം തുടക്കം കുറിച്ച ഭാമയെ നോക്കി പഴയ ഒരു സുഹൃത്ത് പറഞ്ഞു.
“അതിനെന്താ… എന്റെ ജോലി ഉപേക്ഷിച്ചു ഞാൻ അവരുടെ മാനേജർ ആയി പോകും.”മുരളി പറഞ്ഞു
വർഷങ്ങൾക്ക് ശേഷം താൻ പാടുന്നതിനു സാക്ഷ്യം വഹിക്കാൻ തന്റെ പഴയ സുഹൃത്തുക്കളെയും ചേച്ചിയേം എല്ലാം മറക്കാതെ ദിവ്യ വിളിച്ചിരുന്നു. അവരുടെ ഒക്കെ മുൻപിൽ വച്ചു അഭിമാനത്തോടെ മുരളി അങ്ങനെ പറയുന്ന കേട്ടപ്പോൾ ഭാമയുടെ മനസ്സ് നിറഞ്ഞു. ഒപ്പം നഷ്ടപ്പെടുത്തിയ വർഷങ്ങൾ ഓർത്തു ഒരല്പം കുറ്റബോധവും തോന്നാതിരുന്നില്ല.
മാസങ്ങൾക്ക് ശേഷം ഇന്നവർ ഒരു യാത്ര പോകുകയാണ്. സാക്ഷാൽ മൂകാംബിക ദേവിയുടെ സന്നിധിയിലേക്ക്. ഭാമയുടെ വലിയ ആഗ്രഹ സാക്ഷാൽക്കാരത്തിനു……. ആ തിരുനടയിൽ പാടാൻ. ആ യാത്രയിൽ അച്ഛനോട് ചേർന്നിരുന്നു നഷ്ടപ്പെട്ട ആ പ്രണയകാലത്തെ വീണ്ടെടുക്കുന്ന അമ്മയെ ശരത് സ്നേഹത്തോടെ നോക്കിയിരുന്നു. ഇതിനെല്ലാം കാരണക്കാരിയായ തന്റെ പാതിയെ അവൻ അഹങ്കാരത്തോടെ ചേർത്ത് പിടിച്ചു.
*******************
ഒന്ന് നോക്കിയാൽ നമുക്കിടയിൽ ഇനിയും ഭാമമാർ ഉണ്ടാകും. ഒരിക്കൽ മൂടി വച്ച ആഗ്രഹങ്ങളെ പുറത്തെടുക്കാൻ പല കാരണങ്ങളാൽ മടിക്കുന്നവരെ. വയസ്സൊ സാഹചര്യങ്ങളോ ഒക്കെ ഓർത്ത് ആഗ്രഹങ്ങളെ കണ്ടില്ലെന്നു നടിക്കുന്നവരും നടക്കാൻ കഴിയാത്ത ആഗ്രഹങ്ങളുടെ ഫ്രഷ്ട്രേഷനിൽ ജീവിതം ഹോമിക്കുന്നവരും ഒക്കെ ഉണ്ടാകാം. ഒന്ന് മനസ്സ് വച്ചാൽ നടക്കാത്ത ഒന്നുമില്ല. എല്ലാവരുടെയും ജീവിതം മനോഹരമാകട്ടെ……