ചില നാളുകളിൽ എന്റെ ദേഹത്തേക്ക് ഇഴയാൻ ഉണരുമെന്നതിന് അപ്പുറം അതിയാൻ എന്നെയൊന്ന് മാറോട് പോലും ചേർക്കാറില്ല..

(രചന: ശ്രീജിത്ത് ഇരവിൽ)

പ്രഥമദൃഷ്ട്ടിയിൽ യാതൊരു പ്രശ്നവുമില്ല. കരുതൽ കൊണ്ട് പൊതിയുന്ന ഭർത്താവ്. ഇനി വസന്തത്തിലേക്കെന്ന പോലെ പാറാൻ തുടങ്ങിയ തന്നോളം വളർന്ന മക്കൾ. എന്നിട്ടും എന്നിലൊരു വിഷാദം വെറുതേ മറിയാതെ തുളുമ്പുന്നു…

എന്തുകൊണ്ടായിരിക്കും, ചില രാത്രികളിൽ എന്റെ കണ്ണുകൾ ഉറങ്ങാതെ മിഴിച്ചിരിക്കുന്നത്?

എന്തുകൊണ്ടായിരിക്കും, ചില നേരങ്ങളിൽ എന്റെ മനസ്സിൽ മൗനങ്ങൾ നിർത്താതെ കലഹിക്കുന്നത്?

അന്ന്, അതിയാൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുമ്പോൾ ഞാൻ കണ്ണുകൾ തുറന്നൊരു കിനാവ് കാണുകയായിരുന്നു. പെരുമഴയിൽ ആരുടെയോ കൂടെ പതിയേ നടക്കുകയാണ്. വൈകാതെ അയാൾ എന്നെ ചേർത്ത് പിടിക്കുകയും നെറ്റിയിൽ ചുംബിക്കുകയും ചെയ്തു. ദേഹത്ത് വീണുടയുന്ന മഴത്തുള്ളികളിലെല്ലാം മഴവില്ല് തെളിയുന്നു..

‘എടീ… പിള്ളേര് കിടന്നോ…?’

“ഉം…….!”

വേഷമൊക്കെ മാറി അതിയാൻ കുളിക്കാനായി പോയി. കണ്ണുകളിൽ നിന്ന് കണ്ടതൊന്നും മായിക്കാതെ ഞാൻ അടുക്കളയിലേക്ക് നടന്നു. പണ്ട് വിവാഹം കഴിഞ്ഞ ആദ്യ മാസങ്ങളിൽ ഇതുപോലെയൊരു പെയ്ത്ത് ഭൂമിയിലേക്ക് ഇറങ്ങിയിരുന്നു. അന്ന് അതിയായ സന്തോഷത്തോടെ നമുക്കൊന്ന് നനഞ്ഞാലോയെന്ന് അതിയാനോട് ഞാൻ ചോദിക്കുകയും ചെയ്തു. മഴയത്ത് കളിക്കാൻ നീയെന്താ കൊച്ചുകുട്ടിയോ എന്ന് ചോദിച്ച് അതിയാൻ എത്രയോ മുതിർന്നതാണെന്ന് എന്നോട് പറയാതെ പറയുകയായിരുന്നു…

പിന്നീടൊരു നാൾ, തിരകളിലെ നുരയിൽ കാൽ കാൽ തൊട്ട് ഊർന്നൂർന്ന് നടക്കാൻ എനിക്കൊരു കൊതി തോന്നി. അതിയാനോട് പറഞ്ഞപ്പോൾ നിന്റെ ഓരോ വട്ടുകളെന്നും പറഞ്ഞ് പൊട്ടിച്ചിരിച്ചു. കേട്ടാൽ നിസ്സാരമാണെന്ന് തോന്നുന്ന ഇത്തരം ആഗ്രഹങ്ങൾ പിന്നീട് എന്റെ ഉള്ളിൽ നിന്ന് പുറത്തേക്ക് വന്നതേയില്ല. അപ്പോഴേക്കും എന്റെ ശരീരം ആദ്യകുഞ്ഞിനെ സ്വാഗതം ചെയ്യാൻ തയ്യാറെടുത്തിരുന്നു…

തുടരെ തുടരെ രണ്ട് പ്രസവകാലത്തിലൂടെ സഞ്ചരിക്കേണ്ടി വന്ന സ്ത്രീകളുടെ ലോകത്തായിരുന്നു പിന്നീട് ഞാൻ. തുടർന്ന് എന്റെ ലോകം അവരുടെ വളർച്ചയിലേക്കും അതിയാന്റെ സന്തോഷങ്ങളിലേക്കും മാത്രമായി കണ്ണുകൾ തുറന്നു. തള്ളിക്കളയേണ്ട മോഹങ്ങളായിരിക്കാം എന്നിൽ കുരുത്തതെന്ന ധാരണയിൽ മറ്റെല്ലാ തോന്നലുകളെയും ഞാൻ മണ്ണിൽ മറച്ചു. പക്ഷേ, കാലം പിന്നീട് ആ മറവികളെയെല്ലാം വീണ്ടും എന്നിൽ മുളപ്പിക്കുമെന്ന് ഞാൻ കരുതിയതേയില്ല…

തിരക്കുകളും ബഹളങ്ങളും ഒഴിഞ്ഞപ്പോൾ ജീവിതത്തിൽ എന്തോയൊരു കുറവുപോലെ…!മുട്ടിയിരിക്കുമ്പോഴും മനസ്സ് തുറന്നൊന്ന് സംസാരിക്കാൻ പറ്റാത്ത അത്രത്തോളം അതിയാൻ അകന്നുപോയെന്ന് ഞാൻ അറിഞ്ഞു. പരസ്പരം ഒട്ടി നിൽക്കുന്നവർ അകന്നാൽ ആ ദൂരം അളക്കാൻ കാലത്തിന് എത്രനാൾ കാത്തിരിക്കേണ്ടി വരുമെന്നതിൽ എനിക്ക് യാതൊരു അറിവുമില്ലായിരുന്നു…

അതിയാന് പകരം മറ്റൊരാളെ ചിന്തിക്കാനൊന്നും എനിക്ക് സാധിക്കില്ല. അതിനൊന്നുമുള്ള ധൈര്യം ഇല്ലെന്ന് പറയുന്നതാകും ശരി. എന്നാലും, ഒരു നഷ്ടബോധം തലയ്ക്ക് ചുറ്റും സദാസമയം വട്ടമിട്ട് പറക്കുന്നുണ്ട്. എന്റെ കുഞ്ഞുകുഞ്ഞ് മോഹങ്ങളുടെ കൈകൾ പിടിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നുവെങ്കിലെന്ന് വെറുതേ ഞാൻ ആഗ്രഹിക്കുന്നത് അപ്പോഴാണ്. അങ്ങനെയാണ് കണ്ണുകൾ മിഴിച്ച് കിനാക്കൾ കാണുന്ന സിദ്ധി ഞാൻ കൈവരിക്കുന്നത്…

‘നീ കഴിച്ചോ…?’

“ഇല്ല..”

കുളികഴിഞ്ഞ് അതിയാൻ വന്നു. കഴിക്കാനുള്ളതെല്ലാം ഞാൻ വിളമ്പി. ടീവിയുടെ റിമോർട്ട് മാത്രം ചോദിച്ച് വിളമ്പിയതെല്ലാം അതിയാൻ തിന്നു. എന്റെ മുഖത്തേക്ക് പോലും നോക്കിയില്ല. ആ രംഗത്തിന് ഏതോയൊരു പഴയ സിനിമയിലെ പ്രേമഗാനത്തിന്റെ അകമ്പടിയുണ്ടായിരുന്നു.

അടുക്കളെയൊക്കെ ഒരുക്കി ഞാനും കുളിച്ചു. കിടന്നപ്പോഴേക്കും എനിക്ക് മുമ്പേ കിടക്കയിലേക്ക് ചാഞ്ഞ അതിയാൻ പതിവുപോലെ ഉറങ്ങിയിരുന്നു. ചില നാളുകളിൽ എന്റെ ദേഹത്തേക്ക് ഇഴയാൻ ഉണരുമെന്നതിന് അപ്പുറം അതിയാൻ എന്നെയൊന്ന് മാറോട് പോലും ചേർക്കാറില്ല. ഒട്ടി കിടന്നാൽ വിയർക്കും പോലും! അങ്ങനെയുള്ളവർ ഒരു പെണ്ണിനെ എന്തിനാണ് താനുമായി കൂട്ടി കെട്ടുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നതേയില്ല…

അന്ന് എനിക്ക് ഉറക്കം വന്നതേയില്ല. ജനൽ അഴികളിലൂടെ ദൂരേ നിന്നൊരു കുഞ്ഞ് നക്ഷത്രം എന്തുപറ്റിയെന്ന് ചോദിക്കുന്നത് പോലെ എന്നോട് ചിമ്മുന്നു. ഒന്നുമില്ലെന്ന് പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ ആഗ്രഹിക്കുന്ന ഏതെങ്കിലുമൊരു തലത്തിലേക്ക് അതിയാന് മാറാൻ കഴിഞ്ഞിരുന്നുവെങ്കിൽ എത്ര നന്നാകുമായിരുന്നു! നേരത്തേ എഴുതി വെച്ചതാണെന്ന പോലെ പെരുമാറുന്ന ആയുസ്സിന്റെ പുസ്തകം മറിഞ്ഞുതീരും മുമ്പേ അതിയാന് അങ്ങനെ തോന്നുമോ? തോന്നുമായിരുന്നുവെങ്കിൽ എപ്പോഴേ ആകുമായിരുന്നുവല്ലേ…

ഒരു മനുഷ്യന് സുഖമുള്ള സ്വപ്നങ്ങൾ കാണാൻ സാധിക്കുന്നത് ജീവനിൽ സ്വാതന്ത്ര്യം തൊടുമ്പോഴാണ്. അല്ലാത്ത പക്ഷം കണ്ട സ്വപ്നങ്ങളൊക്കേയും എത്രയോ ദൂരത്താണെന്ന് ഓർത്തുകൊണ്ട് മനസ്സിൽ വിഷാദം നിറയും. അത് ജീവിതത്തിൽ യാതൊരു സംതൃപ്തിയോ, നിറപുഞ്ചിരിയോ സമ്മാനിക്കില്ല…

ജനിച്ച പഞ്ചായത്ത് വിട്ട് പുറത്തേക്ക് പോകാൻ കെൽപ്പില്ലാത്ത എന്നെപ്പോലെ ഉള്ളവരുടെ ജീവിതം ഇങ്ങനെയാണ്. ആഗ്രഹിക്കുന്ന രസങ്ങളൊന്നും തേടിപ്പോകാൻ ഞങ്ങൾക്ക് അനുവാദമില്ല. കിനാക്കളെ പോലും സ്വാഗതം ചെയ്യാൻ അർഹതയില്ല. ധൈര്യമില്ലായ്മയിൽ മനം നൊന്ത് അനുഭവിക്കാൻ വിധിക്കപ്പെട്ടവരെന്നേ സ്വയം പറയാനുള്ളൂ…

എല്ലാം വെറുതേ ആയിരുന്നുവെന്ന് തോന്നിയപ്പോൾ ഞാൻ എഴുന്നേറ്റ് ഒന്നുകൂടി കുളിച്ചു. ഒരു പെരുമഴയിൽ എന്നപോലെ ഏറെ നേരം നനഞ്ഞു. ഒടുവിൽ നിരാശകളിൽ കുതിർന്നു. മുഖം കണ്ണാടിയിൽ തെളിഞ്ഞപ്പോൾ പതിയേ ചിരിച്ചു…!!!