മനസ്സ് നന്നാവണമെടി… വെറുതെയല്ല നീ പെറാത്തത്…! അന്ന്, പതിവിലും കൂടുതൽ വേദനയിൽ വാക്കുകൾ കൊണ്ട് അതിയാൻ എന്നെ..

(രചന: ശ്രീജിത്ത് ഇരവിൽ)

കെട്ട്യോന്റെ കാലിൽ കറിച്ചട്ടിയിട്ട് പൊട്ടിച്ച നാളിലാണ് എനിക്ക് ഭ്രാന്താണെന്ന കാര്യം നാട്ടിൽ പാട്ടാകുന്നത്. പുലർച്ചയ്ക്ക് നടന്ന കലാപരിപാടിയായത് കൊണ്ട് അതിയാന്റെ നിലവിളി മിക്കവരിലും എത്തിക്കാണണം. ഒറ്റക്കാലന്റെ അഭ്യാസം പോലെ മോങ്ങിക്കൊണ്ടാണ് ആ മനുഷ്യൻ അന്ന് ഓടിയത്.

ഇടയിൽ ഉറക്കം ഞെട്ടി വിവരം തിരക്കിയവരോടെല്ലാം ആ എരണം കെട്ടവൾക്ക് ഭ്രാന്താണെന്ന് അതിയാൻ പറഞ്ഞു. അതിൽ പിന്നെ എനിക്ക് നേരിടേണ്ടി വന്ന നോട്ടങ്ങളിലെല്ലാം നാടിന്റെ സഹതാപവും ഭയവും പരിഹാസവും നിറഞ്ഞിരുന്നു…

എന്റെ മോൾക്ക് ഇതെന്ത് പറ്റിയെന്ന ചോദ്യവുമായി വരാൻ ഒരാള് പോലും ഇല്ലാത്ത ഞാനൊക്കെ എന്തിനാണ് ജീവിക്കുന്നതെന്ന് ഇടയ്ക്ക് എനിക്ക് തോന്നാറുണ്ട്. ജീവിച്ച് മുഷിയുമ്പോൾ മരിക്കാനും, മരിക്കണമെന്ന് തോന്നുമ്പോൾ ജീവിക്കാനും, കൊതിപ്പിക്കുന്ന ഒരു പ്രത്യേക തരം ജീവനാണ് എന്നിലെന്ന് തോന്നുന്നു. അല്ലെങ്കിലും, ജീവിതമെന്നത് ഇന്നതാണെന്ന് എവിടേയും അടയാളപ്പെടുത്തിയിട്ടില്ലല്ലോ! മരിക്കും വരെ ജീവിക്കുക തന്നെ…

അതിയാൻ എന്നെ പ്രേമിച്ച് കെട്ടിയപ്പോൾ തൊട്ട് കുരുവി കൂടൊരുക്കുന്നത് പോലെ ഞാൻ തുന്നിയെടുത്ത കിനാക്കളെല്ലാം ഒരു പെരുമഴയിൽ ഒലിച്ച് പോയെന്ന് പറഞ്ഞാൽ തെറ്റാകില്ല.

സ്വന്തമായപ്പോൾ കൗതുകം നഷ്ട്ടപ്പെട്ടയൊരു കരകൗശല വസ്തുവിനെ പോലെ മാസങ്ങൾക്കുള്ളിൽ തന്നെ ഞാൻ ആ വീട്ടിന്റെ മൂലയിലേക്ക് എറിയപ്പെട്ടു. അതിനെ വല്ലപ്പോഴുമൊന്ന് പൊടി തട്ടിയെടുക്കാൻ പോലും അയാൾ മറന്നുവെന്ന് പറയുന്നതാണ് ശരി.

‘മനസ്സ് നന്നാവണമെടി… വെറുതെയല്ല നീ പെറാത്തത്…!’

അന്ന്, പതിവിലും കൂടുതൽ വേദനയിൽ വാക്കുകൾ കൊണ്ട് അതിയാൻ എന്നെ കുത്തിയ രാത്രിയായിരുന്നു. തലേന്ന് നേരത്തിന് ഭക്ഷണം കിട്ടിയില്ലെന്ന് പറഞ്ഞായിരുന്നു തുടക്കം.

അങ്ങനെ ഒന്നും രണ്ടും പറഞ്ഞയുന്നതിന് ഇടയിൽ ഞാൻ നിങ്ങളുടെ വേലക്കാരിയല്ലായെന്ന് അറിയാതെ എനിക്ക് പറയേണ്ടി വന്നു. അപ്പോഴായിരുന്നു കുഞ്ഞിനെ പേറാനുള്ള നല്ല മനസ്സ് ഇല്ലാത്തവളാണ് ഞാനെന്ന് അതിയാൻ പറഞ്ഞത്..

ഒരു കുഞ്ഞിനെ അതിയേറെ ആഗ്രഹിക്കുന്നില്ലെങ്കിലും ആ പറഞ്ഞത് എന്നെ വല്ലാതെ വിഷമിപ്പിച്ച് കളഞ്ഞു. സകലരേയും എതിർത്ത് കൂടെ വന്നതുകൊണ്ട് ആരും ചോദിക്കാൻ വരില്ലായെന്ന ധൈര്യം കൊണ്ടല്ലേ എന്നോട് നിങ്ങൾ ഇങ്ങനെ പെരുമാറുന്നതെന്ന് ഞാൻ ചോദിച്ചു. അത് കേട്ടതും അതിയാന്റെ പരുക്കൻ കൈ വന്ന് എന്റെ കരണത്ത് വീഴുകയായിരുന്നു…

ആ മനുഷ്യന് ഞാനൊരു അടിമയാണെന്ന് എനിക്ക് ബോധ്യമായി. അത് തെളിയിക്കും പാകത്തിൽ കരഞ്ഞ് കരഞ്ഞ് മയങ്ങിപ്പോയ എന്നെ കെട്ട്യോൻ ബലമായി ഉണർത്തി. വേണ്ടായെന്ന് പറഞ്ഞിട്ടും, എത്ര കുതറി മാറാൻ ശ്രമിച്ചിട്ടും അതിയാൻ എന്നിൽ കിതക്കുകയായിരുന്നു…

ഞാൻ നെഞ്ച് തല്ലി കരഞ്ഞ ആ രാത്രി കഴിഞ്ഞുള്ള പുലർച്ചയാണ് കെട്ട്യോന്റെ വലതുകാലിൽ ഞാൻ കറിച്ചട്ടിയിട്ട് പൊട്ടിക്കുന്നത്. ശേഷമാണ് നാട്ടുകാർക്ക് ഞാനൊരു ഭ്രാന്തിയാകുന്നത്. ആ മനുഷ്യൻ പാടിപ്പരത്തിയ ഭ്രാന്തിൽ നിന്ന് ഇറങ്ങി വരാൻ എന്തുകൊണ്ടോ എനിക്ക് മനസ്സ് വന്നില്ല. അതിയാന്റെ കൈയ്യിൽ നിന്ന് അറിയാതെ കിട്ടിയ സമ്മാനം പോലെ ആ ഭ്രാന്തിനെ ധൈര്യമായി കരുതാനാണ് തലയ്ക്ക് തോന്നിയത്.

നാളുകൾക്കുള്ളിൽ കാലിലൊരു മുടന്തുമായി കെട്ട്യോൻ വീട്ടിലേക്ക് വന്നു. ഇനി എന്റെ ദേഹത്ത് അനുവാദമില്ലാതെ കൈവെച്ചാൽ തിളച്ച വെള്ളമായിരിക്കും ഒഴിക്കുകയെന്ന് കൂടി പറഞ്ഞപ്പോൾ ആള് തലകുനിച്ച് നിന്നു.

ശേഷം ഇനിയൊന്നിനും നമ്മളില്ലേയെന്ന ഭാവത്തിൽ ഉമ്മറത്തെ ഇരുത്തിയിൽ അതിയാൻ ചാരി ഇരുന്നു. ഒരു ഗ്ലാസ്സ് ഉപ്പിട്ട കഞ്ഞിവെള്ളം കൊടുത്തപ്പോൾ ഒരക്ഷരം മിണ്ടാതെ ഒറ്റവലിക്ക് കുടിക്കുകയും ചെയ്തു.

അല്ലെങ്കിലും, സ്നേഹത്തിന് അങ്ങനെയൊരു പോരായ്‌മ്മയുണ്ട്. സ്നേഹിക്കപ്പെടാൻ വേണ്ടി ഒരിഞ്ച് താഴേക്ക് ഇറങ്ങിയാൽ സ്നേഹിക്കാൻ വന്നവർ തലയിൽ കയറി ആവർത്തിച്ച് ആഞ്ജാപിക്കും. അനുസരിച്ചില്ലെങ്കിൽ കഴുത്തിന് കത്തിവെക്കാൻ പോലും ആ കൂട്ടർ മടിക്കില്ലായെന്നതാണ് സത്യം.

എന്നാലും, അതിയാന്റെ വെച്ച് കെട്ടിയ കാല് കാണുമ്പോൾ വെന്ത് തിളയ്ക്കുന്ന അരിമണികളെ പോലെ എന്റെ ഉള്ള് പതയുന്നുണ്ട്. പക്ഷേ, സാരമില്ല! ഭൂമിയിലെ ഏത് ജീവനുകളാണ് തന്റെ നിലനിൽപ്പിനായി ചെറുത്ത് നിൽപ്പ് നടത്താതിരിക്കുകയല്ലേ…!!!