(രചന: രജിത ജയൻ)
“ഞാൻ നിന്റെ ഭർത്താവാണ് അമ്മൂ..
അഗ്നിസാക്ഷിയായ് നിന്നെ തൊട്ട് താലികെട്ടിയവൻ ..
നിന്റെ ശരീരത്തിലും നിന്നിലും പൂർണ്ണ അധികാരമുള്ളവൻ…
“ആ ഞാൻ നിന്നെയൊന്ന് തൊടുന്നതോ കൂടെ കിടക്കാൻ താൽപ്പര്യപ്പെടുന്നതോ നിനക്കിഷ്ട്ടമില്ലാ എന്നത് എന്നെയേറെ വേദനിപ്പിക്കുന്നുണ്ട്…
“നിന്റെയത്ര ചന്തമോ ,പഠിപ്പോ എനിക്കില്ലാത്തതുകൊണ്ടാണോ നീയെന്നെ നിന്റെ അടുത്ത്ന്ന് അകറ്റി നിർത്തുന്നത് …?
“തുറന്നു പറഞ്ഞോ അമ്മൂ…
കഴിഞ്ഞ രണ്ട് ദിവസവും നീയിങ്ങനെ തന്നെയായിരുന്നു .. അതിനു നീ പറഞ്ഞ കാരണം നിനക്ക് പിരീഡ്സ് ആണെന്നാണ്…
ഇത്ര പെട്ടന്ന് മാറിയോ നിന്റെ പിരീഡ്സ്…?
വെറും രണ്ട് ദിവസം കൊണ്ട്..?
ഇത്തവണ സതീശന്റെ ശബ്ദത്തിൽ പരിഹാസം കൂടി കലർന്നത് അമ്മു അറിഞ്ഞു …
“ദൈവമെന്റെ കൂടെയാണ് അമ്മൂ..
അതോണ്ടാണല്ലോ പിരീഡ്സ് ആണെന്നു പറഞ്ഞ് കഴിഞ്ഞ രണ്ടു ദിവസവും എന്നെ അകറ്റി നിർത്തിയ നീ മൂന്നാം ദിവസമായ ഇന്ന് സന്ധ്യക്ക് ഉമ്മറത്ത് സന്ധ്യാ ദീപം വെയ്ക്കുന്നത് ഞാൻ നേരിട്ട് കണ്ടത്…
“ഏഴു ദിവസം കഴിയാതെ നിലവിളക്ക് തൊടുക പോലും ചെയ്യാത്ത നീ പിരീഡ്സിന്റെ മൂന്നാം ദിവസം വിളക്ക് കത്തിക്കണമെങ്കിൽ അതിനർത്ഥമായ് ഞാൻ മനസ്സിലാക്കേണ്ടത് ഇല്ലാത്തൊരു കാര്യം പറഞ്ഞ് നീ എന്നെ നിന്റെ ശരീരത്തിൽ തൊടാൻ അനുവദിക്കാതെ അകറ്റി നിർത്തുന്നു എന്നല്ലേ..?
വെറും രണ്ടു മാസം കൊണ്ടു തന്നെ വെറുത്തോ നിനക്കെന്നെ…? അതോ മടുത്തോ…?
വേദന കലർന്ന ശബ്ദത്തിൽ സതീശൻ ചോദിക്കുമ്പോൾ അവനോടെന്തു മറുപടി പറയണമെന്നറിയാതെ പതറി അമ്മു…
തങ്ങളുടെ ഈ സംസാരമെല്ലാം കേട്ട് മുറിയ്ക്ക് പുറത്തായ് സതീശന്റെ അമ്മയും ചേച്ചിയും ഉണ്ടാവുമെന്ന് അമ്മുവിനുറപ്പായിരുന്നു …
കല്യാണം കഴിച്ചു വന്ന അന്ന് തൊട്ടറിയുന്നതാണ് അവരുടെ സ്വഭാവം..
ഈ കഴിഞ്ഞ രണ്ടു മാസം കൊണ്ടു തന്നെയവരെ പൂർണ്ണമായ് മനസ്സിലായതുമാണ്
സതീശേട്ടന് താൻ നൽക്കുന്ന മറുപടി അവർ കേട്ടാൽ….
ആ ചിന്തയിൽ പോലുമവൾ വിറച്ചു…
“നിനക്ക് ഒന്നും മറുപടി പറയാനില്ല അല്ലേ അമ്മൂ.. ?
അതായത് ഞാൻ പറഞ്ഞതും ചിന്തിച്ചതുമായിരുന്നു ശരിയെന്ന് അല്ലേ… നിനക്കെന്നെ മടുത്തെന്ന്…. ഉം….?
ഇത്തവണ അതു പറയുമ്പോൾ നിറഞ്ഞിരുന്നു അവന്റെ കണ്ണുകളും …
ആ കാഴ്ച അമ്മുവിനെ വേദനിപ്പിച്ചു..
“ഞാൻ പറഞ്ഞത് സത്യം തന്നെയാണ് സതീശേട്ടാ…
“കഴിഞ്ഞ മൂന്നു ദിവസമായിട്ട് എനിക്ക് പിരീഡ്സ് തന്നെയാണ്..
ഞാൻ കള്ളം പറഞ്ഞതല്ല…
ഏട്ടനെ അകറ്റി നിർത്തിയതുമല്ല സത്യം…
എനിക്കെന്റെ പ്രാണനെക്കാൾ ഇഷ്ട്ടാണ് സതീശേട്ടനെ…
പിന്നെ ഞാനെങ്ങനെയാ ഏട്ടനെവെറുക്കുക… ?
അകറ്റി നിർത്തുക…?
പൊട്ടി കരച്ചിലോടെ അമ്മു ചോദിച്ചപ്പോൾ ഇത്തവണ ഞെട്ടിയത് മറ്റുള്ളവരാണ് …
“പിരീഡ്സ് ആയിട്ടും നീ സന്ധ്യാ ദീപം വെച്ചന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കണോ അമ്മൂവേ…?
ഒട്ടും ഉറപ്പില്ലാത്ത സ്വരമായിരുന്നു സതീശന്റെ…
“സത്യണ് സതീശേട്ടാ… പിരീഡ്സ് ആണെന്ന് ഞാൻ മറന്നു പോയ്… അതോണ്ടാ ഓർമ്മയില്ലാതെ വിളക്ക് വെച്ചത്…
അമ്മ പറഞ്ഞത് കേട്ട് ഇത്തവണ സതീശനൊപ്പം ഞെട്ടിയത് അവന്റെ അമ്മയും ചേച്ചിയും കൂടിയായിരുന്നു..
സന്ധ്യയ്ക്ക് നീ ഉമ്മറത്ത് ദീപം വെച്ചത് പിരീഡ്സ് ആണെന്ന് മറന്നു പോയതുകൊണ്ടാണെന്നോ …?
നിനക്ക് തലയ്ക്ക് വല്ല അസുഖവും ഉണ്ടോ അമ്മു…?
അല്ല എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കയാണ്…
വേറെ ആരും പറയില്ല ഇതുപോലൊരു കാര്യം.. മെൻസസ് ആണെന്ന് അവള് മറന്ന് പോയീന്ന്… അങ്ങനെ മറക്കാനത് നീ വിളിച്ച് വരുത്തിയ ഒന്നല്ല… നിന്റെ ശരീരത്തിലുള്ള ഒന്നാണ്…
സതീശന്റെ ഒച്ചയുയർന്നതും ഭയത്താൽ അമ്മു വിറച്ചു …
പറഞ്ഞ കാര്യം സത്യം തന്നെയാണ്, പിരീഡ്സിന്റെ ഓർമ്മയില്ലാതെ വിളക്ക് വെച്ചു കഴിഞ്ഞപ്പോഴാണ് പറ്റിയ തെറ്റ് ഓർത്തത്…
അപ്പോ മുതൽ ഈ നിമിഷം വരെ അതോർത്ത് ഉരുകുക തന്നെയായിരുന്നു… കാരണം വെച്ചാരാധനകളും ചിട്ടകളും എല്ലാം ഉള്ളതാണ് ഇവിടെ… ഇങ്ങനെ ഒരു തെറ്റ് തനിക്ക് പറ്റിയെന്നറിഞ്ഞാൽ പിന്നെ എന്താവും ഇവിടെ നടക്കുക എന്നറിയില്ല…
അമ്മു ചിന്തിക്കുന്ന സമയം കൊണ്ടു തന്നെ വാതിൽ തള്ളി തുറന്ന് സതീശന്റെ അമ്മയും സഹോദരിയും മുറിക്കുള്ളിൽ പ്രവേശിച്ചിരുന്നു..
നീ.. നീ..എന്താടീ പറഞ്ഞത്..?
“മാസക്കുളി ആണെന്നത് മറന്നിട്ടാണ് വിളക്കു വെച്ചതെന്നോ… ?
എന്റെ ഈശ്വരൻമാരെ എന്റെ വീട് നശിച്ചല്ലോ ഇവള് കാരണം…
നെഞ്ചത്തടിച്ചൊരു നിലവിളിയോടെ സതീശന്റെ അമ്മ നിലത്തേക്കിരുന്ന് ഉറക്കെ കരയുന്നതു കൂടി കണ്ടതോടെ എന്തു ചെയ്യണമെന്നറിയാതെ വിറച്ചു നിന്നു അമ്മു..
കാരണം തന്നെ സതീശേട്ടൻ വിവാഹം കഴിച്ചു കൊണ്ടുവന്നതിന്റെ അടുത്ത നാൾ മുതൽ സതീശേട്ടനറിയാതെ എല്ലാ കാര്യത്തിനും തന്നെ കുറ്റപ്പെടുത്തുന്നവരാണ് അമ്മയും സഹോദരിയും…
വിവാഹം കഴിപ്പിച്ചയച്ചെങ്കിലും അവിടെ ഓരോ പ്രശ്നങ്ങളുണ്ടാക്കി ഇവിടെ വന്നു നിൽക്കുന്നതാണ് ചേച്ചി.. ഇവിടെയാവുമ്പോൾ ജോലിയൊന്നും ചെയ്യേണ്ടതില്ല ല്ലോ…? അമ്മയും മകൾക്ക് സപ്പോർട്ടാണ് എല്ലാറ്റിനും..
അവരുടെ പോരും കുത്തുവാക്കുകളുമെല്ലാം ഇന്നേ വരെ അവഗണിച്ചിട്ടേയുള്ളു.. ഒരു പരാതി പോലും സതീശേട്ടനോട് പറഞ്ഞിട്ടില്ല.. പക്ഷെ ഇന്നു സംഭവിച്ചത്, അതു തന്റെ തെറ്റാണ്… മറന്നു പോവരുതായിരുന്നു ..
“ഇവളുടെ ചന്തം മാത്രം നോക്കി ഇവളെ കെട്ടണ്ട എന്ന് നിന്നോട് ഞാൻ പറഞ്ഞതല്ലേ സതീശാ.. ഈ മൂശേട്ട കൂടിയ മൂദേവി കാരണം നമ്മുടെ കുടുംബം നശിച്ചല്ലോ മോനെ..
“ആരെങ്കിലും മാസക്കുളി ആയതൊക്കെ മറക്കുമോ സതീശാ…?
ഇതിവൾ മനപൂർവ്വം ചെയ്തതാ നമ്മുടെ വീടു നശിപ്പിക്കാനായ്…
എരിതീയ്യിൽ എണ്ണ പകരും പോലെ ചേച്ചിയും അമ്മയ്ക്കൊപ്പം കൂടിയതും ഇനിയൊന്നും പറയാനില്ലാത്തതുപോലെ തളർന്നു അമ്മു
അമ്മയുടെ പതം പറച്ചിലും പ്രാകും അതിരുകടന്നതും അവളിൽ നിന്ന് കണ്ണുനീർ തുള്ളികൾ നിലത്തേക്കിറ്റു വീണു കൊണ്ടിരുന്നു
എന്താ അമ്മൂ കാര്യം… ഇതൊക്കെ അങ്ങനെ മറക്കുന്ന അല്ലെങ്കിൽ മറക്കാവുന്ന കാര്യം ആണോ…?
അമ്മയേയും സഹോദരിയേയും ശ്രദ്ധിക്കാതെ സതീശൻ അവൾക്കരികിലെത്തി അവളെ തന്നിലേക്ക് ചേർത്തു നിർത്തി ചോദിച്ചതും നിലത്തിരുന്ന അമ്മ പിടഞ്ഞെണീറ്റവനു നേരെ ചെന്നു
“ഇത്ര വലിയൊരു തെറ്റവൾ ചെയ്തിട്ട് നീയെന്താടാ ഇങ്ങനെ ചോദിക്കുന്നത്..? ഇതിലിനി ചോദ്യവും പറച്ചിലും ഒന്നുമില്ല.. ഇവൾ വേണ്ട ഇനിയിവിടെ…
തീർപ്പുപോലെ അമ്മ പറഞ്ഞതും സതീശൻ അമ്മയ്ക്ക് നേരെ തിരിഞ്ഞു
“അതമ്മയാണോ തീരുമാനിക്കുന്നത്…? ഇവളെന്റെ ഭാര്യയും..
ഇത് ഞങ്ങളുടെ… ശരിയ്ക്കും കേട്ടോളൂ.. ഞങ്ങളുടെ കിടപ്പുമുറിയാണ്…
ഇവിടെ ഞങ്ങൾ പലതും സംസാരിക്കും ..
അതെല്ലാം ഒളിഞ്ഞു നിന്ന് കേട്ട് അതിന്റെ അഭിപ്രായം പറയാൻ നിൽക്കരുത് അമ്മയായാലും ചേച്ചിയായാലും… എന്റെ ഭാര്യയെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യാത്തവർ അവളെ വിധിക്കാനും ശിക്ഷിക്കാനും വരരുത്… സമ്മതിച്ചു തരില്ല ഞാനത് …
അവർക്കെതിരെ സതീശന്റെ ശബ്ദമുയർന്നതും നിശബ്ദരായവർ
പറ അമ്മൂ.. എന്താ പറ്റീത് നിനക്ക്…?
സതീശേട്ടാ.. അത് എല്ലാ പ്രാവശ്യത്തെയും പോലെ സാനിറ്ററി പാഡല്ല ഞാനിത്തവണ ഉപയോഗിച്ചത് മെൻസ്ട്രൽ കപ്പാണ്….
മൂന്നാം ദിവസമായതുകൊണ്ടാവും ഇന്നങ്ങനെയത് ചേഞ്ച് ചെയ്യേണ്ടി വന്നില്ല.. ഞാനും മറന്നു പിരിഡ്സിന്റെ കാര്യം.. അതോണ്ട് സംഭവിച്ചതാ…
തല താഴ്ത്തി നിന്നൊരു തെറ്റേറ്റ് പറയുംമ്പോലെ അമ്മു പറയുന്നതു കേട്ട് എന്തു ചെയ്യണം പറയണമെന്നറിയാതെ സതീശൻ നിൽക്കുമ്പോൾ അവളെ തന്നെ നോക്കി നിന്നു സതീശന്റെ അമ്മയും പെങ്ങളും ….
ഇതിൽ നിന്നിനിയൊരു കലഹം ഉണ്ടാക്കാൻ കാരണങ്ങൾ ഒന്നും കിട്ടാനില്ലല്ലോ എന്ന വിഷമത്തോടെ……