ശേഖരേട്ടാ… മോളുടെ കല്യാണം ഇങ്ങടുത്തു.ഇതുവരെ സ്വർണ്ണം ഒന്നും എടുത്തില്ലല്ലോ ഒന്നുമില്ലാതെ എങ്ങനെയാ അതിനെ പറഞ്ഞു..

വിവാഹം.
(രചന: അഞ്ജു തങ്കച്ചൻ)

___________

ശേഖരേട്ടാ… മോളുടെ കല്യാണം ഇങ്ങടുത്തു.
ഇതുവരെ സ്വർണ്ണം ഒന്നും എടുത്തില്ലല്ലോ ഒന്നുമില്ലാതെ എങ്ങനെയാ അതിനെ പറഞ്ഞു വിടുന്നത്?? സീത ഭർത്താവിനോട് ചോദിച്ചു.

അതിന് ചെറുക്കന്റെ വീട്ടുകാർ ഒന്നും ആവശ്യപ്പെട്ടിട്ടില്ലല്ലോ സീതേ..

അതവരുടെ മര്യാദ, എന്നുവച്ച്‌ ഒന്നുമില്ലാതെ എങ്ങനെയാ..

നീയെന്താ സീതേ ഒന്നും അറിയാത്ത പോലെ സംസാരിക്കുന്നത്? നിധിയെ അവൾ ആഗ്രഹിച്ച അത്രയും ഞാൻ പഠിപ്പിച്ചില്ലേ പ്രൈവറ്റ് സ്ഥാപനത്തിൽ ആണെങ്കിലും അവൾക്കിപ്പോൾ ജോലിയും ഉണ്ട്.
സീതേ..ഞാൻ ഒരു തയ്യൽക്കാരൻ ആണെന്ന് നീ മറന്നു പോകരുത്. ഞാൻ കൂട്ടിയാൽ കൂടുന്നതിന് ഒരു പരിധി ഒക്കെയുണ്ട്.

എന്നാലും…

മോൾക്ക്‌ പലപ്പോഴായി നമ്മൾ വാങ്ങിയ പതിനൊന്നു പവന്റെ ആഭരണങ്ങൾ ഇല്ലേ അത് പോരേ അവളുടെ കല്യാണത്തിന്??

എന്നാൽ എന്റെ മാല കൂടെ അവൾക്ക് കൊടുക്കാംശേഖരേട്ടാ .അതൂടെ ചേർത്ത് പതിനഞ്ചു പവൻ ആക്കി കൊടുക്കാമല്ലോ .

അതിന്റെ ആവശ്യമില്ല. സീതയിങ്ങനെ കണ്ണടച്ച്‌ ഇരുട്ടാക്കാൻ നോക്കരുത്. നമുക്കൊരാവശ്യം വന്നാൽ പിന്നെ എന്തുണ്ട് മിച്ചം?
ജന്മം നൽകിയ മക്കളെ നല്ല കരുതലോടെ തന്നെയാണ് നമ്മൾ വളർത്തിയത്,നല്ല വിദ്യാഭ്യാസവും അവർക്കു നൽകി. ഇനി അവർ അവരുടെ കാര്യം നോക്കട്ടെ…
ഇനിയും അവർക്കു വേണ്ടി മാത്രം ജീവിച്ചാൽ മതിയോ നമുക്ക്??

സീത അയാൾക്കരുകിൽ ഇരുന്നു.

അല്ല ,മോളുടെ കല്യാണം കഴിഞ്ഞാൽ പകുതി സമാധാനം ആകുമല്ലോ, പിന്നെ രണ്ടു കൊല്ലം കൂടെ കഴിഞ്ഞാൽ മോന്റെ പഠിത്തം തീരും. പിന്നെ നമ്മുടെ കടമ ഒക്കെ കഴിഞ്ഞ് സ്വസ്ഥം ആകാമല്ലോ അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ.

എന്റെ സീതേ … അയാൾ അവളുടെ കൈകൾ പൊതിഞ്ഞു പിടിച്ചു. മോൾക്ക്‌ ഇപ്പോൾ കല്യാണം വേണ്ടെന്ന് അവൾ എത്ര വട്ടം പറഞ്ഞു. നിന്റെ നിർബന്ധം കൊണ്ടാണ് അവൾ സമ്മതിച്ചത്.
കാലം മാറി, കല്യാണം എന്നത് അത്ര നിർബന്ധം ഉള്ള കാര്യമല്ല. അവർക്കു വേണമെന്ന് തോന്നിയാൽ മാത്രം മതി വിവാഹം.

എനിക്കതിനോടൊന്നും പൊരുത്തപ്പെടാൻ വയ്യ ശേഖരേട്ടാ.എനിക്ക് നല്ലൊരു പങ്കാളിയെ ജീവിതത്തിൽ കിട്ടി, മോൾക്കും ഇതുപോലൊരു ആൾ കൂട്ടായി വേണം.
നമ്മുടെ കാലം കഴിഞ്ഞാലും അവൾക്ക് ഒരു തുണ വേണം.ഞാൻ അത്രേ ചിന്തിച്ചുള്ളൂ…

സീതേ.. മക്കളെ ഒരു പ്രായം വരെ നമ്മൾ സംരക്ഷിക്കണം. അതുകഴിഞ്ഞാൽ അവർ അവരുടെ ജീവിതം ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ.
ഇവിടെയിപ്പോൾ മോള് ,വിവാഹത്തിന് സമ്മതിച്ചു.
ഉള്ളത് കൊണ്ട് നമ്മൾ ആ വിവാഹം നടത്തുന്നു. അല്ലാതെ വിവാഹത്തിന് വേണ്ടി താങ്ങാവുന്നതിൽ അധികം ബാധ്യത ഏറ്റെടുക്കാൻ എനിക്ക് വയ്യ.

ഒരു കണക്കിന് നോക്കിയാൽ അതും ശരിയാ..സീത പറഞ്ഞു.

*************

ജോലി കഴിഞ്ഞ് നിള വീട്ടിൽ എത്തി ഫോൺ നോക്കിയപ്പോഴാണ് അവളുടെ ഫോണിൽ നിരഞ്ജന്റെ മിസ്സ്ഡ് കാൾ കിടക്കുന്നതു കണ്ടത്.

സത്യത്തിൽ വിവാഹം എന്ന ചിന്ത പോലും തന്റെ ഉള്ളിൽ ഉണ്ടായിരുന്നില്ല .
അമ്മയുടെ നിർബന്ധത്തിൽ മാത്രമാണ് പെണ്ണ് കാണൽ ചടങ്ങിന് നിന്നു കൊടുത്തത്. ആലോചന കൊണ്ടുവന്നതും അമ്മയുടെ സഹോദരനാണ്.
അന്നാണ് നിരഞ്ജനെ ആദ്യമായ് കണ്ടത്.
ഇരുനിറത്തിൽ നല്ല പൊക്കമുള്ള ഒരു സുന്ദരൻ.

അടുത്ത ആഴ്ച്ച എല്ലാരും കൂടെ അങ്ങോട്ട്‌ വരണം എന്ന് പറഞ്ഞാണ് അവർ പോയത്.

ബാക്കിയൊക്കെ ചെറുക്കന്റെ വീടും മറ്റ് കാര്യങ്ങളും ഒക്കെ അന്വേഷിച്ചറിഞ്ഞിട്ട് മതിയെന്ന് അച്ഛൻ പറഞ്ഞു.

പെണ്ണ് കണ്ട് പോയതിന് ശേഷം നിരഞ്ജൻ ഒരു ദിവസം തന്നെ വിളിച്ച് സംസാരിച്ചിരുന്നു

അവരുടെ വീട്ടിൽ പോയി വാക്കാൽ പറഞ്ഞുറപ്പുച്ചതിനു ശേഷം എല്ലാ ദിവസവും നിരഞ്ജൻ വിളിക്കും.സംസാരിച്ച് സംസാരിച്ച് ഇപ്പോൾ അയാളോട് നല്ല സ്നേഹം തോന്നിയിട്ടൊക്കെ ഉണ്ട്.

ഒരുപാട് സംസാരിക്കുന്ന, ഉറക്കെ പൊട്ടിച്ചിരിക്കുന്ന ഒരാളാണ് നിരഞ്ജൻ.
തനിക്കുള്ളത് പോലെ തന്നെ,ഒരു സുഹൃത്ത് വലയം തന്നെയുണ്ട് ആൾക്കും. ചിലപ്പോൾ സംസാരിക്കുമ്പോൾ അവരും ഫോൺ തട്ടിപ്പറിച്ചു വാങ്ങി സംസാരിക്കും..

നല്ലൊരാളെ തന്നെയാണ് തനിക്കായ് കണ്ട് പിടിച്ചത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
എന്നാലും മനുഷ്യന്റെ ഉള്ള് അറിയാൻ പറ്റില്ലല്ലോ.എന്തായാലും വിവാഹം നടക്കട്ടെ..

**************

വൈകുന്നേരം സീത നിളയുടെ മുറിയിലേക്ക് ചെന്നു.

മോൾക്ക്‌ വിഷമം ഉണ്ടോ?

എന്തിന്?

എല്ലാ പെണ്ണുങ്ങൾക്കും ഉണ്ടാവില്ലേ കല്യാണത്തിന് ഒരുപാട് സ്വർണ്ണം ഒക്കെയിട്ട് അണിഞ്ഞൊരുങ്ങാനുള്ള ആഗ്രഹം.

ഓഹോ… എന്നാലേ,ഈ നിളക്ക് അങ്ങനെ ഒരു ആഗ്രഹമേ ഇല്ല കേട്ടോ,അവൾ അമ്മയുടെ ഇരു തോളിലും പിടിച്ചു.

അമ്മേ നമുക്കെല്ലാവർക്കും വേണ്ടി എത്ര കാലമായി അച്ഛൻ ആ തയ്യൽ മെഷീനും കറക്കി ഇരിക്കുന്നു.

ഇനി എന്റെ വിവാഹം എന്നൊരു ഭാരം കൂടെ അച്ഛനെക്കൊണ്ട് ചുമപ്പിക്കാൻ ഞാൻ ഒരുക്കമല്ല.
ഇനിയും ഭാരം താങ്ങാൻ എന്റെ അച്ഛന് വയ്യ അതിന് ഞാൻ സമ്മതിക്കുകയും ഇല്ല.
അതുകൊണ്ട് ,ഉള്ളതുകൊണ്ട് മതി ഈ വിവാഹം . കുറച്ച് മാത്രം ആളുകൾ മതി വിവാഹത്തിന്.രണ്ട് വീട്ടിലും കൂടെ ചേർത്ത് നാല്പതോ അൻപതോ ആളുകൾ.. അമ്പലത്തിൽ വച്ച് താലി കെട്ടുന്നു. സന്തോഷമായിട്ട് എല്ലാരും കൂടെ സദ്യ കഴിക്കുന്നു… ശുഭം.

നീ അച്ഛന്റെ മോള് തന്നെ. സീത ചിരിയോടെ പറഞ്ഞു.

പിന്നല്ലാതെ…..വല്യ കല്യാണം നടത്തി, കാശൊക്കെ കളയാൻ ഞാൻ അംബാനിയുടെ മോളൊന്നും അല്ലല്ലോ പാവം മേലേടത്ത് ശേഖരന്റെ മോളല്ലേ..

എന്നെയും അനിയനെയും പഠിപ്പിക്കാൻ തന്നെ അച്ഛൻ എത്ര കഷ്ടപ്പെട്ടു.അച്ഛന്റെ എല്ലാ സന്തോഷങ്ങളും മാറ്റി വച്ചിട്ടല്ലേ അമ്മേ അച്ഛൻ നമ്മളെ സന്തോഷിപ്പിക്കുന്നത്.
എന്റെ ഭാഗ്യമാണ് ഇതുപോലെ ഒരച്ഛൻ.

സീത മകളെ കെട്ടിപ്പിടിച്ചു.

മുറിയിലേക്ക് വരുകയായിരുന്ന ശേഖരൻ, ആ സംസാരം കേട്ടതും ഒരു മാത്ര നിന്നു പോയി.അയാളുടെ കണ്ണുകൾ നിറഞ്ഞു.
ഷർട്ടിന്റെ കോളർ പൊക്കി അയാൾ നിറഞ്ഞ കണ്ണുകൾ തുടച്ചു.

അയാൾക്ക്‌ അഭിമാനം തോന്നി.തന്റെ മകൾ മിടുക്കിയാണ്. മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ മനസിലാകുന്ന ഒരു മനസ്സ് അവളിൽ ഉണ്ട്.

ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് തോന്നുകയും.ജീവിതത്തിന്റെ അവസാനം വരെ ഇണയായ് തുണയായ് ജീവിക്കാൻ രണ്ടുപേർ തീരുമാനിക്കുകയും ചെയ്യുന്ന സമയത്ത് അവർക്കൊപ്പം നിൽക്കുക എന്നത് മാത്രമല്ലേ മാതാപിതാക്കളുടെ കടമ.

എടുത്താൽ പൊങ്ങാത്ത ബാധ്യതയുമായി എന്തിനാണ് വിവാഹം എന്ന പവിത്രമായ കർമ്മത്തിനെ വെറുതെ ആഡംബരത്തിൽ
കുളിപ്പിക്കുന്നത്.

തന്റെ മകൾക്ക് ജീവിതത്തെക്കുറിച്ച് വിശാലമായ കാഴ്ചപ്പാടുണ്ട്.അതുകൊണ്ട് അവളൊരിക്കലും നിരാശയിൽ മുങ്ങില്ല.

അല്ലെങ്കിലും മക്കൾ പ്രായപൂർത്തിയാകുന്നത് വരെ മാത്രമേ അച്ഛനമ്മമാർ അവർക്കായ് സമയം മാറ്റി വയ്ക്കേണ്ടതായിട്ടുള്ളൂ..
അതുകഴിഞ്ഞാൽ അവനവന് വേണ്ടി കൂടെ ജീവിക്കണം,അപ്പോൾ മാത്രമേ ജീവിതത്തിന്റെ സൗന്ദര്യം തിരിച്ചറിയാനാകൂ…. ജീവന്റെ മൂല്യം തിരിച്ചറിയാനാകൂ..