ഇനി പ്രസവം കഴിഞ്ഞപ്പോൾ എന്നോട് താല്പര്യം കുറവായതാണോ…?”എന്നവൾ മനസ്സിൽ ഓർത്തു. അവൾ മുജീബിനോട് ഈകാര്യം ചോദിക്കേം..

(രചന: സിനാസ് അലി)

മുജീബിന് കുറച്ച് ദിവസമായി ഭയങ്കര സംശയം തനിക്ക് എച്ച് ഐവി പോസിറ്റീവ് ആണോ എന്ന്

“പടച്ചോനേ എന്റെ ഭാര്യയും പാല് കുടിക്കുന്ന കുട്ടിയും”

അവന്റെ മനസ്സിൽ പരിഭ്രാന്തി കൂടി. ഗൂഗിളിൽ എച്ച് ഐവിയുടെ ലക്ഷണങ്ങൾ സെർച്ച് ചെയ്ത് നോക്കിയപ്പോൾ അവന്റെ ഉറക്കം നഷ്ടമായി. കഴുത്തിൽ ചെറിയ മുഴപോലെ വരിക, മുഖത്ത് ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുക, ഇടവിട്ടുള്ള പനി കൂടെ വയറിളക്കം, തലവേദന, വിട്ടുമാറാത്ത ചുമ അങ്ങനെ പലതും ലക്ഷണമായി ഗൂഗിളിൽ കണ്ടു.

ഭക്ഷണം പോലും ഇറങ്ങാതെയായി അവന്. അതുവരെ കുട്ടിയെ എടുത്ത് ലാളിച്ച് ഉമ്മവെച്ച് കൊഞ്ചിയിരുന്ന മുജീബിന് സ്വന്തം കുട്ടിയെ കൈകൊണ്ട് തൊടാനോ ഉമ്മവെക്കാനോ പേടിയായി തുടങ്ങി. ഭാര്യയുമായി അകലം പാലിച്ചു. അവൾ കാര്യം തിരക്കിയപ്പോൾ സുഖമില്ല മൂഡില്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറി. അതുവരെ ഈ കാര്യത്തിൽ വല്ലാത്ത ആവേശമായിരുന്ന ഭർത്താവിന്റെ മാറ്റം അവളിൽ സംശയം ഉണർത്തി

“ഇനി പ്രസവം കഴിഞ്ഞപ്പോൾ എന്നോട് താല്പര്യം കുറവായതാണോ…?”

എന്നവൾ മനസ്സിൽ ഓർത്തു. അവൾ മുജീബിനോട് ഈകാര്യം ചോദിക്കേം ചെയ്തു. അവൻ ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി

“ജീവിതം എന്ന് പറയുന്നത് സെക്സ് മാത്രമാണോ…? എനിക്കൊരു സമാധാനം താ, പ്ലീസ്”

അതുവരെ കൂടുതൽ ദേഷ്യമൊന്നും കാണിക്കാത്ത മുജീബ് ചെറിയ കാര്യങ്ങൾക്ക് പോലും ഭയങ്കരമായി ദേഷ്യപ്പെടാൻ തുടങ്ങി. എപ്പോഴും എന്തോ ആലോചനയിൽ മുഴുകി നടക്കുന്ന മുജീബിനോട്‌ ഭാര്യ വീണ്ടും വീണ്ടും എന്താണ് ഇങ്ങളുടെ പ്രശ്നം എന്ന് ചോദിച്ചു. എന്തൊക്കെയോ മറുപടി കൊടുത്ത് അവൻ വീണ്ടും ആലോചനയിൽ മുഴുകിയിരിക്കും.

ശരിക്കും മുജീബ് കടന്ന് പോയികൊണ്ടിരുന്നത് ഭീകരമായ ഒരു അവസ്ഥയിലൂടെ ആയിരുന്നു. ഒന്ന് ചിരിക്കാനോ, സംസാരിക്കാനോ പോലും പറ്റാത്ത അവസ്ഥ. മനസ് മുഴുവൻ തനിക്ക് എയ്ഡ്‌സ് ഉണ്ടോ എന്ന പേടിപ്പെടുത്തുന്ന ചിന്ത മാത്രം. ടെസ്റ്റ്‌ ചെയ്ത് അതറിയാൻ അവന് ധൈര്യം വന്നില്ല. ഒന്നുരണ്ട് പ്രാവശ്യം മെഡിക്കൽ ലാബ് വരെ പോയതാണ് പക്ഷേ, പേടിച്ച് വിറച്ച് തിരിച്ചുപോന്നു.

മൂന്ന് മാസം മുന്നേ ഷോപ്പിലേക്ക് സാധനങ്ങൾ എടുക്കാൻ ബാംഗ്ലൂർ പോയപ്പോഴാണ് കൂട്ടുകാരൻ അവിടുള്ള ഒരു മസാജ് പാർലറിനെ കുറിച്ച് മുജീബിനോട് പറയുന്നത്. പേര് മസാജ് പാർലർ ആണെങ്കിലും അവിടെ നടക്കുന്നത് നല്ല അസ്സല് വ്യഭിചാരമാണ്. ഒരു ദുർബല നിമിഷത്തിൽ മുജീബ് കൂട്ടുകാരന്റെ കൂടെ അങ്ങോട്ട് പോയി. അവിടെവെച്ച് മസാജിന് അപ്പുറം പലതും നടന്നു. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു മുജീബിന് അങ്ങനൊരു അനുഭവം. പെട്ടെന്നുള്ള പ്രലോഭനത്തിൽ മുജീബിന്റെ കയ്യിൽ നിന്നും പോയി.

വീട്ടിൽ തിരിച്ചെത്തിയ ഉടൻ വല്യ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല അവന്. കുറ്റബോധം ഉണ്ടായിരുന്നു. പക്ഷേ, കഴിഞ്ഞതൊക്കെ മറക്കാൻ ശ്രമിച്ച് ഭാര്യക്കും കുട്ടിക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കാൻ അവൻ തീരുമാനിച്ചു. ഇനി ഒരിക്കലും അങ്ങനൊരു തെറ്റിലേക്ക് പോവില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു. ആയിടക്കാണ് മസാജ് പാർലർ വഴി എച്ച് ഐവി പടരുന്ന വാർത്തകൾ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത് മുജീബിന്റെ ശ്രദ്ധയിൽപ്പെട്ടത്. അന്ന് തുടങ്ങിയതാണ് അവന്റെ മനസ്സിലെ ഭയം

“എനിക്ക് എച്ച് ഐവി ഉണ്ടെങ്കിൽ പടച്ചോനേ എന്റെ ഭാര്യക്കും ഉണ്ടാവില്ലേ…? അവളുടെ പാല് കുടിക്കുന്ന ഞങ്ങളുടെ കുട്ടിക്കും പകരില്ലേ…? ഞാൻ ചെയ്ത തെറ്റ് കാരണം നിരപരാധികളായ ആ പാവങ്ങളും അനുഭവിക്കില്ലേ”

ഇങ്ങനെയുള്ള നൂറ് ചോദ്യങ്ങൾ മുജീബിന്റെ സമാധാനവും ഉറക്കവും ഇല്ലാതാക്കി. സ്വന്തം കുഞ്ഞിനെ ഉമ്മവെക്കാൻ പോലും അവൻ ഭയന്നു. ഒരു പാട്ട് കേൾക്കാനോ സിനിമ കാണാനോ, യാത്ര ചെയ്യാനോ എന്നുവേണ്ടാ, ഒരുരീതിയിലുള്ള സന്തോഷവും അവന് ആസ്വദിക്കാൻ സാധിച്ചില്ല.

ഓരോ ദിവസം കഴിയുംതോറും മുജീബിന്റെ ഭയം വർധിച്ചു. എന്നും രാവിലെ കണ്ണാടിയിൽ നോക്കി തന്റെ മുഖത്ത് ചുവന്ന പാടുകളോ തൊണ്ടയിൽ മുഴപോലെ വല്ലതും വന്നിട്ടുണ്ടോ എന്ന് നോക്കി അങ്ങനെ നിൽക്കും. ഒരു കൊതുക് കടിച്ച പാട് കണ്ടാൽ പോലും അവൻ പേടിച്ച് വിറക്കാൻ തുടങ്ങി. ജലദോഷം വന്നാൽ പേടി, പനി വന്നാൽ പേടി, ചുമച്ചാൽ പേടി, തുമ്മിയാൽ പേടി അങ്ങനെ എല്ലാത്തിനും പേടി.

പനിയോ ചുമയോ വന്നാൽ അപ്പോൾ ഗൂഗിളിൽ എച്ച് ഐവിയുടെ ലക്ഷണങ്ങൾ നോക്കി ഓരോന്ന് ചിന്തിക്കും. ഇതിനിടയിൽ അവനൊന്ന് നന്നായി പനിച്ചു. കൂടെ ചുമയും വയറിളക്കവും വന്നു. അവന്റെ അപ്പോഴത്തെ മാനസികാവസ്ഥ ശരിക്കും ഒരു മനോരോഗിയെപ്പോലെ ആയിരുന്നു. ആരോടും മിണ്ടാതെ, എന്തൊക്കെയോ പിറുപിറുത്ത് ആലോചിച്ച് ഒരു വല്ലാത്ത അവസ്ഥ.

ഇതിനിടയിൽ കുട്ടിയുടെ കാലിലെ നഖം നിറം മാറി അടർന്ന് വരുന്നത് ഭാര്യ അവന്റെ ശ്രദ്ധയിൽപ്പെടുത്തി. അവൻ വേഗം ബാത്‌റൂമിൽ പോയി മൊബൈൽ എടുത്ത് ഗൂഗിളിൽ സെർച്ച് ചെയ്തു. അവൻ പേടിച്ചത് തന്നെ സംഭവിച്ചു. കാലിലെ നഖം നിറം മാറി അടർന്ന് വരുന്നത് എച്ച് ഐവിയുടെ പ്രധാന ലക്ഷണമാണ്

“പടച്ചോനേ എന്റെ കുട്ടി, ഞാൻ ചെയ്ത തെറ്റിന് ആ പാവം”

സ്വയം ശപിച്ച് അവൻ പൊട്ടിക്കരഞ്ഞു. ഇങ്ങനൊരു അസുഖം ഉണ്ടെന്ന് വീട്ടിലും നാട്ടിലും അറിഞ്ഞാൽ ആളുകൾ ഒറ്റപ്പെടുത്തില്ലേ, പരിഹസിക്കില്ലേ. എങ്ങനെ ജീവിക്കും ഇനി…? വീണ്ടും ഒരുപാട് ചോദ്യങ്ങൾ അവന്റെ മനസിലൂടെ കടന്നുപോയി. അവൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. പക്ഷേ, അപ്പൊ ഈ അവസ്ഥയിൽ ആക്കിയിട്ട് പോയാൽ തന്റെ ഭാര്യക്കും കുട്ടിക്കും ആരാ ഉള്ളത്…? മുജീബ് പൊട്ടിക്കരഞ്ഞു.

എച്ച് ഐവി ഉണ്ടായാൽ എന്താണ് ചെയ്യേണ്ടത് എന്നറിയാൻ അവൻ യൂട്യൂബിൽ ഒരു ഡോക്ടറുടെ വീഡിയോ കണ്ടു. അതിന്റെ താഴെ കമന്റ് മുഴുവൻ തന്റെ അതേ അവസ്ഥയിലൂടെ കടന്നുപോകുന്നവരുടേതാണ് എന്ന് മുജീബിന് മനസിലായി. ആ വീഡിയോയിൽ ഡോക്ടർ പറഞ്ഞ പ്രധാനകാര്യം ഇങ്ങനെ ആയിരുന്നു

“നിങ്ങൾക്ക് രോഗം ഉണ്ടോ എന്ന് സ്വയം നിർണായിക്കരുത്. ആദ്യം ഒരു ഡോക്ടറെ കണ്ട് കാര്യങ്ങൾ പറഞ്ഞ് രക്തം ടെസ്റ്റ്‌ ചെയ്യുക. റിസൾട്ട് പോസറ്റീവ് ആണെങ്കിൽ ഈ കാലത്ത് അതിന് ഒരു ചികിത്സകൾ ഉണ്ട്. പൂർണമായും അസുഖം മാറില്ലെങ്കിലും ആരോഗ്യത്തോടെ നിങ്ങളുടെ ആയുസ്സ് തീരുന്നത് വരെ ജീവിക്കാൻ സാധിക്കും. ആദ്യം നിങ്ങൾ രക്തം പരിശോധിച്ച് അസുഖം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പ് വരുത്തൂ. അല്ലാതെ ടെസ്റ്റ്‌ ചെയ്യാതെ ഓരോന്ന് ആലോചിച്ച് പേടിച്ച് നടന്നാൽ വേറെ പല അസുഖവും വന്ന് ജീവിതം ഇരുട്ടിലേക്ക് പോകും”

ഈ ഒരു വീഡിയോ കണ്ടപ്പോൾ മുജീബ് ഡോക്ടറെ കാണാൻ തീരുമാനിച്ചു. റിസൾട്ട് പോസിറ്റീവ് ആണെങ്കിൽ എവിടേക്കെങ്കിലും നാടുവിട്ട് പോകും. അല്ലെങ്കിൽ ആത്മഹത്യ…

പിറ്റേദിവസം രാവിലെ മുജീബ് വീട്ടിൽ നിന്നും ഇറങ്ങി. ആരും കാണാതെ തന്റെ കുറച്ച് ഡ്രസ്സ്‌ അവൻ കാറിൽ വെച്ചിരുന്നു. ഭാര്യയേയും കുട്ടിയേയും നോക്കി ഒന്നും മിണ്ടാതെ അവൻ കാറിൽ കയറി മുന്നോട്ട് എടുത്തു. നെഞ്ച് പിടയുന്നുണ്ടായിരുന്നു അവന്റെ

“ഇനി എന്റെ വീട്ടിലേക്ക് ഒരു തിരിച്ച് വരവില്ലേ പടച്ചോനേ”

അങ്ങനെ പേടിച്ച് പേടിച്ച് മുജീബ് ഡോക്ടറെ കണ്ട് കാര്യങ്ങൾ പറഞ്ഞു. പൊട്ടിക്കരഞ്ഞാണ് അവൻ പറഞ്ഞ് തീർന്നത്. ഡോക്ടർ ഒന്ന് പുഞ്ചിരിച്ചു

“കൂൾ ആവൂ മുജീബ്, ആദ്യം നമുക്ക് രക്തം പരിശോധിക്കാം. എന്നിട്ട് റിസൾട്ട് അറിഞ്ഞിട്ട് പോരേ ബാക്കി കാര്യങ്ങൾ”

രക്തം പരിശോധിച്ച് റിസൾട്ട് കിട്ടാൻ ഒന്നൊന്നര മണിക്കൂർ എടുക്കും. ആ ഒന്നൊന്നര മണിക്കൂർ അവൻ അനുഭവിച്ച മാനസിക സംഘർഷം എത്ര വിവരിച്ചാലും മതിയാവില്ല. ഫോണെടുത്ത് ഉപ്പയുടേയും ഉമ്മയുടേയും ഭാര്യയുടേയും കുട്ടിയുടേയും പിന്നെ തന്റെ സഹോദരങ്ങളുടേയുമൊക്കെ ഫോട്ടോ നോക്കി അവൻ പൊട്ടിക്കരഞ്ഞു. ഇനി അവരെയൊക്കെ കാണാൻ പറ്റുമോ തനിക്ക്…? ഒന്നര മണിക്കൂർ ഒരു യുഗം പോലെ തോന്നി അവന്.

വാച്ചിൽ നോക്കിയിട്ട് സമയം പോവാത്ത പോലെ, കുറേ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എന്തൊക്കെയോ ആലോചിച്ചു. റിസൾട്ട് പോസിറ്റീവ് ആണെങ്കിൽ ഒന്നും ആലോചിക്കാതെ എങ്ങോട്ടെങ്കിലും പോവണം. ഡോക്ടറെയൊന്നും പിന്നെ കണ്ടേണ്ട

“പടച്ചോനേ റിസൾട്ട് എങ്ങാനും പോസിറ്റീവ് ആയാൽ, എന്റെ വീട്ടിലെ അവസ്ഥ. ആവാടോട് ഞാൻ എന്ത് സമാധാനം പറയും”

വീണ്ടും മാനസിക സമ്മർദ്ദത്തിലൂടെ അവന്റെ മനസ്സും ശരീരവും കടന്നുപോയി. ഹൃദയം പെടപെടാന്ന് ഇടിച്ചു, കണ്ണുകൾ നിറഞ്ഞു, നന്നായി വിയർത്തു, തൊണ്ടയിലൂടെ ഉമിനീർ ഇറക്കാൻ പറ്റാത്ത അവസ്ഥ…

“മുജീബ്…”

ലാബിൽ നിന്നും നഴ്സ് തന്റെ പേര് വിളിച്ചപ്പോൾ ഭയന്ന് വിറച്ച് അവൻ അങ്ങോട്ട് നടന്നു. റിസൾട്ട് കയ്യിൽ വാങ്ങി പുറത്തേക്ക് ഓടി. ആളൊഴിഞ്ഞ ഒരു സ്ഥലത്ത് പോയി നിന്ന് പതുക്കെ റിസൾട്ട് തുറന്ന് വിരലുകൊണ്ട് മറച്ച് ഓരോ അക്ഷരവും മെല്ലെ വായിച്ചു

“റിസൾട്ട് നെഗറ്റീവ്”

ഇത് കണ്ടതും ഒന്ന് തുള്ളിചാടാൻ തോന്നി മുജീബിന്. അവൻ സന്തോഷം കൊണ്ട് എന്തൊക്കെയോ പിറുപിറുത്തു, പൊട്ടിക്കരഞ്ഞു. അവന് ഉച്ചത്തിൽ അലറി വിളിക്കാൻ തോന്നി.

കണ്ണൊക്കെ തുടച്ച് നേരെ ഡോക്ടറുടെ അടുത്തേക്ക് പോയി. അവന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ ഡോക്ടർ ഒന്ന് പുഞ്ചിരിച്ചു

“മുജീബേ, നമുക്ക് എന്തെങ്കിലും അസുഖം ഉണ്ടെന്ന് സംശയം തോന്നിയാൽ നേരെ ഡോക്ടറുടെ അടുത്തേക്ക് വരുക, എന്നിട്ട് ടെസ്റ്റൊക്കെ നടത്തി അങ്ങനെ അസുഖം വല്ലതും ഉണ്ടെങ്കിൽ അതിനുള്ള പ്രതിവിധി ചെയ്യുക. അല്ലാതെ യൂട്യൂബിലും ഗൂഗിളിലും നോക്കി അസുഖം കണ്ടുപിടിക്കാൻ നിന്നാൽ ഇല്ലാത്ത അസുഖം പലതും ഉണ്ടാകും. അതിൽ നൂറ് പ്രാവശ്യം സെർച്ച് ചെയ്യുമ്പോൾ നൂറ് റിസൾട്ട് ആവും കിട്ടുക. മനസിലായല്ലോ അല്ലേ…?”

ഒന്ന് നിറുത്തിയിട്ട് ഡോക്ടർ അവനെ നോക്കി

“ജസ്റ്റ്‌ ഒരു പനി വന്നാൽ വെറുതേ ഒന്ന് ഗൂഗിളിൽ സെർച്ച് ചെയ്ത് നോക്കിയേ, ആ പനിയുടെ കാരണം നമ്മൾ ചിന്തിക്കാത്ത പല മാരക അസുഖങ്ങളുനായി കണക്ട് ചെയ്യും അതിൽ. അതുകൊണ്ട് ഇനി അങ്ങനുള്ള പരിപാടിക്ക് ഒന്നും നിക്കേണ്ട, കേട്ടല്ലോ. പിന്നെ തന്റെ കുഞ്ഞിന് നഖം പോയതൊക്കെ സാധാരണ കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്നതാണ്. മണ്ണിൽ കളിച്ചതിന്റെ അലർജിയോ മറ്റോ ആകും. നല്ലൊരു ഡോക്ടറെ കാണിച്ചാൽ മതി”

നിറഞ്ഞ സന്തോഷത്തോടെ മുജീബ് അവിടെ നിന്നും ഇറങ്ങി. പുതിയൊരു ജീവിതം കിട്ടിയപോലെ തോന്നി അവന്. ഒരു തെറ്റ് ചെയ്തതിന്റെ പേരിൽ ഇത്രയും ദിവസം താൻ അനുഭവിച്ച മാനസിക സങ്കർഷവും പേടിയും തന്നെയാണ് താൻ ചെയ്ത തെറ്റിനുള്ള ശിക്ഷ എന്നവൻ തിരിച്ചറിഞ്ഞു.

വീടെത്തുന്നത് വരെ അവന്റെ മനസ്സിൽ ഒരൊറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളൂ

“കുറേനേരം ഭാര്യയെ കെട്ടിപിടിച്ച് നിൽക്കണം, തന്റെ കുഞ്ഞിനെ കുറേ ഉമ്മവെക്കണം, നന്നായൊന്ന് കിടന്നുറങ്ങണം”