ഇതുവരെ ഭാര്യയുടെ സ്വർണം പണയം വെച്ചിട്ടില്ലാത്ത മുജീബ് ഒന്ന് മടിച്ചു. പക്ഷേ ഷംന നിർബന്ധിച്ച് പണയം വെപ്പിച്ചു..

(രചന: സിനാസ് അലി)

മുജീബ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ കൂടാൻ തീരുമാനിച്ചപ്പോൾ ഭാര്യ ഷംനയാണ് ഒരു ആശയം പറഞ്ഞത്

“നമുക്കൊരു യൂട്യൂബ് ചാനൽ തുടങ്ങിയാലോ…? ചാനൽ വൈറലാക്കുന്ന കാര്യം ഞാനേറ്റു. ഇങ്ങക്ക് അറിയുന്നതല്ലേ എന്റെ കൈപ്പുണ്യം”

“അല്ലടീ, ഈ യൂട്യൂബ് ചാനൽ എന്നൊക്കെ പറയുമ്പോൾ. അതൊന്നും ശരിയാവില്ല. ഞാൻ ഉദ്ദേശിക്കുന്നത് നല്ലൊരു റെസ്റ്റോറന്റോ മറ്റോ തുടങ്ങിയാലോ എന്നാ. നല്ല ഫുഡും സർവീസും കൊടുത്താൽ സംഭവം ക്ലിക്ക് ആവും”

ഇത് കേട്ടതും ഷംനയുടെ മുഖത്ത് പുച്ഛം നിറഞ്ഞു

“അഹ്, ന്റിക്കാ പത്ത് മുപ്പത്തഞ്ച് വയസ്സ് ആയപ്പോഴേക്കും ഇങ്ങക്കും തുടങ്ങിയോ തന്ത വൈബ്. ആരെങ്കിലും ഇന്നത്തെ കാലത്ത് കയ്യിലുള്ള പൈസ മുടക്കി ഹോട്ടലൊക്കെ തുടങ്ങോ”

ഒന്ന് നിറുത്തിയിട്ട് അവൾ തുടർന്നു

“അതിനൊക്കെ എന്താ ചിലവ്, യൂട്യൂബ് ചാനൽ ആവുമ്പോൾ ഒരു പൈസ പോലും ചിലവില്ല. എന്നാലോ മാസാമാസം അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ അല്ലേ വരാ, പോരാത്തതിന് ഓരോ കമ്പനികളുടെ പരസ്യം ചെയ്യുമ്പോൾ കിട്ടുന്ന കാശ്, പിന്നെ നമ്മൾ ഗസ്റ്റ്‌ ആയിട്ട് ഷോപ്പുകൾ ഉദ്ഘാടനം ചെയ്യുമ്പോൾ കിട്ടുന്നത് വേറെ”

ഇതൊക്കെക്കൂടെ കേട്ടപ്പോൾ മുജീബിന്റെ മനസൊന്ന് ചാഞ്ചാടി

“അല്ല നീ ടാലെന്റ് ആണ്, അതിൽ എനിക്ക് ഒരു സംശയോം ഇല്ല, അതല്ല… പിന്നേ…”

മുജീബ് എന്തോ പറയാൻ തുടങ്ങിയപ്പോൾ ഷംന അത് തടഞ്ഞു

“എന്നിലെ ടാലെന്റിലും ഹാർഡ് വർക്കറിലും ഇങ്ങക്ക് വിശ്വാസം ഉണ്ടല്ലോ, എനിക്കത് മതി. ഇനി കൂടുതൽ ഒന്നും ആലോചിക്കേണ്ട, ഇങ്ങള് ജോലിയും രാജിവെച്ച് അടുത്ത വിമാനത്തിൽ ഇങ്ങട് പോരീ. ബാക്കി ഞാനേറ്റു. അല്ലേലും ഇന്നത്തെ കാലത്തൊക്കെ സ്വന്തം കുടുംബം വിട്ട് ആരെങ്കിലും ഗൾഫിലൊക്കെ പോയി ജോലി ചെയ്യോ…? അതും നമ്മുടെ കണ്മുന്നിൽ തന്നെ ഇത്രേം സാധ്യതകൾ ഉള്ളപ്പോൾ”

ഷംന കൊടുത്ത കോൺഫിഡൻന്റ് മുജീബിന്റെ കാലിലെ പെരുവിരലിൽ നിന്നും തലച്ചോറിലേക്ക് കയറി

“ഓക്കേ മുത്തേ, നിന്നെപ്പോലെ ഒരു എക്സ്ട്രാ ഓർഡിനറി ടാലെന്റ് ഉള്ള ഭാര്യ കൂടെ ഉള്ളപ്പോൾ ഞാൻ എന്തിന് ഇവിടെ കഷ്ടപ്പെടണം”

ഇത് കേട്ടപ്പോൾ ഷംനക്ക് വല്ലാത്തൊരു രോമാഞ്ചം വന്നു

“അതന്നല്ലേ ഇക്കൂ ഞാനീ പറയുന്നത്, ഇങ്ങള് ഇങ്ങോട്ട് പോരീ. യൂട്യൂബ് ചാനൽ വേറെ ലെവൽ ആക്കുന്നത് ഞാനേറ്റു. ഇത് എന്റെ കോൺഫിഡന്റ് അല്ല അഹങ്കാരമാണ്, എന്റെ കഴിവിലുള്ള അഹങ്കാരം”

ഇതും പറഞ്ഞ് ഷംന ഫോൺ വെച്ചു. മുജീബിന് വല്ലാത്ത അഭിമാനം തോന്നി, ഷംനയെപ്പോലെ ഒരു ഭാര്യയെ കിട്ടിയതിൽ.

അങ്ങനെ മുജീബ് തന്റെ ജോലിയൊക്കെ രാജിവെച്ച് നാട്ടിലേക്ക് മടങ്ങി. ബിസിനസ്‌ തുടങ്ങാൻ വേണ്ടി കുറച്ച് കാശ് സ്വരുക്കൂട്ടി വെച്ചിരുന്നു. ഭാര്യയുടെ ടാലെന്റ് കാരണം ആ പൈസ ലാഭായല്ലോ എന്നോർത്ത് മുജീബ് സന്തോഷിച്ചു. അവൻ എയർപോർട്ടിൽ വെച്ച് ഇൻസ്റ്റയിലും എഫ്ബിയിലും കുറിച്ചു

“മൈ വൈഫ്‌ ഈസ്‌ മൈ ഏയ്ഞ്ചൽ”

മുജീബ് നാട്ടിലെത്തി കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഷംന യൂട്യൂബ് ചാനലിന്റെ കാര്യങ്ങളിലേക്ക് കടന്നു

“ഇക്കാ, നമുക്ക് ചാനൽ റീച്ച് കിട്ടണമെങ്കിൽ ടോട്ടലി ഡിഫറെന്റ് ആയിട്ടുള്ള ഫുഡ്‌ വേണം ഉണ്ടാക്കാൻ. അങ്ങനുള്ള വീഡിയോകൾക്കാണ് വ്യൂവേസ് കൂടുതൽ. ആദ്യം നമുക്ക് നമ്മുടെ കിച്ചണിന്റെ ആമ്പിയൻസ് ഒന്ന് മാറ്റണം”

ഭാര്യയുടെ പക്വതയോടെയുള്ള സംസാരം കേട്ടപ്പോൾ

“ന്ത്‌ ക്യൂട്ടാ ന്റെ ഷംന, ന്ത്‌ രസാ ഓളെ സംസാരം കേട്ടിരിക്കാൻ, താങ്ക് ഗോഡ് ഐആം റിയലി ലക്കി”

എന്ന് മനസിലോർത്ത് മുജീബ് അഭിമാനം കൊണ്ടു.

അങ്ങനെ ഷംനയുടെ ക്യൂട്ട്നസും വർത്താനവും കേട്ട് മുജീബ് യൂട്യൂബ് ചാനൽ തുടങ്ങാനുള്ള ഒരുക്കങ്ങൾ തുടങ്ങി.

“ഇക്കാ, നമ്മുടെ കിച്ചണിന്റെ മൊത്തം ലുക്ക്‌ ഒന്ന് മാറ്റണം. ടൈൽസ് എല്ലാം എടുത്ത് മാറ്റി ഫുൾ മാർബിൾ ആക്കണം അപ്പോഴേ വീഡിയോയിൽ ആ റിച്ച്നസ് കിട്ടൂ”

“ആ പിന്നെ ഇക്കാ, കിച്ചൻ വലിപ്പം തീരെ കുറവാ, നമുക്ക് ഒന്നൂടെ വലിപ്പം കൂട്ടണം”

“ദേ ഇക്കൂ, മൈക്രോ ഓവൻ ഇവിടുള്ളത് പോരാ, ഒന്ന് ഞാൻ കണ്ടുവെച്ചിട്ടുണ്ട് അതാവുമ്പോൾ കേക്ക് ഒക്കെ ബേക്ക് ചെയ്യാൻ പൊളിയാണ്. വില കുറച്ച് കൂടുതലാണേലും വീഡിയോയിൽ റിച്ച്നസ് കിട്ടും”

അങ്ങനെ ഷംനയുടെ ആവശ്യപ്രകാരം ഓരോ കാര്യങ്ങൾ ചെയ്തു. യൂട്യൂബ് ചാനൽ തുടങ്ങാൻ കാശൊന്നും ചിലവാവില്ല എന്ന് പറഞ്ഞ ഷംന വീഡിയോക്ക് റിച്ച്നസ് കൂട്ടാൻ വീണ്ടും വീണ്ടും വീട്ടിൽ ഓരോ മാറ്റങ്ങൾ വരുത്തി. കയ്യിലെ കാശ് തീർന്നപ്പോൾ മുജീബ് അവളെ ദയനീയമായി നോക്കി

“അല്ല പൊന്നേ, ഞാൻ റെസ്റ്റോറന്റ് തുടങ്ങാൻ എടുത്തുവെച്ചിരുന്ന കാശ് മുഴുവൻ തീർന്നു. ഇപ്പൊ ചിലവിനുള്ള കാശിൽനിന്നാ കാര്യങ്ങൾ ഒക്കെ ചെയ്യുന്നത്”

ഇത് കേട്ടപ്പോൾ ഷംന മുജീബിനെ ഒന്ന് നോക്കി

“ന്റെ ഇക്കൂസേ, ഇങ്ങള് ഇത്രക്ക് പൊട്ടനായി പോയല്ലോ. നമ്മൾ പൈസ ചിലവാക്കുന്നത് മുഴുവൻ നമ്മുടെ വീട്ടിലേക്ക് അല്ലേ, അത് എവിടേം പോവില്ലല്ലോ. യൂട്യൂബിൽ നിന്നും വരുമാനം കിട്ടുന്നത് മുഴുവൻ ലാഭവും ആണ്. ഇങ്ങളെ ബിസിനസ്‌ ആണെങ്കിൽ അങ്ങനാണോ…? പൊട്ടിയാൽ മൊത്തം പോവില്ലേ”

“ഹോ ന്റെ ഷംനയുടെ ഒരു ബുദ്ധി, താങ്ക് ഗോഡ് ഐആം റിയലി ലക്കി”

എന്ന് മനസ്സിൽ ഓർത്ത് അവൻ വീണ്ടും അഭിമാനം കൊണ്ടു. അങ്ങനെ ഒരുവിധം കിച്ചണൊക്കെ സെറ്റാക്കി റിച്ച്നസ് കൂട്ടി. എല്ലാം കഴിഞ്ഞപ്പോൾ കയ്യിലെ കാശൊക്കെ തീർന്നു. ഇനി കുക്കിംഗ്‌ ചെയ്യാനുള്ള സാധനങ്ങൾ മേടിക്കണം, കയ്യിലാണേൽ അഞ്ചിന്റെ പൈസയില്ല. മുജീബ് ആകെ ടെൻഷനിലായി. ഇതുകണ്ട ഷംന തന്റെ സ്വർണത്തിന്റെ രണ്ട് വളകൾ ഊരിക്കൊടുത്തു

“ന്റെ ഇക്കൂ എന്തിനാ ഇങ്ങനെ വിഷമിക്കുന്നേ ഞാനില്ലേ കൂടെ. ന്നാ, ഇത് കൊണ്ടുപോയി പണയം വെച്ചോ. യൂട്യൂബിൽ നിന്ന് കാശ് കിട്ടുമ്പോൾ നമുക്ക് തിരിച്ചെടുക്കാം”

ഇതുവരെ ഭാര്യയുടെ സ്വർണം പണയം വെച്ചിട്ടില്ലാത്ത മുജീബ് ഒന്ന് മടിച്ചു. പക്ഷേ ഷംന നിർബന്ധിച്ച് പണയം വെപ്പിച്ചു

“എന്റെ ടാലെന്റിലും ഹാർഡ് വർക്കിലും ഇങ്ങക്ക് വിശ്വാസം ഇല്ലേ ഇക്കാ, പിന്നെന്തിനാ പേടിക്കുന്നേ”

“ഹോ, ന്റെ ഷംന, യുവർ റിയലി ഗ്രേറ്റ്‌. വാട്ട്‌ ഏ കോൺഫിഡൻസ്”

എന്ന് മനസിലോർത്ത് മുജീബ് ദൃതങ്കപുളകിതനായി.

അങ്ങനെ ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞു. ആവശ്യ സാധങ്ങളുടെ ലിസ്റ്റ് അവൾ മുജീബിന്റെ കയ്യിൽ കൊടുത്തു. ലിസ്റ്റ് കണ്ട മുജീബ് ഒന്ന് ഞെട്ടി. കുക്കിംഗ്‌ സാധനങ്ങളെക്കാൾ കൂടുതൽ ഷംനക്ക് ഉപയോഗിക്കാനുള്ള മേക്കപ്പ് സാമഗ്രികളുടേയും ഒരു ലോഡ് ചുരിദാർ അതിന്റ കളറിന് മേച്ചായ കമ്മലുകൾ, ലിപ്സ്റ്റിക്കുകൾ, അങ്ങനെ പലതും ആയിരുന്നു അതിലുള്ളത്

“ഇതൊക്കെ എന്തിനാ മോളൂ”

“ന്റിക്കാ, വീഡിയോ കളർഫുൾ ആവണേൽ നമ്മുടെ കോസ്റ്റൂമും ലൂക്കും ഒക്കെ വേറെ ലെവൽ ആവണം. ആ മൈലാഞ്ചി എഴുതാൻ ഞാൻ മറന്നു”

“ഹോ, എന്തൊരു ബിസിനസ്‌ മൈന്റാ എന്റെ ഷംനാക്ക്, ജീനിയസ്”

അങ്ങനെ സാധങ്ങൾ ഒക്കെ മേടിച്ചു. ആദ്യ വീഡിയോ ഷൂട്ട് ചെയ്യുന്ന ദിവസം. മേക്കപ്പ് ഒക്കെയിട്ട് അടിപൊളി ചുരിദാറും അതിന് മേച്ചായ കമ്മലും ലിപ്സ്റ്റിക്കും, നല്ല കട്ട ചുവപ്പ് മൈലാഞ്ചിയുമൊക്കെയിട്ട് ഷംന ക്യാമറക്ക് മുന്നിൽ പോയി നിന്നു

“ഹേയ് ഗയ്സ്, ഐആം ഷമ്മു. ഇന്ന് ഞാൻ ഉന്താക്കാൻ പോകുന്നത് ആദിന്റെ കുരുമയാണ്”

അങ്ങനെ ശുദ്ധ മലയാളത്തെ കൊന്ന് കൊലവിളിച്ച് അവൾ വീഡിയോ അവതരിപ്പിച്ചു. മുജീബ് തന്റെ ഭാര്യയുടെ പ്രസന്റെഷൻ കണ്ട് വീണ്ടും ദൃതങ്കപുളകിതകനായി.

ആടിന്റെ കുറുമയുണ്ടാക്കുന്ന വീഡിയോ എടുത്ത് കഴിഞ്ഞ് രണ്ടുപേരും നോക്കി അഭിമാനം കൊണ്ടു. ഷംന മുജീബിനെ നോക്കി

“ഇതിന് ഒരു മില്ല്യൺ ഉറപ്പാ ഇക്കാ”

ആദ്യ വീഡിയോ അപ്‌ലോഡ് ചെയ്തു. രണ്ട് ദിവസം കഴിഞ്ഞിട്ടും 237 വ്യൂവേസേ ആയിട്ടുള്ളു. മുജീബ് ഷംനക്ക് മോട്ടിവേഷൻ കൊടുത്തു

“നമ്മൾ തുടങ്ങീട്ടല്ലേ ഒള്ളൂ പൊന്നേ, നോക്കിക്കോ ഒരു പത്തിരുപത് വീഡിയോ ഇട്ട് കഴിഞ്ഞാൽ പിന്നെ നമ്മുടെ ചാനൽ പിടിച്ചാൽ കിട്ടില്ല”

അങ്ങനെ എല്ലാ ദിവസവും ഓരോ വീഡിയോ വെച്ച് ഇടാൻ തുടങ്ങി അവർ. ആട് നിർത്തി പൊരിച്ചത്, പോത്തിന്റെ വാര്യല്ല് മുളകിട്ടത് അങ്ങനെ പലതും ചെയ്തു.

ഒരു മാസത്തിന് ശേഷം…

“മോളേ ഷംനാ, എന്ത് കിടത്താ ഇത് നമുക്ക് വീഡിയോ ചെയ്യേണ്ടേ. ഇപ്പൊ തുടങ്ങിയാലല്ലേ വൈകീട്ട് അപ്‌ലോഡ് ചെയ്യാൻ പറ്റൂ, ന്റെ പൊന്ന് എഴുന്നേറ്റേ”

ഷംന മുജീബിനെ നോക്കി കണ്ണുരുട്ടി

“വേണേൽ പോയി ഉണ്ടാക്കിക്കോളീ, എന്നെകൊണ്ട് വയ്യ”

“പൊന്നേ”

“പൊന്ന്, ഉണ്ട… ഫുഡ്‌ ഉണ്ടാക്കുന്ന വീഡിയോ എടുത്ത് കഴിഞ്ഞാൽ ഇങ്ങള് അങ്ങട് പോകും. പിന്നെ ഞാൻ ഒറ്റക്കിരുന്ന് മുഴുവൻ പാത്രവും കഴുകി വെക്കണം, കിച്ചൻ ക്ലീൻ ചെയ്യണം. എന്നെകൊണ്ട് വയ്യ ഇങ്ങനെ പണിയെടുക്കാൻ”

“ന്റെ പൊന്ന് ടാലെന്റ് അല്ലേ, ഹാർഡ് വർക്കർ അല്ലേ…?”

“കോപ്പാണ്, ഇത്രേം പണിയെടുത്തിട്ട് കിട്ടുന്നത് നൂറും ഇരുന്നൂറും വ്യൂവേസ്. എനിക്ക് ഇനി സൗകര്യം ഇല്ല ഇങ്ങളെ കോപ്പിലെ യൂട്യൂബ് ചാനലിൽ വീഡിയോ ചെയ്യാൻ”

ഇത് കേട്ടപ്പോൾ മുജീബ് ഞെട്ടി

“പൊന്നേ, അപ്പൊ നമ്മൾ ഇത്രേയും പൈസ ചിലവാക്കിയതല്ലേ”

ഇത് കേട്ടപ്പോൾ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ് അഴിഞ്ഞ് കിടക്കുന്ന തന്റെ മുടി കൈകൊണ്ട് കെട്ടി ഷംന മുജീബിനെ തറപ്പിച്ചൊന്ന് നോക്കി

“മര്യാദക്ക് ഗൾഫിൽ നിന്നാൽ പോരായിരുന്നോ…? ഇങ്ങളെ കോപ്പിലെ ഒരു ഊട്ടൂബ് ചാനൽ. അല്ലേൽ ആരേലും ഇന്നത്തെ കാലത്ത് ഗൾഫിലെ നല്ലൊരു ജോലിയൊക്കെ വിട്ട് നാട്ടിൽ വന്ന് യൂട്യൂബ് ചാനൽ തുടങ്ങോ…? ആ പിന്നൊരു കാര്യം”

ഒന്ന് നിറുത്തിയിട്ട് ഷംന മുജീബിനെ നോക്കി

“മര്യാദക്ക് പണയം വെച്ച എന്റെ സ്വർണം എടുത്ത് തന്നോണ്ടീ, ഇല്ലേൽ ഞാൻ എന്റെ ഉപ്പാനോട് പറയും”

ഇതും പറഞ്ഞ് അവൾ ഒരൊറ്റ പോക്കാ, ഭാര്യയുടെ വാക്ക് കേട്ട് യൂട്യൂബ് ചാനൽ തുടങ്ങിയ മുജീബ് ഇപ്പൊ ആരായി…?