ഒരു ഇന്നർ വരെ വേണം എന്ന് ഭർത്താവിനോട് പറഞാൻ അപ്പൊ മൂപ്പര് പറയും”എടീ, ഞാൻ കടയില് നല്ല തിരക്കാണ്..

(രചന: സിനാസ് അലി)

“നിങ്ങളൊക്കെ ഒരു ഉമ്മയാണോ…? എന്തൊരു ദുഷ്‌ട മനസാ നിങ്ങളുടേത്…?മക്കളോട് വേറെ വീട്ടിലേക്ക് മാറാൻ എന്തിനാ ഇങ്ങനെ നിർബന്ധിക്കുന്നേ…?”

മൂത്ത മകൻ ഉമ്മയെ നോക്കി തന്റെ അമർഷം അറിയിച്ചു. ഇത് കേട്ടപ്പോൾ രണ്ടാമത്തെ മകൻ ഉമ്മയെ പുച്ഛത്തോടെ നോക്കി

“ഇത് വലിയ വീടല്ലേ, ഇവിടെ ഞങ്ങൾ നാല് മക്കളും ഭാര്യമാരും കുട്ടികളും താമസിച്ചാലും പിന്നേയും സ്ഥലം ബാക്കിയുണ്ടല്ലോ. എല്ലാ ഉമ്മമാരും ആഗ്രഹിക്കാറ് മക്കളും കുടുംബവും മരിക്കുന്നത് വരെ തങ്ങളോടൊപ്പം താമസിക്കണം എന്നാണ്, ഇത് നേരെ തിരിച്ചും. മനസ് മുഴുവൻ വിഷമായാൽ ഇങ്ങനെയൊക്കെ തന്നെയാണ്”

ഇതൊക്കെ കേട്ട് ഒന്നും മിണ്ടാതെ പുഞ്ചിരിച്ച മുഖത്തോടെ നിൽക്കുന്ന ഉമ്മയെ നോക്കി ഉപ്പ പറഞ്ഞു

“എന്തിനാടാ, എല്ലാവരും കൂടി ഉമ്മാന്റെ നേരെ തിരിയുന്നത്…? എല്ലാവരും നല്ല രീതിയിൽ ജീവിക്കണം എന്നല്ലേ ഏതൊരു ഉമ്മയും ആഗ്രഹിക്കൂ. നിങ്ങള് വെറുതേ എഴുതാപ്പുറം ഒന്നും വായിക്കേണ്ട”

ഇതും പറഞ്ഞ് ഉപ്പ പേരക്കുട്ടിയെ എടുത്ത് കളിപ്പിച്ച് പുറത്തേക്ക് പോയി. ഉമ്മയെ നോക്കി കണ്ണുരുട്ടി മരുമോൾ ഭർത്താവിന്റെ കയ്യിൽ പിടിച്ച് മുറിയിലേക്ക് കയറി. അപ്പോൾ അവൾ പറഞ്ഞത് ഉമ്മയുടെ കാതിലേക്ക് തുളച്ച് കയറിയിരുന്നു

“ഇങ്ങളെ ഉമ്മാക്ക് സ്വാർത്ഥതയാണ്. ഒറ്റക്ക് ജീവിക്കാനുള്ള ആഗ്രഹം. അവരെ വിചാരം ഇപ്പോഴും മണവാട്ടി പെണ്ണാന്നാണ്. വയസാം കാലത്തെ ഓരോ ആഗ്രഹങ്ങൾ, കഷ്ടം”

അത് കേട്ടപ്പോഴും അവരുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞില്ല. മുറിയിലേക്ക് കയറി വാതിലടച്ച് കട്ടിലിൽ പോയിരുന്നു. കണ്ണ് നിറയുന്നുണ്ടായിരുന്നു ആ ഉമ്മയുടെ…

ഇപ്പോ അവർക്ക് 49 വയസായി. പതിനേഴാമത്തെ വയസിലാണ് അവളുടെ വിവാഹം കഴിഞ്ഞത്. ഒരുപാട് പ്രതീക്ഷയോടെ, ആഗ്രഹത്തോടെ വിവാഹ ജീവിതത്തിലേക്ക് വലത് കാലെടുത്ത് വെച്ച് ചെന്നത് വലിയൊരു കൂട്ടുകുടുംബത്തിലേക്കായിരുന്നു. ആറ് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും അടങ്ങുന്ന കുടുംബം.

ആറാമത്തെ മോനാണ് അവളുടെ ഭർത്താവ്. താഴെയുള്ള രണ്ട് അനിയത്തിമാർ പഠിക്കുന്നു. ഉപ്പയും ഉമ്മയും, ഇക്കമാരും അവരുടെ ഭാര്യമാരും ഒരുകൂട്ടം കുട്ടികളും പിന്നെ രണ്ട് അനിയത്തിമാരും ഉമ്മയുടെ ഒരു അമ്മായിയും കൂടുന്നതാണ് അവരുടെ കുടുംബം.

ഉപ്പയും ഉമ്മയും അനിയനും എന്ന ചെറിയൊരു ലോകത്ത് നിന്നും ഇത്രേം വലിയൊരു കുടുംബത്തിലേക്കുള്ള മാറ്റം അത് വല്ലാത്തൊരു മാറ്റമായിരുന്നു. ഉപ്പ നോക്കിയത് നല്ല തറവാട്ടുകാരെയാണ്, കൂട്ടുകുടുംബം ആയോണ്ട് പെണ്ണ് രക്ഷപെട്ടു എന്ന് ഏതോ ഒരു തള്ളയും പറഞ്ഞിരുന്നു.

ഭർത്താവിന്റെ ഉപ്പയാണ് വീട്ടിലെ കാര്യങ്ങൾ എല്ലാം നിയന്ത്രിക്കുന്നത്. ഒരു പനി വന്നാൽ പോലും ആ വീട്ടിൽ ആരാണോ ഫ്രീ ആയുള്ളത് അവര് ഡോക്ടറെ അടുത്ത് കൊണ്ടുപോകും. ഭർത്താവിനെ കാത്ത് നിന്നിട്ടൊന്നും കാര്യമില്ല. ഉപ്പാന്റെ രണ്ടുമൂന്ന് ഷോപ്പിലായാണ് ആറ് മക്കളും ജോലി ചെയ്യുന്നത്. അങ്ങനെ പ്രത്യേകിച്ച് ശമ്പളം എന്ന് പറയാൻ ഒന്നുമില്ല. വീട്ടിലെ കാര്യങ്ങളൊക്കെ ഉപ്പ നോക്കുന്നുണ്ടല്ലോ.

ഷോപ്പൊക്കെ പൂട്ടി ഭർത്താവ് വരാൻ രാത്രി പതിനൊന്ന് പതിനൊന്നര ആവും. രാവിലെ നേരത്തെ പോവാനുള്ളത് കൊണ്ട് കൂടുതൽ സംസാരം ഒന്നുമില്ലാതെ ആക്ഷൻ മാത്രം( അതും ഒരു പേരിന്) ചെയ്ത് കിടന്നുറങ്ങും. ഉച്ചക്ക് ഒരു മൂന്ന് മണിക്കൂർ റെസ്റ്റെടുക്കാൻ വരും. ആ സമയം ഒന്നിച്ച് ഫുഡ്‌ കഴിക്കലും വർത്താനം പറച്ചിലൊക്കെ കഴിഞ്ഞ് റൂമിൽ കയറിയാൽ വീണ്ടും പേരിന് മാത്രം ആക്ഷൻ, നോ കൂടുതൽ സംസാരം.

അവൾ ആഗ്രഹിച്ചത് ഇങ്ങനൊരു ലൈഫ് അല്ല. തന്റെ ഭർത്താവിനോട് കുറേ സംസാരിച്ച് ഇണങ്ങി പിണങ്ങി, ഒന്നിച്ച് ഫുഡ്‌ കഴിച്ച്, ഒന്നിച്ച് പുറത്തൊക്കെ ഒന്ന് കറങ്ങി, ബീച്ചിലൊക്കെ പോയി രണ്ടുപേരും കൈപിടിച്ച് തിരമാലയിൽ കാൽ നനച്ച്, സൂര്യൻ കടലിലേക്ക് താഴ്ന്ന് പോകുന്നത് ഭർത്താവിന്റെ തോളിൽ ചാഞ്ഞിരുന്ന് കണ്ട്, അങ്ങനെ പലതും സ്വപ്നം കണ്ടാണ് അവൾ വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്.

ഒരു ഇന്നർ വരെ വേണം എന്ന് ഭർത്താവിനോട് പറഞാൻ അപ്പൊ മൂപ്പര് പറയും

“എടീ, ഞാൻ കടയില് നല്ല തിരക്കാണ്. നീ ഉപ്പയോ ഇക്കമാരോ വീട്ടിൽ ഉണ്ടേൽ അവരോട് പറഞ്ഞോ. ഷഡ്ഢിയുടെ സൈസ് പറഞ്ഞ് കൊടുത്താൽ മതി അവര് കൊണ്ടുത്തരും”

ഇതാണ് അവസ്ഥ. വലിയ പെരുന്നാളോ ചെറിയ പെരുന്നാളോ ഒക്കെ വന്നാൽ ഉപ്പ കുറേ ഡ്രസ്സ്‌ അങ്ങട് കൊണ്ടുവരും, മൂത്തവർ ഇഷ്മായത് ആദ്യം എടുക്കും താഴെ ഉള്ളവർ ബാക്കിവന്നതും എടുക്കും. സൈസ് ഓക്കേ അല്ലെങ്കിൽ വീട്ടിലെ തയ്യിൽ മെഷീനിൽ ശരിയാക്കും. ഡ്രസ്സ്‌ ഇഷ്ടായോ അല്ലയോ എന്നതിനൊന്നും ഒരു പ്രസക്തിയുമില്ല.

തന്റെ ഭർത്താവിനെ ഒന്ന് സംസാരിക്കാൻ പോലും കിട്ടാറില്ല. രാത്രിയിലെ ആക്ഷൻ മാത്രം നടന്നു. അതുപോലും അവൾക്ക് ഒരു ചടങ്ങായി മാറി. ഭക്ഷണവും ഗുളികയുമൊക്കെ കഴിക്കുന്ന പോലെ രാത്രിയിൽ കിടക്കാൻ നേരം ഒന്ന് വീതം ഒരു നേരം ചിലപ്പോൾ ഉച്ചക്കും ഒരു നേരം എന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോയി. ഈ സമയങ്ങളിൽ അവളൊന്ന് ഉണർന്ന് റൊമാന്റിക് ആയി വരുമ്പോഴേക്കും കാര്യങ്ങളൊക്കെ ചടപെടാ എന്ന് കഴിച്ച് ഭർത്താവ് നല്ല സുഖായി കൂർക്കവും വലിച്ച് ഉറങ്ങുന്നുണ്ടാവും. രാവിലെ ഷോപ്പിൽ പോവാനുള്ളതല്ലേ.

അങ്ങനെ ഈ ഒരു അവസ്ഥയിലൂടെ അവളുടെ ജീവിതം മുന്നോട്ട് പോയി. ഇന്ന് ശരിയാവും നാളെ ശരിയാവും എന്നുകരുതി അവളും കാത്തിരുന്നു. ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നുപോയി. അവർക്ക് രണ്ട് കുട്ടികൾ ആയപ്പോൾ മൂത്ത ഇക്ക വേറെ വീടുവെച്ചു മാറി. മൂന്നാമത്തെ കുട്ടി ആയപ്പോൾ അതിന്റെ താഴെയുള്ള ഇക്കയും വേറെ വീടുവെച്ചു. വേറെ വീടെടുത്ത് മാറാൻ അവൾക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഭർത്താവ് ഇളയ മകൻ ആയതുകൊണ്ട് കുടുംബവീട് അവനുള്ളതാ. അപ്പൊ ആ പ്രതീക്ഷ അവൾ അവസാനിപ്പിച്ചു.

അങ്ങനെ ചുരുക്കി പറഞ്ഞാൽ, എല്ലാവരും വീടൊക്കെ മാറി വന്നപ്പോഴേക്കും അവളുടെ നല്ല പ്രായം കഴിഞ്ഞിരുന്നു. മനസ്സ് മാത്രം മാറിയില്ല. ഉപ്പയുടേയും ഉമ്മയുടേയും കാലശേഷം അവളും ഭർത്താവും കുട്ടികളും തനിച്ചായി വീട്ടിൽ. ഇനിയെങ്കിലും തന്റെ ഭർത്താവിനോട് ചേർന്ന് ജീവിതം ആസ്വദിക്കണം എന്ന് കരുതിയ അവൾക്ക് തെറ്റി, തന്നെക്കാൾ പന്ത്രണ്ട് വയസ്സ് കൂടുതലുള്ള ഭർത്താവ് അപ്പോഴേക്കും ഉപ്പ ഏൽപ്പിച്ച ബിസിനസിൽ മുഴുകിയിരുന്നു. രണ്ടുപേർക്കും രണ്ട് വൈബ് ആണ്, അതാണ് പ്രശ്നം.

കുട്ടികൾ വളർന്നു, കല്യാണം കഴിച്ചു, പേകുട്ടികളായി. വീണ്ടും വീട് മുഴുവൻ ആളുകളായി. തന്റെ ഭർത്താവിനെ ഒന്ന് തനിച്ച് കിട്ടാൻ പോലും പറ്റാത്ത അവസ്ഥ. ഭർത്താവ് വീട്ടിൽ വന്നാൽ പേരക്കുട്ടികളുടെ കൂടെ കളിയും ചിരിയുമായി നടക്കും. അവരെ കെട്ടിപിടിച്ചാണ് മൂപ്പര് ഉറങ്ങാറ് പോലും.

ഇതിനിടയിൽ അവൾ ഒരുകാര്യം മറന്നിരുന്നു, ഒരേ മുറിയിൽ രണ്ട് കട്ടിൽ വന്ന വിവരം. ഭർത്താവ് വേറെ കട്ടിലിലാണ് കിടത്തം. വയസായില്ലേ ഇനി ഇങ്ങനൊക്കെ മതി എന്നാണ് മൂപ്പരുടെ ഒരിത്.

അതെ മക്കൾ പറയുന്ന പോലെ അവൾ സ്വാർത്ഥയാണ്, ഈ വയസാം കാലത്തെങ്കിലും തന്റെ ഭർത്താവിന്റെ മാത്രമായി ഒരു ദിവസമെങ്കിലും ജീവിക്കണം, കുറേ സംസാരിക്കണം, കെട്ടിപിടിച്ച് കിടക്കണം, ഒരുപാട് ആഗ്രഹങ്ങൾ പറയണം, ഒന്നിച്ച് പുറത്ത് പോണം, കടല് നോക്കി ഇരിക്കണം…

നൂറിൽ രണ്ട് പേരെങ്കിലും ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാകും, ഉറപ്പാണ്…