(രചന: രജിത ജയൻ)
” അമ്മക്ക് തീരെ ബോധം ഇല്ലേ.. ?
അച്ഛൻ പറഞ്ഞൂന്ന് പറഞ്ഞു സ്കൂളിൽ ഒരുങ്ങി കെട്ടി വരാൻ…?
”നാണം കെട്ടു പോയി ഞാൻ കൂട്ടുകാരുടെ ഇടയിൽ…
“അവരെല്ലാം കരുതിയിരുന്നത് അമ്മയും അച്ഛനെ പോലെയാണെന്നാണ്…
കാണാനൊക്കെ ഭയങ്കര ലുക്കായിരിക്കുമെന്നാണ് …
“ഒക്കെ നശിപ്പിച്ചില്ലേ ഒരുങ്ങി കെട്ടി വന്നിട്ട്..
‘പോരാൻ തോന്നിയപ്പോൾ ഒന്നു കണ്ണാടി നോക്കിയിരുന്നേൽ എനിക്ക് ഇങ്ങനെ നാണം കെടേണ്ടി വരില്ലായിരുന്നു അവരുടെ ഇടയിൽ..
‘അവർക്കെല്ലാം എന്നോടെന്തൊരു ആരാധന ആണെന്നോ.. ഞാനും അച്ഛനെ പോലെ ആണെന്നു പറഞ്ഞ് …
“ഒക്കെ കളഞ്ഞു ഇന്നു ഒരുങ്ങി കെട്ടി വന്നിട്ട്…
എന്റെ മിസ്സുമാർ പോലും അച്ഛന്റെ ഫാനാണ്… അവരുടെയെല്ലാം ഡ്രീംമാനാണ് അച്ഛൻ…’
തന്നെ എത്ര ചീത്ത പറഞ്ഞിട്ടും മതിയാവാതെ പിന്നെയും പിന്നെയും വായിൽ വന്നതൊക്കെ വിളിച്ചു പറയുന്ന ഗൗരവിനെ ഗായത്രി നിറമിഴികളോടെ നോക്കി നിന്നു ..
നെഞ്ചിനുള്ളിൽ നിന്നും ആർത്തലച്ചൊരു കരച്ചിൽ ഉരുണ്ടുകൂടി പുറത്തേക്ക് വരാൻ വെമ്പി തുടങ്ങിയിട്ടേറെ നേരമായ് ….
അവനുമുമ്പിൽ, അവന്റെ വാക്കുകൾക്ക് മുമ്പിൽ ഇനിയൊരിക്കലും കണ്ണു നിറക്കുകയോ കരയുകയോ ചെയ്യില്ലാന്ന് മനസ്സിൽ കുറച്ചു ദിവസം മുമ്പേ ഉറപ്പിച്ചതാണ് …
പക്ഷെ പലപ്പോഴും കണ്ണു ചതിക്കും അറിയാതെ തന്നെ നിറയും…
നൊന്തു പ്രസവിച്ച മകനാണ് നിറം കുറഞ്ഞു ഭംഗിയില്ലാത്ത അമ്മ വേണ്ട തനിക്ക് എന്നു പറയുന്നത്…
അമ്മ നാണക്കേടാണ് എന്നു പറയുന്നത്…
തന്റെ സ്കൂളിലോ കൂട്ടുകാർക്കിടയിലോ എവിടെയും ഇനി മേലിൽ വരരുത് എന്നു പറഞ്ഞു ബഹളം വെക്കുന്നത്…
അവന് എവിടെയും അച്ഛൻ മാത്രം മതി അവന്റെ സ്വന്തമായിട്ടെന്നു പറഞ്ഞു കേട്ടപ്പോൾ നീറ്റൽ പടർന്നത് ഒരിക്കലവനെ ചുമന്ന ഗർഭപാത്രത്തിലാണ് …
വിങ്ങി വേദനിച്ചത് അവനായ് പാൽ ചുരന്ന മാറിടങ്ങളായിരുന്നു ..
പതിനഞ്ചു വയസ്സുള്ള മകനാണ് അമ്മയെ ഒന്നിനും കൊള്ളില്ല ,നാണക്കേടാണ് എന്നു പറഞ്ഞു തന്നെ താഴ്ത്തികെട്ടി എപ്പോഴും സംസാരിക്കുന്നതെന്നോർത്തപ്പോൾ പൊട്ടി വന്ന കരച്ചിലടക്കി അവൾ റൂമിലേക്ക് നടന്നു
മുറിയിലെ ഡ്രസ്സിംഗ് ടേബിളിലുള്ള കണ്ണാടിയിൽ പിന്നെയും പിന്നെയും തിരിഞ്ഞും മറിഞ്ഞും നോക്കി നിന്നു കൃഷ്ണ….
മുപ്പത്തിനാല് വയസ്സ് ആയെന്നോ പതിനഞ്ചു വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയാണ് താനെന്നോ ആരും പറയില്ല തന്നെ കണ്ടാലെന്ന് ഗോപേട്ടനെപ്പോഴും പറയും…
അധികം കൊഴുപ്പോ മേദസ്സോ ഒന്നുമില്ലാത്ത നല്ല രൂപഭംഗിയുള്ള ശരീരമാണ് തന്റേതെന്ന് തനിക്ക് തന്നെയറിയാം… നൃത്തം പഠിച്ചതിന്റെയും പഠിപ്പിക്കുന്നതിന്റെയും ഗുണം
തന്റെ ചുണ്ടും കണ്ണും മുടിയുമെല്ലാം ഭംഗിയുള്ളതാണ്… നിറം മാത്രമാണ് കുറവ്.. കൃഷ്ണ എന്ന പേരുപോലെ തന്നെയാണ് താൻ…
തന്നെ ഗോപേട്ടന് ഇഷ്ടപ്പെടാൻ തന്നെ കാരണം തന്റെ ഈ നിറമാണെന്ന് എത്രയോ പ്രാവശ്യം തന്നെയാ നെഞ്ചോരം ചേർത്തു കിടത്തി പറഞ്ഞിരിക്കുന്നു ..
പതിനെട്ടാമത്തെ വയസ്സിൽ ആ ജീവിതത്തിലേക്ക് വന്നവളാണ് താൻ, പത്തൊമ്പതാം വയസ്സിൽ ഗൗരവിന്റെ അമ്മയായ് മാറിയതിനു ശേഷമാണ് തന്റെ ജീവിതം കൂടുതൽ മനോഹരമായത് എന്ന് താൻ പറയുമ്പോൾ താനാണ് ഗോപേട്ടന്റെ ജീവിതം ഇത്രയും മനോഹരമാക്കിയതെന്ന് പറഞ്ഞ് തന്നെ ആ നെഞ്ചോരം കൂടുതൽ ചേർത്ത് പിടിച്ചിട്ടേ ഉള്ളു എന്നും
പക്ഷെ അദ്ദേഹത്തിന്റെ മകന്, താൻ പ്രസവിച്ച തന്റെ മോന് അമ്മയുടെ ഈ നിറവും അമ്മയും നാണക്കേടാണ്..
ബാങ്ക് ജോലിക്കാരനായ ഗോപൻ നല്ല വെളുത്ത് ഇന്നും ആരുമൊന്ന് ശ്രദ്ധിക്കും വിധം സുന്ദരനായ ഒരുത്തനാണ്, മകൻ ഗൗരവും അതേ …
ഇന്നവന്റെ സ്കൂളിലെ മീറ്റിംഗിൽ ഗോപനു പകരം കൃഷ്ണ പോയതിന്റെ ദേഷ്യമെല്ലാം അവളെ പറഞ്ഞു തീർത്തവൻ അവളുണ്ടാക്കിയ ഭക്ഷണം ആസ്വദിച്ചു കഴിച്ച ശേഷം തന്റെ മുറിയിലേക്ക് നടക്കും നേരം അറിഞ്ഞില്ല ഇത്ര നേരം അവൻ അമ്മയെപറഞ്ഞതൊക്കെ കേട്ട് ആ വീടിനു പുറത്തവന്റെ അച്ഛൻ നിൽക്കുന്ന കാര്യം…
അവന്റെ ഓരോ വാക്കും അവന്റെ അമ്മയെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാവുമെന്നോർത്ത് അച്ഛൻ വേദനിക്കുന്നതും അവനറിഞ്ഞില്ല ..
സ്കൂളിലെ ഓരോ ചെറിയ വിശേഷവും സ്നേഹത്തോടെ അച്ഛനെ കെട്ടിപ്പിടിച്ചു പറയുന്നതിനിടയിൽ സ്ക്കൂളിലേക്ക് അമ്മ വന്നത് അവന് ഇഷ്ട്ടപ്പെട്ടില്ലാ എന്നതും അവൻ ഗോപനെ അറിയിച്ചു..
ഇനി അച്ഛൻ മാത്രം വന്നാൽ മതി സ്ക്കൂളിലേക്ക് ,അമ്മ വരണ്ട… അമ്മ വരുന്നത് എനിക്കും ഇഷ്ട്ടം ഇല്ല അച്ഛാ..
“നിന്റെ അമ്മയാണ് മോനെ അത്…
നിനക്ക് ജന്മം തന്നവൾ…
നിനക്കു വേണ്ടി ജീവിക്കുന്നവൾ ..
“ഇങ്ങനൊന്നും പറയാൻ പാടില്ലാന്ന് ഞാനെത്ര വട്ടം നിന്നോടു പറഞ്ഞിട്ടുണ്ട് .. നീ ചെറിയ കുട്ടി ഒന്നും അല്ലല്ലോ കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാവാതെ ഇരിക്കാൻ…
മേലിൽ നിന്റെ വായിൽ നിന്ന് ഇതുപോലെ എന്തെങ്കിലും ഞാൻ കേട്ടാൽ….
ഗൗരവിനോട് അല്പം ദേഷ്യത്തിൽ ഗോപൻ പറഞ്ഞതും അതിഷ്ടപ്പെടാതെയവൻ ഗോപനെ വിട്ടകന്നു സ്വന്തം മുറിയിൽ കയറി ദേഷ്യത്തിൽ വാതിൽ വലിച്ചടച്ചു ..
ഗൗരവിന്റെ സംസാരവും പ്രവൃത്തിയും ഓർത്തൊരു നിശ്വാസത്തോടെ ഗോപൻ എന്തോ മനസ്സിലുറപ്പിച്ച് കൃഷ്ണയുടെ അരികിലേക്ക് നടന്നു …
പതിവില്ലാത്ത വിധം തന്നിൽ കുസൃതി കാട്ടി അലയുന്ന ഗോപന്റെ കൈവിരലുകളിൽ പിടുത്തമിട്ടു കൊണ്ട് കൃഷ്ണയവനെ കണ്ണുകൾ കൂർപ്പിച്ചു നോക്കി…
“എന്താണ് ഗോപേട്ടാ… പതിവിലധികമായൊരു സ്നേഹപ്രകടനം …?
അവന്റെ കണ്ണുകളിലേക്ക് നോക്കിയവൾ പ്രണയപൂർവ്വം പറഞ്ഞതും ഗോപനവളെ തന്റെ നെഞ്ചോടു ചേർത്ത് വരിഞ്ഞുമുറുക്കി…
”എനിക്കൊരു കുഞ്ഞിനെ കൂടി വേണം കൃഷ്ണാ …, എന്റെ കൃഷ്ണയെ പ്രാണനെ പോലെ സ്നേഹിക്കുന്ന ഒരു കുഞ്ഞിനെ.. വേണ്ടെന്ന് പറയല്ലേ ടീ… എല്ലാവർക്കും എല്ലാവരെയും പറഞ്ഞു മനസ്സിലാക്കാൻ പറ്റില്ല, ചിലതെല്ലാം കണ്ടു തന്നെ പഠിക്കണം… ”
കൃഷ്ണയുടെ കാതോരം ചുണ്ടുകളിഴച്ച് ഗോപൻ പറഞ്ഞതും അതു മനസ്സിലായപോലെ കൃഷ്ണ ഗോപനോടൊട്ടി കിടന്നു…
ഒരു പേമാരി പേലെയവൻ അവളിൽ യാതൊരു നിയന്ത്രണവുമില്ലാതെ പെയ്തൊഴിയുമ്പോൾ അവനിലലിഞ്ഞു തീരുകയായിരുന്നു കൃഷ്ണ …
തിങ്ങി നിറഞ്ഞിരിക്കുന്ന ആൾക്കൂട്ടത്തിനിടയിലൂടെ മുന്നിലെ സ്റ്റേജിലേക്ക് നോക്കുമ്പോൾ ഗൗരവിന് തന്റെ നിറയുന്ന കണ്ണുകളെ തടഞ്ഞു നിർത്താൻ ആയില്ല
പഠിച്ച സ്ക്കൂളിൽ തന്നെ വിശിഷ്ടാതിഥി ആയി വന്നിരുന്ന് എല്ലാവരുടെയും സ്നേഹാദരങ്ങൾ ഏറ്റുവാങ്ങുന്ന തന്റെ അനിയൻ ഗൗതമിന്റെ വലംകയ്യിനുള്ളിൽ അവൻ പൊതിഞ്ഞു പിടിച്ചിരിക്കുന്നത് തന്റെ കൂടി അമ്മയുടെ കൈകളാണ്..
വെറുപ്പാണ് ഇഷ്ട്ടമല്ല എന്നെല്ലാം പറഞ്ഞ് ഞാൻ തന്നിൽ നിന്നും അകറ്റി നിർത്തിയിരുന്ന തന്റെ കൃഷ്ണ അമ്മയുടെ കൈകൾ
അമ്മയുടെ ശരീരത്തിന് മാത്രമായിരുന്നു നിറം കുറഞ്ഞിരുന്നതെങ്കിൽ തന്റെ മനസ്സാകെ കറുത്തതായിരുന്നുവെന്നോർത്തു ഗൗരവ്…
നിറത്തിന്റെ പേരിലാദ്യം അമ്മയെ അകറ്റി നിർത്തിയ താൻ ഗൗതമിനെ ഗർഭിണിയായിരിക്കുന്ന അമ്മയെ എന്തൊക്കെ പറഞ്ഞാണ് വേദനിപ്പിച്ചിരുന്നതെന്ന് ഓർത്തവന് അവനോടു തന്നെ പുച്ഛം തോന്നി…
തന്റെ ജീവിതത്തിൽ താൻ എവിടെയെല്ലാം തന്റെ അമ്മയെ അകറ്റി നിർത്തിയോ അവിടെ എല്ലാം അഭിമാനത്തോടെ അമ്മയെ തന്നോടുചേർത്തു പിടിക്കുകയാണ് ഗൗതമെന്ന തന്റെ അനിയൻ…
അതും സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ റാങ്ക് ജേതാവായ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന ബഹുമതി നേടികൊണ്ട്, അതിനെല്ലാം കാരണം കൃഷ്ണ എന്ന തന്റെ അമ്മയാണ് എന്ന് അഭിമാനത്തോടെ ഉറക്കെ പറഞ്ഞു കൊണ്ടു …
ഇനിയെത്ര താൻ തന്റെ അമ്മയെ തന്നോടു ചേർത്തു നിർത്തിയാലും ഒരിക്കൽ താൻ നൽകിയ വേദനകൾക്കത് പകരമാവില്ല എന്ന തിരിച്ചറിവിൽ അവന്റെ കണ്ണുകൾ പിന്നെയും നിറയവേ അതെല്ലാം നോക്കിയൊരു പുഞ്ചിരിയോടെ അവനടുത്ത് തന്നെ നിന്നിരുന്നു ഗോപനെന്ന അവന്റെ അച്ഛൻ..
ചില തെറ്റുകൾക്ക് പശ്ചാതാപവും പരിഹാരമല്ല എന്നവനെ ഓർമ്മിപ്പിച്ചു കൊണ്ട്…..