രാഹുലേട്ടൻ.. ഇനി തനിക്കൊപ്പം ഉണ്ടാകില്ലേ.. ‘ആ ഒരു ചിന്ത അവളുടെ മനസിനെ ഭ്രാന്ത് പിടിപ്പിച്ചു..

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“മോളെ.. ഇന്ന് തിരുവോണമല്ലേ.. നീ ഒന്ന് വീട്ടിൽ പോയി കുളിച്ചു റസ്റ്റ്‌ എടുത്തിട്ട് വാ.. ഇവിടെ അമ്മ ഇരുന്നോളാം.. ”

ശ്രീദേവി അത് പറയുമ്പോഴും മൗനമായി തന്നെ ഇരുന്നു നിത്യ..

” മോളെ.. അമ്മ പറഞ്ഞത് കേട്ടില്ലേ നീ.. ”

വീണ്ടും ചോദ്യം ആവർത്തിക്കവേ പതിയെ മുഖമുയർത്തി അവൾ.

“വേണ്ടമ്മേ.. ഞാൻ ഇരുന്നോളാം ഇവിടെ.. രാഹുലേട്ടന് എപ്പോഴാ ബോധം വരിക എന്ന് അറിയില്ലല്ലോ .. വന്നാൽ എന്നെ തിരക്കും ഉറപ്പാണ്.”

ആ മറുപടി കേൾക്കെ ശ്രീദേവിയുടെ മിഴികളിൽ നീര് പൊടിഞ്ഞു. സാരി തുമ്പിനാൽ മുഖം തുടച്ചു കൊണ്ടവർ മൗനമായി നിത്യയ്ക്ക് അരികിൽ തന്നെ ഇരുന്നു.

സിറ്റി ഹോസ്പിറ്റലിൽ ഐ സി യു വിനു മുന്നിലാണ് രണ്ടാളും. ഏകദേശം രണ്ടാഴ്ചയോളം ആകുന്നു. നിത്യയും ഭർത്താവ് രാഹുലും ഒരുമിച്ച് ബൈക്കിൽ വരുന്ന വഴി നിയന്ത്രണം തെറ്റി ഉണ്ടായ ഒരു അപകടം. വണ്ടിയിൽ നിന്ന് തെറിച്ചു വീണ നിത്യ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു എന്നാൽ രാഹുലിന്റെ തലയിൽ അടിയേറ്റ് കോമ സ്റ്റേജിലായിപ്പോയി. ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവൻ നിൽക്കുന്നത് പോലും.. രാഹുലിന് ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകുമോ എന്ന് ഡോക്ടെർസിനു പോലും ഉറപ്പില്ല പക്ഷെ അവൻ പഴയത് പോലെ തിരികെ വരും എന്ന് ഉറച്ചു വിശ്വസിച്ചു അന്ന് മുതൽ ഇന്ന് വരെയും ആ ഐ സിയു വാതിലിനു മുന്നിൽ തന്നെ ഇരിക്കുകയാണ് നിത്യ.. രാഹുലിന്റെ അമ്മ ശ്രീദേവിയും അച്ഛൻ ചന്ദ്രനും സഹോദരനുമൊക്കെ അവൾക്ക് കൂട്ടായി ഉണ്ട്.

” ദേ.. കുറച്ചു കഞ്ഞി മിക്സിയിൽ അടിച്ചു വാങ്ങിച്ചോളൂ.. രാഹുലിന് കൊടുക്കാനാ.. ”

നഴ്സ് വന്നു പറയുമ്പോഴേക്കും മറ്റാരെയും നോക്കാതെ തന്നെ എഴുന്നേറ്റ് നടന്നു നിത്യ..

” മോളെ നീ ഇവിടിരിക്ക് ഞങ്ങൾ പോയി വാങ്ങി വരാം ”

ചന്ദ്രൻ നിർബന്ധമായി അവളെ തിരികെ കൊണ്ടിരുത്തി ശേഷം കഞ്ഞി വാങ്ങുവാനായി പോയി..

” മോളെ.. നീ ഇങ്ങനെ ഇരിക്കുന്നത് കാണുമ്പോ അമ്മയുടെ നെഞ്ച് പൊട്ടുവാ.. ഒന്ന് പൊട്ടി കരയുവെങ്കിലും ചെയ്യ് നീ.. ”

ശ്രീദേവി നിറമിഴികളോടെ അത് പറയുമ്പോഴും മൗനമായി നിത്യ.. അവളുടെ ഉള്ളിൽ അപ്പോൾ രാഹുലുമൊന്നിച്ചുള്ള സുന്ദര നിമിഷങ്ങളുടെ ഓർമ്മകൾ ആയിരുന്നു. അന്നത്തെ ആ ദിവസം ഉള്ളിൽ നോവായി മാറിയ ആ ദിവസമാണ് അപ്പോൾ അവൾ ഓർത്തത്.

” ഏട്ടാ.. നമുക്ക് ഒരു റൈഡ് പോകാം.. എന്തോ ബുള്ളറ്റിൽ കറങ്ങാൻ ഒരു ആഗ്രഹം.. ”

” വേണ്ടടോ.. ഞാൻ ആകെ ടയേർഡ് ആണ് ഇപ്പോ. നമുക്ക് വൈകിട്ട് പോകാം ”

പരമാവധി ഒഴിഞ്ഞു മാറാൻ ശ്രമിച്ചതാണ് രാഹുൽ അന്ന്.എന്നാൽ നിത്യ തന്നെയാണ് അവനെ നിർബന്ധിച്ചു ആ യാത്രയ്ക്ക് ഇറക്കിയത്.

” എന്നാലേ എനിക്കൊരു മുത്തം താ… എങ്കിലേ ഞാൻ വണ്ടി എടുക്കുള്ളു.. ”

പോകാനൊരുങ്ങി ഇറങ്ങവേ അവളെ തന്നോട് വലിച്ചടുപ്പിച്ചു രാഹുൽ ഒന്ന് കൊഞ്ചി.

” ഒന്ന് മതിയോ ചെക്കന്.”

ആ ചോദ്യത്തിൽ നിത്യയുടെ ചുടു നിശ്വാസം അവന്റെ മുഖത്തടിച്ചു. അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിക്കുമ്പോൾ അവന്റെ ക്ഷീണമൊക്കെ വിട്ടകന്ന് ഊർജ്ജസ്വലനായിരുന്നു. പിന്നീട് ആയിരുന്നു എല്ലാം തകർത്ത ആ യാത്ര. നിയന്ത്രണം തെറ്റി എതിരെ വന്ന ലോറി അവരുടെ ബുള്ളറ്റിലേക്ക് ഇടിച്ചു കയറുമ്പോൾ തെറിച്ചു ദൂരേക്ക് വീണു പോയ നിത്യ കണ്ടിരുന്നു നിലത്തേക്ക് തലയിടിച്ചു വീഴുന്ന രാഹുലിനെ.. അവിടമാകെ ചോരക്കളമാകുമ്പോഴേക്കും അവളുടെ ബോധം മറഞ്ഞു തുടങ്ങിയിരുന്നു. ബോധം വീഴുമ്പോൾ ആശുപതിയിലും.

പെട്ടെന്ന് ഐ സി യൂ വാതിൽ തുറന്ന് അടയുന്ന ഒച്ച കേട്ടാണ് നിത്യ ഓർമകളിൽ നിന്നും ഞെട്ടി ഉണർന്നത്. നോക്കുമ്പോൾ ഒരു നേഴ്സ് വെപ്രാളത്തിൽ ഓടുന്നതാണ് കണ്ടത്. കാര്യമെന്താണെന്ന് മനസിലായില്ലെങ്കിലും എന്തോ പ്രശ്നമുണ്ടെന്ന് ആ ഓട്ടത്തിൽ നിന്നും വ്യക്തമായിരുന്നു. അല്പം വൈകാതെ തന്നെ ഡോക്ടർ പാഞ്ഞെത്തി.
അതോടെ ചാടി എഴുന്നേറ്റു നിത്യ.

” എന്താ ഡോക്ടർ.. രാഹുൽ ഏട്ടന് എന്തേലും.. ”

അവളുടെ ഉള്ളിൽ ഒരു ആന്തൽ ഉണ്ടായി എന്നാൽ ഡോക്ടർമറുപടി ഒന്നും പറയാതെ തന്നെ ഉള്ളിലേക്ക് കയറി പോയി.

” സിസ്റ്ററെ..എന്താ പ്രശ്നം.. ”

പിന്നാലെ വന്ന നേഴ്സിനെ പിടിച്ചു നിർത്തുവാൻ ശ്രമിച്ചു അവൾ എന്നാൽ അവരും വേഗത്തിൽ ഉള്ളിലേക്ക് കയറി പോയി. അതോടെ ആകെ കുഴഞ്ഞു നിത്യ..

” മോളെ നീ ഇങ്ങനെ വേവലാതി പെടാതെ.. അകത്ത് രാഹുൽ മാത്രമല്ലല്ലോ വേറെയും ആൾക്കാർ ഇല്ലേ… പേടിക്കാൻ ഒന്നുമുണ്ടാകില്ല ”

ഒരു വിധത്തിൽ ശ്രീദേവി അവളെ പിടിച്ചു തിരികെ ഇരുത്തി. പിന്നീടുള്ള ഓരോ നിമിഷങ്ങളും ടെൻഷനോടെ തന്നെ അവർ കഴിച്ചു കൂട്ടി. അപ്പോഴേക്കും ചന്ദ്രനും എത്തി. ആ സമയത്ത് ആണ് വീണ്ടും ഐ സി യൂ വാതിൽ തുറക്കുന്നത്. ഇത്തവണ പുറത്തേക്ക് വന്ന ഡോക്ടർ ചാടി എണീറ്റ് മുന്നിലേക്കെത്തിയ നിത്യയുടെ മുഖത്തേക്ക് നോക്കി അല്പസമയം മൗനമായി. ആ മൗനത്തിൽ നിന്നും വെപ്രാളത്തിൽ ഉള്ള അയാളുടെ ആ പോക്ക് രാഹുലിന് വേണ്ടി തന്നെയായിരുന്നു എന്ന് അവൾ മനസിലാക്കി.

” എന്ത് പറ്റി ഡോക്ടർ.. മോന് എന്തേലും പ്രശ്നം ഉണ്ടോ.. ”

മുന്നിലേക്ക് കയറിയ ചന്ദ്രൻ ആണ് അത് ചോദിച്ചത്.

” അത്.. ആം സോറി.. ഹേ ഈസ്‌ നോ മോർ.. ”

ആ വാക്കുകൾ തന്റെ കാതിൽ തുളച്ചു കയറുന്നത് പോലെ തോന്നി നിത്യയ്ക്ക്. ചന്ദ്രൻ അന്ധാളിച്ചു പോയി ശ്രീദേവിയാകട്ടെ മറുപടി ഇല്ലാതെ അങ്ങിനെ നിന്നു.

” പെട്ടെന്ന് ആണ് സിറ്റുവേഷൻ മോശമായത്.. ഞങ്ങൾ പരമാവധി ശ്രമിച്ചു പക്ഷെ.. ”

ഡോക്ടർ വാക്കുകൾ പാതിയിൽ നിർത്തവേ അലറി കരഞ്ഞു കൊണ്ട് നിലത്തേക്കിരുന്നു പോയി ശ്രീദേവി. നിറ മിഴികളോട് ചന്ദ്രൻ അവരെ താങ്ങി. എന്നാൽ ആകെ മരവിച്ച പോലൊരു നിൽപ്പായിരുന്നു നിത്യ.

‘രാഹുലേട്ടൻ.. ഇനി തനിക്കൊപ്പം ഉണ്ടാകില്ലേ.. ‘

ആ ഒരു ചിന്ത അവളുടെ മനസിനെ ഭ്രാന്ത് പിടിപ്പിച്ചു.

” മോളേ.. അവൻ നമ്മളെ ഇട്ടിട്ടു പോയല്ലോ.. ”

ശ്രീദേവി നിത്യയുടെ കൈകൾ ചേർത്തു പിടിച്ചു പൊട്ടികരഞ്ഞു. അപ്പോഴും നിശ്ചലയായി അവൾ. അറിയാതെ ആ മിഴികൾ തുളുമ്പുന്നുണ്ടായിരുന്നു.

‘ എന്തിനാ എന്നെ മാത്രം ഇവിടെ വിട്ടിട്ട് പോയത്.’

ഉള്ളിൽ രാഹുലിനോടുള്ള അനേകം ചോദ്യങ്ങൾ ഉണ്ടായിരുന്നു.

‘ ഏട്ടൻ ഇല്ലാതെ ഇനി ഞാൻ എങ്ങിനാ ഇവിടെ.. ‘

ഉള്ളുരുകി കരഞ്ഞു കൊണ്ട് എല്ലാവരെയും വകഞ്ഞു മാറ്റി നിത്യ പതിയെ മുന്നിലുള്ള ബാൽക്കണിക്കരികിലേക്ക് നടന്നു.അലറി കരഞ്ഞു കൊണ്ട് ശ്രീദേവി വീണ്ടും നിലത്തേക്ക് വീഴുമ്പോൾ അവരെ എഴുന്നേൽപ്പിക്കുവാനുള്ള ശ്രമത്തിലായിരുന്നു എല്ലാവരും. നിത്യ അവരുടെ മുന്നിൽ നിന്നുമൊക്കെ മാറിയിരുന്നു അപ്പോൾ. അഞ്ചാം നിലയിലെ ആ ബാൽകണിയിൽ നിന്നും അകലത്തേക്ക് നോക്കുമ്പോൾ വിദൂരതയിൽ അവൾ രാഹുലിനെ കണ്ടു. ഞെട്ടലോടെ മിഴികൾ തുടച്ചു നോക്കുമ്പോൾ അവൻ അകലെ നിന്നും കൈ നീട്ടി വിളിക്കുകയായിരുന്നു.

” ഏട്ടാ.. എന്നെ വിട്ടിട്ട് പോകുവാണോ .. ”

ആ നിമിഷം നിയന്ത്രണം വിട്ട് പൊട്ടികരഞ്ഞു പോയി നിത്യ. എല്ലാം നഷ്ടപെട്ട വേദന അവളെ ആകെ ഉലച്ചു. ആ കരച്ചിൽ അവസാനിച്ചത് വലിയൊരു തീരുമാനത്തിലായിരുന്നു.
വീണ്ടും തലയുയർത്തി നോക്കവേ രാഹുലിനെ കാണുവാനില്ലായിരുന്നു.

” മോളെ…. നിത്യേ.. ഇങ്ങ് വാ നീ അമ്മയുടെ അടുത്ത് വാ മോളെ…”

ശ്രീദേവി ഉച്ചത്തിൽ കരയുമ്പോൾ തിരിഞ്ഞു അവരെ ഒന്ന് നോക്കി നിത്യ.

” ഇല്ലമ്മേ.. ഞാൻ രാഹുലേട്ടനൊപ്പം പോകുവാ.. ”

അവളുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. ശേഷം പതിയെ തിരിഞ്ഞു താഴേക്ക് നോക്കി അവൾ. പതിയെ പതിയെ ആ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു.

‘ ദേ മനുഷ്യാ.. ഞാനും വരുവാ കേട്ടോ.. നമുക്ക് ഒന്നിച്ചു പോകാം ‘

ഭ്രാന്തമായി ചിരിച്ചുകൊണ്ട് ബാൽക്കണിയുടെ കൈവരിയിലേക്ക് ചാടി കയറി നിത്യ.

” മോളേ…. ”

ആ കാഴ്ച കണ്ട് ശ്രീദേവി മാത്രമല്ല എല്ലാവരും അലറി വിളിച്ചു പോയി. പക്ഷെ ആർക്കും തടുക്കുവാൻ പറ്റിയില്ല. അതിനകം തന്നെ നിത്യ താഴേക്ക് ചാടി.

” അയ്യോ.. എന്റെ കൊച്ച് ”

ചന്ദ്രനും ആകെ ഞെട്ടി തരിച്ചു പോയി. കണ്ടു നിന്നവർ ഓടി അടുക്കുമ്പോൾ കണ്ടത് താഴെ നിലത്ത് കൂടി നിൽക്കുന്ന ആൾക്കാർക്ക് നടുവിൽ ചോരയൊലിപ്പിച്ചു കിടക്കുന്ന നിത്യയെയാണ്.

” പോയി.. ഉറപ്പാണ്.. വല്ലാത്ത ചെയ്ത്തായി പോയി.. ”

ഹോസ്പിറ്റൽ അറ്റൻഡർ മാരിൽ ഒരാൾ പറയുമ്പോൾ എല്ലാവരും ആ കാഴ്ച കണ്ട് നടുക്കത്തോടെ നിന്നു. ദുരന്തങ്ങൾ ഒന്നിന് പിറകിൽ ഒന്നായി എത്തിയപ്പോൾ ആകെ തകർന്നു പോയി ചന്ദ്രനും ശ്രീദേവിയും. എന്നാൽ താഴെ കൂടിയവരും മുകളിൽ നിന്നും നോക്കുന്നവരും ആരും മറ്റൊന്ന് കണ്ടില്ല മരണത്തിൽ പോലും പിരിയാതെ പരസ്പരം കൈ കോർത്തു പിടിച്ചു രാഹുലും നിത്യയും മറ്റൊരു ലോകത്തേക്ക് പോകുന്നത്.

ആത്മാർത്ഥമായ പ്രണയത്തിനു മരണത്തിനപ്പുറവും ആയുസ്സ് ഉണ്ട് എന്ന് തെളിയിച്ചു കൊണ്ടവർ ഒരുമിച്ചു യാത്രയായി.

(ശുഭം ).