ഗർഭിണികൾക്കുണ്ടാകുന്ന ഒരു ആഗ്രഹം പോലും ഇത് വരെ ഹസി എന്നോട് പറഞ്ഞ് കേട്ടിട്ടില്ല.. സാഹചര്യങ്ങൾക്കനുസരിച്ചാണോ..

ഒരു സ്വപ്നം പോലെ
(രചന: Muneera Poovi)

“പെരുന്നാളൊക്കെ ആകാനായില്ലെ
ഷോപ്പിൽ തിരക്കി കൂടി വരുന്നുണ്ട്. സ്റ്റാഫുകളും കുറവാണ്. അതുകൊണ്ട്
പെരുന്നാള് കഴിയുന്നത് വരെ നീ കടയിലേക്കൊന്ന് വരുമോ..?

ഫോണിലെ അങ്ങേ അറ്റത്തെ വാക്കുകൾ വിശ്വസിക്കാനാവാതെ ഒരു നിമിഷം ഞാൻ നിശ്ശബ്ദനായി നിന്നു..

“ഫൈസി നീ എന്താ മിണ്ടാത്തത് നിനക്ക് പറ്റില്ലേ..”

ഞ…ഞാൻ വരാം ഞ്ഞൊടിയിടയിൽ
മറുപടി കൊടുത്തു കൊണ്ട് കോൾ കട്ടാക്കി…

ഞാൻ ഹസിയുടെ അടുത്തേക്ക് ചെന്നു..
എൻ്റെ മുഖത്തെ സന്തോഷം കണ്ടിട്ട് അവളെന്നെ ചൂഴ്ന്നു നോക്കി..

“ഉമ്…എന്താ ഇത്ര സന്തോഷം .വല്ല ലോട്ടറിയും അടിച്ചോ..?

“അതിന് ഞാൻ ലോട്ടറി എടുക്കാറുണ്ടോ
പെണ്ണേ.. ആ പൈസയുണ്ടങ്കിൽ എൻ്റെ കുഞ്ഞാവക്ക് പൂതിയുള്ളത് ഞാൻ വാങ്ങി കൊടുക്കില്ലെ ..”

നിറവയറോടെ നിൽക്കുന്ന അവളുടെ വയറിൽ തലോടിക്കൊണ്ടവൻ മറുപടി കൊടുത്തു..അതിനോടൊപ്പം അവൻ്റെ കണ്ണും നിറഞ്ഞൊഴുകി …

ഇത് അതൊന്നുമല്ല ഹസീ . ഫിറോസ് വിളിച്ചിരുന്നു .. പെരുന്നാള് വരെ കടയിലേക്ക് ഒരാളെ വേണമെന്ന്.. എന്നോട് ഇന്ന് തന്നെ ചെല്ലാൻ പറഞു..

“സത്യാണോ ഇക്കാ ഞാനീ കേട്ടത് .. നമ്മുടെ പ്രാർത്ഥന പടച്ചോൻ കേട്ടല്ലേ..
എന്നാലും ഈ കൈ വച്ച് എങ്ങനെ ..
നിറ കണ്ണുകളോടെ അവളത് പറയുമ്പോൾ ഞാനവളെ ചേർത്ത് പിടിച്ചു..

എത്ര പെട്ടന്നാണ് ഗതി മാറിമറിയുന്നത്. ഇന്നലെ ഓടിച്ചാടി നടന്ന മനുഷ്യരൊന്നും ഇന്നീ ഭൂമിയിലില്ലല്ലോ നാഥാ.!

ആർക്ക് എപ്പൊ വേണമെങ്കിലും എന്തും സംഭവിക്കാം ..

മാസങ്ങൾക്ക് മുമ്പ് വരെ ഒരു കുഴപ്പവുമില്ലാതെ അധ്വാനിച്ച് കുടുംബം
പോറ്റിയ എനിക്കിന്ന് അത് പോലെ അധ്വാനിക്കാൻ കഴിയില്ല..

കാരണം ഒരു ചെറിയ ആക്സിഡൻ്റ് ..
അത്ര ചെറുതൊന്നും അല്ലായിന്നു ട്ടോ..
ഭാഗ്യത്തിന് ജീവൻ ബാക്കി കിട്ടി..

പാതി മയക്കത്തിൽ ഞാൻ കണ്ണ് തുറക്കുമ്പോൾ .. ഒരുപാട് യന്ത്രങ്ങൾക്കിടയിൽ ഒന്നനങ്ങാൻ പോലും കഴിയാതെ. മുകളിലേക്ക് നോക്കി കിടക്കാൻ മാത്രേ എന്നെക്കൊണ്ട് കഴിഞ്ഞുള്ളു..

വളരെ ആയാസപ്പെട്ടാണ് അന്ന് ശ്വാസം പോലും എടുത്തിരുന്നത്..

പിന്നീടാണ് ഞാനാ വേദനിപ്പിക്കുന്ന സത്യം മനസ്സിലാക്കിയത് …
എൻ്റെ ഇടത് കൈ നഷ്ട്ടപ്പെട്ടിരുന്നു ..ഇടത് കൈ നഷ്ടപ്പെട്ടിട്ടും വീട്ടുകാരും ,ഭാര്യയും അതിനെ കുറിച്ച് ഒരക്ഷരം പോലും എന്നോട് പറയുന്നില്ല..കാരണം എൻ്റെ ജീവൻ തിരിച്ച് കിട്ടിയ സന്തോഷത്തിലായിരുന്നു അവര്…

ബൈക്കിൽ യാത്ര ചെയ്തപ്പോഴാണ് ഫോൺ ബെല്ലടിച്ചത്..അതെടുക്കാനായി പോക്കറ്റിലേക്ക് നോക്കിയത് മാത്രമേ എനിക്ക് ഓർമയുള്ളു…

ഇക്കാക്ക് അപകടം വരാൻ കാരണം ഞാനല്ലേ..ഞാൻ വിളിച്ചത് കൊണ്ടല്ലേ ഇക്ക ഫോൺ എടുക്കാൻ ശ്രമിച്ചത്.

ഞാൻ വിളിച്ചില്ലായിരുന്നെങ്കിൽ ഇതൊന്നും സംഭക്കില്ലായിരുന്നു..
കണ്ണ് നിറച്ചു കൊണ്ട് ഇടക്കിടക്ക്
അവള് പരിഭവം പറയും.. ഹൃത്തിലെ വേദന കണ്ണുനീരായി പുറത്തേക്കൊഴുകും..

അവള് വിളിച്ചത് ഒരു സന്തോഷ വാർത്ത പറയാനായിരുന്നു..അവള് രണ്ടാമതും ഒരു ഉമ്മയാകാൻ പോകുന്നു എന്ന സന്തോഷ വാർത്ത…

സന്തോഷം പങ്കിടാൻ വിളിച്ചപ്പോ ഞാൻ ഫോൺ എടുക്കാത്തതിൽ ആ നിമിഷം
അവള് ഒരുപാട് പരിതപിച്ച് കാണും..

“ഇക്കാ.. എന്താ ആലോചിക്കുന്നത് ..?

“ഏയ് ഒന്നുമില്ല .”.നിറഞ്ഞു വന്ന കണ്ണുനീർ അവള് കാണാതിരിക്കാൻ ഞാൻ പാടുപെട്ടു..

പെരുന്നാൾ തലേന്ന് ഷോപ്പിൽ നല്ല തിരക്കായിരുന്നു..രാത്രി ഏറെയായിട്ടും
അവനെ കാണാത്തതിൽ അവൾക്ക് ആധിയായി..

“ഉമ്മച്ചിയെ എന്താ ബാപ്പി വരാത്തത്. പുത്തനുടുപ്പും കൊണ്ട് ബാപ്പി വരുന്നതും കാത്ത് ഉറങ്ങാതെ സിദ്ധുട്ടൻ റോഡിലേക്ക് നോക്കിയിരുന്നു..

ഇടക്കിടക്ക് ഉറക്കം തൂങ്ങി ഉമ്മാൻ്റെ മടിയിലേക്ക് വീഴുന്നുണ്ട്..

ചാടി എണീറ്റു കൊണ്ട് വീണ്ടും റോഡിലേക്ക് നോട്ടമിടും . റോഡിലൂടെ ഓരോ വണ്ടി പോകുമ്പോഴും ആകാംഷയോടെ കണ്ണ് വലുതാക്കി അവൻ നോകിക്കൊണ്ടിരുന്നു….

നോക്കി ,നോക്കി അവസാനം സിദ്ധുട്ടൻ ഉറങ്ങിപ്പോയി…

രാത്രി ഏകദേശം 2 മണി കഴിഞ്ഞു ഫൈസി വീട്ടിൽ എത്തിയപ്പോ.. അപ്പോഴും ഉറങ്ങാതെ തന്നെ കാത്തിരിക്കുന്നവളെ കണ്ടതും
അവന് വേദന തോന്നി…

ഗർഭിണികൾക്കുണ്ടാകുന്ന ഒരു ആഗ്രഹം പോലും ഇത് വരെ ഹസി എന്നോട് പറഞ്ഞ് കേട്ടിട്ടില്ല.. സാഹചര്യങ്ങൾക്കനുസരിച്ചാണോ ആഗ്രഹങ്ങൾ തലപൊക്കുന്നത്..
സങ്കടങ്ങൾ ഉള്ളിൽ വല്ലാതെ നുരഞ്ഞു പൊന്തി…

അവനെ കണ്ടതും അവള് വയറ്
താങ്ങിപ്പിടിച്ച് കൊണ്ട് എഴുന്നേറ്റു ..

“എന്തെ ഉറങ്ങിയില്ലേന്ന് ചോദിച്ചു കൊണ്ട്
ഫൈസി കയ്യിലെ കവറിൽ നിന്നും ഒരു പൊതി എടുത്ത് അവൾക്ക് നേരെ നീട്ടി…

അവള് കൊതിയോടെ അത് തുറന്നു നോക്കി..അവൾക്ക് ഏറെ ഇഷ്ടപ്പെട്ട
കറുത്ത ഹലുവ!

ഒരു വേള രണ്ട് പേരുടെയും കണ്ണുകൾ നിറഞ്ഞു തൂവി.

“ഹസീ .നിനക്കെന്നോട് ദേശ്യമുണ്ടോ പെണ്ണേ..ഇതുവരെ നിന്നോട് ഞാൻ നിനക്കെന്തിനെങ്കിലും ആഗ്രഹമുണ്ടോന്നു ചോദിച്ചിട്ടില്ലല്ലോ .”

“എന്തിന് എൻ്റെ ഇക്കാനോട് ഞാൻ ദേഷ്യം വയ്ക്കണം..അതിനെന്നെക്കൊണ്ടാകുമോ..”

എൻ്റെ കണ്ണ് നിറഞ്ഞത് അതുകൊണ്ടല്ല ഇക്കാ .ഇതുവരെ സ്വപ്നത്തില് പോലും ഞാൻ വിചാരിച്ചിട്ടില്ല എനിക്ക് ഞാനേറെ ഇഷ്ടപ്പെട്ട ഹലുവ കഴിക്കാൻ സാധിക്കുമെന്ന്… എല്ലാം റബ്ബിൻ്റെ തീരുമാനമാണ്…”

റബിനോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല.. തൊണ്ടയിടറിക്കൊണ്ട് ഹസി അത് പറയുമ്പോൾ അവനവളെ ചേർത്ത് പിടിച്ചു…

“നിന്നോളം എന്നെ മനസ്സിലാക്കാൻ ഈ ലോകത്ത് വേറെ ആർക്കും കഴിയില്ല ഹസി..

പള്ളിയിൽ നിന്ന് തക്ബീർ കേട്ടപ്പോഴാണ്
ഞാൻ കണ്ണ് തുറന്നത്..അറിയാതെ എൻ്റെ കണ്ണ് നിറഞ്ഞു പോയി..
പിന്നെയാണ് ശരിക്കുള്ള ബോധത്തിലേക്ക് തിരികെ വന്നത്..

എനിക്കൊന്നും സംഭവിച്ചില്ലല്ലോ ..
എൻ്റെ കൈ….ഞാൻ രണ്ട് കയ്യും മാറി,മാറി നോക്കി..ഉടലാകെ വിറയ്ക്കാൻ തുടങ്ങി..

കുറച്ച് നേരം കടന്ന് പോയ വഴിയിലൂടെ ഞാൻ ഒന്നും കൂടി സഞ്ചരിച്ചു..ഓർക്കും തോറും എൻ്റെ നെഞ്ച് പിടയുന്നു…

ബെഡിലേക്ക് നോക്കിയപ്പോ ഹസിയും,മക്കളും സുഖമായി ഉറങ്ങുന്നു..
ഞാൻ എന്തക്കയൊ ആലോചിച്ച് ഒരേ ഇരിപ്പിരുന്നു..അന്നേരം വിയർപ്പിനാൽ ഞാനാകെ കുളിച്ചിരുന്നു..

പള്ളിയിൽ നിന്നും തക്ബീറിൻ്റെ മാധുര്യം ഒഴുകിക്കൊണ്ടിരുന്നു…അപ്പോഴേക്കും ഹസിയും മക്കളും എഴുന്നേറ്റു..

പള്ളിയിലേക്ക് പോകാൻ കുളിക്കാനുള്ള
തത്രപ്പാടിലാണ് മക്കൾ ..എൻ്റെ മനസ്സ് വല്ലാതെ,വല്ലാതെ നോവുന്നുണ്ട്.. കണ്ണ് നിറയുന്നുണ്ട്..

എന്തിനാണെന്നോ.. ഞാൻ കണ്ട സ്വപ്നം
ചിലപ്പോ മറ്റുള്ളവരുടെ ജീവിതമായിരിക്കാം..
ഓർത്തപ്പോ ഒരിറ്റു കണ്ണുനീർ കവിളിലൂടെ
ഒലിച്ചിറങ്ങി..

അലമാര തുറന്നപ്പോ മക്കളുടെ പുത്തനുടുപ്പിൻ്റെ മണം എൻ്റെ
നാസികത്തുമ്പിൽ തങ്ങി നിന്നു..പക്ഷേ
ആ മണം ആസ്വദിക്കാൻ കഴിയാതെ
എന്നെ വല്ലാതെ വീർപ്പ് മുട്ടിച്ചു…ഞാനാകെ
അസ്വസ്ഥനായി…

കുളി കഴിഞ്ഞ് അരയിൽ തോർത്തും ചുറ്റി സിദ്ദുവും, റിദ്ധുവും ബാത്ത്റൂമിൽ
നിന്നും ഇറങ്ങി എൻ്റെ അടുക്കലേക്ക്
ഓടി വന്നു…

നല്ല വാസനസോപ്പിൻ്റെ നറുമണവും അമ്മിമ്മെ അരച്ച മൈലാഞ്ചിയുടെ മണവും ..എന്നെ കുട്ടിക്കാലത്തിൻ്റെ മനോഹരമായ ഓർമ്മകൾ വന്ന് മാടിവിളിച്ചു!

രണ്ട് പേരും അവരുടെ കുഞ്ഞി കൈകൾ
എൻ്റെ മുഖത്തേക്ക് വച്ചു.. മൈലാഞ്ചി മണക്കുന്ന തണുത്തു വിറയ്ക്കുന്ന കുഞ്ഞി കൈകൾക്ക് ഞാനെൻ്റെ മുഖത്തിലെ ചൂട് പകർന്ന് കൊടുത്തു…

മൈലാഞ്ചി മണക്കുന്ന കുഞ്ഞി കൈകൾ അത് വല്ലാത്തൊരു ഫീല് തന്നെയാണല്ലെ …

കുറച്ച് നേരം അതങ്ങനെ ആസ്വദിച്ച് നിന്നതിനു ശേഷം പുത്തൻ ഡ്രസ്സ് ഇടുന്ന തിരക്കിലായി അവര്…

വീണ്ടും എൻ്റെ മനസ്സിലേക്ക് ഇന്നലത്തെ ഒരു സംഭവം ഇരച്ചു കയറി…

മക്കൾക്ക് ഏത് ഡ്രസ്സ് ഇട്ടു കൊടുക്കണം
എന്നായിരുന്നു ഹസിയുടെ കൺഫ്യൂഷൻ..
രണ്ടു ജോഡി ഡ്രസ്സ് എല്ലാവർക്കും വാങ്ങിയിട്ടുണ്ട്…

അതില് ഓരോ ജോഡി ഡ്രസ്സ്ൻ്റ കവറെടുത്ത് ഞാൻ ഹസിയുടെ കയ്യിൽ കൊടുത്തു..

“ഇത് നീ തന്നെ കൊണ്ട് കൊടുക്ക് ഹസി..”

“ആർക്ക് കൊടുക്കുന്ന കാര്യമാണ് ഇക്ക പറയുന്നത്..”അവളൊരു ചോദ്യ ഭാവത്തിൽ
എന്നെ നോക്കി..

ഇന്നലെ ഞമ്മള് ഡ്രസ്സ് എടുത്ത് വന്നപ്പോ
ശഫീഖിന്റെ കുട്ടികൾ ഉണ്ടായിരുന്നില്ലേ ഇവിടെ..

“അപ്പോൾ ആ മക്കളുടെ കണ്ണുകൾ നീ ശ്രദ്ധിച്ചിരുന്നോ..ഒരായിരം സങ്കട കഥകൾ ആ കണ്ണുകൾ അപ്പോൾ നമ്മളോട് പറഞ്ഞിട്ടുണ്ടാവണം. ചിലപ്പോ ഇവിടുന്ന് പോയിട്ട് അവര് കരഞ്ഞിട്ടുണ്ടാവും..വാശി പിടിച്ചിട്ടുണ്ടാവും..”

“ഷഫീഖിന് കാര്യമായിട്ട് പണിയൊന്നും ഇല്ലല്ലോ..പിന്നെ എന്നും അസുഖം കാര്യങ്ങളും ഒക്കെ അല്ലേ..പട്ടിണി കിടന്നാൽ പോലും അവനാരോടും ഒന്നും പറയില്ല..”

ഹസി മക്കളുടെ കൈ പിടിച്ച് ഷഫീഖിൻ്റെ വീട്ടിലേക്ക് പോയി..

സിദ്ദുവും , റിദ്ധുവും ഉമ്മാൻ്റെ കയ്യിൽ നിന്നും കവർ വാങ്ങി പിടിച്ചു കൊണ്ടവര് ആക്കത്തിൽ നടന്നു,

ചിരട്ട ചുട്ട് ഇസ്ത്തിരിപ്പെട്ടിയിലേക്കിട്ട്
പുകയുന്ന കണ്ണ് തുടച്ച് കൊണ്ട് മക്കളുടെ പഴയ ഡ്രസ്സ് ചുളിവ് നിവർത്തിക്കൊണ്ടിരിക്കുകയായിരുന്നു അസ്മ..!

സാധാരണ വീടുകളിലുള്ള പോലെ ഒരാള് അവിടെ തേങ്ങി കരയുന്നത് പുറത്തേക്ക് കേൾക്കാം!

“എന്തിനാ ഷാനു നീ കരയുന്നത് .”

ഹസിയുടെ ചോദ്യം കേട്ടാണ് അടുക്കളയിൽ നിന്ന് അസ്മ പുറത്തേക്ക് തല നീട്ടിയത്…

“ഹസീ..എന്താ അവിടെ നിൽക്കുന്നത്. അകത്തേക്ക് കയറി വാ..”

.മക്കൾക്ക് പള്ളിയിൽ പോകാൻ വൈകും അസ്മ..ഞാൻ ഇത് തരാൻ വേണ്ടി വന്നതാണ്.. ”

ഹസിയത് പറഞ്ഞപ്പോ അസ്മ സംശയത്തോടെ ഹസിയുടെ കയ്യിലേക്ക് നോക്കി..

സിദ്ദുവും, റിദ്ധുവും ആ കവർ ഷാനുവിൻ്റെ കയ്യിൽ കൊടുത്തു..പിന്നെ കയ്യിലെ മൈലാഞ്ചി അവർക്ക് മണപ്പിച്ചു കൊടുത്തു..
മൂന്നുപേരും ചിരിക്കാൻ തുടങ്ങി!

അവിടെയൊരു ഫോട്ടോ ഷൂട്ടും നടന്നില്ല..
ഒരു ക്യാമറയിലും ആ കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ മുഖം പതിഞ്ഞില്ല..
അല്ലെങ്കിൽ തന്നെ അത് കൊണ്ടെന്ത് കാര്യം…

നീ ദാനം ചെയ്യുക .വലതു കൈ കൊടുക്കുന്നത് ഇടത് കൈ അറിയാതെ!

അസ്മയുടെ കണ്ണ് നിറഞ്ഞു..

“ഹസീ…എന്ന് തൊണ്ടയിടറിക്കൊണ്ട് അസ്മ വിളിക്കുമ്പോഴും മിഴികൾ നിറഞ്ഞു തൂവിക്കൊണ്ടിരുന്നു..

“സാരമില്ലടി .പോട്ടെ ഇങ്ങനെ ഒക്കെ അല്ലേ ജീവിതം..”എന്ന് പറഞ്ഞു കൊണ്ട് ഹസി അവളെ ചേർത്ത് പിടിച്ചു..

അവര് പോകുന്നതും നോക്കി കൺമുന്നിൽ നിന്ന് മറയുവോളം അസ്മ അവരെ നോക്കി നിന്നു..

തിരിച്ച് വീട്ടിലേക്ക് പോകുമ്പോ ഹസി ആലോചിക്കുകായിരുന്നു .. ആ മക്കളെ കണ്ണീരോടെ അസ്മ പള്ളിയിലേക്ക് ഒരുക്കി വിടുമ്പോൾ…

.പുത്തനുടുപ്പിട്ട് ഞാനെൻ്റെ മക്കളെ സന്തോഷത്തോടെ വിട്ടിരുന്നെങ്കിൽ..
ഈ ജീവിതത്തിന് എന്ത് അർത്ഥമാണുള്ളത് നാഥാ!

ഹസി നിറപുഞ്ചിരിയോടെ വീട്ടിലേക്കു കയറിചെല്ലുമ്പോൾ ഫൈസിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു..ആ ചിരിക്ക് വല്ലാത്തൊരു മൊഞ്ച് തോന്നിയവൾക്ക്!

അസി അവനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു. ഇക്ക ചെയ്തതാണ് ശരി..”

“പെണ്ണേ…ഈയുള്ളവന്റെ തീരുമാനമല്ലത്
റബ്ബിന്റെ തീരുമാനമാണ്..”ഫൈസി അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു കൊണ്ട് പറഞ്ഞു.

“ഹസീ…”

സ്നേഹാർദ്രമായ അവന്റെ വിളിയിൽ അവളൊന്നു മൂളി..നീയാണ് പെണ്ണേ എന്റെ ഭാഗ്യം.എന്റെ തീരുമാനങ്ങൾക്ക് നീയും
എന്റെ കൂടെ നിൽക്കുന്നത് കൊണ്ടല്ലേ ഇന്ന് നമ്മൾ സന്തോഷത്തോടെ കഴിയുന്നത്..”

മറ്റൊരാൾക്ക്‌ കൊടുക്കുന്നത് ഒരു മിഠായി ആണങ്കിൽ പോലും തെളിവാർന്ന മനസ്സോടെ വേണം കൊടുക്കാൻ. പറയുന്നതിനോടപ്പം വല്ലാത്തൊരു ആനന്ദത്തോടെ അവനവളെ നെഞ്ചോട് ചേർത്തു ..

“ഉമ്മച്ചിയെ ഇങ്ങോട്ട് നോക്കിയേ..” അതുവരെ കരഞ്ഞ് കൊണ്ടിരുന്ന അസ്മയുടെ മക്കളുടെ മുഖത്ത് പൂന്നിലാവുദിച്ചത് പോലെ പ്രകാശം പരന്നു…

പുത്തനുടുപ്പിട്ട സന്തോഷം കൊണ്ട് അവർ തുള്ളിച്ചാടി. എല്ലാം ഒരു സ്വപ്നം പോലെ അസ്മ നോക്കി നിന്നു..

രണ്ട് വീട്ടുകാരും ഒരുമിച്ച് സന്തോഷത്തോടെ പെരുന്നാൾ നമസ്‌ക്കാരത്തിന് പള്ളിയിലേക്ക് പുറപ്പെട്ടു..

ഓരോ ചുവട് മുൻപോട്ടു വയ്ക്കുമ്പോഴും പളുങ്ക് മണി പോൽ ചൊടിയിൽ തക്ബീറിൻ്റെ ഈരടികൾ ഒഴുകിക്കൊണ്ടിരുന്നു.!