ഒരുപക്ഷേ തന്റെ ഭാര്യയുടെ സൗന്ദര്യം ആസ്വദിക്കാൻ പോലും ഇന്ന് നിന്റെ ഭർത്താവിന് സാധിക്കുന്നുണ്ടാവില്ല… നാളെ..

(രചന: Amee Bella Ganiz)

കൂ…..

പെട്ടെന്നുള്ള കുക്കറിന്റെ വിസിൽ ശബ്ദം കൂകി വിളിക്കുന്നത് കേട്ടിട്ടാണ് നീതു ആലോചനയിൽ നിന്നും ഞെട്ടി യാഥാർത്ഥ്യത്തിലേക്ക് വന്നത്. അല്ലെങ്കിലും ഇതിപ്പോൾ പതിവുള്ള ഒരു കാര്യമാണ് കാര്യമായിട്ട് എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് വിരുന്നുവരുന്ന ആലോചന…. എന്നിട്ടോ അന്തവും കുന്തവും ഇല്ലാതെ എന്തൊക്കെയോ ആലോചിച്ചു കൂട്ടി കുറേനേരം അങ്ങനെ നിന്നു പോകും..
എന്തിനെക്കുറിച്ചാണ് താൻ ഇങ്ങനെ കാര്യമായ ആലോചിക്കുന്നത് എന്നുപോലും നീതുവിനു മനസ്സിലായിട്ടുണ്ടാവില്ല.

അനിയന്ത്രിതമായ ചിന്തകൾ അവൾക്കുമേൽ ആധിപത്യം സ്ഥാപിക്കാൻ വെമ്പുന്ന പോലെ….!!

തല ഒന്ന് കുലുക്കി ഇതിപ്പോൾ എത്രാമത്തെ വിസിലാണ് വന്നത് എന്നുപോലും മനസ്സിലാവാതെ അവൾ ഒന്ന് അന്തളിച്ചു.

“ഓ അല്ലെങ്കിൽ ഇപ്പൊ ഒരു വിസിൽ കൂടി വന്നു എന്ന് വിചാരിച്ചിട്ട് എന്തുവാ…. ചിക്കൻ ഒരു ഇത്തിരി കൂടെ വേവും… എങ്ങനെ വെച്ചാലും കണക്ക് തന്നെ…”

നീതു അവളോട് തന്നെ സംസാരിച്ച് ബാക്കി പണിയിലേക്ക് മുഴുകിപ്പോയി..

നമ്മുടെ കഥാനായക നീതു ഒരു കുടുംബിനിയാണ്. അവളുടെ ലോകം തന്നെ ആ കുഞ്ഞു വീടും അവളുടെ മക്കളും ഭർത്താവും അടങ്ങിയതാണ്..

രാവിലെ തന്നെ പിള്ളേരെയും അവളുടെ കെട്ടിയോൻ ദാസനെയും ജോലിക്കും പള്ളിക്കൂടത്തിലും വിട്ടതിനുശേഷം ഉള്ള കലാപരിപാടികൾ ആണ് നമ്മൾ നേരത്തെ കണ്ടത്.

ഒരു ചിക്കൻ കറിയും കൂടെ വെച്ച് കഴിഞ്ഞാൽ അവളുടെ ഇന്നത്തെ ജോലി ഏകദേശം തീരും.

അല്ലെങ്കിലും ജോലിഭാരം ഇങ്ങനെ നീണ്ടുപോകുന്നത് ഇടക്കിടക്ക് അവൾ അവളുടെതായ ഒരു ലോകത്തേക്ക് ചിന്തിച്ച് ചിന്തിച്ച് കാട് കയറുമ്പോഴാണ്…

അടുക്കള ജോലിയെല്ലാം ഒതുക്കി ഉച്ചത്തേക്കുള്ള ചോറും കറിയും എല്ലാം കാലമാക്കി ഒരു ചെറു പുളിയെല്ലാം പാസാക്കി നീതു വെറുതെ സോഫയിൽ വന്നിരുന്നു….

ഇനി എന്താണ് ചെയ്യാനുള്ളത് എന്ന് വെറുതെ അവൾ ആലോചിച്ചു… ഇല്ല ഒന്നുമില്ല എല്ലാം തീർത്തു വച്ചിട്ടാണ് ഞാൻ ഇവിടെ ഇരിക്കുന്നത്… ചിന്തകൾ അല്ലാതെ ഇന്ന് തനിക്ക് മറ്റൊന്നും കൂട്ടില്ല എന്നുള്ള സത്യം അവൾ വിഷമത്തോടെ മനസ്സിലാക്കി…

അലക്ഷ്യമായ ചിന്തകളും ഒരർത്ഥത്തിൽ നമുക്ക് കൂട്ടു തന്നെയാണല്ലോ ….

വെറുതെ സോഫയിൽ ചാരികിടന്ന് നീതു തന്റെ ചുറ്റിലും ഒന്ന് കണ്ണോടിച്ചു.. ഈ വീട് തനിക്ക് അത്രമേൽ പ്രിയപ്പെട്ട തല്ലേ.. ഈ വീട്ടിലുള്ളതെല്ലാം എന്റെ ഇഷ്ടത്തിന് വാങ്ങിയതാണല്ലോ എന്ന് അവൾ അത്ഭുതത്തോടെ അഭിമാനത്തോടെയും മനസ്സിൽ ഓർത്തു… സോഫയും അവൾക്കു വേണ്ടി മാത്രം അവളുടെ ദാസേട്ടൻ വാങ്ങിക്കൊടുത്ത ഊഞ്ഞാലും അവൾക്ക് വേണ്ടി അവളുടെ ഇഷ്ടങ്ങൾ തിരിച്ചറിഞ്ഞ് ആ ലിവിങ് റൂമിന്റെ ഒരു ചുമരും മൊത്തം ലൈബ്രറിയെ തോന്നിപ്പിക്കുന്ന ഭംഗിയിൽ പണിത ഒരു ബുക്ക് ഷെൽഫും അതിൽ തന്റെ ഇഷ്ടപ്പെട്ട നിരവധി പുസ്തകങ്ങളും തൊട്ടടുത്ത ഒരു മ്യൂസിക് പ്ലെയറും ഇരുന്നു വായിക്കാൻ ഒരു ഈസി ചെയറും എന്തിന് ഈ വീട്ടിലെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ പോലും തന്റെ ഇഷ്ടത്തിന് മാത്രമല്ലേ സെറ്റ് ചെയ്തിട്ടുള്ളത് എന്ന് അവൾ ആലോചിച്ചു പോയി. എന്നിട്ടും എന്താണ് ഇഷ്ടമുള്ള കാര്യങ്ങൾ ഒന്നും ചെയ്യാതെ താൻ എപ്പോഴും ചിന്തകൾക്കു പുറകെ മാത്രം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്…

എന്തൊക്കെയോ തനിക്ക് മിസ്സ് ചെയ്യുന്നുണ്ടോ…!

എത്രകാലമായിട്ട് താനി വീടിനകത്ത് തന്നെയാണെന്ന് ഒരു നിമിഷം മനസ്സിലേക്ക് കയറിവന്നു. കല്യാണം കഴിഞ്ഞ് ഒന്നൊന്നര വർഷം മാത്രമേ ദാസേട്ടന്റെ കുടുംബത്തോടൊപ്പം താമസിച്ചിട്ടുള്ളൂ. അത്രയും കഴിഞ്ഞപ്പോഴേക്കും ദാസേട്ടൻ സ്വന്തമായി ഒരു വീട് വച്ചിരുന്നു. ഇവിടെ നിന്ന് തന്നെയാണ് രണ്ടു മക്കളും ജനിച്ചത്. മക്കളും ദാസേട്ടനും മാത്രമുള്ള ഈ കുഞ്ഞു ലോകത്തുനിന്ന് ഒരിക്കൽപോലും താൻ തന്നെ വീട്ടിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്നില്ലേ..?

താൻ ജനിച്ചു വളർന്ന അച്ഛനും അമ്മയും ഏട്ടനും അടങ്ങുന്ന സോപാനം എന്ന തന്റെ വീട്. ഇന്ന് ഒന്നും ചെയ്യാൻ ഇല്ലാതെ അല്ലെങ്കിൽ ഒന്നും ചെയ്യാൻ തോന്നാതെ യാന്ത്രികത മാത്രമായി മാറുന്ന തന്റെ ജീവിതത്തെ നെടുവീർപ്പോടെ അവൾ ഒന്ന് ആലോചിച്ചു. അന്ന് ഒന്നും ചെയ്യാൻ സമയം മതിയാകാതെ വരുമായിരുന്നു. ഡാൻസും പാട്ടും എഴുത്തും വായനയും അച്ഛനും അമ്മയും എല്ലാം അടങ്ങുന്ന തന്റെ ലോകത്തെ താൻ എന്തുകൊണ്ട് മനപ്പൂർവ്വം മറവിയിലേക്ക് തള്ളിവിട്ടു..

ഇന്ന് തന്റെ ചുറ്റിലും ഇരിക്കുന്ന പുസ്തകങ്ങൾ തന്നെ നോക്കി പല്ലു ഇളിക്കുന്ന പോലെ നീതുവിനെ തോന്നി….
അതിൽ ഒരെണ്ണം പോലും തന്റെ കയ്യിലെടുത്ത് വായിക്കാനും തലോടാനും പുസ്തകത്താളുകളിലെ ഗന്ധം ആസ്വദിക്കാൻ പോലും തനിക്ക് കഴിയുന്നില്ലല്ലോ…. തന്റെ ഇഷ്ടങ്ങളെല്ലാം അത്രമേൽ അന്യമായി കൊണ്ടിരിക്കുകയാണ്.. ഭീതിയുടെയാണ് നീതു ആ സത്യം മനസ്സിലാക്കിയത്.

പണ്ടെല്ലാം നാട്ടിലെ പൊതു വായനശാലയിൽ നിന്നും ഏട്ടൻ വാങ്ങിക്കൊണ്ടുവരുന്ന പുസ്തകങ്ങളെല്ലാം ആർത്തിയോടെയാണ് വായിച്ചുതീർത്തിരുന്നത്. എപ്പോഴും വായിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മ വഴക്ക് പറയുന്നതും അമ്മ കാണാതെ ഒളിഞ്ഞിരുന്ന് വായിക്കുന്നതും എല്ലാം അവൾ പുഞ്ചിരിയോടെ ഓർമിച്ചു.. ഇന്നും വീട്ടിൽ തന്നെ അമ്മ ജീവിക്കുന്നില്ലേ.. എന്തുകൊണ്ട് ഒരു ദിവസം അമ്മയ്ക്ക് വേണ്ടി മാറ്റിവയ്ക്കാൻ സാധിക്കുന്നില്ല… അന്നത്തെപ്പോലെ എന്തുകൊണ്ട് തന്റെ ഏട്ടൻ ഒപ്പം പോയി ഒരു ദിവസം താമസിച്ച് തല്ലു പിടിക്കാൻ തോന്നുന്നില്ല…
അച്ഛന്റെ മടിയിൽ ചേർന്നിരുന്ന് കെട്ടിപ്പിടിച്ച് അച്ഛന്റെ കുഴമ്പിന്റെ ഗന്ധം ആസ്വദിക്കാൻ എനിക്ക് സാധിക്കുന്നില്ല…

അത്രമേൽ തനിക്ക് പ്രിയപ്പെട്ടതെല്ലാം അന്യമാക്കി വയ്ക്കാൻ എന്തിനു താൻ മുതിർന്നു…?

അതെ ഒറ്റപ്പെടലിന്റെ ഈ തടവറ ആരും എനിക്ക് വേണ്ടി സൃഷ്ടിച്ച തന്നതല്ല… ഇത് ഞാൻ സ്വയം തിരഞ്ഞെടുത്തതാണ്. അതിന്റെ ഭീകരതയായിരുന്നു ഓരോ ദിവസവും പിന്നിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുന്ന അകാരണമായ ചിന്തകൾ…

ഇനിയെങ്കിലും ആ ചിന്തകളുടെ കണ്ണികൾ ആ ബന്ധനത്തിൽ നിന്നും ഞാൻ സ്വയം വേർപ്പെട്ടില്ലെങ്കിൽ ഒരുപക്ഷേ ഒരിക്കലും എനിക്ക് ഇതിൽ നിന്നും മോചനം ലഭിക്കില്ല… ഉൾവലിഞ്ഞു ഉൾവലിഞ്ഞു ഒടുവിൽ എനിക്ക് എന്നെ തന്നെ നഷ്ടമാകുമെന്ന് ഭയത്തോടെ നീതു മനസ്സിലാക്കി.

എല്ലാം കൈവിട്ടു പോകുന്ന നിമിഷം ഒരുപക്ഷേ തനിക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്ന തന്റെ മക്കളും ദാസേട്ടനും പോലും തന്നിൽ അകന്നുപോയേക്കാം….

ഇടയ്ക്കെല്ലാം തരിപ്പടിച്ച് അന്തംവിട്ട് നിൽക്കുന്ന എന്നെ ചേർത്തു കെട്ടിപ്പിടിച്ച് ദാസേട്ടൻ ചോദിക്കുമായിരുന്നു
“എന്താടോ താൻ ഇത്രയ്ക്കും ആലോചിച്ച് കൂട്ടുന്നത്….”

ദാസേട്ടന്റെ ആ ചോദ്യ കേട്ടിട്ടാവും എന്തിനാണ് ചിന്തിക്കുന്നത് എന്നുപോലും മനസ്സിലാക്കാതെ ചിന്തിച്ചു കൊണ്ടിരുന്ന ഞാൻ ബോധത്തിലേക്ക് തിരിച്ചു വന്നിരുന്നത്…

നീതു ശക്തമായി തലകുടഞ്ഞു… അവൾ അവളുടെ മുറിയിലുള്ള അവൾക്കു വേണ്ടി മാത്രം സെറ്റ് ചെയ്തിരിക്കുന്ന മനോഹരമായ ഡ്രസ്സിംഗ് ടേബിളിലെ കണ്ണാടിയിൽ അവളുടെ പ്രതിച്ഛായ നോക്കി നിന്നു.

താനിപ്പോൾ ധരിച്ചിരിക്കുന്ന ഈ നൈറ്റി പോലും അതിന്റെ കളർ പോലും തിരിച്ചറിയാതെ അല്ലേ തൻ ധരിച്ചത്!
അതെ….!

വീണ്ടും സൂക്ഷ്മമായി അവളാ കണ്ണാടിയിലേക്ക് നോക്കിയപ്പോൾ അവളുടെ പ്രതിബിംബം അവളുടെ തന്നെ സംസാരിക്കാൻ ആരംഭിച്ചു…

” ഞാൻ തന്നെയാണ് നീ…
നീ തന്നെയാണ് ഞാൻ…. എനിക്ക് നിന്നോട് ഒരുപാട് പരിഭവമുണ്ട് കാരണമെന്താണെന്ന് അറിയുമോ…?
എന്തിനുവേണ്ടിയിട്ടായിരുന്നു നീ മനപ്പൂർവ്വം എന്നെ മറന്നത്…? നിന്റെ ഇഷ്ടങ്ങളും… സന്തോഷങ്ങളും…. സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം എന്തിനു വേണ്ടിയിട്ടാണ് നീ മനപൂർവം മറവിയിലേക്ക് തള്ളിയെറിഞ്ഞത്… കേവലം നഗ്നത മറയണം എന്ന ആഗ്രഹത്തോടെ മാത്രമല്ലേ നീ നിന്റെ ശരീരത്തിലേക്ക് ഒരു തുണി ചേർക്കുന്നത്.. നിന്റെ ഭംഗി പോലും നീ മറന്നിരിക്കുന്നു… പണ്ടെല്ലാം നിബിഡമായ നിന്റെ മുടി അഴിച്ചിട്ട് മനോഹരമായ ദാവണിയുടുത്ത് കാലിൽ വെള്ളി കൊലുസണിഞ്ഞ് കയ്യിൽ നിറയെ കൂപ്പി വള അണിഞ്ഞു കഴുത്തിൽ മുത്തു മാല അണിഞ്ഞ് കണ്ണെല്ലാം കണ്മഷികൊണ്ട് നീട്ടി വരച്ച് നെറ്റിയിൽ കുങ്കുമ പൊട്ടിട്ട് ഏറെ സുന്ദരിയായി നടന്നിരുന്ന നീ നിന്നെ തന്നെ ഒന്നു ഇപ്പോൾ നോക്കിക്കേ..!”

നീതുവിന്റെ പ്രതിബിംബം വീണ്ടും തുടർന്നു…

“മനപ്പൂർവ്വം അല്ലേ നീ നിന്നിലേക്ക് തന്നെ ഉൾവലിഞ്ഞു കൊണ്ടിരിക്കുന്നത്..? ഈ ജീവിതം വളരെ ക്ഷണികമായ കാലയളവിൽ ഉള്ളതല്ലേ… എന്തിനുവേണ്ടിയിട്ടാണ് സ്വന്തം സന്തോഷങ്ങൾ തല്ലിക്കെടുത്തി എന്തിനോ വേണ്ടി ജീവിക്കുന്നത്…? ഇനി ആഴത്തിൽ മനസ്സിലാക്കുന്ന ഒരു ഭർത്താവിനെയും മക്കളെയും അല്ലേ നിനക്ക് ലഭിച്ചത്… യാന്ത്രികത നിന്നിൽ ഏറിയപ്പോൾ വെറും മക്കളുടെയും ഭർത്താവിനെയും കാര്യം മാത്രം ചെയ്തു മുൻപോട്ടു പോകാൻ ശ്രമിച്ചപ്പോൾ നീ നിന്നെ തന്നെ മറന്നു പോയി നീതു… ഒരുപക്ഷേ തന്റെ ഭാര്യയുടെ സൗന്ദര്യം ആസ്വദിക്കാൻ പോലും ഇന്ന് നിന്റെ ഭർത്താവിന് സാധിക്കുന്നുണ്ടാവില്ല… നാളെ വിഷാദരോഗത്തിന്റെ പടുകുഴിയിൽ വീണ് നിന്റെ ജീവിതം അവസാനിക്കുമ്പോൾ അതിനും കാരണക്കാരൻ ചിലപ്പോൾ ആ സാധു മനുഷ്യനായി തീരും… അമ്മയില്ലാത്ത രണ്ടു മക്കളും ബാക്കിയാവും… ചിന്തിക്കു നീതു… എന്നിട്ട് നിറമുള്ള നിന്റെ ആ നല്ല കാലത്തെ തിരിച്ചുവിളിക്ക്..നീ നീയായിരിക്കു…. ഈ വീടിനുള്ളിലെ മാസ്മരിക ലോകത്തിൽ നിന്നെ തളച്ചിടാതെ.. നിന്റെ ഉള്ളിൽ വളർന്നിരുന്ന നിന്റെ സ്വപ്നമായ അധ്യാപനം എന്ന ജോലി യെ നേടൂ… ഈ കുടുംബത്തിനും സമൂഹത്തിനും എല്ലാം മാതൃകയായി മാറാൻ നിനക്ക് സാധിക്കും… ഈ നിലക്കണ്ണാടി പോലും നിന്റെ ഐശ്വര്യം കൊണ്ട് വേണം നിറയാൻ… നീ നിനക്ക് തന്നെ വാക്ക് നൽകുനീതു….”

ഇത്രയും ഞെട്ടലോടെയാണ് നീതു കേട്ടിരുന്നത്….
അവളിൽ നിന്നും വന്ന വാക്കുകൾ അവൾക്കു തന്നെ വിശ്വസിക്കാൻ സാധിച്ചില്ല….

അതെ മാറണം…
എന്നെ മാറ്റണം….!

ഒന്നും ആലോചിക്കാതെ അവൾ നേരെ ബാത്റൂമിലേക്ക് പോയി.. കുറെ നേരം അവളുടെ തല ശവറിന് താഴെ നിന്നു നനച്ചു…

ശേഷം ദേഹം എല്ലാം തുടച്ച് അലമാരയ്ക്കു മുന്നിലെത്തി അത് തുറന്നു അവൾക്ക് ഏറെ ഇഷ്ടമുള്ള ഒരു സാരി എടുത്തു. അത് ഭംഗിയായി ഞൊറിഞ്ഞു ഉടുത്ത് കയ്യിൽ രണ്ടു വളയണിഞ്ഞു… ഒത്തിരി കാലമായി ഒരു മിനുക്ക് പണിയും ചെയ്യാത്ത അവളുടെ മുഖം അവൾ ഒന്ന് നോക്കി…. എന്നിട്ട് പുഞ്ചിരിയോടെ സീമന്തരേഖയെ ചുമപ്പിച്ചു. കണ്ണിൽ കണ്മഷി കറുപ്പിച്ചു നീട്ടി എഴുതി. മനോഹരമായ ഒരു പൊട്ട് നെറ്റിയിൽ വച്ചു. അല്പം ലിപ്ബം ചുണ്ടിൽ പുരട്ടി. കറുത്തു ഇടതൂർന്നു നീളമുള്ള അവളുടെ കാർകൂന്തൽ അവൾ അഴിച്ചിട്ടു. അവളുടെ കാലിൽ എന്നോ അലമാരയിൽ അഴിച്ചുവെച്ച സ്വർണ്ണ കൊലുസ് എടുത്ത് അണിഞ്ഞു.

കോളിംഗ് ബെൽ കേട്ടിട്ടാണ് കണ്ണാടിയിൽ നിന്നും നീതു സ്വന്തം മുഖം തിരിച്ചത് തന്നെ!

അതെ തന്റെ ദാസേട്ടൻ വന്നിരിക്കുന്നു….

നിറപുഞ്ചിരിയോടെ അവൾ വാതിലിന്റെ അടുത്തേക്ക് ചെന്നു. വാതിൽ തുറക്കുന്നതും കാത്ത് പുറംതിരിഞ്ഞുനിന്ന ദാസൻ കതക് തുറക്കുന്ന ശബ്ദം കേട്ട് മുൻപിലേക്ക് നോക്കി.

സ്ഥിരം കാഴ്ച പ്രതീക്ഷിച്ച ദാസനു തെറ്റി
താൻ കല്യാണം കഴിക്കാൻ ഒരുങ്ങിയ സമയത്തുള്ള പഴയ നീതുവിനെ ദാസൻ ഞെട്ടിപ്പോയി…

കുങ്കുമ ചുവപ്പു നിരത്തോട് കൂടിയ മനോഹരമായ സാരിയിൽ ഒരു നവ വധുവിനെപ്പോലെ നീതു തിളങ്ങി നിന്നു. അവനെ ഏറെ സന്തോഷിപ്പിച്ചത് അവളുടെ കണ്ണുകൾ കണ്ടിട്ടായിരുന്നു… കറുപ്പിച്ച് എഴുതിയ കണ്ണുകൾ എത്രയോ കാലം കഴിഞ്ഞിട്ടാണ് ദാസൻ കാണുന്നത്… അവൻ അത്രമേൽ പ്രിയമായതും അവളുടെ കണ്ണുകൾ തന്നെയായിരുന്നു… എന്തോ തന്റെ ഭാര്യയുടെ ഈ നല്ല മാറ്റം കണ്ട് അവന്റെ ഉള്ളിൽ നിറഞ്ഞു..

അല്ലെങ്കിലും തനിക്കും മക്കൾക്കും വേണ്ടി അവൾ സ്വയം മറന്നു ജീവിക്കുന്നതിന് ദാസനെതിരായിരുന്നു.. എത്രയോ പ്രാവശ്യം അവളെ സ്നേഹത്തോടെ ഇങ്ങനെ ഒരു മാറ്റത്തിനുവേണ്ടി അവൻ ശാസിച്ചിരുന്നു.. അന്നൊന്നും ഇല്ലാത്ത ഒരു മാറ്റം ഇന്ന് അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് മാറിയപ്പോൾ സന്തോഷം കൊണ്ട് ദാസിന്റെ കണ്ണ് നിറഞ്ഞു.

തന്നെ തന്നെ നോക്കി തറഞ്ഞു നിൽക്കുന്ന ദാസനെ കുളിച്ചു വിളിച്ച് നീതു ചോദിച്ചു…

” ഇതെന്താപ്പോ ഇങ്ങനെ നോക്കാൻ ഭക്ഷണം കഴിക്കേണ്ട അകത്തേക്ക് വരുന്നില്ലേ… ”

പുഞ്ചിരിയോടെ തന്നോട് സംസാരിക്കുന്ന നീതുവിനെ വീണ്ടും കൺ നിറച്ച് നോക്കി മറുപടിയൊന്നും പറയാതെ പരിസരം പോലും മറന്നു ഗാഢമായി ഒന്ന് ചേർച്ച് കെട്ടിപ്പിടിച്ചു പോയി ദാസ്. തന്റെ ഭാര്യയുടെ ഈ നല്ല മാറ്റത്തെ ഏറെ ആഗ്രഹിച്ചിരുന്ന ദാസിന്റെ ഒരിറ്റു കണ്ണുനീർ അവളുടെ മൂർദ്ധാവിൽ വീണു. ഒന്നുകൂടി അവളെ ചേർത്തുപിടിച്ച് അവളുടെ തിരുനെറ്റിയിൽ ആയി അവനൊന്നും മുത്തി. അവളുടെ മുഖം വീണ്ടും തന്നോട് ചേർത്തു പിടിച്ച് ആ രണ്ട് കണ്ണുകളിലും അവൻ ഉമ്മ വച്ചു…

ഇനിയൊരിക്കലും നീ നിന്നിലേക്ക് നിന്നെ മറന്ന് വലിയരുതെ എന്ന് പറയാതെ അവൻ അവളോട് പറഞ്ഞുകൊണ്ടിരുന്നു….

ശബ്ദമില്ലാതെ മൗനമായി അവർ രണ്ടുപേരും പരസ്പരം സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു…

എന്തുമാത്രം തന്റെ ദാസേട്ടൻ ആഗ്രഹിച്ചിരുന്നുവെന്ന് ആ ഒരു നിമിഷം മതിയായിരുന്നു മനസ്സിലാക്കാൻ…

ഇനിയൊരിക്കലും അന്ധകാരം നിറഞ്ഞ ഏകാന്തതയിലേക്ക് തന്റെ ഈ ലോകത്തെ മറന്ന് പൂവില്ല എന്ന് അവൾ അവളോട് തന്നെ വാക്ക് നൽകി…

ശുഭം..