ഇന്നെനിക്ക് ഒരു മൂഡില്ല.” അല്ലെങ്കിലും നീയെന്ന ഇങ്ങോട്ട് താല്പര്യം കാണിച്ചു വന്നിട്ടുള്ളത്..

(രചന: ഹേര)

“നിനക്കൊന്ന് എന്നെ കെട്ടിപ്പിടിച്ചാൽ എന്താ സുമി.

“നിങ്ങക്ക് വേറൊന്നും പറയാനില്ലേ. ഇന്നെനിക്ക് ഒരു മൂഡില്ല.

“അല്ലെങ്കിലും നീയെന്ന ഇങ്ങോട്ട് താല്പര്യം കാണിച്ചു വന്നിട്ടുള്ളത്.

“ഞാൻ അങ്ങോട്ട്‌ വന്നില്ലെങ്കിലും നിങ്ങൾ ഇങ്ങോട്ട് വരുന്നതിനു കുറവൊന്നുമില്ലല്ലോ.

“ഓ അപ്പോ ഞാൻ വരുന്നതാണ് കുറ്റം.

“നിങ്ങളോട് തർക്കിക്കാൻ ഞാനില്ല. എനിക്ക് ഉറക്കം വരുന്നു. രാവിലെ മുതൽ ഓടി നടന്ന് പണിയെടുത്തു നടു ഒടിഞ്ഞു മനുഷ്യന്റെ. ഒന്ന് കിടന്ന മതിയെന്ന് കരുതി വരുമ്പോഴാ അയാളെയൊരു കിന്നാരം.

“ഞാനും ജോലി ചെയ്ത് തളർന്നു തന്നെയാ വീട്ടിലേക്ക് വരുന്നത്. നിന്നെ പോലെ ഏത് നേരോം വയ്യേ വയ്യേ എന്ന് ജപിച്ചോണ്ട് നടക്കുന്നില്ലന്നെ ഉള്ളു. ഈ വേദനയും ക്ഷീണവും എല്ലാവർക്കും ഉള്ളത് തന്നെയാ.

“നിങ്ങക്ക് പിന്നെ ഓഫീസിൽ പോയാൽ മല മറിക്കണ പണിയല്ലേ. ആ എസിയിൽ ഇരുന്ന് കമ്പ്യൂട്ടർ ൽ തോണ്ടാലല്ലേ നിങ്ങളെ പണി.

“വിവരമില്ലാത്ത നിന്നോടു ന്ത്‌ പറഞ്ഞിട്ടും കാര്യമില്ല. നിനക്ക് നിന്റെ ജോലികൾ മാത്രം ആണല്ലോ വലുത്.

“ആ അങ്ങനെയാന്ന് കൂട്ടിക്കോ.

“ശരി സമ്മതിച്ചു.

“എങ്കിൽ മിണ്ടാതെ കിടന്ന് ഉറങ്ങാൻ നോക്ക്.

“നീയെന്താ സുമി ഇങ്ങനെ.

“എങ്ങനെ?

“ഒന്നും ചെയ്യണ്ട… ഒന്ന് കെട്ടിപിടിച്ചു കിടന്നൂടെ.

“പത്തു വർഷം കെട്ടിപ്പിടിച്ചിട്ടും നിങ്ങക്ക് മതിയായില്ലേ. എനിക്കെങ്ങും വയ്യ.”

സുമി തിരിഞ്ഞു കിടന്നു.

“സുമീ… ഞാനും ഒരു മനുഷ്യനാണ്. ആണാണ്. നിന്നെ പോലെ ആഗ്രഹങ്ങളും വിചാരങ്ങളും വികാരങ്ങളും ഒക്കെ ഉള്ള ഒരു മനുഷ്യൻ.

“അല്ലെന്ന് ഞാനും പറഞ്ഞില്ല.

“നിനക്ക് തമാശ അല്ലെ.

“രാത്രി കിടന്ന് ഉറങ്ങുന്നതിന് പകരം നിങ്ങളിത് എന്തൊക്കെ പിച്ചും പേയുമാ പറയണത്.

“സുമി… എന്നെങ്കിലും നീ എന്റെ ആഗ്രഹം പോലെ നിന്നിട്ടുണ്ടോ. സെക്സിൽ നിനക്ക് മൂഡ് വരാൻ വേണ്ടി നീ ആഗ്രഹിക്കുന്ന പോലെയൊക്കെ ഞാൻ ചെയ്യാറുണ്ട്. പക്ഷേ നീയോ. എന്നെയൊന്നു കെട്ടിപ്പിടിക്കുകയോ സ്നേഹത്തോടെ ശരീരത്തിൽ ചുംബനങ്ങൾ കൊണ്ട് മൂടുകയോ ചെയ്യാറില്ല.

എല്ലാം അങ്ങോട്ട്‌ മാത്രം മതി. നീയെന്നെ ഒന്ന് കെട്ടിപിടിച്ചു ഉമ്മ തന്നെങ്കിൽ എന്നെ തഴുകി തലോടി എങ്കിൽ എന്ന് ഞാനും ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ നീ ചെയ്യില്ല. ഇത് പറഞ്ഞപ്പോഴൊക്കെ നീയെന്നെ കളിയാക്കിയിട്ടേയുള്ളൂ.

“നിങ്ങൾക്ക് വട്ടാ മനുഷ്യ. അല്ലെങ്കിൽ പിന്നെ ഇമ്മാതിരി വർത്താനം പറയോ. നനമാവുന്നില്ലേ നിങ്ങക്ക്.

സുമിക്ക് അസഹ്യത തോന്നി.

“പുരുഷന്മാരാൽ സ്നേഹിക്കപ്പെടാനും ലാളനകൾ ഏറ്റു വാങ്ങാനും സ്ത്രീകൾ കൊതിക്കുന്നത് പോലെ പുരുഷന്മാർ തിരിച്ചും ആഗ്രഹിക്കും. എന്റെ ആഗ്രഹങ്ങൾ ഒക്കെ നിനക്ക് ശല്യം. എന്തായാലും കൂടുതൽ പറഞ്ഞു നിന്നെ ബോർ അടിപ്പിക്കുന്നില്ല.

പുതപ്പ് തല വഴി പുതച്ചു സണ്ണി കണ്ണുകൾ അടച്ചു കിടന്നു. അത്രയും കേട്ടാലെങ്കിലും മനസ്സ് മാറി സുമി തന്നെ വന്ന് കെട്ടിപ്പിടിക്കുമെന്ന് വിചാരിച്ചെങ്കിലും ഒന്നുമുണ്ടായില്ല.

അയാൾ നിരാശയോടെ കിടന്നുറങ്ങി. തുടർന്നുള്ള രാത്രികളിലും അത് തന്നെ ആവർത്തിച്ചു.

ദാമ്പത്യ ജീവിതത്തിന് സുഖം തോന്നണമെങ്കിൽ ഭാര്യയും ഭർത്താവും അതിന് മനസ്സ് വയ്ക്കണം. ഇവിടെ താൻ മാത്രം മനസ്സ് വച്ചിട്ട് കാര്യമില്ലല്ലോ. ഭാര്യയ്ക്ക് കൂടെ തന്നോട് താല്പര്യം തോന്നണ്ടേ എന്ന് അയാൾ ചിന്തിച്ചു.

വിരസമായ കുറെ ദിവസങ്ങൾ അവരുടെ ജീവിതത്തിലൂടെ കടന്ന് പോയി.

ജോലിക്ക് പോയി രാത്രി മടങ്ങി വരുന്നയാൾ അടുക്കളയിൽ ജോലി ചെയ്യുന്ന ഭാര്യയുടെ അടുത്ത് പോയി ഓഫീസിലെ വിശേഷങ്ങൾ പറയാൻ ശ്രമിക്കും. ഒട്ടും താല്പര്യമില്ലാത്ത പോലെ അവൾ മൂളി കേൾക്കുമ്പോ അയാൾക്ക് തന്നെ മടുപ്പ് തോന്നും. താൻ എന്തെങ്കിലും സഹായിക്കണോ എന്ന് ചോദിച്ചാൽ ഞാൻ ചെയ്താലേ ശരിയാവു നിങ്ങൾ ചെയ്താൽ ശരിയാവില്ലെന്ന് പറഞ്ഞ് സുമി അയാളെ അവഗണിക്കും.

ഇത്രയൊക്കെ ആയപ്പോൾ സണ്ണിക്ക് മടുപ്പായി. സുമിക്ക് അവളുടെ ഇഷ്ടത്തിന് അവളുടേതായ ലോകത്ത് ജീവിക്കണം. മക്കളെ നോക്കി വീട്ട് ജോലി ചെയ്ത് അവൾ കഴിഞ്ഞു കൂടി. അവർക്ക് എല്ലാം മുറ പോലെ ചെയ്ത് കൊടുക്കാൻ അയാൾക്ക് ജോലിക്ക് പോണം. ശമ്പളം കിട്ടുമ്പോൾ തന്റെ ചിലവിനുള്ളത് എടുത്തിട്ട് ബാക്കി അയാൾ ഭാര്യയ്ക്ക് കൊടുക്കും. സുമിക്ക് അയാളിൽ നിന്ന് വേണ്ടത് അത് മാത്രമാണ്.

വീട്ടിലെത്തിയാൽ മക്കൾ പഠിക്കാൻ ഇരിക്കേം ഭാര്യ അടുക്കളയിൽ ജോലി ചെയ്യുകയും ചെയ്യുന്നതിനാൽ സണ്ണിക്ക് ഇഷ്ടം പോലെ സമയം ഉണ്ട്. സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് അല്ലാതിരുന്ന അയാൾ പതിയെ എല്ലാത്തിലും സജീവമായി.

ആ ലോകത്ത് സണ്ണിക്ക് പെണ്ണ് സുഹൃത്തുക്കളെ കിട്ടി. തന്നെ മനസ്സിലാക്കുന്ന ഒത്തിരി പേര്. അതിൽ ഒരുവളോട് സണ്ണിക്ക് പ്രണയവും തോന്നി. അവൾക്ക് തിരിച്ചും. ഇരുവരും പരസ്പരം നന്നായി അടുത്തു. ശരീരം പങ്ക് വയ്ക്കുന്ന തലത്തിൽ ആ ബന്ധം വളർന്നു.

തന്നെ വേണ്ടാത്ത ഭാര്യയെ മെല്ലെ മെല്ലെ സണ്ണി മറന്നു. തനിക്കായി ഒരുവളെ കിട്ടിയപ്പോൾ ഭാര്യയുമായുള്ള ശാരീരിക ബന്ധവും നിന്നു.

പഴയത് പോലെ പരാതി പറച്ചിലോ പരിഭവമോ ഒന്നുമില്ലാതെ സണ്ണി സ്വന്തം കാര്യം നോക്കി ഫോണിൽ തോണ്ടി കിടന്നുറങ്ങന്നത് സുമിയെ ബാധിച്ചു തുടങ്ങി.

“നിങ്ങൾക്ക് എന്നോട് സ്നേഹമില്ല. പഴയ അടുപ്പമില്ല. ഇപ്പോൾ ഏത് നേരവും ഫോണിൽ തോണ്ടി ഇരിപ്പാണ്” എന്ന് പറഞ്ഞ് അവൾ പരാതി പറച്ചിൽ തുടങ്ങി. സണ്ണി അതിനൊന്നും കാര്യമായ പ്രസക്തി നൽകിയില്ല. അതവൻ കേട്ട മട്ട് കാണിച്ചുമില്ല.

ഒരിക്കൽ സുമി കാണിച്ച അവഗണനയും അകൽച്ചയും തിരികെ കിട്ടാൻ തുടങ്ങിയപ്പോഴാണ് സണ്ണി അനുഭവിച്ച വിഷമം അവൾ മനസ്സിലാക്കാൻ തുടങ്ങിയത്. പക്ഷേ ഒത്തിരി വൈകിപ്പോയി. സണ്ണി പൂർണമായും മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഭാര്യയിൽ നിന്ന് അകന്ന് പോയിരുന്നു.

ഇനിയൊന്നും പഴയത് പോലെ ആവില്ല. ചേർത്ത് പിടിക്കേണ്ട സമയത്ത് ചേർത്ത് പിടിക്കണം. കൊടുക്കേണ്ട സ്നേഹവും കരുതലും പങ്കാളിക്ക് പറയാനുള്ളതും കേൾക്കാൻ തയ്യാറായില്ലെങ്കിൽ അവരും മാറും. പിന്നെ യുള്ള ജീവിതം വെറും കടമ തീർക്കൽ മാത്രമായി പോവും.

സുമിക്കിപ്പോൾ പരാതികൾ മാത്രേ പറയാൻ ഉള്ളു. ഇടയ്ക്കിടെ ഇരുവരും അതേ ചൊല്ലി വഴക്കാവും. വീട്ടിൽ സമാധാനം കിട്ടാതെ പല രാത്രികളിലും അയാൾ കാമുകിയുടെ ഫ്ലാറ്റിൽ അന്തിയുറങ്ങി. അയാൾ വീട്ടിൽ നിന്ന് പിണങ്ങി പോവാൻ തുടങ്ങിയപ്പോ മുതൽ സുമി പരാതി പറയൽ നിർത്തി.

ഒന്നുമില്ലെങ്കിലും അയാൾ വീട്ടിൽ എങ്കിലും ഉണ്ടാവുമല്ലോ എന്നോർത്ത് സമാധാനിച്ചു അവൾ. ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന രാത്രികളിൽ ഭർത്താവിന്റെ ഒരു ചേർത്ത് പിടിക്കലും തലോടലും സുമി ആഗ്രഹിക്കും. ആഗ്രഹം മനസ്സിലിട്ട് കുഴിച്ചു മൂടി കണ്ണീരോടെ അവൾ നേരം വെളുപ്പിക്കും. ഒരു കട്ടിലിന്റെ ഇരു വശത്തുമായി മക്കൾക്ക് വേണ്ടി രണ്ടുപേരും അഡ്ജസ്റ്റ് ചെയ്ത് ജീവിതം തള്ളി നീക്കി.