ഇവിടെ പറ്റില്ലെങ്കിൽ പുറത്തെവിടെയെങ്കിലും റൂം എടുക്കാം. ചേച്ചി ഒന്ന് സഹകരിച്ചാൽ മാത്രം മതി. പറഞ്ഞു തീർന്നതും അവന്റെ..

(രചന: Unais Bin Basheer)

ഡാ നീ ആ പോകുന്ന പീസിനെ കണ്ടോ.. എന്നാ ഒരു ചരക്കാ അല്ലെ.. രണ്ട് മൂന്ന് ദിവസമായി അവളെ ഞാൻ നോട്ടമിട്ടിട്ട്.
ഇന്ന് ഒന്ന് മുട്ടി നോക്കിയാലോ.

അമ്പലത്തിൽ നിന്നും തൊഴുതുവരുന്ന ശ്രീദേവിയെ കണ്ടപ്പോൾ നന്ദുവിന്റെ രക്തനിന് ചൂട് പിടിച്ചു.
നാട്ടിലെ പ്രമാണിയായ രാഘവൻ നായരുടെ ഒരേയൊരു മകനാണ് നന്ദു.
ബാംഗ്ലൂരിലാണ് പഠിച്ചതും വളർന്നതുമൊക്കെ . ഇപ്പോൾ വെക്കേഷൻ ആഘോഷിക്കാൻ വീണ്ടും തിരികെ നാട്ടിലേക്ക് വന്നതാണ്.
അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച പുലരിയിൽ അമ്പലത്തിലെ ആൽച്ചുവട്ടിലിരുന്ന് കൂട്ടുകാരുമായി സൊറപറയുമ്പോഴാണ് അവൻ തൊഴുതിറങ്ങി വരുന്ന ശ്രീദേവിയെ കാണുന്നത്,

ദേ നന്ദു വേണ്ട ട്ടോ. അവർ അങ്ങനെയുള്ള പെണ്ണൊന്നുമല്ല. എനിക്കറിയാവുന്ന ചേച്ചിയ. നന്ദുവിന്റെ ഉറ്റ സുഹൃത്തായ അമൽ അവനെ തടഞ്ഞു,

ഓ നിനക്കെന്താടാ ആ മുതലിനോട് ഇത്ര അനുകമ്പ,
ഇവൻ ഇങ്ങനെ പലതും പറയും. നീ ചെന്ന് മുട്ടെടാ നന്ദു, പോയാൽ ഒരു വാക്ക്, കിട്ടിയാലോ
കോളടിച്ചില്ലേ.

അമലൊഴികെ ബാക്കിയുള്ള കൂട്ടുകാരെല്ലാം നന്ദുവിന് ധൈര്യം പകർന്നു,

നീ ചെല്ലടാ നിനക്ക് സാദിക്കും. ഇനി എങ്ങാനും പണി പാളിയാൽ തന്നെ ചോദിക്കാൻ ആരും വരില്ല. ആകെ കിടപ്പിലായ ഒരു ‘അമ്മ മാത്രമേ അതിനൊള്ളു. മാത്രമല്ല നിന്റെ അച്ഛനോട് മുട്ടാനുള്ള ധൈര്യമൊന്നും അവൾക്ക് കാണില്ല.
നീ എന്തായാലും ഒന്ന് മുട്ടിനോക്ക്.
അതേടാ നീ ചെന്ന് മുട്ട് അവൾ വാതിൽ തുറന്നു തരും. ഉറപ്പാണ്.

അവർ ഓരോരുത്തരായി നന്ദുവിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു..

അപ്പൊ ഒന്ന് ട്രൈ ചെയ്യാം അല്ലെ. നന്ദു എല്ലാവരോടുമായി ചോദിച്ചു ആൽത്തറയിൽ നിന്നും താഴേക്ക് ഇറങ്ങി ശ്രീദേവി അടുത്തെത്തുന്നതും കാത്തിരുന്നു.

ഇതൊന്നുമറിയാതെ ശ്രീദേവി വീട്ടിലേക്ക് വലിഞ്ഞു ക്കുകയാണ്.
നാളെയാണ് അമ്മയുടെ ഓപ്പറേഷന്റെ ഡേറ്റ്. പക്ഷെ അതിനുള്ള പൈസയൊന്നും ഇതുവരെ തികഞ്ഞിട്ടില്ല,
ഉള്ളതൊക്കെ വിറ്റും കടം വാങ്ങിയും കുറച്ചു പണം എവിടുന്നൊക്കെയോ ശ്രീദേവി തരപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇനിയും വേണം അതിലേറെ.

ഈ ഓപ്പറേഷൻ നടന്നാൽ അമ്മക്ക് എണീറ്റ് നടക്കാനാവും എന്നാണ് ഡോക്ടർ പറഞ്ഞത്, പക്ഷെ അതിനുമുന്നെ ആശുപത്രിയിൽ പൈസ കെട്ടിവെക്കണം. ചോദിക്കാനായിട്ട് ഇനി നാട്ടിൽ ആരുമില്ല. ചോദിച്ചവരിൽ അധികവും കയ്യൊഴിഞ്ഞു, പലർക്കും പണത്തിന് പകരം തന്റെ ശരീരം വേണമെന്നായി. ഓർത്തപ്പോൾ ശ്രീദേവിയുടെ കണ്ണ് നിറഞ്ഞു.
ഇല്ല പട്ടിണി കിടന്ന് മരിക്കേണ്ടി വന്നാലും ഞാനൊരിക്കലും എന്റെ മാനം വിറ്റ് ജീവിക്കില്ല. എന്റെ ദേവിയോട് കരഞ്ഞു പറഞ്ഞിട്ടുണ്ട് ഞാൻ, ദേവി എന്നെ കൈവിടില്ല.
ആരും തുണയില്ലാത്തവർക്ക് ദൈവം ഒരു വഴി തുറന്നുതരും.
സാരിത്തലപ്പുകൊണ്ട് കണ്ണ് തുടച്ചു ശ്രീദേവി നടത്തത്തിന് വേഗത കൂട്ടി.

ശ്രീദേവി അടുത്തെത്തിയതും നന്ദു അവളുടെ മുന്നിലേക്ക് കയറി നിന്നു. പെട്ടെന്ന് ഒരാൾ മുന്നിൽ വട്ടം ചാടി നിന്നപ്പോൾ ശ്രീദേവി ആദ്യമൊന്ന് അമ്പരന്നു,

ചേച്ചി ഒരു കാര്യം ചോദിക്കട്ടെ.
പുഞ്ചിരിച്ചു വളരെ സൗമ്യതയോടെയാണ് നന്ദു തുടങ്ങിയത്.
ശ്രീദേവി ആദ്യമായാണ് നാട്ടിൽ ഇങ്ങനെ ഒരാളെ കാണുന്നത്. അതുകൊണ്ടുതന്നെ കാര്യമെന്താണെന്ന് അറിയാനുള്ള ആകാംഷ ശ്രീദേവിയിലും നിറഞ്ഞു.

എന്താ.. ശ്രീദേവി ചോദ്യഭാവേന അവനെ നോക്കി.

അത്..
എത്രയാ ചേച്ചീടെ റേറ്റ്..

അവന്റെ ചോദ്യം കേട്ടതും ശ്രീദേവി തലക്കടിയേറ്റപോലെ ഒരുനിമിഷം തരിച്ചു നിന്നു.
സ്വബോധം തിരിച്ചെത്തിയപ്പോഴേക്കും അവളിൽ കോപത്തിന്റെ അഗ്നി ജ്വലിച്ചു തുടങ്ങിയിരുന്നു.

ആരും അറിയില്ല ചേച്ചി. എത്രയാണെങ്കിലും പറഞ്ഞോ. ഇനി ഇവിടെ പറ്റില്ലെങ്കിൽ പുറത്തെവിടെയെങ്കിലും റൂം എടുക്കാം. ചേച്ചി ഒന്ന് സഹകരിച്ചാൽ മാത്രം മതി.

പറഞ്ഞു തീർന്നതും അവന്റെ കാരണം നോക്കി ഒരൊറ്റ അടിയായിരുന്നു ശ്രീദേവി. അടിയുടെ ശബ്ദം കേട്ട് നന്ദുവും അവന്റെ കൂട്ടുകാരും ഒരുപോലെ ഞെട്ടി. കൂട്ടുകാരില് പലരും തിരിഞ്ഞോടി,

ചുറ്റമ്പലമായിപ്പോയി അല്ലേൽ ചെരുപ്പുകൊണ്ടായിരുന്നു ശ്രീദേവി ഇതിന് മറുപടി പറയുന്നേ…
തന്റെ നേരെ കൈചൂണ്ടി കത്തിജ്വലിച്ചു നിൽക്കുന്ന ശ്രീദേവി കണ്ട് നന്ദു പേടിച്ചു വിറച്ചു. അവനാദ്യമായിരുന്നു ഇങ്ങനെ ഒരു അനുഭവം.

വീട്ടിലെത്തിയതും ശ്രീദേവി കട്ടിലിൽ കിടന്ന് ഒത്തിരി കരഞ്ഞു,
എന്തൊരു പരീക്ഷണം ആണെന്റെ ദേവി, ഇതിനുമാത്രം എന്ത് തെറ്റാ ഞാൻ നിന്നോട് ചെയ്തത്, ഓരോന്ന് ചിന്തിച്ചു അവൾ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു..

പെട്ടെന്നുള്ള അമ്മയുടെ ചുമ കെട്ടാണ് അവൾ ഞെട്ടി എണീറ്റത്, എന്റെ ഭഗവതീ നേരം പതിനൊന്ന് കഴിഞ്ഞിരിക്കുന്നു, എന്തൊരു ഉറക്കമാ ഞാൻ ഉറങ്ങിയത്,
അവൾ വേഗം എണീറ്റ് അടുക്കളയിലേക്കോടി, അമ്മക്കുള്ള കഞ്ഞി എടുത്തുകൊണ്ടുവന്ന് പതിയെ അമ്മയെ ഊട്ടി.

അതേയ് നാളത്തെ ഓപ്പറേഷൻ കൂടെ കഴിഞ്ഞാൽ പിന്നെ ഇങ്ങനെ കഞ്ഞി കോരിതരാൻ എന്നെ കിട്ടില്ലാട്ടോ.. ഒറ്റക്ക് എടുത്തുകുടിച്ചോളണം പറഞ്ഞേക്കാം. ശ്രീദവി സങ്കടങ്ങളെ മറച്ചുപിടിച്ചു അമ്മക്കുമുന്നിൽ ചിരിതൂകി.

അതൊനൊക്കെ ഒത്തിരി പണം ആവില്ലേ മോളെ.. എവിടുന്നാ.

അതൊന്നും ഓർത്തു ‘അമ്മ സങ്കടപ്പെടേണ്ട ട്ടോ. ‘അമ്മ നല്ല കുട്ടിയായി പോയി വന്നാൽ മാത്രം മതി. ബാക്കിയൊക്കെ ഈ ദേവി കുട്ടി നോക്കിക്കോളാം.

ഇത്രയും കേട്ടപ്പോൾ അവളുടെ അമ്മയുടെ ചുണ്ടിൽ പ്രതീക്ഷയുടെ ഒരു മിന്നലാട്ടം വിരിഞ്ഞു. ഒപ്പം ആനന്ദത്തിൽ കണ്ണുകൾ ഈറനായി.

ശ്രീദേവിക്ക് പക്ഷെ മനസ്സിലെ തിരി അണഞ്ഞിരുന്നില്ല. മുന്നിലുള്ള ഈ ഒരു പകലുകൊണ്ട് ബാക്കി പണം എങ്ങനെ ഉണ്ടാക്കും എന്ന ആതിയായിരുന്നു അവളുടെ മനസ്സ് നിറയെ,
ഫോണെടുത്തു അറിയാവുന്ന എല്ലാ നമ്പറിലേക്കും വിളിച്ചു പക്ഷെ എല്ലാവരും തന്നെ കയ്യൊഴിയുകയാണ്, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

നേരം ഇരുട്ട് വീണ് തുടങ്ങി, പ്രതീക്ഷയെല്ലാം അസ്തമിച്ചിരിക്കുകയാണ്, ഇനി ഏക പ്രതീക്ഷ ദൈവത്തിൽ മാത്രം.
വിളക്കിലെ തിരി തെളിയിച്ചു അവൾ പൂമുഖത്തേക്ക് പതിയെ നടന്നു..
ദീപം… ദീപം..

വിളിയ്ക്കുവെച്ചു തിരിഞ്ഞു നടക്കുമ്പോഴാണ് മുറ്റത്തു ഒരു കാർ വന്ന് നിന്നത്.
തിരിഞ്ഞു നോക്കിയാ ശ്രീദേവി കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് ഞെട്ടി. ഇത്.. ഇതവനല്ലേ. രാവിലെ എന്റെ കയ്യിന്റെ ചൂടറിഞ്ഞവൻ, ഇവനെന്ത ഈ നേരം ഇവിടെ. ഇനി രാവിലത്തെ സംഭവത്തിന് പക വീട്ടാൻ വന്നതാണോ..
ചിന്തയിൽ അപകട സൂചന നിറഞ്ഞ അവൾ , മച്ചിൽ നിന്നും അവൻ കാണാതെ അരിവാൾ എടുത്തു പിന്നിൽ പിടിച്ചു,
ഒന്നുകിൽ അവൻ അല്ലേൽ ഞാൻ. അവൾ ധൈര്യം സംഭരിച്ചു നിന്നു.

നന്ദു അടുത്തേക്ക് വരും തോറും അവളുടെ കയ്യിൽ അരിവാളിന്റെ പിടി മുറുകി. ഉമ്മറപ്പടിക്ക് തൊട്ടുമുന്നെ നടത്തം മതിയാക്കി നിന്ന നന്ദു ആരെയോ കാത്തിരുന്ന പോലെ കാറിലേക്ക് തിരിഞ്ഞു നോക്കി.
ഒരു വേള ശ്രീദേവിയുടെ കണ്ണുകളും ആ കാറിലേക്ക് നീങ്ങി..

അവന്റെ കൂട്ടുകാരെ പ്രതീക്ഷിച്ച ശ്രീദേവി കണ്ടത് കാറിൽ നിന്നും ഇറങ്ങിവന്ന സാക്ഷാൽ രാഘവൻനായരെ ആണ്,

ഇയാൾ… ഇയാൾ ആ ആ രാഘവൻ നായരല്ലേ. നാട്ടിലെ പ്രമാണി, ഇയാളും ഇവനും തമ്മിൽ എന്താ ബന്ധം.
ശ്രീദേവിയുടെ ചിന്തകൾ ഉത്തരം തേടുംമുന്നേ രാഘവൻ നായർ നന്ദുവിന്റെ അടുത്തെത്തിയിരുന്നു.

പേടിക്കണ്ട. പ്രശ്നമുണ്ടാക്കാൻ വേണ്ടി വന്നതല്ല. അകത്തേക്ക് കയറാവോ..
വളരെ താഴ്‌മയോടുള്ള രാഘവൻ നായരുടെ അനുവാദത്തിന് ശ്രീദേവി മൗനം ഉത്തരം നൽകി.

അയാൾ അകത്തേക്ക് കയറി തിണ്ണയിൽ ഇരുന്നു,

മോളെ ഇതെന്റെ മകനാ നന്ദൻ. ബാംഗ്ലൂരിൽ എഞ്ചിനീറിങ്ങിന് പഠിക്കുവാ,
ഇവനെ ഇന്ന് ഒരാൾ അടിച്ചു എന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി..
എന്റെ മകനെ തല്ലാൻ മാത്രം ആർക്കാ ഈ നാട്ടിൽ ധൈര്യം എന്നായിരുന്നു ആദ്യം ചിന്തിച്ചത്. പക്ഷെ അന്വേഷിച്ചപ്പോൾ അറിഞ്ഞു അതൊരു പെണ്ണാണെന്നും അടി അവൻ ചോദിച്ചു വാങ്ങിയതാണെന്നും.

കാര്യം അറിഞ്ഞ ഉടനെ ഇവനോട് ഞാൻ ഒന്നേ പറഞ്ഞൊള്ളു ചെയ്തത് തെറ്റാണെന്ന് തോന്നിയാൽ അങ്ങനെ തോന്നിയാൽ മാത്രം നിന്നെ കണ്ട് വന്ന് മാപ്പ് പറയാൻ. രാഘവൻ നായർ പറഞ്ഞു നിർത്തി

നോക്ക് ചേച്ചി. ഞാൻ ചെയ്തത് വലിയ തെറ്റ് തന്നെയാണ്.
ആ സമയം വേറെ എന്തോ ഒരു ചിന്തയിൽ നിന്നും വന്നുപോയ തെറ്റ്,
ചേച്ചി ക്ഷമിക്കണം, ഇനിയൊരിക്കലും എന്റെ ഭാഗത്തുനിന്ന് അത്തരം തെറ്റുകൾ ഉണ്ടാവില്ല. സോറി.

ഇത്രയും പറഞ്ഞു തന്റെ മുന്നിൽ കൈകൂപ്പി നിൽക്കുന്ന നന്ദുവിനെ കണ്ടപ്പോൾ അറിയാതെ പിന്നിൽ ഒളിപ്പിച്ച അരിവാളിൽ നിന്നും ശ്രീദേവിയുടെ പിടിവിട്ടുപോയി, അവരുടെ മുന്നിലേക്ക് തെറിച്ചു വീണ അരിവാൾ കണ്ടപ്പോൾ രാഘവൻ നായര് ഒന്ന് ചിരിച്ചു.. മനസ്സ് നിറഞ്ഞ ചിരി.

ധൈര്യശാലിയായ പെണ്ണ്. ഇങ്ങനെയാവണം ഓരോ പെൺകുട്ടികളും എന്നുപറഞ്ഞു ശ്രീദേവിയുടെ ചുമലിൽ തട്ടി അവർ ഇറങ്ങി നടക്കുമ്പോൾ മലപോലെ വന്നത് മഞ്ഞുപോലെ അലിഞ്ഞുപോയ സന്തോഷമായിരുന്നു ശ്രീദേവിയിൽ.

മുറ്റത്തേക്കിറങ്ങിയ രാഘവൻ നായർ പെടുന്നനെ നിന്നു എന്നിട്ട് ശ്രീദേവിയോട് പറഞ്ഞു.

നാളയല്ലേ അമ്മയുടെ ഓപ്പറേഷൻ,
പണത്തിന്റെ കാര്യം ഓർത്തൊന്നും മോള് ടെൻഷൻ ആവണ്ട, എല്ലാം ഞാൻ നോക്കിക്കോളാം.
മോള് അമ്മയെയും കൂട്ടി നാളെ ധൈര്യമായി ആശുപത്രിയിൽ പൊയ്ക്കോ.

ചേച്ചി എന്ന് വിളിച്ചല്ലേ ഇവൻ തുടങ്ങിയത്, അതുകൊണ്ട് നാളെ ഒരു അനിനായി ഇവൻ ഉണ്ടാവും എല്ലാത്തിനും ഒപ്പം…
ഉണ്ടാവില്ലെടാ.
രാഘവൻ നായർ നന്ദുവിനെ നോക്കി, ഒരു ചിരിയായിരുന്നു അതിനുത്തരം. നല്ല ഭംഗിയുള്ള ചിരി,

കേട്ടത് വിശ്വസിക്കാനാവാതെ അവരുടെ മുന്നിൽ കൈകൂപ്പി കണ്ണുനിറച്ചു നിൽക്കുകയാണ് ശ്രീദേവി.

പുറത്തൊരു കാറ്റ് ആഞ്ഞുവീശുന്നുണ്ട്, ആ കാറ്റിലും അണയാതെ അവൾ തെളിച്ച വിളക്കിലെ തിരി കത്തുന്നുണ്ട്.

ശുഭം.