ഏതവന്റെ കൂടെ ഊരുതെണ്ടാനാടീ നീ രാവിലെതന്നെ കെട്ടിയൊരുങ്ങിപോകുന്നത്.. ചോദിച്ചുതീരും മുന്നേ ഏട്ടന്റെ..

മനസ്സറിയാത്ത_ബന്ധങ്ങൾ
(രചന: Unais Bin Basheer)

പ്പ നായിന്റെ മോളെ. ഏതവന്റെ കൂടെ ഊരുതെണ്ടാനാടീ നീ രാവിലെതന്നെ കെട്ടിയൊരുങ്ങിപോകുന്നത്..
ചോദിച്ചുതീരും മുന്നേ ഏട്ടന്റെ കയ്യെന്റെ മുഖത്തു പതിച്ചിരുന്നു, അടിയുടെ ശക്തിയിൽ ചുണ്ട് പൊട്ടി രക്തം വരുന്നുണ്ട്. ഞെട്ടി തെറിച്ചുപോയി ഞാൻ. എന്താ സംഭവിക്കുന്നത് എന്നറിയാതെ ഏട്ടനെ തന്നെ നോക്കിയെങ്കിലും നിറഞ്ഞു വന്ന കണ്ണീർ അപ്പോഴേക്കും കാഴ്ചമറച്ചിരുന്നു.
ചേട്ടന്റെ അലർച്ച കേട്ടതുകൊണ്ടാവും അകത്തുനിന്നും ‘അമ്മ ഓടിവന്നത്. എന്താ എന്താടാ.. എന്റെ ദേവി ചുണ്ടുപോയിട്ടുണ്ടല്ലോ. എന്തിനാടാ നീ ഇവളെ അടിച്ചേ.. നിന്നോടാ ചോദിച്ചത്.
ചോദിച്ചു നോക്ക് നിങ്ങടെ പുന്നാര മോളോട്. അടികിട്ടിയ കാരണം എന്താണെന്ന് അവനുതന്നെ പറയും . ഏട്ടന്റെ മുഖം കോപംകൊണ്ട് ചുവന്നിട്ടുണ്ട്. എന്താ മോളെ എന്താ കാര്യം.. ഞാൻ അറിയില്ലെന്ന് തലയാട്ടി.

അറിയില്ലല്ലേ നിനക്ക്. കോളേജിലേക്കാണെന്നും പറഞ്ഞുനീപോകുന്നത് കണ്ടവന്റെ ബൈക്കിനുപിന്നിലിരുന്ന് ഊര് തെണ്ടാനാണോ ഡീ. ടൗണിലെ രമേശൻ വിളിച്ചുപറഞ്ഞപ്പോൾ എന്റെ തൊലിയുരിഞ്ഞുപോയി..
ഇപ്പോഴാണ് കാര്യമെന്താണെന്ന് മനസ്സിലാകുന്നത്. ഇന്ന് അഭിയേട്ടന്റെ കൂടെ ബൈക്കിൽ പോയത് ചേട്ടനറിഞ്ഞിരിക്കുന്നു, അഭിയേട്ടൻ കോളേജിലെ സീനിയർ ആണ് എപ്പോഴോ മനസ്സിൽ കയറിക്കൂടിയ പ്രണയം. ഒരു ജോലി ആവിശ്യാര്ഥമുള്ള ഇന്റർവ്യൂക്ക് കൂടെ വരാമോ എന്നുചോദിച്ചപ്പോൾ എതിരു പറയാൻ കഴിഞ്ഞില്ല. ജോലികിട്ടിയാൽ എന്റെ ഇഷ്ടം ഏട്ടനോട് പറയാനിരുന്നതാ അപ്പോഴാണ്..

ഏട്ടാ ഞാൻ…
മിണ്ടരുത് നീ. മതി പഠനവും അഴിഞ്ഞാട്ടവും എല്ലാം നിർത്തിക്കോണം ഇന്നത്തോടെ.. ഇനി ഈ വീട്ടിൽനിന്നും നീ പുറത്തിറങ്ങിയാൽ കയ്യുംകാലും വെട്ടിയിടും ഞാൻ പറഞ്ഞേക്കാം..
എന്നെ എന്റെ റൂമിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ചേട്ടൻ വാതിൽ പുറത്തുനിന്നും വലിച്ചടിച്ചു വീട്ടിൽ നിന്നും ഇറങ്ങിപ്പോയി.

ആദ്യമായാണ് ഏട്ടനെന്നോട് ദേഷ്യപ്പെടുന്നതും അടിക്കുന്നതും, ഓർത്തപ്പോൾ കണ്ണീർതുള്ളികൾ തലയിണയിൽ മുത്തംവെച്ചു. ദിവസ്സങ്ങൾ നീണ്ടു പോയി, വീട്ടിലെനിക്ക് കല്യാണാലോചനകൾ വന്നുതുടങ്ങി, അഭിയേട്ടനെ കാണാനോ സംസാരിക്കാനോ അനുവദിക്കാതെ ഏട്ടന്റെ കണ്ണുകൾ എന്നെ തളച്ചിട്ടു, അതിനേക്കാൾ എന്നെ വേദനിപ്പിക്കുന്നത് ഏട്ടൻ എന്നെകാണാനോ സംസാരിക്കാനോ തയ്യാറാവുന്നില്ല എന്നതാണ്. മനസ്സ് മടുത്തു. ലക്ഷ്മി ഏച്ചിയുണ്ടാരിയുന്നെങ്കിൽ.. ഏട്ടന്റെ ഭാര്യ എന്നൊരു അകൽച്ച തമ്മിലുണ്ടായിരുന്നില്ല. എനിക്കെന്റെ സ്വന്തം ചേച്ചിതന്നെ ആയിരുന്നു, ചേച്ചിക്ക് തിരിച്ചും. പ്രസവത്തിന് കൂട്ടിക്കൊണ്ടുപോയി ചേച്ചിയുടെ സാമിപ്യം മനസ്സ് ഇപ്പോൾ വല്ലാതെ കൊതിക്കുന്നു.

ഇതിനിടയിൽ അഭിയേട്ടനും അച്ഛനും എന്നെ കല്യാണം ആലോചിച്ചു വന്നതും ഏട്ടൻ അവരെ അപമാനിച്ചു തിരിച്ചയച്ചതും ‘അമ്മ മുഖേന ഞാനറിഞ്ഞു. അതൂടെ ആയപ്പോഴപ്പോൾ മനസ്സ് മരവിച്ചു.. ജീവിതത്തോട് മടുപ്പത്തോന്നിയപ്പോഴാണ് ഈ സാരിത്തലപ്പിൽ എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. അതിനുമുന്നെ ഏട്ടനൊരു കത്തെഴുതണം. മാപ്പ് പറയണം. മഷിവറ്റാറായ ഒരുപേനയെടുത്തു ഞാൻ എഴുതാൻ തുടങ്ങി.

പ്രിയപ്പെട്ട ഏട്ടന്.
ഞാനിപ്പോൾ ഒത്തിരി സന്തോഷത്തോടെയാണ് ഇതെഴുതുന്നത്. കാരണം
ഏട്ടനെപ്പോഴും പറയാറില്ലേ എവിടെയും നമ്മൾ ഒരു അധികപ്പറ്റായി നിൽക്കരുതെന്ന്, ജീവിതത്തിൽ ആർക്കും ഒരു ശല്യമാകരുതെന്ന്. ഈ വീട്ടിലും ഏട്ടന്റെ മനസ്സിലും ഞാനിപ്പോൾ ഒരു ഭാരമാണെന്ന് തോന്നുവാ എനിക്ക്. ഏട്ടന് ഞാനൊരു ബുദ്ധിമുട്ടാണെന്നും.
അതുകൊണ്ട് ഞാൻ പോകുവാ ഏട്ടാ, ആർക്കും ഒരു ശല്യമാകാതെ. ഒരു കാര്യത്തിൽ മാത്രമേ എനിക്ക് സങ്കടമുള്ളു എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുതന്നെ ഏട്ടൻ എന്റെ മനസ്സ് കണ്ടില്ലല്ലോ, എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്ന്.

പാവമായിരുന്നു ഏട്ടാ അഭിയേട്ടൻ, എന്നെ സ്നേഹിച്ചു എന്നൊരുകുറ്റം മാത്രമേ ആ പാവം ചെയ്‌തുള്ളൂ. ചേട്ടനോർമയില്ലേ ഒരാഴ്ചയോളം ഞാൻ പനികൊണ്ട് ആശുപത്രിയിൽ അഡ്മിറ്റായ കുറച്ചുനാളുകൾ.. അവിടെ വെച്ചാണ് ഞാൻ അഭിയേട്ടനെ കാണുന്നത്. അഭിയേട്ടന്റെ അമ്മയും എന്റെ തൊട്ടടുത്ത ബെഡിൽ പനിച്ചുകിടക്കുന്നുണ്ടായിരുന്നു. പനിച്ചുകിടക്കുന്ന അമ്മയെ കഞ്ഞിയൂട്ടുന്നത് കണ്ടപ്പോൾ കൗതുകം തോന്നി. പണ്ട് ഏട്ടൻ അമ്പിളിമാമനെ കാണിച്ചെനിക്ക് ചോർതരാറില്ലേ അതാ അപ്പൊ എനിക്ക് ഓർമവന്നത്. പിന്നീട് എന്റെ കോളേജിൽ ആണെന്ന് അറിഞ്ഞപ്പോൾ സൗഹൃദം കൂടി, പതിയെ അത് പ്രണയമായി. അഭിയേട്ടന് എപ്പോഴും പരാതിയാണ് ഞാൻ ഏട്ടനെ കുറിച്ചുമാത്രം സംസാരിക്കുന്നതിൽ, ഇങ്ങനെ ഒരു ഏട്ടനും അനിയത്തിയും എന്നുപറഞ്ഞു എന്നെ ഒത്തിരി കളിയാക്കിയിട്ടുണ്ട്. അപ്പോഴൊക്കെ ഞാനെന്തോരം സന്തോഷിച്ചിട്ടുണ്ടെന്നോ. അഭിയേട്ടനൊരു ജോലിയായാൽ എന്റെ ഇഷ്ടം ഏട്ടനോട് പറയണം എന്നായിരുന്നു, അതിനുവേണ്ടിയാണ് ഞങ്ങളന്ന് ടൗണിലെക്ക് പോയതും.

എപ്പോഴാണ് ചേട്ടാ എന്റെ പ്രേമം കളങ്കപ്പെട്ടത്. എന്തുകൊണ്ടാണ് ചേട്ടൻ ആ പ്രേമത്തെ വെറുത്തത്. പണ്ട് ലക്ഷ്മിചേച്ചിയോടുള്ള ഇഷ്ടം ചേട്ടൻ ആദ്യം വന്ന പറഞ്ഞത് എന്നോടല്ലായിരുന്നോ.. നിങ്ങളെ ഒന്നിപ്പിക്കണമെന്ന് എന്നോട് കേണപേക്ഷിച്ചില്ലായിരുന്നോ. സാധിക്കില്ല എന്നറിഞ്ഞിട്ടുകൂടെ ഞാനതിന് കൂട്ടുനിന്നത് ഏട്ടന്റെ മുഖത്തെ അപ്പോഴുള്ള സങ്കടം കണ്ടിട്ടാണ്. നിങ്ങൾക്കുവേണ്ടിയാണ് ആദ്യമായി അമ്മയെന്നെ അടിക്കുന്നത്, നിങ്ങളെ സഹായിച്ചതിന്റെ പേരിലാണ് എന്നെ ശകാരിക്കുന്നത്. പക്ഷെ അപ്പോഴെല്ലാം ഏട്ടനുണ്ടായിരുന്നു എന്നെ സ്വന്തനപ്പെടുത്താൻ. ദൈവകൃപയാൽ നിങ്ങളൊന്നിച്ചപ്പോൾ മറ്റെല്ലാരെക്കാളും സന്തോഷിച്ചത് ഞാനായിരുന്നു, ഏട്ടൻ ഇഷ്ടപ്പെട്ടത് നേടിത്തന്നതിന്റെ നിർവൃതി ഉണ്ടായിരുന്നു എനിക്ക്, പക്ഷെ ഇപ്പോൾ..

ചേട്ടൻ കൊണ്ടുവരുന്ന ആളുടെ മുന്നിൽ കഴുത്തുനീട്ടാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല. പക്ഷെ പറ്റില്ല ഏട്ടാ എനിക്ക്, മനസ്സ് ഒരാൾക്കും ശരീരം മറ്റൊരാൾക്കും നല്കാൻ, അത് ചതിയായിപ്പോകും. ഏട്ടന്റെ അനിയത്തിയായി പിറന്നതുകൊണ്ടാവും എനിക്കാരെയും ചതിക്കാൻ കഴിയാത്തത്. ഏട്ടന് ഇഷ്ടപ്പെടാത്തതൊന്നും വിധിക്കല്ലേ എന്നായിരുന്നു എപ്പോഴുമുള്ള പ്രാർത്ഥന. പക്ഷെ ദൈവം കേട്ടുകാണില്ല.
സാരമില്ല.. എനിക്ക് വിഷമമൊന്നുമില്ല.

ഏട്ടനോട് അവസാനമായി കുറച്ചുകാര്യങ്ങൾ ഞാൻ ആവശ്യപ്പെടുകയാ..

ഞാൻ മരിച്ചുകഴിഞ്ഞാൽ എന്നെ കാണാൻ ചിലപ്പോൾ അഭിയേട്ടൻ വന്നാൽ ഏട്ടൻ തടയരുത്. അതെന്റെ അവസാനത്തെ ആഗ്രഹമാണ്. പറ്റുമെങ്കിൽ അഭിയേട്ടനോട് വേറെയൊരു പെണ്ണിനെ കല്യാണം കഴിക്കാൻ കൂടെ പറയണം.
പിന്നെ ലക്ഷിമിച്ചേച്ചിയോട് എനിക്ക് വേണ്ടി മാപ്പ് പറയണം. തിരിച്ചുവരുമ്പോൾ സ്വീകരിക്കാൻ ഞാനുണ്ടാവുമെന്ന് ഉറപ്പുകൊടുത്തതിന്. നമ്മുടെ തറവാട്ടിലേക്ക് വരാൻ പോകുന്ന ആദ്യകണ്മണിക്ക് വേണ്ടി ഞാൻ ഒരുപാട് കളിപ്പാട്ടങ്ങൾ വാങ്ങി എന്റെ അലമാരയിൽ സൂക്ഷിച്ചിട്ടുണ്ട് അതെല്ലാം ചേട്ടൻ ഭദ്രമായി എടുത്തുവെക്കണം അവൻ വളരുമ്പോൾ ഇങ്ങനെ ഒരു ചേച്ചിയുണ്ടായിരുന്നെന്ന് പറയണം. എന്റെ സമ്മാനങ്ങളായി ആ കളിപ്പാട്ടങ്ങളൊക്കെ അവൻ നൽകണം.
പിന്നെ നിങ്ങളെല്ലാവരും എന്നും സന്തോഷത്തോടെ ജീവിക്കണം അതെല്ലാം ആകാശത്തിലിരുന്ന് ഒരു കുഞ്ഞു നക്ഷത്രമായി ഞാൻ കാണുന്നുണ്ടാവും. നിർത്തുവാണ് ഒത്തിരി എഴുതണം എന്നുണ്ട് പക്ഷെ കൈവിറക്കുന്നു. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ ഏട്ടന്റെ അനിയത്തിയായിത്തന്നെ ജനിക്കാൻ കഴിയട്ടെ എന്നപ്രാർത്ഥനയോടെ..

എഴുതിത്തീർന്നപ്പോൾ കണ്ണീരുവീണ് പലവരികളും അവ്യക്തമായിട്ടുണ്ട്.
സാരിത്തുമ്പിൽ കുരുക്കിന് മുന്നിൽ ഒരുനിമിഷം നിന്നു. ജീവിതം അവസാനിക്കാൻ പോകുന്നു,
ദൈവമേ നീ തന്ന ആയുസ്സ് മുഴുമിപ്പിക്കാൻ സാധിക്കാത്തതിൽ എന്നോട് പൊറുക്കണെ..

ഏറെ നേരം കഴിഞ്ഞപ്പോൾ വാതിലിൽ ശക്തമായ മുട്ടുകേൾക്കുന്നുണ്ട്. പെട്ടന്ന് ആരോ വാതിൽ തള്ളിത്തുറന്ന് അകത്തേക്കുവന്നു. നോക്കുമ്പോൾ ചേട്ടനാണ്. പിറകിൽ അമ്മയുമുണ്ട്. തൂങ്ങിയാടുന്ന എന്നെക്കണ്ടാണെന്നു തോന്നുന്നു മോളെ എന്നൊരർപ്പുവിളിയോടെ ‘അമ്മ കുഴഞ്ഞുവീണത്. ഏട്ടൻ ഓടിവന്നെന്റെ കഴുത്തിലെ കുരുക്കഴിക്കുന്നുണ്ട്. എല്ലാം റൂമിന്റെ മൂലയിലിരുന്ന് ഭാരമില്ലാത്ത എനിക്ക് കാണാൻ സാധിക്കുന്നുണ്ട്. അതെ ഞാൻ മരിച്ചിരിക്കുന്നു, അമ്മയുടെ അലർച്ചകേട്ട് അയൽക്കാർ എല്ലാം ഓടിവന്നിട്ടുണ്ട്, പലരും എന്തോ അടക്കം പറയുന്നു. ഉമ്മറത്ത് വെള്ളപുതച്ചുകിടത്തിയ എന്നെക്കാണാൻ ഇപ്പോൾ ഒത്തിരിപേർ വരുന്നുണ്ട്. കൂട്ടുകാരികൾ, ബന്ധുക്കൾ, ടീചർ, അതാ അഭിയേട്ടനും വന്നിട്ടുണ്ട്. പാവം ഒത്തിരികരഞ്ഞിട്ടുണ്ടെന്ന് മുഖം കണ്ടാലറിയാം ഓടിച്ചെന്ന് കെട്ടിപ്പിടിക്കാൻ തോന്നി എനിക്ക്. അഭിയേട്ടൻ എന്നെയൊന്ന് നോക്കിയതേയുള്ളു അപ്പൊത്തന്നെ തിരിച്ചുനടന്നു. അല്ലേലും മണവാട്ടിയായി സ്വപ്നം കണ്ട പെണ്ണ് മരിച്ചുകിടക്കുന്നത് എത്രനേരം കണ്ടുനിൽക്കാൻ കഴിയും ഒരാൾക്ക്..

നേരം സന്ധ്യയോടടുത്തു. ആളുകളെല്ലാം ഒഴിഞ്ഞുപോയിട്ടുണ്ട്. ഏട്ടൻ എന്റെ റൂമിലേക്ക് വരുന്നു . ആ കണ്ണിൽ ഇപ്പോഴും നനവ് വറ്റിയിട്ടില്ല. എന്റെ റൂമിൽ ചുറ്റും നോക്കി ഏങ്ങലടിച്ചു കരയുന്നു. പെട്ടന്നാണ് ഞാനെഴുതിയ കടലാസ് ഏട്ടൻ കാണുന്നത്. പതിയെ അതെടുത്തു വായിക്കാൻ തുടങ്ങി. ഇടക്കിടക്ക് നിറഞ്ഞുവന്ന കണ്ണുനീർ കൈകൊണ്ട് തുടക്കുന്നുണ്ട്. വായിച്ചുതീർന്നതും മാപ്പ് എന്നുപറഞ്ഞുകൊണ്ട് ആ കടലാസ് ഹൃദയത്തോട് പൊട്ടിപ്പൊട്ടി കരയുന്നു. അറിയാതെ എന്റെ കണ്ണും നിറഞ്ഞുപോയി.
ഇനി പോണം അച്ഛനെ കാണണം. ഒരിക്കൽ സ്നേഹിച്ചു കൊതിതീരുമുന്നേ ഇങ്ങോട്ട് വന്നതാണ് അച്ഛൻ.

ഒരിക്കലൂടെ എല്ലാവരോടും മനസ്സുകൊണ്ട് യാത്രപറഞ്ഞു ഒരു കുളിർക്കാറ്റായിഏട്ടനെ ഒന്നൂടെ തഴുകി ഞാൻ മേലോട്ടുഴർന്നു..

ശുഭം