അവൾ എന്നെ അടിമുടി നോക്കി. പെണ്ണ് കുളിച്ചതേയുള്ളൂവെന്ന് തോന്നുന്നു. മുടിയിൽ നിന്ന് നനവുകൾ ഇറ്റുകയാണ്. അന്തരീക്ഷം തന്നെ ആർദ്രമാകുന്നത്..

(രചന. ശ്രീജിത്ത് ഇരവിൽ)

കാളിംഗ് ബെല്ല് അടിച്ച് ഞാൻ കാത്തിരുന്നു. കതക് തുറന്നത് കൂമ്പിയ കണ്ണുകളുള്ളയൊരു സുന്ദരിയായിരുന്നു. ആരാണ് പതിവില്ലാത്തയൊരു വിരുന്നുകാരനെന്ന അർത്ഥത്തിൽ അവൾ എന്നെ അടിമുടി നോക്കി. പെണ്ണ് കുളിച്ചതേയുള്ളൂവെന്ന് തോന്നുന്നു. മുടിയിൽ നിന്ന് നനവുകൾ ഇറ്റുകയാണ്. അന്തരീക്ഷം തന്നെ ആർദ്രമാകുന്നത് പോലെ…

‘വീട് വാടകയ്ക്ക് കിട്ടുമെന്ന് കണ്ടു…’

ഗേറ്റിൽ കണ്ട ബോർഡിന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ സിംഗിൾ ആണൊ കപ്പിളാണോയെന്ന് അവൾ ചോദിച്ചു. എന്റെ മറുപടി കേൾക്കും മുമ്പേ ഫാമിലിക്ക് മാത്രമേ വീട് കൊടുക്കുകയുള്ളൂവെന്നും ചേർത്തൂ.. തനിച്ചാണെന്ന് പറഞ്ഞപ്പോൾ അവൾ കതക് അടക്കുകയും ചെയ്തു. അതും തനിയേയെന്ന വാക്ക് പോലും ഇഷ്ട്ടമല്ലാത്ത ഭാവത്തോടെ…

തനിച്ചേയുള്ളൂവെന്ന് ആ ബ്രോക്കറോട് ഞാൻ പറഞ്ഞതാണ്. അതൊന്നും കുഴപ്പില്ല സാറേയെന്ന് അയാൾ പറഞ്ഞത് കൊണ്ടാണ് സാധനങ്ങളുമായി ഇങ്ങോട്ട് പോന്നത്. അല്ലെങ്കിലും, എന്റെ പഴയ കാറിൽ കൊള്ളേണ്ട സാധനങ്ങളേ അന്നുമിന്നും എനിക്ക് ഉണ്ടായിട്ടുള്ളൂ. അതുകൊണ്ട്, തീരുമാനിക്കുന്നത് പോലെ എങ്ങോട്ട് വേണമെങ്കിലും എനിക്ക് പോകാം…

ഇന്ന് രാവിലെയാണ് ബ്രോക്കറുടെ നമ്പർ കിട്ടിയത്. മരിമലൈ നഗരത്തിൽ നിന്ന് മാറിയൊരു വീട് കിട്ടിയാൽ കൊള്ളാമെന്ന് എനിക്കും തോന്നുകയായിരുന്നു. അങ്ങനെയാണ് കക്ഷി പറഞ്ഞ ലാന്റ് മാർക്ക് തേടി ഉച്ചകഴിഞ്ഞ് ഞാൻ ഇവിടെയെത്തുന്നത്. തീർത്തും ഒറ്റപ്പെട്ട് കിടക്കുന്നയൊരു വീട്. കണ്ടാൽ ആൾത്താമസമില്ലെന്നേ തോന്നൂ…

ഞാൻ കാണുമ്പോൾ ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നു. അതിൽ തൂക്കിയ ബോർഡിൽ ആ ബ്രോക്കറിന്റെ നമ്പർ ഉണ്ടായിരുന്നുന്നത് കൊണ്ടാണ് വീട് ഇത് തന്നെയെന്നത് ഞാൻ ഉറപ്പിച്ചതും, തള്ളി അകത്തേക്ക് കയറിയതും. അയാളെ വിളിക്കുമ്പോഴാണ് അകത്ത് ആരോ ഉണ്ടെന്ന് തോന്നിയത്. പക്ഷെ, ഇങ്ങനെയൊരു പെണ്ണ് ഇവിടെ ഉണ്ടാകുമെന്ന് ഞാൻ കരുതിയതേയില്ല. അയാൾ പറഞ്ഞതുമില്ല…

‘ഹലോ…. ഇവിടെ ആളുണ്ടല്ലോ…. ഫാമിലിക്കേ കൊടുക്കൂവെന്ന് പറയുന്നു…’

ഞാൻ ബ്രോക്കറെ വീണ്ടും ഫോണിൽ വിളിച്ച് കാര്യം തിരക്കി. ഉടൻ എത്തിച്ചേരുമെന്ന മറുപടി തന്ന് അയാൾ ഫോൺ കട്ട് ചെയ്യുകയായിരുന്നു. അപ്പോഴാണ് ഒരു വയസ്സൻ എന്നേയും ശ്രദ്ധിച്ച് കൊണ്ട് മുന്നിലെ നിരത്തിലൂടെ പോയത്. അയാളുടെ നെറ്റിയിൽ ഉണ്ണിയപ്പം പോലെയൊരു മുഴയുണ്ടായിരുന്നു.

‘വാടകയ്ക്ക് താമസിക്കാൻ വന്നതാണൊ? ഫാമിലിയല്ലേ…?’

ഞാൻ അല്ലെന്ന് പറഞ്ഞു. അതുകേട്ടപ്പോൾ അയാൾ മൂക്ക് തിരുമ്മിക്കൊണ്ട് നടന്നകന്നു. പിന്നീട് അതുവഴി പോയത് കാലിൽ മുടന്തുള്ളയൊരു സ്ത്രീയായിരുന്നു.

‘മോനേ.. ഈ വീട് ഫാമിലിക്കേ കൊടുക്കൂ…!’

ഞാൻ വന്നിരിക്കുന്നത് എന്തിനാണെന്ന് അറിഞ്ഞത് പോലെയായിരുന്നു നടത്തത്തിനിടയിലും ആ സ്ത്രീ അങ്ങനെ അടക്കം പറഞ്ഞത്. ഈ പ്രദേശത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് ആ നേരം തോന്നിപ്പോയി.

അല്ലെങ്കിലും, തനിയേയെന്ന് വന്നാൽ വാടകയ്ക്ക് വീട് തരാൻ പലരും ഒരുങ്ങാറില്ല. എവിടെയെങ്കിലും ഒരു മുറി കിട്ടുമായിരിക്കും. ഒറ്റക്ക് ജീവിക്കുന്നവർക്ക് അത്രേം മതിയെന്നായിരിക്കും പലരുടേയും കണ്ടെത്തൽ.. അത്തരം അനുഭവം ഏറെയാണ്. അങ്ങനെ പലതും ആലോചിച്ച് ഞാൻ എന്റെ കാറിൽ കയറി ചാരിയിരുന്നു.

കാഴ്ച്ചയിൽ വീട് എനിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു. പ്രത്യേകിച്ച് ഇത്തിരിയോളം വരുന്ന മുറ്റത്തെ ആ സപ്പോട്ട മരം. അതിന്റെ ശിഖിരങ്ങൾ കുടപോലെ ഒരുങ്ങിയിരിക്കുകയാണ്. ആ തണലിൽ എന്നെ ഇരുത്താൻ ആയിരിക്കും…

എന്തായാലും, ബ്രോക്കർ വരുന്നത് വരെ കാത്തിരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ഇത്രേം ശാന്തമായ അന്തരീക്ഷമുള്ള വീട് മരിമലൈ നഗരത്തിനോട് ചേർന്ന് വേറെയെങ്ങും കിട്ടില്ല. ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട്. പാകമല്ലാത്ത ഉടുപ്പുകൾ പോലെയാണ് പലപ്പോഴും വാടക വീടുകൾ എന്നിൽ വന്ന് ഭവിക്കുന്നതെന്ന്…

ഒന്നുകിൽ നിന്ന് തിരിയാനുള്ള സൗകര്യമുണ്ടാകില്ല. അല്ലെങ്കിൽ, ആവിശ്യമില്ലാത്ത അത്രത്തോളം വിസ്തൃതിയിൽ അലസമാക്കിക്കളയും. ഓരോ വീട് മാറ്റത്തിലും അതിന്റേതായ ഇറുക്കവും മുറുക്കവും ഇളക്കവും ഞാൻ അറിയാറുണ്ട്. ഈ വീട് എനിക്കായി പണിത് വെച്ചത് പോലെ…

എന്നാലും ആ പെൺകുട്ടി ആരായിരിക്കുമെന്ന് അപ്പോഴും ഞാൻ ചിന്തിക്കുന്നുണ്ടായിരുന്നു. ചിലപ്പോൾ എന്റെ കൈയ്യിൽ നിന്ന് അഡ്വാൻസ് വാങ്ങാൻ ബ്രോക്കർ പറഞ്ഞത് കൊണ്ട് മുൻ‌കൂർ വന്നതായിരിക്കും. അങ്ങനെ ഓർത്തപ്പോൾ ഒരു സമാധാനമായി… ആ മാനത്തിൽ ഞാനൊന്ന് മയങ്ങുകയും ചെയ്തു….

‘സാറെ… സാറെ….’

ബ്രോക്കർ വിളിച്ചപ്പോഴാണ് പിന്നീട് ഞാൻ കണ്ണുകൾ തുറന്നത്. പകലിലേക്ക് സന്ധ്യ വീണ് തുടങ്ങിയിരിക്കുന്നു. ശബ്ദത്തിൽ കരുതിയ അത്രത്തോളം പ്രായമൊന്നും ബ്രോക്കർക്കില്ല. തന്റെ ബാഗിൽ നിന്ന് കരുതിയ താക്കോൽക്കൂട്ടം പുറത്തെടുത്ത് അയാൾ ആ ഗേറ്റ് തുറന്നു. അതൊരു അത്ഭുതത്തോടെയാണ് ഞാൻ നോക്കി നിന്നത്. ഞാൻ മയങ്ങുന്നതിനിടയിൽ ആ പെണ്ണ് പൂട്ടി പോയതായിരിക്കും…

‘ഈ വാടകയ്ക്ക് ഇതുപോലൊരു വീട് സാറിന് കിട്ടില്ല. സാറ് എഴുതുകയൊക്കെ ചെയ്യുന്ന ആളാണെന്നല്ലേ പറഞ്ഞേ.. അതുകൊണ്ട് പേടിയൊന്നുമുണ്ടാകില്ലല്ലോ.. ഉള്ളത് ഉള്ളത് പോലെ തന്നെ പറഞ്ഞേക്കാം…’

ആ ബ്രോക്കർ പറഞ്ഞതെല്ലാം കേട്ടപ്പോൾ എന്റെ കാതുകൾ ഏതോയൊരു ഗുഹയിൽ പെട്ടത് പോലെ എനിക്ക് തോന്നി. മൂന്ന് പേർ ഉൾപ്പെടുന്നയൊരു കുടുബം ഇവിടെ ഒന്നാകെ ആത്മഹത്യ ചെയ്തിരുന്നുവെന്നൊക്കെ അയാൾ പറയുന്നത് എത്രയോ ദൂരത്തിൽ നിന്നായിരുന്നു. പ്രധാന കതകിലേക്കും അയാൾ താക്കോൽ തിരിച്ചപ്പോൾ എല്ലാത്തിനും ഉത്തരമെന്നോണം പോലെ ചുമരിൽ അവർ മൂന്നുപേരും ഉണ്ടായിരുന്നു.

ഞാൻ കാളിംഗ് ബെല്ല് അടിച്ചപ്പോൾ കതക് തുറന്ന കൂമ്പിയ കണ്ണുകളുള്ള സുന്ദരിയായ പെൺകുട്ടി! നെറ്റിയിൽ ഉണ്ണിയപ്പത്തോളം വലിപ്പത്തിൽ മുഴയുള്ള അവളുടെ അച്ഛൻ! ഈ വീട് ഫാമിലിക്കേ കൊടുക്കൂവെന്ന് അടക്കം പറഞ്ഞ് പോയ ആ മുടന്തുള്ള അമ്മ!

കഴിഞ്ഞ നേരങ്ങളിൽ കണ്ടും സംസാരിച്ചും മാഞ്ഞ മൂന്ന് മുഖങ്ങളും എവിടെ നിന്ന് വന്നതാണെന്ന് പോലും തിരിച്ചറിയാനാകാത്ത വിധം എന്റെ കണ്ണിൽ നിൽക്കുകയാണ്. അതിലേക്കാണ് വീടിന്റെ താക്കോൽ ബ്രോക്കർ നീട്ടിയത്. ഒരു എടിഎം മെഷീൻ പോലെ പോലെ ഞാൻ പണവും കൊടുത്തു. വളരേ പാടുപെട്ടാണ് എല്ലാം സ്വപ്നമാണെന്ന് കരുതാൻ അന്ന് എനിക്ക് സാധിച്ചത്. അങ്ങനെ കരുതിയില്ലെങ്കിൽ യാഥാർഥ്യത്തിലെ എന്റെ തുടർജീവിതം തീർത്തും സങ്കൽപ്പമായി പോകുമെന്ന് ഞാൻ ഏറെ ഭയപ്പെട്ടിരുന്നു….!!!