ഒരു ഭാര്യ ഭർത്താവിനു നൽകേണ്ടതെല്ലാം ഞാൻ അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.. ശരീരം കൊണ്ടായാലും മനസ്സുകൊണ്ടായാലും ..

(രചന: രജിത ജയൻ)

ഞാനെന്റെ ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നേടിയിട്ടുണ്ട് അളിയാ…

എന്റെ ആഗ്രഹങ്ങളും ഇഷ്ട്ടങ്ങളം എനിക്കെന്നും വളരെ പ്രധാനം തന്നെയാണ്..

എത്ര കഷ്ടപ്പെട്ടാലും അതു നേടിയെടുക്കുമ്പോൾ കിട്ടുന്ന സന്തോഷം അതിലാണെന്റെ കിക്ക്…

ആഗ്രഹിച്ചതെല്ലാം നേടി എന്നഹങ്കരിച്ചിരുന്ന എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് ഞാൻ നിങ്ങളുടെ സഹോദരിയുടെ സൗന്ദര്യം കണ്ടവളെ മോഹിച്ച് വിവാഹം കഴിച്ചതാണ്…

തെറ്റുകൾ പറ്റിയാൽ തിരുത്തണം മുന്നേറണം അതാണെന്റെ പതിവ്..
നിങ്ങളുടെ സഹോദരിയെ ഞാനിതാ നിങ്ങളെ തന്നെ തിരികെ ഏൽപ്പിക്കുകയാണ് ..

ഒരവസരം ഞാനവൾക്കു നൽകാം ഞാനാഗ്രഹിക്കുന്ന ഭാര്യ ആയിട്ടു വരാനാണെങ്കിൽ അവൾക്ക് തിരികെ വരാം…

അല്ലെങ്കിൽ ഇതാവട്ടെ നമ്മുടെ അവസാന കൂടികാഴ്ച..

പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞെന്നപ്പോലെ തന്നോടൊന്നുയാത്ര പോലും പറയാതെ, തന്നെയൊന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ഏട്ടനോടു മാത്രം യാത്ര പറഞ്ഞു വേണുഗോപൻ പോയിട്ടും അവൻ തന്നിലവശേഷിപ്പിച്ച ശൂന്യതയിലേക്ക് നോക്കി തരിച്ചുനിന്നു ഗോപിക…

വിവാഹമെന്ന ഉടമ്പടിയിൽ ഒപ്പുവെച്ചിട്ടു മാസമൊന്നായതേ ഉള്ളു, അപ്പോഴേക്കും ഉടമ്പടി ക്യാൻസൽ ചെയ്തു തന്നെ തിരികെ വീട്ടിൽ തന്നെ വിട്ടിരിക്കുന്നു …

ഗൾഫു ബിസിനസ്സുക്കാരന്റെ ബിസിനസ്സ് ഡീൽ…

അവളിലൊരു സ്വയം പുച്ഛിച്ച ചിരി വിരിഞ്ഞെങ്കിലും അതടക്കിയവൾ മെല്ലെ അകത്തേക്കു നടന്നു ,കാരണം ഉമ്മറത്ത് ഇപ്പോഴും സംഭവിച്ചതെന്താണെന്ന് പൂർണ്ണമായ് ഉൾക്കൊള്ളാൻ സാധിക്കാതെ പകച്ചവളെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു അവളുടെ ഏട്ടനും ഏടത്തി അമ്മയും…

ഭാര്യ എന്നാൽ ആരാണേടത്തിയമ്മേ …?
എല്ലാം സഹിക്കുന്നവളും എല്ലാം ഉൾക്കൊള്ളുന്നവളും ആണെന്നാണ് ഉത്തരമെങ്കിൽ
ഞാനൊരു നല്ലഭാര്യയാണ് ഏടത്തിയമ്മേ. …

അല്ലാതെ ഒരു തെരുവ് വേശ്യ ഒന്നുമല്ല…

കല്യാണം കഴിഞ്ഞിട്ട് ഇത്രയായതേ ഉള്ളു..

അപ്പോഴേക്കും ഞാനൊരു ഭാര്യ അല്ലെന്ന്, ഭാര്യയെപ്പോലെ പെരുമാറുന്നില്ലെന്ന് വേണുവേട്ടൻ പറഞ്ഞു തുടങ്ങിയാൽ വേണുവേട്ടനു വേണ്ടി മാറി മാറി ഒടുവിൽ ഞാൻ ഞാനല്ലാതായ് മാറും എടത്തിയമ്മേ ..

ഒരു ഭാര്യ ഭർത്താവിനു നൽകേണ്ടതെല്ലാം ഞാൻ അദ്ദേഹത്തിന് നൽകിയിട്ടുണ്ട്..

ശരീരം കൊണ്ടായാലും മനസ്സുകൊണ്ടായാലും ..

അതിൽ കവിഞ്ഞുളളതൊന്നും എനിക്ക് പറ്റണില്ല്യാ അതോണ്ടാണ് ഞാനീ പറയണത്….

ഇതൊന്നും എനിക്ക് വേറാരോടും പറയാൻ പോലും പറ്റില്ല്യാലോ…

കൂട്ടുകാർ പറയുന്ന ഓരോരോ പുതിയ കണ്ടുപിടുത്തങ്ങൾ കേട്ടു വന്നത് പരീക്ഷിക്കാനുള്ള വെറുമൊരു ശരീരമായ് എന്നെ കാണുമ്പോൾ എനിക്കതു പെട്ടന്നു ഉൾക്കൊള്ളാൻ വയ്യ എടത്തി അമ്മേ..

കുട്ടീ…കുട്ടിപറയണതെല്ലാം ശരിയാണ്.
എനിക്ക് മനസ്സിലാവും. ..
പക്ഷെ ഇതൊന്നുമിവിടെ പുതിയതല്ലല്ലോ മോളെ..?

കാലം മാറിയിരിക്കുന്നു അതുപോലെ തന്നെ കാമിക്കുന്ന രീതികളും..

ഇന്ന് ഭൂരിഭാഗം ഓരോ മനുഷ്യരും അവന്റെ ജീവിതത്തിൽ ഏറിയപങ്കും ചിലവഴിക്കുന്നത് കാമചിന്തകളിലും അതു നേടുന്നതിലുമാണ് …

താൻ കേട്ടിട്ടില്ലേ ആ പഴയ സിനിമാ ഗാനം …

പൂമുഖവാതിൽക്കൽ സ്നേഹം തുളുമ്പുന്ന പൂതിങ്കളാവുന്നു ഭാര്യ എന്ന് തുടങ്ങുന്ന ആ ഗാനത്തിലും ഉണ്ട് ഒരു വരി ,കാര്യത്തിൽ മന്ത്രിയും കർമ്മത്തിൽ ദാസിയുമെന്ന് തുടങ്ങുന്ന വരികൾ. ..

ഞാൻ പറഞ്ഞു വരുന്നത് ഇത്രയേ ഉള്ളു ഇതൊന്നും ഇപ്പോൾ പുതിയതായി ഇവിടെ ഉണ്ടായതല്ല ഈ ഭൂമിയിൽ മനുഷ്യൻ ഉണ്ടായക്കാലം മുതൽ ഇങ്ങനെയെല്ലാം ആണ്….

ചെറിയ ചില മാറ്റങ്ങൾ സംഭവിക്കുന്നു എന്നുമാത്രം. ..

താൻ ധൈര്യമായി വീട്ടിലേക്കു തിരിച്ചു പൊയ്ക്കൊളളു എന്നിട്ട് വേണു ആഗ്രഹിക്കുന്നത് പോലെയൊരു ഭാര്യയായ് മാറൂ..

ഒന്നോർക്കുക കിടപ്പറയിൽ ഒരു ഭാര്യ വേശ്യയ്ക്ക് തുല്ല്യമാണെന്ന് അതായത് ശയനേശ്ശു വേശ്യ എന്ന് പണ്ട് വാത്സ്യായനൻ പോലും പറഞ്ഞു വെച്ചിട്ടുണ്ട്.

ഇന്നിവിടെ ഈ കാണുന്ന എല്ലാ കാമപാഠങ്ങളും പണ്ടേ അദ്ദേഹം എഴുതിവച്ചതാണ്…കല്ലിലും മരങ്ങളിലു എത്രയോ രതി ശില്പങ്ങൾ അതിന്റെ പൂർണതയോടെ പണ്ട് മുതലേ ശില്പികൾ കൊത്തിവച്ചത് ആ വരികൾ പിൻതുടർന്നാണ്..

അതുകൊണ്ട് കുട്ടി മടങ്ങി പോവുക. ..
കാര്യങ്ങൾ തിരിച്ചറിയുന്ന ഒരു യഥാർത്ഥ ഭാര്യയായ് അവനെ അനുസരിച്ച് ജീവിക്കാൻ ശ്രമിക്കുക …

തനിക്ക് മുന്നിൽ അമ്പരന്ന, പരിഭ്രമിച്ച ,പതറിയ മുഖവുമായിരിക്കുന്ന ഗോപികയുടെ മുഖത്തുനോക്കി യാതൊരു മടിയുമില്ലാതെ കിടപ്പറയിൽ ഭാര്യ എങ്ങനെ എന്ന് പറഞ്ഞു കൊടുക്കുമ്പോഴും ഗീതയുടെ ഉള്ളിൽ സംശയം ആയിരുന്നു…

താനീ പറയുന്നതെല്ലാം ശരിതന്നെയാണോ എന്ന ചിന്ത അവളെ ഒരുമാത്ര പിന്നോട്ടു വലിക്കുന്നുണ്ടായിരുന്നു…

ഇല്ല ഇവിടെ ഒരുപതർച്ച പാടില്ല കാരണം ഇവിടെ താൻ പതറിയാൽ ചിതറിതെറിച്ചു പോവുന്നത് ഒരു പാവം പെൺകുട്ടിയുടെ ജീവിതമാണ്, അതിലുപരി അവളുടെ ജീവിതത്തിന്റെ തകർച്ച ബാധിക്കുന്നത് തങ്ങളെ കൂടിയാണ്..

കാരണം ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ടവൾക്ക് അച്ഛനും അമ്മയും തങ്ങളാണ്.. അവളുടെ ജീവിതത്തിലെ താളപ്പിഴകൾക്കും കുടുംബക്കാർ പഴിക്കുക തങ്ങളെയാവും…

വളർത്തി വഷളാക്കി എന്നു പറയും.. അതിലുപരി തെറ്റി പിരിയാനുള്ള കാരണം പോലും ആളുകൾ കേട്ടാൽ പരിഹസിക്കും ..

തനിക്ക് മുന്നിൽ സംശയങ്ങളുമായവൾ വന്നത് താനൊരു സ്ത്രീ ആയത് കൊണ്ട് മാത്രമല്ലല്ലോ. ..

അവളെ എന്നും നേർരേഖയിലൂടെ മാത്രം നടത്തിയ അവളുടെ ഏടത്തിയമ്മ ആയത്കൊണ്ട് കൂടിയല്ലേ …. ?

പിന്നെ ഈ പറയുന്ന കാര്യങ്ങൾ അതിലുമിപ്പോൾ തെറ്റൊന്നുമില്ല .. എല്ലായിടത്തും ഇങ്ങനെയൊക്കെ തന്നെയല്ലേ …?

കുട്ടീ….കുട്ടി ഇന്ന് തന്നെ വേണുവിനെ വിളിച്ചു പറയണം അവനാഗ്രഹിക്കുന്ന ഒരു ഭാര്യയായ് മാറാൻ താനൊരുക്കമാണെന്ന്….

തനിക്ക് കുറച്ചു ദിവസങ്ങൾ കൂടി തന്നാൽ മതീയെന്ന്….
ചെല്ലൂ ഇപ്പോൾ തന്നെ വിളിക്കൂ…

സംശയങ്ങൾ ബാക്കി നിൽക്കുന്ന മുഖവുമായ് ഗോപിക ഫോണുമായ് പുറത്തേക്ക് പോവുമ്പോൾ ഗീത കാണുകയായിരുന്നു ….

തുളസിക്കതിരിന്റെ നൈർമ്മല്യമുളള കുറച്ചു മുൻകോപവും അതിലേറെ സ്നേഹമുള്ള പഴയ ഗോപികയെ….

വിവാഹപ്രായമെത്തിയപ്പോൾ തന്നെ പറഞ്ഞു കൊടുത്തിരുന്നു ഒരു ഭാര്യ എന്നാൽ എന്താണെന്ന്. …എങ്ങനെയാണെന്ന്….

വേണുവുമായുളള വിവാഹജീവിതത്തിൽ അവൾ സന്തോഷവതിയായിരുന്നു…

അവളെ ഇവിടെ നിർത്തി ഏട്ടനോടങ്ങനെയെല്ലാം പറഞ്ഞു വേണു പോയെങ്കിലും അതൊരു സാധാരണ സൗന്ദര്യ പ്രശ്നമാണെന്നേ കരുതിയുള്ളു..

ആദ്യമൊന്നുമതിൽ അപാകതകൾ തോന്നിയിരുന്നുമില്ല

എന്നാൽ ദിവസങ്ങൾ മുന്നോട്ട് പോവും തോറും അവർ തമ്മിലുള്ള ഫോൺ വിളികൾ കുറയുന്നതും വല്ലപ്പോഴും വിളിച്ചാൽ തന്നെ അത് വഴക്കുകളിൽ അവസാനിക്കുന്നതും വേദനയോടെയാണ് കണ്ടുനിന്നത്…

എന്തു പറ്റി…?
എന്താണ് പ്രശ്നം …ഈ ചോദ്യങ്ങൾക്കൊന്നുംതന്നെ അവൾക്കുത്തരമുണ്ടായിരുന്നില്ല. .

ഒടുവിലാണവൾ മടിച്ചു മടിച്ചു തനിക്കരിക്കിലേക്കെത്തിയത്…എന്താണ് ഗോപിക്കുട്ടീ പ്രശ്നം എന്ന തന്റെ ചോദ്യത്തിന് അവൾ ചോദിച്ചത് ഒരു മറുചോദ്യം ആയിരുന്നു…

വിവാഹ ജീവിതത്തിൽ സ്ത്രീകൾക്ക് പങ്കൊന്നും ഇല്ലേ… നമ്മൾ വെറും ശരീരങ്ങളാണോ എന്നാണ്…

അറിയാം താനിപ്പോൾ അവളെ തിരികെ പറഞ്ഞയക്കാൻ വേണ്ടി പറഞ്ഞു കൊടുത്ത പലതും തെറ്റു തന്നെയാണ്…

ദാമ്പത്യത്തിൽ ഭർത്താവിനു മാത്രമല്ല ഭാര്യയ്ക്കും ഉണ്ട് തുല്യ സ്ഥാനം. അതു കിടപ്പറയിൽ ആണെങ്കിലും ഒന്നും അടിച്ചേൽപ്പിക്കാൻ പാടില്ല എന്നും അറിയാം..

പക്ഷെ ഇവിടെ സ്വാർത്ഥയായേ പറ്റുകയുള്ളു വളർന്നു വരുന്ന തന്റെ മകൾക്കു വേണ്ടി, നാളെ നേരിടേണ്ടി വരുന്ന ചോദ്യങ്ങളിൽ നിന്നെല്ലാം രക്ഷ നേടാൻ ഗോപികയെ പറഞ്ഞയക്കണം ..

ഏടത്തി അമ്മ മനസ്സിലുറപ്പിക്കും നേരം വേണുവിനെ ഫോൺ വിളിച്ചു കഴിഞ്ഞൊരു നേർത്ത ചിരിയോടെ ഗോപിക അവൾക്കരികിലേക്ക് വന്നു

വേണുവിനെ വിളിച്ചോ മോളെ..?
ഞാൻ പറഞ്ഞതുപോലെയെല്ലാം പറഞ്ഞില്ലേ അവനോട്

അവരൊരു തിടുക്കത്തോടെ ചോദിച്ചതും ഗോപിക അവരെ നോക്കിയൊന്നു ചിരിച്ചു മനോഹരമായ് ….

പിറ്റേ ദിവസം ഗോപികയെ തിരികെ കൂട്ടികൊണ്ടുപോവാൻ വേണു വന്നതും ഏടത്തി അമ്മ അവനെ കാര്യമായ് തന്നെ സത്കരിച്ചു

എന്നാൽ അവരെയും വേണുവിനെയും ഞെട്ടിച്ചു കൊണ്ട് ഒപ്പിട്ടൊരു ഡിവോഴ്സ് പേപ്പർ ഗോപിക അവനു നേരെ നീട്ടി…

അമ്പരന്നു തന്നെ നോക്കുന്നവനെ നോക്കി നേർമ്മയിലൊന്നു ചിരിച്ചു ഗോപിക

ഇതാന്നെന്റെ തീരുമാനം, തെറ്റുപറ്റിയാൽ തിരുത്തണമെന്നാണല്ലോ പറയുക …
ഞാൻ തിരുത്തുകയാണെന്റെ തെറ്റ്…

കഴിഞ്ഞ ഒരു മാസം ഞാൻ ജീവിച്ചതെല്ലാം വേണുവേട്ടന്റെ ഇഷ്ട്ടത്തിനും തീരുമാനങ്ങൾക്കും അനുസരിച്ചായിരുന്നു ..

എനിക്കും ഇഷ്ട്ടങ്ങളുണ്ട് ,തീരുമാനങ്ങളുണ്ട് അതിലുപരി ഒരു മനസ്സുണ്ട് എന്നതു പോലും നിങ്ങളെല്ലാം മറന്നു…

വേണുവിനൊപ്പം തന്നെ ഏടത്തിയമ്മയേയും ഒന്നു നോക്കിയവൾ …

അവരുടെ മുഖം വിളറി

ഇനിയും ഞാൻ മാത്രം മാറ്റങ്ങൾക്കു വിധേയയാൽ അതെന്നോടു തന്നെ ഞാൻ ചെയ്യുന്ന വലിയ തെറ്റാവും അതുകൊണ്ട് ഈ ഡിവോഴ്സ് പേപ്പർ ഏട്ടന്റെ കയ്യിലിരുന്നോട്ടെ

എന്നെ ഞാനായിട്ടു സ്വീകരിക്കാമെങ്കിൽ മാത്രം കൂടെ കൂട്ടാം ഇല്ലെങ്കിൽ രണ്ടായ് പിരിയാം.. എനിക്കെന്തിനും സമ്മതമാണ് …

തിരികെ ഞാൻ വരണമെന്നാണെങ്കിൽ ഞാൻ ഉണ്ടാവുക ഹോസ്റ്റലിൽ ആണ്, ഒരു ജോലി കണ്ടെത്തിയിട്ടു ഞാൻ …

അവിടെ വരേണ്ടി വരും ഇതെല്ലാം നിങ്ങൾക്ക് ഉൾക്കൊള്ളാൻ പ്രയാസമാവും

അതുകൊണ്ടിനിയൊരു കൂടി കാഴ്ച നമ്മൾ തമ്മിൽ കോടതിയിലാവട്ടെ…

പറയാനുള്ളതു പറഞ്ഞു കഴിഞ്ഞ് ഏട്ടനെയും ഏടത്തിയേയും ഒന്നു നോക്കുക പോലും ചെയ്യാതെ തലയുയർത്തി പിടിച്ചവൾ ആ വീടിന്റെ പടിയിറങ്ങിയപ്പോൾ കുനിഞ്ഞു പോയതവരുടെ തലയായിരുന്നു ..

ചേർത്തു പിടിക്കേണ്ടതിനു പകരം ഭാരമായ് കണ്ടവളെ ഒഴിവാക്കാൻ നോക്കിയതിനു….