(രചന: രജിത ജയൻ)
“ജീവിതത്തിൽ ശരീരമെന്നത് വെറുമൊരു മാധ്യമം മാത്രമാണ്..’
” അതിനൊരുപാട് പ്രാധാന്യം കൊടുക്കുന്നത് തന്നെ പോലെ ഗ്രാമത്തിൽ ജനിച്ചു വളർന്നവരിൽ അപൂർവ്വം ചിലരാണ് ..
“എന്നെ നോക്കിയേ ഞാൻ വളരെയധികം ജീവിതം ആഘോഷിക്കുന്നൊരാൾ ആണ്, അത് മനസ്സു കൊണ്ടാണെങ്കിലും ശരീരം കൊണ്ടാണെങ്കിലും …”
“നമ്മുടെ ജീവിതം അത് നമ്മുടേതാണ് .. അതെങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് നമ്മൾ മാത്രമാണ്..
“ഞാൻ പറയുന്നതു വല്ലതും മനസ്സിലാവുന്നുണ്ടോ ഗൗരി നിനക്ക്..?
മിഴിഞ്ഞ കണ്ണുകളുമായ് തന്റെ വാക്കുകൾക്ക് കാതോർത്തിരിക്കുന്നവളെ നോക്കി ഒട്ടൊരു ചിരിയോടെ കിരൺ ചോദിച്ചതിനൊരു പുഞ്ചിരി മാത്രമായിരുന്നു ഗൗരിയുടെ മറുപടി…
“എന്റെ ഗൗരിയേ വല്ലപ്പോഴെങ്കിലും ഒന്നു സംസാരിക്ക ടോ…
“തന്റെ ശബ്ദം ഇടയ്ക്കെങ്കിലും ഞാനൊന്ന് കേട്ടോട്ടെ..
“ഒന്നൂല്ലെങ്കിലും ഒരാഴ്ച്ചയായില്ലേ നമ്മുടെ വിവാഹം കഴിഞ്ഞിട്ട്, ഇതിനിടയിൽ ഞാനെന്റെ ഭാര്യയുടെ ശബ്ദം കേട്ടത് വിരലിലെണ്ണാവുന്ന തവണ മാത്രമാണ് ..
തന്നെ നോക്കി പുഞ്ചിരിക്കുന്നവളുടെ മനോഹരമായ ചുണ്ടുകളിലേക്ക് നോക്കി കിരൺ പറഞ്ഞതിനും ഒരു പുഞ്ചിരിയായിരുന്നു അവളുടെ മറുപടി
“ഗൗരിയേ….
പരിഭവത്തോടെ കിരൺ വിളിച്ചതിന് മുത്തു പൊഴിയും പോലെ ഗൗരി ചിരിച്ചു..
“എനിക്കേറെ ഇഷ്ട്ടം മറ്റുള്ളവർ സംസാരിക്കുന്നതു കേൾക്കാനാണ് കിരണേട്ടാ..
പതിഞ്ഞ ശബ്ദത്തിലവൾ പറഞ്ഞതു കേട്ട് ഇത്തവണ പുഞ്ചിരിച്ചത് കിരണായിരുന്നു..
ജീവിതം ആഘോഷമാക്കി ജീവിച്ച തനിക്ക് തന്റെ വീട്ടുകാർ കണ്ടെത്തിയ പെൺകുട്ടി, ഗൗരി …
അവളുടെ ഇടതിങ്ങി പീലി നിറഞ്ഞ നീണ്ട കണ്ണുകളിലും ഇളം പുഞ്ചിരിയോടെ എപ്പോഴും പ്രസന്നമായിരിക്കുന്ന ഭംഗിയുള്ള മുഖത്തേക്കും കിരൺ വെറുതെ നോക്കിയിരുന്നു..
തന്നെ പോലൊരുവന് ചേർന്നതാണോ ഇത്രമേൽ നിഷ്കളങ്കയും പരിശുദ്ധയും ആയൊരു പെൺകുട്ടി.. ?
അവൻ ചിന്തിച്ചു കൊണ്ടിരുന്നു..
എം ബി എ റാങ്ക് ഹോൾഡറായ തനിക്ക് നാട്ടിലെ പപ്പയുടെ ബിസിനസ്സ് നോക്കി നടത്തേണ്ട കാര്യമേയുള്ളൂ
പുറത്തൊരു കമ്പനിയിൽ ജോലി ചെയ്യേണ്ട ആവശ്യമില്ല ..
പക്ഷെ താൻ പപ്പയുടെ പുറകെ പോവാതെ ഇവിടെ ഈ ബാഗ്ലൂരിൽ തന്നെ ജോലി കണ്ടെത്തിയത് ജീവിതം അതിന്റെ എല്ലാ അർത്ഥത്തിലും ആഘോഷിക്കാൻ വേണ്ടി തന്നെയാണ് …
അങ്ങനെ തന്നെയാണ് ഇതുവരെ ജീവിച്ചതും ..
പെൺസുഹൃത്തുക്കളായും രാത്രികൾക്ക് വില പറഞ്ഞുറപ്പിച്ചു വരുന്നവരായും അനേകം സ്ത്രീകൾ കടന്നു പോയിട്ടുണ്ട് തന്റെ ഈ ജീവിതത്തിലൂടെ …
ആരെയും നിർബന്ധിച്ചിട്ടില്ല ,കീഴടക്കിയിട്ടും .. മനസ്സോടെ വരുന്നവർ മാത്രം..
അതൊന്നുമൊരു തെറ്റായിട്ടുതുവരെ തോന്നിട്ടില്ല…
പക്ഷെ ഭാര്യയായിട്ടു കൂടി ഒരു ഭർത്താവിന്റെ എല്ലാ അധികാരത്തോടെയും ഗൗരിയെ നേടാമെന്നിരികെ കിരണിന് ഈ കഴിഞ്ഞു പോയ ഒരാഴ്ചയായിട്ടും അവളെ എല്ലാ അർത്ഥത്തിലും സ്വീകരിക്കാൻ പറ്റുന്നില്ലായിരുന്നു..
എന്തോ ഒന്നവനെ അവളിലേക്കെത്താതെ പിന്നോട്ടു വലിക്കുന്നുണ്ടായിരുന്നു
ഒരുപക്ഷെ അവളിലെ നിഷ്കളങ്കതയാവാം.. അതുമല്ലെങ്കിൽ തന്നെ പോലൊരുവന് വന്നു ചേരേണ്ടവളല്ല അവൾ എന്ന ചിന്തയാവാം..
ഒരു പനിനീർ പുഷ്പത്തെ കള്ളിമുൾചെടിക്കിടെ വലിച്ചെറിഞ്ഞ പോലെ തോന്നിയവന്…
ഇന്നാണ് അവളുംമൊന്നിച്ച് ബാംഗ്ലൂരിലേക്ക് തിരികെയവൻ വന്നത്
അത്ഭുതത്തോടെ തനിക്ക് ചുറ്റുമുള്ള കാഴ്ചകളോരോന്നും മനസ്സിൽ പതിപ്പിക്കുന്നവളെ വെറുതെ നോക്കി നിന്നു കിരൺ കുറച്ചു നേരം..
ഒടിവിലവളോട് തന്റെ ഇതുവരെയുള്ള ജീവിതമെങ്ങനെയായിരുന്നുവെന്ന് പറഞ്ഞു കൊടുക്കുമ്പോൾ അവൻ ശ്രദ്ധിച്ചത് അതെല്ലാം അറിയുമ്പോൾ അവളുടെ മുഖത്തു വരുന്ന ഭാവങ്ങളെയായിരുന്നു..
തന്നോടവൾക്ക് വെറുപ്പാക്കുമോ എന്ന ചിന്ത അവനിൽ നിറഞ്ഞു നിന്നെങ്കിലും അവളൊരിക്കൽ പോലും മുഖം ചുളിച്ചില്ല.. ചുണ്ടിലെ പുഞ്ചിരി മായ്ച്ചതും ഇല്ലഎന്നതവൻ ശ്രദ്ധിച്ചു…
“ഗൗരീ.. ജീവിതം ഇങ്ങനെ പല വിധ സന്തോഷങ്ങൾ നിറഞ്ഞതാണ്.. അതനുഭവിക്കാനൊരു അവസരം വരുമ്പോൾ വേണ്ടാന്നു വെക്കേണ്ട ആവശ്യം ഇല്ല..
തനിക്ക് താൻ ആഗ്രഹിക്കും പോലെ ജീവിക്കാം ഞാനൊരിക്കലും തടയില്ല അതുപോലെ താനെന്നെയും തടയാനോ നിയന്ത്രിക്കാനോ വരരുത്…’
“അസുഖം വരുമ്പോൾ ചികിൽസിക്കും പോലെയും വിശക്കുമ്പോൾ കഴിക്കുന്നതുപോലെയും ആണിത്..’
അവൻ പറയുന്നതിനോരോന്നിനും മിണ്ടാതെ തലയിളക്കി കൊണ്ടിരുന്നവൾ …
നല്ലൊരു ശ്രോതാവായ് ..
ദിവസങ്ങൾ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു .
ഗൗരിയുടെ ജീവിതം പഴയതുപോലെ തന്നെ ശാന്തമായ് തുടർന്നെങ്കിലും കിരണിന്റെ മനസമാധാനം പൂർണ്ണമായ് തകർന്നിരുന്നു
ശരീരസുഖം നൽകി സ്ത്രീകളെ രതിയുടെ ഉന്നതങ്ങളിൽ എത്തിച്ചിരുന്ന കിരണിന് ഒരിക്കൽ പോലും ഗൗരിയിൽ ആധിപത്യം നേടാനായില്ല..
കിരണിന്റെ ആവശ്യങ്ങൾക്ക് പൂർണ്ണമനസ്സോടെ വിധേയയായി കൊണ്ടിരുന്ന ഗൗരിയുടെ കടഞ്ഞ ശില്പഭംഗിയുള്ള നഗ്നശരീരവും അവളിലെ പുഞ്ചിരിയും ഓരോ തവണയും കിരണിലെ പുരുഷനെ തളർത്തി കൊണ്ടിരുന്നു..
മുമ്പു തേടി വന്നവരെ തിരികെ തേടിയവൻ ചെന്നെങ്കിലും അവിടെയും പരാജയമായപ്പോൾ അവരിൽ പലരുമവനെ അമ്പരപ്പോടെ നോക്കി …
കാരണം അവനിലെ പുരുഷന്റെ കഴിവും കരുത്തും പല തവണ അറിഞ്ഞവരായിരുന്നു അവർ..
തനിക്കെന്തു സംഭവിച്ചുവെന്നറിയാതെ കിരൺ പതറിയിരുന്ന നാളുകളിലവനെ തേടി അവന്റെ ഫ്ളാറ്റിലെ സെക്യൂരിറ്റിയുടെ വിളി എത്തിയതും ഭയന്നു പോയവൻ…
പ്രാണൻ കയ്യിൽ പിടിച്ചെന്ന വണ്ണം ഓടി ഹോസ്പിറ്റലിലെത്തുമ്പോൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നവന്റെ മിഴികൾ…
മുന്നിലുള്ള പലതും കണ്ണു നിറഞ്ഞു കാണാൻ പറ്റാത്ത അവസ്ഥ…
ഹോസ്പിറ്റലിൽ എത്തിയപ്പോഴേ കണ്ടത് ഫ്ളാറ്റിലെ തങ്ങളെ അറിയുന്ന പലരെയുമായിരുന്നു…
ഗൗരി അവർക്കെല്ലാം അത്രയും പ്രിയങ്കരിയാണ്
ജീവനുണ്ടോ എന്നു പോലും സംശയിക്കുംവിധം ഐ സി യു വിനു മുന്നിൽ കിരൺ നിൽക്കാൻ തുടങ്ങിയിട്ടിത് രണ്ടാം ദിനമാണ്…
അകത്തു കുത്തേറ്റു കിടക്കുന്ന ഗൗരിയ്ക്ക് ഇതുവരെ ബോധം വന്നിട്ടില്ല ..
കിരണിന്റെ നിൽപ്പും ഗൗരിയുടെ അവസ്ഥയും ഓർത്ത് അവിടെ കൂടിയിരുന്നവരുടെ എല്ലാം പ്രാർത്ഥന അവൾക്കുണ്ടായിരുന്നു..
കിരൺ ജോലിക്ക് പോയതിനു ശേഷം ഫ്ളാറ്റിനു താഴെയുള്ള ഷോപ്പിൽ പോയ് സാധനങ്ങൾ വാങ്ങി വരും വഴിയാണ് അതേ ഫ്ളാറ്റിലെ മദ്യപിച്ച് ബോധം നശിച്ചിരുന്ന രണ്ടു ചെറുപ്പക്കാർ അവളെ ആക്രമിച്ചത് ..
അവരിൽ നിന്ന് രക്ഷപ്പെട്ടോടിയ ഗൗരിയെ പിടിച്ചവർ ജനറേറ്റർ റൂമിൽ കയറ്റി കതകടച്ചതു കണ്ട സെക്യൂരിറ്റി ഒച്ചവച്ച്ആളെ കൂട്ടി വന്നു വാതിൽ തുറന്നപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ചു പിടഞ്ഞു കിടക്കുന്ന ഗൗരിയേയും പകച്ചു നിൽക്കുന്ന ചെറുപ്പക്കാരെയുമാണ്..
അവരുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഗൗരി തന്നെയാണ് അവിടെയുള്ള കമ്പി സ്വന്തം വയറ്റിലേക്ക് കുത്തിയിറക്കിയത് എന്നറിഞ്ഞ കിരണിലൊരു വിറയൽ പടർന്നു..
ഉള്ളിൽ നിന്നും ആർത്തുവന്നൊരു കരച്ചിലിനെയവൻ ചുണ്ടുകൾ കൂട്ടിയമർത്തി തടഞ്ഞു ..
നിറയുന്ന കണ്ണുകളുമായ് ,തളർന്നു കിടക്കുന്ന ഗൗരിയെ നോക്കിയൊന്ന് ചിരിച്ചു കിരൺ ..
നീണ്ട നാലു ദിവസങ്ങൾക്കു ശേഷം ഇന്നാണവളെ അവൻ അടുത്തു കാണുന്നത് …
നിറം മങ്ങിയൊരു ചിരിയോടെ തന്നെ നോക്കി കിടക്കുന്നവളെ കണ്ടപ്പോൾ ഉള്ളിലമർത്തിയ കരച്ചിൽ പുറത്തുചാടികിരണിൽ നിന്നും …
“എന്തിനാ മോളെ ഇങ്ങനെയൊന്ന് ചെയ്തത്…?
“ജീവനെക്കാൾ വലുതല്ലല്ലോ ഒന്നും.. ?
“ഒന്നു കുളിച്ചാൽ തീരുന്ന കാര്യത്തിന് ഇങ്ങനെ ജീവനെടുക്കുമോ ആരെങ്കിലും …?
കിരൺ കരഞ്ഞുകൊണ്ട് ചോദിച്ചതും ഗൗരി അവന്റെ കൈ പിടിച്ചു
“എനിക്കെന്റെ ശരീരവും മാനവും എന്റെ ജീവനെക്കാൾ വലുതാണ് കിരണേട്ടാ…
” കിരണേട്ടനല്ലാതെ മറ്റൊരാൾ തൊട്ടനുഭവിച്ചറിഞ്ഞ ശരീരവുമായ് എനിക്ക് മുന്നോട്ടു ജീവിക്കാൻ വയ്യ..
” പറ്റുന്നവരുണ്ടാക്കും… പക്ഷെ എനിക്ക് വയ്യ..
“ഈ ജന്മം കിരണേട്ടനല്ലാതെ ഒരു പുരുഷൻ ….
“മരിച്ചു പോവും ഞാൻ ഇനിയാണെങ്കിലും …,,,
കരഞ്ഞുകൊണ്ടാണെങ്കിലും ഉറച്ച ശബ്ദത്തിൽ ഗൗരി പറഞ്ഞതു കേട്ടു പുൽക്കൊടിയോളം അവൾക്കു മുന്നിൽ ചെറുതായ് പോയത് കിരണായിരുന്നു ..
ദിവസങ്ങൾ എത്ര പെട്ടന്നാണ് മാസങ്ങളും വർഷങ്ങളുമായ് മാറുന്നത്..
ഇന്ന് കിരണിന്റെയും ഗൗരിയുടെയും മോൾ ലക്ഷ്മിക്കുട്ടിയുടെ ഒന്നാം പിറന്നാളാണ് ..
നിറഞ്ഞ സന്തോഷത്താടെ ഗൗരിയ്ക്കും മകൾക്കും മാതാപിതാക്കൾക്കുമൊപ്പം ആ സദസ്സിൽ നിൽക്കുമ്പോൾ കിരൺ പുതിയൊരാളായിരുന്നു …
ബാംഗ്ലൂർ ഉപേക്ഷിച്ച് പപ്പയ്ക്കൊപ്പം ബിസിനസ്സ് നോക്കി നടത്തുന്ന അവനിപ്പോഴറിയാം ഒരു മനുഷ്യനെങ്ങനെ സ്വന്തം കുടുംബത്തെ സ്നേഹിച്ച് അവർക്കൊപ്പമിരുന്ന് ഈ ലോകത്തെ എല്ലാ സന്തോഷവും അനുഭവിക്കാൻ കഴിയുംന്ന്..
അവനിന്ന് ഗൗരിയുടെ മാത്രം കിരണാണ്… സ്വന്തം ജീവൻ വെച്ച് ആ പാഠം അവനു പഠിപ്പിച്ചു കൊടുത്തതു ഗൗരിയും…
ജീവിക്കട്ടെ അവർ ഒരാൾക്കൊരാൾ തുണയായ് ഈ ജീവിതം മുഴുവനും …