ഒരേ തൂവൽ പക്ഷികൾ
(രചന: ശാലിനി കെ എസ്)
പതിവുള്ള നേരം കഴിഞ്ഞിട്ടും പ്രതീക്ഷിച്ചിരുന്ന ആളിനെ മാത്രം കാണാൻ കഴിയാത്തതിന്റെ നിരാശ അയാളുടെ നെറ്റിയിൽ കൂടുതൽ ചുളിവുകൾ വീഴ്ത്തി..
ഇരുള് വീഴും മുൻപേ കൂടണയാനായി വെമ്പലോടെ ചിറകിട്ടടിച്ചുയരുന്ന വെള്ളകൊറ്റികൾ ..
മുന്നിലെ വെളുത്ത പഞ്ചാര മണലിൽ അപ്പോഴും കൊച്ചു കുട്ടികൾ തിരികെ വീട്ടിലേക്ക് മടങ്ങി പോകാൻ മടിച്ചതു പോലെ കളികൾ തുടർന്നു കൊണ്ടിരുന്നു.
പ്രണയിതാക്കൾ എന്തൊക്കെയോ തമാശകൾ പറഞ്ഞു ചിരിച്ചു കൊണ്ട് മുട്ടിയിരുമ്മി നടന്നു പോകുന്നു.
ദിവസവും അങ്ങനെ എന്തെല്ലാം കാഴ്ചകൾ !
ഒരു ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്നു കൃഷ്ണ ദാസ്. റിട്ടയേഡ് ആയിട്ട് പതിമൂന്ന് വർഷം കഴിഞ്ഞു.ഭാര്യയും രണ്ട് പെണ്മക്കളും അടങ്ങിയ ഒരു കൊച്ചു കുടുംബത്തിൽ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയവേയാണ് ഒരു നാൾ ഭാര്യ ശ്രീദേവി രക്തം ഛർദിച്ചു കുഴഞ്ഞു വീണത്..
ഹോസ്പിറ്റലിൽ നിന്ന് തീർത്തും അവശയായി തിരികെ വരുമ്പോൾ ഇനിയൊരു ചികിത്സയ്ക്കും വേണ്ടി അവൾക്ക് കാത്തു നിൽക്കാൻ വിധിയില്ലാത്തവണ്ണം നിസ്സഹായ അവസ്ഥയിലായിപ്പോയിരുന്നു.
ബ്ലഡ് കാൻസർ അപ്പോഴേക്കും ലാസ്റ്റ് സ്റ്റേജ് ആയിരുന്നു..
പെണ്മക്കൾ രണ്ട് പേരും വിവാഹിതരായി ഫാമിലിയോടൊപ്പം മറുനാടുകളിൽ ആണ്. രണ്ടു പേർക്കും ജോലിയുമുണ്ട്. അതുകൊണ്ട് ഓടിപ്പാഞ്ഞു വരാനോ, കൂടെനിന്ന് ശുശ്രൂഷിക്കാനോ ഒന്നിനും നേരമില്ല. എല്ലാത്തിനും അയാൾ ഒപ്പം നിന്നു.
ഒടുവിൽ, ഒരുറക്കത്തിൽ നിന്ന് ഒരിക്കലും ഉണരാൻ കഴിയാത്ത വിധം അവൾ അയാളെ വിട്ടു എന്നന്നേക്കുമായി പോയതോടെ തീർത്തും ഒറ്റപ്പെട്ടതും അയാൾ മാത്രമായിരുന്നു.
ജീവിത സായാഹ്നത്തിൽ ഒരു താങ്ങായി, തണലായി ശബ്ദവും വെളിച്ചവുമായ് ഒപ്പം ഉണ്ടാകേണ്ടവളുടെ വിയോഗം അയാളെ വല്ലാതെ തളർത്തി.
അച്ഛൻ തങ്ങളുടെ ഒപ്പം വന്നു നിൽക്കാൻ മക്കൾ ആവുന്നതും പരിശ്രമിച്ചു.
പക്ഷെ, ഭാര്യ ഉറങ്ങുന്ന തന്റെ ഇത്തിരിയുള്ള മണ്ണും പുരയിടവും ഉപേക്ഷിച്ചു പോകാൻ അയാൾക്ക് കഴിയുമായിരുന്നില്ല.
പങ്കാളികളിൽ ഒരാൾ വിട്ടു പോകുമ്പോൾ അത് ഏറ്റവും അധികം ബാധിക്കുന്നത് തീർച്ചയായും പുരുഷനെ തന്നെ ആണെന്നതിൽ തർക്കമില്ല.
പുരുഷൻ ഇരിക്കെ സ്ത്രീ മരണപ്പെട്ടു പോകുമ്പോഴുള്ള ഒറ്റപ്പെടൽ ഹൃദയഭേദകമാണ്.
എന്തിനും ഏതിനും അവൾ ഉണ്ടല്ലോ എന്നൊരു ധൈര്യവും ആശ്വാസവും എത്ര വലുതാണെന്നോ?
ആ ഒരാൾ ഇല്ലാതാകുമ്പോഴുണ്ടാകുന്ന ശൂന്യത മരണത്തിനേക്കാൾ ഭയാനകമാണ്.. ഉറക്കത്തിലെപ്പോഴും ഒരു കൈ ഒഴിഞ്ഞ ഇടങ്ങളിൽ അറിയാതെ പരതിപ്പോകും!
ആ ശൂന്യത ഒടുവിൽ തിരിച്ചറിയുമ്പോൾ നിരാശയുടെ പടുകുഴിയിലേക്ക് താണുപോകും.
ഒന്നിനെക്കുറിച്ചും ഒരു പരാതിയുമില്ലാത്ത, സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഭാര്യയുടെ ചിന്തകളിൽ നിന്നൊക്കെ രക്ഷപ്പെടാൻ വേണ്ടി മാത്രമാണ് എന്നും രണ്ടു കിലോമീറ്റർ അകലെയുള്ള കടൽപ്പുറത്തെ തെളിച്ചത്തിലേയ്ക്ക്, അതിന്റെ ബഹളങ്ങളിലേയ്ക്ക് അലിഞ്ഞു ചേരാൻ അയാൾ വന്നിരുന്നത്.
അവിടെ എവിടെയെങ്കിലും ഒരൊഴിഞ്ഞ കോണിൽ ഇരുന്ന് കൊണ്ട് മുന്നിലെ കാഴ്ചകളിൽ മാത്രം മനസ്സ് കൊരുത്തുവെയ്ക്കും.
ഏതൊക്കെ തരത്തിലുള്ളവരാണ് ദിനവും അവിടെ എത്തുന്നത്.
കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ കടൽ കാറ്റിനെ പ്രണയിക്കുന്നവരാണ്.
വിവാഹം കഴിഞ്ഞ യുവമിഥുനങ്ങൾ കൈ കോർത്തു പിടിച്ചു കൊണ്ട് തിരമാലകളിലേയ്ക്ക് ഇറങ്ങി നിന്ന് പ്രണയത്തോടെ ചിരിച്ചു മറിയുന്നത് കാണാം.
താനെപ്പോഴെങ്കിലും അവളെ ഇവിടെക്ക് കൂട്ടി കൊണ്ട് വന്നിട്ടുണ്ടോ?
അയാളുടെ ഓർമ്മയിൽ അങ്ങനെ ഒരിക്കൽ പോലും സംഭവിച്ചിരുന്നില്ല.
അന്നൊക്കെ സ്കൂളിൽ നിന്ന് വന്നാൽ പത്രം വായന, ടിവി കാണൽ അങ്ങനെ ഒക്കെ ആയി സമയം കളഞ്ഞു. ഇടയ്ക്ക് വല്ലപ്പോഴും അവളോടൊപ്പം ക്ഷേത്ര ദർശനവും.
ഇന്ന് അവളുണ്ടായിരുന്നെങ്കിൽ ഇതുപോലെ ഒപ്പം ഇരുത്തി സന്തോഷിപ്പിക്കാമായിരുന്നു..!
“മാഷ് വന്നിട്ട് ഒത്തിരി നേരമായോ.. ഞാൻ ഇന്ന് ഇത്തിരി വൈകിപ്പോയി.”
പരിചിതമായ സ്വരം കേട്ട് കൃഷ്ണ ദാസ് നിവർന്നിരുന്നു.ആൾ എത്തിയല്ലോ !
പതിവ് പരിചയക്കാരെ ഒരു ദിവസം കണ്ടില്ലെങ്കിൽ വല്ലാത്തൊരു ആധിയാണ്. പോരെങ്കിൽ പ്രായമായവരും..
തന്നെ പോലെ തന്നെ ജീവിതത്തിലെ പകുതിയിലേറെ പ്രായവും കടന്നു പോയവർ.
ഭർത്താവ് മരിച്ചതോടെ വീട്ടിലും ഒറ്റപെട്ടു പോയ ഒരു സ്ത്രീ.
പല വട്ടം ഒരേയിരിപ്പടത്തിൽ ഒറ്റയ്ക്ക് കടലിന്റെ അഗാധതയിലേയ്ക്ക് കണ്ണും നട്ട് ഇരിക്കുന്ന അവരോട് എപ്പോഴാണ് ഒരു സുഹൃത്ത് ബന്ധം ഉടലെടുത്തതെന്ന് ഓർമ്മയില്ല.
രണ്ട് ആൺ മക്കൾ ആണ് അവർക്ക്.
വിവാഹം കഴിഞ്ഞു രണ്ടു പേരും കുടുംബമായി പലയിടങ്ങളിലും.
അമ്മയെ മാറി മാറി രണ്ട് വീടുകളിലും നിർത്തി ആദ്യമൊക്കെ അവർ കടമ നിർവഹിച്ചു.
പിന്നെ പിന്നെ അമ്മ ഒരു ബാധ്യത ആയിമാറി. അമ്മയുള്ളത് കൊണ്ട് എങ്ങോട്ടും പോയി നിൽക്കാൻ കഴിയുന്നില്ല. എപ്പോഴും അമ്മയെ നോക്കിയിരിക്കാൻ സമയം കിട്ടുന്നില്ല. എന്നിങ്ങനെ നൂറു കൂട്ടം ആവലാതികൾ അമ്മ കേൾക്കെയും അല്ലാതെയും നിരത്തി തുടങ്ങി .
തനിക്ക് വേണ്ടി മക്കൾ അവരുടെ ജീവിതം നഷ്ടപ്പെടുത്തിക്കൂടാ അവർക്ക് അവരുടെ ജീവിതം ജീവിച്ചു തീർക്കാൻ ഇനിയും ഒരുപാട് സമയങ്ങളുണ്ട്. പക്ഷെ, ജീവിത സായാഹ്നത്തിലെത്തി നിൽക്കുന്ന താൻ അതൊക്കെ കണ്ടില്ലെന്ന് നടിച്ചു കൂടാ എന്നൊരു വീണ്ടു വിചാരത്തിൽ അവർ തിരികെ തന്റെ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോന്നു.
ഇന്ന് സുജാത എന്ന എഴുപത്കാരി ഒറ്റയ്ക്ക് ആണ് ജീവിക്കുന്നത്.
ഒറ്റപ്പെടലിന്റെ തീവ്രത കുറയ്ക്കാൻ വേണ്ടിയാണ് അവർ കടലിന്റെ ആരവങ്ങൾക്കിടയിൽ ഒരൽപ്പനേരം ചേക്കേറാൻ എത്തുന്നത്.
കുറച്ചു നാളുകളേ ആയിട്ടുള്ളൂ കൃഷ്ണ ദാസുമായി അവർ പരിചയത്തിൽ ആയിട്ട്..
അതിന് ശേഷം തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും പങ്കു വെയ്ക്കുവാൻ ഒരാൾ ഉള്ളതിന്റെ സന്തോഷം അവരുടെ മുഖത്ത് തെളിഞ്ഞു കാണാം.
തനിക്കും നേരെ മറിച്ചല്ലല്ലോ അനുഭവം..!
എന്നും പരസ്പരം പങ്ക് വെയ്ക്കാൻ എന്തെങ്കിലും ഒക്കെ വാർത്തകൾ കാണും രണ്ടു പേർക്കും.
സുജാത ഇപ്പോൾ വെറും കയ്യോടെ വരാറില്ല. സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയ എന്തെങ്കിലും പലഹാരങ്ങൾ അയാൾക്കായി കയ്യിൽ കരുതും.
അതും കഴിച്ചു കൊണ്ടായിരിക്കും തിരമാലകളിൽ ഊയലാടുന്ന ചെറു ബാല്യങ്ങളെ കണ്ടു മനം കുളിർത്തിരിക്കുന്നത്.
ഇന്ന് പക്ഷെ, സുജാത എന്നും വരാറുള്ള സമയം കഴിഞ്ഞപ്പോൾ വല്ലാത്തൊരു വിമ്മിഷ്ടം തോന്നിയത് സത്യം തന്നെ ആണ്.
തന്റെ ജീവിതത്തിൽ ഇന്ന് ഏറ്റവും കൂടുതൽ സ്വാധീനം നേടിയിരിക്കുന്നത് സുജാത എന്ന സ്ത്രീ തന്നെ ആണ്.
എത്ര മര്യാദയോടുള്ള പെരുമാറ്റം ആണ് അവരുടെത്. ഒരിക്കലും മക്കളെ കുറിച്ച് ഒരു കുറ്റപ്പെടുത്തുന്ന വാക്കുകൾ പോലും പറഞ്ഞു കേട്ടിട്ടില്ല.
തന്റെ പെണ്മക്കളുടെ കാര്യങ്ങൾ എപ്പോഴും ചോദിക്കും.
അവരുടെ സന്തോഷം നമ്മുടെ വാർദ്ധക്യത്തിന്റെ പേരിൽ നഷ്ടമാക്കി കളയരുതെന്ന് എപ്പോഴും ഉപദേശിക്കും.
ഒരു പോസിറ്റീവ് എനർജി ആണ് അവരോടൊപ്പം ചിലവഴിക്കുമ്പോൾ കിട്ടാറുള്ളത്. പലപ്പോഴും തന്റെ ശ്രീദേവി കൂടെയുള്ളത് പോലെ ഒരു തോന്നലാണ്.
“ആഹാ മാഷ് വല്യ ആലോചനയിൽ ആണെന്ന് തോന്നുന്നു.. ഒറ്റയ്ക്ക് ഇരുന്ന് മുഷിഞ്ഞുവോ ?”
“ഏയ്, ഞാനും മടങ്ങാനുള്ള പോകാനുള്ള ആലോചനയിൽ ആയിരുന്നു. തന്നെ കാണാഞ്ഞപ്പോൾ ഇനി വരില്ലെന്ന് കരുതി.”
അവർ കയ്യിലിരുന്ന ടിഫിൻ അയാൾക്ക് നേരെ നീട്ടി.
“ഒന്ന് തുറന്നു നോക്കിക്കെ അതിലെന്താണെന്ന്.”
ആകാംക്ഷയോടെ അയാളത് തുറന്നു നോക്കി.
ആഹാ ! തനിക്ക് ഏറ്റവും ഇഷ്ടമുള്ളത് തന്നെ ആണല്ലോ ഇന്ന് കൊണ്ട് വന്നിരിക്കുന്നത്.
അവല് വിളയിച്ചതാണ് !
പാത്രം മുഖത്തേക്ക് അടുപ്പിച്ച് പിടിച്ചു കൊണ്ട് അതിന്റെ ഗന്ധം അയാൾ നന്നായി ആസ്വദിച്ചു.
ശ്രീദേവി ഉള്ളപ്പോൾ ഒഴിയാതെ ഒരു വലിയ ഡിഷിൽ എപ്പോഴും ഉണ്ടാവും ഇത്. ഇപ്പോൾ ആ രുചിയും ഓർമ്മകളും തനിക്ക് സുജാത മടക്കി തരുന്നു !
“ഇഷ്ടായോ മാഷേ.. നന്നായിട്ടുണ്ടോ..?”
അവർ ആകാംക്ഷയോടെ നോക്കി.
അയാൾ തലകുലുക്കി.
ഉഗ്രൻ എന്നൊരു മുദ്ര കൈ വിരലുകൾ കൊണ്ട് കാട്ടിയിട്ട് കഴിപ്പ് തുടർന്നു.
ഷുഗർ ഇതുവരെ ശല്യം ചെയ്യാത്തത് നന്നായി. എങ്കിലും ഒരു മുൻകരുതൽ പോലെ കുറെ നാളുകൾ ആയിട്ട്
മധുരം ഉപയോഗിക്കുന്നതിൽ നിയന്ത്രണം വെച്ചിരുന്നു.
“പിന്നെ, പറയൂ ഇന്നെന്താണ് പുതിയ വിശേഷം? ”
സുജാതയുടെ മുഖം പെട്ടന്നാണ് ഇരുണ്ടത്.
ഒന്നും മിണ്ടാതെ അവർ ഒരിക്കലും അവസാനിക്കാത്ത കടലിന്റെ അനന്തതയിലേയ്ക്ക് ഉറ്റു നോക്കി. പിന്നെ ഒരു നെടുവീർപ്പോടെ പറഞ്ഞു തുടങ്ങി.
“ഇനിയിതുപോലെ തമ്മിൽ കാണാനോ, ഒന്നിച്ചിരുന്നു സംസാരിക്കാനോ ഒന്നും പറ്റുമെന്ന് തോന്നുന്നില്ല മാഷേ..”
അയാൾ ഒന്ന് ഞെട്ടി. പെട്ടെന്ന് എന്ത് സംഭവിച്ചു?
“ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങിയപ്പോൾ കരുതിയത് ആർക്കും ഒരു ഭാരമാവില്ലെന്നാണ്.,ആകരുതെന്നാണ്.
പക്ഷെ, ഒന്നും മനുഷ്യൻ വിചാരിക്കുമ്പോലെ നടക്കില്ലല്ലോ..
ഞാൻ ഇനിയിങ്ങോട്ട് വരുമോ എന്ന് പോലും തീർച്ചയില്ല..”
ഒന്ന് നിർത്തിയിട്ട് അവർ ഒരു ദീർഘനിശ്വാസം എടുത്തു..
പിന്നെ തുടർന്നു.
“മക്കൾക്ക് ഞാൻ താമസിക്കുന്ന കുടുംബം വിൽക്കണം പോലും.
പ്രായമായ അമ്മ തനിച്ച് എത്ര നാളുകൾ കഴിയും ഇവിടെ ഒറ്റയ്ക്ക് എന്ന് അവർക്കൊരു വീണ്ടു വിചാരം.
അതുകൊണ്ടു വീട് വിൽക്കാൻ പോകുന്നു മാഷേ. വിറ്റിട്ട് അമ്മയെ ആരും കൂടെ കൊണ്ട് പോകാനുമല്ല!
ആരുമില്ലാത്ത പ്രയമായവരെ ഏൽപ്പിക്കുന്ന വൃദ്ധ സദനം ഉണ്ടല്ലോ ഇപ്പോൾ മുക്കിനു മുക്കിന്..
അവിടെ എവിടെ എങ്കിലും അമ്മയെ സുരക്ഷിതമായി ഏൽപ്പിച്ചു മടങ്ങി സ്വസ്ഥരാകണം അവർക്ക്.
ഒരു വലിയ തുക മാസാമാസം അവിടെ അമ്മയെ നോക്കാൻ ഏൽപ്പിച്ചു കൊടുത്താൽ പിന്നെ അവരുടെ കടമയും കഴിയും.. അത് ഇനി എപ്പോൾ വേണമെങ്കിലും സംഭവിക്കാം..”
അവരുടെ ശബ്ദം വല്ലാതെ ഉടഞ്ഞു പോകുന്നുണ്ടായിരുന്നു..
കേട്ടത് വിശ്വസിക്കാനാതെ വലിയൊരു ഷോക്കിൽ ആയിരുന്നു മാഷും.
എന്തൊരു ദുര്യോഗമാണ്.
പ്രായം ആകുന്നത് ആരുടെ കുറ്റം കൊണ്ടാണ്. ഇതേ മക്കളും നാളെ പ്രായമാകില്ലെന്നുണ്ടോ..
സുജാത സാരിത്തലപ്പിൽ മുഖം തുടച്ചു. പിന്നെ മെല്ലെ എഴുന്നേറ്റു.
“ഇന്ന് ഞാൻ വരാൻ വൈകിയത് കൊണ്ട് നേരവും വല്ലാതെ ഇരുട്ടി..
ഇനി പോകുന്നത് വരെ കാണാം.
പറ്റുന്ന ദിവസം വരെ ഇവിടെ വരാം..”
അവർ അതും പറഞ്ഞു നടക്കാൻ തുടങ്ങി.
ഒപ്പം അയാളും.
സായാഹ്നസൂര്യന്റെ ചെങ്കിരണങ്ങൾ അവരുടെ മുഖങ്ങളെയും ചുവപ്പിച്ചു കൊണ്ടിരുന്നു!
തണുത്ത കടൽ കാറ്റ് ഏറ്റു വിറയ്ക്കുന്നത് പോലെ തോന്നിയ അവർ സാരിയുടെ മുന്താണി ചുമലിലൂടെ ചുറ്റി പുതച്ചു.
സുജാതയ്ക്ക് അവരുടെ വീട്ടിലേക്ക് നടക്കാൻ കുറച്ചു ദൂരമേയുള്ളൂ. പതിവിലും വിപരീതമായി അതുവരെ ഒന്നും മിണ്ടാതെയാണ് അവർ നടന്നത്.പക്ഷെ ഹൃദയം കൊണ്ട് ഒരുപാട് സംസാരിച്ചു കൊണ്ടേയിരുന്നു!
വീട്ടിലേയ്ക്കുള്ള വഴി തിരിയവേ ഒരു യാത്ര പറച്ചിൽ പോലെ അവർ അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കി. പിന്നെ നിശബ്ദമായ ചുവടുകളോടെ നടന്നു പോയി.
ഒരഞ്ചു മിനിറ്റ് അവിടെ തറഞ്ഞു നിന്ന ശേഷം അയാളും മുന്നോട്ട് നടന്നു.. എന്തൊക്കെയോ തീരുമാനങ്ങൾ അപ്പോഴേക്കും ആ നെഞ്ചിനുള്ളിൽ ശക്തി പ്രാപിച്ചിരുന്നു.
നാളെ സുജാത വരുമ്പോൾ ഒരു സർപ്രൈസ് കൊടുക്കാനുണ്ട്..
അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് !!
അവരുടെ സന്തോഷം നിറയുന്ന മുഖം അയാൾ മനസ്സിൽ കണ്ടു.
അതിന്റെ ഓർമ്മയിൽ അയാളുടെ മുഖത്തും ഒരു ചെറു പുഞ്ചിരി വിരിഞ്ഞു.. അതെ, നാളത്തെ സായാഹ്നം തനിക്കുള്ളതാണ്.. പെട്ടെന്ന് അയാൾ സ്വയം തിരുത്തി. അല്ലല്ല, തങ്ങളുടേതാണ്..!
വഴി വിളക്കുകൾ പ്രകാശിച്ചു തുടങ്ങിയിരുന്നു.
ഇന്ന് ഒരുപാട് വൈകിയിരിക്കുന്നു.
അയാൾ വീട്ടിലേക്ക് ആഞ്ഞു വലിച്ചു നടന്നു..