വികാരങ്ങൾ വിവേകത്തെ കീഴടക്കുന്ന വേളകളിലെല്ലാം ശരീരം തേടിയിരുന്ന ആത്മരതിയിൽ പലപ്പോഴും കടന്നു വന്നിരുന്നത് നജീമിന്റെ..

(രചന: രജിത ജയൻ)

പതിവില്ലാതെ രാവിലെ തന്നെ വീട്ടിലേക്ക് കയറി വരുന്ന നജീമിനെ കണ്ട സീനത്തൊന്നമ്പരന്നു

കഴിഞ്ഞ അഞ്ചു വർഷമായ് ഇവിടെ ഈ വീടും സ്ഥലവും വാങ്ങി താമസം തുടങ്ങിയിട്ട്..

അന്നു മുതലിന്നോളം ഒരു നല്ല അയൽവക്കം തന്നെയാണ് നജീമിന്റെ വീട്ടുക്കാർ..

ഉപ്പയും ഉമ്മയും നജീമും ഒരു പെങ്ങളുമടങ്ങുന്നതാണ് അവന്റെ കുടുംബം.

നജീമിന്റെ ഉപ്പ ഏറെ നാളായ് പ്രവാസിയായിരുന്നു ..

അവന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞ വർഷം നടത്തുകയും , നജീമിന് ഇലക്ട്രിസിറ്റി ബോർഡിൽ ജോലി കിട്ടുകയും ചെയ്തതോടെ അദ്ദേഹം സ്ഥല കച്ചവടവും മറ്റുമായ് നാട്ടിൽ തന്നെ സ്ഥിരമായ്.

എപ്പോഴും ഏതവസ്ഥയിലും ആശ്രയിക്കാൻ പറ്റുന്ന ഒരു കുടുംബമാണ് നജീമിന്റെ…

എങ്കിലും ഇന്നുവരെ അവനൊരിക്കലും ആവശ്യമില്ലാതെ വീട്ടിലേക്ക് വന്നിട്ടില്ല. വന്നതെല്ലാം വീട്ടിലെ കറന്റു സംബന്ധമായ കാര്യങ്ങൾക്ക് താൻ വിളിച്ചിട്ടായിരുന്നു ..

ഇതിപ്പോൾ എന്തിനാവും …?

സീനത്ത് ഓർത്തുകൊണ്ട് വേഗം പൂമുഖത്തേക്ക് നടന്നു

ഒരു പുഞ്ചിരിയോടെ ഉമ്മറത്തേക്ക് വന്ന സീനത്തിനെ ഒന്നു നോക്കി നജീം..

അവന്റെ ചുണ്ടിലും അവൾക്കായൊരു നിറചിരി ഉണ്ടായിരുന്നു

‘നജീം കയറിയിരിക്ക് …,

അവളവനെ ക്ഷണിച്ചു…

സോഫയിലൊരു പരുങ്ങലോടെ ഇരിക്കുന്നവനെ സീനത്തൊന്ന് നോക്കി…
ശേഷം അവനു കൊടുക്കാൻ ചായ എടുക്കാനായ് അകത്തേക്ക് നടന്നു ..

പോവുന്ന പോക്കിലവളുടെ മിഴികൾ അവനെയാക്കെ ഒന്ന് തഴുകിയിറങ്ങി കടന്നു പോയ് …

അവളെക്കാൾ ആറോ ഏഴോ വയസ് കുറവാണവന് …
കൂടിയാലൊരു ഇരുപത്തിയാറോ ഇരുപത്തിയേഴോ വയസ്സ്…

നല്ല ഉയരവും അതിനൊത്തവണ്ണവും ഉറച്ച മാംസപേശികളുള്ള ശരീരവുമാണവന് …

നിത്യവും രാവിലെ വീടിനുമ്മറത്ത് വ്യായാമം ചെയ്യുന്നവന്നൊരു പതിവുകാഴ്ചയാണ് എല്ലാവർക്കും …

സീനത്ത് മുപ്പത്തഞ്ച് വയസ്സിന്റെ പടിവാതിലിലാണ് …

താൻ നൽകിയ ചായയും കുടിച്ചൊരാലോചനയോടെ ഇരിക്കുന്നവനെ അവൾ നോക്കിയിരുന്നു..

വല്ലാത്ത വശ്യതയുള്ളൊരു ഭംഗിയാണ് നജീമിന് ..

നോക്കിയിരിക്കാൻ തോന്നുന്ന മുഖവും ശരീരവും…

ഓർത്തു കൊണ്ടവൾ അവനെ നോക്കിയ നേരത്തു തന്നെയാണവനും അവളെ നോക്കിയത്..

“സീനുത്താ….,,

അവൻ വിളിച്ചു

അവളൊരു ചോദ്യഭാവത്തിലവനെ നോക്കി

അവനു തന്നോടെന്തോ പറയാനുണ്ടെന്നും അതെങ്ങനെ പറയുന്നമെന്നോർത്തുള്ള ടെൻഷനുമാണവനെന്ന് അവൾ തിരിച്ചറിഞ്ഞു ..

“എന്താന്നെങ്കിലും ധൈര്യമായ് പറഞ്ഞോ നജീ…

‘നിന്നെയോ നിന്റെ വീട്ടുക്കാരെയോ വേറെ ഒരു കുടുംബമായിട്ടിതുവരെ കണ്ടിട്ടില്ല ഞാൻ..
നിനക്കെന്തും പറയാം എന്നോട്…,

അവളവനെ പ്രോത്സാഹിപ്പിച്ചതും അവന്നൊന്നു ശ്വാസം വിട്ടു നേരെയിരുന്നു

‘സീനുത്താ പറഞ്ഞതു പോലെ ഇങ്ങളെ ഞാനെന്റെ കുടുംബമായിട്ടേ കണ്ടിട്ടുള്ളു .ഞാൻ മാത്രമല്ല എന്റെ വീട്ടുക്കാരും…

‘അതു കൊണ്ടു തന്നെ ഇങ്ങനെ ഒരു കാര്യം ഇവിടെ വന്നു പറയാൻ വീട്ടുകാർക്കൊരു ബുദ്ധിമുട്ട്…

‘ആവശ്യം എന്റേതായതു കൊണ്ടാണ് ഞാൻ വന്നത്.. ഇത്തയുടെ തീരുമാനമറിഞ്ഞതിന് ശേഷം വീട്ടുക്കാരും വരും..

എങ്ങും തൊടാത്ത വിധമുള്ള അവന്റെ സംസാരമവളെ കുഴപ്പത്തിലാക്കി…

‘നീ കാര്യം തുറന്നു പറ നജീമേ… എനിക്ക് മനസ്സിലായില്ല നീ പറ……

‘ഇത്തയുടെ മകൾ നിഷ്മയെ എനിക്കിഷ്ട്ടാണ്.. അവളെ എനിക്ക് തരോ…?

സീനത്തിനെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ നജീം മനസ്സിലുള്ളത് ചോദിച്ചു വേഗം

അവനെന്താണ് ചോദിച്ചതെന്ന് ഒരു നിമിഷം കഴിഞ്ഞാണവൾക്ക് മനസ്സിലായത്

‘തനിക്ക് ഈ ഭൂമിയിൽ ആകെ സ്വന്തമെന്ന് പറഞ്ഞുള്ള തന്റെ മകൾ നിഷ്മയെ ആണവൻ അവനായ് ചോദിച്ചതെന്ന് തിരിച്ചറിഞ്ഞവൾ വിശ്വാസം വരാതെ അവനെ നോക്കി …

‘ഇത്താ എനിക്കും എന്റെ വീട്ടിലുള്ളവർക്കും ഒരിപാടിഷ്ട്ടമാണവളെ..,,,

“അവൾക്കും എന്നെ ഇഷ്ടമാണെന്നാണ് എന്റെ വിശ്വാസം…
പക്ഷെ അവളത് തുറന്നു സമ്മതിക്കണമെങ്കിൽ ഇത്തയുടെ സമ്മതം വേണം…

“അവളെ എനിക്ക് തന്നേക്ക് ഇത്താ… പൊന്നുപോലെ നോക്കാം… ഇത്ത ആഗ്രഹിച്ച അത്രയും പഠിപ്പിച്ചൊരു ജോലിക്കാരിയും ആക്കാം… എനിക്ക് തരുമോ….?

പറയാനുള്ളതെല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞ് തന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കുന്നവനെ കണ്ടപ്പോഴാണ് തന്റെ മകൾക്ക് വിവാഹപ്രായം ആയെന്നവൾ ഓർക്കുന്നത്..

പെട്ടന്നൊരു മറുപടി പറയാൻ പറ്റില്ലാന്ന് പറഞ്ഞവനെ മടക്കി അയക്കുമ്പോഴും അവനോടെന്തു പറയുമെന്ന ചിന്തയിലായിരുന്നു അവൾ

പതിനഞ്ചു വയസ്സു തനിക്ക് തികഞ്ഞിരുന്നോ തന്റെ മോളെ താൻ പ്രസവിക്കുമ്പോൾ …?

അവളോർത്തു പോയ്…

ഉപ്പയും ഉമ്മയും ആരെന്നറിയാതെ അനാഥമന്ദിരത്തിന്റെ നാലു ചുമരുകൾക്കിടയിൽ വളർന്ന തനിക്ക് ചുറ്റുമുള്ള ലോകത്തെ കുറിച്ച് വലിയ അറിവുണ്ടായിരുന്നില്ല..

ഉണ്ടായിരുന്നെങ്കിൽ അന്നവിടെ ഇടയ്ക്കെല്ലാം വന്നിരുന്ന പ്രായമുള്ളയാ മനുഷ്യന്റെ മനസ്സിലെ ദുഷിപ്പ് തനിക്ക് മനസ്സിലാവുമായിരുന്നു..

അയാൾക്ക് കീഴിൽ അയാളുടെ പരാക്രമങ്ങൾക്കിരയായ് വേദനയുടെ കൊടുമുടി താണ്ടി ബോധം മറഞ്ഞു പോയ തന്നെ ആരോ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മനസ്സ് കുറച്ചു കാലം ബോധത്തിനും അബോധത്തിനുമിടയിൽ ആയിരുന്നു…

ഒടുവിലെല്ലാം ഓർത്തെടുക്കാൻ പാകത്തിൽ താൻ തിരിച്ചു വന്നുവെങ്കിലും ഒരോർമ്മകൾക്കും നശിപ്പിക്കാൻ പറ്റാത്ത വിധത്തിൽ തന്നിൽ തന്റെ മകൾ വളർച്ച എത്തിയിരുന്നു.

അന്നവിടെ നിന്ന് തുടങ്ങിയ യാത്ര ഇന്നിവിടെ എത്തി നിൽക്കുമ്പോൾ തന്റെ മകൾക്ക് വയസ്സ് പത്തൊമ്പത് …

വിവാഹപ്രായമെത്തിയിരിക്കുന്നു .സ്വപ്നങ്ങളുണ്ടാവും അവൾക്ക്…ആഗ്രഹങ്ങളും ..

എല്ലാം അറിഞ്ഞു വളർന്നവളാണ് … പരാതിയില്ല അവൾക്കൊന്നിനും …

നജീമിന്റെ വീട്ടുകാർക്കുമറിയാം തങ്ങളെ പറ്റിയെല്ലാം..

പരസ്പരം നന്നായി അറിയുന്ന രണ്ടു കുടുംബങ്ങൾ തമ്മിലല്ലേ ചേരേണ്ടത്..

അവൾ ചിന്തിച്ചു…

മനസ്സ് പിന്നോട്ടായുന്നത് അവനെ ഓർക്കുമ്പോഴാണ്… നജീമിനെ ….

ഞെട്ടലോടെ ഓർത്തവൾ

വികാരങ്ങൾ വിവേകത്തെ കീഴടക്കുന്ന വേളകളിലെല്ലാം ശരീരം തേടിയിരുന്ന ആത്മരതിയിൽ പലപ്പോഴും കടന്നു വന്നിരുന്നത് നജീമിന്റെ രൂപമായിരുന്നു

എന്തുകൊണ്ടങ്ങനെ എന്ന ചോദ്യത്തിനു ഉത്തരമില്ല …

ഒരു പക്ഷെ എപ്പോഴെങ്കിലും മനസ്സും ശരീരവും അവനെ പോലൊരുത്തന്റെ തലോടലും സംരക്ഷണവും കൊതിച്ചിരുന്നുവോ ..?

ഉത്തരങ്ങളില്ല ഒന്നിനും…

മനസ്സ് തളർന്നു പോയ ഒരുപാടു സന്ദർഭങ്ങളിൽ തനിക്ക് ആശ്വാസമായിട്ടുണ്ടായിരുന്നത് നജീമിന്റെ കുടുംബവും നജീമുമാണ്…

ഒരു സഹോദരിയായ് തന്നെ കണ്ടിരുന്നവൻ തന്റെ മകളെ വിവാഹം കഴിക്കുന്നതിലൂടെ തനിക്ക് തരാൻ പോവുന്നത് അവന്റെ ഉമ്മയ്ക്ക് തുല്യമായ സ്ഥാനമാണെന്നോർത്തതും അവളിലൂടൊരു തരിപ്പ് പടർന്നു പോയ് ..

വേണ്ട എന്നു പറയാൻ കാരണങ്ങളൊന്നുമില്ലാത്ത ,എന്നാൽ നടന്നാൽ തന്റെ മകൾക്ക് എന്നേക്കും നന്നായ് ഭവിക്കും എന്നുറപ്പുള്ള ആ വിവാഹത്തിന് നജീമിനോട് സമ്മതം പറയുമ്പോൾ അവൾ നിഷ്മ എന്ന പെൺകുട്ടിയുടെ ഉമ്മ മാത്രമായിരുന്നു …

സ്വന്തം ആഗ്രഹങ്ങളെയും മോഹങളെയും മനസ്സിനുള്ളിലിട്ടടച്ച് മറ്റുള്ളവരുടെ സന്തോഷങ്ങൾക്കായ് ജീവിച്ചു പോരുന്ന അനേകംപേരിലൊരാൾ …

നിഷ്മയെ അവന്റെ ഭാര്യയായ് നൽകി അവർക്കിടയിലൊരു തടസ്സമായ് നിൽക്കാതെ ഇതു വരെ കാണാത്ത ലോകത്തിലെ വിവിധങ്ങളായ കാഴ്‌ചകൾ തേടി സീനത്ത് പുറപ്പെടുമ്പോൾ അവൾക്ക് മനസ്സിൽ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു, അറിഞ്ഞോ അറിയാതെയോ തന്റെ ഒരു നിഴൽ പതിഞ്ഞു പോലും അവരുടെ ജീവിതം ചിതറരുത് എന്നതു മാത്രം ..

വിധി എന്താണെന്ന് അറിയില്ല പക്ഷെ നന്മകൾ മാത്രം ആശംസിക്കാം നമുക്ക്….