തന്റെ വീട്ടിൽ ഇടയ്ക്കിടെ ആരോ വരുന്നുണ്ടെന്ന ചർച്ചയാണിപ്പോൾ അമ്മയുടെ രണ്ടാം വിവാഹത്തിലെത്തി നിൽക്കുന്നത് …

(രചന: രജിത ജയൻ)

” ഇത്രയും വലിയ നീയൊരുത്തൻ മകനായിട്ട് ഉള്ളപ്പോൾ നിന്നെ പറ്റിയോ നിന്റെ കുടുംബത്തെ പറ്റിയോ ഒന്നും ചിന്തിക്കാതെ നിന്റെ അമ്മ ഒരു രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന് നാട്ടുക്കാരോ നിന്റെ ഭാര്യാ വീട്ടുകാരോ അറിഞ്ഞാൽ നിനക്കുണ്ടാവുന്ന നാണക്കേട് എത്രയാണെന്ന് നീ ഓർത്തിട്ടുണ്ടോ ..?

“നീയല്ല ശരിയ്ക്കും നിന്നെ പറ്റി ഓർക്കേണ്ടത്, നിന്റെ തള്ളയാണ് പക്ഷെ അവർക്കിപ്പോ അതിനൊന്നും സമയം ഇല്ലല്ലോ…?

“മറ്റു പലതിനും അല്ലേ ഇപ്പഴവരുടെ സമയവും നേരവുമെല്ല്ലാം മാറ്റിവെച്ചേക്കുന്നത് …?

“ഉം… ഏത് …. അതു തന്നെ…

പതിവുപോലെ പണി കഴിഞ്ഞ് കൂട്ടുക്കാരുമൊത്തുള്ള പതിവ് ഒത്തുകൂടലിലായിരുന്നു സുമേഷ്…

അവിടെയാണെങ്കിൽ ഇന്നു കൂട്ടുക്കാരുടെ ചർച്ച അവന്റെ അമ്മയുടെ രണ്ടാം കെട്ടിനെ പറ്റിയും …

തന്റെ വീട്ടിൽ ഇടയ്ക്കിടെ ആരോ വരുന്നുണ്ടെന്ന ചർച്ചയാണിപ്പോൾ അമ്മയുടെ രണ്ടാം വിവാഹത്തിലെത്തി നിൽക്കുന്നത് …

കൂട്ടുക്കാരുടെ കളിയാക്കലുകളിൽ നാണംകെട്ടവൻ വേഗം തന്റെ വീതം കുടിച്ചു തീർത്ത് വീട്ടിൽ പോവാനായ് ഇറങ്ങി..

“എന്നാലും നിന്റെ അമ്മയെ സമ്മതിക്കണം …

“എന്തോ വലിയ ഓപ്പറേഷനൊക്കെ കഴിഞ്ഞ് ഇങ്ങ് വന്നതേ ഉള്ളു,
അപ്പോഴേക്കും ദേ രണ്ടാം കെട്ട്….,,

“അല്ലെങ്കിലും അവരിത്തിരി മുറ്റ് കൂടിയ ഇനം തന്നെയാണെടാ.., അതോണ്ടല്ലേ നിന്റെ അച്ഛൻ മരിക്കുന്നതിനു മുമ്പുവരെ അവരെ തല്ലിക്കോണ്ടിരുന്നത് …?

“അന്ന് നിന്റെ അച്ഛനെ ഞങ്ങളൊക്കെ ഒരു പാട് പ്രാകിയിട്ടുണ്ട് അമ്മയെ തല്ലുന്നത് കണ്ടിട്ട് ..

”പക്ഷെ ഇപ്പോൾ ഞങ്ങൾക്കറിയാം നിന്റെ അച്ഛനാണ് ശരി അമ്മ മഹാ പെഴയാണെടാ..”

“ഇപ്പഴും നിന്റെ വീട്ടിൽ ആരൊക്കയോ നീ അറിയാതെ വന്നു പോവുന്നുണ്ടെടാ … കഴിഞ്ഞ ദിവസവും നമ്മുടെ രഘു കണ്ടതാടാ നിന്റെ വീടിന്റെ മുറ്റത്ത് വില കൂടിയൊരു കാർ …”

“നന്നായ് സൂക്ഷിച്ചോടാ മോനെ… ,ഇന്നമ്മയെ കാണാൻ വരുന്നവൻ നാളെ ചിലപ്പോ നിന്റെ ഭാര്യയെ കാണാനും വരും ”

അവർക്കിടയിൽ നിന്ന് ധൃതിയിൽ പിൻതിരിഞ്ഞ് നടക്കുമ്പോഴും പുറകിൽനിന്നവൻമാർ വിളിച്ചു പറയുന്നത് അവൻ കേൾക്കുന്നുണ്ടായിരുന്നു..

പെറ്റ തള്ളയേയും കൂടെ അന്തിയുറങ്ങുന്ന താലിചാർത്തിയവളെയും പറ്റി അത്രയെല്ലാം അവൻമാർ വിളിച്ചു പറഞ്ഞിട്ടും തിരിച്ചൊരക്ഷരം പറഞ്ഞില്ല സുമേഷ് ..

എന്തോ അതിനൊന്നും താൻ അർഹനല്ലാത്ത പോലെ… അവർ പറയുന്നതെല്ലാം സത്യമാണെന്ന പോലെ..

നിലത്തുറയ്ക്കാത്ത കാലടികളുമായ് വീട്ടിലേക്ക് ചെന്നു കയറുമ്പോൾ തന്നെ കണ്ടു ഉമ്മറത്ത് നിർത്തിയിട്ടിരിക്കുന്ന ഒരു കാർ..

വളരെ വില കൂടിയ ഒന്നാണ് അതെന്ന് കണ്ടാൽ തന്നെ അറിയാം

കുടിച്ച കള്ളിന്റെ വീര്യം രക്തത്തിൽ പകർന്നാട്ടം നടത്തിയ നേരം … കൂട്ടുകാർ പറഞ്ഞതെല്ലാം സത്യമായതു പോലെ …

ഹൃദയത്തിനെന്തോ അസുഖം ബാധിച്ചിരുന്നു അമ്മയ്ക്ക്.. അതിനുള്ള ചികിൽസ കഴിഞ്ഞു വന്നിട്ടധികം ദിവസങ്ങളായില്ല…

ചികിൽസ പോലും നാട്ടുകാർ ആരൊക്കയോ ചേർന്ന് പിരിവെടുത്ത് നടത്തുകയായിരുന്നു…

പണിയെടുക്കുന്നത് മുഴുവൻ കള്ള് കുടിക്കാൻ വേണ്ടി ചിലവാക്കുന്ന സുമേഷിന് അതൊന്നും ചെയ്യാൻ കയ്യിൽ പണമോ സമയമോ ഇല്ല…

ഉമ്മറം കടന്നു ഹാളിലേക്ക് കയറിയതും സുമേഷിന്റെ രക്തം തിളച്ചു ..

അവിടെ സോഫയിൽ അമ്മയുടെ മടിയിൽ തലവെച്ചു കൊണ്ടൊരുവൻ…

അമ്മയുടെ വയറിലേക്ക് അമർന്നു തിരിഞ്ഞു കിടക്കുന്നതിനാൽ മുഖം വ്യക്തമല്ല ആളുടെ …

ഇടയ്ക്കിടെ അമ്മയുടെ കൈ അയാളുടെ തലയിലൂടെ അരിച്ചു നീങ്ങുന്നുമുണ്ട് …

കുടിച്ച മദ്യത്തിന്റെ വീര്യം രക്തയോട്ടം വർദ്ധിപ്പിക്കുന്നതു പോലെ …

അവന്റെ കൈകാലുകളിലെ ഞരമ്പുകൾ വലിഞ്ഞുമുറുക്കി ,കണ്ണുകളിൽ ചോര നിറമോടി ചുവന്നു …

അമ്മയ്ക്കരികിക്കേവൻ പാഞ്ഞെന്ന പോലെ എത്തിയതും അവന്റെ കണ്ണുകൾ കൂടുതൽ മിഴിഞ്ഞു ..

അകത്തു മുറിയിൽ അവന്റെ ഒന്നര വയസ്സുക്കാരി മകളെ കളിപ്പിച്ചു കൊണ്ടു വേറൊരാൾ..

അവരുടെ കളിച്ചിരികൾ കണ്ടു രസിച്ചെന്ന പോലെ നിൽക്കുന്ന അവന്റെ ഭാര്യ രശ്മി..

അന്നേരം മനസ്സിലേക്കോടിയെത്തിയത് കുറച്ചു സമയം മുമ്പ് കൂട്ടുക്കാർ പറഞ്ഞ വാക്കുകളായിരുന്നു …

“ഇന്നമ്മയെ കാണാൻ വരുന്നവൻ നാളെ നിന്റെ ഭാര്യയേയും കാണാൻ വരും …,,,,

ആ വാക്കുകൾ ചെവിയിൽ വീണ്ടും വീണ്ടും അലയടിച്ചതും സുമേഷ് മുറിക്കുള്ളിലേക്ക് പാഞ്ഞുകയറി രശ്മിയുടെ വലം കവിളിൽ കൈ വീശി അടിച്ചു…

“പിഴച്ചവളെ…. ,,

എന്റെ താലിയും കഴുത്തിലിട്ട് പിഴച്ചു നടക്കുന്നോടി നീ…?

” അമ്മായി അമ്മ പുറത്തും മരുമകൾ അകത്തും… തീർത്തു തരാടി നിന്റെയും തള്ളയുടെയും സകല സൂക്കേടും ഞാൻ…

പറഞ്ഞു കൊണ്ടവൻ വീണ്ടും അവൾക്കു നേരെ കൈയോങ്ങിയതും മുഖമടച്ചു കിട്ടിയ അടിയിൽ അവൻ നിലത്തേക്ക് വീണുപോയ്…

കണ്ണുകളിൽ ഇരുട്ട് കയറും മുമ്പവൻ കണ്ടു വാതിലിനരികിൽ അമ്മയ്ക്കൊപ്പമൊരുവനെ,പിന്നെ അവൻ നീട്ടി കുടയുന്ന തന്നെ അടിച്ച കൈയും…

ബോധം തെളിയുമ്പോൾ സുമേഷ് റൂമിലെ കിടക്കയിലായിരുന്നു …

കവിളിലൊരു തരിപ്പ് തോന്നിയതും അവൻ കവിളിൽ തൊട്ടു നോക്കി

“തൊട്ടു നോക്കണ്ട സുമേഷേ.. ഒരു തരിപ്പായിരിക്കും കവിളിൽ…

” കാരണം അടിച്ചത് കേരള പോലീസിലെ എണ്ണം പറഞ്ഞവനിലൊരുത്തനാ…

ശബ്ദം കേട്ട് മെല്ലെ തലതിരിച്ചു നോക്കിയവൻ കണ്ടു നേരത്തെ തന്റെ മോളെ കളിപ്പിച്ചു കൊണ്ടിരുന്നയാൾ…

മോളിപ്പോഴും അയാളുടെ കയ്യിലാണ് …

നരകയറിയ അയാളുടെ താടിരോമങ്ങളിലൂടെ അവൻ കണ്ണോടിക്കവേ കണ്ടു നേരത്തെ തന്നെയടിച്ചവൻ തന്റെ അമ്മയുടെ കൈ പിടിച്ചു നിൽക്കുന്നത്

“ഇതെന്റെ മകൻ ഋഷി…

പോലിസിലാ…

സി ഐ ആണ്…

പിന്നെ ഞാൻ എന്റെ പേര്, നിന്റെ അച്ഛൻ പറഞ്ഞു നീ കുട്ടിക്കാലത്ത് ഒരു പാട് കേട്ടിട്ടുണ്ടാവും വിജയരാഘവൻ..

വിജയ രാഘവൻ …. ,,,

ആ പേരുകേട്ടതും അവനോർമ്മയിൽ വന്നത് കള്ള് കുടിച്ചു ബോധമില്ലാതെ വരുമ്പോൾ “നീ വിജയരാഘവന്റെ കൂടെ അഴിഞ്ഞാടി നടന്നവളല്ലേ എന്നു ചോദിച്ചു അമ്മയെ തലങ്ങും വിലങ്ങും അടിക്കുന്ന അച്ഛനെയാണ്..

“നീ ഓർത്തതു ശരിയാണ്, നിന്റെ അച്ഛൻ എന്റെ പേര് പറഞ്ഞാണ് ഇവളെയന്ന് ഉപദ്രവിച്ചത്…

“പരസ്പരം ഒരുപാട് സ്നേഹിച്ചവരായിരുന്നു ഞങ്ങൾ ..പക്ഷെ ഒരുമ്മിക്കാൻ പറ്റിയില്ല..

” രണ്ടു പേരും രണ്ട് കുടുംബവുമുണ്ടാക്കി ..

“പക്ഷെ ഞാനറിഞ്ഞില്ല എന്റെ പേരിൽ ഇവൾ ഒരു ജന്മം മുഴുവൻ വേദന അനുഭവിക്കുകയായിരുന്നെന്ന്…

“അറിയാൻ എന്റെ ഭാര്യ വേണ്ടി വന്നു…
അല്ല ഭാര്യയുടെ ഹൃദയം വേണ്ടി വന്നു …

” അതിങ്ങനെ നിന്റെ അമ്മയുടെ ഉള്ളിലിരുന്ന് മിടിക്കേണ്ടി വന്നു .., :

“മനസ്സിലായില്ല അല്ലേ ഒരപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച എന്റെ ഭാര്യയുടെ ,ഇവന്റെ അമ്മയുടെ ഹൃദയമാണ് നിന്റെ അമ്മയുടെ ഹൃദയമായിപ്പോൾ മിടിക്കുന്നത്…,,

“ഓരോ അവയവങ്ങളും ആവശ്യമുള്ള ഓരോരുത്തർക്കും ദാനമായ് നൽകിയപ്പോൾ ഒരിക്കലെന്റ ഹൃദയമായിരുന്നവളിലേക്കാണ് എന്റെ പ്രാണന്റ ഹ്യദയമെത്തിയത് …

” ഓരോ നിയോഗമാവാം അത് ..

“അത് തിരിച്ചറിഞ്ഞപ്പോൾ ഇവനാണ് പറഞ്ഞത് അവന് അവന്റെ അമ്മയെ കാണണമെന്ന്.. ആ മിടിപ്പ് കേൾക്കണമെന്ന് ..

“ഇപ്പോഴിവൾ ഇവന്റെ അമ്മയാണ്…
ഇനി എന്നും ആവുകയും ചെയ്യും …
അതെന്റെയും മോന്റെയും തീരുമാനമാണ് …

“അതിനെ നീ എതിർക്കരുത് ,എതിർത്താൽ എനിക്ക് വേണ്ടത് ഒരു തരി പൊന്നിന്റെ മിന്നാണ്.. പക്ഷെ ഞാനും ഇവളും ആഗ്രഹിക്കുന്നില്ല ഇനി ഞങ്ങൾക്കായൊരു ജീവിതമങ്ങനെ …

“എന്റെ മകന്റെ അമ്മയായ് ഇവളുണ്ടാവും എന്നും.. അതിനെ നിന്റെ വൃത്തിക്കെട്ട കണ്ണുകൊണ്ട് കണ്ട് ,അളിഞ്ഞ നാവുകൊണ്ട് വൃത്തികേട് വിളിച്ചു പറഞ്ഞാൽ പിന്നെ നീ ജയിലിൽ ആണ്…

“അതിപ്പോ നാളെ മുതൽ കള്ള് കുടിച്ചാലും നിന്റെ വൃത്തിക്കെട്ട കൂട്ടുക്കാരുടെ അടുത്ത് നീപോയാലും നിന്റെ ഗതി അതു തന്നെയാണ്…

“അമ്മയേയും ഭാര്യയേയും സംരക്ഷിക്കാൻ കഴിയാത്തവന് അവരെ ശിക്ഷിക്കാനുള്ള അധികാരവും ഇല്ല..

“ഇനിയൊരിക്കൽ കൂടി നിന്റെ കൈ എന്റെ അമ്മയ്ക്കും പെങ്ങൾക്കും നേരെ ഉയർന്നാൽ പിന്നെ നീ ഇല്ല…

മനസ്സിലായോ ഞാൻ പറഞ്ഞത്…?

ഋഷിയുടെ ചോദ്യം കേട്ട് തന്റെ ശിരസ്സ് ഇളക്കുമ്പോൾ തെറ്റുകളിൽനിന്ന് ശരിയിലേക്കുള്ള യാത്രയിലായിരുന്നു സുമേഷ്….