അവൻ ഒരു പെണ്ണിനെയും വിളിച്ചുകൊണ്ട് വന്നു വീട്ടിൽ പൊറുതി തുടങ്ങി. പിന്നീട് അവർക്ക് ഞാനൊരു ബാധ്യതയായി..

(രചന: അംബിക ശിവശങ്കരൻ)

“എന്റെ അമ്മേ ആ ഫോൺ ഒന്ന് നേരെ പിടിക്ക്. ഇങ്ങനെ ഇട്ടു കുലുക്കാതെ… എനിക്ക് അമ്മയുടെ മുഖം കാണുന്നില്ല മൂക്ക് മാത്രമേ കാണാവൂ.”

ദുബായിൽ നിന്നും തന്റെ അമ്മയ്ക്ക് വീഡിയോ കോൾ ചെയ്യുന്നതിനിടെ കിരൺ അവർക്ക് നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു.

“ദേ കിച്ചു.. ഞാൻ അപ്പോഴേ പറഞ്ഞതാ എനിക്ക് ഈ കുന്ത്രാണ്ടം ഒന്നും വേണ്ടെന്ന്. ഇതിന്റെ എവിടെ തൊട്ടാലും പ്രശ്നമാണല്ലോ.. ആ ചെറിയ ഫോൺ ഉണ്ടായിരുന്നപ്പോൾ എന്ത് സുഖമായിരുന്നു.” അവർ ഫോൺ ഒരല്പം അകത്തി പിടിച്ചുകൊണ്ട് പറഞ്ഞു.

” ആ ഫോണിൽ അമ്മയെ ഇങ്ങനെ കണ്ട് സംസാരിക്കാൻ പറ്റില്ലല്ലോ..? അമ്മയേക്കാൾ പ്രായമായവരു വരെ ഇന്നത്തെ കാലത്ത് ആൻഡ്രോയിഡ് ഫോണുകൾ ആണ് ഉപയോഗിക്കുന്നത്. ഇതാവുമ്പോൾ എന്തൊക്കെ ഉപകാരങ്ങളാണ് എപ്പോ വേണമെങ്കിലും കണ്ടു സംസാരിക്കാം, വാർത്തകൾ അറിയാം,ഭക്തിഗാനങ്ങളും സിനിമകളും കാണാം അങ്ങനെ എത്രയെത്ര ഉപകാരങ്ങൾ ഉണ്ടെന്നറിയാമോ.. ”

” അമ്മയെ ഒറ്റയ്ക്കിട്ടു പോയതും പോരാഞ്ഞിട്ട് ന്യായീകരിക്കുന്നത് കണ്ടില്ലേ..മോനായി പോയി അല്ലെങ്കിൽ നല്ല നാലെണ്ണം പറഞ്ഞേനെ ഞാൻ. ” അമ്മയുടെ ദേഷ്യം കണ്ട് അവന്റെ മനസ്സിൽ ചിരി ഊറി വന്നു.

” ഇങ്ങനെ ദേഷ്യപ്പെടുമ്പോൾ അമ്മയെ കാണാൻ വല്ലാത്ത സൗന്ദര്യം തന്നെ ആട്ടോ.. ഇനി ആറുമാസം കൂടിയല്ലേ ഉള്ളൂ എന്റെ ചന്ദ്രികാമ്മേ ഞാൻ അപ്പോഴേക്കും പറന്നെത്തില്ലേ? ”

” എന്തിന്..? ഒരു മാസം നിന്നെന്ന് ബോധ്യപ്പെടുത്തി പോകാനോ? എന്റെ കിച്ചു ഈ വരുന്ന ചിങ്ങത്തിൽ നിനക്ക് മുപത്തിരണ്ട് വയസ്സ് തികയുകയാണ്. കാശ് ഉണ്ടാക്കി വരുമ്പോൾ മനസ്സിനിണങ്ങിയ പെണ്ണിനെ കിട്ടിക്കോളണം എന്നില്ല..ശങ്കു നായര് വന്നപ്പോഴും അത് തന്നെയാണ് പറയണേ… ഇത്തവണ വന്നിട്ട് പെണ്ണ് കണ്ടുറപ്പിച്ചിട്ട് പോയാ മതി അടുത്ത ലീവിന് കാത്തിരുന്നാൽ ചിലപ്പോൾ പെൺകുട്ടികൾ ഉണ്ടാവില്ലെന്ന്.. ”

“ഓ അയാൾ ആണല്ലേ അമ്മയെ അപ്പോ പിരി കയറ്റി വിടണത്? അയാൾക്ക് ബ്രോക്കർ കാശ് കിട്ടാൻ അല്ലാതെന്താ.. അത് കേട്ട് തുള്ളാൻ അമ്മയും.”

” നിന്നോട് തർക്കിക്കാൻ ഞാനില്ല. ജീവിതകാലം മുഴുവൻ അവിടെ തന്നെ കഴിയാൻ ആണെങ്കിൽ ആയിക്കോ.. ”

ഈ വിഷയം അപ്പോൾ സംസാരിച്ചാലും പിണക്കത്തിലെ കലാശിക്കു എന്നറിയാവുന്നതുകൊണ്ട് തന്നെ അവൻ വിഷയം മാറ്റാൻ ശ്രമിച്ചു.

“പിന്നെ അവിടെ എന്തൊക്കെയുണ്ട് വേറെ വിശേഷങ്ങൾ? അമ്മയുടെ കല്യാണയും ഗോമതിയും ഒക്കെ എന്തു പറയുന്നു?”

“മിണ്ടാപ്രാണികൾ ആണെങ്കിലും അവർക്കൊക്കെ നിന്നെക്കാൾ സ്നേഹമുണ്ട്. ആ പിന്നെ കിച്ചു..ശങ്കു നായർ ഒരു കാര്യം കൂടി പറഞ്ഞിരുന്നു.”

” എന്താ അത്? ”

” അടുക്കളപ്പണിയും പശുക്കളുടെ കാര്യവും തനിച്ച് എന്നെക്കൊണ്ട് സാധിക്കുന്നില്ല. എന്നെ സഹായിക്കാൻ ഒരാളെ ഏർപ്പാടാക്കാൻ ഞാൻ അയാളോട് പറഞ്ഞിരുന്നു. ദിവസവും വന്നു പോകാൻ പറ്റിയ ഒരാളെ ആണ് ഞാൻ ഉദ്ദേശിച്ചത്. ഇന്നലെ മൂപ്പര് വന്നിരുന്നു അയാളുടെ പരിചയത്തിൽ ഒരു സ്ത്രീ ഉണ്ടത്രേ.. പക്ഷേ അവർക്ക് ദിവസവും വന്നു പോകാൻ അസൗകര്യം ഉള്ളതുകൊണ്ട് താമസ സൗകര്യവും കൊടുക്കണം എന്ന് പറഞ്ഞു. ”

“എന്റെ അമ്മേ..ഒന്നാമത്തെ ഇന്നത്തെ കാലം ശരിയല്ല. പരിചയമില്ലാത്തവരെയൊക്കെ വീട്ടിൽ കേറ്റി താമസിപ്പിച്ചിട്ട് ഒടുക്കം പണി വാങ്ങാൻ നിൽക്കണോ? ഓരോ ന്യൂസ് കാണുമ്പോഴും കേൾക്കുമ്പോഴും പേടിയാകുവാ..”അവൻ വേവലാതിയുടെ പറഞ്ഞു.

“ഹേയ്.. നീ അങ്ങനെ പേടിക്കുക ഒന്നും വേണ്ട. ഒരു പരിചയവും ഇല്ലാത്ത ഒരാളെ അയാൾ കൊണ്ടുവരില്ലല്ലോ? ഏതായാലും ഞാൻ നാളെ കൊണ്ടുവരാൻ പറഞ്ഞിട്ടുണ്ട് പറ്റില്ലേച്ചാൽ പറഞ്ഞു വിട്ടോളാം..”

“ശരി ശരി.. ഏതായാലും വീട്ടിലെ ആഭരണത്തിന്റെ കണക്കുകളും പണത്തിന്റെ കണക്കുകളും ഒന്നും വരുമ്പോഴേ വിളമ്പാൻ നിൽക്കേണ്ട. അതുമതി ചിലർക്ക്… എന്തും ചെയ്യാൻ മടിക്കില്ല. എപ്പോഴും അവരുടെ മേൽ ഒരു കണ്ണ് വേണം എന്തേലും പന്തികേട് തോന്നിയാൽ അപ്പുറത്തെ വീട്ടിലെ കണ്ണേട്ടനെ ഫോൺ ചെയ്താൽ മതി. ഏത് രാത്രിയായാലും.”
അവന് തന്റെ കാര്യത്തിൽ നല്ല വിഷമം ഉണ്ടെന്ന് അവർക്ക് മനസ്സിലായി.

“ശരി അമ്മേ…കുറച്ചു തിരക്കുണ്ട് പിന്നെ വിളിക്കാം.കുറച്ചു തിരക്കുണ്ട്.”

അതും പറഞ്ഞുകൊണ്ട് ആ ഫോൺകോൾ അവസാനിച്ചു.അപ്പോൾ അവർ വീണ്ടും തന്റെ മറ്റൊരു ലോകമായ പശുക്കളുടെ അടുത്തേക്ക് പോയി. കറവയും പാൽ വിതരണവും വിളക്ക് വയ്ക്കലും ഒക്കെ ആയി അന്നത്തെ ദിവസം കടന്നുപോയി.

പിറ്റേന്ന് രാവിലെ പത്ത് മണിയോടുകൂടി തന്നെ ശങ്കു നായർ സഹായത്തിന് ആളെയും കൂട്ടിവന്നിരുന്നു. പത്ത് നാൽപതിയഞ്ചു വയസ്സുള്ള ഒരു സ്ത്രീയെയാണ് അവർ പ്രതീക്ഷിച്ചിരുന്നത് എങ്കിലും മുപ്പതിന് അടുത്ത് പ്രായം തോന്നിയ ആ പെൺകുട്ടിയെ കണ്ട് അവരൊന്നു അമ്പരന്നു.

“എന്താ കുട്ടിയുടെ പേര്?”

“രേവതി.”

“ആരൊക്കെയുണ്ട് വീട്ടിൽ?”

അതിന് അവൾ ഉത്തരം പറയാതെ മടിച്ചു നിന്നപ്പോൾ ശങ്കു നായരാണ് മറുപടി പറഞ്ഞത്.

” അച്ഛൻ നേരത്തെ പോയതാ.. അഞ്ച് കൊല്ലം മുന്നേ ഒരു അസുഖം വന്ന് അമ്മയും പോയി. ആകപ്പാടെ ഉള്ളത് ഒരു ആങ്ങളയാണ് അവനും ഇപ്പൊ ഈ കൊച്ചിനെ വേണ്ടാതായി. അപ്പോഴാ ഇവിടത്തേക്ക് ഒരാളെ നോക്കുന്നുണ്ടെന്ന് അറിഞ്ഞത് പിന്നെ ഒന്നും നോക്കിയില്ല ഞാൻ കൂട്ടിക്കൊണ്ടുപോന്നു. ”

“കുട്ടി അകത്തേക്ക് ചെന്നോളൂ.. പോയി കുറച്ചു നേരം വിശ്രമിക്ക് എന്നിട്ട് അടുക്കളയിൽ കയറിയാൽ മതി.”

രേവതി അകത്തേക്ക് പോയതും മടിയിൽ കരുതിയിരുന്ന പൈസ എടുത്ത് അവർ ശങ്കു നായരുടെ നേരെ നീട്ടി.

“അയ്യോ പൈസയ്ക്ക് വേണ്ടിയല്ല ഞാൻ…”

” അറിയാം ശങ്കു നായരെ ഇതിപ്പോ എന്റെ ഒരു സന്തോഷത്തിന് ഇരിക്കട്ടെ.. ”
അയാൾ അത് വാങ്ങി കീശയിൽ തിരുകി.

“ഇരിക്കൂ ഞാൻ ചായ എടുക്കാം.”

“അയ്യോ ചായയൊക്കെ പിന്നീട് ആകാം. പോയിട്ട് കുറച്ച് പണിയുണ്ട്.”അവരോട് യാത്രയും പറഞ്ഞു തന്റെ കാലൻ കുടയും നിവർത്തി പിടിച്ചുകൊണ്ട് അയാൾ വേഗത്തിൽ നടന്നകന്നു.

അകത്തേക്ക് ചെന്ന് അവർ മറഞ്ഞുനിന്ന് രേവതിയെ നോക്കി. കൈകൾ രണ്ടും മുഖത്തിൽ അമർത്തി തേങ്ങി കരയുകയാണ്. ആ ദൃശ്യം കണ്ടപ്പോൾ അറിയാതെ അവരുടെ മനസ്സും വിങ്ങി.

രാത്രി പതിവിലും വൈകിയാണ് കിരൺ വിളിച്ചത്.

“എന്താടാ ഇന്ന് വൈകിയത്?”

“അത് അമ്മേ കുറച്ചധികം ഡ്യൂട്ടി ഉണ്ടായിരുന്നു.അല്ല..ഇന്ന് ക്യാമറ പൊസിഷൻ ഒക്കെ കറക്റ്റ് ആണല്ലോ എന്തുപറ്റി?” അവന്‍ അത്ഭുതത്തോടെ ചോദിച്ചു.

“അത് ആ കുട്ടി വെച്ച് തന്നതാ.. എന്നോട് ഇവിടെ തന്നെ ഇരിക്കാൻ പറഞ്ഞു.”

“കുട്ടിയോ?”അവൻ നെറ്റി ചുളിച്ചു.

“അതേടാ..കണ്ടപ്പോൾ ഞാനും ഞെട്ടി.കുറച്ചു പ്രായമുള്ള ഒരാളെയാണ് ഞാനും പ്രതീക്ഷിച്ചത് ഇതിപ്പോ നിന്റെ പ്രായം കൂടി ഉണ്ടാവില്ല കുട്ടിക്ക്..പക്ഷേ ആളു മിടുക്കിയാണ് എല്ലാത്തിനും എന്റെ ഒപ്പം നിന്നോളും..”

“ഈ അമ്മ ഇങ്ങനെയാ ആരെന്തു പറഞ്ഞാലും വിശ്വസിച്ചോളും. ഈ പ്രായത്തിലുള്ള പെൺകുട്ടികൾ അല്ലേ വീട് പണിക്ക് നടക്കുന്നത്..? ഇത് മോഷണം തന്നെയായിരിക്കും ഉദ്ദേശം. എല്ലാം കണ്ടറിഞ്ഞ് പതിയെ എല്ലാം തട്ടിയെടുത്തു കൊണ്ടുപോവാലോ.. നാളെത്തന്നെ അവളെ പറഞ്ഞു വിട്ടേക്ക്.”

“എന്തിലും മോശം മാത്രം കാണുന്നത് നിനക്ക് ഇപ്പോ അധികമായിട്ടുണ്ട് കേട്ടോ.. ഞാൻ പിന്നെ വിളിക്കാം.”

ഫോൺ വേഗം കട്ടാക്കി അവർ ഫോണിന്റെ പിറകിലിരുന്ന രേവതിയെ നോക്കി. ആ കണ്ണുകൾ അന്നേരം നിറഞ്ഞു തുളുമ്പിയത് അവർ കണ്ടു.

“മോള് വിഷമിക്കേണ്ട ഇന്നത്തെ ലോകമല്ലേ.. അവന് അതോർത്ത് പേടിയായിട്ടാണ്.ആൾ ഒരു പാവമാണ് മോള് വിഷമിക്കേണ്ട വാ നമുക്ക് കഴിക്കാം.”

അതും പറഞ്ഞ് അവർ അവളെയും കൂട്ടി അടുക്കളയിലേക്ക് പോയി. അപ്പോഴും അമ്മ എന്തിനാണ് ധൃതിപിടിച്ച് ഫോൺ കട്ടാക്കിയത് എന്ന് മനസ്സിലാവാതെ അവനിരുന്നു.

ദിവസങ്ങൾ കടന്നുപോകുമ്പോൾ അമ്മയുടെ സംസാരവിഷയം ആ കുട്ടി മാത്രമായി മാറുന്നു എന്ന് അവൻ ശ്രദ്ധിച്ചു. പലപ്പോഴും അമ്മയുടെ മനസ്സിനെ സ്വാധീനിച്ച ആ വ്യക്തിയെ കാണാൻ ആഗ്രഹം തോന്നിയിരുന്നുവെങ്കിലും അവൾ അതിനു താൽപര്യം പ്രകടിപ്പിക്കുന്നില്ല എന്ന് അമ്മയുടെ വാക്കിൽ നിന്നും മനസ്സിലായി. അമ്മയെ വീഡിയോ കോൾ ചെയ്യുമ്പോഴെല്ലാം അവിടെ ഇവിടെയായി അവ്യക്തമായ അവളുടെ രൂപം അവൻ കണ്ടിരുന്നു.

“എന്നാലും എന്തിനായിരിക്കും ആ കുട്ടി വീട്ടുജോലി ചെയ്യാൻ മുതിർന്നത്?അതും സ്വന്തം വീട് ഉപേക്ഷിച്ച്..” അമ്മ പറഞ്ഞു അവളുടെ കഥയെല്ലാം അറിയാമെങ്കിലും ആ ചോദ്യം വീണ്ടും അവന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു.

നാളുകൾ പോയതറിഞ്ഞില്ല അടുത്ത ആഴ്ചയാണ് വീട്ടിലേക്ക് പോകുന്നത്. പോകാനുള്ള പർച്ചേസിംഗ് ഇടയിൽ അവൾക്ക് ഒരു വാച്ച് വാങ്ങുവാനും അവൻ മറന്നില്ല. തന്റെ അമ്മയെ പൊന്നുപോലെ നോക്കുന്നതല്ലേ…

അങ്ങനെ ആ ദിവസം വന്നെത്തി രാവിലത്തെ ഫ്ലൈറ്റിനാണ് കിരൺ എയർപോർട്ടിൽ എത്തിയത്.അമ്മയും രണ്ട് സുഹൃത്തുക്കളുമാണ് അവനെ സ്വീകരിക്കാൻ പോയത്. അവനെ കണ്ടതും അവർ സന്തോഷം കൊണ്ട് വാരിപ്പുണർന്നു അമ്മയെ കണ്ട മാത്രയിൽ അവന്റെയും കണ്ണു നിറഞ്ഞു. വണ്ടി വീട്ടുപടിക്കൽ എത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നതാണ് അവൻ കണ്ടത്. അപ്പോൾ ആ കുട്ടി എവിടെ?

വീട്ടിൽ എത്തി വിശ്രമിച്ച ശേഷം ലഗേജുകൾ തുറക്കുമ്പോഴാണ് അവൻ അവളെ തിരക്കിയത്.

“അമ്മയുടെ കുട്ടി എവിടെ?”

“ഇന്ന് രാവിലെയാണ് അവൾ പറയുന്നത് രണ്ടുദിവസം ഒന്നു വീട്ടിൽ പോയി വരണമെന്ന്.ഇവിടെ വന്നിട്ട് ഇതുവരെ പോയിട്ടില്ലല്ലോ പിന്നെങ്ങനെയാ ഞാൻ വേണ്ടെന്നു പറയുന്നത്.. കൂടപ്പിറപ്പിനെ കാണാൻ കൊതി തോന്നിയിട്ടുണ്ടാവും പാവം. അവളില്ലാത്ത കുറവ് ഈ വീട്ടിൽ നല്ലതുപോലെ അറിയാനുണ്ട്.”ഒരു നെടുവീർപ്പോടെ അവർ പറഞ്ഞു.

” ദാ ഇത് ഞാൻ അവൾക്ക് വേണ്ടി വാങ്ങിയതാണ് വരുമ്പോൾ കൊടുത്തേക്ക്.. ” അവൻ വാച്ച് എടുത് അമ്മയുടെ നേരെ നീട്ടി.

” നീ തന്നെ കൊടുത്താൽ മതി നിങ്ങൾ തമ്മിൽ കണ്ടിട്ടും ഇല്ലല്ലോ..’അവരത് അവനെ തന്നെ തിരികെ ഏൽപ്പിച്ചു.

അമ്മയുടെ കൈകൊണ്ട് വെച്ചു വിളമ്പിയ ആഹാരം എല്ലാം കഴിക്കുമ്പോൾ സ്വർഗ്ഗം കിട്ടിയ ഒരു അനുഭൂതിയായിരുന്നു അവന്.അമ്മയെ കെട്ടിപ്പിടിച്ച് ഒരു കുഞ്ഞിനെ പോലെ അവൻ കിടന്നുറങ്ങി.

പിറ്റേന്ന് മുറിയിൽ വെറുതെ കിടക്കുമ്പോഴാണ് അമ്മ അങ്ങോട്ടേക്ക് വന്നത്.

“കിച്ചു ദേ രണ്ടുദിവസം പറഞ്ഞു പോയ ആള് ഇന്നുതന്നെ തിരികെ വന്നിട്ടുണ്ട്. ഞാൻ ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട് ആ കുട്ടിയോട്..”

അവൻ വേഗം എഴുന്നേറ്റ് ഡ്രസ്സ് എല്ലാം നേരെയാക്കി അവൾക്ക് വേണ്ടി മാറ്റിവെച്ച വാച്ച് തിരയുമ്പോഴാണ് രേവതി അങ്ങോട്ടേക്ക് വന്നത്.

” ഇതാണ് എന്റെ ഒരേയൊരു മകൻ. ” കിരൺ വാച്ച് അവൾക്ക് നേരെ നീട്ടി അവളുടെ മുഖത്തേക്ക് നോക്കിയതും അവൻ ഒരു നിമിഷം അമ്പരന്നു.

“രേവതി!”

അമ്പരപ്പോടെ തന്നെ മനസ്സിൽ ആ പേര് ഉരുവിട്ടുകൊണ്ട് നിന്നപ്പോൾ അവൾ മായാത്ത പുഞ്ചിരിയോടെ അത് ഏറ്റുവാങ്ങി. കിരണിയിൽ നിന്ന് മറ്റൊരു പ്രതികരണവും ഇല്ലാതായപ്പോൾ അവൾ തിരികെ അടുക്കളയിലേക്ക് പോയി.

“എന്താടാ? ഇങ്ങനെ ഇടിവെട്ടിയ പോലെയാണോ നിൽക്കുന്നത്? എന്തെങ്കിലും വിശേഷം ഒക്കെ ചോദിച്ചു കൂടെ നിനക്ക്? ഇങ്ങനെ ഒരു ചെക്കൻ.” അവരും പിറുപിറുത്തു കൊണ്ട് അവൾക്ക് പുറകെ പോയി. അപ്പോഴും അമ്പരപ്പ് മാറാതെ അവൻ കട്ടിലിലേക്ക് ഇരുന്നു.

” രേവതി! അതെ അവൾ തന്നെ. തന്റെ മിടുക്കിയായ സഹപാഠി. കൂട്ടത്തിലുള്ള ഒരുത്തൻ പോലും അവളെ നോക്കാതിരുന്നിട്ടില്ല. താനും കൊതിച്ചിരുന്നതാണ്.. പക്ഷേ മറ്റൊരാളെയും ശ്രദ്ധിക്കാതെ അവൾ പഠിത്തത്തിൽ മാത്രം മിടുക്ക് കാണിച്ചു. ഇരു കവിളിലും നുണക്കുഴി ഉണ്ടായിരുന്നവൾ.. കുറിയിട്ട് കണ്ണെഴുതി സ്കൂളിൽ വന്നിരുന്ന ആ പാവം പെൺകുട്ടിയെ എങ്ങനെ മറക്കാനാണ്? ഇന്നും ആ മുഖത്തേക്ക് നോക്കി നുണക്കുഴികളിൽ സങ്കടത്തിന്റെ ആഴക്കടൽ മറഞ്ഞിരിക്കുന്നു. അന്ന് പ്രണയം തോന്നിയെങ്കിൽ ഇന്ന് അലിവ് തോന്നുന്നു. ദൈവമേ പഠിച്ചു ഉന്നതങ്ങളിൽ എത്തുമെന്ന് വിശ്വസിച്ചിരുന്ന അവൾക്കിത് എന്തുപറ്റി? ”

അവന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായി കൊണ്ടിരുന്നു.പിറ്റേന്ന് രാവിലെ അമ്മ അമ്പലത്തിലേക്ക് പോയ തക്കം നോക്കിയാണ് അവൻ അവളുടെ അടുത്തേക്ക് ചെന്നത്.

“രേവതി… താനിവിടെ? ഈ കോലത്തിൽ ഞാനിത് എങ്ങനെയാണ് വിശ്വസിക്കേണ്ടത്? ഇതെല്ലാം സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് പോലും എനിക്കറിയില്ല.”

“അതെ കിരൺ.. എല്ലാം യാഥാർത്ഥ്യമാണ്. കിരണിന്റെ വീടാണെന്ന് ഇവിടെ വന്നപ്പോഴാണ് മനസ്സിലായത്. രണ്ടുദിവസം കഴിഞ്ഞ് തിരികെ പോകാം എന്ന് കരുതി.പക്ഷേ സ്നേഹം കൊണ്ട് ഇവിടത്തെ അമ്മ എന്നെ ബന്ധിച്ചു നിർത്തി. പിന്നെ കരുതി കിരൺ വരുന്നതിനു മുന്നേ പോകാം എന്ന്. ഈ കോലത്തിൽ കിരൺ എന്നെ കാണരുതെന്ന് ഞാൻ കരുതിയത് ഒരുപക്ഷേ എന്റെ സ്വാർത്ഥതയാകാം. രണ്ടുദിവസത്തെ ലീവ് ചോദിച് കിരൺ വരുന്ന ദിവസം ഇവിടെ നിന്ന് ഇറങ്ങിയത് ഒരിക്കലും തിരിച്ചു വരരുതെന്ന് കരുതിയാണ്. പക്ഷേ വിധി എന്നെ വീണ്ടും ഇവിടെ എത്തിച്ചു.. എങ്കിൽ പിന്നെ വിധിയെ തോൽപ്പിക്കാം എന്ന് ഞാനും കരുതി…” ദുഃഖം കലർന്ന ഒരു പുഞ്ചിരിയോടു കൂടി തന്നെ അവൾ പറഞ്ഞു.

” പക്ഷേ തന്റെ പഠിത്തം.. നന്നായി പഠിച്ചിരുന്ന താൻ എങ്ങനെ? ”

“മൂത്ത മകളായി ജനിച്ചു പോയതുകൊണ്ട് മാത്രം എനിക്ക് എന്റെ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടി വന്നു. കോളേജിൽ ചേർന്ന ആദ്യത്തെ വർഷമാണ് അമ്മയ്ക്ക് കാൻസർ ആണെന്ന് അറിയുന്നത്. അതും അറിയാൻ ഏറെ വൈകിപ്പോയിരുന്നു. പിന്നെ അമ്മയുടെ ചികിത്സ, അനിയന്റെ പഠനം എല്ലാം എന്റെ ഉത്തരവാദിത്തമായി.

പഠനം ഉപേക്ഷിച്ച് ഞാൻ കൂലിവേല ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ പോയി.അപ്പോഴും അനിയൻ ഉണ്ടല്ലോ എന്ന ആശ്വാസമായിരുന്നു. അവനെയെങ്കിലും പഠിപ്പിച് ഒരു നിലയിൽ എത്തിക്കണമെന്ന ആഗ്രഹമായിരുന്നു മനസ്സുനിറയെ..

പക്ഷേ അതും നടന്നില്ല. അവൻ ഒരു പെണ്ണിനെയും വിളിച്ചുകൊണ്ട് വന്നു വീട്ടിൽ പൊറുതി തുടങ്ങി. പിന്നീട് അവർക്ക് ഞാനൊരു ബാധ്യതയായി.ദേഹോപദ്രവം തുടങ്ങിയപ്പോൾ ഞാൻ ആ വീട് വിട്ടിറങ്ങി. ചെന്നു പെട്ടത് ശങ്കു മാമന്റെ അടുത്താണ് മാമനാണ് ഇങ്ങോട്ട് കൊണ്ടുവന്നത്.ഞാനിവിടെ പണിയെടുത്ത് എവിടെ എങ്കിലും ചുരുണ്ടു കൂടി കഴിഞ്ഞോളാം കിരൺ.. ദയവ് ചെയ്ത് എന്നെ പറഞ്ഞു വിടരുത്.”

തൊഴുതു പിടിച്ചുകൊണ്ട് അവൾ കരയുമ്പോൾ അവന്റെ നെഞ്ചും പിടഞ്ഞു.. അവൻ യാതൊന്നും മറുപടി പറയാതെ തിരികെ മുറിയിൽ തന്നെ വന്നു കുറേനേരം എന്തൊക്കെയോ ആലോചിച്ചിരുന്നു…

“അമ്മേ എനിക്കൊരു കാര്യം പറയാനുണ്ട്.”അമ്പലത്തിൽ നിന്ന് എത്തിയതും കിരൺ അമ്മയെ വിളിച്ച് തന്റെ അരികിൽ ഇരുത്തി.

“പറയുന്നത് തെറ്റാണോ ശരിയാണോ എന്ന് അറിയില്ല തെറ്റാണെങ്കിൽ അമ്മ ക്ഷമിക്കണം.”

“എന്താടാ?”അവർക്ക് ആകാംക്ഷയായി.

“രേവതിയെ എനിക്ക് നേരത്തെ പരിചയമുണ്ട്. വർഷങ്ങൾക്കു മുന്നേ എന്റെ സഹപാഠിയായിരുന്നു.പഠിക്കാൻ മിടുക്കിയായിരുന്ന അവളെ ഞാനടക്കം
എല്ലാവരും മോഹിച്ചിട്ടുണ്ട്. പക്ഷേ സാഹചര്യങ്ങൾ അവളെ ഇന്ന് ഈ നിലയിൽ എത്തിച്ചു.വർഷങ്ങൾക്ക് ശേഷം ഇന്നലെയാണ് ഞാൻ അവളെ വീണ്ടും കാണുന്നത്.. ഈ അവസ്ഥയിൽ അവളെ കണ്ടപ്പോൾ ശരിക്കും ഷോക്കായി പോയി ഞാൻ.. അവൾക്കിപ്പോൾ ആരുമില്ല ജീവിതത്തിൽ ഒരു തുണയില്ലാതെ തനിച്ചാണ് അവൾ. അമ്മയ്ക്ക് എതിർപ്പില്ലെങ്കിൽ അവളെ വിവാഹം കഴിച്ച് അമ്മയുടെ മരുമകളായി കൊണ്ടുവരാൻ എനിക്ക് സമ്മതമാണ്…” അത്രയും പറഞ്ഞു നിർത്തി അവൻ മുഖം കുനിച്ചിരുന്നു. അവൻ പറഞ്ഞത് അത്രയും കേട്ട് വിശ്വസിക്കാനാകാതെ അവർ കുറച്ച് നേരം ഇരുന്നു.

“എനിക്ക് എതിർപ്പുണ്ട്..”അത് കേട്ടതും അവൻ വീണ്ടും നിരാശനായി തലകുനിച്ചിരുന്നു.

” എന്റെ മരുമകളായി കാണാൻ എനിക്ക് എതിർപ്പുണ്ട് എന്നെ പറഞ്ഞുള്ളൂ മകളായി കാണുന്നതിൽ വിരോധമില്ല.. എനിക്ക് പൂർണ്ണസമതമാണ്. ”

ഒരു നിമിഷം ഞെട്ടലോടെ അവൻ അമ്മയെ നോക്കി.

“എനിക്ക് സമ്മതമാണ് കിച്ചു…അവൾ ഒരു പാവമാണ്.. നിന്റെ കുറവുകൾ അറിയിക്കാതെ ഒരു മകളുടെ സ്നേഹം തന്ന് എന്റെ കൂട്ടായിരുന്നവളാണ് അവൾ. അവൾക്കൊരു ജീവിതം കൊടുക്കാൻ സാധിക്കുമെങ്കിൽ അതിൽപരം പുണ്യം എന്റെ മോൻ ഇനി ചെയ്യാനില്ല…

ഇടയ്ക്ക് എപ്പോഴോ ഞാനും അറിയാതെ കൊതിച്ചു പോയിട്ടുണ്ട് അവൾ ഈ വീട്ടിൽ മരുമകളായി വന്നിരുന്നു എങ്കിൽ എന്ന്. പണമോ അന്തസ്സോ അല്ല ഒരു വ്യക്തിയുടെ മൂല്യം നിർണയിക്കുന്നത് നിനക്കൊപ്പം അമ്മയുണ്ട് മോനെ..”

അത് പറഞ്ഞതും കണ്ണുകൾ നിറഞ്ഞുകൊണ്ട് അവൻ തന്റെ അമ്മയെ വാരിപ്പുണർന്നു. അന്നേരവും നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ എല്ലാം കേട്ട് അവളും ഒരു വാതിലിനപ്പുറം ഉണ്ടായിരുന്നു.