എന്നെ മാത്രമാണോ വേണ്ടാത്തത് അതോ നമ്മടെ മോനെയും നിങ്ങൾക്ക് വേണ്ടേ.. അതുകൂടി പറയ്.. “

രചന : പ്രജിത്ത് സുരേന്ദ്രബാബു.

“എനിക്കിനി വേണ്ട നിന്നെ.. എവിടാ ന്ന് വച്ചാ പൊയ്ക്കോ… “കടുത്ത അമർഷത്തിൽ ആകാശ് അത് പറയുമ്പോൾ ഒന്ന് നടുങ്ങി നന്ദന. 

” ഓഹോ അപ്പോ അവിടം വരെയായി കാര്യങ്ങൾ അല്ലെ…. എന്നെ മാത്രമാണോ വേണ്ടാത്തത് അതോ നമ്മടെ മോനെയും നിങ്ങൾക്ക് വേണ്ടേ.. അതുകൂടി പറയ്.. ”

ആ ചോദ്യത്തിന് അവൻ മറുപടി പറഞ്ഞില്ല .” എന്താ ഒന്നും മിണ്ടാത്തത്. ഇപ്പോ ഒന്നും പറയാൻ ഇല്ലേ.. എന്നെ വേണ്ടന്ന് തോന്നാൻ മാത്രം അവളിൽ മയങ്ങി പോയോ നിങ്ങൾ ” 

ആകാശിനെ വെറുതെ വിടുവാൻ നന്ദനയും ഒരുക്കമല്ലായിരുന്നു. ” അതേ ടീ.. നിന്നെ പോലല്ല അവള്.. അവള് എന്നെ മനസ്സിലാക്കുന്നുണ്ട്. സ്നേഹിക്കുന്നുണ്ട് ” 

കലി കയറി ആകാശും തിരിച്ചു പ്രതികരിച്ചു തുടങ്ങി. ” എന്താ.. എന്താ ഇവിടെ ഒരു ബഹളം.. ” 

ബഹളം കേട്ട് വീടിനു പുറത്ത് കൂടിയ അയൽക്കാരും പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു.

” ഓ അത് ഇവിടുത്തെ ആകാശിന് ഇപ്പോ ഏതോ ഒരു പെണ്ണുമായി അടുപ്പമാണെന്ന്. അത് നന്ദന അറിഞ്ഞിട്ട് ആകെ ബഹളം നടക്കുവാ.. ”

അടുത്ത വീട്ടിലെ കാരണവർ പറഞ്ഞത് കേട്ട് എല്ലാവരും മൂക്കത്ത് വിരൽ വച്ചു…

” ആർക്ക് ആകാശിനോ.. അയ്യോ അവൻ നല്ലൊരു ചെക്കൻ അല്ലെ.. അവൻ ഇങ്ങനൊക്കെ പോകോ.. ”

” ഇവര് രണ്ടാളും പ്രേമിച്ചു കെട്ടിയത് അല്ലെ.. എന്നിട്ട് ഇപ്പോ അവന് വേറെ പ്രേമമോ.. അത് കൊള്ളാം ”

കേട്ടത് ആർക്കും വിശ്വസിക്കാൻ കഴിയുന്നതായിരുന്നില്ല. പക്ഷെ സത്യമായിരുന്നു എല്ലാം.

നാല് വർഷങ്ങൾക്ക് മുന്നെയാണ് ആകാശും നന്ദനയും വിവാഹം കഴിക്കുന്നത്. ഒരു സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ അക്കൗണ്ടന്റ് ആയിരുന്നു ആ സമയം ആകാശ്. നന്ദനയാകട്ടെ ഒരു പാവപെട്ട കുടുംബത്തിലെ കുട്ടിയായിരുന്നു അവൾക്ക് അച്ഛൻ ഇല്ല.

ആകെ ഉള്ളത് അമ്മയും ഒരു ചേട്ടനുമാണ്. തന്റെ വീട്ടുകാരുടെ എതിർപ്പുകൾ മറി കടന്നാണ് ആകാശ് നന്ദനയുടെ കഴുത്തിൽ താലി കെട്ടിയത്. വിവാഹ ശേഷം ഒരു വീട് വാടകയ്‌ക്കെടുത്തു താമസവും ആരംഭിച്ചു.

കമ്പനിയിൽ അക്കൗണ്ടന്റ് ആയതിനാൽ തന്നെ കുറെയേറെ ബന്ധങ്ങളും പരിചയങ്ങളും ഉണ്ടായിരുന്ന ആകാശ് ചെറിയ ചെറിയ തട്ടിപ്പുകളിലൂടെയൊക്കെ കുറച്ചേരെ കാശ് സമ്പാദിച്ചു. ആ കാശ് ഉപയോഗിച്ച് തന്നെ ഒന്ന് രണ്ട് ടിപ്പർ ലോറികൾ വാങ്ങി. അതായിരുന്നു അവരുടെ തുടക്കം.

അവിടെ നിന്നും പിടിച്ചു കയറി ഒടുവിൽ ഇപ്പോൾ സ്വന്തമായി അഞ്ചോളം ടിപ്പർ ലോറികളും ഒരു ഹോളോ ബ്രിക്സ് ഫാക്ടറിയും സ്വന്തമായി ഉണ്ട് അവർക്ക്. ഒരു വസ്തു വാങ്ങി വീടും വച്ചു. ഇതിനിടയിൽ ഒരു ഘട്ടത്തിൽ കമ്പനിയിലെ തട്ടിപ്പുകൾ പിടിക്കപ്പെട്ട് ആകാശിന്റെ ജോലി നഷ്ടപ്പെട്ടിരുന്നു എന്നാൽ സ്വന്തമായി ബിസിനസ്സ് ഉള്ളത് കൊണ്ട് തന്നെ അത് അവനെ ഒട്ടും തന്നെ ബാധിച്ചില്ല.

സന്തോഷമായി ജീവിതം മുന്നോട്ട് പോകവേയാണ് പഴയ കാമുകി മീനാക്ഷി വീണ്ടും ആകാശിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. അവിചാരിതമായ കണ്ടുമുട്ടൽ ആയിരുന്നെങ്കിലും വിവാഹം കഴിഞ്ഞു ഡിവോഴ്സ് എത്തി നിൽക്കുന്ന മീനാക്ഷിയിൽ വീണ്ടും അവൻ ആകൃഷ്ടനായി പോയി. ആ ബന്ധം വളർന്നു. ഇന്നിപ്പോ നന്ദനയുമായുള്ള ഈ വഴക്കിനു കാരണമായതും ആ ബന്ധം തന്നെയാണ്.

” എനിക്കിനി നിന്നെ വേണ്ട.. കാശും പത്രാസും കൂടിയപ്പോ നിനക്ക് അഹങ്കാരം കേറിപ്പോയി. എന്റെ കാര്യങ്ങൾ പോലും ഇപ്പോ നേരെ നോക്കാൻ നിനക്ക് സമയം ഇല്ല. നേരെ ആഹാരം പോലും നീ വീട്ടിൽ ഉണ്ടാക്കാറില്ല.. ഹോട്ടൽ ഫുഡ്‌ കഴിച്ചു മടുത്തു ഞാൻ. നമുക്ക് പിരിയാം. ഡിവോഴ്സ് പെറ്റീഷൻ കൊടുക്കാം. ”

ആകാശ് അത് പറയുമ്പോൾ നന്ദനയിൽ വലിയ നടുക്കമൊന്നുമുണ്ടായില്ല. കാരണം ആ വാക്കുകൾ അവൾ പ്രതീക്ഷിച്ചിരുന്നു.

“ഒടുവിൽ പറഞ്ഞു അല്ലെ നിങ്ങൾ. ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നതാണ്… ഇപ്പോ നിങ്ങൾക്ക് വലുത് മറ്റവൾ ആണല്ലോ.. അവളോടൊപ്പം പോകാൻ ഓരോരോ കാരണങ്ങൾ… ഇപ്പോ ഞാൻ നിങ്ങളെ നേരെ നോക്കുന്നില്ല എന്ന്… കൊള്ളാം.. കൊച്ച് ആയെ പിന്നെ എല്ലാം കൂടി മാനേജ് ചെയ്യാൻ പലപ്പോഴും എനിക്ക് പറ്റുന്നില്ല. അത് സത്യമാണ്. ഞാൻ ഒറ്റയ്ക്കാണ് ഇവിടെ മോന്റെ കാര്യവും വീട്ടുകാര്യവും നോക്കുന്നത് അത് നിങ്ങൾ മറക്കരുത്.. ”

അവളുടെ മറുപടി കേട്ട് പുച്ഛത്തോടെ ഒന്ന് ചിരിച്ചു ആകാശ്.

” നിന്റെ കച്ചേരി കേൾക്കേണ്ട കാര്യം എനിക്കില്ല… ഞാൻ പറഞ്ഞല്ലോ.. ഇനി നിന്നോടൊപ്പം ജീവിക്കാൻ എനിക്ക് താത്പര്യം ഇല്ല. നമുക്ക് പിരിയാം.. “..

തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു അവൻ.” എത്ര സിമ്പിൾ ആയാണ് നിങ്ങൾ ഇത് പറയുന്നത്. ഞാനും മോനും എവിടേക്ക് പോണം എന്നാണ് എന്റെ വീട്ടിലെ കാര്യങ്ങൾ അറിയില്ലേ നിങ്ങൾക്ക്.

വയ്യാതെ കിടക്കുന്ന അമ്മയുടെ അടുത്തേക്ക് എങ്ങിനെ മോനെയും കൊണ്ട് പോകും ഞാൻ. അത് അറിഞ്ഞു വച്ചു മനഃപൂർവം ചെയ്യുന്നതാണോ ഇത്. അല്ലേലും വാശി പുറത്ത് ഒഴിവാക്കാൻ ഉള്ളതാണോ കുടുംബം. ഞങ്ങളെക്കാൾ വലുതാണോ നിങ്ങൾക്ക് ആ അഴിഞ്ഞാട്ടക്കാരി ” 

ആശ്ചര്യമായിരുന്നു നന്ദനയ്ക്ക് ആകാശിന്റെ വാക്കുകൾ.എന്നാൽ ആ അവളുടെ പ്രതികരണം വീണ്ടും ആകാശിനെ ചൊടിപ്പിച്ചു.

” അഴിഞ്ഞാട്ടക്കാരി എന്ന് നീ മീനാക്ഷിയെ വിളിക്കേണ്ട. അവൾ അത്തരക്കാരി അല്ല.. പിന്നെ ആരോടൊപ്പം ജീവിക്കണം എന്നത് എന്റെ ഇഷ്ടം ആണ്. സൊ അതിൽ നീ ഇടപെടേണ്ട. അതുകൊണ്ട് നമുക്ക് ഒരുമിച്ചു ഡിവോഴ്സ് പെറ്റീഷൻ കൊടുക്കാം. പിരിയാം.. എനിക്ക് വേണ്ട നിന്നെ ”

വളരെ സിമ്പിൾ ആയി ആകാശ് പറഞ്ഞവസാനിപ്പിക്കുമ്പോൾ എന്ത് പറയണമെന്നറിയാതെ കുഴഞ്ഞു പോയി നന്ദന. മോനെ പറ്റി ഓർക്കുമ്പോഴാണ് അവൾ ഏറെ തളർന്നത്.

ആ ദിവസം അങ്ങിനെ ബഹളങ്ങളോടെ കടന്നു പോയി. വഴക്കുണ്ടാക്കി പുറത്തുപോയ ആകാശ് രാത്രി വളരെ വൈകിയാണ് തിരികെ വന്നത്. നന്ദനയോടൊപ്പം ഒരു മുറിയിൽ കിടക്കാൻ പോലും അവൻ തയ്യാറായില്ല. കുഞ്ഞിനോട് പോലും അവന് സ്നേഹമില്ലാതായോ എന്ന് സംശയിച്ചു പോയി നന്ദനയും.

പിറ്റേന്ന് വിവരങ്ങൾ അറിഞ്ഞു നന്ദനയുടെ സഹോദരനും ഒന്ന് രണ്ട് ബന്ധുക്കളും ഒത്തുതീർപ്പിനായി എത്തിയെങ്കിലും ഫലം കണ്ടില്ല. അവളെ ഇനി വേണ്ട എന്ന തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു ആകാശ്. അതോടെ പ്രശ്നങ്ങൾ വഷളായി.

ഇതിനോടകം ഒരു വക്കീലിനെ കണ്ട് കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകാനുള്ള ശ്രമത്തിൽ ആയിരുന്നു ആകാശ്. എന്നാൽ അപ്പോഴാണ് ഒരു വലിയ പ്രശ്നം അവന്റെ മുന്നിലേക്കെത്തിയത്.

” ആകാശ് നിങ്ങടെ ബിസിനസും വണ്ടികളും എല്ലാം വൈഫ്‌ ന്റെ പേരിൽ ആണോ.. ”

വക്കീലിന്റെ ചോദ്യം കേട്ട് ആകാശിന്റെ നെറ്റി ചുളിഞ്ഞു.

” അതേ വക്കീലേ.. ഞാൻ കമ്പനിയിൽ വർക്ക്‌ ചെയ്ത് കൊണ്ടിരുന്ന സമയം ആണ് അതൊക്കെ തുടങ്ങിയത്. സംഭവം ഇച്ചിരി വെട്ടിപ്പൊക്കെ നടത്തിയിരുന്നു ആ സമയത്ത്. സൊ എപ്പോഴേലും പിടിക്കപ്പെട്ടാൽ സേഫ് ആകാൻ വേണ്ടി അവളുടെ പേരിൽ ആണ് എല്ലാ ബിസിനസും ചെയ്തത്. ”

ആ മറുപടി കേട്ട് അല്പസമയം മൗനമായി വക്കീൽ.” എന്താ വക്കീലേ.. അത് ഡിവോഴ്സ് സമയത്ത് നമുക്ക് അവളുടെ പേരിൽ ന്ന് എന്റെ പേരിലേക്ക് മാറ്റി എഴുതിച്ചൂടെ.. പിന്നെ വേണേൽ അവൾക്ക് എന്തേലും ഒരു നഷ്ടപരിഹാരവും കൊടുക്കാം.” 

സംശയത്തോടെ ആകാശ് വീണ്ടും നോക്കവേ പതിയെ എഴുന്നേറ്റു വക്കീൽ.

” എഴുതി വാങ്ങാം… വൈഫ്‌ സമ്മതിച്ചാൽ.. അവര് സമ്മതിച്ചില്ലേൽ താൻ എന്ത് ചെയ്യും.. “അപ്പോഴാണ് സംഭവത്തിന്റെ ഗൗരവം ആകാശിന് മനസിലായത്. 

അങ്ങനൊരു ചിന്ത മുന്നേ അവനുണ്ടായിരുന്നില്ല. അതോടെ ആകെ ആശയക്കുഴപ്പത്തിലായി അവൻ.

‘താൻ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കിയത് കൊണ്ട് തന്നെ ഉറപ്പായും നന്ദന അത് സമ്മതിക്കില്ല..’

ആകാശ് മനസ്സിൽ ഉറപ്പിച്ചു. അത് തന്നെ സംഭവിച്ചു. തനിക്ക് കിട്ടിയ ഒരു വലിയ അവസരമായി നന്ദന അതിനെ കണ്ടു. ഒരു കാരണവശാലും തന്റെ പേരിൽ ഉള്ള ബിസിനസും വണ്ടികളും തിരികെ നൽകില്ല എന്ന് നന്ദനയും ഉറപ്പിച്ചു പറഞ്ഞു.

ഒരു സുഹൃത്ത്‌ വഴി നിയമസഹായവും അവള് നേടിയിരുന്നു. അതോടെ ആകെ കുടുക്കിൽ ആയി ആകാശ്. ഇതിനിടയിൽ തങ്ങളുടെ രഹസ്യ ബന്ധം പരസ്യമായി നാണക്കേട് ഉണ്ടായി ഒപ്പം തന്നെ ആകാശിന്റെ ദാമ്പത്യത്തിൽ പ്രശ്നങ്ങൾ കൂടി ആയതോടെ മീനാക്ഷി പതിയെ അവനിൽ നിന്നും ഒഴിഞ്ഞു മാറി. അതും അവന് വല്യ ആഘാതമായി. 

” നീ ചെയ്തത് തോന്ന്യവാസം അല്ലേടാ.. ഒരു പെണ്ണിനെ വിളിച്ചിറക്കി കൊണ്ട് വന്നു ഒരു കൊച്ചും ആയി എന്നിട്ടിപ്പോ വേറൊരുത്തിയുടെ പിന്നാലെ പോയിട്ട് അവളെ ഒഴിവാക്കാൻ നോക്കുന്നു. ഇതൊന്നും ഒരിക്കലും നല്ല കാര്യങ്ങൾ ആണെന്ന് കരുതരുത്. ഇനീപ്പോ നന്ദന ഒന്നും തിരിച്ചെഴുതി തന്നില്ലേലും കേൾക്കുന്നോരു അവളുടെ സൈഡ് മാത്രേ നിൽക്കു”

കൂട്ടുകാരുടെ കുത്തുവാക്കുകളും ആകാശിന്റെ മനസ്സിൽ തറച്ചു തുടങ്ങിയിരുന്നു. കുടുംബവും തകർന്നു ഒപ്പം തന്നെ എല്ലാ. നഷ്ടമായ അവസ്ഥയിൽ ആകെ തകർന്നു പോയി അവൻ.

” ഇപ്പോ നിനക്ക് മീനാക്ഷിയുടെ ഉടായിപ്പ് മനസിലായില്ലേ… ആരും അറിയാതെ നിന്റേന്ന് കാശ് തട്ടാൻ ഉള്ള പ്ലാനിൽ ആയിരുന്നു അവൾ. നിന്റെ വീട്ടിൽ പ്രശ്നങ്ങൾ ആയപ്പോ നൈസിനു അവള് മുങ്ങിയത് കണ്ടോ.. ഈ ബന്ധങ്ങൾ ഒക്കെ ഇത്രേ ഉള്ളു ടാ… എന്നും നില നില്ക്കുന്നത് കുടുംബ ബന്ധം മാത്രമാണ്. ഇനിയേലും ചെയ്ത തെറ്റ് മനസിലാക്ക് എന്നിട്ട് മാപ്പ് പറഞ്ഞു നന്ദനയോടും മോനോടും ഒപ്പം സുഖമായി ജീവിക്കാൻ നോക്ക്.. അതാണ് ആണത്തം.. ”

ആ അവസ്ഥയിൽ കൂട്ടുകാരുടെ ഉപദേശം അവന്റെ മനസ്സിൽ കയറി തുടങ്ങി. കുറ്റബോധം അവന്റെ വലച്ചു.

” ഇത്രേം പ്രശ്നങ്ങൾ ഉണ്ടാക്കീട്ട് ഇനി ഞാൻ എങ്ങിനെ അവളുടെ മുന്നിൽ പോകും.. ഒരിക്കലും നന്ദന ഇനി എന്നെ അംഗീകരിക്കില്ല.. വിശ്വസിക്കില്ല.. ”

നിരാശയിൽ ഇരുന്ന ആകാശിന് കൂട്ടുകാർ തന്നെ തുണയായി.

” നിനക്ക് തോന്നിയ ഈ കുറ്റബോധം ആത്മാർത്ഥമായിട്ട് ആണെങ്കിൽ ഞങ്ങൾ ശെരിയാക്കി തരാം എല്ലാം.. ”

അവർ മുൻകൈ എടുത്ത് വീണ്ടും ഒരു ഒത്തുതീർപ്പ് ചർച്ച നടത്തി. ആദ്യം എതിർത്തെങ്കിലും മോന്റെ കൂടി ഭാവി ഓർത്തു ഒടുവിൽ നന്ദന ഒരു ഒത്തുതീർപ്പിന് വഴങ്ങി.

അങ്ങിനെ മീനാക്ഷിയുമായുള്ള എല്ലാ കോൺടാക്ടും അവസാനിപ്പിച്ചു വക്കീലിന്റെ മധ്യസ്ഥതയിൽ തന്നെ അവർ വീണ്ടും ഒന്നായി. ഒരു വട്ടം തന്നെ വിട്ട് പോയതിനാൽ തന്നെ പൂർണ്ണമായും ആകാശിനെ വിശ്വസിക്കാൻ നന്ദന ഒരുക്കാമായിരുന്നില്ല.

” എനിക്ക് സമയം വേണം.. ഇനിയും നിങ്ങളെ കണ്ണടച്ചു വിശ്വസിക്കാൻ എനിക്ക് കഴിയില്ല.. ”

അവൾ പറഞ്ഞത് കേട്ട് ഒന്ന് പുഞ്ചിരിച്ചു ആകാശ്.

” എത്ര സമയം വേണോ എടുക്കാം നിനക്ക്. ഞാൻ ഒരു പ്രശ്നത്തിനും വരില്ല. എന്റെ തെറ്റുകൾ ഇപ്പോൾ ഞാൻ മനസിലാക്കുന്നു.. ”

അവന്റെ മറുപടി കേട്ട് മൗനമായി നന്ദന. ആത്മാർത്ഥമായി മനസ്സിൽ കുറ്റബോധം തോന്നിയതിനാൽ തന്നെ. നന്ദനയ്ക്ക് തന്നെ വീണ്ടും ഉൾക്കൊള്ളാൻ സമയം നൽകാൻ ആകാശ് ശ്രമിച്ചു.

ഒടുവിൽ ഏകദേശം ആറു മാസങ്ങൾ കഴിയവേ വീണ്ടും എല്ലാം മറന്നു അവരുടെ ദാമ്പത്യം സന്തോഷപൂർണ്ണമായി. താൻ ചെയ്ത തെറ്റിന് തന്റെ ആത്മാർത്ഥമായ സ്നേഹം കൊണ്ട് ആകാശ് പ്രായശ്ചിതം ചെയ്തു.

(ശുഭം )