കാ,..മം മൂത്ത് സ്വന്തം അനിയത്തിയുടെ മാനവും ജീവനും കവർന്നെടുത്തവൻ പിന്നെ ജീവിക്കേണ്ട എന്ന് ഞാൻ അങ്ങ് തീരുമാനിച്ചു.

രചന : പ്രജിത്ത്

” ഇതെവിടേക്കാ ഈ ഫയർ ഫോഴ്‌സും ആംബുലെൻസും ഒക്കെ ചീറി പാഞ്ഞു പോണേ. എന്താ സംഭവം.. ”

” ടാ നീ അറിഞ്ഞില്ലേ നമ്മടെ സുരേഷേട്ടന്റെ വീട്ടിൽ തീ പിടിച്ചു.. പുള്ളി തെറിച്ചു വെളീൽ വീണു പക്ഷെ അങ്ങേരുടെ രണ്ട് മക്കളും അകത്ത് പെട്ടു മരിച്ചു പോയെന്നാ കേൾക്കുന്നേ

” അയ്യോ.. അതൊരു വല്ലാത്ത സംഭവം ആയി പോയല്ലോ.. അയാൾക്ക് ഒരു ചെറുക്കനും പെങ്കൊച്ചും അല്ലെ.. ”

” ഉവ്വ്.. ആ ചെറുക്കൻ ഇച്ചിരി അലമ്പ് ആയിരുന്നു. കള്ള് കുടിയും അടിയും പിടിയും ഉൾപ്പെടെ കോളേജിൽ പോയി സകലമാന വഷളത്തരങ്ങളും പഠിച്ച ചെക്കനായിരുന്നു പക്ഷെ പോയപ്പോ അതൊരു നഷ്ടമായി പോയി സുരേഷിന്. ”

നാട്ടുകാരുടെ അന്നത്തെ പ്രധാന സംസാര വിഷയം അതായിരുന്നു.

ഫയർ ഫോഴ്‌സ് എത്തുമ്പോഴേക്കും വീടിന്റെ അടുക്കള ഭാഗം പൂർണ്ണമായും കത്തി നശിച്ചിരുന്നു. തളർന്നവശനായി നിലത്തിരുന്ന സുരേഷിന് ചുറ്റും ബന്ധുക്കളും ഉണ്ടായിരുന്നു.

” സാറേ ഒന്ന് നോക്ക്.. ഇവിടുത്തെ രണ്ട് പിള്ളേരും അകത്ത് പെട്ടു പോയി.. ”

അയൽക്കാരിൽ ഒരാൾ വെപ്രാളത്തിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ അരികിലേക്കെത്തി.

എത്തിയ പാടെ ഫയർ ഫോർസ് ഉദ്യോഗസ്ഥൻ വേഗത്തിൽ ജോലി ആരംഭിച്ചു അധികം വൈകാതെ തന്നെ തീ അണച്ചു. ഒന്ന് രണ്ട് പേര് പുകപടലങ്ങൾക്കിടയിലൂടെ ഓടി അകത്തേക്കും കയറി എന്നാൽ അല്പസമയം കഴിയവേ നിരാശയോടെ അവർ പുറത്തേക്കെത്തി.

” മരിച്ചു .. രണ്ട് പേരും.. പൂർണ്ണമായും കത്തി പോയി.. ”

മേലുദ്യോഗസ്ഥനോട് അത് പറയുബോൾ അവരുടെ മുഖം വാടിയിരുന്നു.

നിരാശയിൽ തിരിഞ്ഞ അയാൾ നേരെ കണ്ടത് ദയനീയമായി തന്നെ നോക്കി ഇരിക്കുന്ന സുരേഷിനെ ആണ്. .

ഭാഗീകമായി പൊള്ളാലേറ്റ അയാൾ ആകെ തളർന്നവശനായിരുന്നു.. ഒപ്പം ആ മിഴികൾ അറിയാതെ തുളുമ്പി.

” അയ്യോ.. രണ്ട് മക്കളും മരിച്ചോ ”

കേട്ടവർ കേട്ടവർ വിശ്വസിക്കാൻ കഴിയാതെ അങ്ങിനെ നടുങ്ങി തരിച്ചു നിന്നു.

അപ്പോഴേക്കും സുരേഷിന്റെ ഫാമിലി ഫ്രണ്ട് മാധവനും ഭാര്യ ശ്രീദേവിയും അവിടേക്കെത്തിയിരുന്നു. മക്കളില്ലാത്ത ആ ദമ്പതികൾ സുരേഷിന്റെ ഭാര്യ മരിച്ചതിൽ പിന്നെ അയാളുടെ മക്കളെ സ്വന്തം കുട്ടികളയാണ് കണ്ടിരുന്നത്. തിരിച്ചും അങ്ങിനെ തന്നെയായിരുന്നു. ശ്രീദേവി ഉള്ളതിനാൽ അമ്മയില്ലാത്ത വിഷമം സുരേഷിന്റെ മക്കൾക്ക് ഉണ്ടായിട്ടില്ല..

” എന്റെ മക്കളേ… “അലമുറിയിട്ട് കരയുന്ന ശ്രീദേവിയെ പിടിച്ചു നിർത്തുവാൻ ഏറെ പണിപ്പെട്ടു മാധവൻ. ഒക്കെയും കണ്ട് വിങ്ങി പൊട്ടി ഇരുന്നു സുരേഷ്. നിമിഷ നേരം കൊണ്ട് തന്നെ അവിടെ വൻ ജനക്കൂട്ടമായി ഏതൊക്കെയോ പ്രാദേശിക ചാനലുകാരും എത്തി.

ഒടുവിൽ തീ പൂർണ്ണമായും കെടുത്തി ഉള്ളിലേക്ക് കയറിയ ഫയർ ഫോഴ്സ് ടീം അഗ്നി ബാധയുടെ കാരണവും കണ്ടെത്തി.

” ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് ഊരി പോയതാണ്. ഉപയോഗിച്ചു കൊണ്ടിരുന്നത് കൂടാതെ ഒരു പുതിയ സിലിണ്ടർ എക്സ്ട്രാ ഉണ്ടായിരുന്നു. രണ്ടും പൊട്ടിത്തെറിച്ചു. അതാണ് ഇത്രയ്ക്ക് തീ പടർന്നത്. ”

മാധവനോടായി വന്നു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കാര്യങ്ങൾ വിവരിച്ചു.

” അപ്പോൾ ഈ ഒരു പൊട്ടിത്തെറിയിൽ ആകും അല്ലെ സുരേഷ് പുറത്തേക്ക് തെറിച്ചു വീണത്… ”

സംഭവ സ്ഥലത്ത് എത്തിയ എസ് ഐ സംശയത്തോടെ നോക്കുമ്പോൾ ആ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനും അത് ശെരി വച്ചു.

” ആകും.. ചിലപ്പോ ജന്നലിന്റെയോ മറ്റോ ഭാഗത്ത് ആയിരുന്നിരിക്കണം ഇയാൾ നിന്നിരുന്നത്. കൂടുതൽ വിവരങ്ങൾ പുള്ളിയോട് തന്നെ ചോദിക്കണം.. ”

ആ മറുപടി കേട്ട് എസ് ഐ മാധവനു നേരെ തിരിഞ്ഞു.” നിങ്ങൾ ഈ സുരേഷിന്റെ ഫാമിലി ഫ്രണ്ട് അല്ലെ.. അയാൾ ആകെ തകർന്ന അവസ്ഥയിൽ ആണ് ഇപ്പോൾ ഒന്നും ചോദിക്കുവാൻ കഴിയില്ല.. അതുകൊണ്ട് ഒരു സംശയം ചോദിക്കട്ടെ.. ഈ തീ പിടുത്തം ഒരു ആത്മഹത്യാ ശ്രമം ആകാൻ എന്തേലും ചാൻസ് ഉണ്ടോ… ”

ആ ചോദ്യം കേട്ട് മാധവനും അമ്പരന്നു.

ഇല്ല സാർ ഒരിക്കലും ഇല്ല.. അവർ നല്ല ഹാപ്പി ആയി ജീവിച്ചിരുന്നതാണ്. പിന്നെ സുരേഷിന്റെ വൈഫ്‌ രണ്ട് വർഷം മുന്നേ മരണപ്പെട്ടു അതൊരു ആക്‌സിഡന്റ് ആയിരുന്നു. ആ സമയത്ത് അവൻ ആകെ തകർന്ന് പോയതാണ് പക്ഷെ മക്കൾ അവനെ വീണ്ടും തിരികെ കൊണ്ട് വന്നു… പിന്നെ ഇന്നോളം സന്തോഷമായി തന്നെയാണ് ജീവിച്ചത് ”

” ഓക്കേ ഞാൻ വെറുതെ ഒന്ന് അറിയാൻ ചോദിച്ചു ന്നേ ഉള്ളു.. ” പുഞ്ചിരിയോടെ എസ് ഐ വീണ്ടും തിരിഞ്ഞു.

” സർ ആംബുലൻസ് ഉണ്ടല്ലോ …. പ്രൊസീജിയേഴ്സ് കഴിഞ്ഞാൽ ബോഡി എടുക്കുവല്ലേ ”

സ്ഥലത്തെത്തിയ പഞ്ചായത്ത്‌ പ്രസിഡന്റ് അപ്പോഴേക്കും എസ് ഐ ക്ക് അരികിലെത്തിയിരുന്നു

” ഉവ്വ് പ്രത്യേകിച്ച് ഇൻക്വസ്റ്റ് നടത്താൻ ഒന്നും ഇല്ല.. ബോഡി രണ്ടും കത്തി കരിഞ്ഞു പോയ അവസ്ഥയിൽ ആണ്. ഇനീപ്പോ എടുക്കാം ”

എസ് ഐ യുടെ നിർദ്ദേശം കിട്ടിയ പാടെ അമ്പുലൻസ് വീടിനോട് അടുപ്പിച്ചു. വെള്ള തുണിയിൽ പൊതിഞ്ഞ തന്റെ മക്കളുടെ കത്തി തീർന്ന ശരീരങ്ങൾ കണ്ട് ചാടി പിടഞ്ഞെഴുന്നേറ്റു സുരേഷ്. അത്രയും നേരം വിങ്ങി പൊട്ടി നിന്ന അയാൾ ആ സമയം അലമുറിയിട്ട് കരഞ്ഞു പോയി.

” എന്റെ മക്കളെ….. ഞാൻ മാത്രം ഒറ്റപ്പെട്ടു പോയല്ലോ… ” തളർന്നവശനായി വീണ്ടും നിലത്തേക്ക് വീഴാനാഞ്ഞ സുരേഷിനെ പിടിച്ചു നിർത്തി മാധവൻ.

പിന്നെ എല്ലാം വേഗത്തിലായിരുന്നു. മൃദദേഹങ്ങളുടെ അവസ്ഥ വളരെ മോശമായതിനാൽ വൈകുന്നേരത്തേക്ക് തന്നെ അടക്കം ചെയ്യുവാൻ ഉള്ള ഒരുക്കങ്ങൾ പൂർത്തിയായി. രണ്ട് മക്കൾക്കും അമ്മയുടെ മുഴിമാടത്തിനരികിൽ ചിതയൊരുങ്ങി.. ഹോസ്പിറ്റലിൽ പോയി പരിക്കുകളിൽ മരുന്ന് വച്ചു തിരികെയെത്തിയ സുരേഷ് തന്നെയാണ് കർമ്മങ്ങൾ ചെയ്തത്. അയാളെ ചേർത്തു പിടിച്ചു നിറ കണ്ണുകളോടെ മാധവനും ഒപ്പമുണ്ടായിരുന്നു. മക്കളെ നഷ്ടമായ അമ്മയുടെ വേദന തന്നെയായിരുന്നു ശ്രീദേവിക്കും. അത്രമേൽ അവർ അവൾക്ക് പ്രിയപ്പെട്ടവർ ആയിരുന്നു.

ചിത കത്തി അമരുമ്പോൾ പതിയെ പതിയെ നാട്ടുകാരും ബന്ധുക്കളും പിരിഞ്ഞു. ബന്ധുക്കളുമായി ഒന്നും വളരെ അടുത്ത് ബന്ധം സൂക്ഷിക്കാത്തതിനാൽ തന്നെ ഒടുവിൽ സുരേഷിന് കൂട്ടായി മാധവനും ശ്രീദേവിയും മാത്രമായി.

തളർന്നവശനായി ഇരിക്കുന്ന സുരേഷിനരികിലേക്ക് ചെന്നിരിക്കുമ്പോൾ മാധവന്റെ ഉള്ളം പുകയുകയായിരുന്നു. അല്പസമയം അങ്ങിനെ മൗനമായിരുന്നു രണ്ടാളും അപ്പോഴേക്കും ശ്രീദേവിയും അവിടേക്കെത്തി.

” സുരേഷേ.. ഇവിടെ വന്നത് മുതല് എന്റെ ഉള്ള് പിടയുവാ.. ഒരു കാര്യം ചോദിച്ചാൽ നീ കൃത്യമായി മറുപടി പറയണം.. ”

മാധവന്റെ ആ ചോദ്യം കേട്ട് ദയനീയമായി തലയുയർത്തി സുരേഷ്. ആ നോട്ടത്തിന്റെ അർത്ഥം അയാൾക്ക് മനസിലായിരുന്നു

” ടാ ഈ അവസ്ഥയിൽ നിന്നെ ബുദ്ധിമുട്ടിക്കാൻ അല്ല. പക്ഷെ.. എന്താ ഉണ്ടായത്.. ഇതൊരു സ്വാഭാവിക മരണമല്ല… പിന്നെ നിന്റെ ഈ വീർപ്പുമുട്ടൽ കണ്ടിട്ട് എനിക്ക് പല സംശയങ്ങളും തോന്നുന്നു.. എന്താ ഉണ്ടായത്..മക്കൾ മാത്രം തീയിൽ പെട്ടു പോവുകയും നീ രക്ഷപ്പെടുകയും ചെയ്യുന്നു ന്ന് ഒക്കെ പറയുമ്പോൾ.. വിശ്വസിക്കാൻ പറ്റുന്നില്ലടാ… അതുകൊണ്ട് ചോദിക്കുവാ.. എന്തേലും പ്രശ്നം ഉണ്ടോ.. ”

പറഞ്ഞു നിർത്തുമ്പോൾ സുരേഷിന്റെ മുഖത്ത് ചെറിയൊരു പരുങ്ങൽ തെളിഞ്ഞു. അത് കൃത്യമായി മാധവൻ കണ്ടെത്തുകയും ചെയ്തു.

” എന്താ ടാ എന്താ സംഭവിച്ചേ. “വീണ്ടും അയാൾ ചോദിക്കുമ്പോൾ മറുപടി ഒന്നും പറയാതെ മുഖം പൊത്തി കരഞ്ഞു സുരേഷ്.

” മോള് ഗ്യാസ് അടുപ്പ് ഉപയോഗിക്കില്ല എന്ന് സുരേഷേട്ടനും അറിയാം എനിക്കും അറിയാം. അവൾക്ക് അത് ഉപയോഗിക്കാൻ പണ്ട് തൊട്ടേ പേടി ആണ്. പിന്നെങ്ങിനെ ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ചു… മാത്രമല്ല ഉച്ചയ്ക്ക് കുറെ വട്ടം അവളെ ഞാൻ വിളിച്ചിരുന്നു അന്നേരം കോൾ അറ്റന്റ് ചെയ്തതും ഇല്ല… മോള് ഒരിക്കലും അങ്ങിനെ ചെയ്യാറില്ല…

എന്റെ കോൾ. കണ്ടാൽ അവൾ അന്നേരം എടുക്കുന്നതാണ് ലേറ്റ് ആയി ആണ് കാണുന്നതെങ്കിലും അപ്പോ തന്നെ തിരിച്ചു വിളിക്കും.. എന്താ സുരേഷേട്ടാ എന്തേലും പ്രശ്നം ഉണ്ടായിരുന്നോ ഇന്ന്… ”

ശ്രീദേവിയും സംശയത്തിന്റെ കെട്ടുകൾ അഴിക്കവേ ദയനീയമായി അവരെ നോക്കി സുരേഷ്.

” ഇതെന്താണ് നിങ്ങൾ ഈ പറയുന്നത്.. എനിക്കൊന്നും മനസിലാകുന്നില്ല.എന്റെ രണ്ട് മക്കൾ ആണ് അവിടെ വെന്തുരുകി പോയത്.. ഈ ഭൂമിയിൽ എനിക്കിനി ആരും ഇല്ല.. ഉള്ള് പിടഞ്ഞിരിക്കുമ്പോൾ ഞങ്ങളോട് ഇത്രയും അടുപ്പം ഉള്ള നിങ്ങൾ തന്നെ ഇങ്ങനൊക്കെ ചോദിക്കുവാണോ.. ”

ആ ചോദ്യം കേട്ട് മുഖാമുഖം നോക്കി മാധവനും ശ്രീദേവിയും. ” എടാ.. അവര് നിന്റെ മാത്രം മക്കൾ ആണോ.. ഞങ്ങടേം കൂടി അല്ലെ.. നഷ്ടം ഞങ്ങൾക്കും കൂടി അല്ലെ.. ഒരു സംശയം തോന്ന്യപ്പോ ചോദിച്ചു പോയതാണ്. ”

മാധവൻ വീണ്ടും സുരേഷിനെ ചേർത്തു പിടിച്ചു.

എടാ.. മോള് എന്തിനാണ് ഗ്യാസ് അടുപ്പ് ഓൺ ആക്കിയത് എന്ന് എനിക്ക് അറിയില്ല.. പരിചയം ഇല്ലാതെ ചെയ്തത് കൊണ്ടാകാം ഈ അപകടം ഉണ്ടായത്.. അല്ലാതെ ഞാൻ എന്ത് പറയാനാടാ.. ബഹളം കേട്ട് ഞാൻ ഓടി എത്തിയപ്പോഴേക്കും തീ ആളി പടർന്നു ആ ഒരു ഫോഴ്‌സിൽ ജന്നൽ ചില്ല് പൊട്ടി ഞാൻ പുറത്തേക്ക് വീണു പോയി.. എന്റെ കുട്ടികൾ പോയി.. ഞാനും അവരോടൊപ്പം പോയാൽ മതിയാരുന്നു.. ഇതിപ്പോ എല്ലാ വേദനകളും സഹിച്ചു ഞാൻ മാത്രം..”

മാധവന്റെ ചുമലിലേക്ക് മുഖം ചായ്ച്ചു വീണ്ടും പൊട്ടിക്കരഞ്ഞു സുരേഷ്. അതോടെ ശ്രീദേവിയും മാധവനും പിന്നെ ഒന്നും ചോദിച്ചില്ല.. അന്നത്തെ ദിവസം അവരും അവിടെ കൂടാൻ തന്നെ തീരുമാനിച്ചു. എന്നാൽ തനിക്ക് ആരും കൂട്ട് വേണ്ട എന്ന് പറഞ്ഞു സുരേഷ് നിർബന്ധിച്ചു അവരെ വീട്ടിലേക്ക് അയച്ചു. മനസില്ലാ മനസ്സോടെയാണ് അവർ അവിടെ നിന്നും പോയതും. കുറച്ചു സമയം അയൽക്കാരിൽ. ചിലരും സുരേഷിന് കൂട്ടായി വന്നിരുന്നു. ശേഷം നേരം വൈകിയപ്പോൾ അവരും പിരിഞ്ഞു.

സമയം ഏകദേശം രാത്രി രണ്ട് മണിയോളം ആയിരുന്നു. തളർന്നവശനായി ആകെ തകർന്നിരുന്ന സുരേഷ് ആ സമയം പതിയെ എഴുന്നേറ്റു. ശേഷം വേച്ചു വേച്ചു തന്റെ ബെഡ്റൂമിലേക്ക് പോയി. അവിടെ ഭാര്യയുടെ ഫോട്ടോയ്ക്ക് മുന്നിൽ അല്പസമയം നോക്കി നിന്നും അയാൾ.

” ഇന്ദു.. എന്നോട് ദേഷ്യം തോന്നരുത്. എനിക്ക് വേറെ വഴിയില്ലായിരുന്നു. എന്റെ മക്കൾ നാട്ടുകാർക്കിടയിൽ ഒരു സംസാരവിഷയം ആകാൻ ഞാൻ ആഗ്രഹിച്ചില്ല. മൂന്നുപേരും ഒന്നിച്ചു നിന്റെ അരികിലേക്ക് വരാൻ തീരുമാനിച്ചതാ പക്ഷെ ഇപ്പോ ഞാൻ മാത്രം… മക്കൾ അങ്ങ് എത്തിയോ.. മോനോട്‌ ദേഷ്യം കാട്ടേണ്ട നീ… സ്വബോധത്തിൽ ചെയ്തതല്ല അവൻ… ”

അത്രയും പറഞ്ഞു കൊണ്ട് അയാൾ പതിയെ ബെഡിലേക്കിരുന്നു. ശേഷം വിങ്ങി പൊട്ടി വീണ്ടും ഇന്ദുവിന്റെ ഫോട്ടോയിലേക്ക് നോക്കി.

” വളർത്തു ദോഷം ആണ്.. എന്റെ കഴിവ് കേട്.. നീ പോയെ പിന്നെ ഞാൻ ആകെ തകർന്നു പോയെടോ… അതിനിടയിൽ അവനെ ശ്രദ്ധിക്കാൻ പറ്റിയില്ല.. കോളേജിൽ പോയി അവൻ ആകെ വഷളായി എന്ന് പലരും പറഞ്ഞപ്പോഴും ഒരിക്കലും ഇങ്ങനൊന്നു ഞാൻ പ്രതീക്ഷിച്ചില്ല.. പക്ഷെ മയക്ക് മരുന്ന് വലിച്ചു കയറ്റി ആളെ പോലും അറിയാൻ കഴിയാത്ത വിധം സ്വബോധം നഷ്ടപ്പെട്ടു കാമം മൂത്ത് സ്വന്തം അനിയത്തിയുടെ മാനവും ജീവനും കവർന്നെടുത്തവൻ പിന്നെ ജീവിക്കേണ്ട എന്ന് ഞാൻ അങ്ങ് തീരുമാനിച്ചു. അതുകൊണ്ടാണ് എന്റെ കൈ കൊണ്ട് തന്നെ ഞാൻ അവനെ…… അവർക്കൊപ്പം ഒന്നിച്ചു എരിഞ്ഞടങ്ങാൻ തീരുമാനിച്ചാ ഞാൻ ഇത് ചെയ്തെ.. പക്ഷെ അവിടെ ഞാൻ തോറ്റു പോയി ”

നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ചു കൊണ്ട് പതിയെ എഴുന്നേറ്റു സുരേഷ്.

” സത്യകഥ നാട്ടിൽ അറിഞ്ഞാൽ പിന്നെ പൊടിപ്പും തൊങ്ങലും വച്ച് ഓരോരോ കഥകൾ മെനയും അവര്.. അത് വേണ്ട.. ഇനീപ്പോ ഇതാ നല്ലത് നമ്മുടെ മക്കൾ തീ പിടുത്തത്തിൽ മരിച്ചു… അങ്ങിനെ മതി..

പിന്നെ…. പിന്നെ.. ഭാര്യയുടെയും മക്കളുടെയും വിയോഗത്തിൽ ഒറ്റപ്പെട്ടുപോയ സുരേഷും അന്ന് രാത്രി തന്നെ … ”

വാക്കുകൾ മുറിച്ചു വീണ്ടും ഇന്ദുവിന്റെ ഫോട്ടോയിലേക്ക് നോക്കി അയാൾ..

” കുറച്ചു മണ്ണെണ്ണ ബാക്കിയുണ്ട്… ഞാനും വരുവാ നിങ്ങടെ അടുത്തേക്ക്.. ഇവിടിനി ഒറ്റയ്ക്ക് വയ്യ.. ചിലപ്പോ മക്കളുടെ പോസ്റ്റു മോർട്ടം റിപ്പോർട്ടിൽ നടന്നതൊക്കെ കണ്ടെത്തിയേക്കാം പക്ഷെ അപ്പോഴേക്കും ഞാനും കൂടി അങ്ങ് വരാം പിന്നെ നാട്ടുകാര് എന്ത് വേണോ പറഞ്ഞോട്ടെ.. നമുക്ക് എന്താ.. ”

പറഞ്ഞു നിർത്തുമ്പോൾ സുരേഷ് എല്ലാം മനസ്സിൽ ഉറപ്പിച്ചിരുന്നു. ഒരിക്കൽ കൂടി ഒന്ന് പൊട്ടിക്കരഞ്ഞു അയാൾ.. ഒരച്ഛൻ കാണാൻ പാടില്ലാത്തതും ചെയ്യാൻ പാടില്ലാത്തതുമാണ് ഇന്ന് ഉണ്ടായത്.. ആ വേദന അയാൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

സമയം അല്പം കൂടി നീങ്ങി.. വൈകാതെ തന്നെ ആ വീടിനു ചുറ്റും വീണ്ടും ആളുകൾ തടിച്ചു കൂടി..

” ആള് കത്തി തീർന്നു.. ഫയർ ഫോഴ്സ് എത്തിയപ്പോ പിന്നെ ഒന്നും ബാക്കി ഇല്ല.. ”

” എന്നാലും ഇന്നത്തെ ദിവസം ഈ മനുഷ്യനെ ഇവിടെ ഒറ്റയ്ക്ക് ആക്കി ബന്ധുക്കൾ ഒക്കെ പൊയ്ക്കളഞ്ഞല്ലോ.. കഷ്ടം തന്നെ.. ”

” മനുഷ്യൻ അല്ലെ ചെയ്തു പോകും.. ഭാര്യ പോയപ്പോഴേ ആള് തകർന്നു പോയിരുന്നു ഇപ്പോ ദേ മക്കളും.. പിന്നെങ്ങിനെ സഹിക്കും.. ഒറ്റയ്ക്ക് ജീവിക്കേണ്ട എന്ന് കരുതി കാണും.. പാവം ”

അയൽക്കാരും നാട്ടുകാരും പല പല അഭിപ്രായങ്ങൾ ഉന്നയിക്കവേ ആകെ തകർന്ന് നിന്നു പോയി മാധവനും ശ്രീദേവിയും.

” ഇതിനാണോ ടാ ഞങ്ങളെ നിർബന്ധിച്ചു നീ പറഞ്ഞയച്ചത്.. ” മിഴിനീർ തുടച്ചു കൊണ്ട് അരികിലെ കസേരയിലേക്ക് ഇരുന്നു പോയി മാധവൻ.

” ഏട്ടാ.. ഇതെന്താ.. ഇവർക്ക് പറ്റിയെ.. നമ്മൾ സംശയിച്ചത് സത്യമാണ്.. അവർക്കിടയിൽ എന്തോ എന്തോ ഉണ്ടായിട്ടുണ്ട്.. അതാ ഇപ്പോ സുരേഷേട്ടനും.. ”

വേദനയോടെ ശ്രീദേവിയും മിഴി നീര് തുടച്ചു. ഒരു കുടുംബം പോലെ കഴിഞ്ഞു ഒടുവിൽ ഒറ്റദിവസം കൊണ്ട് ഉണ്ടായ പ്രിയപ്പെട്ടവരുടെ വിയോഗവും ഉള്ളിലെ സംശയങ്ങളും ഇനിയെന്നും അവരെ അലട്ടിക്കൊണ്ടിരിക്കും അത് തീർച്ച..

കുട്ടികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ വരുമ്പോൾ ഒരു പക്ഷെ ആ കുടുംബത്തിന് എന്താണ് സംഭവിച്ചത് എന്നതിൽ സംശയങ്ങൾ ഉണ്ടായേക്കാം.. എന്നാൽ തന്റെ മക്കൾ ഒരു വാർത്തയാക്കുന്നത് കാണാൻ ആഗ്രഹിക്കാത്ത ആ അച്ഛൻ എല്ലാം സ്വയം അവസാനിപ്പിച്ചു…

ഒരു കുടുംബം പോലെ ജീവിച്ച മാധവനോടോ ശ്രീദേവിയോടോ പോലും ഒന്നും പറയാതെ….