അടുത്ത കാലത്തായി അച്ഛന്റെ പെരുമാറ്റം അത്ര ശെരിയല്ല.. ഞാൻ കുഞ്ഞിന് പാല് കൊടുത്തു കൊണ്ടിരിക്കുമ്പോഴൊക്കെ അതറിഞ്ഞോണ്ട് തന്നെ ..

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“ഞാൻ ഈ വീട്ടിലേക്ക് കെട്ടികയറി വരുമ്പോൾ എനിക്കൊപ്പം ഈ കുഞ്ഞില്ലായിരുന്നു. അതുകൊണ്ട് ഇവിടുന്ന് പോകുമ്പോഴും ഇതിനെ എനിക്ക് വേണ്ട..”

അത്രയും പറഞ്ഞു ആതിര കയ്യിൽ ഇരുന്ന കുഞ്ഞിനെ ബലമായി അനൂപിന്റെ മടിയിലേക്ക് വച്ചു കൊടുത്തു. സെറ്റിയിൽ ഇരിക്കുകയായിരുന്നു അനൂപ് പെട്ടെന്ന് കുഞ്ഞുമായി ചാടിയെഴുന്നേറ്റു.

പെട്ടെന്നുള്ള ആ പ്രവൃത്തി കണ്ട് പേടിച്ചിട്ടോ അല്ലെങ്കിൽ ശരീരം വേദനിച്ചിട്ടോ ആകാം കുഞ്ഞു നിർത്താതെ കരച്ചിൽ തുടങ്ങിയിരുന്നു. ഒക്കെയും കണ്ട് നടുങ്ങി നിന്നു അനൂപിന്റെ രക്ഷകർത്താക്കളായ മാധവനും ശ്രീദേവിയും.

” ആതിര.. എന്ത് തോന്യവാസമാണ് നീ ഈ കാണിച്ചത്.. ”

കലി കയറിയിരുന്നു അനൂപിന്. കുഞ്ഞിനെ മാറോട് ചേർത്ത് കരച്ചിൽ നിർത്തുവാൻ ശ്രമിക്കുമ്പോഴും അവന്റെ ഉള്ളിൽ രോഷം ഇറച്ചു കയറുകയായിരുന്നു.

അനൂപ് – ആതിര ദമ്പത്തികളുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമേ ആകുന്നുള്ളു. ഒറ്റമകളായിരുന്ന ആതിരയെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചു കൊടുത്തു വളരെ ലാളിച്ചാണ് അച്ഛനും അമ്മയും വളർത്തിയത്. സർക്കാർ ജീവനക്കാരനായ അനൂപിന്റെ ആലോചന വന്നപ്പോഴും മകളുടെ ഭാവി സുരക്ഷിതമായി എന്ന ആശ്വാസത്തിലാണ് അവർ വിവാഹം നടത്തി കൊടുത്തത്.

എന്നാൽ സ്വന്തം വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് എത്തിയ ആതിരയ്ക്ക് അവിടെ പിടിച്ചു നിൽക്കുവാൻ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. മറ്റൊരു വീടുമായി പൊരുത്തപ്പെടുവാൻ അവൾ ഒരിക്കലും തയ്യാറല്ലായിരുന്നു. അതുകൊണ്ട് തന്നെ എങ്ങിനെയും സ്വന്തം വീട്ടിലേക്ക് പോകണമെന്നായി അവളുടെ ചിന്ത.

അതിനിടയിൽ കാര്യങ്ങൾ അറിയാവുന്ന സുഹൃത്തുക്കൾ ആരോ പറഞ്ഞു കൊടുത്ത ബുദ്ധിയാണ് എങ്ങിനെയും വീട്ടിൽ പ്രശ്നം ഉണ്ടാക്കി അനൂപിനെ തന്റെ വീട്ടിലേക്ക് സ്ഥിരതാമസത്തിനായി കൊണ്ട് പോവുക എന്നത്. അങ്ങിനെ ചെയ്താൽ ഇനിയുള്ള കാലം സ്വന്തം വീട്ടിൽ തന്നെ സുഖമായി ജീവിക്കാം എന്നതോർത്ത ആതിര പിന്നെ അതിനായൊരു വഴി കണ്ടെത്തുവാനുള്ള ശ്രമത്തിലായിരുന്നു.

പല പല ശ്രമങ്ങളും അവൾ നടത്തി നോക്കിയെങ്കിലും അതൊന്നും വിജയം കണ്ടില്ല. ഒടുവിൽ ബുദ്ധി പറഞ്ഞു കൊടുത്ത സുഹൃത്ത്‌ തന്നെ കാരണമുണ്ടാക്കുവാനുള്ള വഴിയും പറഞ്ഞു കൊടുത്തു. ഞായറാഴ്ച ദിവസം രാവിലെ കുളി കഴിഞ്ഞെത്തിയ അനൂപിന് മുന്നിൽ ആതിര കാര്യം അവതരിപ്പിച്ചു.

“ഏട്ടാ.. ഞാൻ ഒരു കാര്യം പറഞ്ഞാൽ അത് സീരിയസ് ആയി എടുക്കണം.. വേറെ വഴിയില്ലാത്തത് കൊണ്ടാണ് ഏട്ടനോട് ഞാൻ ഇത് പറയുന്നത്. ”

പതിവില്ലാത്ത മുഖവുര കേട്ട് അനൂപിന്റെ നെറ്റി ചുളിഞ്ഞു

” എന്താടോ.. എന്താ ഒരു മുഖവുരയൊക്കെ.. താൻ കാര്യം പറയ്.. ”

” അത് പിന്നെ ഏട്ടാ.. ഇവിടുത്തെ അച്ഛൻ… അച്ഛന്റെ പല പെരുമാറ്റങ്ങളും എനിക്ക് ഇച്ചിരി ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്… ”

ഇത്തവണ ഞെട്ടിപ്പോയി അവൻ.

” ബുദ്ധിമുട്ടോ.. എന്ത് ബുദ്ധിമുട്ട്.. ”

” അത്.. അടുത്ത കാലത്തായി അച്ഛന്റെ പെരുമാറ്റം അത്ര ശെരിയല്ല.. ഞാൻ കുഞ്ഞിന് പാല് കൊടുത്തു കൊണ്ടിരിക്കുമ്പോഴൊക്കെ അതറിഞ്ഞോണ്ട് തന്നെ അച്ഛൻ പലപ്പോഴും മനഃപൂർവം മുറിയിൽ വന്നു കേറുന്നുണ്ട്.”

പറഞ്ഞു നിർത്തുമ്പോൾ ചെറിയൊരു കുറ്റബോധം ആതിരയ്ക്ക് തോന്നാത്തിരുന്നില്ല.. പക്ഷെ തന്റെ ആവശ്യം നടക്കണമെന്ന ബോധം അവളെ വീണ്ടും അഭിനയിപ്പിച്ചു. എന്നാൽ ഒക്കെയും കേട്ട് മറുപടി പറയുവാൻ കഴിയാതെ നടുങ്ങി ഇരുന്നു അനൂപ്. അവന്റെ ഉള്ള് മനസിലാക്കി പതിയെ അരികിലേക്കിരുന്നു അവൾ.

” ഏട്ടൻ ഇത് തത്കാലം പുറത്ത് പറയരുത്.. ആരേലും അറിഞ്ഞാൽ നമ്മുടെ കുടുംബത്തിന് നാണക്കേട് ആണ്.. തത്കാലം നമുക്ക് എന്റെ വീട്ടിലേക്ക് പോകാം.. കുറച്ചു നാൾ അവിടെ നിൽക്കാം.. എന്നിട്ട് പതിയെ അച്ഛനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തിരുത്താം അതാകും നല്ലത്.. ”

ആ ഒരു ഒഴുക്കിലൂടെ തന്നെ തന്റെ ആവശ്യവും അറിയിച്ചു ആതിര. പക്ഷെ ഒക്കെയും കേട്ട് മൗനമായിരുന്നില്ല അനൂപ് അവൻ നേരെ ആതിരയെ കൂടി അച്ഛൻ മാധവനരികിൽ എത്തി കാര്യങ്ങൾ നേരിട്ട് തിരക്കി. ഒക്കെയും കേട്ട് മാധവനും ശ്രീദേവിയും നടുങ്ങുമ്പോൾ ആതിരയും ഒന്ന് പതറി. അനൂപിൽ നിന്നും അങ്ങനൊരു നീക്കം അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

എന്നാൽ അച്ഛനെ നല്ല പോലറിയാമായിരുന്ന അനൂപ് ആ കള്ളി കയ്യോടെ പൊളിക്കുകയാണ് ചെയ്തത്. അതിനൊടുവിൽ ആണ് ആകെ നാണം കെട്ട് ഇപ്പോൾ കുഞ്ഞിനെ അനൂപിനെ ഏൽപ്പിച്ചു വീട് വിട്ടു പോകുവാൻ ആതിര തയ്യാറെടുക്കുന്നത്.

” ആതിര നീ കുറച്ചു നാളായി എന്റെ വീട്ടുകാരെ പറ്റി കുറ്റങ്ങൾ പറയുന്നുണ്ട്. നിന്റെ ആവശ്യം എന്നെ കൂടി നിന്റെ വീട്ടിലേക്ക് കൊണ്ട് പോയി ഇനിയുള്ള കാലം അവിടെ ജീവിക്കുക എന്നതാണെന്ന് എനിക്ക് വ്യക്തമായി അറിയാം.. ഒരിക്കലും നടക്കാത്ത ആ ആഗ്രഹം നടപ്പിലാക്കാൻ വേണ്ടി വെറുതെ എന്റെ വീട്ടുകാരെ നീ കുറ്റക്കാരാക്കി ചിത്രീകരിക്കരുത്. ”

അനൂപ് പറഞ്ഞ വാക്കുകൾ ആതിരയെ കൂടുതൽ ചൊടിപ്പിച്ചു.

” എന്റെ വീട്ടിലേക്ക് പോയാൽ എന്താ.. ഇട്ടു മൂടുവാനുള്ള സ്വത്ത്‌ ഉണ്ട് എന്റെ അച്ഛന്റെ കയ്യിൽ നമ്മൾ അവിടെ ചെന്നാൽ ഇനിയുള്ള കാലം സുഖമായി ജീവിക്കാം പിന്നെന്താ നിങ്ങൾക്ക് അഹങ്കാരം.. ”

ആ മറുപടി കേട്ട് എന്ത് പറയണമെന്നറിയാതെ കുഴഞ്ഞു അനൂപ്.

” നീ എന്തൊക്കെ ഭ്രാന്ത് ആണ് ആതിര ഈ പറയുന്നേ.. പ്രായമായ ഈ അച്ഛനെയും അമ്മയെയും. വിട്ട് ഞാൻ നിന്റൊപ്പം വരണമെന്നോ.. അച്ചി വീട്ടിൽ വന്ന സ്ഥിര താമസമാക്കാൻ എന്നെ കിട്ടില്ല.. അങ്ങിനെ നീ ചിന്തിക്കേം വേണ്ട.. ”

” എന്നാൽ എന്റെ അച്ഛനെയും അമ്മയെയും വിട്ട് ഇവിടെ നിൽക്കാൻ എനിക്കും പറ്റില്ല.. ”

ഉരുളയ്ക്കുപ്പേരി പോലെ ആതിരയും മറുപടി പറയവേ കാര്യങ്ങൾ കൈ വിട്ടു തുടങ്ങി എന്ന് മനസിലാക്കി മാധവൻ..

” മക്കളെ.. നിങ്ങൾ ഇങ്ങനെ തമ്മിൽ തല്ലല്ലേ.. വിവാഹം കഴിഞ്ഞ പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിൽ നിൽക്കണമെന്നുള്ളത് ഒരു നാട്ടു നടപ്പല്ലേ… ഇനീപ്പോ മോൾക്ക് സ്വന്തം വീട്ടിലേക്ക് പോണമെങ്കിൽ നിങ്ങൾ രണ്ടാളും ഇടക്കൊക്കെ അവിടേക്കും പൊയ്ക്കോളൂ.. രണ്ട് വീടുകളിലുമായി മാറി മാറി നിന്നാൽ മതിയല്ലോ ”

അയാൾ ഇടയിലേക്ക് കയറി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കവേ കലി കയറി ആതിരയ്ക്ക്..

” അങ്ങിനിപ്പോ നിങ്ങളുടെ ഔദാര്യത്തിൽ എനിക്ക് എന്റെ വീട്ടിലേക്ക് പോകേണ്ട കാര്യം ഇല്ല.. പറ്റുമെങ്കിൽ എങ്ങോട്ടേലും ഇറങ്ങി പോയി തരാമോ.. നിങ്ങൾ രണ്ട് പേരും ഇവിടില്ലേൽ ഈ മനുഷ്യൻ എന്റെ ആഗ്രഹത്തിന് നിൽക്കും.. നിങ്ങളാണ് ശല്യം. ”

ആ മറുപടി കേട്ട് മാധവനും ശ്രീദേവിയും നടുങ്ങി നിൽക്കുമ്പോൾ രോഷത്താൽ അടിമുടി വിറച്ചു അനൂപ്.

” എടീ… ”

അലറി വിളിച്ചു കൊണ്ടവൻ ആതിരയെ തനിക്ക് നേരെ ബലമായി തിരിച്ചു ചെക്കിടടകം ഒന്ന് പൊട്ടിച്ചു.. അപ്രതീക്ഷിതമായ ആ പ്രഹരത്തിൽ ആകെ നടുങ്ങി പോയ അവൾ അടി കൊണ്ട ആഘാതത്തിൽ പിന്നിലേക്ക് വേച്ചു വീണുപോയി.

“മോനെ.. എന്തായിത്..”

ശ്രീദേവിയും നടുക്കത്തോടെ ഓടിയെത്തി ആതിരയെ നിലത്ത് വീഴാതെ താങ്ങി പിടിച്ചു.

ഒക്കെയും കണ്ട് പേടിച്ചു കുഞ്ഞ് വീണ്ടും കരച്ചിൽ തുടങ്ങിയിരുന്നു.

ആദ്യത്തെ ഒരു മരവിപ്പ് വിട്ടു മാറവേ ചാടിയെഴുന്നേറ്റു ആതിര..

” നിങ്ങൾ.. നിങ്ങൾ എന്നെ തല്ലി അല്ലെ.. എന്റെ അച്ഛൻ ഇതറിഞ്ഞാൽ ഉണ്ടല്ലോ…. ഇനി ഒരു നിമിഷം ഞാൻ ഈ വീട്ടിൽ നിൽക്കില്ല.. പോകുവാ ഞാൻ. ”

ഭ്രാന്ത് കയറിയ പോലെ ആതിര മുറിക്കുള്ളിലേക്ക് ഓടി പോകവേ മൗനമായി തന്നെ നിന്നു അനൂപ്

” മോനെ.. നീ എന്തൊക്കെയാ ഈ കാട്ടിയെ …. ദേ മോള് പോകാൻ ഒരുങ്ങുവാ… പോയി സമാധാനിപ്പിക്ക് അവളെ.. ”

ആകെ വേവലാതിയിൽ ശ്രീദേവി അത് പറയുമ്പോൾ കുഞ്ഞിനെ പതിയെ അവരുടെ കൈകളിൽ ഏൽപ്പിച്ചു അനൂപ്.

” അമ്മ ഒന്ന് മിണ്ടാതെ നിൽക്ക്.. ഇതിനൊരു അവസാനം വേണം.. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇവൾ.. കുറെ ആയി ഇങ്ങനെ ഓരോന്ന് പറഞ്ഞു കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കുന്നു.. ഞാൻ പരമാവധി ക്ഷമിച്ചു.. ഇനി പറ്റില്ല.. ”

ആ വാക്കുകൾ ഉറച്ചതായിരുന്നു അത് കൊണ്ട് തന്നെ കേട്ടു നിന്ന മാധവനും ഒന്നും മിണ്ടിയില്ല. നിമിഷങ്ങൾക്കകം കയ്യിൽ ഒരു ബാഗുമായി പുറത്തേക്ക് വന്നു ആതിര.

” ഞാൻ പോകുവാ.. എന്റെ കുഞ്ഞിനേയും കൊണ്ട് പോകുന്നു.. നിങ്ങൾ ഈ ചെയ്തതിനു മാപ്പ് പറയാതെ ഇനി നമ്മൾ ഒന്നിച്ചു ജീവിക്കില്ല….. ”

അത്രയും പറഞ്ഞവൾ ശ്രീദേവിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങി..

” ശെരി പൊയ്ക്കോ.. മര്യാദയ്ക്ക് ഈ വീട്ടിലെ ഒരു മകൾ ആയി നിൽക്കാൻ കഴിയുമെങ്കിൽ മാത്രം നീ ഇനി തിരിച്ചു വന്നാൽ മതി. അങ്ങിനെ വന്നാൽ അന്ന് ഞാൻ നിന്നോട് ഈ ചെയ്തതിനു മാപ്പ് പറയും അല്ലാത്ത പക്ഷം ഇനി നിനക്ക് നിന്റെ വഴി.. കുഞ്ഞ് എന്റെയും കൂടിയാണ്.. സൊ കോടതിയിൽ ആയാലും കുഞ്ഞിനെ കാണാനുള്ള അനുവാദം എനിക്ക് കിട്ടും.. പൊയ്ക്കോ.. ”

പരുഷമായി തന്നെ അനൂപും മറുപടി പറയവേ ഒന്ന് പരുങ്ങിയെങ്കിലും അത് പുറത്ത് കാട്ടാതെ കുഞ്ഞുമായി വീടിനു പുറത്തേക്ക് പോയി ആതിര. ഗേറ്റ് തുറന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ആദ്യം കണ്ട ഓട്ടോയ്ക്ക് കൈ കാട്ടി അതിലേക്ക് കയറി ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ വീടിനു മുന്നിൽ ഒരു കുലുക്കവുമില്ലാതെ നിൽക്കുന്ന അനൂപിനെയാണ് അവൾ കണ്ടത്

‘ താൻ ചെയ്തത് എടുത്തു ചാട്ടമായി പോയോ.. ‘

എന്ന ചിന്ത അവളുടെ മനസിൽ കടന്ന് കൂടിയെങ്കിലും വാശി അതിനു മുകളിൽ എത്തവേ വീട്ടിലേക്ക് തന്നെ തിരിച്ചു ആതിര.

ഓട്ടോ കണ്ണിൽ നിന്നും മായവേ പതിയെ വീടിനുള്ളിലേക്ക് നടന്നു അനൂപ്.

“മോനെ.. എന്താ ഇത്.. എന്തൊക്കെയാ ഈ നടക്കുന്നെ.. നീ അവളെ എന്താ തിരിച്ചു വിളിക്കാത്തെ..”

ശ്രീദേവിയുടെ വേവലാതി കണ്ട് പതിയെ മാധവന്റെ മുഖത്തേക്ക് നോക്കി അനൂപ്

“അച്ഛാ.. അച്ഛന് തോന്നുന്നുണ്ടോ ഞാൻ ചെയ്തത് തെറ്റാണെന്ന്.. ”

ആ ചോദ്യം കേട്ട് മാധവൻ അല്പസമയം മൗനമായി.

” തെറ്റാണെന്ന് ഞാൻ പറയില്ല മോനെ.. പക്ഷെ മുഴുവനും ശെരിയാണോ എന്ന് ചോദിച്ചാലും.. എനിക്ക് ഉത്തരമില്ല. ”

ആ മറുപടി അനൂപ് പ്രതീക്ഷിച്ചിരുന്നു. കാറിന്റെ കീ എടുത്ത് തിരിഞ്ഞ അവന്റെ മുന്നിലേക്ക് ചെന്നു ശ്രീദേവി.

“നീ ഇതെങ്ങോട്ടാ ഈ പോണേ.. ”

” അത്..അമ്മേ. ഓട്ടോയിൽ കേറി പോയേക്കുവല്ലേ അവളും കുഞ്ഞും.. സുരക്ഷിതമായി വീടെത്തിയോ എന്ന് ഉറപ്പ് വരുത്തേണ്ടത് എന്റെ കടമയാണ്. മാത്രമല്ല എനിക്ക് പറയാൻ ഉള്ളത് അവളുടെ അച്ഛനോട് നേരിട്ട് തന്നെ പറയണം അത് കേട്ട് അദ്ദേഹം തീരുമാനിക്കട്ടെ ഇനി എന്ത് വേണമെന്ന് ”

അത്രയും പറഞ്ഞു അനൂപും പുറത്തേക്ക് പോയി.

ഓട്ടോയിൽ വന്നിറങ്ങിയ മകളെ കണ്ട് ആദ്യം അമ്പരന്നു ആ അച്ഛനും അമ്മയും. അവൾ പറഞ്ഞത് കൂടി കേൾക്കെ ആ അമ്പരപ്പ് നടുക്കമായി അപ്പോഴേക്കും അനൂപും അവിടെയെത്തിയിരുന്നു. അവൻ എത്തുമെന്ന് ആതിര പ്രതീക്ഷിച്ചിരുന്നില്ല. നടന്ന സംഭവങ്ങൾ കൃത്യമായി ആതിരയുടെ അച്ഛനെ ധരിപ്പിച്ചു അനൂപ്.

ഒക്കെയും കേട്ട് മൗനമായി അദ്ദേഹം നിൽക്കവേ ശേഷം മകളെ തല്ലേണ്ടി വന്നതിൽ ആ അച്ഛനോട് മാപ്പും ചോദിച്ചു അവൻ.
ആതിര അനൂപിനെതിരെ പല പല ന്യായങ്ങൾ നിരത്തിയെങ്കിലും ഒന്നിനുമവൻ മറുപടി പറഞ്ഞില്ല. കുഞ്ഞിന്റെ നെറുകയിൽ ഒരു മുത്തം കൂടി കൊടുത്തിട്ട് ആണ് അനൂപ് തിരികെ പോകാൻ കാറിനരികിൽ എത്തിയത്. ഡോർ തുറന്ന ശേഷം ഒന്ന് തിരിഞ്ഞു അവൻ.

” ആതിരയെ എനിക്ക് ജീവൻ ആണ്. അവളില്ലാതെ എനിക്ക് മുന്നോട്ട് പറ്റുമോ എന്ന് അറിയില്ല.. പക്ഷെ എന്റെ വീട്ടിൽ പാവം ഒരു അച്ഛനും അമ്മയും മാത്രമാണ് ഉള്ളത്. എനിക്ക് ഭാര്യയായി ആ അച്ഛനും അമ്മയ്ക്കും സ്വന്തം മകളായി.. ആ വീട് സ്വന്തം വീട് ആയി തന്നെ കണ്ട് വരാൻ പറ്റുമെങ്കിൽ മാത്രം ഇനി അങ്ങട് വന്നാൽ മതി. വീണ്ടും അടിയും വഴക്കും ഉണ്ടാക്കാൻ എനിക്ക് ഒട്ടും താത്പര്യം ഇല്ല. നല്ലത് പോലെ ആലോചിച്ചു ഒരു തീരുമാനം എടുക്ക്.. ”

മറുപടിക്ക് കാക്കാതെ അവൻ കാറിലേക്ക് കയറി. കാർ ഗേറ്റ് കടന്ന് പുറത്തേക്ക് പോകുമ്പോൾ അച്ഛന്റെയും അമ്മയുടെയും മുഖഭാവത്തിൽ നിന്നും ആതിര ഒരു കാര്യം മനസിലാക്കി..

‘ തെറ്റ് തന്റെ ഭാഗത്ത് ആണ്.. ‘

പിന്നെയും ഒരാഴ്ച അങ്ങിനെ തന്നെ നീങ്ങി. അതിനിടയിൽ അച്ഛൻ പല കാര്യങ്ങളും ആതിരയെ പറഞ്ഞു ബോധ്യപ്പെടുത്തി.ഇടയ്ക്ക് ആതിരയുടെ വീട്ടിലേക്കെത്തി കുഞ്ഞിനെ കാണുമായിരുന്നു അനൂപ്. ഒടുവിൽ തന്റെ തെറ്റുകൾ അച്ഛനിലൂടെ തന്നെ ആതിര മനസിലാക്കി.

അടുത്ത ഞായറാഴ്ച ദിവസം രാവിലെ തന്നെ ആതിര തിരികെ അനൂപിന്റെ വീട്ടിലെത്തി. ഒരാഴ്ച കാലയളവിൽ അച്ഛനിൽ നിന്നും അമ്മയിൽ നിന്നും തന്റെ തെറ്റുകൾ കൃത്യമായി മനസിലാക്കി തന്റെ കടമകളും കൃത്യമായി അറിഞ്ഞാണവൾ തിരികെയെത്തിയത്. കുറ്റബോധത്താൽ മാധവന്റെയും ശ്രീദേവിയുടെയും മുഖത്തേക്ക് നോക്കുവാൻ അവൾ വിഷമിച്ചു.

“പോട്ടെ മോളെ.. കഴിഞ്ഞതൊന്നും ഓർക്കേണ്ട.. ”

മാധവൻ വാത്സല്യത്തോടെ നെറുകയിൽ തലോടുമ്പോൾ പൊട്ടിക്കരഞ്ഞു പോയി അവൾ

” അച്ഛൻ എന്നോട് ക്ഷമിക്കണം.. അച്ഛനെ പറ്റി ഞാൻ വേണ്ടാത്തതൊക്കെ.. ”

കൂപ്പുകയ്യോടെ നിൽക്കുന്ന ആതിരയുടെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു മാധവൻ.

ആ രംഗം കാണവേ അറിയാതെ അനൂപിന്റെയും മിഴികൾ നീരണിഞ്ഞു. ലാളിച്ചു വളർത്തിയ മകളാണെങ്കിലും അവളുടെ തെറ്റുകൾ മനസിലാക്കി കൃത്യമായി പെരുമാറി ഉപദേശിച്ചു അവളെ നല്ല വഴിക്കു കൊണ്ട് വന്ന ആതിരയുടെ അച്ഛനാണ് തങ്ങളുടെ ജീവിതം വീണ്ടും ഒന്നിപ്പിച്ചത് എന്ന് മനസിലാക്കവേ ആ അച്ഛനോട് വല്ലാത്ത ബഹുമാനം തോന്നി പോയി അവന്.

ഒടുവിൽ ബെഡ് റൂമിലേക്കു കയറവേ നിറകണ്ണുകളോടെ അനൂപിന്റെ മാറിലേക്ക് ചാഞ്ഞു ആതിര.

” ഏട്ടൻ എന്നോട് ക്ഷമിക്കണം.. എന്റെ തെറ്റുകൾ ഇപ്പോഴാണ് എനിക്ക് മനസിലായത്.. ഇനി ഞാൻ ഇതൊന്നും ഒരിക്കലും ആവർത്തിക്കില്ല.. ”

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി നെറുകയിൽ ഒരു മുത്തം നൽകി അനൂപ്

” സോറിയെടോ… റിയലി സോറി .. ”

ആ ക്ഷമാപണം എന്തിനു വേണ്ടിയായിരുന്നു എന്നത് ആതിരയ്ക്ക് മനസിലായി അനൂപ് തന്റെ വാക്ക് പാലിച്ചു. അതോർക്കവേ പുഞ്ചിരിച്ചു കൊണ്ട് വീണ്ടും അവന്റെ നാട്ടിലേക്ക് ചാഞ്ഞു അവൾ