കൊതിയോടെ ഒന്ന് തൊടാൻ വരുമ്പോഴേക്കും എന്തെങ്കിലും പറഞ്ഞ് നീയെന്റെ മൂഡ് കളയുമല്ലോ. എന്നും ഇങ്ങനെ ഓരോ..

(രചന: ഹേര)

“എനിക്ക് ഇവിടെ കിടന്ന് പണിയെടുത്തു മതിയായി. നമുക്ക് വേറെ എങ്ങോട്ടെങ്കിലും വീട് മാറാം. വാടകയ്ക്ക് ആയാലും കുഴപ്പമില്ല.” രാത്രി ഭാര്യയെ കെട്ടിപ്പുണരായി ചെല്ലുമ്പോൾ അവളിൽ നിന്നും കേട്ട വാക്കുകൾ രതീഷിനെ നിരാശനാക്കി.

“ശോ… മനുഷ്യന്റെ മൂഡ് കളയുമല്ലോ നീ. രാത്രി പതിനൊന്ന് മണി കഴിഞ്ഞാ നീയൊന്ന് റൂമിലേക്ക് വരുന്നത്. കൊതിയോടെ ഒന്ന് തൊടാൻ വരുമ്പോഴേക്കും എന്തെങ്കിലും പറഞ്ഞ് നീയെന്റെ മൂഡ് കളയുമല്ലോ.

എന്നും ഇങ്ങനെ ഓരോ പരാതികൾ പറഞ്ഞ് എത്ര രാത്രികൾ നീ നശിപ്പിച്ചു.” വന്ന മൂഡ് പോയ വിഷമത്തിൽ സീമയെ ശകാരിച്ചു കൊണ്ട് രതീഷ് അവളിൽ നിന്ന് അകന്നു.

“എന്റെ പരാതികളും വിഷമങ്ങളും നിങ്ങളോട് അല്ലാതെ ഞാൻ ആരോട് പറയാനാ. ഇതുവരെ എന്തെങ്കിലും ഒരു പോംവഴി ചെയ്തോ? ഇവിടെ കിടന്ന് പണിയെടുത്തു മരിക്കാനായിരിക്കും എന്റെ വിധി.” സീമ സ്വന്തം തലയ്.ക്കടിച്ച് കരഞ്ഞു.

“നീയിങ്ങനെ കരഞ്ഞിട്ട് എന്താ പ്രയോജനം. എന്താ ഇവിടുത്തെ നിന്റെ പ്രശ്നം. കുറെയായല്ലോ വീട് മാറാമെന്ന് പറയുന്നു. വീട് മാറിയാലും അവിടെയുള്ള ജോലികൾ നീ തന്നെ ചെയ്യണ്ടേ. ഓഫീസിൽ പോയി ക്ഷീണിച്ചു വൈകി വരുന്ന എനിക്ക് നിന്നെ സഹായിക്കാൻ പറ്റില്ലല്ലോ.”

“നമ്മുടെ കാര്യങ്ങൾ മാത്രം ചെയ്യുന്നതിൽ എനിക്കൊരു മടിയുമില്ല. ഇവിടെ പക്ഷേ അങ്ങനെയല്ലല്ലോ. ഈ വീട്ടിലെ എല്ലാവർക്കും വച്ച് വിളമ്പി അവരുടെയൊക്കെ അടിവസ്ത്രങ്ങൾ വരെ കഴുകി ഞാൻ മടുത്തു. ആരും ഒരു കൈ സഹായിക്കില്ല. എടുത്താൽ പൊങ്ങാത്ത സ്ത്രീധനവും കൊണ്ട് വരാത്തോണ്ട് ആർക്കും ഒരു വിലയുമില്ല എന്നെ.”

“നീ കാര്യം വ്യക്തമായി പറയ്യ്.” രതീഷിന് അവളുടെ കരച്ചിൽ കണ്ട് ദേഷ്യം വന്നു.

“ഞാനിവിടെ കെട്ടി കേറി വന്ന സമയത്തൊക്കെ എനിക്ക് നിങ്ങളെ തുണികൾ മാത്രം കഴുകിയ മതിയായിരുന്നു. അമ്മ കൈ ഒടിഞ്ഞു വീണപ്പോൾ തൊട്ട് അമ്മേടേം അച്ഛന്റേം അനിയന്റേം കൂടെ എന്റെ തലയിലായി. അതുവരെ അടുക്കളയിൽ സഹായിച്ചിരുന്ന അമ്മയും കൂടെയില്ല.

നാല് നേരം തിന്നും കുടിച്ചും ഇരുന്ന അമ്മയ്ക്ക് അതൊരു കോളായി. കൈ ശരിയായിട്ടും എന്നെയൊന്ന് സഹായിക്കാനോ അമ്മ ചെയ്തിരുന്ന ജോലികൾ ചെയ്യാനോ കൂട്ടാക്കാതെ എല്ലാം ഞാൻ തന്നെ ചെയ്യേണ്ട അവസ്ഥ.

അത് മാത്രമോ കഴിഞ്ഞ മാസം നിങ്ങടെ അനിയൻ ഒരു പണക്കാരി പെണ്ണിനെ ചാടിച്ചു കൊണ്ട് വന്നല്ലോ… അവളെ വിഴുപ്പ് കൂടി ഞാൻ കഴുകി കൊടുക്കണം.

അമ്മയോട് പറഞ്ഞപ്പോൾ അമ്മ പറയാ വലിയ വീട്ടിലെ പെണ്ണല്ലേ അവൾക്കൊന്നും ശീലമുണ്ടാവില്ല. ഞാൻ വേണം എല്ലാം കണ്ടറിഞ്ഞു ചെയ്യാനെന്ന്. വന്ന് കേറിയപ്പോ തന്നെ അവള് അമ്മായി അമ്മയെ കയ്യിലെടുത്തു.

എന്റെ ക്ഷമ കെട്ട് ഞാൻ വല്ലോം പറഞ്ഞാ അത് പിന്നെ വലിയ പ്രശ്നമാകും. അതുകൊണ്ട് ഇവിടുന്ന് വേറെ എങ്ങോട്ടെങ്കിലും മാറി താമസിക്കാൻ നിങ്ങൾ തയ്യാറായില്ലെങ്കിൽ ഞാൻ എന്റെ വീട്ടിൽ പോകും. ഇവിടെ ചെയ്യുന്ന പട്ടി പണി പുറത്ത് പോയി ചെയ്താൽ മാസം പതിനായിരം രൂപയുണ്ടാക്കാം എനിക്ക്.

നിങ്ങളെ ആഗ്രഹം പോലെ നിന്ന് തരാൻ എനിക്ക് താല്പര്യ കുറവൊന്നുമില്ല ഏട്ടാ. ജോലി ചെയ്ത് ക്ഷീണിച്ചു രാത്രി റൂമിലേക്ക് വരുമ്പോ ഒന്ന് കിടന്നാൽ മതിയെന്നെ ഉള്ളു, അതുകൊണ്ടാ.” മുഖം പൊത്തി കരയുന്ന ഭാര്യയെ നോക്കി അവൾ പറഞ്ഞതൊക്കെ കേട്ട് രതീഷ് മിണ്ടാതിരുന്നു.

ഭർത്താവിന്റെ മൗനം കണ്ട് ഒന്നും മിണ്ടാതെ സീമ തിരിഞ്ഞു കിടന്നു. കണ്ണുനീർ വീണ് അവളുടെ തലയിണ നനഞ്ഞു കുതിർന്നു.

രതീഷിന്റെയും സീമയുടെയും വിവാഹം കഴിഞ്ഞു രണ്ട് വർഷമായി. ഇതുവരെ അവർക്ക് കുട്ടികൾ ഒന്നുമില്ല. പാർസൽ ഓഫീസിൽ ചുമട്ടു തൊഴിലാളിയാണ് രതീഷ്. സീമ വീട്ടമ്മ.

***

പിറ്റേന്ന് ഞായറാഴ്ചയായിരുന്നു.വകqat

രാവിലെ ചായയും കുടിച്ചു പത്രം വായിച്ചിരിക്കുകയായിരുന്നു രതീഷ്. സീമ മുറ്റമടിക്കുകയാണ്.

“ഏട്ടത്തി… ഞങ്ങൾ പുറത്ത് പോവാ. വരാൻ രാത്രിയാകും. എന്റെ കഴുകാനുള്ള ഡ്രസ്സ്‌ റൂമിലുണ്ട്. വാഷ് ചെയ്യാൻ എടുക്കുമ്പോ അത് കൂടി എടുക്കാൻ മറക്കല്ലേ. പിന്നെ എല്ലാരേം ഡ്രെസ്സിന്റെ കൂടെ ഞങ്ങളുടെ ഇടാതെ സെപറേറ്റ് കഴുകി ഇടണേ.” അനിയന്റെ ഭാര്യ തന്റെ ഭാര്യയോട് പറഞ്ഞിട്ട് പോകുന്നത് കേട്ട് രതീഷ് അമ്പരന്നു.

സീമ ഒന്നും മിണ്ടാതെ തന്റെ ജോലികൾ തുടർന്നു. എല്ലാവർക്കും വച്ച് വിളമ്പി വീടും മുറ്റവും തൂത്തു വാരി രതീഷിന്റെയും തന്റെയും വസ്ത്രങ്ങൾ എടുത്ത് അവൾ അലക്ക് കല്ലിനു നേർക്ക് നടന്നു. കറന്റ് ബിൽ കൂടുമെന്ന് പറഞ്ഞ് വാഷിംഗ്‌ മെഷീൻ വാങ്ങാൻ പോലും രതീഷിന്റെ അമ്മ സമ്മതിച്ചിട്ടില്ല.

പീരിയഡ്സായത് കൊണ്ട് അന്ന് സീമയ്ക്ക് ഒന്നിനും കഴിയുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവളന്ന് മാറ്റാരുടെയും തുണികൾ മനഃപൂർവം കഴുകാൻ എടുത്തില്ല.

അലക്ക് കല്ലിൽ വസ്ത്രങ്ങൾ ഓരോന്നായി കുത്തി പിഴിയുമ്പോഴാണ് കല്ലിച്ച മുഖവുമായി അമ്മായി അമ്മ അവളുടെ അടുത്തേക്ക് വന്നത്.

“ഇതൊക്കെ പിന്നെ നിന്റെ അച്ഛൻ വന്ന് കഴുകോ?” കൈയിലിരുന്ന ബക്കറ്റ് സീമയുടെ അടുത്ത് വച്ച് അവർ അകത്തേക്ക് പോയി. അഞ്ചു മിനിറ്റ് കഴിഞ്ഞു പുതിയ മരുമോളെയും മോന്റെയും തുണികൾ കൂടി കൊണ്ടിട്ടപ്പോഴാണ് അവർക്ക് സമാധാനമായത്.

“പിള്ളേര് വരുന്നതിനു മുൻപ് കഴുകി ഉണക്കി മടക്കി കൊണ്ട് മുറിയിൽ വയ്ക്കാൻ നോക്ക്.”

തിരിച്ചെന്തെങ്കിലും പറഞ്ഞാൽ വലിയൊരു വഴക്കാവുമെന്ന് അറിയാവുന്നതിനാൽ അവളൊന്നും മിണ്ടിയില്ല. ഇരുവരുടെയും ഉടുപ്പുകൾ കഴുകി വിരിച്ച് ഇത്തിരി ചോറെടുത്തു കഴിച്ചിട്ട് സീമ മുറിയിലേക്ക് പോയി.

കട്ടിലിൽ നീണ്ടു നിവർന്ന് കിടന്നപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. ഒപ്പം സങ്കടവും. വിഷമിച്ചിരിക്കുമ്പോൾ ഭർത്താവ് തന്നെയൊന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ കുറച്ചെങ്കിലും സമാധാനം തോന്നുമായിരുന്നു. ഓരോന്ന് ഓർത്ത് കിടന്ന് അവളവസാനം ഒരു തീരുമാനത്തിലെത്തി.

ഉച്ചയ്ക്ക് എല്ലാവർക്കും കഴിക്കാനുള്ള ഭക്ഷണം പാത്രത്തിലാക്കി മേശപ്പുറത്ത് വച്ചിട്ടാണ് അവൾ കിടക്കാൻ പോയത്. ആഹാരം ആർക്കും വിളമ്പി കൊടുക്കാത്തതിനും തുണികൾ നനച്ചു വിരിക്കാത്തതും പറഞ്ഞ് മുറു മുറുത്തു രതീഷിനോട് പരാതിയും പറഞ്ഞ് മരുമകളോടുള്ള അമർഷം അമ്മായി അമ്മ പ്രകടിപ്പിക്കുന്നത് മുറിയിൽ കിടക്കുന്ന സീമയും കേൾക്കുന്നുണ്ടായിരുന്നു.

അടിവയർ പുളയുന്ന വേദന സഹിക്കാനാവാതെ അവൾ ഒരു പെയിൻ കില്ലർ കഴിച്ച് വേദന അടക്കി. ഊണ് കഴിഞ്ഞ് രതീഷും ഉച്ച മയക്കത്തിനായി മുറിയിലേക്ക് വന്നു. ഒരു വശത്തേക്ക് തിരിഞ്ഞു കിടക്കുന്ന സീമയെ നോക്കി നെടുവീർപ്പിട്ട് അവൻ അവളുടെ അടുത്തായി കിടന്നു.

“വൈകുന്നേരം ഞാനെന്റെ വീട്ടിൽ പോകും. ഇനിയും എനിക്കിവിടെ പറ്റില്ല. ശരിക്കും മടുത്തു. ഒന്ന് വയ്യാതായാലും തിരിഞ്ഞു നോക്കാൻ സ്വന്തം ഭർത്താവ് പോലുമില്ല.” സീമയുടെ പരാതികൾ കേട്ടിട്ടും അവനൊന്നും മിണ്ടിയില്ല.
രതീഷിൽ നിന്നൊരു മറുപടി അവളും പ്രതീക്ഷിച്ചില്ല.

“രാകേഷിന് നാളെ ഓഫീസിൽ ഇട്ടുകൊണ്ട് പോകാൻ ഷർട്ടും പാന്റുമൊന്നുമില്ല. നിങ്ങടെ ഏട്ടത്തിയോട് എല്ലാം കഴുകി ഉണക്കി വയ്ക്കാൻ പറഞ്ഞിട്ട് പോയതല്ലെ ഞാൻ. എന്നിട്ട് എന്റെ നല്ല തുണകളെല്ലാം പുറത്ത് മഴയും ചെളിയും പൂണ്ട് ബക്കറ്റിലും തറയിലുമായിട്ട് കിടക്കുന്നുന്നത് കണ്ടില്ലേ.

ഇവിടുത്തെ പണികൾ ഇവർക്ക് മര്യാദക്ക് ചെയ്തൂടെ. സമയം ഇത്രയും ആയിട്ട് ചായയും ഉണ്ടാക്കിയിട്ടില്ല കഴിക്കാനും ഒന്നുമില്ല…” രതീഷിന്റെ അനിയന്റെ ഭാര്യ രേവതിയുടെ ബഹളം കേട്ടാണ് സീമ ഉണരുന്നത്.

പുറത്ത് നല്ല മഴ പെയ്യുന്ന ശബ്ദം കേൾക്കുന്നുണ്ട്.

“അയ്യോ… ഉണക്കാനിട്ട തുണിയൊക്കെ നനഞ്ഞു കാണും.” ധൃതിയിൽ മുടി വാരി ക്കെട്ടി സീമ എണീക്കാൻ തുടങ്ങി.

“ഡ്രസ്സ്‌ ഒക്കെ ഞാൻ എടുത്തു മടക്കി അലമാരയിൽ വച്ചിട്ടുണ്ട്. നിനക്ക് വയ്യാത്തതല്ലേ കുറച്ചു നേരം കൂടി കിടന്നോ.”

ഭർത്താവിന്റെ പറച്ചിൽ കേട്ട് സീമ അന്ധാളിച്ചു. ഇതുവരെ ഇത്ര മയത്തിൽ തന്നോട് സംസാരിച്ചിട്ടില്ല.

സംശയം തോന്നിയ സീമ എഴുന്നേറ്റു അലമാര തുറന്ന് നോക്കിയപ്പോൾ പുറത്ത് അയയിൽ വിരിച്ചിരുന്ന വസ്ത്രങ്ങൾ വൃത്തിയായി മടക്കി വച്ചിട്ടുണ്ട്. മാത്രമല്ല റൂമും അടുക്കി വച്ചിട്ടുണ്ട്.

“നിനക്ക് വീട്ടിൽ കൊണ്ട് പോകാനുള്ള ബാഗും റെഡിയാക്കിയിട്ടുണ്ട്. കുറച്ചു ദിവസം അവിടെ പോയി നിന്നോ. ഞാൻ തന്നെ രാത്രി കൊണ്ട് വിടാം. ഇവിടെ കിടന്ന് തല്ലും വഴക്കും കൂടാൻ നിക്കണ്ട. വാടക വീട് ഒത്തു വരുമ്പോൾ ഞാൻ വന്ന് വിളിച്ചോളാം.”

“സത്യാണോ ഏട്ടാ… നിങ്ങൾക്ക് ഇപ്പഴെങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ.”

“നിന്നെ ഞാൻ കെട്ടികൊണ്ട് വന്നത് അനിയന്റെയും അവന്റെ ഭാര്യേടേം കൂടി വിഴുപ്പലക്കാനല്ല. അതെനിക്ക് സഹിക്കാനാവില്ല. അത് മാത്രമല്ല രാകേഷിന് ജോലി ഉണ്ടായിട്ട് ഒരു പത്ത് രൂപ പോലും ഇവിടെ ചിലവാക്കുന്നില്ല. ഇനിയും രണ്ടെണ്ണത്തിനെ കൂടി തീറ്റി പോറ്റാൻ എനിക്ക് വയ്യ.

ഏതായാലും ഈ വീട് അവനുള്ളതാ. പിന്നെ ഇവിടെ കിടന്ന് നീയും ഞാനും കഷ്ടപ്പെട്ടിട്ട് പ്രയോജനം ഒന്നുമില്ല. അതുകൊണ്ട് ഇപ്പഴേ മാറിയ നമുക്ക് തന്നെയാ നല്ലതെന്ന് മനസ്സ് പറയുന്നു.”

രതീഷ് ഭാര്യയെ പുണർന്നു കൊണ്ട് പറഞ്ഞു. മുറിക്ക് പുറത്ത് രേവതിയുടെയും അമ്മായി അമ്മയുടെയും ബഹളമൊക്കെ കേൾക്കാമായിരുന്നു. ആ നിമിഷം അവളുടെ കാതിൽ ഒന്നും പതിഞ്ഞില്ല. ഭർത്താവ് തന്നെ മനസ്സിലാക്കിയതിന്റെ സന്തോഷത്തിൽ അവളവനോട് ചേർന്ന് നിന്നു.