പെൺകുട്ടി മരണത്തിനു മുന്നേ ആരുമായോ ഫിസിക്കൽ റിലേഷനിൽ ഏർപ്പെട്ടിരുന്നു എന്നത് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി..

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“സർ ബോഡി ഒരു പെൺകുട്ടിയുടേതാണ് കുറച്ചു പഴക്കമുണ്ട് കണ്ടിട്ട്. എന്തായാലും മറ്റെവിടുന്നോ ഒഴുകി വന്നതാണ് അത് ഉറപ്പ് ”

എസ് ഐ അൻവർ പറഞ്ഞത് കേട്ട് അസ്വസ്ഥതയോടെ തന്റെ തലയിൽ തടവി സി ഐ സാം അലക്സ്.

” പണ്ടാരം.. ചാർജ് എടുത്ത് രണ്ട് ദിവസം ആയില്ല അതിനിടക്ക് തന്നെ വള്ളിക്കെട്ട് ആയല്ലോ.. എന്തായാലും പുഴയിലൂടെ ഒഴുകി വന്നു.. കണ്ട പാടെ താഴേക്കു ഒഴുക്കി വിട്ടൂടാരുന്നോ ടോ.. ആ കട്ടിക്കൽ കടവ് കഴിഞ്ഞിരുന്നേൽ നമ്മുടെ അതൃത്തി വിട്ട് പോയേനെ.. ഇതിപ്പോ നമുക്ക് തലവേദന ആയല്ലോ.. ”

” അതെങ്ങിനെ പറ്റും സാർ.. നാട്ടുകാരല്ലേ കണ്ടേ.. അവര് അപ്പോഴേ ആളെ കൂട്ടി. മാത്രല്ല ബോഡി തിരിച്ചറിഞ്ഞു. ഈ പെൺകൊച്ചിനെയും ഒരു പയ്യനെയും രണ്ട് ദിവസായി ഇവിടുന്ന് കാണാതായിട്ട്. സ്റ്റേഷനിൽ പരാതിയുണ്ട്. സാറിനോർമ്മയുണ്ടോ ന്ന് അറില്ല സാർ വന്ന ദിവസം ആയിരുന്നു ഈ പരാതി കിട്ടിയത്. ചാർജ് എടുത്ത് സാർ രണ്ട് ദിവസം ലീവിൽ പോയത് കൊണ്ട് ഞാൻ ആണ് പോയി അന്യോഷിച്ചത്. ഒളിച്ചോട്ടം ആണെന്നാണ് അറിഞ്ഞത്. ഇവിടെ അടുത്ത് തന്നെയുള്ള ഒരു പയ്യൻ ആണ്.. കൊച്ചിന്റെ പേര് രേവതി പയ്യന്റെ പേര് അനീഷ്.”

അൻവർ പറഞ്ഞത് കേട്ട് നെറ്റി ചുളിച്ചു സാം.

” ഒളിച്ചോട്ടോ.. കർത്താവേ.. എന്നിട്ട് ഇപ്പോ പെണ്ണിന്റെ ബോഡി കിട്ടി ഇനീപ്പോ ചെറുക്കന്റെ കൂടി വരാൻ ഉണ്ടോ.. ഇത് തലവേദനയാണല്ലോ ”

അല്പസമയം ജീപ്പിന്റെ ബോണറ്റിൽ ചാരി നിന്നു അവൻ.

” എടോ അൻവർ.. ഇതെന്തുവാ സംഭവം.. ഈ ഒളിച്ചോട്ടം എന്തേലും സീൻ ആണോ.. അറിഞ്ഞിടത്തോളം ഇത് ആത്മഹത്യ ആകാൻ ആണ് ചാൻസ്… അങ്ങനാണേൽ ആ ചെറുക്കന്റെ ബോഡി കൂടി എവിടുന്നേലും കിട്ടിയേക്കും. എന്തായിരുന്നു പ്രശ്നം തനിക്ക് ഡീറ്റെയിൽസ് അറിയോ..”

” ഇച്ചിരി സീൻ ആയിരുന്നു സാറേ.. പെണ്ണ് ഇച്ചിരി കാശുള്ള വീട്ടിലെയാണ്. അവരീ അന്തസ്സ് അഭിമാനം ജാതി ഇതൊക്കെ കെട്ടിപ്പിടിച്ചു നടക്കുന്ന ടീംസ്. പയ്യൻ ഒരു സാധാരണ ഫാമിലി. പെണ്ണിനേക്കാൾ ജാതിയിലും താഴ്ന്നത്. പിന്നെ ഊഹിക്കാലോ പുകില്. പ്രേമിച്ചു നടന്നതിന് ഇവളുടെ വീട്ടുകാര് ഈ ചെറുക്കനെ എടുത്തിട്ട് അലക്കി വിട്ടതാ മുൻപ്. ഒരിക്കലും അവരെ ഒന്നിക്കാൻ വിടില്ലെന്ന വാശി ആയിരുന്നു. അതിനു ശേഷം ആണ് ഈ ഒളിച്ചോട്ടം… സംഗതി ആത്മഹത്യ തന്നെ ആകാനാണ് ചാൻസ് കാരണം രണ്ടിനേം ഒന്നിച്ചു ജീവിക്കാൻ വിടില്ല ന്ന് അവർക്ക് തന്നെ അറിയാരുന്നു. ”

അൻവർ പറഞ്ഞത് കേട്ട് അല്പസമയം മൗനമായി നിന്നു സാം.

അപ്പോഴേക്കും കോൺസ്റ്റബിൾമാരിൽ ഒരാൾ വെപ്രാളത്തിൽ ഓടി വന്നു.

“സാർ.. ഈ കൊച്ചിനൊപ്പം കാണാതായ ആ പയ്യന്റെ ബോഡിയും കിട്ടിയിട്ടുണ്ട്. മുകളിൽ ന്ന് ഒഴുകി വരുന്നുണ്ട്. ”

അത് കേട്ട് സാം നടുക്കത്തോടെ അൻവറിന്റെ മുഖത്തേക്ക് ഒന്ന് നോക്കി. ശേഷം ഏറെ അസ്വസ്ഥനായി ജീപ്പിന്റെ ബോണറ്റിൽ കൈ മുറുക്കി ഒന്നിടിച്ചു അവൻ.

” കഷ്ടം.. വീട്ടുകാരുടെ ഓരോ വാശികൾ കാരണം ഒരു പാവം പെങ്കൊച്ചും ചെറുക്കനും.. ”

അത്രയും പറഞ്ഞു പോക്കറ്റിൽ നിന്നും സിഗരറ്റ് പാക്കറ്റ് എടുത്ത് അതിൽ നിന്നും ഒരെണ്ണം എടുത്ത് ചുണ്ടോട് ചേർത്തു സാം.

” അൻവർ.. രണ്ടും വലിച്ചു കരയ്ക്കിട് എന്നിട്ട് ഫോർമാലിറ്റീസ് ഒക്കെ വേഗം തീർക്ക്. ലേറ്റ് ആക്കേണ്ട.. ആ പാവങ്ങളോട് നമുക്കേലും ഇച്ചിരി മര്യാദ കാണിക്കാം… മരണത്തിൽ എങ്കിലും അവർക്ക് ഇച്ചിരി സ്വസ്ഥത കിട്ടട്ടെ..”

ലൈറ്റർ എടുത്ത് സിഗരറ്റ് കത്തിച്ചു ഒരു പുകയെടുത്തു അസ്വസ്തനായി ജീപ്പിലേക്ക് കയറി ഇരുന്നു അവൻ.നിർദ്ദേശം കിട്ടിയപാടെ അൻവർ വേണ്ട കാര്യങ്ങൾ ചെയ്യുവാനായി പോയി.

അധികം വൈകാതെ തന്നെ രേവതിയുടെയും അനീഷിന്റെയും ബോഡികൾ കരയിൽ എത്തിച്ചു. അറിഞ്ഞും കേട്ടും വൻ ജനാവാലി തന്നെ അവിടെ തടിച്ചു കൂടിയിരുന്നു. ഇതിനോടകം തന്നെ രണ്ട് പേരുടെയും ബന്ധുക്കളും എത്തിച്ചേർന്നു. പ്രണയത്തിന്റെ പേരിൽ മുന്നേ അനീഷിനെ മർദ്ദിച്ചച്ചിട്ടുള്ളതിനാൽ നാട്ടുകാരിൽ ചിലർ രേവതിയുടെ വീട്ടുകാരുമായി വാക്ക് തർക്കത്തിലേർപ്പെട്ടു. പ്രശ്നം വഷളായി ഒടുവിൽ സാം എത്തിയാണ് ആ സോൾവ് ചെയ്തത്.

” സർ.. എന്റെ മോനെയും ആ കൊച്ചിനെയും ഇവര് കൊന്ന് കളഞ്ഞതാണ് സാറെ… ഒരുമിച്ചു ജീവിക്കാൻ വിടില്ലെന്ന് ഇവർക്ക് വാശിയായിരുന്നു. ”

അനീഷിന്റെ അച്ഛൻ അലമുറിയിട്ട് കരയുമ്പോൾ മറുപടി പറയുവാൻ സാമിന്റെ പകലും വാക്കുകൾ ഇല്ലായിരുന്നു.

” ചുമ്മാതാണ് സാർ.. കൊല്ലാൻ വേണ്ടിയുള്ള വാശിയൊന്നും ഇല്ലായിരുന്നു ഞങ്ങൾക്ക് ഒന്നുല്ലേലും ഞങ്ങടെ ഒരേ ഒരു മോളാണ് ഇവൾ. ”

മറുപടിയായി അത്രയും പറഞ്ഞു കൊണ്ട് നിലത്തേക്ക് തളർന്നിരുന്നു രേവതിയുടെ അച്ഛനും .

” പിന്നെ.. മോളോട് ഇല്ലേൽ ഈ ചെക്കനോട് ആയിരുന്നോ നിങ്ങൾക്ക് വാശി.. ”

സാമിന്റെ ആ ചോദ്യം കേട്ട് അയാൾ ഞെട്ടലോടെ തലയുയർത്തി. ആ നോട്ടം കണ്ട് കലി കയറി അവന്.

” പിള്ളേര് തമ്മിൽ ഇഷ്ടമായെങ്കിൽ അകങ്ങ് നടത്തി കൊടുത്തൂടായിരുന്നോ.. എന്തിനാ ജാതി സാമ്പത്തികം അഭിമാനം മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞിട്ട് അവരെ തമ്മിൽ പിരിക്കാൻ നിന്നത്. അറിഞ്ഞിടത്തോളം ഇട്ടു മൂടാൻ ഉള്ള സ്വത്ത്‌ ഉണ്ടല്ലോ നിങ്ങൾക്ക്. നിങ്ങൾ വിചാരിച്ചാൽ അവർക്ക് നല്ലൊരു ജീവിത സാഹചര്യം ഉണ്ടാക്കി കൊടുക്കുവാൻ കഴിയില്ലായിരുന്നോ.. അങ്ങിനെയെങ്കിൽ ആഗ്രഹിച്ച ജീവിതം അവര് സന്തോഷത്തോടെ ജീവിച്ചു തീർത്തേനെ.. അതല്ലേ വേണ്ടിയിരുന്നത്.. ”

സാമിന്റെ ഓരോ വാക്കുകളും കുറിക്ക് കൊള്ളുന്നവയായിരുന്നു.

” തെറ്റ് പറ്റി പോയി സാറെ..”

അത്ര മാത്രമേ രേവതിയുടെ അച്ഛൻ മറുപടിയായി പറഞ്ഞുള്ളു. അടക്കാനാകാത്ത സങ്കടത്തിൽ പൊട്ടിക്കരഞ്ഞു അയാൾ. ഇനിയും പറയുന്നത് മര്യാദയല്ല എന്ന് മനസിലാക്കി മൗനമായി സാം. അൻവറിന് നേരെ തിരിഞ്ഞു അവൻ.

“അൻവർ. ബോഡികൾ പോസ്റ്റുമോർട്ടത്തിന് വിട്ടേക്ക്. ലേറ്റ് ആക്കേണ്ട.. മാക്സിമം സ്പീഡപ്പ് ആയി കാര്യങ്ങൾ നടക്കട്ടെ.. ”

ആ നിർദ്ദേശം കേട്ട് അല്പം ആശയക്കുഴപ്പത്തിലായി അൻവർ.

” സാർ ഞാൻ ഹോസ്പിറ്റലിൽ തിരക്കിയിരുന്നു ഇന്ന് ശനിയാഴ്ച അല്ലെ.. ഡോക്ടർ ഉച്ചകഴിഞ്ഞു കാണില്ല. നാളെ ഞായർ ഇനീപ്പോ പോസ്റ്റുമോർട്ടം തിങ്കളാഴ്ചയേ നടക്കു…. ”

ആ മറുപടി കേട്ട് ഒന്നും മിണ്ടിയില്ല സാം.

” സാർ.. സാറിന് എന്തേലും ചെയ്യാൻ പറ്റോ.. തിങ്കളാഴ്ച എന്നൊക്കെ പറയുമ്പോ വല്ലാണ്ട് വൈകി പോയില്ലേ.. എങ്ങനേലും ഇന്നൊന്നു നടന്നു കിട്ടിയെങ്കിൽ…”

പഞ്ചായത്ത്‌ പ്രസിഡന്റ് കൂടി റിക്വസ്റ്റ് ചെയ്യവേ തന്റെ ഫോൺ കയ്യിലേക്ക് എടുത്ത് ഒരു നമ്പർ ഡയൽ ചെയ്ത് കാതോട് ചേർത്ത് അല്പം അകലത്തേക്ക് മാറി അവൻ. അല്പസമയം സംസാരിച്ച ശേഷം ആണ് സാം തിരികെ എല്ലാവർക്കുമരികിൽ എത്തിയത്.

” ഒരു മണിക്കൂറിനുള്ളിൽ ബോഡികൾ ഹോസ്പിറ്റലിൽ എത്തിച്ചാൽ ഇന്ന് തന്നെ പോസ്റ്റുമോർട്ടം ചെയ്യും.. ഡി വൈ എസ് പി ചന്ദ്രശേഖരൻ സാറിന്റെ ബന്ധുവാണ് ഇവിടുത്തെ ഡോക്ടർ.സാറിനെ കൊണ്ട് ഞാൻ പറയിപ്പിച്ചിട്ടുണ്ട്. ”

ആ മറുപടി എല്ലാവർക്കും. ആശ്വാസം പകർന്നു

” വലിയ ഉപകാരം സാറേ..”

കൂപ്പു കൈകളോടെ പഞ്ചായത്ത്‌ പ്രസിഡന്റ് വിവരം രണ്ട് വീട്ടുകാരെയും അറിയിക്കുവാനായി പോയി.

നിമിഷങ്ങൾക്കകം രണ്ട് ബോഡികളും ആംബുലെൻസുകളിൽ കയറ്റി ഒരുമിച്ചു ജീവിക്കാൻ കൊതിച്ചവർ ഒടുവിൽ രണ്ട് ആംബുലെൻസുകളിലായി യാത്രയായി. തളർന്നവശനായിരിക്കുന്ന രേവതിയുടെ അച്ഛന്റെ അരികിൽ ഒരിക്കൽ കൂടി ചെന്നു സാം.

” ഞാൻ നിങ്ങളോട് പറഞ്ഞതിൽ വേറെ വിരോധം തോന്നരുത്. കണ്ടില്ലേ ഒരുമിച്ചു ജീവിക്കാൻ കൊതിച്ചവരാ അവർ.. എന്നിട്ടിപ്പോ… നിങ്ങടെ വാശിയും വൈരാഗ്യവും കാരണം.. നിങ്ങൾക്ക് തന്നല്ലേ നഷ്ടം ഉണ്ടായത്.. ”

ആ വാക്കുകൾക്ക് മറുപടിയില്ലായിരുന്നു ആ അച്ഛന്റെ പക്കൽ.

“തെറ്റ് പറ്റിപ്പോയി സാറെ.. ”

തൊഴുകയ്യോടെ അയാൾ കരയവേ പതിയെ തിരികെ നടന്നു സാം.

ജീപ്പിനരികിലെ എത്തവേ അൻവറും പിന്നാലെ ചെന്നു.

” അൻവർ താൻ ഹോസ്പിറ്റലിലേക്ക് പോണം കാര്യങ്ങൾ എല്ലാം സ്പീഡപ്പ് ആക്കണം. ഞാൻ ഇന്ന് നല്ല മൂഡിൽ അല്ല… റൂമിലേക്ക് പോകുവാ. എന്തേലും ഉണ്ടേൽ വിളിക്ക് ”

അത്രയും പറഞ്ഞു കൊണ്ട് അവൻ ജീപ്പിലേക്ക് കയറി. ആ ജീപ്പ് അവിടെ നിന്നും അകലുമ്പോൾ പതിയെ തിരിഞ്ഞു അൻവർ.

” സി ഐ സാർ ഇന്ന് നല്ല സെന്റി ആണല്ലോ സാറേ.. ”
കോൺസ്റ്റബിളിന്റെ ചോദ്യം കേട്ട് ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി അൻവർ.

” എനിക്ക് തോന്നുന്നത് പുള്ളിയുടെ ലൈഫിൽ ഈ സംഭവം പോലെയുള്ള എന്തോ ഒരു ഫ്ലാഷ് ബാക്ക് ഉണ്ട്. കാരണം ഈ മരണ വാർത്ത അറിഞ്ഞത് തൊട്ട് ആള് ആകെ അസ്വസ്ഥതനാണ്. ഒറ്റത്തടി ആണെന്നാ കേട്ടെ.. എന്തൊക്കെയോ ഒരു വിഷമം ആ മനസ്സിൽ ഉണ്ട്. അത് ഉറപ്പ് ”

അൻവർ പറഞ്ഞത് ശെരിയാണെന്ന് കോൺസ്റ്റബിളിനും തോന്നി. സാമിന്റെ നിർദ്ദേശപ്രകാരം
വൈകാതെ തന്നെ അവരും ഹോസ്പിറ്റലിലേക്ക് തിരിച്ചു.

പോസ്റ്റുമോർട്ടം കഴിഞ്ഞു ബോഡി അന്ന് തന്നെ വിട്ടു കിട്ടി. വൈകുന്നേരത്തോടെ അടുത്തുള്ള സ്മശാനത്തിൽ അടുത്തടുത്തു തന്നെ രേവതിയ്ക്കും അനീഷിനും ചിതയൊരുക്കി. ജീവിതത്തിൽ ഒരുമിക്കുവാൻ കഴിയാത്തവർ മരണത്തിൽ ഒന്നായി എരിഞ്ഞടങ്ങി.. ചടങ്ങുകൾക്ക് അൻവറും കുറച്ചു പോലീസുകാരും പങ്കെടുത്തിരുന്നു. സാം എല്ലാത്തിൽ നിന്നും വിട്ടു നിന്നു.

*****************************
ദിവസങ്ങൾ പിന്നെയും കഴിഞ്ഞു. സ്റ്റേഷനിലെ പലപല കേസുകൾക്കിടയിൽ ഒന്നായി മാറി ഈ കേസും അവസാനിച്ചു.

രണ്ട് മൂന്ന് ദിവസങ്ങൾക്കു ശേഷം പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ റെഡിയായി എന്ന് അറിയിച്ചതിനെ തുടർന്ന് അത് വാങ്ങാൻ പോയത് അൻവറാണ്. എന്നാൽ ഹോസ്പിറ്റലിൽ നിന്നും തിരികെ സ്റ്റേഷനിൽ എത്തിയ അൻവർ ആകെ അസ്വസ്ഥനായിരുന്നു. അവൻ നേരെ പോയത് സാമിന്റെ മുറിയിലേക്ക് ആണ്.

“സാർ.. അന്ന് പുഴയിൽ നിന്ന് കിട്ടിയ ബോഡികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ വന്നു… സംഗതി ആത്മഹത്യ അല്ല കൊലപാതകമാണെന്നാണ് ഡോക്ടറുടെ സംശയം ”
ആ വാക്കുകൾ കേട്ട് ഞെട്ടലോടെ ചാടി എഴുന്നേറ്റു പോയി സാം.

” വാട്ട്… കൊലപാതകമോ ”
” അതെ സാർ.. പോസ്റ്റു മോർട്ടത്തിൽ ഡോക്ടർക്ക് അതുമായി ബന്ധപ്പെട്ട എന്തോ തെളിവ് കിട്ടി എന്ന്. ബന്ധു വായത് കൊണ്ട് തന്നെ അയാൾ അത് ചന്ദ്രശേഖരൻ സാറിനെ അറിയിച്ചു റിപ്പോർട്ടും നേരെ സാറിനെ ഏൽപ്പിച്ചു. എന്റെ കയ്യിൽ കിട്ടിയില്ല.. ”

അൻവറിന്റെ മറുപടി കേട്ടിട്ട് സാമിന്റെ നെറ്റി ചുളിഞ്ഞു.

” ചന്ദ്രശേഖരൻ സാറിനെ എല്പിച്ചെന്നോ… എന്തിനു.. കേസ് ഹാൻഡിൽ ചെയ്തത് നമ്മൾ അല്ലെ എന്നിട്ടിപ്പോ ഇങ്ങനൊരു ട്വിസ്റ്റ്‌ ഉണ്ടാവുമ്പോൾ അത് നമുക്ക് മുകളിൽ അറിയിച്ചോ അയാൾ.. അതെന്ത് മര്യാദ..”

അൻവറിന്റെ പക്കൽ ആ ചോദ്യത്തിനുള്ള മറുപടിയില്ലായിരുന്നു.

അപ്പോഴേക്കും ഹോസ്പിറ്റലിൽ നിന്നും വിവരങ്ങൾ അറിഞ്ഞു രേവതിയുടെയും അനീഷിന്റെയും ബന്ധുക്കൾ പാഞ്ഞെത്തിയിരുന്നു ഒപ്പം കുറച്ചു നാട്ടുകാരും.

” സാറേ.. ഇതെന്താ ഇത് ഞങ്ങടെ കുട്ടികളെ കൊന്നതാണോ.. ആരാ ഇത് ചെയ്തെ ”

ഇത്തവണ രണ്ട് കൂട്ടരും തമ്മിൽ തല്ലിയില്ല പകരം അവർക്ക് ഒരുപോലെ അറിയേണ്ടിയിരുന്നത് ആ കാര്യമായിരുന്നു.

പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ കയ്യിൽ കിട്ടാത്തതിനാൽ തന്നെ സാമിനും ഒന്നും പറയുവാൻ കഴിഞ്ഞില്ല.

” നിങ്ങൾ ഒന്ന് ക്ഷമിക്കു.. ഞാനും വിവരം ഇപ്പോഴാണ് അറിഞ്ഞത്.. വിശദമായി പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ നോക്കിയാലെ എന്തേലും പറയാൻ പറ്റു.. ”

പരമാവധി അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു അവൻ.

അപ്പോഴേക്കും ഡി വൈ എസ് പി ചന്ദ്രശേഖരന്റെ ഒഫീഷ്യൽ വാഹനവും അവിടേക്കെത്തി. അത് കണ്ട് ഓടി പുറത്തേക്കെത്തി സാമും അൻവറും . വണ്ടിയിൽ നിന്നുമിറങ്ങി ആൾക്കൂട്ടത്തിനിടയിൽ കൂടിയാണ് ചന്ദ്രശേഖരൻ അവർക്ക് മുന്നിൽ എത്തിയത്. അയാളുടെ കയ്യിൽ ആ പോസ്റ്റുമോർട്ടം റിപ്പോർട്ടുമുണ്ടായിരുന്നു.

” സോറി സാം.. ആ ഡോക്ടർ എന്റെ ബന്ധുവാണെന്ന് തനിക്ക് അറിയാലോ.. പോസ്റ്റുമോർട്ടം നടത്താൻ ഞാൻ വഴി റെക്കമെന്റേഷൻ ചെന്നത് കൊണ്ട് തന്നെ കാര്യം അറിഞ്ഞപ്പോൾ അയാൾ നേരെ എന്റെ അടുത്തു വന്നു.”

അത്രയും പറഞ്ഞു പതിയെ സ്റ്റേഷന് ഉള്ളിലേക്ക് കയറി ചന്ദ്രശേഖരൻ. അവിടെ രേവതിയുടെയും അനീഷിന്റെയും ബന്ധുക്കളെ ഒന്ന് നോക്കി പതിയെ സാമിന് നേരെ തിരിഞ്ഞു അയാൾ.

“സാം.. ഈ കേസ് അല്പം സീരിയസ് ആണ്.പക്ഷെ പ്രതിയെ കണ്ടെത്താനുള്ള വ്യക്തമായ ഒരു തെളിവ് മരണപ്പെടുന്നതിനു മുന്നേ ആ പെൺകുട്ടി നമുക്ക് തന്നിട്ടുണ്ട്. ദേ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ എല്ലാം അതിൽ വ്യക്തമായി എഴുതിയിട്ടുണ്ട്.”

ആ റിപ്പോർട്ട്‌ കയ്യിലേക്ക് വാങ്ങിയപാടെ വിശദമായി പരിശോധിച്ചു സാം. ആ സമയം രേവതിയുടെയും അനീഷിന്റെയും ബന്ധുക്കളെ തത്കാലികമായി സ്റ്റേഷന് വെളിയിലേക്ക് നിർത്തി അൻവർ. റിപ്പോർട്ടിന്റെ പേജുകൾ മറിക്കവേ പതിയെ പതിയെ സാമിന്റെ മിഴികൾ കുറുകി. ഒരു നിമിഷം വലിയൊരു നടുക്കത്തോടെ തലയുയർത്തി ചന്ദ്രശേഖറിനെ ഒന്ന് നോക്കി പോയി അവൻ.

” എന്താ സാം.. എന്തേലും പ്രശ്നം കാണുന്നുണ്ടോ.. ഞാനൊന്ന് വായിച്ചു അറിഞ്ഞിടത്തോളം അതി സമർത്ഥനായ ഒരാളാണ് കൊലയാളി പക്ഷെ എവിടെയൊക്കെയോ അയാൾക്ക് ഒന്ന് പിഴച്ചിട്ടുണ്ട്. അതാണ് ഈ വലിയ തെളിവ് നമുക്ക് കിട്ടിയത്.. അല്ലെ… ”

ആ ചോദ്യത്തിന് മറുപടി പറയുവാൻ കഴിഞ്ഞില്ല സാമിന്. ഫുൾ സ്പീഡിൽ ഫാൻ കറങ്ങുമ്പോഴും പതിയെ പതിയെ അവന്റെ നെറ്റിയിൽ വിയർപ്പ് കിനിഞ്ഞു തുടങ്ങി. നടുങ്ങി തരിച്ചു വിളറി വെളുത്തു നിൽക്കുന്ന സാമിന്റെ കയ്യിൽ നിന്നും ആ റിപ്പോർട്ട്‌ പതിയെ വാങ്ങി ചന്ദ്രശേഖർ.

” സാർ.. ഇത്…. ”

വാക്കുകൾ അവന്റെ തൊണ്ടയിൽ ഉടക്കി. അല്പസമയം മൗനമായി നിന്നു ചന്ദ്രശേഖർ… ശേഷം പതിയെ അവന്റെ ചുമലിൽ കൈവച്ചു.

” സാം… എനിക്കും കണ്ടിട്ട് വിശ്വസിക്കാൻ പറ്റിയില്ല പക്ഷെ തെളിവുകൾ… ”

നിർത്തി അൻവറിന്റെ ഒന്ന് നോക്കി അയാൾ… ആകെ ഞെട്ടലിൽ തന്നെയായിരുന്നു അവനും. സാമിനരികിൽ നിന്നും പതിയെ അൻവറിന്റെ അരികിൽ എത്തി ചന്ദ്രശേഖർ.

” ഇനി പറയ്….. താൻ.. എങ്ങിനെ… എന്തിനു വേണ്ടി ഇത് ചെയ്തു…. ഞങ്ങൾക്ക് അത് അറിയണം.. ”

ആ വാക്കുകൾ കേട്ട് ഞെട്ടി തിരിഞ്ഞ സാം കണ്ടത് അൻവറിന്റെ ചുമലിൽ കൈ വച്ചു തിരിഞ്ഞു തനിക്ക് നേരെ തന്നെ നോക്കി നിൽക്കുന്ന ചന്ദ്രശേഖറിനെ ആണ്..

” സാറേ.. ഞാൻ ചുമ്മാ സാറിന്റെ എക്സ്പ്രഷൻ ഒക്കെ ഒന്ന് കാണാൻ ഒരു അഭിനയം നടത്തിയതാ. കാര്യങ്ങൾ അറിഞ്ഞു വരുന്ന വഴിക്ക് ജസ്റ്റ് ടവർ ലൊക്കേഷൻ ഞാൻ ഒന്ന് നോക്കി.. അന്നേ ദിവസം അവരുണ്ടായിരുന്ന ലൊക്കേഷൻ പരിധിയിൽ സാറും ഉണ്ടായിരുന്നു. കൂടുതൽ അന്യോഷണം നടത്തിയിട്ടില്ല ഇതുവരെ..”

അൻവർ കൂടി മുന്നിലേക്ക് വരവേ സാമിന്റെ മിഴികൾ തുറിച്ചു. താൻ പിടിക്കപ്പെട്ടു എന്ന് മനസിലാകവേ അപമാന ഭാരത്താൽ തലകുമ്പിട്ടു നിന്നു അവൻ.

” സാം.. താൻ നല്ല എക്സ്പീരിയൻസ് ഉള്ള ഒരു പോലീസ് ഓഫീസർ ആണ് അതുകൊണ്ട് തന്നെ ഇത്തരമൊരു കേസിൽ പ്രതിയെ പറ്റി ഇങ്ങനൊരു തെളിവ് കിട്ടിയാൽ അത് ഉറപ്പ് വരുത്തുവാൻ എന്തൊക്കെ വഴികൾ ഉണ്ടെന്ന് തനിക്ക് നല്ലത് പോലെ അറിയാം. അതുകൊണ്ട് ഇനി കള്ളം പറയേണ്ട.. ഇതൊരു പക്ഷെ ഒരിക്കലും പിടിക്കപ്പെടില്ല എന്ന ഓവർ കോൺഫിഡൻസ് ഉള്ളത് കൊണ്ട് ആകാം ഇത്രയും സിമ്പിൾ ആയി നീ കാര്യങ്ങൾ കൈകാര്യം ചെയ്തത്. പക്ഷെ ഈ ട്വിസ്റ്റ്‌.. അത് ദൈവത്തിന്റെ തന്നെ കയ്യൊപ്പ് ആണ്.. അതുകൊണ്ട് കാര്യങ്ങൾ തുറന്ന് പറയു.”

ചന്ദ്രശേഖർ പറഞ്ഞു നിർത്തുമ്പോൾ ആകെ അടിമുടി വിറച്ചു സാം.. കൂടുതൽ പിടിച്ചു നിൽക്കുവാൻ അവനു കഴിഞ്ഞില്ല. കുറ്റം സമ്മതിക്കുകയല്ലാതേ മറ്റു വഴി ഇല്ലായിരുന്നു സാമിന്.

ആ വാർത്ത ഞെട്ടലോടെയാണ് നാട്ടുകാർ ഏറ്റെടുത്തത്.

‘ രേവതി.. അനീഷ് എന്നിവരുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് എന്ന് പോലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നും ലഭിച്ച സുപ്രധാന തെളിവിലൂടെ തന്നെ പ്രതി സ്റ്റേഷൻ സി ഐ സാം അലക്സ് പോലീസ് കസ്റ്റഡിയിൽ… ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ തന്നെ പ്രതി കുറ്റസമ്മതം നടത്തിയതായി റിപ്പോർട്ട്‌.’

മീഡിയാസ് ആ വാർത്ത വൈറൽ ആക്കവേ കേട്ടവർ അന്ധാളിച്ചു പോയി.

” ദൈവമേ.. ആ സി ഐ യോ..”

” അയാൾ അല്ലെ ബോഡി കിട്ടിയപ്പോ എല്ലാ കാര്യങ്ങളും വേഗത്തിൽ നടത്താൻ മുന്നിൽ നിന്നത്.. ”

അവിശ്വസനീയമായി എല്ലാവരും പരസ്പരം ചോദ്യങ്ങൾ ഉന്നയിച്ചു. രേവതിയുടെയും അനീഷിന്റെയും ബന്ധുക്കളും ആകെ നടുക്കത്തിൽ ആയിരുന്നു.

നിമിഷങ്ങൾക്കകം പോലീസ് സ്റ്റേഷനിൽ മീഡിയാസ് എത്തി. ചന്ദ്രശേഖർ തന്നെ അവർക്ക് വേണ്ട വിവരങ്ങൾ നൽകി.

” ഇതൊരു ആത്മഹത്യയായി പോകേണ്ടിയിരുന്ന കേസാണ്. പ്രതിയായ സി ഐ വളരെ വിദഗ്ധമായി എല്ലാം കൈകാര്യം ചെയ്യുകയും ചെയ്തു പക്ഷെ ഒരു സുപ്രധാന തെളിവ് അതാണ് എല്ലാം മാറ്റി മറിച്ചത്. പോസ്റ്റു മോർട്ടത്തിൽ ആ ചെറുപ്പക്കാരന്റെ ബോഡിയിൽ നിന്നും സംശയകരമായി ഒന്നും കിട്ടിയില്ല. പുഴയിലെ വെള്ളം കുടിച്ചുള്ള മരണം..

തലയിൽ ഒരു മുറിവ് അത് പുഴയിലെ തന്നെ കരിങ്കല്ലിലോ മറ്റോ ഇടിച്ചതാകാം എന്ന് കണക്കാക്കാം എന്നാൽ മരണപ്പെട്ട പെൺകുട്ടിയുടെ ആമാശയത്തിൽ നിന്നും സി ഐ സാം അലക്സിന്റെ യൂണിഫോമിലെ നെയിം ബോർഡ് കിട്ടിയതാണ് ഈ കേസിൽ ഏറ്റവും വലിയ വഴിത്തിരിവായത്.”

ചന്ദ്രശേഖർ അത് പറഞ്ഞു നിർത്തുമ്പോൾ മീഡിയാ പ്രവർത്തകർ അതിശയത്തോടെ പരസ്പരം നോക്കി.

“സാർ.. നെയിം ബോർഡൊ.. അതെങ്ങിനെ… ”

ആ ചോദ്യം അയാൾ പ്രതീക്ഷിച്ചിരുന്നു.

” പെൺകുട്ടി മരണത്തിനു മുന്നേ ആരുമായോ ഫിസിക്കൽ റിലേഷനിൽ ഏർപ്പെട്ടിരുന്നു എന്നത് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.മാത്രമല്ല ആ സമയം കുട്ടി ഏറെ ഭയപ്പെട്ടിരുന്നു എന്നതും കുട്ടിയുടെ ബോഡി വിശദമായ പരിശോധിച്ചപ്പോൾ ഡോക്ടർക്ക് മനസിലായിരുന്നു.

അതെന്തായാലും ഇഷ്ടപെട്ട പുരുഷനുമായി ആകാൻ സാധ്യതയില്ല അപ്പോൾ പിന്നെ ആരോ ഭയപ്പെടുത്തി അവളെ കീഴ്പ്പെടുത്തിയതാണ്. തനിക്ക് അപായം സംഭവിച്ചേക്കും എന്ന് മനസിലാക്കിയ പെൺകുട്ടി പ്രതി ഒരിക്കലും രക്ഷപ്പെടരുത് എന്ന ഉദ്ദേശത്തിൽ ചെയ്തതാകാം ഇത്.

പിന്നെ സാം ഇപ്പോൾ കുറ്റം സമ്മതിച്ചിട്ടുണ്ട് അയാളുടെ മൊഴി പ്രകാരം രാത്രിയിൽ വീടുവിട്ടിറങ്ങിയ ഈ പെൺകുട്ടിയും പയ്യനും ചെന്ന് പെട്ടത് ഡ്യൂട്ടി കഴിഞ്ഞ് പുഴക്കരയിൽ ഒറ്റയ്ക്ക് മദ്യപിച്ചിരുന്ന അയാളുടെ തന്നെ മുന്നിലാണ്. മദ്യലഹരിയിൽ തന്നെയാണ് അയാൾ അവരെ ആക്രമിച്ചത്.

അനീഷിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത് കണ്ട് കണ്ട് ഭയന്ന രേവതിയെ ആ ഭയം നിലനിർത്തികൊണ്ട് തന്നെ കീഴ്പ്പെടുത്തുകയായിരുന്നു.ശേഷം അവളെയും സമാന രീതിയിൽ കൊലപ്പെടുത്തി .. ഒരുപക്ഷെ താനും കൊല്ലപ്പെട്ടേക്കും എന്ന് മനസിലാക്കി ആകണം ആ പെൺകുട്ടി ഇങ്ങനൊരു തെളിവ് ഉണ്ടാക്കിയത്.

മദ്യ ലഹരിയിൽ ആയിരുന്ന സാം ആ കാര്യം അറിഞ്ഞില്ല.മൃദദേഹങ്ങൾ കല്ല് കെട്ടി പുഴയിൽ താഴ്ത്തിയ ശേഷം പിന്നീട് വീട്ടിൽ എത്തിയപ്പോൾ ശ്രദ്ധിച്ചെങ്കിലും പിറ്റേന്ന് ആ ഭാഗത്ത് നടത്തിയ തിരച്ചിലിൽ നെയിം ബോർഡ് കണ്ടെത്താൻ കഴിയാത്തതിനാൽ ആ യൂണിഫോം തന്നെ അയാൾ ഉപേക്ഷിച്ചിരുന്നു…

ഇത്രയൊക്കെയാണ് നിലവിൽ കിട്ടിയ തെളിവുകൾ. ഇനിയിപ്പോ കുട്ടിയുടെ ബോഡിയിൽ നിന്ന് ലഭിച്ച സെമൻ സാമ്പിളും സി ഐ യുടെയും കൂടി ഒന്ന് പരിശോധിക്കാൻ ഉണ്ട്. രണ്ടും മാച്ച് ആയാൽ പ്രതിയെ കോടതിയിൽ ഹാജരാക്കും… ചെയ്ത ക്രൂരതയ്ക്ക് സഹപ്രവർത്തകൻ എന്ന പരിഗണന എന്തായാലും കൊടുക്കില്ല ഞങ്ങൾ.. ”

അത്രയും പറഞ്ഞു തന്റെ വാക്കുകൾ അവസാനിച്ചു വീണ്ടും സ്റ്റേഷനുള്ളിലേക്ക് പോയി ചന്ദ്രശേഖർ. അറിഞ്ഞ വിവരങ്ങൾ ഉൾപ്പെടുത്തി ചാനലുകളിൽ തുടരെ തുടരെ വാർത്തകൾ വന്നുകൊണ്ടിരുന്നു.

ഒടുവിൽ വിശദമായ ടെസ്റ്റുകൾക്കായി സാമിനെ കൊണ്ട് പോകുവാനായി സ്റ്റേഷന് പുറത്തേക്ക് ഇറക്കവേ നാട്ടുകാരുടെ ഭാഗത്തു നിന്നും വലിയ അക്രമമുണ്ടായി. അപമാന ഭാരത്താൽ തല താഴ്ത്തി തന്നെ എല്ലാം. അഭിമുഖീകരിച്ചു സാം..

“മക്കളെ കൊന്ന് കൊലവിളിച്ചിട്ട് ആണ് നീ സിദ്ധാന്തം പറഞ്ഞത് അല്ലേടാ നാറി..”

ഉന്തിനും തള്ളിനുമിടയിൽ രേവതിയുടെ അച്ഛന്റെ വക ഒരെണ്ണം ചെകിടിൽ കിട്ടിയപ്പോഴും മറുതൊന്നും ചെയ്തില്ല സാം.. അപമാനഭാരത്തിൽ അവൻ അത്രത്തോളം തകർന്ന് പോയിരുന്നു.

ആശിച്ച ജീവിതം നേടിയെടുക്കാൻ കൊതിച്ചവരെ നിഷ്കരുണം കൊന്നൊടുക്കിയ ആ നരാധമൻ ഒടുവിൽ നിയമത്തിനു മുന്നിൽ പിടിക്കപ്പെട്ടു.