ഏട്ടന്റെ ദച്ചു
(രചന: ശിവാനി കൃഷ്ണ)
ഇന്നെന്തായാലും ഏട്ടനോട് എല്ലാം തുറന്ന് പറയണം എന്ന് തീരുമാനിച്ചാണ് ഉച്ചക്ക് ഊണ് കഴിഞ്ഞു റൂമിലേക്ക് ചെന്നത്..
ഏട്ടത്തിയമ്മ വീട്ടിൽ പോയിരിക്കുന്നത് കൊണ്ട് അങ്ങോട്ടേക്ക് ചെല്ലാൻ ഒരു ധൈര്യം ഉണ്ടായിരുന്നു..
“ഏട്ടാ…” എന്റെ വിളി കേട്ട് ഏട്ടൻ വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിൽ നിന്ന് മുഖം ഉയർത്തി..ഞാൻ വാതിൽക്കൽ തന്നെ നില്കുന്നത് കണ്ടാകും അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചു…അടുത്ത് ചെന്നതും എന്നെ പിടിച്ചു അടുത്തിരുത്തി…
“എന്താ ഏട്ടന്റെ ദച്ചൂട്ടിക്ക് ഏട്ടനോട് പറയാനുള്ളത്.. എന്തോ കാര്യമായി പറയാനുണ്ടല്ലോ…”
“മ്മ്…”
“എന്നാ പറഞ്ഞെ..കേക്കട്ടെ”
“അത് ഏട്ടാ..”
“പറ വാവേ…എന്താ..എന്ത്പറ്റി? “
“ഞാൻ…ഞാൻ ഹോസ്റ്റലിലേക്ക് മാറിക്കോട്ടെ “
“മോളെ…”
“എനിക്ക് ഇപ്പോ ജോലി ഒക്കെ ആയില്ലേ ഏട്ടാ..ഞാൻ ഹോസ്റ്റലിൽ നിന്നോളാം ഇനി…പ്ലീസ്”
പെട്ടെന്ന് മങ്ങിയ ആ മുഖം കണ്ടപ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ പൊടിഞ്ഞു…
“എന്തിനാ ഇപ്പോ പോണേ? “
“ഏട്ടാ…”
“ഏട്ടനോട് പറ…എന്താ മോൾക്ക് വിഷമം”
“ഞാൻ പറഞ്ഞാൽ..ഏട്ടൻ വിശ്വസിക്കുവോ? “
“എനിക്ക് ഈ ലോകത്ത് ഏറ്റവും വിശ്വാസം നിന്നെയല്ലേ ദച്ചൂ..അന്നും ഇന്നും എന്റെ ആ കൈവിരൽ തുമ്പിൽ തൂങ്ങി നടക്കുന്ന ഏട്ടന്റെ മോൾ സത്യം മാത്രേ പറയുന്ന് ഏട്ടന് അറിയാം”ന്ന് പറഞ്ഞെന്നെ ചേർത്ത് പിടിച്ചു
“ഏട്ടാ…”
“മ്മ്..”
“ഏട്ടത്തിയമ്മ…ഏട്ടത്തിയമ്മക്ക് എന്നെ തീരെ ഇഷ്ടല്ല ഏട്ടാ…ഞാൻ…ഏട്ടന്റെ ചിലവ് കൂട്ടുന്നുന്ന് പറയും എന്നോട്…എപ്പോഴും ഒരുപാട് വഴക്ക് പറയും എന്നെ…ഫുഡ് കഴിക്കുമ്പോൾ ഞാൻ തെണ്ടി തിന്നുന്നു എന്ന് പറയും…പിന്നെ…”
“പിന്നെ…? “
“ഞാൻ ചീത്തയാന്ന് പറഞ്ഞേട്ടാ…അച്ഛനും അമ്മയും ഉണ്ടാരുന്നെങ്കിലെ എന്നെ ഒന്നും പറയില്ലാരുന്നു അല്ലേ ഏട്ടാ..ഞാൻ പൊയ്ക്കോളാം ഏട്ടാ….ഞാൻ ആർക്കും ശല്യമാവില്ല…ഞാൻ പൊയ്ക്കോളാം ഇവിടന്ന്…
ഒന്നിനും വരില്ല ഏട്ടാ…ഇടക്ക് എപ്പോഴേലും ഏട്ടനെ കാണാൻ ഒത്തിരി കൊതി തോന്നുമ്പോ വന്ന് കാണാൻ മാത്രം സമ്മതിച്ചാമതി…വേറൊന്നും വേണ്ട എനിക്ക്….നിക്ക്.. ഒന്നും… വേണ്ട… ഏട്ടാ…”
വിങ്ങി വിങ്ങി വാക്കുകൾ ഒന്നും പുറത്തോട്ട് വരാതായി…കണ്ണ് നിറഞ്ഞു ഒഴുകുന്ന ഏട്ടനെ കണ്ടപ്പോ നെഞ്ച് പിടച്ചു..ഏട്ടൻ കരയുന്നു…അതും ഞാൻ കാരണം…വേണ്ടാരുന്നു…എന്നെ ഒന്ന് നുള്ളി നോവിച്ചിട്ടു പോലുമില്ലാത്ത ന്റെ ഏട്ടൻ ഇപ്പോ ഞാൻ കാരണം കരയുന്നു…
“കരയല്ലേ ഏട്ടാ…നിക്ക് വിഷമം ഒന്നുല്ലാല്ലോ..നിക്ക് ന്റെ ഏട്ടൻ സന്തോഷായിട്ട് ഇരുന്നാമതി…കരയല്ലേ ഏട്ടാ…”
“മോളെ…നീ ഏട്ടനോട് പറഞ്ഞില്ലല്ലോടീ…ഒരു പ്രാവശ്യം ഏട്ടനോട് പറഞ്ഞൂടാരുന്നോ..ഞാൻ ഇത് എങ്ങനെ സഹിക്കും..”
ആ നെഞ്ചിൽ ചേർന്ന് ഇരിക്കുമ്പോ വിഷമങ്ങൾ ഒക്കെ മാഞ്ഞു പോകുന്നത് പോലെ തോന്നി..പണ്ടും ഇങ്ങനെയാണ്…എന്തെങ്കിലും വിഷമം വന്നാൽ ആദ്യം പോവുന്നെ ഏട്ടന്റെ അടുക്കൽ ആണ്..ചേർത്ത് നിർത്തി ഒന്നുല്ല ദച്ചുട്ടാ ന്ന് പറയുമ്പോ തീരും ന്റെ വിഷമം…
“കൊള്ളാം…നന്നായിട്ടുണ്ട്”ന്ന് പറഞ്ഞു ആരോ കൈ കൊട്ടുന്നത് കേട്ടാണ് വാതിൽക്കലേക്ക് നോക്കിയത്..
ഏട്ടത്തിയമ്മ… ഞാൻ പെട്ടെന്ന് ഏട്ടനിൽ നിന്ന് അകന്ന് മാറി..
“അപ്പോ ഇതാണല്ലേ എന്നെ വീട്ടിൽ പറഞ്ഞു വിട്ടിട്ട് ഏട്ടനും അനിയത്തിയും കൂടി പരുപാടീ…”
ഏട്ടത്തിയമ്മ എന്റെ മുന്നിൽ വന്ന് നിന്നു..കുനിച്ചു വെച്ചിരുന്ന എന്റെ മുഖം ഒരു കൈ കൊണ്ട് പൊക്കിയിട്ട് പറഞ്ഞു..
“നാട് മൊത്തമുള്ള ആണുങ്ങളുടെ കൂടെ കിടക്കുന്ന പോരാഞ്ഞിട്ടാണോടീ നീ നിന്റെ ചേട്ടന്റെ കൂടെ കൂടി കേറി കിടക്കുന്നത്…അപ്പോ നിന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ..”
പറഞ്ഞു തീരുന്നതിനു മുൻപേ അവരുടെ കവിളിൽ ഏട്ടന്റെ കൈകൾ പതിഞ്ഞിരുന്നു…
“ചീ നിർത്തടി…ഇപ്പോ ഇറങ്ങിക്കോണം ഇവിടന്ന്…”
“ഓഹോ…എട്ടന്റേം അനിയത്തീടേം കള്ളം കയ്യോടെ പിടിച്ചപ്പോ ഞാൻ ഇവിടന്ന് പോകണമല്ലേ… എത്രനാളായി അപ്പോ ഈ പിഴച്ചവളും നിങ്ങളും തമ്മിൽ ബന്ധം തുടങ്ങിയിട്ട്…”
പെട്ടെന്നാണ് ഏട്ടൻ അവരുടെ കൊങ്ങക്ക് കേറി പിടിച്ചത്..
“നിന്റെ ഈ പുഴുത്ത നാവ് ഞാൻ അരിഞ്ഞു പട്ടിക്ക് ഇട്ടുകൊടുക്കണ്ടെങ്കിൽ ഇറങ്ങിപോടീ ഇവിടെന്ന്”
ശ്വാസം കിട്ടാതെ അവർ പിടയുന്നത് കണ്ട് ഞാൻ ഏട്ടനെ പിടിച്ചു മാറ്റി… കഴുത്തിൽ തിരുമ്മിക്കൊണ്ട് അവരെന്നെ നോക്കി പിഴച്ചവൾ എന്ന് പയ്യെ വിളിച്ചുകൊണ്ട് അവിടുന്ന് ഇറങ്ങി പോയി…
“മോളെ…”
ഏട്ടന്റെ വിളി കേൾക്കാതെ ഞാൻ മുറിയിലേക്ക് ഓടി…ഈ നിമിഷം മരിച്ചു വീണിരുന്നെങ്കിൽ എന്ന് തോന്നിപോയി…അച്ഛനെ പോലെ കാണുന്ന എന്റെ ഏട്ടനെയും ചേർത്ത്…ഇനി എന്തിന് ജീവിക്കണം..
അഞ്ചു വർഷം മുൻപ് അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ ദൂരേക്ക് മായുമ്പോഴും കണ്ണ് നിറയ്ക്കാതെ ഉറപ്പോടെ തന്നെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച ഏട്ടനിപ്പൊ എന്ത് മാത്രം വിഷമിക്കുന്നുണ്ടാകും എന്ന ചിന്ത എന്നെ തളർത്തി…
ഏട്ടൻ വാതിലിൽ മുട്ടി വിളിച്ചിട്ടും തുറന്നില്ല..ഞാൻ കാരണം ഏട്ടന്റെ ജീവിതം പോയത് ഓർത്ത് ഉള്ളം നീറിപുകഞ്ഞു.. ഓരോ ഓർമ്മയിൽ കരഞ്ഞു കരഞ്ഞു ഉറങ്ങിപ്പോയി…കണ്ണ് തുറക്കുമ്പോൾ ഇരുട്ടായിരുന്നു…പെട്ടെന്നാണ് കഴിഞ്ഞു പോയ കാര്യങ്ങൾ ഓർമയിലേക്ക് വന്നത്…
കതക് തുറന്ന് ഏട്ടന്റെ മുറിയിലേക്ക് നടന്നു..ഏട്ടനെ അവിടെ കണ്ടില്ല…ഉള്ളിൽ ഒരു പേടി ഇരച്ചുകയറി…
ഓടി നടന്ന് വീട് മുഴുവൻ നോക്കി… എങ്ങുമില്ല… അവസാനം കിച്ചണിൽ ചെന്നപ്പോ അവിടെ പുറം തിരിഞ്ഞു നില്കുന്നു…ഒരാശ്വാസത്തോടെ ഏട്ടന്റെ അടുത്തേക്ക് ചെന്നപ്പോഴാണ് കയ്യിൽ ചേർത്ത് വെച്ചിരിക്കുന്ന കത്തി കണ്ടത്…
“ഏട്ടാ……… “
പെട്ടെന്ന് എന്റെ ശബ്ദം കേട്ട് കയ്യിലെ കത്തി താഴെ വീണു…തിരിഞ്ഞു തന്നെ നോക്കി മുഖം കുനിച്ചു നിൽക്കുന്ന ഏട്ടന്റെ മുഖം കാണുന്തോറും വേദന തോന്നി…കുറച്ച് മണിക്കൂറുകൾ കൊണ്ട് ഒരുപാട് പ്രായം ചെന്നത്പോലെ..
“ഏട്ടാ…”ന്ന് വിളിച്ച് ഞാൻ ആ നെഞ്ചിൽ പറ്റിച്ചേർന്നു…
“നമുക്ക് ആരും വേണ്ട ഏട്ടാ..നമുക്ക് നമ്മൾ ഉണ്ടല്ലോ…ഞാൻ ഉണ്ടല്ലോ എന്റെ ഏട്ടന്…ന്തിനാ ഇങ്ങനെ ചെയ്യാൻ പോയേ…ഏട്ടൻ ഇല്ലങ്കി പിന്നെ ഞാൻ ഇണ്ടാവോ ഏട്ടാ …”
ചേർത്ത് പിടിച്ചു ഉറക്കെ പൊട്ടിക്കരയുന്ന ഏട്ടന്റെ വേദന മനസ്സിനെ ചുട്ടു പൊള്ളിച്ചു…
രണ്ട് ദിവസം കഴിഞ്ഞപ്പോ തന്നെ ഡിവോഴ്സ് നോട്ടീസ് വന്നു..അത് നോക്കി വിഷമിച്ചു നിൽക്കുന്ന എന്നെ ഒരു ചിരിയോടെ ഏട്ടൻ ചേർത്ത് പിടിച്ചു..ആ ചിരിക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന വേദന എനിക്ക് അറിയാം..
ആറ് മാസങ്ങൾക്കു ശേഷം ഞങ്ങൾ സ്ഥലം മാറി…പാലക്കാട് ഒരു കുഞ്ഞ് ഗ്രാമത്തിൽ…. ഡിഗ്രിക്ക് കൂടെ പഠിച്ച അനന്ദു ആണ് അവിടെ വീട് ശരിയാക്കി തന്നത്…അവന്റെ വീട് അതിനടുത്ത് തന്നെയാണ്…
നാളുകൾക്ക് ശേഷം സന്തോഷം എന്തെന്നറിഞ്ഞ നിമിഷങ്ങൾ…പിന്നെ രണ്ട് കൊല്ലം ഞാനും ഏട്ടനും പണ്ടത്തെ ആ പെറ്റിക്കോട്ട്കാരിയും വള്ളിനിക്കറുകാരനും ആയിമാറി.. കൂട്ടിന് അനന്ദുവും അവന്റെ ചേച്ചിയും സ്വന്തം മക്കളെ പോലെ കാണുന്ന അവന്റെ അമ്മയും അച്ഛനും…
ദേവേച്ചി…അനന്ദുന്റെ ചേച്ചി…സ്കൂളിൽ കൊച്ചു പിള്ളേരെ പഠിപ്പിക്കുന്ന ഒരു പാവം ടീച്ചർപെണ്ണ്.. അതോണ്ട് തന്നെ ഞങ്ങളെല്ലാം ദേവേച്ചിക്ക് കൊച്ചു പിള്ളേർ ആണ്…പക്ഷേ ഏട്ടനെ കാണുമ്പോ മാത്രം പിടയ്ക്കുന്ന ആ മിഴികളും വിറയ്ക്കുന്ന കൈകളും മാത്രം മതിയാരുന്നു അവരെ ചേർത്ത് വെയ്ക്കാൻ…
ദേവേച്ചി എനിക്ക് ഏട്ടത്തിയമ്മ ആയിരുന്നില്ല.. എന്റെ ഏച്ചി ആരുന്നു…
ഇന്ന് ഞാൻ ഒരു സൈക്കിയാട്രിസ്റ്റ് ആണ്.. വർഷങ്ങൾക്ക് ശേഷം എന്നെ പിഴച്ചവൾ എന്ന് വിളിച്ച അവരുടെ നാവ് ന്റെ മുന്നിൽ മിണ്ടാൻ കഴിയാതെ ഇരിക്കുന്നത് എന്നെ വേദനിപ്പിച്ചു.. എന്തൊക്കെ ആയിരുന്നെങ്കിലും ഞാൻ അവരെ സ്നേഹിച്ചിരുന്നില്ലേ…
അതുകൊണ്ടാകും അറിയാതെ കണ്ണ് നിറഞ്ഞത്…. അപ്പോഴും അനങ്ങാനോ മിണ്ടാനോ കഴിയാതെ ഇരിക്കുന്ന അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…