എന്റെ അനുമതിയില്ലാതെ, എന്റെ ശരീരത്തിൽ ,ഇനിയൊരു കോമാളിയും തൊടാൻ ഞാൻ അനുവദിക്കില്ല.എൻ്റെ കുഞ്ഞ്..

മുനിയപ്പ
(രചന: Nisha Pillai)

തിങ്ങി നിറഞ്ഞ തീവണ്ടി ബോഗിയിൽ ഒരു സീറ്റിന്റെ അറ്റത്ത് അവളിരുന്നു.ഓരോ സീറ്റിലും അഞ്ചാറു ആളുകൾ തിങ്ങിയിരിക്കുകയാണ്.കംപാർട്ട്മെന്റിന്റെ വാതിലിനരികിൽ ഒരു മനുഷ്യൻ നില്കുന്നു.

വില കുറഞ്ഞ കോട്ടൺ മുണ്ടും ഷർട്ടും കഴുത്തിലൊരു ചുവന്ന തോർത്തും ചുറ്റിയ മനുഷ്യൻ.തികച്ചും അനാകർഷകമായ രൂപം.പൊക്കം കൂടിയ കറുത്ത് മെലിഞ്ഞ ശരീരം. മുറുക്കി ചുവന്ന പല്ലുകളിൽ രണ്ടു മൂന്നെണ്ണം നഷ്ടപെട്ടിട്ടുണ്ടെന്ന് പല്ലിലെ വിടവുകൾ ഓർമപ്പെടുത്തി .

കയ്യിലൊരു തുണി സഞ്ചി തൂക്കിയിട്ടിട്ടുണ്ട് .ഇരുന്ന സീറ്റിന്റെ ഒരു വശത്തു അവൾ ഒതുങ്ങിയിരുന്ന്, അയാൾക്കിരിക്കാനായി കുറച്ചു സ്ഥലം ശരിപ്പെടുത്തി.വളരെ നിർബന്ധിച്ചപ്പോഴാണ് അയാൾ അവിടെ വന്നിരുന്നത്.അടുത്തിരുന്ന മറ്റെയാൾ തീരെ ഇഷ്ടപ്പെടാത്തത് പോലെ അവളെ നോക്കി.

വിയർപ്പിന്റെയും പുകയിലയുടെയും കടുത്ത ഗന്ധങ്ങൾ.അന്തരീക്ഷത്തിനു നല്ല ചൂട്.മുകളിലെ പങ്കകൾ ആർക്കോ വേണ്ടി കറങ്ങുന്നു.എതിർ വശത്ത് ഇരിക്കുന്ന കമിതാക്കൾ ആ വിരസതയിലും സ്വകാര്യ രസങ്ങൾ കണ്ടെത്തി .യുവാവിന്റെ ജീൻസിന്റെ തുട ഭാഗത്ത് ആ പെൺകുട്ടി വിരലുകൾ കൊണ്ട് എന്തൊക്കെയോ എഴുതുന്നു .

എന്തോ കോഡ് ഭാഷ പോലെയാണ് എഴുത്ത്.അവനതിനു മറുപടിയായി അവളുടെ മുതുകത്ത് വിരലുകൾ കൊണ്ട് എഴുതുന്നു.അവൾ ഇക്കിളി കൊണ്ട് ചിരിക്കുന്നു.ആ ചെറുപ്പക്കാർക്ക് സാമാന്യ ബോധം തീരെയില്ലെന്ന് അവരുടെ പെരുമാറ്റത്തിൽ നല്ലപോലെ വ്യക്തമായിരുന്നു .

“അമ്മാ നിങ്ങൾ എങ്കെ പോകിറേൻ.”

അവളുടെ അടുത്ത് വന്നിരുന്ന ആൾ ചോദിച്ചു.അവൾ ആന്ധ്രാപ്രദേശിലെ ഒരു ഉൾഗ്രാമത്തിന്റെ പേര് പറഞ്ഞു .

“അവിടെയോ ഞാനും അങ്ങോട്ടാണ് ,എന്റെ ഊര് പക്കത്തു താൻ .എൻ പേര് മുനിയപ്പ.”

തമിഴും മലയാളവും കലർത്തി അയാൾ പറഞ്ഞു.സുഹൃത്തിൻ്റെ മകളുടെ കല്യാണമാണെന്നും അതിൽ പങ്കെടുക്കാൻ പോകുകയാണെന്നും അറിയിച്ചു.തെന്നിന്ത്യക്കാരുടെ പൊതു ഭാഷയായി തമിഴ് ചിലപ്പോൾ മാറാറുണ്ട്.

അവൾ അയാളെ നോക്കി പുഞ്ചിരിച്ചു .സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ അയാൾ കാത്ത് നിന്നു.ഉള്ളിൽ ഭയമുണ്ടായിട്ടും അയാൾ കാണിച്ചു തന്ന ബസിൽ അവൾ കയറി .കാരണവരെ പോലെ അയാൾ രണ്ട് ടിക്കറ്റെടുത്തു.

ബസിന്റെ ബോർഡിൽ പേരിനു പകരം നമ്പറുകൾ മാത്രമാണ് അതിനാൽ അത് ശരിക്കുള്ള ബസ് ആണോയെന്ന് പോലും അവൾക്ക് തീർച്ചയുണ്ടായില്ല .ബസിറങ്ങിയത് ഒരു ചെറിയ കവലയിൽ ആയിരുന്നു .ബസിൽ നിന്നിറങ്ങിയ ആളുകൾ നിമിഷ നേരം കൊണ്ട് പലവഴിക്ക് അപ്രത്യക്ഷമായി .അയാളുടെ പിന്നാലെ അയാൾ നടന്ന വഴികളിലൂടെ അവളും സഞ്ചരിച്ചു .

കുറെ ദൂരം നടന്നു കഴിയുമോൾ ഇരുൾ പടർന്ന ഒരിടത്തെത്തുമ്പോൾ ,അയാൾ മെല്ലെ തന്റെ തലക്കടിച്ചു ബോധം കെടുത്തി ,തന്റെ ബാഗും കൊണ്ട് പ്രത്യക്ഷമാകുമെന്നു അവൾക്ക് തോന്നി .ഒരുൾഭയത്തോടെ അയാളുടെ പിന്നാലെ ഒരു സ്വപ്‌നാടകയേ പോലെ അവൾ നടന്നു .അയാളുടെ ശബ്ദമാണ് അവളെ ഉണർത്തിയത്.

“ഇതാണമ്മാ എന്റെ വീട് .”

അയാളുടെ ശബ്ദം അവളെ ചിന്തകളിൽ നിന്നുണർത്തി .ഒരു ചെറിയ വീടിനു മുന്നിൽ ചിരിച്ചു കൊണ്ടയാൾ നില്ക്കുന്നു .നല്ല പ്രായം ചെന്നൊരു സ്ത്രീയും ഒരു പതിനഞ്ചുകാരിയും വീടിന്റെ മുൻപിൽ അവളെ അതിശയത്തോടെ നോക്കി നില്ക്കുന്നു .

“ഇത് പൊണ്ടാട്ടി,അത് അരുമൈ മകൾ.”

അവൻ ചുറ്റും നോക്കി.ഇരുട്ട് കട്ടപിടിച്ച് കിടക്കുന്നു.താനിവിടെ എന്ത് ചെയ്യാനാ? അയാൾ ഹിപ്നോട്ടൈസ് ചെയ്ത് കൂട്ടി കൊണ്ട് വന്നതാണോ? ഏതെങ്കിലും ഹോട്ടലിൽ മുറി കിട്ടിയെങ്കിൽ,എത്ര നന്നായിരുന്നു.ഈ രാത്രി തനിച്ച്,ഇത്ര വിവേകമില്ലാതായല്ലോ തനിക്ക്.ഇന്ന് രാത്രിയിൽ തനിക്കെന്തെങ്കിലും സംഭവിച്ചാൽ പുറംലോകം എങ്ങനെ അറിയാനാണ്.

“ഇങ്കെ റൂം ഏതാവുത് കിടയ്ക്കുമാ.”

അവർ പരസ്പരം നോക്കി ചിരിച്ചു.അത് കണ്ടതും പേടി കൂടി കൂടി വന്നു.അയാളെ അടുത്തിരുത്തണ്ടായിരുന്നു,സംസാരിയ്ക്കണ്ടായിരുന്നു.ഇതൊരു വയ്യാവേലിയായല്ലോ.ഈ നൂറ്റാണ്ടിലും ഇങ്ങനെയുള്ള സ്ഥലങ്ങൾ ഉണ്ടോ?

“ഇന്ത ഊരിലെ ഹോട്ടലൊന്നും കിടയ്ക്കാതമ്മാ.”

ആ വീട്ടിലെ പരിമിതമായ സൗകര്യങ്ങളിൽ ആ രാത്രി തങ്ങാൻ അവൾ നിർബന്ധിതയായി.രാത്രിയിൽ കുളി കഴിഞ്ഞ് വന്നപ്പോൾ ചൂട് ചോറും രസവും അച്ചാറും ലഭിച്ചു.കിടക്കാൻ കയർ വരിഞ്ഞ കട്ടിലും നൽകി.

ആ രാത്രിയിൽ മരണപ്പെടുമെന്ന തോന്നലുണ്ടായി.പണത്തിന് വേണ്ടി മരണപ്പെടാതിരിക്കാൻ കയ്യിലുണ്ടായ പണം അലസമായി ബാഗിൽ തന്നെ വച്ചു.ഒരു പക്ഷെ പണം കിട്ടിയാൽ തൻ്റെ ജീവൻ രക്ഷപ്പെട്ടാലോയെന്ന തോന്നൽ ശക്തമായി.

അയാൾ വീടിന് പുറത്ത് പോയി കിടന്നു.അമ്മയും മകളും കട്ടിലിന് കീഴെ പായ വിരിച്ച് കിടന്നു.പെൺകുട്ടിയുടെ ഒരു കണ്ണിന് മാത്രമേ കാഴ്ചയുള്ളൂ.അവൾക്ക് ആ പെൺകുട്ടിയോട് സ്നേഹം തോന്നി.

അവൾ പൊതുവേ വളരെ കുറച്ച് ആഭരണങ്ങളെ അണിയാറുള്ളൂ.പക്ഷെ സുഹൃത്തിന്റെ മകൾക്ക് നൽകാൻ കരുതിയിരുന്ന നെക്ക്ലേസ് ബാഗിലുണ്ട്.അത് ആരും കാണാതെ ഒളിപ്പിക്കാൻ ഒരു ശ്രമം നടത്തി.

ആരും കാണാതെ മുനിയപ്പയുടെ മകളുടെ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന സ്കൂൾ ബാഗിൽ നിക്ഷേപിച്ചു.പാതിരാവ് വരെ പേടി കൊണ്ട് ഉറക്കം വന്നില്ല.അതിനാൽ ഉണർന്നപ്പോൾ വളരെ വൈകിയിരുന്നു.ചൂട് കാപ്പിയും ഇഡ്ഡലിയും സാമ്പാറും ലഭിച്ചു.

“അമ്മ നാഗരാജു ഓട്ടോയിൽ വരും ,അതിൽ കല്യാണസ്ഥലത്തേയ്ക്ക് പോകാം.”

അവൾ രാവിലെ പോകാൻ തയ്യാറായി.നെക്ക്ലേസിൻ്റെ കാര്യം ഓർത്തില്ല.പെൺകുട്ടി അതവളുടെ കയ്യിലേൽപിച്ചിട്ട് അവൾക്ക് സ്കൂളിൽ പോകാൻ സമയമായി എന്നറിയിച്ചു.ആ കുട്ടിയുടെ മുന്നിൽ അവൾ വല്ലാതെ ചൂളി പോയി.

അവരോട് യാത്ര പറഞ്ഞപ്പോൾ അവൾ ഒരു തുക അയാളെ ഏൽപിച്ചെങ്കിലും അയാൾ കൈപ്പറ്റിയില്ല.അയാളുടെ കണ്ണിലെ സ്നേഹവും ആത്മാർഥതയും അവളുടെ ഉള്ളിലെ പേടിയെ മരവിപ്പിച്ചു കഴിഞ്ഞിരുന്നു.

നാഗരാജുവിന്റെ ഓട്ടോയിൽ രാവിലെ കല്യാണസ്ഥലത്തേക്ക് പുറപ്പെട്ടു . നാഗരാജു വളരെ സംസാര പ്രിയനായതിനാൽ ,പന്ത്രണ്ടു കിലോമീറ്റർ ദൂരം വലിയ മുഷിപ്പ് കൂടാതെ സഞ്ചരിക്കാൻ കഴിഞ്ഞു .തന്റെ ആഗമനോദ്ദേശ്യം ,അതിനു പിന്നിലുള്ള ചേതോവികാരവും അയാളോട് യാത്രാ മദ്ധ്യേ അവൾ വെളിപ്പെടുത്തി .

നാഗരാജുവിനോട് അവൾ പറഞ്ഞ കഥ

പ്രീഡിഗ്രി കാലഘട്ടത്തിൽ ട്രെയിനിലെ സ്ഥിരം യാത്രക്കാരിയായിരുന്നു അവൾ . ആരോ രാഷ്‌ടീയക്കാരുടെ ആകസ്മിക മരണം മൂലം പെട്ടെന്നൊരു ദിവസം ഉച്ചയ്ക്ക് ഹർത്താൽ പ്രഖ്യാപിച്ചു .

ഹൈദരാബാദിൽ നിന്നും വന്ന ഒരു സ്‌പെഷ്യൽ ട്രെയിനിന്റെ റീസർവഷൻ കംപാർട്മെന്റിൽ ചാടിക്കയറി .വൃശ്ചിക മാസം ആയതിനാൽ ലോക്കൽ കംപാർട്മെന്റിൽ അത്ര തിരക്കായിരുന്നു .കയറിയ കംപാർട്മെന്റിൽ നിറയെ ആന്ധ്രക്കാരായ അയ്യപ്പ ഭക്തന്മാർ ആയിരുന്നു .

അവിടെ വച്ചാണ് മദൻ കുമാറിനെ പരിചയപ്പെടുന്നത് .സമാന ചിന്താഗതിയുള്ള രണ്ടു പേര് .തൂലിക സുഹൃത്തുക്കളെ തപ്പി നടന്നവൾക്കു അവൻ ഒരു അനുഗ്രഹമായി .ആദ്യമായി അവൾ ഇംഗ്ലീഷിൽ കത്തെഴുതിയത് അവനു വേണ്ടി ആയിരുന്നു .ആ സൗഹൃദം രണ്ടോ മൂന്നു വർഷം തുടർന്നു.

ഒരു തവണ ശബരിമല ദശനത്തിന്റെ മടക്കത്തിൽ അവൻ അവളെ സന്ദർശിക്കാനെത്തി .അവൻ വന്നപ്പോഴാണ് വല്യമ്മാവൻ വീട്ടിൽ പുകിലുണ്ടാക്കിയത് .

“എവിടെയെങ്കിലും കേട്ടുകേൾവിയുണ്ടോ ,ഏതോ നാട്ടിൽ നിന്നുമൊരുത്തൻ അവളെ തേടി വന്നിരിക്കുന്നു .പെൺകുട്ടികൾക്ക് ഇത്രയും സ്വാതന്ത്ര്യം കൊടുക്കാൻ പാടില്ല .”

അന്ന് അമ്മാവനെയും വീട്ടുകാരേയും പറഞ്ഞ് മനസ്സിലാക്കാൻ അവൾ പാടുപെട്ടു.പിന്നെ ഉപരി പഠനം കഴിഞ്ഞു ജോലിയായി ,കല്യാണം കഴിഞ്ഞു ,മദൻകുമാർ ഓർമയിൽ നിന്നും പോയി .ഒരു വെക്കേഷന് നാട്ടിൽ തിരിച്ചെത്തിയ അവൾക്കു ഒരു പഴയ ഡയറി കിട്ടി.

അതിൽ നിന്നും അയാളുടെ പഴയ അഡ്ഡ്രസ്സ്‌ കണ്ടു പിടിച്ചു കത്തെഴുതി.മറുപടി പ്രതീക്ഷിച്ചില്ല .പക്ഷെ ഞെട്ടിച്ചു കൊണ്ട് മറുപടി വന്നു .ഫോൺ നമ്പർ കിട്ടി .സൗഹൃദം വീണ്ടെടുത്ത് .ഇപ്പോൾ ഇതാ മദന്റെ മകളുടെ കല്യാണം കാണാൻ ആന്ധ്രയിലെ ഒരു ഗ്രാമത്തിൽ എത്തിയിരിക്കുന്നു .അയാളുടെ അച്ഛന്റെ നാട്ടിൽ വച്ചാണത്രെ കല്യാണം .

ഗംഭീര സ്വീകരണമാണ് ആ വീട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായത് .തന്നെ കണ്ടപ്പോൾ എല്ലാവർക്കും അൽഭുതമായിരുന്നു .വധുവിനെ കണ്ടു, കല്യാണ സമ്മാനം കൊടുത്തു . ഗംഭീരമായ സദ്യ കഴിച്ചു.മടക്കയാത്രയ്ക്കുള്ള ടിക്കറ്റുമായി തിരികെ നാഗരാജുവിന്റെ ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിലേയ്ക്ക് തിരിച്ചു.

” മുനിയപ്പ പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ ഓട്ടത്തിന് വന്നത് . അയാൾ പറഞ്ഞാൽ ഈ നാട്ടിലാർക്കും എതിർത്ത് പറയാൻ കഴിയില്ല .പണ്ട് ഞങ്ങൾ ഏറ്റവും വെറുത്തിരുന്ന മനുഷ്യനാണയാൾ .എൻ്റെ ഭാര്യ നിറവയറിലാണ് ,ഇന്നോ നാളെയോ പെറുമെന്ന് പറഞ്ഞ് നിൽപ്പാണ് .അവളുടെ വയർ കണ്ടാൽ തന്നെ പേടി തോന്നും .നാളെ ഞാൻ അവളെ ആശുപത്രിയിൽ കൊണ്ട് പോകും .”

നാഗരാജു അവളോട് പറഞ്ഞ കഥ

പണ്ട് ദക്ഷിണേന്ത്യൻ കാടുകളിൽ ചന്ദന കള്ളക്കടത്തു നടത്തിയിരുന്ന ഒരു കാട്ടുകള്ളൻ ഉണ്ടായിരുന്നു .അയാളുടെ കൂട്ടത്തിലെ ഒരു പ്രമുഖനായിരുന്നു മുനിയപ്പ.ഗ്രാമങ്ങൾ കൊള്ളയടിക്കുന്നതായിരുന്നു ഇവരുടെ വിനോദം.കൂട്ടത്തിൽ അവർ സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്യും .മുനിയപ്പയുടെ ദൗർബല്യമായിരുന്നു സുന്ദരികളായ, സ്ത്രീകൾ .സുന്ദരികളായ ചെറുപ്പക്കാരികളായ സ്ത്രീകളെ മാത്രമേ അയാൾ ഉപദ്രവിക്കൂ .

ഒരു രാത്രി അവർ സന്ദർശിച്ച ഗ്രാമത്തിൽ , പുതുതായി വന്ന മാഷും കുടുംബവും ഉണ്ടായിരുന്നു .മാഷിന്റെ ഗർഭിണിയായ ഭാര്യ അതിസുന്ദരിയായിരുന്നു .അവരെ കണ്ട മാത്രയിൽ മുനിയപ്പ അവരെ പിടിച്ചു കെട്ടി കുതിര പുറത്ത്‌ കയറ്റി താവളത്തിലേക്ക് കൊണ്ട് പോയി .ഇയാളുടെ ഉപയോഗശേഷം ചണ്ടികളാകുന്ന സ്ത്രീകളെ കിട്ടാൻ അനുചരസംഘം ടെന്റിന്റെ പുറത്ത് കാത്ത് നിൽക്കും .

മുനിയപ്പയുടെ ഭയാനകമായ ചിരിയും അറപ്പുള്ള മുഖവും കണ്ടു പേടിച്ച ആ പെൺകുട്ടി കരയാൻ തുടങ്ങി .സ്ത്രീകളുടെ കരച്ചിൽ അയാളിൽ ഒട്ടും സഹതാപം ഉണ്ടാക്കില്ലെന്നു മാത്രമല്ല ,അയാൾക്കതൊരു ഊർജ്ജവുമാകും .മണിക്കൂറുകളോളം നീണ്ടു നിന്ന പീഡനത്തിന് ശേഷം ,കാത്ത് നിന്ന അനുചരൻമാരുടെ മുന്നിലേയ്ക്ക് സ്വയം കഴുത്തു മുറിച്ച്, രക്തം ചീറ്റി തെറിപ്പിക്കുന്ന പെൺകുട്ടി ആണ് വന്ന് വീണത്.

“എന്റെ അനുമതിയില്ലാതെ, എന്റെ ശരീരത്തിൽ ,ഇനിയൊരു കോമാളിയും തൊടാൻ ഞാൻ അനുവദിക്കില്ല.എൻ്റെ കുഞ്ഞ് ,അവൾ എത്രമാത്രം വേദനിപ്പിച്ചു കാണും.”

അടിവയറ്റിൽ കൈ ചേർത്ത് വച്ചവൾ പുലമ്പി കൊണ്ട്, പിടഞ്ഞു വീണ് മരിച്ചു .അവൾ ഗർഭിണിയാണെന്ന് അപ്പോഴാണ് മനസിലാക്കിയത്.മുനിയപ്പയ്ക്ക്, അയാളുടെ ഭാര്യയെ ഓർമ്മ വന്നു .അയാളുടെ ഭാര്യയും ആ സമയം ഇളയ മകളെ ഗർഭിണിയായിരുന്ന സമയമായിരുന്നു .

അവൾ പിടഞ്ഞ് വീഴുന്ന കാഴ്ച, ആരുടേയും കരളലിയിപ്പിക്കുന്നതായിരുന്നു. കണ്ടു നിന്നവരെല്ലാം തരിച്ചു പോയി .കുടിച്ച കള്ളും പണത്തിന്റെ അഹങ്കാരവും നിമിഷനേരം കൊണ്ട് അവരുടെ തലയിൽ നിന്നിറങ്ങി പോയി .

ആ സംഭവം മുനിയപ്പയെ വല്ലാതെ തളർത്തിക്കളഞ്ഞു അതൊരു തുടക്കം മാത്രമായിരുന്നു .അയാളെ കാത്ത് ദുരിതങ്ങളുടെ ഒരു ഘോഷയാത്ര തന്നെയുണ്ടായി .മരിച്ച സ്ത്രീയുടെ ഭർത്താവായ മാഷിന്റെ പ്രതികാരം, അയാളുടെ കൈകൊണ്ട് മുനിയപ്പയുടെ മൂത്ത മകൻ തെരുവിൽ പിടഞ്ഞു വീണ് മരിച്ചു .അസുഖബാധിതനായ മറ്റൊരു മകന്റെ രോഗം മൂർച്ചിച്ച് മരിച്ചു .

കല്യാണ നിശ്ചയം കഴിഞ്ഞ മൂത്ത മകൾ, അച്ഛൻ്റെ പ്രവൃത്തിയിൽ മനംനൊന്ത് കൊക്കയിൽ ചാടി ആത്മഹത്യ ചെയ്തു .അയാളും ഭാര്യയും തനിച്ചായി .നാട്ടുകാർക്കെല്ലാം അയാളെ പേടിയായിരുന്നു.പക്ഷെ അവർക്കാർക്കും അയാളെയും കുടുംബത്തെയും ഇഷ്ടമായിരുന്നില്ല .

ഭാര്യ പ്രസവിച്ചത് ഒരു പെൺകുട്ടിയെ ആയിരുന്നു .ജന്മനാ തന്നെ ആ പെൺകുട്ടിയുടെ ഒരു കണ്ണിനു കാഴ്ച ഉണ്ടായിരുന്നില്ല .അയാൾ നാട്ടുകാരുടെ സേവനത്തിനായി ജീവിതം സമർപ്പിച്ചു .അയാളുടെ അത് വരെയുള്ള സമ്പാദ്യം അയാൾ വിറ്റഴിച്ചു .ചെറുപ്പക്കാർക്ക് ജീവിത മാർഗം ഉണ്ടാക്കി കൊടുത്തു .പലർക്കും ചികിത്സാ സഹായം ചെയ്തു.നാഗരാജുവിനും അങ്ങനെ ലഭിച്ചതാണ് ഈ ഓട്ടോറിക്ഷ.

ആ നാടിനോട് യാത്ര പറയുമ്പോൾ മുനിയപ്പ എന്ന മനുഷ്യനും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ പോലെ, അയാളുടെ നന്മയും തിന്മയും നിറഞ്ഞ വശങ്ങളും അവളവലോകനം ചെയ്തു.കണ്ണിൻ്റെ മുന്നിൽ അയാളുടെ ദയനീയ രൂപം തെളിഞ്ഞു.