കിടപ്പുമുറിയിലെ ഉടഞ്ഞുലഞ്ഞ വിരികൾക്കു മീതേ ഒരറ്റത്തായി മധു ഇരുന്നു.അയാൾക്കു മുന്നിൽ, തലതാഴ്ത്തി മായ..

അവസ്ഥാന്തരങ്ങൾ
രചന: രഘു കുന്നുമ്മക്കര പുതുക്കാട്

“മധൂ, ഇന്നെങ്കിലും നിന്നെ കണ്ടല്ലോ,
മഹാഭാഗ്യം. എത്ര ദിവസമായി ഞാൻ നിൻ്റെ വീട്ടിലേക്കു വരുന്നു.

നിന്നെ കാണാൻ സാധിക്കാറില്ല.
അടുത്ത ഞായറാഴ്ച്ച, മോളുടെ കല്യാണമാണ്.
ഭഗവതിക്കാവിലാണ് കെട്ട്.
അവിടുത്തേ ഹാളിൽ തന്നെയാണ് സദ്യയും.
മധുവും, മായയും മോളും തലേദിവസം മുതൽ അവിടെയുണ്ടാകണം,
കല്ല്യാണക്കുറി വീട്ടിൽ ഇട്ടു പോരാൻ മനസ്സു വന്നില്ല.

ടൗണിലേക്കു മാറിയാലും, മധുക്കുട്ടൻ എന്നും ഞങ്ങൾക്ക് മോനേപ്പോലെയല്ലേ,
കണ്ടു പറയുന്നതാണ് ഭംഗി.
മൂന്നു തവണ വന്നപ്പോഴും, വീട്ടിൽ ആളില്ലായിരുന്നു.
മോൾക്ക് സ്കൂൾ ഉണ്ടല്ലോ,
അപ്പോൾ, കഴിഞ്ഞ ദിവസങ്ങളിൽ വീടുമടച്ച് നിങ്ങളെങ്ങോട്ടാണു പോയത്?”

ശേഖരേട്ടൻ, വാത്സല്യരസം കലർന്ന വാക്കുകൾ പറഞ്ഞു നിർത്തി.
കയ്യിൽ കിട്ടിയ ക്ഷണക്കത്തു തുറന്നു വായിച്ചു നോക്കി, മധു പുഞ്ചിരിച്ചു.

“ഹേമയുടെ ചെറുക്കൻ എന്തു ചെയ്യുന്നു?
ഹേമയിപ്പോളും ടാറ്റാ കൺസൾട്ടൻസി സർവ്വീസിൽ അല്ലേ?
മികച്ച രീതിയിൽ പെർഫോം ചെയ്യുന്നവരെ TCS, അമേരിക്കയിലേക്കും അയക്കാറുണ്ട്.
ഹേമയ്ക്ക് അമേരിക്കയിൽ ജോലി കിട്ടണം എന്നായിരുന്നു എൻ്റെ മോഹം.

ഒരുവർഷം അവിടെTCS കൊണ്ടുപോയാൽ, ശ്രമിച്ചാൽ ട്വിറ്ററിലോ, മൈക്രേ സോഫ്റ്റിലോ, എക്സ്പീഡിയാക് പോലുള്ള ഭീമൻ സംരഭങ്ങളിൽ കയറിപ്പറ്റാൻ സാധിക്കും.

ഇതൊക്കെ ഞാനറിയുന്നത്, ഉണക്കമീൻ മാർക്കറ്റിൽ വരുന്ന നഗരജീവികളിൽ നിന്നാണ്.
പത്താം ക്ലാസ് പാസാകാത്ത എനിക്ക് ചില സംഗതികൾ പിടി കിട്ടുന്നത് അവരിലൂടെയാണ്.
ഞാൻ, വാട്സ് ആപ്പ് ഉപയോഗിക്കാൻ ഇന്നാളാണു പഠിച്ചത്.
ഫേസ്ബുക്കൊന്നും എനിക്ക് ഇപ്പോഴുമില്ല.”

“ഹേമേടെ ആളുംTCS ൽ തന്നെയാണ്.
കഷ്ടപ്പെട്ടു പഠിപ്പിച്ചു.
മോള്, അതിലേറെ പാടുപെട്ടു പഠിച്ചു.
ഇനിയെല്ലാം, ദൈവം തീരുമാനിക്കട്ടേ,
മോൻ്റെ ബിസിനസ് ഒക്കെ എങ്ങനെ പോകുന്നു?

നമ്മുടെ നാട്ടിലേതുപോലെ അവിടെ അയൽപക്ക ബന്ധങ്ങൾ കാണുന്നില്ലല്ലോ,
മോനും കുടുംബവും എവിടെപ്പോയെന്നു ചോദിച്ചപ്പോൾ അവർ കൈമലർത്തി.
ഞാനിനി വീട്ടിലേക്കു വരണില്ലാ,
ടൗണീന്ന് ഇപ്പോൾ ഒരു ബസ്സുണ്ട് അങ്ങോട്ട്,
മായയോടും, മോളോടും അന്വേഷണം പറയണേ.
മോളെ കാണണമെന്നുണ്ടായിരുന്നു,
ഇനിയൊരിക്കലാകാം.

മായക്കു വേണ്ടി കാളിംഗ് ബെൽ അടിച്ചു കാത്തുനിന്നു തുടർച്ചയായി രണ്ടു ദിവസവും.
പിന്നെയാണ് ശ്രദ്ധിച്ചത്,
രണ്ടു ദിവസത്തേ പത്രങ്ങൾ ഉമ്മറത്തു കിടക്കുന്നു.
വാതിൽ അടച്ചിട്ടുണ്ട്.

ഉമ്മറത്ത് യാതൊരു ചെരിപ്പുകളുമില്ല.
അപ്പോളെനിക്കു മനസ്സിലായി, രണ്ടു ദിവസമായി നിങ്ങളവിടേയില്ലെന്ന്.
എല്ലാവരോടും അന്വേഷണം പറയണം,
പെരുവഴിയിൽ വച്ചു കല്യാണം പറഞ്ഞൂന്നൊള്ള വിഷമം മോനു കാണില്ലെന്നെനിക്കറിയാം.
ഇത്തിരിക്കൂടി കാര്യങ്ങൾ ബാക്കിയുണ്ട്, അല്ലെങ്കിൽ ഞാൻ വീട്ടിലേക്കു വന്നേനേ”

“എപ്പോഴും തിരക്കാണ് ശേഖരേട്ടാ,
നഗരഹൃദയത്തിൽ തന്നെയാണ് ഉണക്കമീൻ സ്റ്റാൾ എന്നതു നേരാണ്.
നല്ല കച്ചവടവുമുണ്ട്.
പക്ഷേ,

മീൻ ഉണക്കിയൊരുക്കുന്നത്, ദൂരെ ഗ്രാമങ്ങളിൽ വച്ചാണ്.
അതും, ആൾത്താമസം കുറവുള്ള ഉൾപ്രദേശങ്ങളിൽ വച്ച്.
ഞാൻ അതിരാവിലേ പോകും,
ഷോപ്പ് തുറക്കാനും, മാനേജ് ചെയ്യാനും ആളെ വച്ചിട്ടുണ്ട്.

പക്ഷേ,
മീനെടുക്കാൻ ഞാൻ തന്നേ പോകണം.
നിലവാരം നോക്കിയെടുക്കണം.
ഒരുപാടു കസ്റ്റമേഴ്സ് ഉള്ളതാണ്.
അവർ സംതൃപ്തരായിരിക്കണം.
ഇൻ്റർനെറ്റിൽ, ഉണക്കമീൻ വൃത്തിയില്ലാത്ത ഇടങ്ങളിൽ സംസ്കരിക്കുന്ന വീഡിയോകൾ കണ്ടശേഷം ജനം ശങ്കയോടെയാണ് മീൻ വാങ്ങുന്നത്.

നമ്മളോടുള്ള വിശ്വാസം കാരണം, ഇവിടെ നല്ല തിരക്കാണ്.
നിന്നു തിരിയാൻ നേരമില്ല.
വീട്ടിലെ കാര്യങ്ങളും, മോളുടെ പഠനവും മായേടെ കയ്യിലാണ്.
മോളിപ്പോൾ, അഞ്ചാം ക്ലാസ്സിലാണ്.
മായക്ക്, ജോലിക്കു പോകാൻ ഏറെയിഷ്ടമാണ്.
കുറേ പഠിച്ചതല്ലേ അവൾ.

നല്ല ഉദ്യോഗമുണ്ടായിരുന്നത് കല്യാണം കഴിഞ്ഞു വന്നപ്പോൾ ഉപേക്ഷിക്കുകയും ചെയ്തു.
ആ ഒരു നിരാശ അവൾക്കുണ്ട്.
രണ്ടുപേർ ജോലിക്കു പോയാൽ കുടുംബകാര്യങ്ങൾ നടക്കില്ല,
മോളുടെ കാര്യത്തിൽ പിന്നെ ആരു ശ്രദ്ധ കൊടുക്കും.

ഇപ്പോൾ, ആവശ്യത്തിലേറെ വരുമാനമുണ്ട്.
നാൽപ്പതു കഴിഞ്ഞപ്പോളേക്കും ഓട്ടമൊക്കെ മടുത്ത പോലെ തോന്നുന്നു.
സാധിക്കില്ലെങ്കിലും, വിശ്രമിക്കാനും വീട്ടിലിരിക്കാനും ആഗ്രഹമുണ്ട്.
ശേഖരേട്ടൻ വന്നപ്പോൾ, വീട്ടിൽ ആളുണ്ടായിരുന്നിട്ടുണ്ടാകും.

ഞങ്ങളെങ്ങോട്ടും പോയിരുന്നില്ല.
മോൾക്ക്, ക്ലാസ് മുടങ്ങാൻ അനുവാദമില്ല.
മായ അകത്തെവിടെയെങ്കിലുമായിരുന്നിരിക്കണം.
ശരി, ശേഖരേട്ടാ,
ഞങ്ങൾ നേരത്തെയെത്താം,
ബസ് മുടങ്ങേണ്ടാ,
കാണാം”

മധു വീട്ടിലേക്കെത്തി.
ഞായർപ്പകൽ മായാൻ തുടങ്ങിയിരുന്നു.
ഏതോ, കുട്ടികളുടെ ചാനൽ കാണുന്നതിനിടെ മോളുറക്കമായിരിക്കുന്നു.
അവളുടെ കയ്യിൽ, പിടിവിടാതെ റിമോട്ട് അപ്പോളുമുണ്ടായിരുന്നു.

വാതിൽ തുറന്നു കൊടുത്തയുടൻ, മായ കിടപ്പുമുറിയിൽ വന്നു കട്ടിലിൽ ചാരിയിരുന്നു.
വിലയേറിയ മൊബൈൽ ഫോണിൽ, അവൾ ചൂണ്ടുവിരലിനാൽ എന്തോ എഴുതിക്കൊണ്ടേയിരുന്നു.

മധു,
വിവാഹ ക്ഷണപത്രിക,മായക്കു നേരെ നീട്ടി.
അവളതു വായിച്ച്, അലക്ഷ്യമായി കട്ടിലിലേക്കിട്ടു.
ഫോണിൽ, വിരലെഴുത്തു തുടർന്നു.

“കഴിഞ്ഞയാഴ്ച്ച, രണ്ടുതവണ ശേഖരേട്ടൻ ഇവിടെ വന്നിരുന്നു.
കാളിംഗ് ബെൽ അടിച്ചു കാത്തു നിന്നിട്ടും വാതിൽ തുറന്നില്ലെന്നു പറഞ്ഞു.
രണ്ടു ദിവസത്തേ പത്രങ്ങൾ, മുറ്റത്തു കിടപ്പുണ്ടായിരുന്നുവത്രേ,
നീയറിഞ്ഞില്ലേ, ആരും വന്നതായി”

മായയുടെ കണ്ണുകൾ കുറുകി.
ഫോണിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവൾ മുറുമുറുത്തു.

” ഞാൻ ഒന്നും കേട്ടില്ല, ആരേയും കണ്ടുമില്ല.
പത്രങ്ങൾ, മുറ്റത്ത് കണ്ടുവത്രേ,
നിങ്ങളുടെ, പഴയ കുഗ്രാമത്തിലെ അയൽക്കാരനു നൊസ്സാണ്.”

അവൾ, ഫോണിലേക്കു നോക്കി ആരോടെന്നില്ലാതെ ചിരിച്ചു.
മധു അതിനു മറുവാക്കു പറഞ്ഞില്ല.

“മോളെ ആ ഹാളിൽ നിന്നും മാറ്റിക്കിടത്തൂ,
ഏറെ നേരമായി അവളുറങ്ങാൻ തുടങ്ങിയിട്ട്.
തണുത്ത തറയിൽ,പായില്ലാതെ കിടന്നാൽ കുഞ്ഞിൻ്റെ ദേഹം മരവിക്കും.”

മായ, “നാശം” എന്നു പിറുപിറുത്തു കൊണ്ട്, മോളെ വാരിയെടുത്തു കിടക്കമേൽ കിടത്തി.

” സന്ധ്യ വരേ ഉറങ്ങീട്ട്, രാത്രി ഉറക്കമുണ്ടാകില്ല,
കണ്ണും മിഴിച്ചങ്ങനേ കിടക്കും.”

അവൾ, ഉറങ്ങുന്ന കുഞ്ഞിനേ നോക്കി പിറുപിറുത്തു.

വീണ്ടും, മൊബൈൽ ഫോണിൻ്റെ ചതുര സ്ക്രീനിലേക്കു മിഴികൾ ചലിപ്പിച്ചു.
അവളുടെ മുഖത്ത്, വീണ്ടും പുഞ്ചിരികളും ശോണിമയും വിടർന്നു.
സന്ധ്യ, രാവിനു വഴിമാറി.

തിങ്കളാഴ്ച്ച, പുലർച്ചേയുണരാൻ വേണ്ടി നേരത്തേ ഉറക്കത്തിലേക്കു പോകാനൊരുങ്ങുമ്പോഴും മധുവിൻ്റെ മനസ്സിൽ ശേഖരേട്ടൻ വാക്കുകളാൽ വരച്ചിട്ട ചിത്രം മായാതെ നിന്നു.
അടഞ്ഞ പൂമുഖവാതിലും, ഒഴിഞ്ഞ പാദരക്ഷകളും, ചിതറിക്കിടന്ന ദിനപ്പത്രങ്ങളും.
അവ, വീണ്ടും വീണ്ടും മധുവിലെന്തോ അസഹ്യതകൾ തീർത്തുകൊണ്ടിരുന്നു.

മൂന്നു ദിവസങ്ങൾക്കു ശേഷം, അതു സംഭവിച്ചു.
നിന്നൊഴിയാൻ പറ്റാത്ത വിധം തിരക്കുകൾ അവതരിപ്പിച്ചു കടന്നുപോയ ഒരു പുലരിക്കു ശേഷം,

മധു, സ്വന്തം സ്ക്കൂട്ടറിൽ വീട്ടിലേക്കെത്തി.
അടച്ചിട്ട ഗേറ്റ് തുറന്ന്, സ്കൂട്ടർ തള്ളി കാർപോർച്ചിലേക്കു കയറ്റുമ്പോൾ കണ്ടു,
ഉമ്മറമുറ്റത്തു കിടക്കുന്ന ദിനപ്പത്രത്തേ,
താൻ പോകുന്നതിനു മുൻപായി മറിച്ചുനോക്കിയ പത്രം, മടക്കി മുറ്റത്തിട്ടിരിക്കുന്നു.
സമയം നോക്കി,
പതിനൊന്നു കഴിഞ്ഞതേയുള്ളൂ.

മോളുടെ സ്കൂൾ ബസ് ഒമ്പതുമണിക്കു വരും.
വാതിൽ ഉമ്മറത്തു നിന്നും പൂട്ടിയിരിക്കുന്നു.
പഴയ പാദരക്ഷകളെല്ലാം, മുറ്റത്തു നിന്നും അപ്രത്യക്ഷമായിരിക്കുന്നു.

മധു, കാളിംഗ് ബെല്ലിൽ വിരലമർത്തി.
മുറ്റത്തു നിന്നും, പോർച്ചിലേക്കു നീങ്ങിനിന്നു.
വീട്ടിൽ നിന്നും, ചലനങ്ങളുണ്ടായില്ല.
നാലു മതിലുകൾക്കുള്ളിൽ, ഉമ്മറത്തും പുറകിലുമായി മാത്രം തെല്ലു വിശാലതയുള്ള വീട്.

മതിലരികു ചേർന്ന്, അയാൾ അടുക്കള വശത്തേക്കു നടന്നു.
അടുക്കള വാതിൽ, അകത്തു നിന്നും ബന്ധിച്ചിരിക്കുന്നു.
പടികളോടു ചേർന്ന്, വീട്ടിലുപയോഗിക്കുന്ന ചെരിപ്പുകൾ അടുക്കി വച്ചിരിക്കുന്നു.
മധുവിൻ്റെ കണ്ണുകൾ, കുറുകി.

വർക്ക് ഏരിയായോടു ചേർന്നു കെട്ടിയ, വലിയ ഊഞ്ഞാൽപ്പടിയിൽ മധുവിരുന്നു.
ഹൃദയം ദ്രുതതാളത്തിൽ മിടിച്ചുകൊണ്ടേയിരുന്നു.

അടുക്കളയിൽ നിന്നും പാത്രം കഴുകുന്ന ശബ്ദം കേട്ടു.
അതു നേർത്തടങ്ങി.
പിന്നേയും അരമണിക്കൂർ പിന്നിട്ടു.
സമയം, ഒരുമണിയാകുന്നു.

അടുക്കളവാതിലിൻ്റെ ബോൾട്ടു നീങ്ങുന്ന ശബ്ദം, അയാളെ ഞെട്ടിച്ചു.
ആ ഞെട്ടലുകളിലേക്കാണ്, അവർ കതകു തുറന്നിറങ്ങിയത്.

ആധുനികതയുടെ സന്തതിയായ ഒരു ചെറുപ്പക്കാരൻ,
അവൻ്റെ നിബിഢമായ മുടി കഴുത്തു മൂടി തോളിലേക്കിറങ്ങിക്കിടക്കുന്നുണ്ടായിരുന്നു.
പുറകിലായി, മായ പ്രത്യക്ഷപ്പെട്ടു.
അവൾ ഏതോ രാവസ്ത്രത്തിൻ്റെ സുതാര്യത പേറി നിന്നു.

മധുവിനു മുന്നിൽ, തെറ്റുകാർ രണ്ടും വിളറി നിന്നു.
ഒരു നിമിഷത്തേ സ്തംഭനാവസ്ഥയേ അതിജീവിച്ച്, പുതുതലമുറക്കാരൻ തലതാഴ്ത്തി മധുവിനെ കടന്നുപോയി.
മായ, അപ്പോളും ഉപ്പുതൂണായുറഞ്ഞു നിന്നു.

കിടപ്പുമുറിയിലെ ഉടഞ്ഞുലഞ്ഞ വിരികൾക്കു മീതേ ഒരറ്റത്തായി മധു ഇരുന്നു.
അയാൾക്കു മുന്നിൽ, തലതാഴ്ത്തി മായ നിന്നു.
അവളുടെ ഉടലഴകുകൾ വ്യക്തമായിരുന്നു.
മിഴികളിൽ, ക്ഷീണവും സംഭ്രമവും സമ്മേളിച്ചു.

“മായാ,
നീയിപ്പോൾ പയറ്റിയ ഈ തന്ത്രമില്ലേ,
അത്, കുട്ടിക്കാലത്ത് ഞാനും അച്ഛനും ഏറെ ഉപയോഗിച്ചതാണ്.
നാട്ടിലെ കുഞ്ഞുവീടിൻ്റെ ഉമ്മറവാതിലടച്ച്, അകത്തു ഞങ്ങൾ കുടുംബസമേതം പതിയിരുന്നിട്ടുണ്ട്.

കടം വാങ്ങിയ പണം തിരികേ ചോദിക്കാൻ വരുന്ന പലിശക്കാരേ ഭയന്ന്.
എന്നിട്ടും,
ആർക്കോ സംശയം തോന്നി.
അവർ അടുക്കള വാതിൽക്കൽ കാത്തിരുന്നു ഞങ്ങളുടെ കളവു പൊളിച്ചു.
ഇതൊക്കെ കാലഹരണപ്പെട്ട അടവുകളാണ്.

ആ ഇല്ലായ്മകളാണ് എന്നെ വാശിക്കാരനാക്കിയത്,
പഠിത്തം പാതിവഴിയിൽ കളഞ്ഞ്, തള്ളുവണ്ടിയിൽ ഉണക്കമീൻ വിറ്റു നടക്കുന്നവനാക്കിയത്.
ആ തള്ളുവണ്ടിയിൽ നിന്നാണ് ഇന്നു കാണുന്ന ഈ വമ്പും പ്രതാപവുമുണ്ടായത്.

ഇപ്പോഴും ആ മീൻ ചൂര് എൻ്റെ ദേഹത്തുണ്ട്.
ഏതു പെർഫ്യൂം കൊണ്ടും കളയാൻ ഞാനിഷ്ടപ്പെടാത്ത ഗന്ധം.
എൻ്റെ നേട്ടങ്ങളിലെ ഏകദു:ഖം, ഞാൻ നന്നായപ്പോൾ അതു കാണാൻ എൻ്റെ അച്ഛനമ്മമാർ ഇല്ലാതായിപ്പോയല്ലോ എന്നതാണ്.

നീ, രണ്ടുദിവസം മുൻപ് നൊസ്സനെന്നു വിളിച്ചപമാനിച്ച ശേഖരേട്ടനേപ്പോലുള്ളവരായിരുന്നു, എൻ്റെ ബലം.
അവരുടെ പ്രാർത്ഥനകളാണ് എൻ്റെ ഭാഗ്യം.
തുടർച്ചയായി രണ്ടുദിവസം ശേഖരേട്ടനു തെറ്റുപറ്റില്ലെന്നെനിക്കു ഉറപ്പായിരുന്നു.

എനിക്കു നിന്നെ കൊല്ലാം,
പക്ഷേ, എനിക്കു ജയിലിൽ കഴിയാൻ താൽപ്പര്യമില്ല.

എനിക്കിനിയും പഴയ മധുവാകാനും സാധിക്കില്ല.
അതുകൊണ്ടു ഞാൻ നിന്നെ വെറുതേ വിടുന്നു.
നിനക്കു സ്വയം തീരുമാനിക്കാം, നിൻ്റെ വിധി.

നാളെ മുതൽ, മോള് സ്കൂളിൽ പോയ്ക്കഴിഞ്ഞാൽ നിനക്കു സ്റ്റാളുകളിലേക്കു വരാം.

കണക്കുകൾ നോക്കാം.
മോളു വരുന്ന നേരത്തു തിരിച്ചു വരാം.
നിനക്ക്, ഫോൺ ഉപയോഗിക്കാം.
ഈ, വില കൂടിയ ഫോണല്ല.
രണ്ടായിരം രൂപയുടെ ഇൻ്റർനെറ്റ് ഇല്ലാത്ത ഫോൺ.
എനിക്കു ഒരു സ്റ്റാഫിൻ്റെ ശമ്പളം ലാഭം.

എൻ്റെയും തെറ്റുകളുണ്ടാകാം.
കുടുംബത്തിൻ്റെ ഭദ്രതക്കായുള്ള ഓട്ടത്തിൽ ഞാൻ പലതും മറന്നുപോയിരുന്നു.
അതൊന്നും, നിനക്കുള്ള പരിഗണനകളല്ല.
ഞാൻ, പറയുന്നതുപോലെ കഴിയാമെങ്കിൽ നിനക്കു തുടരാം.
അല്ലെങ്കിൽ, തുടർ നടപടികൾ നിൻ്റെ തീരുമാനമറിഞ്ഞായിരിക്കും.”

മധു, സംസാരം നിറുത്തി.
അയാൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.
മായ ഒന്നും മിണ്ടിയില്ല
അവരുടെ മൗനങ്ങളേ ഭേദിച്ച്, മായയുടെ ഫോണിൽ വാട്സ് ആപ്പ് സന്ദേശങ്ങൾ നിരന്തരം ചിണുങ്ങുന്നുണ്ടായിരുന്നു.