മുഖംമൂടികൾ
(രചന: Raju Pk)
രണ്ട് പെൺകുട്ടികളേയും തന്ന് പതിനഞ്ച് വർഷത്തെ ഒരുമിച്ചുള്ള മനോഹരമായ ഒരു ജീവിതവും സമ്മാനിച്ച് ഒരു വാക്ക് പോലും മിണ്ടാതെ ശ്യാമേട്ടൻ യാത്ര പറഞ്ഞിട്ട് നാളേക്ക് ഒരു വർഷം.
നിയന്ത്രിക്കാൻ കഴിയാതെ മനസ്സിലെ സങ്കടം സരിത യുടെ കണ്ണുകളിലൂടെ പെരുമഴയായി പൊട്ടിയൊഴുകുകയാണ്.
എന്തിന് ജീവിക്കണം എന്ന് പോലും ചിന്തിച്ച് പോയ നിമിഷങ്ങൾ. പൊന്നു മക്കളെ തനിച്ചാക്കി ഏട്ടനോടൊപ്പം പോകാൻ മനസ്സു വന്നില്ല അവരെന്ത് തെറ്റ് ചെയ്തു.
പതിയെ വീണ്ടും ജീവിതം തുടങ്ങാൻ തൊട്ടടുത്ത വീട്ടിലെ സരളേച്ചിയും ചേച്ചിയുടെ ഭർത്താവ് പ്രമോദേട്ടനും ഒരു പാട് സഹായിച്ചു.ഏട്ടന്റെ വീട്ടുകാർ എന്ന് പറയാൻ ആരുമില്ലല്ലോ. ചെറുപ്പത്തിലേ മരിച്ച അമ്മ ഞങ്ങളുടെ വിവാഹം കഴിഞ്ഞ് താമസിയാതെ അച്ഛനും വിട പറഞ്ഞു.
രാത്രി ഒന്നുറങ്ങാൻ പോലും കഴിഞ്ഞില്ല ഒരു വർഷം മുൻപ് രാത്രി വൈകുവോളം ഓരോ കര്യങ്ങളും പറഞ്ഞ് കിടന്ന് ഉറങ്ങിയതറിഞ്ഞില്ല.
രാവിലെ എഴുന്നേറ്റു പോകാനായി എന്നെ കെട്ടിപ്പുണർന്നിരുന്നഏട്ടന്റെ കൈകൾ എടുത്ത് മാറ്റാൻ ശ്രമിച്ചപ്പോൾ ആ കൈകൾ വല്ലാതെ തണുത്ത് മരവിച്ചിരുന്നു. ഒരു വേദന പോലും അറിയാതെ ഉറക്കത്തിൽ സൈലന്റ് അറ്റാക്കിന്റെ രൂപത്തിൽ മരണം.
രാവിലെ സ്കൂളിലേക്ക് മക്കളേയും യാത്രയാക്കി തിരികെ വരുമ്പോൾ വാതിൽ കുറ്റിയിടാൻ മറന്നു അടുക്കളയിൽ പാത്രങ്ങളും കഴുകി ഓർമ്മകളിൽ മുഴുകി നിൽക്കുമ്പോൾ തൊട്ടു പുറകിൽ നിന്നും ആരോ മുറുകെ കെട്ടിപ്പിടിച്ചു.മുറുകെപ്പിടിച്ച കൈകൾ വിടുവിക്കാനായി നോക്കുമ്പോൾ മനസ്സിലായി.
പ്രമോദേട്ടൻ..?
സ്വന്തം കുടപ്പിറപ്പിനേപ്പോലെ സ്നേഹിച്ച മനുഷ്യൻ.ഇയാൾക്കെങ്ങനെ..?
സരിത അവൻ പോയിട്ട് കാലങ്ങൾ എത്രയായി… നീ ഒറ്റക്ക് എത്ര കാലം ഇങ്ങനെ..? നിനക്കും ഇല്ലേ ആഗ്രഹങ്ങൾ….?
പ്രമോദേട്ടാ നിങ്ങൾ കൈ എടുക്ക് എന്ന് പറഞ്ഞതും എന്നെ ചുറ്റിവരിഞ്ഞിരുന്ന കൈകൾ ഞാൻ ബലമായി അടർത്തിമാറ്റി. വലതു കൈയ്യിലേക്ക് എല്ലാ ശക്തിയും ആവാഹിച്ച് കൊടുത്തു ഒന്ന്.
സ്വന്തം സഹോദരനേപ്പോലെയാ തന്നെ ഞാൻ കണ്ടിരുന്നത് വിവാഹ പ്രായമായ ഒരു മകളില്ലേ തനിക്ക് അതെങ്കിലും ഓർത്തു കൂടെ തനിക്ക്..?ആഗ്രഹങ്ങൾ മാറ്റാൻ വന്നിരിക്കുന്നു.എറങ്ങടോ പുറത്ത്..
ഇഷ്ടമല്ലെങ്കിൽ നിനക്ക് പറഞ്ഞാൽ പോരേ എന്തിനാ ഇത്രയും ബഹളം വയ്ക്കുന്നത്.?
കടക്കെടോ പുറത്ത്. തനിക്കെങ്ങനെ തോന്നിയെടോ പാവം സരളേച്ചിയെ മറന്നു കൊണ്ട് സ്വന്തം കൂടപ്പിറപ്പിനേപ്പോലെ കരുതേണ്ട എന്റെയടുത്ത്..?
കുനിഞ്ഞ ശിരസ്സുമായി അയാൾ പുറത്തേക്ക് നടന്നു.
ഈശ്വരാ.ഇനി എന്ത് ചെയ്യും. രണ്ട് പെൺകുട്ടികളും ഞാനും തനിയെ..?
എന്തായാലും ഇവിടെ വന്ന അന്നു മുതൽ സ്വന്തം അനിയത്തിയായി കൂടെ കൂട്ടിയതാണ് എന്നെ സരളേച്ചി ഒന്നും പരസ്പരം മറച്ച് വച്ചിട്ടില്ല ഇതുവരെ ചേച്ചിയോട് പറയണം. എന്നാലേ മനസ്സൊന്ന് ശാന്തമാകൂ. മുറ്റത്തുണ്ടായിരുന്ന ചേച്ചിയെ ഇങ്ങോട്ട് വിളിച്ചു.
എന്റെകരഞ്ഞ് കലങ്ങിയ കണ്ണുകൾ കണ്ടിട്ടാവണം ചേച്ചിയുടേയും കണ്ണുകൾ നിറഞ്ഞു.
ഞാൻ പറഞ്ഞതല്ലേ നിന്നോട് ഇന്ന് ലിവെടുക്കണ്ട എന്ന് പോയവർ പോയി അത് വിധിയാണ് മറ്റുള്ളവർക്ക് ജീവിച്ചല്ലേ പറ്റൂ…
ശരിയാണ് ചേച്ചി എല്ലാം വിധിയെന്ന് സമാധാനിച്ച് ജീവിക്കുമ്പോൾ വീണ്ടും. സംരക്ഷിക്കേണ്ടവർ തന്നെ….?
തൊണ്ട ഇടറി എന്റെ ശബ്ദം പുറത്ത് വന്നില്ല.
ഞാൻ എല്ലാം ചേച്ചിയോട് തുറന്ന് പറഞ്ഞു.എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ചേച്ചിയുടെ ഭാവം മാറി. ഞാനും ചേട്ടനും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് ഇരുപത്തി അഞ്ച് വർഷമായി ഇതുവരെ ഒരു പെണ്ണിനോട് പോലും ഇങ്ങനെയൊന്നും
പെരുമാറിയിട്ടില്ല.
നിന്റെ പെരുമാറ്റത്തിൽ ഏട്ടന് എന്തെങ്കിലും തോന്നിയിട്ടുണ്ടാകും. അവൻ മരിച്ചിട്ട് വർഷം ഒന്ന് കഴിഞ്ഞില്ലേ ഇനിയെങ്കിലും നിനക്കൊരു വിവാഹത്തെപ്പറ്റി ചിന്തിച്ചു കൂടെ….?
എന്റെ ഏട്ടൻ അങ്ങനെ ഉള്ള ഒരാളൊന്നുമല്ല…
അല്പം സാന്ത്വനം പ്രതീക്ഷിച്ച ഞാൻ ആകെ വല്ലാത്ത ഒരവസ്ഥയിലായി. സ്വന്തം ഭർത്താവിന്റെ തെറ്റിനെ ന്യായീകരിക്കുന്ന ഭാര്യ.
ചേച്ചി ഭർത്താവ് വീട്ടിൽ വരുമ്പോൾ ചോദിക്കണം കവിളിൽ കിടക്കുന്ന കൈവിരലുകളുടെ പാട് ആരുടെയാണെന്ന്..?
എടീ നി അത്ര സാവിത്രി യൊന്നും ചമയണ്ട നമ്മുടെ നാട്ടിൽ നടക്കുന്ന പല കാര്യങ്ങളും നിനക്കറിയാമല്ലോ..? ഓർത്തോ നീയും നിനക്ക് രണ്ട് പെൺകുട്ടികളാണെന്ന്.?
ആകെ തകർന്ന ഞാൻ കരഞ്ഞുകൊണ്ട് അകത്തേക്ക് കയറി. ഒരുപാട് ആലോചിച്ച് നോക്കി.
ഏട്ടന്റെ കൂടെ ഒരു പാട് സന്തോഷത്തോടെ ജീവിച്ച വീട് ആ ഓർമ്മകൾ മാത്രം മതിയായിരുന്നു എനിക്കിവിടെ ഇനിയുള്ള കാലം ജീവിക്കാൻ. ഇനിയുള്ള ഇവിടത്തെ ജീവിതം അത്ര സുഖമുള്ളതാവില്ല.
ചുറ്റും പ്രസാദേട്ടന്റെ ബന്ധുക്കൾ.അവർ പറയുന്നതേ കേൾക്കാൻ ആളുകൾ ഉണ്ടാവു ഒരു വിധവയായ ഞാൻ തനിയെ രണ്ട് പെൺകുഞ്ഞുങ്ങളുമായി ഭീതിയുടെ നിഴലിൽ എത്ര നാൾ…?
അനിയനെ ഫോൺ ചെയ്തു അങ്ങോട്ട് വരുകയാണെന്ന് പറഞ്ഞു.
ഞാൻ ചേച്ചിയോട് എത്ര കാലമായി പറയുന്നു ഇങ്ങോട്ട് വരുന്ന കാര്യം ഇപ്പോഴെങ്കിലും തോന്നിയല്ലോ..?
പിറ്റേന്ന് തന്നെ പഴയ ഒരു പാട് നല്ല ഓർമ്മകളേയും നെഞ്ചിലേറ്റി സ്വന്തം വീട്ടിലേക്ക്. വീടും സ്ഥലവും വിറ്റുകിട്ടിയ പണം കുട്ടികളുടെ പേരിൽ അനിയൻ ബാങ്കിൽ നിക്ഷേപിച്ചു.
തറവാടും കുറച്ച് സ്ഥലവും എന്റെ പേരിലാക്കി വേണ്ടെന്ന് പറഞ്ഞെങ്കിലും അവൻ സമ്മതിച്ചില്ല.
പുതിയ ഒരു വിവാഹത്തെപ്പറ്റി അവൻ പറഞ്ഞപ്പോൾ അവനോട് അതിനെപ്പറ്റി ഇപ്പോൾ എന്റെ മോൻ ചിന്തിച്ച് കൂട്ടണ്ട എന്ന് പറഞ്ഞു. അങ്ങനെ എനിക്ക് തോന്നിയാൽ ഞാൻ പറയാം.
രണ്ട് പെൺകുട്ടികളേയും കൊണ്ട് പുതിയ ഒരു ജീവിതത്തിനെ അഭിമുഖീകരിക്കാൻ സാധിക്കില്ല. ഈ ജന്മം എന്റെ ഏട്ടന്റെ സുഖമുള്ള ഓർമ്മകൾ മതി കൂട്ടിന് പിന്നെ ന്റെ കുട്ടികളും.
ഒരു ദിവസം രാവിലെ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി സരളേച്ചി വീട്ടിൽ വന്നു.
എന്നോട് പൊറുക്കണം മോളേ ജീവനേക്കാൾ സ്നേഹിച്ച അയാളെന്നെ ചതിച്ചു മൂത്ത മകൻ വരുണിന്റെ വിവാഹം കഴിഞ്ഞിട്ട് അധികമാവുന്നതിന് മുൻപേ അയാൾ സ്വന്തം മകന്റെ ഭാര്യയോടും മോശമായി പെരുമാറുന്നത് ഞാൻ നേരിൽ കാണുകയുണ്ടായി.
ഞാൻ ചോദ്യം ചെയ്തപ്പോൾ അയാൾ മറ്റൊരു പെണ്ണിനോടൊപ്പം പോയി. വെറുതെ ഞാൻ എന്റെ മോളെ തെറ്റിദ്ധരിച്ചു. മാപ്പ് അയാൾ ദുഷ്ടനാ..
എനിക്ക് പ്രത്യകിച്ച് ഒന്നും തോന്നിയില്ല. സത്യത്തിൽ ചില കാര്യങ്ങളിൽ സ്ത്രീകൾ തന്നെയല്ലേ അവരുടെ തന്നെ ശത്രു…?
ചേച്ചി ഞാൻ അന്ന് പറഞ്ഞപ്പോൾ അതൊന്ന് ചോദ്യം ചെയ്തിരുന്നെങ്കിൽ ചിലപ്പോൾ ചേച്ചിക്ക് ചേട്ടനെ നഷ്ടപ്പെടില്ലായിരുന്നു അന്നത് ചെയ്തില്ല.
ചേച്ചീ മകനായാലും ഭർത്താവായാലും. അച്ഛനായാലും സഹോദരനായാലും.
ഇത്തരം കാര്യങ്ങളിൽ അവർക്ക് പറ്റിയ തെറ്റിന്റെ കൂടെ ചേർന്ന് നിന്ന് അവരെ നമ്മൾ സംരക്ഷിക്കരുത് ഒരിക്കലും. അതവരെ വീണ്ടും ചെറിയ തെറ്റുകളിൽ നിന്നും വലിയ തെറ്റുകളിലേക്ക് കൊണ്ടെത്തിക്കാനേ ഉപകരിക്കൂ…