(രചന: ശ്രേയ)
” അമ്മേ.. ഈ മാസത്തെ കറന്റ് ബില്ല് അടക്കാൻ ആയി.. ജിതിയോട് പറഞ്ഞിട്ട് ആ പൈസ ഒന്ന് വാങ്ങി തന്നോളൂ.. ”
രാവിലെ തന്നെ രേഷ്മ തന്റെ ആവശ്യം അമ്മയ്ക്ക് മുന്നിൽ അവതരിപ്പിച്ചു.
” ആഹ്. ഇപ്പോ തന്നെ പറഞ്ഞേക്കാം.. ”
അമ്മ അവളോട് പറഞ്ഞു കൊണ്ട് അകത്തേക്ക് ഒന്ന് നോക്കി..
” ജിതീ… ഒന്നിങ്ങു വന്നേ.. ”
അമ്മ വിളിക്കുന്നത് കേട്ടപ്പോൾ അടുക്കളയിൽ നിന്ന് ജിതി പുറത്തേക്ക് എത്തി നോക്കി. അമ്മയും നാത്തൂനും കൂടി ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ എന്തോ പ്രശ്നം ഉണ്ട് എന്ന തോന്നലിൽ ആണ് അവൾ പുറത്തേക്ക് വന്നത്.
” എന്താ അമ്മേ..? ”
അവൾ അന്വേഷിച്ചു.
” ആഹ്.. രാജേഷ് പൈസ അയച്ചത് ബാക്കി ഇല്ലേ..? അതിൽ നിന്ന് ഇവൾക്ക് വീട്ടിൽ കറന്റ് ബില്ല് അടക്കാനുള്ള പൈസ കൊടുത്തേക്ക്.. ”
അമ്മ പറഞ്ഞപ്പോൾ ജിതി രേഷ്മയുടെ മുഖത്തേക്ക് നോക്കി.
” എത്രയാ മോളെ കറന്റ് ബില്ല്..? ”
അമ്മ അന്വേഷിച്ചു…
” 2500.. ”
മറുപടി വളരെ വേഗത്തിൽ ആയിരുന്നു.
” കേട്ടല്ലോ.. ആ കാശ് അവൾക്ക് കൊടുത്തേക്ക്.. ”
അമ്മ പറഞ്ഞപ്പോൾ ജിതി അമ്മയെ നോക്കി.
” അമ്മേ.. ഇനി അധികം ഒന്നും കൈയിൽ ഇല്ലാ.. ഈ മാസത്തെ കാര്യങ്ങൾ ഓടാനുള്ള പൈസ മാത്രമേ കൈയിലുള്ളൂ.. ”
അവൾ പറഞ്ഞത് കേട്ട് അമ്മ ദേഷ്യത്തോടെ അവളെ നോക്കി.
” അത് കൊള്ളാലോ.. മാസാമാസം 40,000 രൂപ ശമ്പളം വാങ്ങുന്ന അവനു പെങ്ങൾക്ക് ഒരു 2500 രൂപ കൊടുക്കാനില്ലേ..? ”
അമ്മ ചോദിച്ചത് കേട്ടപ്പോൾ അവൾക്ക് തൊണ്ടയിൽ കൈപ്പു നീര് കെട്ടിയത് പോലെ തോന്നി.
” നിന്റെ കയ്യിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ പണം അവൾക്ക് കൊടുത്തേ പറ്റൂ. അവളുടെ കാര്യങ്ങൾ കൂടി നോക്കേണ്ടത് അവനല്ലേ..? ”
അമ്മ വീണ്ടും അത് തന്നെ പറഞ്ഞപ്പോൾ ജിതിക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. അവൾ മറ്റൊന്നും സംസാരിക്കാതെ അടുക്കളയിലേക്ക് നടന്നു.
“കാശ് ചോദിച്ചത് തമ്പുരാട്ടിക്ക് ഇഷ്ടപ്പെട്ടിട്ടില്ല..”
ഒരു പുച്ഛത്തോടെ രേഷ്മ അമ്മയോട് പറയുന്നത് അവൾക്ക് കേൾക്കാമായിരുന്നു.
അപ്പോഴും അവളുടെ ഉള്ളിൽ എങ്ങനെ ആ പണം കൊടുക്കും എന്ന ചിന്തയായിരുന്നു.
വിവാഹം കഴിഞ്ഞ് ഈ വീട്ടിൽ വന്നു കയറിയ ദിവസം മുതൽ ഉള്ളതാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ.. പെങ്ങളെ വിവാഹം ചെയ്തു വിട്ടതാണ്. പക്ഷേ അവളും കുട്ടികളും ഇപ്പോഴും ഇവിടെ തന്നെയാണ്.
ഭർത്താവിന്റെ വീട്ടിൽ നിന്ന് മാറി സ്വന്തമായി വീട് വച്ചു തന്നെയാണ് താമസിക്കുന്നത്.. പക്ഷേ അവളുടെ വീട്ടിലെ കാര്യങ്ങൾ കൂടി നോക്കേണ്ടത് ആങ്ങളയാണ് എന്ന് മാത്രം.
അവളുടെ ഭർത്താവ് ഗൾഫിലാണ് എന്ന പേരും പറഞ്ഞു ഒരു ദിവസം പോലും അവൾ ആ വീട്ടിൽ നിൽക്കാറില്ല. മോളെ ഒറ്റയ്ക്ക് നിർത്തേണ്ട ബുദ്ധിമുട്ട് കാരണം അമ്മ മോളെയും കൊച്ചുമക്കളെയും ഇവിടെ തന്നെയാണ് നിർത്താറ്.
പറഞ്ഞു വരുമ്പോൾ രാജേഷേട്ടനേക്കാൾ ശമ്പളം അവളുടെ ഭർത്താവിന് ഗൾഫിൽ കിട്ടുന്നുണ്ട്. ഈ വീട്ടിലെ എല്ലാവരും ചെലവുകളും നോക്കുന്നത് രാജേഷേട്ടൻ തന്നെയാണ്.
പെങ്ങളെ കെട്ടിച്ചു വിടാൻ വേണ്ടി എടുത്ത ലോണ്, വീട് വച്ച ലോണും ഒക്കെയായി നല്ലൊരു സംഖ്യ ആ വഴിക്ക് തന്നെ ചെലവാകുന്നുണ്ട്.. ഇതിനൊക്കെ പുറമെ ആണ് പെങ്ങളുടെയും കുട്ടികളുടെയും ഓരോ അധിക ചിലവുകൾ..
രേഷ്മയ്ക്കും മക്കൾക്കും മാസത്തിലൊരിക്കലെങ്കിലും പുറത്തു നിന്ന് ആഹാരം വാങ്ങി കഴിച്ചാലേ തൃപ്തിയാകൂ.. അവർക്ക് ആർഭാടപൂർവ്വം ജീവിക്കുന്നതിനാണ് താല്പര്യം..
ഏതെങ്കിലും പുതിയ മോഡൽ ഡ്രസ്സ് വിപണിയിൽ എവിടെയെങ്കിലും എത്തിയിട്ടുണ്ട് എന്നറിഞ്ഞാൽ രേഷ്മയ്ക്ക് ആണെങ്കിലും മക്കൾക്കാണെങ്കിലും അത് വാങ്ങണം. അത് അവർക്ക് വാങ്ങണമെന്ന് ആഗ്രഹമുണ്ടെന്നറിഞ്ഞാൽ അമ്മ തന്നോട് തന്നെയാണ് പണം ചോദിക്കുക.
ചോദിക്കുന്ന പണം കൊടുത്തില്ലെങ്കിൽ പിന്നെ അതിന്റെ പേരിൽ ആകും ഈ വീട്ടിൽ പ്രശ്നമുണ്ടാവുക. എല്ലാവർക്കും എല്ലാം വീതം വച്ച് കൊടുത്തു കഴിയുമ്പോൾ അവസാനം വീട്ടുചെലവിനായി ഒന്നും ഉണ്ടാകില്ല. അത് എത്ര പറഞ്ഞാലും ഇവിടെ ഉള്ളവർക്ക് മനസ്സിലാവുകയുമില്ല.
വരവിന് അനുസരിച്ച് ചെലവ് ചെയ്യാൻ ശീലമില്ലാത്തവരോട് എന്തു പറയാൻ.. എല്ലാ ഞായറാഴ്ചയും ചിക്കനും ബീഫും ഇല്ലെങ്കിൽ ഇവിടെ രേഷ്മയ്ക്കും മക്കൾക്കും ആഹാരം ഇറങ്ങില്ല. അവൾക്ക് ഇഷ്ടപ്പെട്ട കുറച്ച് അധികം സാധനങ്ങൾ ഉണ്ട് അതുമാത്രമേ ഈ വീട്ടിൽ പാചകം ചെയ്യാൻ പാടുള്ളൂ. അല്ലെങ്കിൽ ഈ വീട് രണ്ടായി മറിയ്ക്കും.
എന്റെ ഇഷ്ടത്തിന് എന്തെങ്കിലും ഒരു ആഹാരം കഴിച്ചിട്ടോ പാചകം ചെയ്തിട്ടോ എത്രകാലമായി..!! ഞങ്ങളുടെ കുട്ടികൾക്ക് പോലും അവരുടെ ഇഷ്ടത്തിന് ഒരു സാധനം ഉണ്ടാക്കി കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ്.
എന്തെങ്കിലും ഉണ്ടാക്കാൻ തീരുമാനിച്ചാൽ അത് രേഷ്മയ്ക്ക് ഇഷ്ടമല്ല അല്ലെങ്കിൽ അവളുടെ മക്കൾക്ക് ഇഷ്ടമല്ല. അവർക്ക് ഇഷ്ടമല്ലാത്തതൊന്നും ഈ വീട്ടിൽ ഉണ്ടാക്കുകയും വേണ്ട.
പലപ്പോഴും ഇതിനെക്കുറിച്ച് രാജേഷിനോട് സംസാരിക്കണം എന്ന് തോന്നിയിട്ടുണ്ടെങ്കിലും അമ്മയും പെങ്ങളും പറയുന്നത് മാത്രം കേൾക്കുന്ന ആ മനുഷ്യനോട് പറഞ്ഞിട്ടും കാര്യമൊന്നുമില്ല.
പക്ഷേ ഇത്തവണ എന്തുകൊണ്ടോ തന്റെ തീരുമാനം തെറ്റാണെന്ന് ജിതിക്കു തോന്നി. ഇവിടുത്തെ കാര്യങ്ങൾ എന്തായാലും രാജേഷിനെ അറിയിച്ചേ മതിയാകൂ..
അവൾ രണ്ടും കൽപ്പിച്ച് രാജേഷിനെ വിളിച്ചു..
” രാജേഷ് ഏട്ടാ.. കാര്യങ്ങൾ ഇങ്ങനെ പോയാൽ ശരിയാവില്ല.. നമ്മുടെ കയ്യിൽ ഒരു രൂപ പോലും നീക്കിയിരിപ്പില്ലാ എന്ന് ഏട്ടന് അറിയാവുന്നതല്ലേ..? അതിനിടയിൽ വീട്ടിലെ ചെലവ് കൂടി നിയന്ത്രിക്കാതെ വന്നാൽ എങ്ങനെയാണ്..? ”
അവൾ എന്തിനെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് അവന് മനസ്സിലായില്ല..
” നീ എന്ത് കാര്യമാണ് ഈ പറഞ്ഞു വരുന്നത്..? ”
അവൻ ചോദിച്ചപ്പോൾ അവൾ കാര്യങ്ങൾ വിശദീകരിക്കാൻ തയ്യാറായി.
“ഞാൻ പറയുമ്പോൾ നിങ്ങൾ ഞാനത് കുശുമ്പ് പറയുന്നതാണെന്ന് വിചാരിക്കരുത്.നിങ്ങളുടെ പെങ്ങളും കുട്ടികളും ഇവിടെ തന്നെയല്ലേ താമസം..? ഒരു രൂപ ചെലവിന് തരുന്നില്ല എന്നുള്ളത് പോട്ടെ. ഇതിപ്പോൾ അവളുടെ ആവശ്യങ്ങളും അവളുടെ വീട്ടിലെ ആവശ്യങ്ങളും ഒക്കെ നമ്മൾ തന്നെ നടത്തി കൊടുക്കണം എന്ന് പറയുന്നത് എവിടുത്തെ മര്യാദയാണ്..? ഒന്നുമില്ലെങ്കിലും അവളുടെ ഭർത്താവിന് ഏട്ടനെക്കാൾ കൂടുതൽ ശമ്പളം ഇല്ലേ..? അയാൾക്ക് നാണമാവില്ലേ ഭാര്യയെയും മക്കളെയും അവളുടെ വീട്ടിൽ കൊണ്ടു വന്നു നിർത്തി അവരുടെ ചെലവിൽ ജീവിക്കാൻ..?”
അവൾ രോഷത്തോടെ ചോദിച്ചപ്പോൾ അവന് അതിനേക്കാൾ ഏറെ ദേഷ്യം വരുന്നുണ്ടായിരുന്നു.
” നീ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ഇതിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഞാൻ ഊഹിച്ചതാണ്. നീ പറഞ്ഞു പറഞ്ഞു ഇതെങ്ങോട്ടാണ്..? എന്റെ പെങ്ങളും മക്കളും ആണ്. എനിക്ക് ആയുസ്സുള്ളടത്തോളം കാലം അവരെ നോക്കാൻ എനിക്ക് സന്തോഷമേയുള്ളൂ.. അതിന് ഇടംകോലിടാൻ നീ ശ്രമിക്കേണ്ട.”
അവൻ പറഞ്ഞത് കേട്ടപ്പോൾ ഇത്തവണ അവൾക്ക് ദേഷ്യത്തേക്കാൾ ഏറെ പുച്ഛമാണ് തോന്നിയത്.
” നിങ്ങൾക്ക് അവരോടുള്ള ആത്മാർത്ഥതയും സ്നേഹവും ഒന്നും അവർക്ക് നിങ്ങളോടും ഉണ്ടാകും എന്ന് പ്രതീക്ഷിക്കേണ്ട.. അവർക്ക് പണത്തിനോട് മാത്രമാണ് സ്നേഹം. അതൊരിക്കൽ നിങ്ങൾക്ക് മനസ്സിലാകും.. ”
അവൾ പറഞ്ഞപ്പോൾ അവൻ ആ വാക്കുകളെ പുച്ഛിച്ചു..
” ഞാനിപ്പോൾ പറയുന്ന വാക്കുകൾക്ക് നിങ്ങൾക്ക് പുച്ഛം ആയിരിക്കും. പക്ഷേ അതൊക്കെ മാറുന്ന ഒരു ദിവസം വിദൂരമല്ല..”
അത്രയും പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ടാക്കി. അധികം വൈകാതെ തന്നെ അങ്ങനെയൊരു അവസരം വന്നു ചേരുക തന്നെ ചെയ്തു.
അവന്റെ കമ്പനിയിൽ ഒരു സാമ്പത്തിക പ്രതിസന്ധി നേരിട്ടു. അതോടെ പല ജീവനക്കാരുടെയും ശമ്പളം പകുതിയായി വെട്ടി കുറച്ചു. അക്കൂട്ടത്തിൽ രാജേഷും ഉണ്ടായിരുന്നു. ശമ്പളം കുറഞ്ഞതോടു കൂടി വീട്ടിലെ ആവശ്യങ്ങളൊക്കെ അവൻ വിചാരിക്കുന്നത് പോലെ നടക്കാതെയായി.
അങ്ങനെ ഒരിക്കൽ വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ അവൻ അതിനെക്കുറിച്ച് അമ്മയോട് പറയുകയും ചെയ്തു.
” നമ്മുടെ വീട്ടിലെ ചെലവുകളിൽ ഒക്കെ ഒരു നിയന്ത്രണം വേണം അമ്മേ.. എന്റെ ശമ്പളം കുറഞ്ഞിരിക്കുകയാണ്. വീട്ടിലെ ആവശ്യങ്ങൾ കുറച്ച് എന്തെങ്കിലുമൊക്കെ രേഷ്മയോടു കൂടി ചെയ്യാൻ പറയൂ.. ഇത്രയും കാലം ഞാൻ തന്നെയാണല്ലോ അവരുടെ എല്ലാ കാര്യങ്ങളും ചെയ്തത്.. ഇതിപ്പോൾ ലോൺ അടച്ചു കഴിഞ്ഞിട്ട് വീട്ടിലേക്ക് അധികമൊന്നും എടുക്കാനില്ല… ”
അവൻ പറഞ്ഞത് അമ്മ അതേപടി മകളോട് പറഞ്ഞു.
“എന്റെ ഭർത്താവ് ജോലി ചെയ്തു കൊണ്ടുവരുന്ന പൈസ ഇവിടെ തരേണ്ട കാര്യമുണ്ടോ..? ഞങ്ങൾക്ക് ഞങ്ങളുടെ വീട്ടിൽ കഴിയേണ്ട കാര്യമല്ലേ ഉള്ളൂ.. ഇതിപ്പോൾ ഏട്ടൻ ഇവിടെ ഇല്ലാത്തതുകൊണ്ടല്ലേ ഞങ്ങൾ ഇവിടെ വന്നു നിൽക്കുന്നത്.. എന്നുവച്ച് ആ പേരും പറഞ്ഞ് ഈ വീട്ടിലെ ചെലവ് മുഴുവൻ ഞങ്ങൾ നോക്കേണ്ടത് എവിടത്തെ മര്യാദയാണ്..? നാളെത്തന്നെ ഞങ്ങൾ ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു പോവുകയാണ്..”
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ രേഷ്മയുടെ പ്രതികരണം അങ്ങനെയായിരുന്നു.ആ വാക്കുകൾ അമ്മയ്ക്ക് നൽകിയ ഷോക്ക് ചെറുതായിരുന്നില്ല. രേഷ്മ പറഞ്ഞതുപോലെ പിറ്റേന്ന് തന്നെ അവളുടെ വീട്ടിലേക്ക് പോയി.
അതിനു ശേഷം വലിയ വിളിയും സംസാരവും ഒന്നും ഉണ്ടായിരുന്നില്ല.രാജേഷിനും ഈ ന്യൂസ് വല്ലാത്തൊരു ആഘാതം തന്നെയായിരുന്നു.തനിക്കൊരു ആവശ്യം വരുമ്പോൾ പെങ്ങൾ മുന്നിലുണ്ടാകും എന്നാണ് അവൻ കരുതിയിരുന്നത്. പക്ഷേ അതൊരു മിഥ്യാധാരണയാണെന്ന് അന്നത്തോടുകൂടി അവനും ബോധ്യമായി.
” ഇപ്പോൾ ഞാൻ പറഞ്ഞത് എന്തായി രാജേഷേട്ടാ..? ഞാനന്നേ പറഞ്ഞതല്ലേ അവൾക്ക് സ്നേഹം നിങ്ങളോട് അല്ല നിങ്ങളുടെ പണത്തോട് ആണെന്ന്.. അന്ന് എന്നെ പുച്ഛമായിരുന്നു.. ഇപ്പോൾ കാര്യങ്ങളൊക്കെ ബോധ്യമായില്ലേ..? ”
ജിതി അത് ചോദിക്കുമ്പോൾ മറുപടിയില്ലാതെ നിൽക്കാൻ മാത്രമേ അവന് കഴിഞ്ഞുള്ളൂ..