പിന്നെ സംഭവിച്ചത് പ്രത്യേകിച്ച് പറയേണ്ടല്ലോ.. മൂന്ന് പേർക്കൊപ്പം സഹകരിക്കാൻ ആ പെൺകുട്ടി വിസമ്മതിച്ചതാകാം..

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

” സാറേ.. പെങ്കൊച്ചാണ്.. ഒരു ഇരുപത്തഞ്ചു വയസ്സ് പ്രായം വരും. ബോഡി ഫുൾ നേക്കഡ് ആണ്. സോ ഒറ്റ നോട്ടത്തിൽ റേപ്പ് ആൻഡ് മർഡർ ആണെന്നാണ് തോന്നുന്നത് ബോഡി കിട്ടിയിരിക്കുന്നത് ഇവിടടുത്ത പുഴയ്ക്കരുകിലെ ആ പഴയ വാട്ടർ ടാങ്കിന്റെ പിന്നിൽ നിന്നാണ്. ”

എസ് ഐ അനീഷിന്റെ വിവരണം കേട്ട് അല്പസമയം മൗനമായി സി ഐ സാദിഖ്.

” അനീഷ്… സംഗതി സീരിയസ് ആണ് മീഡിയാസ് വാർത്തയാക്കിയിട്ടുണ്ട്. നടപടികൾ വേഗത്തിൽ തീർക്കണം.. ഞാൻ അങ്ങട് വരുന്നുണ്ട്. താൻ ബാക്കി കാര്യങ്ങൾ ഏർപ്പാടാക്ക് ഫോറെൻസിക് ടീം വരും ഇപ്പോൾ ”

“ശെരി സർ.. ”

നിർദ്ദേശം കിട്ടിയ പാടെ കോൾ കട്ട്‌ ചെയ്തു അനീഷ്.

” തലവേദനയായി അല്ലേ സാറേ.. ഈ നാട്ടിൻപുറത്തൊക്കെ ഇങ്ങനെ റേപ്പ് ആൻഡ് മർഡർ ന്ന് ഒക്കെ കേൾക്കുമ്പോ ആകെ ഒരു ഞെട്ടൽ തന്നെ.. ”

ജീപ്പ് ഡ്രൈവറുടെ വാക്കുകൾ കേട്ട് അസ്വസ്ഥനായിരുന്നു സാദിഖ്‌.

സംഭവസ്ഥലത്ത് മീഡിയാസ് ആ വാർത്ത റിപ്പോർട്ട്‌ ചെയ്യുന്ന തിരക്കിലായിരുന്നു

‘ഇപ്പോൾ കിട്ടിയ ഞെട്ടിക്കുന്ന ഒരു വാർത്തയിലേക്ക്.. ഇന്ന് പകൽ ഒരു പെൺകുട്ടിയുടെ ബോഡി കണ്ടെത്തിയിരിക്കുന്നു. പുഴയോടടുത്ത് പ്രവർത്തന രഹിതമായ പഴയ വാട്ടർ ടാങ്കിന്റെ പിൻവശത്ത് കുഴിച്ചിട്ടിരുന്ന ബോഡി നായ്ക്കൾ മാന്തിയെടുത്ത നിലയിൽ ആണ് കണ്ടെത്തിയത്. കന്നുകാലികളെ മേയ്ക്കാൻ എത്തിയ സമീപവാസികൾ ആണ് ബോഡി കണ്ട് പോലീസിനെ വിവരമറിയിച്ചത് ‘

രാവിലെ തന്നെ ആ വാർത്ത വൈറൽ ആയി. ഗ്രാമപ്രദേശമായതിനാൽ തന്നെ വിവരം വിവരം അറിഞ്ഞു വൻ ജനക്കൂട്ടം തന്നെ അവിടെ തടിച്ചു കൂടിയിരുന്നു. സാദിഖ്‌ അവിടെ എത്തുമ്പോൾ ഫോറെൻസിക് ടീം പരിശോധന പൂർത്തിയാക്കി.

” കുഴപ്പമാണ് സാർ.. തെളിവുകൾ ഒന്നുമില്ല. ബോഡിക്ക് വലിയ പഴക്കം ഇല്ല മാക്സിമം രണ്ട് ദിവസം പിന്നെ മണ്ണിലൊക്കെ കുഴിച്ചിട്ട നിലയിൽ ആയതിനാൽ ഞങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും കിട്ടിയില്ല. എന്നാലും സംഭവം റേപ്പ് ആൻഡ് മർഡർ ആണ്…

നടന്നത് ഇവിടെ വച്ചാകാൻ സാധ്യതയില്ല കൊന്ന ശേഷം ഇവിടെ കൊണ്ട് മറവ് ചെയ്തതാകം.. പിന്നെ ബോഡിയിൽ ചെറിയ മുറിവുകൾ ഒക്കെ ഉണ്ട്. അതൊരു പക്ഷെ റേപ്പ് ചെയ്തപ്പോൾ ഉള്ളതാകാം ”

ഒക്കെയും കേട്ട് മൗനമായി നിന്നു സാദിഖ്‌.

” എന്നാലും ഈ നായ്ക്കൾ കുഴി മാന്തി എടുത്തു ന്ന് ഒക്കെ പറയുന്നത് അത്ര വിശ്വാസയോഗ്യമായി തോന്നുന്നില്ല. നിങ്ങൾക്ക് എന്ത് തോന്നുന്നു ”

ആ ചോദ്യത്തിനു ഫോറെൻസിക് ടീമിന്റെ പക്കൽ കൃത്യമായ മറുപടി ഉണ്ടായിരുന്നു

” ഇത് കൊലയാളികൾക്ക് പറ്റിയ ഒരു അബദ്ധമായി വേണേൽ കണക്കാക്കാം. പരിസരത്തു നിന്നും വിദേശ സ്ക്കോച്ചിന്റെ ഒരു ബോട്ടിൽ കണ്ടു. ഈ നാട്ടിൽ പുറത്ത് ആരും അത് അധികം ഉപയോഗിക്കാൻ വഴിയില്ല. അതായത് കൊലയാളികൾ മദ്യ ലഹരിയിൽ ആയിരിക്കണം ബോഡി ഇവിടെ മറവ് ചെയ്തിട്ടുള്ളത്.

സോ കുഴി എടുത്തതിന്റെ ആഴം കുറഞ്ഞു പോയിരിക്കാം.. മണം പിടിച്ചെത്തിയ നായ്ക്കൾ ആ കുഴി മാതിയിട്ടുണ്ടാകാം.. പിന്നെ ഇത്തരം കാര്യങ്ങളിൽ പരിചയം ഉള്ളവൻ അല്ലേൽ ഉള്ളവർ ആയിരിക്കണം… അതായത് ഒരു മരണം ഒക്കെ സംഭവിച്ചാൽ പെട്ടെന്ന് പാനിക്ക് ആകാതെ അത് ഡീൽ ചെയ്യാൻ എക്സ്പീരിയൻസ് ഉള്ളവർ ആകാം.. ”

ആ വിശദീകരണത്തിൽ തൃപ്തനായി സാദിഖ്.

അപ്പോഴേക്കും അനീഷ് ഓടി അവനരികിൽ എത്തി.

” സാറേ.. ഈ കൊച്ച് ഇവിടെ അടുത്തുള്ളതാ പേര് ആരതി. ജോലി എറണാകുളത്ത് ആണ്. അവിടെ ഒരു ഹോസ്റ്റലിൽ സ്റ്റേ ആണ്.. വല്ലപ്പോഴൊമൊക്കെ നാട്ടിൽ വന്നു പോകാറുണ്ട്. രണ്ട് ദിവസമായി എറണാകുളത്തു നിന്നും നിന്നും മിസ്സിംഗ്‌ ആണ്. നോർത്ത് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു എന്നാണ് പേരെന്റ്സ് പറയുന്നത്. ”

അവൻ പറഞ്ഞു നിർത്തവേ സാദിഖ് നെറ്റി ചുളിച്ചു.. കാരണം മൃദദേഹം കണ്ടെടുത്ത ഭാഗത്തു അപ്പോൾ ഒരു ചെറിയ ബഹളം കേട്ടിരുന്നു

” എന്താ അനീഷ് അവിടെ ബഹളം. ”

” സാറേ.. അത് പറയാനാ ഞാൻ ഇപ്പോ ഓടി വന്നെ.. ഇവളെ കെട്ടണമെന്ന് പറഞ്ഞു പിന്നാലെ നടന്ന് ശല്യം ചെയ്തൊരു പയ്യൻ ഉണ്ട്. അറിഞ്ഞിടത്തോളം ആളല്പം പിശകാണ്. അവനിപ്പോ ഏതോ ടൂർ പോയേക്കുവാണെന്നൊക്കെ കേൾക്കുന്നു. അവനാണ് പ്രതി ഉടനെ അറസ്റ്റ് ചെയ്യണമെന്നൊക്കെ പറഞ്ഞിട്ട് നാട്ടുകാര് ഒരു വിഭാഗം അല്പം സീൻ ആക്കി തുടങ്ങി. ആ പഞ്ചായത്ത്‌ പ്രസിഡന്റ് പ്രമോദും അവർക്ക് മുന്നിൽ ഉണ്ട്.”

ആ പറഞ്ഞത് കേട്ട് പല്ലിറുമ്മി സാദിഖ്.

” ബോഡി അവിടെ ഇട്ടിട്ട് അതിന്റെ മുന്നിൽ കിടന്ന് തന്നെ ഇവന്മാർക്ക് ഷോ കാണിക്കണം അല്ലേ.”

അമർഷത്തോടെ അവൻ അവിടേക്ക് നടന്നു പിന്നാലെ അനീഷും. മേൽ പറഞ്ഞ പോലെ പഞ്ചായത്ത്‌ പ്രസിഡന്റ് പ്രമോദിന്റെ നേതൃത്വത്തിൽ ചുറ്റും കൂടിയവർ പോലീസുകാരുമായി കയർത്തു നിൽക്കുകയായിരുന്നു ഇപ്പോൾ. സാദിഖിനെ കണ്ട പാടെ അവർ അവന് നേരെ തിരിഞ്ഞു

” സാറേ… ഇത് അവനാ.. ആ കള്ള ചെക്കൻ കുറെ നാളായി ഈ കൊച്ചിന്റെ പിന്നാലെ ആണ്. എന്നിട്ട് ഇപ്പോ അവൻ മുങ്ങിയേക്കുവാ.. അവൻ ടൂറിൽ ഒന്നുമാകില്ല മനഃപൂർവം മാറി നിൽക്കുന്നതാകും ”
പ്രമോദ് മുന്നിലേക്ക് എത്തി പറയുമ്പോൾ സിറ്റുവേഷൻ മനസിലാക്കി ഉള്ളിലെ ദേഷ്യം കടിച്ചമർത്തി ശാന്തനായി സാദിഖ്‌.

” നോക്ക് നിങ്ങൾ ഇപ്പോ പ്രശ്നം ഉണ്ടാക്കരുത് .. നിങ്ങൾ കാണുന്നില്ലേ ബോഡിക്ക് രണ്ട് ദിവസത്തോളം പഴക്കം ഉണ്ട് സോ എത്രയും വേഗം പോസ്റ്റുമോർട്ടത്തിന് അയക്കണം.. നിങ്ങൾക്ക് ആരെയെങ്കിലും സംശയം ഉണ്ടേൽ നിയമപ്രകാരം സ്റ്റേഷനിൽ ഒരു പരാതി തരു. കൃത്യമായി അന്യോഷിച്ചു നടപടി എടുക്കാം.. ഇപ്പോൾ പ്രശ്നം ഉണ്ടാക്കരുത് ”

അപേക്ഷയുടെ സ്വരത്തിൽ അവൻ പറയുമ്പോൾ എല്ലാവരും പ്രമോദിന്റെ മുഖത്തേക്ക് ആണ് നോക്കിയത്.

“സാറേ.. ആ ചെറുക്കൻ കാശുള്ള വീട്ടിലെയാണ്.. ഇപ്പോ ഞങ്ങൾ അടങ്ങിയാൽ ഉറപ്പായും ഇത് തേഞ്ഞു മാഞ്ഞു പോകും.. അതുകൊണ്ട് അവന്റെ കാര്യത്തിൽ ആദ്യം ഒരു നടപടി വേണം എന്നാലേ ഞങ്ങൾ അടങ്ങു.. ”

പ്രമോദ് സഹകരിക്കുവാൻ തയ്യാറല്ലായിരുന്നു അതോടെ അവന്റൊപ്പം ചേർന്നവരും ആ നിലപാടെടുത്തു.

” ഇത് പ്രശ്നം ആണല്ലോ സാറേ.. ഇനീപ്പോ എന്ത് ചെയ്യും ”

അനീഷിന്റെ ചോദ്യം കേട്ട് ഏറെ അസ്വസ്ഥനായി തിരികെ ജീപ്പിനരികിലേക്ക് നടന്നു സാദിഖ്. ആ ജനക്കൂട്ടത്തോട് കയർക്കുന്നത് ഉചിതമല്ല എന്ന് അവൻ മനസിലാക്കിയിരുന്നു. അനീഷിനെയും ഒപ്പം കൂട്ടി .

ജീപ്പിനരികിൽ എത്തി പതിയെ ഒരു സിഗരറ്റ് കത്തിച്ചു ചുണ്ടോട് ചേർത്ത് ഒരു പുകയെടുത്തു.

” അനീഷേ.. നീ നൈസിനു ആ പ്രസിഡന്റിനെ ഇങ്ങട് വിട് എന്നിട്ട് ബാക്കി ടീമ്സിനെ തത്കാലം എങ്ങനേലും ഒന്ന് പറഞ്ഞു ഒതുക്ക്.. പ്രസിഡന്റിനെ ഞാൻ തന്നെ നോക്കിക്കോളാം..”

കൈ മുഷ്ടി ചുരുട്ടിക്കൊണ്ടാണ് സാദിഖ്‌ അത് പറഞ്ഞത്..

” ശെരി സാർ.. അത് ഞാൻ സെറ്റ് ആക്കാം ”

കാഴ്ചയിൽ തന്നെ ഉദ്ദേശം ഏകദേശം മനസിലായതോടെ ആ നിർദ്ദേശ പ്രകാരം അനീഷ് നടന്നകന്നു. അത് നോക്കി പല്ലിറുമ്മി നിന്നു സാദിഖ് . കുറച്ചു കഴിയവേ പ്രമോദുമായി തിരികെ എത്തി അവൻ
ഒരു പരുങ്ങൽ അപ്പോൾ പ്രമോദിന്റെ മുഖത്ത് പ്രകടമായിരുന്നു.

” എന്താടോ.. പ്രസിഡന്റെ അവിടെ ഷോ.. അതെങ്ങനേലും ഒന്ന് എടുത്തോണ്ട് പോകാൻ നോക്കുമ്പോ സമ്മതിക്കില്ലേ നിങ്ങൾ.. ”

അമർഷം കടിച്ചമർത്തി സാദിഖ്‌ ചോദിക്കുമ്പോൾ തല കുമ്പിട്ടു അവൻ.

അൽപനേരം അത് നോക്കി നിൽക്കെ പെട്ടെന്ന് സാദിഖിന്റെ മുഖത്തേക്ക് രോഷം ഇരച്ചു കയറി. കലിയടങ്ങാതെ പ്രമോദിന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു വലിച്ചു തനിക്ക് അരികിലേക്ക് അടുപ്പിച്ചു അവൻ.

” പന്ന മൈ… മൈ.. മൈത്താണ്ടി മോനെ.. തലയ്ക്ക് വട്ട് പിടിച്ചു നിൽക്കാ ഞാൻ.. വെറുതെ എന്റെ ബി പി കൂട്ടല്ലേ.. ”

ആകെ മൊത്തത്തിൽ ഒന്ന് പരുങ്ങി പോയിരുന്നു പ്രമോദ്.

ആദ്യമൊന്നു ഞെട്ടിയെങ്കിലും അനീഷ് വേഗത്തിൽ അവർക്കിടയിലേക്ക് കയറി

” സർ.. പ്ലീസ്.. പ്രശ്നം ആക്കല്ലേ.. ഇയാളെ ഉപദ്രവിച്ചാൽ ആ കൂടി നിൽക്കുന്നവർ പ്രശ്നമാക്കും”

ബലമായി തന്നെ ആ പിടി വിടുവിച്ചു അവൻ .

അതോടെ ശാന്തനായി സാദിഖ്…

” ആം സോറി.. ഞാൻ പെട്ടെന്ന്. ദേഷ്യത്തിൽ ”

ക്ഷമാപണത്തോടെ പ്രമോദിന്റെ ചുമലിൽ ഒന്ന് തട്ടി . ആകെ നടുങ്ങി നിൽക്കുകയായിരുന്നു പ്രമോദും അപ്പോൾ.

” സാർ.. .. ആ ചെറുക്കൻ പ്രശ്നം ആണ് സർ കാശുള്ള വീട്ടിലെ ആണ്. അവര് കേസ് ഒതുക്കും.. അതാ ഞങ്ങൾ ”

അവന്റെ ഒച്ചയിടറി.

” അനീഷ് താൻ ആൾക്കാരെ ഒന്ന് സൈലന്റ് ആക്ക്. ഇവിടെ പ്രശ്നം ഇല്ല പ്രമോദിന് ഞാൻ കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കാം. ”

സാദിഖിന്റെ നിർദ്ദേശം കേട്ട് മനസ്സില്ലാ മനസ്സോടെയാണ് അനീഷ് അവിടെ നിന്നും പോയത്.

എന്തായാലും പിന്നെ പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല. സാദിഖുമായി സംസാരിച്ചു തിരികെയെത്തിയ പ്രമോദ് തന്നെ നാട്ടുകാരെ ശാന്തരാക്കി

” നോക്ക് സർ പറയുന്നത് നമ്മൾ മനസിലാക്കണം.. ഈ ബോഡിക്ക് ഇപ്പോൾ തന്നെ രണ്ട് ദിവസം പഴക്കം ഉണ്ട്.. ഇനിയും ഇങ്ങനെ ഇട്ടേക്കുന്നത് ശെരിയല്ല. എത്രയും വേഗം പോസ്റ്റുമോർട്ടം ചെയ്യണം. നമ്മുടെ പരാതി രേഖാമൂലം എഴുതി സ്റ്റേഷനിൽ എൽപ്പിക്കാം ഇപ്പോൾ ഇവർ പോകട്ടെ.. ”

ആ പറഞ്ഞത് കേട്ട് എല്ലാവരും ഒരുപോലെ സമ്മതം മൂളി അതോടെ പ്രശ്നങ്ങൾ ഒഴിഞ്ഞു.

പ്രാഥമിക അന്യോഷണത്തിൽ പ്രത്യേകിച്ച് തെളിവുകൾ ഒന്നും കിട്ടിയില്ല സാദിഖിന്. ചുറ്റുപാടും ആ ഒഴിഞ്ഞ മദ്യക്കുപ്പി അല്ലാതെ സംശയാസ്പതമായി ഒന്നും തന്നെ കണ്ടില്ല.

” അനീഷ്.. ഇവിടെ അടുത്ത് എവിടേലും സിസിടീവി ഉണ്ടോ ഏതേലും വീട്ടിൽ എങ്കിലും താൻ അന്യോഷിച്ചോ ”

ആ ചോദ്യം കേട്ട് അനീഷ് അവനരികിലേക്ക് ചെന്നു

” സാർ.. ഇതൊരു ഗ്രാമ പ്രദേശം അല്ലേ.. മെയിൻ റോഡ് കേറി വരുമ്പോ ഒരു വീട്ടിൽ ഉണ്ട്. പക്ഷെ അതിവിടുന്ന് രണ്ടര കിലോമീറ്റർ അപ്പുറം ആണ്.മാത്രമല്ല ഈ സ്ഥലത്തേക്ക് വരാൻ മെയിൻ റോഡ് അല്ലാതെ നാല് ഇട റോഡുകൾ കൂടി ഉണ്ട്.

കൊലയാളികൾ ഈ ഗ്രാമത്തിൽ ഉള്ളവർ ആണേൽ ഉറപ്പായും ക്യാമറയിൽ പെടില്ല. ഇനി ഈ നാടിനെ പരിചയം ഉള്ള പുറം നാട്ടുകാർ ആണേലും ഉറപ്പായും ആ ഇട റോഡുകളിൽ ഏതേലും ആകും ഉപയോഗിച്ചിട്ടുണ്ടാവുക”

ആ മറുപടിയിൽ സാദിഖിന്റെ മുഖത്തേക്ക് നിരാശ പടർന്നു. തിരികെ ജീപ്പിനരികിലേക്ക് തന്നെ പോയി അവൻ. പ്രമോദും നാട്ടുകാരും ആ സമയം കുറച്ചു മാറി തന്നെ നിന്നിരുന്നു. പ്രമോദിന്റെ മുഖത്തേക്ക് സാദിഖ്‌ ഒന്ന് തുറിച്ചു നോക്കുമ്പോൾ അവൻ നല്ലപോലെ പരുങ്ങുന്നുണ്ടായിരുന്നു

പിന്നെ വൈകിയില്ല.. വേഗത്തിൽ തന്നെ ബോഡി ആംബുലെൻസിലേക്ക് കയറ്റി.

” അനീഷ് നേരെ താലൂക്ക് ഹോസ്പിറ്റലിലേക്ക് വിട്ടോ അവിടെ ഡോക്ടർ രതീഷ് ഉണ്ടാകും ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്. ഡോക്ടർ നെ എനിക്ക് പേഴ്സണലി പരിചയം ഉണ്ട്. പോസ്റ്റുമോർട്ടം കയ്യോടെ ചെയ്യണം..

ഒരു തെളിവും നഷ്ടപ്പെടരുത്. ഈ പെൺകുട്ടിയെ ദ്രോഹിച്ചവർ ആരായാലും നിയമത്തിനു മുന്നിൽ കൊണ്ട് വരണം നമുക്ക് ”
ആ പറഞ്ഞത് കേൾക്കെ സാദിഖ് രണ്ടും കല്പിച്ചാണെന്ന് ആണെന്ന് മനസിലാക്കി അനീഷ്.

നിമിഷങ്ങൾക്കകം ബോഡിയുമായി ആംബുലൻസ് താലൂക്ക് ഹോസ്പിറ്റലിലേക്ക് പാഞ്ഞു. പിന്നാലെ പോലീസുകാരും പതിയെ പതിയെ ജനക്കൂട്ടവും പിരിഞ്ഞു. പ്രമോദിന്റെ നേതൃത്വത്തിൽ ഒരു സംഘം അമ്പുലെൻസിനെ അനുഗമിച്ചു.

സാദിഖ്‌ നേരെ പോയത് വീട്ടിലേക്ക് ആണ്. ചെന്ന പാടെ പോലീസ് യൂണിഫോം മാറി സിവിൽ ഡ്രെസ്സിൽ പുറത്തേക്കിറങ്ങി അവൻ. ജീപ്പിലേക്ക് കയറി. പെട്ടെന്നു എന്തോ ഓർത്തിട്ട് ഒരു നിമിഷം ചിന്തയിലാണ്ടു ശേഷം ഫോൺ എടുത്ത് പ്രമോദിന്റെ നമ്പർ ഒന്ന് പരതി. ഫോണിൽ നമ്പർ സേവ്ഡ് ആയിരുന്നു അതോടെ കോൾ ചെയ്ത് ഫോൺ കാതോട് ചേർത്തു.

” പ്രമോദേ…ആ പയ്യനെ സംശയം ഉണ്ടെന്ന് പറഞ്ഞിട്ട് പെണ്ണിന്റെ പാരന്റ്സിന്റെന്ന് ഒരു പരാതി എഴുതി വാങ്ങി സ്റ്റേഷനിൽ എത്തിക്കണം. അവനെ പൂട്ടുമ്പോൾ അതുണ്ടേലേ ബലം കിട്ടുള്ളു.. ”

” ശെ.. ശെരി ”

പ്രമോദിന്റെ മറുപടിയിൽ ഒരു പതർച്ചയുണ്ടായിരുന്നു. എന്നാൽ അത് ശ്രദ്ധിക്കുന്നതിനു മുന്നേ തന്നെ തന്റെ ഫോണിന്റെ ബാറ്ററി ചാർജ് തീർന്നത് സാദിഖ്‌ മനസിലാക്കി. പിന്നെ തിരിച്ചിറങ്ങാൻ നിന്നില്ല.. കോൾ കട്ട്‌ ആക്കി ഫോൺ പോക്കറ്റിലേക്കിട്ട് ലേക്ക് ജീപ്പ് സ്റ്റാർട്ട്‌ ചെയ്ത് താലൂക്ക് ഹോസ്പിറ്റലിലേക്ക് പാഞ്ഞു.

താലൂക്ക് ഹോസ്പിറ്റലിൽ മാധ്യമ പ്രവർത്തകർ ഉൾപ്പെടെ ചെറിയൊരു ജനക്കൂട്ടം ഉണ്ടായിരുന്നു. ആ വലിയ ബ്രേക്കിങ് ന്യൂസ്‌ ലൈവ് ആയി തന്നെ പറഞ്ഞു കൊണ്ടിരുന്നു മാധ്യമ പ്രവർത്തകർ

‘ ഇപ്പോൾ കിട്ടിയ സന്തോഷകരമായ വാർത്ത.. ഒരുപക്ഷെ കേരളാ പോലീസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു കുറ്റകൃത്യം കണ്ടെത്തി മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ തിരിച്ചറിഞ്ഞിരിക്കുകയാണ്.

ആരതി എന്ന പെൺകുട്ടിയെ പീഡനത്തിനിരയാക്കി കൊന്ന ശേഷം മറവ് ചെയ്ത പ്രതികൾ പോലീസ് പിടിയിൽ എന്നാണ് അറിയുന്നത് ഇവിടെ ഈ ഹോസ്പിറ്റലിൽ വച്ച് തന്നെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതായും വിവരം ലഭിച്ചിട്ടുണ്ട്.

സംഭവം നടന്ന ദിവസം സമീപ ഭാഗത്തെ കാടിനുള്ളിൽ അനധികൃതമായി വാറ്റുചാരായം നിർമ്മിച്ചുകൊണ്ടിരുന്ന സംഘമാണ് ഈ കുറ്റ കൃത്യം നേരിൽ കണ്ട വിവരം ഇപ്പോൾ പോലീസിനെ അറിയിച്ചിട്ടുള്ളത് ‘

വിശദമായി റിപ്പോർട്ട്‌ ചെയ്തു കൊണ്ടിരിക്കെയാണ് അനീഷ് മോർച്ചറിയിൽ നിന്നും പുറത്തേക്ക് വന്നത്. അതോടെ മാധ്യമ പ്രവർത്തകർ അവനെ വളഞ്ഞു.

” സർ..ഒന്ന് വിശദീകരിക്കാമോ.. എങ്ങിനെയാണ് ഇത്രയും വേഗം പ്രതികളിലേക്കെത്തിയത് ”

ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല അവന്. മറുപടി പറയാതെ അവർ വിടില്ലായിരുന്നു.

” നോക്കു വിശദമായ വിവരങ്ങൾ നൽകാൻ ഡി വൈ എസ് പി ശങ്കർ സർ ഇവിടേക്ക് വരുന്നുണ്ട് എങ്കിലും ചെറിയൊരു വിവരണം ഞാൻ തരാം. പ്രതികൾ നമുക്ക് പരിചിതർ തന്നെയാണ്. അന്ന് അവർ ബോഡി മറവ് ചെയ്യുമ്പോൾ ആ ഭാഗത്ത് സമീപ വാസികളിൽ ചിലർ ഈ വാറ്റ് ചാരായം ഉണ്ടാക്കുന്നുണ്ടായിരുന്നു.

പ്രതികൾ എന്താണ് അവിടെ മറവ് ചെയ്തത് എന്ന് ഇവർ വ്യക്തമായി കണ്ടില്ലെങ്കിലും ആ കൂട്ടത്തിൽ രണ്ട് പരിചിത മുഖങ്ങൾ അവര് കണ്ടു. സംശയം തോന്നിയതിനാൽ ആ മുഖങ്ങൾ അന്നേരം തന്നെ അവരിൽ ഒരാൾ ക്യാമറയിൽ പകർത്തുകയും ചെയ്തു… ഇന്നിപ്പോൾ ഈ മർഡർ വാർത്തയായപ്പോൾ ആ വീഡിയോ ഉൾപ്പെടെ അവർ പോലീസിനെ വിവരം അറിയിച്ചു. ഇതാണ് ഉണ്ടായത്.. ”

അനീഷിന്റെ വിശദീകരണത്തിൽ മീഡിയാസ് തൃപ്തിപ്പെട്ടു.

” സാർ അപ്പോൾ പ്രതികളെ അറസ്റ്റ് ചെയ്‌തോ.. ആരാണ് പ്രതികൾ ”

ആ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു അനീഷ്
ശേഷം അവൻ തിരിയവേ ആ രണ്ട് പേരെ കൈ വിലങ്ങുകൾ അണിയിച്ചു പോലീസ് പുറത്തേക്ക് കൊണ്ട് വന്നു.. ഒരു നിമിഷം അവരെ കണ്ട് എല്ലാവരും ഞെട്ടി.

” ഇത് ഇവിടുത്തെ ഡോക്ടർ രതീഷ് അല്ലേ.. കൂടെ പഞ്ചായത്ത്‌ പ്രസിഡന്റ് പ്രമോദ്.. ഇവരാണോ.. ”

” അയ്യോ പ്രമോദോ ”

മാധ്യമ പ്രവർത്തകർ മാത്രം അല്ല ചുറ്റും കൂടി നിന്ന നാട്ടുകാരും നടുങ്ങി.

” അതെ ഡോക്ടർ രതീഷ്.. പഞ്ചായത്ത്‌ പ്രസിഡന്റ് പ്രമോദ്.. ഇനി ഒരു മൂന്നാമൻ കൂടിയുണ്ട്… ഉടനെ ആളെയും കിട്ടും… ”

അടുത്ത ഞെട്ടൽ ആയിരുന്നു ആ വാക്കുകൾ..

“ഇനിയും ആളുണ്ടോ … ”

കേട്ടവർ മുഖാമുഖം നോക്കി.

അനീഷ് അത്രയും പറയുമ്പോൾ സി ഐ സാദിഖിന്റെ ജീപ്പ് അവിടേക്കെത്തി. തൊട്ട് പിന്നാലെ തന്നെ ഡി വൈ എസ് പി ശങ്കറിന്റെ ഒഫീഷ്യൽ വാഹനവും രണ്ടാളെയും ഒരുമിച്ചു കണ്ടതോടെ അവന്റെ മുഖം വിടർന്നു. ഏവരും അവിടേക്ക് തിരിയുമ്പോൾ ശങ്കറിനൊപ്പം തന്നെ സാദിഖും നടന്നടുത്തു.

എന്നാൽ വിലങ്ങണിഞ്ഞു നിൽക്കുന്ന പ്രമോദിനെയും രതീഷിനെയും കണ്ട് നടുക്കത്തോടെ അവൻ അനീഷിന് നേരെ തിരിഞ്ഞു

” അനീഷ്.എന്തായിത്.. ഇവർ എന്താ ചെയ്തേ.”

ആ ചോദ്യം കേട്ട് മൗനമായി അനീഷ്.. പതിയെ പതിയെ അവന്റെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിരിയവേ പതിയെ മുന്നിലേക്ക് കയറി ശങ്കർ

” എന്താ സാദിഖ്‌ .. ഇത്രയും കണ്ടിട്ടും മനസിലായില്ലേ തനിക്ക് .. ”

ആ ചോദ്യത്തോടൊപ്പം തന്നെ ശങ്കറിന്റെ മുഖം കുറുകുന്നത് ശ്രദ്ധിച്ചു അവൻ.

” എ.. എന്താ. സാർ ഇങ്ങനൊരു നോട്ടം.. വാട്ട്‌ ഹാപ്പെൻഡ്.. ”

ആ നിമിഷം മുതൽ സാദിഖ് പരുങ്ങുന്നുണ്ടായിരുന്നു. അത് മനസിലാക്കി പതിയെ അവന്റെ ചുമലിൽ കൈ വച്ചു ശങ്കർ.

” സാദിഖേ.. അഭിനയിക്കേണ്ട ബോഡി കുഴിച്ചിടുന്ന വീഡിയോ ഉണ്ട്. പിന്നെ ദേ ഇവന്മാര് കുറ്റം സമ്മതിക്കേം ചെയ്ത്.. ഇനീപ്പോ നീ ആയിട്ട് കിടന്ന് ഉരുണ്ടു കളിക്കേണ്ട….”

ഇത്തവണ ശെരിക്കുമൊന്നു നടുങ്ങി അവൻ. അവൻ മാത്രമല്ല അവിടെ കൂടിയ എല്ലാവരും ഒരുപോലെ നടുങ്ങി.

” ങേ..! മൂന്നാമൻ ഈ സി ഐ ആണോ.. ”

ആരൊക്കെയോ സംശയത്തോടെ ചോദിച്ചു.
അതോടെ ചെറിയ രീതിയിൽ ബഹളമായി തുടങ്ങിയിരുന്നു അവിടെ.

” സാറേ.. രാവിലത്തെ അഭിനയം കലക്കി പക്ഷെ ഭാഗ്യം കൂടെ ഇല്ല.. അതാണ് സംഭവിച്ചത് ”

അനീഷ് പറയുന്നത് കേട്ട് നടുങ്ങി തരിച്ചു നിന്നു പോയി സാദിഖ്‌. പിടിക്കപ്പെട്ടു എന്ന് പൂർണ്ണമായും മനസിലായി അവന്. തല കുമ്പിട്ടു നിൽക്കുന്ന പ്രമോദിനെയും രതീഷിനെയും നോക്കവേ അവന്റെ ധൈര്യം ചോർന്നു തുടങ്ങി.

പിന്നെ എതിർക്കാൻ നിന്നില്ല. നിയമമറിയാവുന്നത് കൊണ്ട് തന്നെ എതിർത്തിട്ടും കാര്യമില്ല എന്നത് സാദിഖിനു വ്യക്തമായി അറിയാമായിരുന്നു. അന്നേരം മുതൽ മൗനമായ അവൻ പിന്നെ ഒന്നും മിണ്ടിയിട്ടില്ല.

മൂവരെയും ജീപ്പിലേക്ക് കയറ്റി തിരികെ മാധ്യമ പ്രവർത്തകർക്ക് മുന്നിലേക്ക് എത്തി ശങ്കരൻ.

” നിലവിൽ പ്രമോദിൽ നിന്ന് കിട്ടിയ വിവരങ്ങൾ വച്ചിട്ട് സംഭവിച്ചത് ചുരുക്കി പറയാം.. ഇവർ മൂന്ന് പേരും പ്രത്യക്ഷമായി അടുപ്പം കാണിക്കാറില്ലെങ്കിലും നല്ല സുഹൃത്തുക്കൾ ആണ്. പഞ്ചായത്ത്‌ പ്രസിഡന്റ് ആയ പ്രമോദും സാദിഖും പല തട്ടിപ്പുകളും ഒരുമിച്ചു ചെയ്‌തിട്ടുമുണ്ട്.

ഈ മരണപെട്ട പെൺകുട്ടിയെ മുന്നേ ഒരു കേസുമായി ബന്ധപ്പെട്ട് സാദിഖിനു പരിചയം ഉണ്ട്. ആ പരിചയം അയാളുടെ ബെഡ് റൂമിലേക്ക് എത്തിയിട്ടുമുണ്ട്. സംഭവം നടന്ന ദിവസം നാട്ടിലേക്ക് വന്ന പെൺകുട്ടി സാദിഖിനെ കണ്ടിരുന്നു അന്ന് അയാൾക്കൊപ്പം മറ്റു രണ്ടുപേരും ഉണ്ടായിരുന്നു അവർ മദ്യ ലഹരിയിലും ആയിരുന്നു.

പിന്നെ സംഭവിച്ചത് പ്രത്യേകിച്ച് പറയേണ്ടല്ലോ.. മൂന്ന് പേർക്കൊപ്പം സഹകരിക്കാൻ ആ പെൺകുട്ടി വിസമ്മതിച്ചതാകാം റേപ്പിലേക്കും പിന്നീട് മർഡറിലേക്കും കാരണമായത്.. അതൊക്കെ വിശദമായ ചോദ്യം ചെയ്യലിൽ അറിയാം.. തത്കാലം ഇവരെ സ്റ്റേഷനിലേക്ക് കൊണ്ട് പോകുന്നു ”

ശങ്കർ പറഞ്ഞ് നിർത്തുമ്പോൾ ഒക്കെയും അവിശ്വസനീയമായി കേട്ടു നിന്നു മാധ്യമ പ്രവർത്തകരും നാട്ടുകാരും

രാവിലെ സംഭവ സ്ഥലത്ത് ഒന്നും അറിയാത്തപോലെ നിന്ന പ്രമോദിന്റേയും സാദിഖിന്റെയും മുഖമായിരുന്നു എല്ലാരും ഓർത്തത്.

പോലീസ് ജീപ്പ് പ്രതികളുമായി അവിടെ നിന്നും തിരിക്കുമ്പോൾ മാധ്യമ പ്രവർത്തകർ പിന്നാലെ തന്നെ കൂടി നാട്ടുകാരും പതിയെ പിരിഞ്ഞു.

ഒരു കുറ്റകൃത്യം വേഗത്തിൽ തെളിയിക്കപ്പെട്ടപ്പോൾ അതിനു കാരണക്കാരായവർ അഭിമാനിച്ചു. ഒപ്പം തന്നെ മറ്റൊരു കുരുക്കും അവരെ തേടിയെത്തി. കാരണം എന്തൊക്കെ ആയാലും വാറ്റു ചാരായം ഉണ്ടാക്കിയത് കുറ്റകരം തന്നെയാണല്ലോ..പക്ഷെ ഇത്തവണ ജയിലേക്ക് പോകുമ്പോൾ തങ്ങൾക്ക് അവിടെ ഒരു സ്വീകരണം എന്നൊരു പ്രതീക്ഷ അവർക്കുണ്ട്.