(രചന: പ്രജിത്ത് സുരേന്ദ്രബാബു)
” സാറേ.. ഇന്നെന്നാ ലേറ്റ് ആയോ.. ”
ബേക്കറിയിൽ കയറി മോൾക്കായുള്ള പലഹാരങ്ങൾ വാങ്ങി നിൽക്കുമ്പോൾ ബേക്കറി ഉടമയുടെ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു സാം.
” ആ ഇച്ചിരി ലേറ്റ് ആയി.. ഇന്നൊരു മീറ്റിംഗ് ഉണ്ടായിരുന്നു കഴിഞ്ഞപ്പോ വൈകി ”
പുഞ്ചിരിയോടെ തന്നെ കാശ് കൊടുത്തു പുറത്തേക്കിറങ്ങി അവൻ.
” ഡി വൈ എസ് പി ആണ്.. പക്ഷെ ആളെ നോക്കിയേ എന്നാ സിമ്പിളാ അല്ലേ.. നല്ലൊരു മനുഷ്യൻ. ഇവിടെ എസ് ഐ മാരുടെ ഒക്കെ ഓരോ പവറു കാണണം. ”
ബേക്കറി ഉടമയുടെ കമന്റിനു കടയിൽ ഉണ്ടായിരുന്നവരും ശെരി വച്ചു. ആ സമയം സാം തന്റെ ജീപ്പിലേക്ക് ചെന്നു കയറി. പിറ്റേന്ന് ലേറ്റ് ആകുമെന്നുള്ളതിനാൽ ഡ്രൈവറെ ഒഴിവാക്കി അവൻ സ്വയം വണ്ടിയോടിച്ചാണ് വന്നത്.
ജീപ്പ് സ്റ്റാർട്ട് ചെയ്ത ശേഷം ഭാര്യ നാൻസിയുടെ നമ്പറിലേക്ക് ഒന്ന് വിളിച്ചു.
” എന്നതാ ഇച്ചായ.. എത്താറായോ.. ”
കോൾ എടുത്തപാടെ നാൻസി തിരക്കി.
” ഓ.. ഒരു പതിനഞ്ചു മിനിറ്റ്.. മോളെന്നാടുക്കുവാ ഉറങ്ങിയോ.. അവൾക്കുള്ള ഐസ് ക്രീമൊക്കെ വാങ്ങീട്ടുണ്ട് ഞാൻ. ”
” ആ… ദേ അതും നോക്കി ഇവിടിരിപ്പുണ്ട്. ഇച്ചായൻ വേഗം ഇങ്ങ് പോര് ”
നാൻസി പറഞ്ഞത് കേട്ട് പുഞ്ചിരിയോടെ കോൾ കട്ട് ചെയ്തു അവൻ. ശേഷം പതിയെ ആക്സിലേറ്ററിലേക്ക് കാലമർത്തി.
സിറ്റിയിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ ഉള്ളിൽ ഒരു ഗ്രാമ പ്രദേശത്തായിരുന്നു സാം എന്ന സാം അലക്സ് താമസിച്ചിരുന്നത്. ഡി വൈ എസ് പി ആയി ചാർജ് എടുത്തിട്ടു ആറു മാസമേ ആകുന്നുള്ളു അപ്പോഴേക്കും പ്രദേശവാസികൾക്ക് എല്ലാം പരിചിതനാണവൻ. ഗ്രാമപ്രദേശമായതിനാൽ തന്നെ പൊതുവെ വെട്ടവും വെളിച്ചവും ഒക്കെ കുറവാണ് അവിടെ.
ജീപ്പ് കുറച്ചു മുന്നോട്ട് എത്തവേയാണ് പെട്ടെന്ന് ഒരു പെൺകുട്ടി റോഡ് സൈഡിലെ കടയുടെ അരികിൽ നിന്നും മുന്നിലേക്ക് എടുത്ത് ചാടിയത്. നേരത്തെ കണ്ടതിനാൽ തന്നെ പെട്ടെന്ന് ബ്രേക്കിട്ടു സാം. ജീപ്പൊന്ന് ആടിയുലഞ്ഞു നിൽക്കവേ ആ പെൺകുട്ടിയും ഒന്ന് ഭയന്നു
” എന്താ കുട്ടി.. ഇതെന്തൊരു ചാട്ടമാണ്. വണ്ടി ഇടിച്ചേനെ ഇപ്പോ ”
ദേഷ്യം വന്നതിനാൽ തന്നെ അവന്റെ ശബ്ദവും അല്പം ഉച്ചത്തിലായിരുന്നു. അതോടെ അവളുടെ മുഖത്തെ ഭയം ഇരട്ടിയായി.
” സാർ സോറി. ഞാൻ പെട്ടെന്ന് ജീപ്പ് കണ്ടപ്പോ.. ഹോസ്റ്റലിൽ ന്ന് വീട്ടിലേക്ക് പോകുവാ.. ഇവിടെ വന്നിറങ്ങിയപ്പോ ലേറ്റ് ആയി പോയി. വീടിനടുത്തേക്ക് പോകാൻ ഒരു ഓട്ടോ പോലും കാണാനും ഇല്ല. വീട്ടിൽ അമ്മ മാത്രേ ഉള്ളു. സോ വിളിക്കാൻ വരാനും ആളില്ല. അങ്ങിനെ പേടിച്ചു നിന്നപ്പോ ആണ് പെട്ടെന്നു ഈ പോലീസ് ജീപ്പ് കണ്ടേ. ആ ഒരു ആശ്വാസത്തിൽ മുന്നിലേക്ക് ഓടി വന്നതാണ് ”
ആ മറുപടി കേട്ടിട്ട് ഒരു നിമിഷം മൗനമായി സാം. അവന്റെ ഉള്ളിലെ ദേഷ്യം അപ്പോഴേക്കും കെട്ടടങ്ങിയിരുന്നു.
” എന്നാലും ഇങ്ങനൊന്നും വണ്ടിക്ക് മുന്നിൽ എടുത്ത് ചാടരുത് കേട്ടോ.. പോട്ടെ ഇനീപ്പോ ടെൻഷൻ വേണ്ട.. എവിടാ തന്റെ വീട് ഞാൻ കൊണ്ടാക്കാം.. കേറൂ ”
മുഖത്തേക്ക് പുഞ്ചിരി വരുത്തി സാം അത് പറയുമ്പോൾ അവളുടെ മുഖത്തും ആശ്വാസം കണ്ടു. അവൾ പ്രതീക്ഷിച്ചതും അതായിരുന്നു.
ജീപ്പിലേക്ക് കയറി അവളൊന്നു പുഞ്ചിരിച്ചു
“താങ്ക് യൂ സർ.. എന്റെ പേര് അർച്ചന. അടുത്ത ജംഗ്ഷനിലെ കുരിശു പള്ളിയുടെ മുന്നിൽ ഇറക്കിയാൽ മതി. അവിടെ അടുത്താ വീട്. ”
“ഓക്കേ.. ”
പുഞ്ചിരിയോടെ തന്നെ സാം ആക്സിലേറ്ററിൽ കാലമർത്തി. ജീപ്പ് പതിയെ മുന്നിലേക്ക് നീങ്ങി.
” ഞാൻ സാധാരണ നേരത്തെ പോകാറാണ് പതിവ്.. ഇന്നിപ്പോ ഒരു ഒഫീഷ്യൽ മീറ്റിംഗ് ഉണ്ടായിരുന്നു അതാ ലേറ്റ് ആയെ.. ”
സാം അത് പറയുമ്പോൾ അർച്ചനയുടെ നോട്ടം പുറത്തേക്കായിരുന്നു.
” ഒരുപക്ഷെ എന്നെ സഹായിക്കാൻ ആകും സാറിനെ ദൈവം ഇന്ന് ലേറ്റ് ആക്കിയത്. ”
ആ വാക്കുകളിൽ അല്പം കടുപ്പം നിറഞ്ഞിരുന്നു. മാത്രമല്ല മുന്നേ കണ്ട പുഞ്ചിരി അപ്പോൾ അർച്ചനയുടെ മുഖത്തില്ലായിരുന്നു.
” ആ ആകും.. താൻ എന്ത് ചെയ്യുന്നു എന്തിനാ പഠിക്കുന്നെ.. ”
അവളുടെ ഭാവം ശ്രദ്ധിച്ചു കൊണ്ട് തന്നെ സാം അടുത്ത ചോദ്യം ചോദിച്ചു. പെട്ടെന്ന് ഞെട്ടിതിരിയുമ്പോൾ ആ പഴയ പുഞ്ചിരി അർച്ചനയുടെ മുഖത്തേക്ക് തിരികെ വന്നിരുന്നു
” ഞാൻ നഴ്സിങ്ങിന് പഠിക്കുവാ സാർ.. ഇന്നിപ്പോ വീക്ക് എന്റ് ആയോണ്ട് വീട്ടിലേക്ക് വന്നതാ.. കഷ്ടകാലത്തിനു ലേറ്റ് ആയി പോയി.. വീട്ടിൽ അമ്മയാണേൽ ആകെ ടെൻഷനിലും ”
വാചലയായി അവൾ.
” അമ്മ പേടിക്കോ.. വീട്ടിലേക്ക് വിളിച്ചു പറയ് താൻ.. സേഫ് ആണെന്ന് ”
” അതൊക്കെ ജീപ്പിൽ കേറുന്നേനു മുന്നേ തന്നെ ഞാൻ മെസേജ് ഇട്ടു. ഇനീപ്പോ പ്രശ്നം ഇല്ല ”
അത് പറയുമ്പോൾ അവളുടെ മുഖത്തും ആശ്വാസം നിറഞ്ഞിരുന്നു.
” അതെ.. സാറിനെ ഞാൻ ന്യൂസിൽ കണ്ടിട്ടുണ്ട്. ആ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയവരെ ഒറ്റ ദിവസം കൊണ്ട് കണ്ടെത്തിയത് സാർ അല്ലേ. അത് പൊളിച്ചു കേട്ടോ സർ.. അന്നേ ഒരു കൺഗ്രാറ്റ്സ് പറയണം ന്ന് കരുതിയതാണ്.”
അർച്ചന പറഞ്ഞു നിർത്തുമ്പോൾ ഒന്ന് മന്ദഹസിച്ചു സാം.
” അതൊക്കെ ഒരു ടീം വർക്ക് ആണെടോ ഞാൻ ലീഡ് ചെയ്തു ന്നെ ഉള്ളു.. ”
പരസ്പരം അങ്ങിനെ ഓരോന്ന് സംസാരിച്ചു കൊണ്ടവർ മുന്നിലേക്ക് നീങ്ങി.
ഒടുവിൽ അർച്ചന പറഞ്ഞ കുരിശു പള്ളിയുടെ മുന്നിലെത്തവെ ജീപ്പ് സൈസാക്കി നിർത്തി സാം.
” എടോ ഇയാളുടെ വീട് ഈ ഭാഗത്തു എവിടെയാണ്.. ”
ആ സ്ഥലം അല്പം വിജനമായിരുന്നത് കൊണ്ട് തന്നെ ചുറ്റുമൊന്നു കണ്ണോടിച്ചു അവൻ. അപ്പോഴേക്കും അർച്ചന ഡോർ തുറന്നു പുറത്തേക്കിറങ്ങിയിരുന്നു.
” സാർ.. ദേ ആ കാണുന്ന വഴിയേ കുറച്ചു ഉള്ളിലേക്ക് പോണം അവിടെയാണ്.. ”
അവൾ ചൂണ്ടി കാണിച്ച വഴിയൊന്നു നോക്കി സാം.
കുരിശു പള്ളിക്കപ്പുറം അല്പം ഉള്ളിലേക്ക് കയറി വർഷങ്ങളായി അടഞ്ഞു കിടക്കുന്ന ഒരു കശുവണ്ടി ഫാക്റട്ടറി ഉണ്ട്. അതിന്റെ മതിലിനരികിലൂടെ ഉള്ളിലേക്കുള്ള വഴിയാണ് അവൾ ചൂണ്ടി കാണിച്ചത്.
“എടോ ഇവിടുന്ന് കുറച്ചു ഉള്ളിലേക്ക് പോണമല്ലോ. ”
അത്രയും പറഞ്ഞു വണ്ടി ഓഫ് ആക്കി പതിയെ സാമും ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
അതോടെ അവനു അഭിമുഖമായി തിരിഞ്ഞു അർച്ചന. അവളുടെ മുഖത്തെ ചിരി മാഞ്ഞിരുന്നു.
” സാർ.. എന്നെയൊന്ന് വീട്ടിൽ കൊണ്ട് ചെന്നാക്കാമോ.. ഇരുട്ട് ആയത് കൊണ്ട് ഒറ്റയ്ക്ക് പോകാനൊരു പേടി.”
അവളുടെ മുഖഭാവത്തിൽ പെട്ടെന്ന് വന്ന മാറ്റവും ആ ചോദ്യവും കേട്ട് ഒരിക്കൽ കൂടി ചുറ്റുമൊന്നു നോക്കി സാം.
‘ശെരിയാണ്. ഈ വഴിയൊക്കെ ഒറ്റയ്ക്ക് പോണേൽ കുറച്ചു ധൈര്യം ഒക്കെ വേണം.’
ചുറ്റുമൊന്നൂടെ കണ്ണോടിച്ചു അവൻ ജീപ്പിൽ നിന്നും ടോർച്ച് ലൈറ്റ് എടുത്ത് പതിയെ അർച്ചനയ്ക്ക് മുന്നിലേക്ക് ചെന്നു.
” പേടിക്കേണ്ട.. വാ ഞാൻ കൊണ്ട് ചെന്നാക്കാം.. മുന്നേ നടക്ക് താൻ.”
അത് കേൾക്കേണ്ട താമസം മുന്നേ കയറി നടന്നു അർച്ചന. ചെറിയ ഇടവഴിയിലൂടെ പതിയെ നടക്കുമ്പോൾ മൗനമായിരുന്നു അവൾ. പാതി പൊളിഞ്ഞ ആ മതിലിനപ്പുറം കാട് കയറിയ വിശാലമായ പറമ്പിൽ ആ ഫാക്ടറി ഒരു പ്രേതാലയം പോലെ തോന്നി അവന്.
” ഇതിലേയൊക്കെ രാത്രി സമയങ്ങളിൽ എങ്ങിനാ ധൈര്യത്തോടെ നടന്നു പോവുക. സമ്മതിക്കണം കേട്ടോ.. ഈ ഫാക്ട്ടറി കണ്ടിട്ട് ഒരു പ്രേതാലയം പോലുണ്ട്. തന്റെ വീട് ഇനിയും പോകാനുണ്ടോ ”
ആ ചോദ്യത്തിനു അവൾ മറുപടി പറഞ്ഞില്ല.
” അർച്ചന.. താൻ കേട്ടില്ലേ ഞാൻ ചോദിച്ചത്.. ”
“കേട്ടു സാർ… എന്ത് മറുപടി പറയാനാ എല്ലാ മനുഷ്യരുടെയും ജീവിത സാഹചര്യങ്ങൾ ഒരുപോലല്ലല്ലോ. സാഹചര്യങ്ങൾ ആണ് നമ്മളെ ഓരോന്ന് പഠിപ്പിക്കുന്നത്.. കണ്ടില്ലേ പ്രേതാലയം പോലെ ഈ ഫാക്ടറി. ആരെയെങ്കിലും കൊന്ന് കൊണ്ടിട്ടാൽ പോലും ആരും അറിയാൻ പോണില്ല.. ”
സാമിനെ തിരിഞ്ഞു നോക്കി ഒന്ന് പുഞ്ചിരിച്ചു വീണ്ടും മുന്നിലേക്ക് നടന്നു അർച്ചന. എന്നാൽ അടുത്ത നിമിഷം എന്തോ കണ്ട് നടുങ്ങിയ പോലെ അവൾ ഒന്ന് നിന്നു.
“സാർ..സാർ.. ദേ.. ദേ അത് നോക്ക്യേ. ”
വെപ്രാളത്തിൽ അവൾ പൊളിഞ്ഞു കിടന്ന മതിലിനുള്ളിലേക്ക് വിരൽ ചൂണ്ടവേ ഒന്ന് ഞെട്ടി അവിടേക്ക് നോക്കി സാം. അർച്ചനയുടെ പെട്ടെന്നുള്ള പ്രതികരണത്തിലാണ് അവൻ ആദ്യം ഞെട്ടിയതെങ്കിലും അവിടേക്ക് നോക്കിയതോടെ ആ ഞെട്ടൽ ഇരട്ടിയായി.
ഇരുട്ടിന്റെ മറവിൽ രണ്ട് പേർ. അതിൽ ഒരാൾ എന്തോ ഒരു ഭാരം ചുമന്നു കൊണ്ട് പോകുന്നു. പെട്ടെന്ന് ആ ഭാഗത്തേക്ക് കൈയിൽ ഇരുന്ന ടോർച്ച് തെളിച്ചു സാം.
” ആരാടാ അത്.. അവൻ ഉച്ചത്തിൽ വിളിച്ചു ചോദിക്കവെ അപ്രതീക്ഷിതമായി അത് കേട്ട് ആ രണ്ട് പേർ ഭയന്ന് പോയി. ഞെട്ടി തിരിഞ്ഞ അവരുടെ മുഖം ടോർച്ച് വെട്ടത്തിൽ വ്യക്തമായി കണ്ടു സാം. രണ്ട് ചെറുപ്പക്കാർ.
അതിൽ ഒരാളുടെ ചുമലിൽ ഒരു സ്ത്രീയുടെ ശരീരമാണ് എന്നും മനസിലാക്കി അവൻ. അതോടെ സംഭവിക്കുന്നത് എന്താണെന്ന് കൃത്യമായി മനസിലാക്കിയ സാമിന്റെ ഉള്ളിലെ പോലീസുകാരൻ ഉണർന്നു.
” അർച്ചന.. താനിവിടെ നിൽക്ക്.. അല്ലേൽ വീട്ടിലേക്ക് പൊയ്ക്കോ. ഇവിടിച്ചിരി പ്രശ്നമാണ്.”
അത്രയും പറഞ്ഞു കൊണ്ട് മറുപടിക്ക് കാക്കാതെ ഒറ്റചാട്ടത്തിന് ആ മതിൽ കടന്ന് സാം ഫാക്ടറി കോംമ്പോണ്ടിനുള്ളിൽ കടന്നു.
” പൊലീസാടാ.. ഓടിക്കോ.. ”
ആ രണ്ട് പേരിൽ ഒരാൾ വിളിച്ചു കൂവുമ്പോൾ അവർ വേഗത്തിൽ തൊട്ടു മുന്നിലെ പൊളിഞ്ഞു കിടന്നിരുന്ന കിണറിനരികിലേക്ക് കുതിച്ചു.
” ഏയ്.. നോ.. ”
അവരുടെ ഉദ്ദേശം മനസ്സിലാക്കി സാം ഉച്ചത്തിൽ അലറുമ്പോഴേക്കും ചുമലിൽ കിടന്നിരുന്ന ആ സ്ത്രീ ശരീരം അവൻ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. കിണറ്റിനുള്ളിൽ നിന്നും വലിയൊരു ശബ്ദം ഉയരവേ വെപ്രാളത്തിൽ തിരിഞ്ഞു അവർ.
” ഓടിക്കോ ടാ.. ”
അവർ ചിതറിയോടുമ്പോൾ പെട്ടെന്നുള്ള നടുക്കം വിട്ടകന്ന് പിന്നാലെ പാഞ്ഞു സാം.
” ഓടരുത്.. നിങ്ങൾ ഞാൻ ഗൺ എടുക്കും.. ”
പിന്നാലെ പാഞ്ഞു കൊണ്ട് ഒരിക്കൽ കൂടി അലറി അവൻ. എന്നാൽ അവർ നിന്നില്ല. കുറച്ചു കൂടി കൂടിയാൽ മതിൽ കടന്നവർ രക്ഷപെട്ടേക്കും എന്ന് മനസിലായതോടെ മറ്റു വഴികളില്ലാതെ ഓട്ടത്തിനിടയിൽ തന്നെ തന്റെ ഗൺ കയ്യിലേക്കെടുത്തു സാം.
” ഓടരുത്… വെടി വയ്ക്കും ഞാൻ ”
ഒരിക്കൽ കൂടി അലറി വിളിച്ചു അവൻ. പക്ഷെ അവർ നിന്നില്ല അതോടെ ഗൺ മുന്നിലേക്ക് നീട്ടി സാം.ഇരുട്ടിന്റെ മറവിലും ലക്ഷ്യസ്ഥാനം കൃത്യമായി തെളിഞ്ഞു. രണ്ട് വട്ടം നിറയൊഴിച്ചു. മുന്നേ ഓടിയ യുവാക്കൾ വലിയ നിലവിളിയോടെ നിലത്തേക്ക് വീണു. ആ നിലവിളി അവിടമാകെ മുഴങ്ങി കേട്ടു. പിന്നാലെ ഓടിയെത്തിയ സാം കിതപ്പോടെ അവർക്ക് മുന്നിലായി നിന്നു. അമിതമായ വേദനയിൽ അവർ അലറി കരയുന്നുണ്ടായിരുന്നു.
“ഓടരുതെന്ന് പറഞ്ഞതല്ലേ ടാ പന്ന #@₹ മക്കളെ”
അമർഷത്തിടെ ഗൺ തിരികെ ഉറയിലേക്കിട്ടു അവൻ. രണ്ട് പേരുടെയും മുഖത്തേക്കൊന്ന് ടോർച്ച് തെളിയിച്ചു ആളെ നോക്കി. ശേഷം ഫോൺ കയ്യിലെക്കെടുത്ത് സ്ഥലം എസ് ഐ യുടെ നമ്പറിൽ കോൾ ചെയ്തു. കാര്യങ്ങൾ ധരിപ്പിച്ചു വേണ്ട നിർദേശങ്ങൾ നൽകി കോൾ കട്ട് ചെയ്ത് ഫോൺ പോക്കറ്റിലേക്കിട്ടു. ശേഷം അലറി കരയുന്ന യുവാക്കൾക്ക് അരികിലായി ഇരുന്നു.
” ടാ കോപ്പന്മാരെ.. കൊന്ന് കളഞ്ഞോടാ ആ പെണ്ണിനെ..”
അടങ്ങാത്ത ദേഷ്യത്തോടെ ഒരുവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു സാം.
“നെഞ്ചത്തൊന്നുമല്ലലോ കാലിൽ അല്ലേ.. കാട്ടിയ തന്തയില്ലായ്മയ്ക്ക് ഇച്ചിരി അനുഭവിക്ക്.. അടങ്ങി കിടന്നാൽ ഇപ്പോ ആംബുലൻസ് വരും ഹോസ്പിറ്റലിൽ പോയി കാലിലെ ഉണ്ട എടുക്കാം. ”
അത് പറയുമ്പോൾ അവന്റെ മിഴികളിലേക്ക് രോഷം ഇരച്ചു കയറുന്നുണ്ടായിരുന്നു. പക്ഷെ മറുപടിയൊന്നും പറയുവാനുള്ള സാഹചര്യത്തിലല്ലായിരുന്നു ആ രണ്ട് പേർ. അപ്പോഴാണ് സാം വീണ്ടും അർച്ചനയെ പറ്റി ഓർത്തത്.
” മൈ ഗോഡ്.. അർച്ചനാ.. താൻ എവിടാ.. ”
ചാടിയെഴുന്നേറ്റ് ചുറ്റുമൊന്ന് കണ്ണോടിച്ചു തിരികെ ആ മതിലിനരികിലേക്ക് വേഗത്തിൽ നടന്നടുത്തു അവൻ. പക്ഷെ അവളെ അവിടെയെങ്ങും കണ്ടില്ല.
” പേടിച്ചു വീട് പിടിച്ചോ പാവം.. ആപത്ത് വന്നാൽ പിന്നെ പേടിയുമില്ല ഒന്നുമില്ല.”
അവിടമാകെയൊന്ന് നോക്കി പതിയെ പിറുപിറുത്തു കൊണ്ട് തിരിഞ്ഞു അവൻ നേരെ കിണറിനരികിലേക്ക് ചെന്ന് ഉള്ളിലേക്ക് ടോർച്ച് അടിച്ചു നോക്കി. വെള്ളത്തിൽ ആ ശരീരം പാതി കാണുവാൻ കഴിയുമായിരുന്നു.
” പന്ന… മക്കള് കൊന്ന് കളഞ്ഞു പാവത്തിനെ ”
അമർഷത്തോടെ സാം ആ യുവാക്കൾക്ക് മുന്നിലേക്കെത്തി അവരെ കൊന്നു കളയാനുള്ള ദേഷ്യം ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും വേദനയിൽ പുളയുന്ന അവരെ പിന്നെ ഉപദ്രവിക്കുവാൻ തോന്നിയില്ല.
സമയം പിന്നെയും നീങ്ങി അപ്പോഴേക്കും സ്റ്റേഷനിൽ നിന്നും എസ് ഐ യുടെ നേതൃത്വത്തിൽ പോലീസുകാരും ആംബുലൻസും ഒക്കെ വന്നിരുന്നു. ആളും ബഹളവും ലൈറ്റും ഒക്കെ കണ്ടിട്ട് നാട്ടുകാരും പലവഴിക്കായി വന്ന് കൂടി.
” ബോഡി എത്രയും വേഗം എടുക്കാനുള്ള ഏർപ്പാട് ചെയ്യണം. റേപ്പ് ആൻഡ് മർഡർ ആകാനാണ് ചാൻസ്. അവന്മാരെ ഹോസ്പിറ്റലിലേക്ക് വിട് നമ്മുടെ ഒരു വണ്ടി കൂടി ഒപ്പം വിട്ടേക്ക്.. ”
എസ് ഐ ക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി സാം പതിയെ റോഡിലേക്ക് കയറി അപ്പോഴേക്കും വിവരം അറിഞ്ഞെത്തിയ മീഡിയാക്കാർ അവനെ വളഞ്ഞു.
” സാർ.. എന്താണ് സംഭവിച്ചത് സാർ എങ്ങിനെയാണ് അവരെ കീഴ്പ്പെടുത്തിയത് ”
” കിണറ്റിലേക്കിട്ട ബോഡി ഒരു സ്ത്രീയുടേതാണെന്ന് പറയപ്പെടുന്നു സാർ കൃത്യമായി കണ്ടിരുന്നോ ”
“കൊലയാളികളെ മുട്ടിനു താഴെ വെടി വച്ചു കീഴ്പ്പെടുത്തേണ്ടി വന്ന സാഹചര്യം എന്തായിരുന്നു ”
ചോദ്യ ശരങ്ങൾ തന്നെ അവന് തീരെ തൊടുത്തു അവർ.
” നോക്കു.. എന്റെ വീട് ഇവിടെ അടുത്താണ്. ഈ വഴി വീട്ടിലേക്ക് പോകവേ വളരെ യാദൃശ്ചികമായാണ് സംഭവം എന്റെ ശ്രദ്ധയിൽ പെട്ടത്. ഞാൻ നോക്കി നിൽക്കെയാണ് കൊലയാളികൾ ആ ബോഡി വെള്ളത്തിലേക്കിട്ടത്. പിന്നെ ഞാൻ ഒറ്റയ്ക്ക് ആയത് കൊണ്ട് തന്നെ അവര് രക്ഷപ്പെട്ടേക്കും എന്നൊരു ഘട്ടം വന്നപ്പോഴാണ് ഗൺ ഉപയോഗിക്കേണ്ടി വന്നത്. ബാക്കി വിവരങ്ങൾ ഒന്നും ലഭ്യമല്ല. ബോഡി ഉടൻ പുറത്തെടുക്കും ശേഷം ബാക്കി കാര്യങ്ങൾ അറിയിക്കാം ”
ചെറിയൊരു വിവരണം നൽകി മീഡിയാക്കരെ മറികടന്നു തന്റെ ജീപ്പിനരികിലേക്ക് പോയി സാം. ഒരു പക്ഷെ മറ്റൊരു രീതിയിൽ വ്യാഖ്യനിക്കപ്പെട്ടേക്കും ന്ന് കരുതി മനഃപൂർവം അവൻ അർച്ചനയുടെ കാര്യം മറച്ചു വയ്ക്കുകയായിരുന്നു. ജീപ്പിലേക്ക് കയറി ഇരിക്കവേ സാമിന്റെ ഫോൺ റിങ് ചെയ്‌തു. നാൻസിയായിരുന്നു
” എന്നതാ ഇച്ചായാ ഉണ്ടായേ.. ടീ വി യിൽ ലൈവ് വാർത്ത വരുന്നു. ഇച്ചായൻ ആരെയാ വെടി വച്ചേ.. ഇച്ചായനു പരിക്ക് എന്തേലുമുണ്ടോ.. ഇതൊക്കെ എപ്പോഴാ സംഭവിച്ചേ ”
അവളുടെ പക്കലും ചോദ്യങ്ങളുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു. പതിയെ ഫോണുമായി സീറ്റിലേക്ക് ചാഞ്ഞു സാം.
” എടോ താൻ ടെൻഷൻ ആകേണ്ട… ന്യൂസിൽ കണ്ടത് തന്നെയാണ് കാര്യം പിന്നെ എനിക്ക് പ്രശ്നം ഒന്നുമില്ല ഞാൻ വരാൻ ഇച്ചിരി വൈകും.. വന്നിട്ട് എല്ലാം വ്യക്തമായി പറയാം താൻ ഇപ്പോ വച്ചോ ബോഡി എടുക്കാനുള്ള തിരക്കിൽ ആണ്.”
അത്രയും പറഞ്ഞവൻ കോൾ കട്ട് ചെയ്തു. തൊട്ടു മുൻപ് നടന്നതൊക്കെയും അവിശ്വസനീയമായി തോന്നി സാമിന്. യാദൃശ്ചികമായി അർച്ചനയെ കണ്ടതും പിന്നെ നടന്ന സംഭവങ്ങളും എല്ലാം. പെട്ടെന്നു അർച്ചനയെ പറ്റി വീണ്ടും ഓർത്തു അവൻ.
‘ അവൾ വീട്ടിലേക്ക് എത്തിക്കാണുമോ.. അതോ ഇനി അപകടം എന്തേലും.. ‘
ചെറിയൊരു ആശങ്ക തോന്നാതിരുന്നില്ല സാമിന്. അപ്പോഴേക്കും എസ് ഐ വീണ്ടും അവന്റെ ജീപ്പിനരികിലെത്തി.
” സർ.. ബോഡി കിണറ്റിൽ നിന്നും കയറ്റുവാണ്. സാറൊന്ന് വന്നാൽ.. ”
“ആ ഓക്കേ ഞാൻ വരുവാ… പിന്നെ ആ മീഡിയാക്കാരെ തത്കാലം അടുപ്പിക്കേണ്ട. ”
നിർദ്ദേശം കേട്ട പാടെ എസ് ഐ തിരികെ നടന്നു. പതിയെ ജീപ്പിൽ നിന്നും പുറത്തേക്കിറങ്ങി വണ്ടിയിൽ ഇരുന്ന ഒരു ബോട്ടിൽ വെള്ളമെടുത്ത് അല്പം കുടിച്ച ശേഷം മുഖവും ഒന്ന് കഴുകി സാം. ശേഷം പതിയെ ഫാക്ടറി കോംമ്പോണ്ടിലേക്ക് നടന്നു.അതിനോടകം തന്നെ ആ ചെറുപ്പക്കാരെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിരുന്നു.
” രണ്ടും വെള്ളമാ സാറേ.. മാത്രമല്ല ഡ്രഗ്സ് ഉപയോഗിച്ചിട്ടുണ്ടോ എന്നും സംശയം ഉണ്ട്. ”
കിണറ്റിനരികിലേക്ക് നടക്കവേ എസ് ഐ സാമിനെ അനുഗമിച്ചു. ബോഡി അപ്പോഴേക്കും പുറത്തേക്കെടുത്തിരുന്നു.
“സാറേ ഒരു പെൺകുട്ടിയാണ്. ഒരു ഇരുപത്തഞ്ചു വയസ്സ് പ്രായം തോന്നിക്കും ”
കോൺസ്റ്റബിളിൽ ഒരാള് പറയുന്നത് കേട്ടു കൊണ്ടാണവർ അവിടെയെത്തിയത്. ഒരു പായിൽ പൊതിഞ്ഞാണ് ബോഡി പുറത്തെത്തിച്ചത്.
” ആ പായ ഒന്ന് മാറ്റിയെ.. ആളെ കാണട്ടെ.. ”
സാമിന്റെ നിർദ്ദേശ പ്രകാരം കിണറ്റിൽ ഇറങ്ങിയവർ തന്നെ ആ പായ അഴിച്ചു മാറ്റി. ഇരുട്ടിൽ മുഖം വ്യക്തമാകാൻ കയ്യിൽ ഇരുന്ന ടോർച്ച് ലൈറ്റ് പതിയെ ആ പെൺകുട്ടിയുടെ മുഖത്തേക്ക് അടിച്ചു സാം. അടുത്ത നിമിഷം വലിയൊരു നടുക്കത്തോടെ അവൻ പിന്നിലേക്ക് വേച്ചു പോയി.
” ഇ.. ഇത്… അർച്ചന.. ”
ആത്മഗതത്തോടെ ആ മുഖത്തേക്ക് തുറിച്ചു നോക്കി അവൻ.
‘ അതേ സിറ്റിയിൽ നിന്ന് തനിക്കൊപ്പം ജീപ്പിലേക്ക് കയറിയ അതേ പെൺകുട്ടി. അർച്ചന.. ഇവള്…ഇവളെങ്ങിനെ.. അപ്പോൾ തന്റെ ജീപ്പിൽ കയറിയത്… ‘
ആകെ നടുക്കമായി സാമിന് .
” സാർ ഈ പെൺകുട്ടിയെ എനിക്കറിയാം ഇവളുടെ മിസ്സിഗ് കേസ് ഒരു രണ്ട് മൂന്ന് മണിക്കൂർ മുന്നേ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് വന്ന കുട്ടിയാണ് ബസ് ഇറങ്ങിയ ശേഷം പിന്നെ വിവരമൊന്നും ഇല്ലാതായപ്പോ ആണ് വീട്ടുകാർ സ്റ്റേഷനിൽ വന്നത്. ഇവിടുന്ന് ഒരു പത്ത് കിലോമീറ്റർ അപ്പുറം വലിയകുളങ്ങര എന്നാ സ്ഥലത്തുള്ള കുട്ടിയാണ്.. പേര് അർച്ചന ”
എസ് ഐ വിവരിക്കവേ സാമിന്റെ നടുക്കം ഇരട്ടിയായി.
‘ അപ്പോൾ വീട് ഇവിടെയാണെന്ന് പറഞ്ഞത്. തന്നെ ഇവിടേക്ക് കൂട്ടിക്കൊണ്ട് വന്നത്… ‘
ആകെ ആശയക്കുഴപ്പത്തിലായി അവൻ. ആ മുഖത്തേക്ക് നോക്കും തോറും സാമിന്റെ നെഞ്ചിടിപ്പേറി
” നി.. നിങ്ങൾ ഫോർമാലിറ്റീസ് നോക്കിക്കോളൂ ”
പിന്നെ അവിടെ നിന്നില്ല. എസ് ഐ യെ കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചു തിരികെ ജീപ്പിനരികിലേക്ക് നടക്കുമ്പോൾ നിരവധി ചിന്തകൾ അവന്റെ ഉള്ളിലൂടെ മിന്നി മാഞ്ഞു. ഓടിയടുത്ത മീഡിയാക്കാരെ അവഗണിച്ചു കൊണ്ടവൻ വണ്ടിക്കുള്ളിലേക്ക് കയറി ഡോർ അടച്ചു.
‘ തന്റെ തൊട്ടരികിൽ കുറച്ചു മുന്നേ ഇരുന്ന പെൺകുട്ടി.. അവളെങ്ങിനെ….. അപ്പോൾ തനിക്കൊപ്പം വന്നത്..’
ഒന്നിനും മറുപടിയില്ലാതെ ഇരുന്നു സാം.
” ഒരുപക്ഷെ എന്നെ സഹായിക്കാൻ ആകും സാറിനെ ദൈവം ലേറ്റ് ആക്കിയത് ”
അവൾ പറഞ്ഞ ആ വാചകങ്ങളായിരുന്നു അവന്റെ കാതുകളിൽ മുഴങ്ങിയത്.
‘തന്നെ ദാരുണമായി കൊലപ്പെടുത്തിയവർ രക്ഷപ്പെടാതിരിക്കുവാൻ ഇനി അവൾ തന്നെ..’
ഒടുവിൽ അവിശ്വസനീയമാണെങ്കിലും ആ നിഗമനത്തിലേക്കെത്തിപ്പെട്ടു സാം. തന്നെ ഇവിടേക്കെത്തിച്ചത് അർച്ചനയായതിനാൽ തന്നെ അങ്ങിനെ ചിന്തിക്കാനേ കഴിയുമായിരുന്നുള്ളു.
” വീണ്ടും ഡി വൈ എസ് പി സാം അലക്സിന്റെ സമയോചിതമായ ഇടപെടൽ… ഇത്തവണ കുടുങ്ങിയത് ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി റേപ്പ് ചെയ്ത് കൊന്ന രണ്ട് കൊലയാളികൾ ”
രാത്രി ഏറെ വൈകിയിട്ടും മീസിയാസ് സാമിനെ പുകത്താനുള്ള തിരക്കിലായിരുന്നു.
അവന്റെ സമയോചിതമായ ഇടപെടലിൽ രണ്ട് കുറ്റവാളികൾ പിടിയിലായതിൽ ഏറെ അഭിമാനമുണ്ടെന്നാണ് ഡി. ജി. പി. സോഷ്യൽ മീഡിയ വഴി അറിയിച്ചത്.
ആ സമയം തന്റെ അനുഭവം നാൻസിയുമായി ഷെയർ ചെയ്തിരിക്കുകയായിരുന്നു സാം. ആദ്യം കേട്ടപ്പോൾ അവിശ്വസനീയമായി തോന്നിയെങ്കിലും പിന്നീട് ആലോചിച്ചപ്പോൾ ഒക്കെയും സത്യമാകാമെന്ന് അവളും വിലയിരുത്തി.
” ഇച്ചായാ നമ്മൾ ഈ സിനിമകളിൽ ഒക്കെ കാണാറില്ലേ.. ആത്മാവ് എന്നൊക്കെ അതുപോലൊരു സംഭവം ആകാം ഇത്. ആ കൊച്ച് തന്നെ അവളെ കൊന്നവരെ ഇച്ചായനു കാണിച്ചു തന്നു. എന്തായാലും നമുക്ക് നാളെ പള്ളി വരെ ഒന്ന് പോണം. ഇപ്പോ ഇച്ചായൻ സമാധാനമായി ഉറങ്ങ്. അവളെ ഉപദ്രവിച്ചവർ രക്ഷപ്പെട്ടില്ലലോ.. അത് തന്നെ വലിയ കാര്യം ”
നാൻസി പറഞ്ഞത് കേട്ട് പതിയേ അവളുടെ മടിയിലേക്ക് തല ചായ്ച്ചു സാം. പക്ഷെ എത്ര മറക്കാൻ ശ്രമിച്ചിട്ടും അർച്ചനയുടെ മുഖം അപ്പോഴും അവനെ അസ്വസ്ഥനാക്കുനുണ്ടായിരുന്നു.
‘കൊന്ന് കളഞ്ഞു പാവത്തിനെ.. ‘
ഒരു നോവായി മാറി ആ ചിന്ത..