(രചന: ശിവാനി കൃഷ്ണ)
ക്ലാസ്സ് കഴിഞ്ഞു വീട്ടിൽ എത്തിയപ്പോ തന്നെ ഉണ്ണിയേട്ടൻ വന്നിട്ടുണ്ട്ന്ന് അറിഞ് ബാഗ് ഉമ്മറത്തേക്ക് വെച്ചിട്ട് അവിടേക്ക് ഒരു ഓട്ടം ആയിരുന്നു…
ചെന്നപ്പോ അപ്പ വിളക്ക് വെയ്ക്കാൻ പൂ പിച്ചി നിപ്പുണ്ട്..
“അപ്പേ…”
“ആഹാ…വന്നോ കാന്താരി…നന്ദൂട്ടി ഇപ്പോ വരുല്ലോന്ന് ഞാൻ ഓർത്തേ ഉള്ളു…”
“ഈൗ…ഉണ്ണിയേട്ടൻ എവിടെ അപ്പേ”
“അവൻ മുകളിലുണ്ട്…അപ്രത്ത്ന്ന് ശീതൾ വന്നിട്ടുണ്ട്”
“ഓഹ്..”
വല്ലാത്ത കുശുമ്പും ദേഷ്യവും കലർന്ന വികാരത്തോടെയാണ് മുകളിലേക്ക് കയറിയത്…
ഞാൻ ഉണ്ണിയേട്ടന് ഉള്ളതാണെന്ന് ജനിച്ചപ്പോ തന്നെ വീട്ടുകാർ എല്ലാം കൂടി തീരുമാനിച്ചത് നാട്ടിലൊക്കെ പാട്ടാണ്..എന്നിട്ടും ഈ പെണ്ണ് എപ്പോഴും ന്റെ ഉണ്ണിയേട്ടന്റെ പിറകേ ആണ്… എനിക്ക് അവളെ കണ്ണിനു പിടിക്കില്ല…ജന്തു…
ഉണ്ണിയേട്ടന്റെ മുറിയുടെ വാതിക്കൽ എത്തിയപ്പോ തന്നെ അവൾടെ കൊഞ്ചൽ കേട്ടു..ഉള്ളിലെ ദേഷ്യം അടക്കിപിടിച്ചു അകത്തേക്ക് കയറിയതും അവിടെ കണ്ട കാഴ്ച എന്നെ തളർത്തി…പരസ്പരം ആലിംഗനബന്ധരായി നിൽക്കുന്ന ഉണ്ണിയേട്ടനും ശീതളും..
ശരീരത്തിലൊക്കെ എന്തെന്ന് അറിയാത്ത ഒരു വേദന പടർന്നു..അറിയാതെ തന്നെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി..പെട്ടെന്നാണ് ശീതൾ എന്നെ കണ്ടത്..എന്നെ നോക്കി പുച്ഛത്തോടെ ചിരിച്ചുകൊണ്ട് അവൾ ഒന്നുകൂടി ഉണ്ണിയേട്ടനെ ശക്തിയിൽ ചുറ്റിപിടിച്ചു…
ഇനിയും കണ്ട് നിന്നാൽ ഞാൻ പോലും അറിയാതെ ഉച്ചത്തിൽ കരഞ്ഞു പോകുമെന്ന് തോന്നിയപ്പോ തിരിഞ്ഞു നടന്നു…
അവിടെന്ന് ഇറങ്ങുമ്പോ അപ്പ എന്തൊക്കെയോ ചോദിക്കുന്നുണ്ടാരുന്നു…മനസ്സും ശരീരവും വേറെവിടെയോ ആയിരുന്നു..
എന്റെ ഉണ്ണിയേട്ടൻ…അവർ തമ്മിൽ സ്നേഹത്തിൽ ആയിരിക്കുമോ എന്ന് ഒരുവേള ചിന്തിച്ചു പോയി.. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് പറയാമായിരുന്നില്ലേ..
ഇതിപ്പോ ഒരു കുന്നോളം സ്വപ്നങ്ങൾ കാണിച്ചു തന്നിട്ട് വല്ലാത്ത ഒരു വേദനയും തന്നിട്ട് പോകുവാണോ കൃഷ്ണ…ഉണ്ണിയേട്ടൻ ഇല്ലാത്ത ഒരു ജീവിതം മരിച്ചു പോകും ഞാൻ…
വീട്ടിലേക്ക് പോകാൻ തോന്നിയില്ല.. കുന്നുംപുറത്തേക്ക് നടന്നു..മനസ്സ് അസ്വസ്ഥം ആകുമ്പോഴൊക്കെ നിക്ക് ആശ്വാസം ഏകുന്നത് ആ കുഞ്ഞ് കുന്നുംപുറം ആയിരുന്നു…വല്ലാത്ത ശാന്തത നിറഞ്ഞ ഒരിടം..കൂട്ടിനെന്ന പോലെ തണുത്ത ഇളംകാറ്റും…
സന്ധ്യയായിരുന്നു..എങ്കിലും അവിടേക്ക് തന്നെ പോയി…കരഞ്ഞു തളർന്ന് അവിടെ കിടക്കുമ്പോഴും നെഞ്ചിലെ വേദനക്ക് ശമനം കിട്ടാത്ത പോലെ.. വേണ്ട കരയണ്ടന്ന് ഓർത്ത് കണ്ണ് തുടച്ചു കഴിയുന്ന അതേ നിമിഷം തന്നെ വീണ്ടും കണ്ണുനീർ ഒലിച്ചിറങ്ങും…
പുൽനാമ്പിനോട് ഒട്ടിനിൽക്കുന്ന മഴത്തുള്ളിയെ കാണുന്തോറും അസൂയ തോന്നി…അവർ തമ്മിൽ പ്രണയമായിരിക്കും..പക്ഷേ……എത്ര നാൾ.. വൈകാതെ തന്നെ അവൾ അവനെ വിട്ട് പോകില്ലേ.. അവൻ പിന്നെ അവളെ ഓർക്കുമോ.. അവളെ കാത്തിരിക്കുമോ…
പ്രണയം വല്ലാത്തൊരു വികാരം ആണെന്ന് തോന്നി. കുറച്ച് നേരം കണ്ണടച്ച് കിടന്നു…കാലിൽ ഒരു നനുത്ത സ്പർശം അറിഞ്ഞപ്പോഴാണ് കണ്ണ് തുറന്നത്…
ഉണ്ണിയേട്ടൻ…പതിനഞ്ചാം വയസ്സിൽ തനിക്ക് വേണമെന്ന് പറഞ്ഞു വാശിപിടിച്ച് കരഞ്ഞ ആ കരിമണികൊലുസ്സ്…അതെന്റെ കാലിൽ ചുറ്റികൊണ്ട് ചുംബിക്കുന്ന ഉണ്ണിയേട്ടൻ…
എന്ത് പറയണം എന്ന് ചിന്തിക്കുന്നതിന് മുൻപേ കണ്ണ് വീണ്ടും നിറഞ്ഞു ഒഴുകാൻ തുടങ്ങി…കണ്ണടച്ച് കിടന്നു..അറിയണ്ട..എനിക്ക് സങ്കടം ആണെന്ന് അറിയണ്ട..
കുറച്ച് കഴിഞ്ഞു എന്റെ അടുത്ത് വന്ന് കിടന്നത് പോലെ തോന്നി..
“നന്ദൂ..”
“മ്മ്..”
“നന്ദൂട്ടാ…”
“മ്മ്..”
“ഇങ്ങോട്ട് നോക്ക് പെണ്ണേ…”എന്ന് പറഞ്ഞു എന്റെ മുഖം പിടിച്ചു തിരിച്ചപ്പോഴും ഞാൻ കണ്ണടച്ച് തന്നെ വച്ചു…
“അയ്യടാ…കണ്ണ് തുറക്കെടി ഉണ്ടക്കണ്ണി..”
കരഞ്ഞു കലങ്ങിയ കണ്ണും വീർത്ത കൺപോളകളും കണ്ടാകും ഉണ്ണിയേട്ടൻ ഒരു ഞെട്ടലോടെ ചാടി എഴുനേറ്റു..
“മോളെ..നന്ദൂ…എന്തിനാ…എന്തിനാ നീ കരയുന്നെ…”
“മ്മ്ഹ്…ഒന്നുല്ല”
“പറ നന്ദു…നിന്റെ ഉണ്ണിയേട്ടനല്ലേ ഞാൻ..ഏട്ടനോട് പറ..എന്താ ന്റെ നന്ദൂട്ടന് വിഷമം…ആരേലും എന്തേലും പറഞ്ഞോ..”
“ഉണ്ണിയേട്ടാ..”ഒരു കരച്ചിലോടെ ഞാൻ ആ നെഞ്ചിലേക്ക് വീണു പോയി..
“എന്താടാ..എന്ത്പറ്റി നിനക്ക്.. മ്മ്? “
വാത്സല്യത്തോടെ എന്റെ മുടിഴിയകളിൽ തഴുകുന്ന ഉണ്ണിയേട്ടനെ കണ്ടപ്പോൾ പണ്ടെങ്ങോ നഷ്ടമായ അച്ഛനെ ഓർമ വന്നു….
“നന്ദൂട്ടാ…എന്താടാ..”
“ഉണ്ണിയേട്ടാ…ശീതൾ..”
“ശീതളിന് എന്താ? “
“ശീതളിനെ ഉണ്ണിയേട്ടന് ഇഷ്ടാണോ? “
“പിന്നല്ലാതെ…ഒരുപാട് ഇഷ്ടാ..”
ഒരു പിടച്ചിലോടെ ഞാൻ ആ നെഞ്ചിൽ നിന്ന് അകന്ന് മാറി..വേണ്ട…ഒന്നും അറിയണ്ട… ഉണ്ണിയേട്ടന്റെ ഇഷ്ടം അല്ലേ..അത് നടക്കട്ടെ…
“മ്മ്…ഞാൻ..ഞാൻ പോകുവാ..ഇരുട്ടി.. “എന്ന് പറഞ്ഞു തിരിഞ്ഞു നടന്നതും എന്റെ കൈകളിൽ പിടി വീണു..
“അങ്ങനങ്ങു പോകാതെ….ഇവിടെ ഇരുന്നേ”ന്ന് പറഞ്ഞു എന്നെ മടിയിലേക്ക് വലിച്ചിട്ടു..
“എടി പൊട്ടിക്കാളി…അവൾ നമ്മടെ രണ്ട് പേർടേം അനിയത്തിക്കുട്ടിയല്ലേ..”
“എന്ത്”
“മ്മ്…നിന്റെ മാമന്റെ..എന്നുവച്ചാൽ എന്റെ അച്ഛന്റെ സ്വന്തം മകൾ..”
“ഉണ്ണിയേട്ടാ…”
“ആടീ…ശാരദാമ്മയുമായി അച്ഛന് ബന്ധം ഉണ്ടായിരുന്നെന്ന് വൈകി ആണ് ഞാനറിഞ്ഞത്…
മരിക്കും നേരവും അവളെ നോക്കണം എന്ന് മാത്രമാണ് എന്നോട് പറഞ്ഞത്…ആദ്യമൊക്കെ ദേഷ്യം ആയിരുന്നു..പക്ഷേ ഏട്ടാന്ന് ഉള്ള അവൾടെ വിളിയിൽ അലിഞ്ഞു പോകാവുന്ന ദേഷ്യമേ ഉണ്ടായിരുന്നുള്ളു..”
“അപ്പ..”
“അമ്മക്ക് അറിയാം..ആദ്യമൊക്കെ അക്സെപ്റ്റ് ചെയ്യാൻ പാടായിരുന്നു…അച്ഛൻ ഇങ്ങനൊരു ചതി ചെയ്യുമെന്ന് അമ്മ ഓർത്തിട്ടുണ്ടാവില്ല..ഇപ്പോ കുഴപ്പമില്ല..അവളോട് നല്ല സ്നേഹമാണ്..എങ്കിലും ആ വേദന ഉള്ളിൽ കാണും..”
“മ്മ്…”
“ഇനി നീ എന്തിനാ കരഞ്ഞതെന്ന് പറ”
“അത്..അതൊന്നുല്ല “
“ദേ പെണ്ണേ മര്യാദക്ക് പറഞ്ഞോ..ഇല്ലങ്കി ഇപ്പോ ഇടി വാങ്ങും നീ”
“അത് ഉണ്ണിയേട്ടാ..ഞാൻ വന്നപ്പോ നിങ്ങൾ അങ്ങനെ നിക്കുന്നത് ..”
“അതിനാണോ നീ ഇങ്ങനെ കിടന്ന് കരഞ്ഞത്….അയ്യേ…എന്നിട്ട് ഇപ്പൊ മാറിയോ സങ്കടം ഒക്കെ…”
“മ്മ്..എന്നാലും എന്നോട് പറയാരുന്നില്ലേ ഇതൊക്കെ…”
“അവളാ പറഞ്ഞേ പറയണ്ടെന്ന്…നിന്നെ കുശുമ്പ് കുത്തിക്കണം ന്ന് അവൾക്ക്”
“ഓഹോ..അപ്പോ ആങ്ങളയും പെങ്ങളും കൂടി ഒരുമിച്ചുള്ള പ്ലാൻ ആരുന്നല്ലേ”
“ഉയ്യോ…ന്റെ പൊന്നോ..അതിന് ഇനി എന്റെടുക്കെ പിണങ്ങല്ലേ…ഞാൻ ഒന്നും ചെയ്തില്ല..സത്യം”
“വേണ്ട..ഞാൻ മിണ്ടില്ല..”
“നന്ദൂസേ…ഇങ്ങനെ പിണങ്ങി ഇരിക്കാൻ ആണോ ഞാൻ ഇപ്പോ ഓടി വന്നത്..”
“മ്മ്ഹ്..വേണ്ട..പിണങ്ങണ്ട”ഞാൻ ആ നെഞ്ചിലേക്ക് കുറച്ച് കൂടി പറ്റിച്ചേർന്നു..
“അല്ല ഉണ്ണിയേട്ടാ…എന്നിട്ട് എവിടെ എന്റെ പെങ്ങളൂട്ടി..”
“വീട്ടിലുണ്ട്..നിന്നെ കൂട്ടികൊണ്ട് ചെല്ലാൻ പറഞ്ഞു വിട്ടതാ..”
“ആണോ…അവൾക്ക് ഞാൻ വെച്ചിട്ടുണ്ട്.. കുറുമ്പത്തി..”
“അതൊക്കെ പോട്ടെ..എനിക്ക് എന്താ വെച്ചേക്കുന്ന..”
“എന്ത്…” ഉണ്ണിയേട്ടന്റെ മുഖത്തേക്ക് നോക്കിയതും അറിയാതെ മുഖം കുനിഞ്ഞു പോയി…
ഒരു നേർത്ത ചുംബനത്തിലൂടെ ഉള്ളിലെ സ്നേഹം മുഴുവൻ പകർന്നു തരുമ്പോഴേക്കും ആ കരിമണി കൊലുസ്സ് ഞങ്ങളെ നോക്കി നാണത്തോടെ കണ്ണ് പൊത്തുന്നുണ്ടായിരുന്നു…