(രചന: Saji Thaiparambu)
അമ്മ ഒരുങ്ങുന്നില്ലേ ?
മാറ്റിനി തുടങ്ങാൻ സമയമായി ,അച്ഛനിപ്പോൾ വരുമെന്ന് പറഞ്ഞു
അമ്മയ്ക്കിന്ന് വയ്യ മോളേ,,
നാളെയായിരുന്നെങ്കിൽ അമ്മയും കൂടി വന്നേനെ
അയ്യോ അമ്മേ ഇന്ന് ലാസ്റ്റ് ഷോയാണ് ,നല്ല സിനിമയാണമ്മേ
ഇന്ന് ഞങ്ങടെ കൂട്ടുകാരികളും വരുന്നുണ്ടത്രേ
എങ്കിൽ നിങ്ങള് അച്ഛനും മക്കളുമായി പോയിട്ട് വാ
ഉം ശരിയമ്മേ ,, പിന്നേ പുറത്ത് നിന്നാണ് ഫുഡ് കഴിക്കുന്നതെന്ന് അച്ഛൻ പറഞ്ഞായിരുന്നു ,
ഞങ്ങൾക്ക് അത്താഴത്തിന് ഒന്നും കരുതണ്ടാട്ടോ
അതും പറഞ്ഞ് മക്കള് രണ്ട് പേരും തുള്ളിച്ചാടി മുറി വിട്ടു പോയപ്പോൾ രാധികയുടെ ഉള്ളിലെവിടെയോ ഒരു നൊമ്പരം തിങ്ങി
ഇത് വരെ എല്ലാ സിനിമയ്ക്കും ഔട്ടിങ്ങിനുമൊക്കെ പോയിരുന്നത് തങ്ങൾ നാല് പേരും ഒരുമിച്ച് തന്നെ ആയിരുന്നു ,ഇപ്പോൾ താനില്ലാതെയും അവർക്ക് പോകാൻ മടിയില്ലെന്ന് മനസ്സിലായി ,ഭർത്താവിനും മക്കൾക്കും തന്നോടുള്ള സ്നേഹം ഇത്രയൊക്കെയുള്ളു,,
രാധികയ്ക്ക് സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു
സിനിമയും കണ്ട് പുറത്തൂന്ന് ഭക്ഷണവും കഴിച്ച് ഭർത്താവും മക്കളും തിരിച്ചു വന്നപ്പോൾ രാധിക കിടക്കുകയായിരുന്നു
അടിപൊളി സിനിമയായിരുന്നമ്മേ
കണ്ടില്ലെങ്കിൽ നഷ്ടമാകുമായിരുന്നു
മൂത്തവൾ ഗോപിക പറഞ്ഞു
ഫുഡും സൂപ്പറായിരുന്നമ്മേ ഇത് വരെ നമ്മള് കഴിക്കാത്ത ഒരു വെറൈറ്റി ഫുഡായിരുന്നു
ഇളയവൾ ദീപികയും അതീവസന്തോഷത്തിലായിരുന്നു
അപ്പോൾ നിങ്ങള് അച്ഛനും മക്കളും സിനിമയും കണ്ട് ഫുഡും കഴിച്ച് അടിച്ച് പൊളിച്ചല്ലേ?
രാധിക നിരാശയോടെ ചോദിച്ചു
ഇല്ലമ്മേ അച്ഛൻ സിനിമയും കണ്ടില്ല ഫുഡും കഴിച്ചില്ല ,ഞങ്ങളെ കൂട്ടുകാരികളോടൊപ്പം ടിക്കറ്റെടുത്ത് അകത്ത് കയറ്റിയിട്ട് അച്ഛൻ പുറത്തിരിക്കുവായിരുന്നു, ചോദിച്ചപ്പോൾ പറഞ്ഞത് അച്ഛന് കരച്ചില് വരുന്ന സിനിമ ഇഷ്ടമില്ലാത്തത് കൊണ്ടാണെന്നാണ് ,
അത് പോലെ ഫുഡ് കഴിക്കാതിരുന്നത് വയറിന് സുഖമില്ലാത്തത് കൊണ്ടാണെന്നും പറഞ്ഞു, എന്തായാലും ഞങ്ങൾക്കിന്ന് ഒരടി പൊളി ദിവസമായിരുന്നു
കുട്ടികൾ സന്തോഷത്തോടെ അവരുടെ മുറിയിലേയ്ക്ക് പോയപ്പോൾ ദേവൻ ,രാധികയുടെ അടുത്തേയ്ക്ക് വന്നു
നിനക്കിപ്പോൾ വയറ് വേദന കുറവുണ്ടോ?
ഉം ചെറിയ ആശ്വാസമുണ്ട് ,അല്ലാ നിങ്ങളെന്താ സിനിമ കാണാതിരുന്നത് ഫുഡും കഴിച്ചില്ലെന്ന് കുട്ടികള് പറഞ്ഞു
ഓഹ് അതോ? എടോ കല്യാണത്തിന് ശേഷം താനില്ലാതെ ഞാനേതെങ്കിലും ഫിലിമിന് പോയിട്ടുണ്ടോ? പിന്നെ ഫുഡിൻ്റെ കാര്യം ,
താനിവിടെ വയറ് വേദനയെടുത്ത് കിടക്കുമ്പോൾ എനിയ്ക്കെന്തോ വിശപ്പ് തോന്നിയില്ല, ഇന്ന് ഔട്ടിങ്ങിന് പോകാമെന്ന്,കുട്ടികളോട് നേരത്തെ വാക്ക് പറഞ്ഞ് പോയത് കൊണ്ട്, അവരുമായി പോയെന്നേയുള്ളു,,,
അത് കേട്ട് രാധികയുടെ ഹൃദയം ആർദ്രമായി
മക്കൾക്കില്ലെങ്കിലെന്താ? തൻ്റെ പാതിക്ക് തന്നോട് സ്നേഹമുണ്ടല്ലോ?
എനിയ്ക്കത് മതിയെൻ്റെ കൃഷ്ണാ,,,
NB :-അതേ എത്രയൊക്കെ സൗന്ദര്യ പിണക്കങ്ങളുണ്ടായാലും കലഹിച്ചാലും അവസാന ശ്വാസം വരെ സ്വന്തം പാതി മാത്രമേ കൂടെയുണ്ടാവൂ, കാരണം സ്നേഹമുള്ള ദമ്പതികൾക്കിടയിൽ മറ്റൊരു ചോയിസില്ല, അവരെന്നും പരസ്പരം ആശ്രയിച്ച് കൊണ്ടിരിക്കും