വിസ ഏജന്റ്
(രചന: സോണി അഭിലാഷ്)
ഫോൺ ബെല്ലടിക്കുന്നത് കേട്ട് കൊണ്ടാണ് രേവതി വന്ന് നോക്കിയത്. ഡിസ്പ്ലേയിൽ പ്രമോദിന്റെ പേര് തെളിഞ്ഞതും അവൾ കോൾ എടുത്തു.
” എവിടെയായിരുന്നു ഇതുവരെ..? ”
” അത് പിന്നെ ഏട്ടാ ഞാൻ അമ്മയ്ക്ക് മരുന്ന് കൊടുക്കുകയായിരുന്നു.””
” ആണോ സിയമോൾ എവിടെ ഉറങ്ങിയോ..? ”
” ഏയ് ഇല്ലാ..അവൾ അവിടെ അമ്മയുടെ കൂടെ കഥയും പറഞ്ഞിരിപ്പുണ്ട്..”
” മ്മ്.. വല്ലതും കഴിച്ചോ നീ..? ”
” ഇല്ലാ ഏട്ടന്റെ ഫോൺ വന്നിട്ട് കഴിക്കാം എന്ന് വിചാരിച്ചു.. ഏട്ടൻ എന്തെങ്കിലും കഴിച്ചോ..? ”
” മ്മ് ഇന്ന് ഒരു ബിരിയാണി വാങ്ങിച്ചു ഇപ്പോ കഴിക്കാൻ തുടുങ്ങുന്നേ ഉള്ളു..”
അത് പറഞ്ഞിട്ട് പ്രമോദ് മുന്നിലെ പാത്രത്തിൽ ഇരിക്കുന്ന കുബൂസിലേക്കും പരിപ്പ് കറിയിലേക്കും നോക്കി.
” വീട്ടിൽ നിന്നും ആരെങ്കിലും വിളിച്ചോ എന്താ അവിടെ വിശേഷങ്ങൾ ”
” അമ്മ വിളിച്ചായിരുന്നു വിശേഷം ഒന്നുമില്ല ഏട്ടനെ അന്വേഷിച്ചതായി പറയാൻ പറഞ്ഞു.”
” മ്മ് എന്നാ രേവതിക്കുട്ടി പോയി കഴിച്ചിട്ട് കിടക്കു എനിക്ക് നാളെ നേരത്തെ പോണം ”
” ശരിയേട്ടാ നാളെ വിളിക്കില്ലേ..”
” മ്മ് വിളിക്കാം അമ്മയോട് പറഞ്ഞേക്കു ”
അത് പറഞ്ഞിട്ട് അവൻ ഫോൺ വെച്ചു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അവനെ തന്നെ നോക്കിയിരിക്കുന്ന കൂടെ താമസിക്കുന്ന അവൻ ഇക്കയെന്ന് വിളിക്കുന്ന സലീമിനെയാണ് അയാൾ അവിടെ അടുത്തുള്ള ഒരു മാർക്കറ്റിലെ ഡ്രൈവർ ആണ്.
” നീയെന്തിനാടാ ആ കൊച്ചിനോട് എന്നും ഇങ്ങനെ നുണ പറയാണത്..? ”
” പിന്നെ ഞാൻ എന്താ പറയേണ്ടത് ഇക്ക അക്കൗണ്ടന്റ് ആയി ജോലിക്ക് വന്ന ഞാൻ വിസ തട്ടിപ്പിൽ ഇരയായി ജോലി നഷ്ടപ്പെട്ട് നിങ്ങളുടെ കാരുണ്യത്തിലാണ് ജീവിക്കുന്നത് എന്നോ ഒരു വരുമാനവും ഇല്ലാതെ മുറിയിൽ വെറുതെ ഇരിക്കുകയാണെന്നോ ”
” അത് അവൾക്ക് അറിയാവുന്ന കാര്യം അല്ലെടാ ജോലി നല്ലത് വേറെ കിട്ടും.. നീ കഴിക്ക് ”
അയാൾ പ്രമോദിനെ ആശ്വസിപ്പിച്ചു. കഴിച്ച ശേഷം അവർ കുറച്ചു നേരം കൂടെ സംസാരിച്ചിരുന്നു.
കിടന്നിട്ടും പ്രമോദ് ഓരോ ജോലിയുടെ ഒഴിവുകൾ നോക്കി കൊണ്ടിരുന്നു.
എറണാകുളത്ത് ആലുവയിലാണ് പ്രമോദിന്റെ വീട് അമ്മയും അച്ഛനും അടങ്ങുന്ന ഒരു ചെറിയ വീട്. അന്നന്ന് അധ്വാനിച്ചു കിട്ടുന്നത് കൊണ്ട് ജീവിച്ചിരുന്നെതെങ്കിലും പ്രമോദിന് നല്ല വിദ്യാഭ്യാസം നൽകാൻ ആ മാതാപിതാക്കൾ ശ്രെദ്ധിച്ചിരുന്നു.
അവരുടെ സ്വപ്നങ്ങൾക്ക് അനുസരിച്ചു പഠിച്ചു ഒരു അക്കൗണ്ടന്റ് ആകുക എന്നത് അവന്റെ സ്വപ്നമായിരുന്നു.
അത് നേടിയെടുത്ത ശേഷം അടുത്തുള്ള ഒരു ഓഫീസിൽ ജോലി കിട്ടി രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് രേവതി അവന് കൂട്ടായി വരുന്നത് അവിടെ അടുത്തു തന്നെയുള്ള ഒരു പ്രൈവറ്റ് സ്കൂളിലെ അധ്യാപികയായിരുന്നു രേവതി.
സന്തോഷകരമായ അവരുടെ ജീവിതത്തിലേക്ക് അതിലും സന്തോഷം നൽകി കൊണ്ട് സിയമോൾ കടന്നു വരുന്നത്.പിന്നെയും മൂന്ന് വർഷങ്ങൾ കടന്നുപോയി അതിനിടയിൽ പ്രമോദിന്റെ അച്ഛൻ മരിച്ചു.
കാര്യങ്ങൾ അങ്ങനെ പോകുന്ന സമയത്താണ് പ്രമോദിന് മസ്ക്കറ്റിലൊരു കമ്പനിയിലേക്ക് അക്കൗണ്ടന്റിനെ വേണം എന്ന് പറഞ്ഞുകൊണ്ട് വിസ ഏജന്റ് ആയ തമ്പി സമീപിക്കുന്നത്. ഗൾഫിൽ ഒരു ജോലി എന്നും അവന്റെ സ്വപ്നമായിരുന്നു.
വീട്ടിൽ പറഞ്ഞപ്പോൾ അതൊരു നല്ല കാര്യം ആണെന്ന് പറഞ്ഞു രേവതിയും അമ്മയും അവനെ പ്രോത്സാഹിപ്പിച്ചു.
വീടിന്റെ ആധാരം ബാങ്കിൽ പണയം വെച്ച്
ലോൺ എടുത്ത പൈസ ഏജന്റിന് കൊടുത്തു.. കമ്പനിയുടെ കുറച്ചു പ്രതിനിധികൾ അവനെ ഇന്റർവ്യൂ ചെയ്തു അതെല്ലാം പാസ്സായ പ്രമോദ് മസ്കറ്റിലേക്ക് വിമാനം കയറി.
ജോലിക്ക് കയറി വലിയ കുഴപ്പമില്ലാതെ ദിവസങ്ങൾ കടന്നുപോയി പക്ഷേ വൈകാതെ തന്നെ പ്രമോദ് ഒരു കാര്യം മനസിലാക്കി എപ്പോൾ വേണമെങ്കിലും മുങ്ങിപോകാവുന്ന ഒരു കമ്പനിയിലാണ് താൻ ലക്ഷങ്ങൾ കൊടുത്തു ജോലിക്ക് എത്തിയതെന്ന്.
അതും കോൺട്രാക്ട് വിസയിൽ. മസ്കറ്റിൽ എത്തി ആറു മാസം കഴിയുമ്പോൾ സ്ഥിരം വിസ നൽകും എന്നായിരുന്നു ഏജന്റ് അവനോട് പറഞ്ഞത് വന്നു ആറു മാസം കഴിഞ്ഞപ്പോൾ ഒരു വർഷത്തെ വിസ കമ്പനി വിനോദിന് നൽകി.
വലിയ പ്രതീക്ഷയോടെ വന്നിട്ട് ഇപ്പോൾ നിരാശ മാത്രമാണ് ബാക്കിയാകുന്നത് എന്ന തിരിച്ചറിവ് അവനെ വല്ലാത്തൊരു മാനസികാവസ്ഥയിൽ എത്തിച്ചു.
എല്ലാം അറിഞ്ഞു കൊണ്ട് ആ ഏജന്റ് തന്നെ ലക്ഷങ്ങൾ വാങ്ങി ഈ വിസ തന്ന് പറ്റിച്ചത് അവന് സഹിക്കാവുന്നതിലും അധികമായിരുന്നു.
പിന്നീട് പലരെയും ആ ഏജന്റ് ഇതുപോലേ വിസ കൊടുത്ത് ആ കമ്പനിയിൽ കൊണ്ടുവന്നു പറ്റിച്ചിട്ടുണ്ടെന്ന് പ്രമോദിനു മനസിലായി.
മലയാളിയുടെ ഉടസ്ഥതയിൽ ഉള്ളതായിരുന്നു ആ കമ്പനി അയാൾ വേറെ രാജ്യത്താണ് താമസിക്കുന്നത്. കമ്പനിയുടെ മാനേജർ അയാളുടെ ഭാര്യയുടെ ആങ്ങള ആയിരുന്നു.
അയാൾ പല വെട്ടിപ്പും തട്ടിപ്പും നടത്തി കമ്പനിയെ കടത്തിൽ ആക്കി.. അത് നികത്താനായി ഇത്പോലെ ഉള്ള ഏജന്റ്മാരെ കൂട്ട് പിടിച്ചു വിസ കൊടുത്ത് മസ്കറ്റിൽ എത്തിച്ചു പൈസ തട്ടലായിരുന്നു ലക്ഷ്യം.
വീട്ടിൽ വിളിക്കുമ്പോഴെല്ലാം അതിനെ കുറിച്ചുള്ള കാര്യങ്ങൾ അവരുമായി പ്രമോദ് പങ്കു വെച്ചിരുന്നു. രേവതിയോട് ചിലപ്പോൾ അവൾക്ക് കിട്ടുന്ന പൈസ കൊണ്ട് വീട്ടിലെ കാര്യങ്ങൾ നടത്തേണ്ടി വരും എന്നെല്ലാം അവൻ പറഞ്ഞു മനസിലാക്കി.
ഒരുപാട് ഇല്ലങ്കിലും ഏജന്റ്നു കൊടുക്കാൻ എടുത്ത ബാങ്ക് ലോൺ അവനൊരു ബാധ്യത ആയിരുന്നു.
താമസിയാതെ തന്നെ ചതി മനസിലാക്കിയ ഉടമസ്ഥൻ എല്ലാവരെയും പിരിച്ചു വിട്ടു. കമ്പനി മറ്റൊരാൾക്ക് വിറ്റു..
ജോലിക്കാരുടെ അഭ്യർത്ഥന കാരണം ഇപ്പോൾ ഉള്ള വിസയിൽ രണ്ട് മാസം നിന്നുകൊണ്ട് പുതിയ ജോലിക്ക് ശ്രെമിക്കാൻ പറഞ്ഞു. ജോലി കിട്ടിയില്ലെങ്കിൽ വിസ തീരുമ്പോൾ നാട്ടിലേക്ക് തിരിച്ചു പോകണം അല്ലാതെ വിസയില്ലാതെ ഇവിടേ നിന്നിട്ട് ഉണ്ടാകുന്ന ഒരു നിയമ നടപടിക്കും കമ്പനിക്ക് ഒരു ഉത്തരവാദിത്തവും ഉണ്ടാവില്ല എന്നും അയാൾ തീർത്ത് പറഞ്ഞു.
പകൽ മുഴുവനും ജോലി അന്വേഷിച്ചു നടന്ന് നിരാശയോടെ പ്രമോദ് മുറിയിൽ എത്തിയപ്പോൾ സലിം അവിടെ ഉണ്ടായിരുന്നു.
” എന്തായാടാ ഇന്ന് പോയിട്ട്..? ”
” എന്റെ ഇക്ക ഒന്നും ശരിയായില്ല.”
നിരാശ നിറഞ്ഞ പ്രമോദിന്റെ വാക്കുകൾ കേട്ട സലിം അവനോട് പറഞ്ഞു എല്ലാം ശരിയാകും.
അങ്ങനെ ജോലി തേടി നടന്നു പ്രമോദിന്റെ ദിവസങ്ങൾ പോയി കൊണ്ടിരുന്നു.
ഒരു ദിവസം സലീം മാർക്കറ്റിൽ ചെന്നപ്പോൾ വലിയ തിരക്ക് ഇല്ലായിരുന്നു.. വല്ലപ്പോഴും ആണ് ഇങ്ങനെയുള്ള ദിവസങ്ങൾ ഉണ്ടാകുന്നത്.. അയാൾ വേഗം അവിടെ തന്നെയുള്ള മലയാളിയായ ഹൈദറിന്റെ കടയിലേക്ക് നടന്നു. അവിടെ ചെന്നപ്പോൾ ഹൈദർ അവിടെ ഉണ്ടായിരുന്നു.
അത് സാമാന്യം വലിയൊരു കടയായിരുന്നു. ഓർഡർ അനുസരിച്ചു സാധനങ്ങൾ വീട്ടിൽ എത്തിച്ചു കൊടുക്കുകയും ചെറിയ കടക്കാർക്ക് മൊത്തമായും ചില്ലറയായും അവിടന്ന് സാധനങ്ങൾ വാങ്ങാൻ പറ്റുമായിരുന്നു.സലീം കടയിലേക്ക് ചെന്നപ്പോൾ ഹൈദർ വിശേഷങ്ങൾ ചോദിച്ചു.
” ങ്ഹാ ഇതാര് സലീമാ.. ഇരിക്ക് നിന്നെ കണ്ടിട്ട് കുറച്ചായല്ലോ.. എന്താ വിശേഷം.. ഇന്ന് ഓട്ടം കുറവായിരുന്നോ..” ?
” ങ്ഹാ ഇന്ന് ഓട്ടം കുറവായിരുന്നു.. പിന്നെ എങ്ങനെ പോകുന്നു നിന്റെ കച്ചവടം ഒക്കെ ”
” കുഴപ്പമില്ല.. ഇവിടെ ഇപ്പോൾ രണ്ട് ജോലിക്കാരെ ഉള്ളു ഒരാളെ കൂടെ എടുക്കേണ്ടി വരുന്ന അവസ്ഥയാണ് രണ്ടുപേരും സാധനങ്ങൾ വീട്ടിൽ എത്തിച്ചു കൊടുക്കാൻ പോയാൽ ഞാൻ മാത്രമേ ഉള്ളു.. വരുന്ന കസ്റ്റമറേയും ഫോൺ കോളുകളും ഒന്നിച്ചു കൊണ്ടുപോകാൻ പാടാണ്.. നിന്റെ പരിചയത്തിൽ ആരെങ്കിലും ഉണ്ടോ..”
സലീം ഒരു നിമിഷം ആലോചിച്ചു നിന്നു എന്നിട്ട് പറഞ്ഞു..
” ഹൈദറേ ഒരാളുണ്ട് ജോലിയില്ലാതെ എന്റെ മുറിയിൽ..”
അതാരാ അങ്ങനെയൊരാൾ ഹൈദർ ചോദിച്ചു. അതുകേട്ടു സലീം പ്രമോദിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അയാളോട് പറഞ്ഞു അത് കേട്ട് ഹൈദർ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു..
” നീയൊരു കാര്യം അവനോട് കാര്യം പറയ് എന്നിട്ട് താല്പര്യം ഉണ്ടെങ്കിൽ നാളെ കൂട്ടികൊണ്ട് വാ. ”
” ശരി ഞാൻ അവനുമായി ഒന്ന് സംസാരിച്ചു നോക്കട്ടെ. ”
സലീം രാത്രി വരുമ്പോൾ പ്രമോദ് ജോലിയുടെ ഒഴിവുകൾ നോക്കികൊണ്ട് മുറിയിൽ ഉണ്ടായിരുന്നു. അയാൾ വേഗം പോയി ഒന്ന് കുളിച്ചിട്ട് വന്നു..എന്നിട്ട് അവിടെ കിടന്നിരുന്ന ഒരു കസേര എടുത്തു പ്രമോദിന്റെ അടുത്തിട്ടിട്ട് അതിലിരുന്നു.
” പ്രമോദേ ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് ദേഷ്യം വരോ..? ”
” അതെന്തിനാ എനിക്ക് ദേഷ്യം വരുന്നത് ഇക്ക പറയ്..”
” ഞാൻ വണ്ടി ഓടിക്കുന്ന മാർക്കറ്റിൽ ഒരു കടയുണ്ട് അവിടെ സാധനങ്ങൾ കൊണ്ടു കൊടുക്കാൻ ഒരാളെ വേണമെന്ന് പറഞ്ഞു നിനക്ക് തൽകാലം അവിടെ ജോലിക്ക് നിക്കാമോ..”
സലീമിന്റെ ആ വാക്കുകൾ വേനലിൽ പെയ്ത മഴയായി അവന്റെ മനസിൽ പെയ്തിറങ്ങി.
” അതിനെന്താ ഇക്ക നാളെ തന്നെ പോകാം ”
അവൻ സന്തോഷത്തോടെ പറഞ്ഞു.
” അല്ല നിന്റെ പഠിത്തത്തിന് അനുസരിച്ചു ഇത് അത്ര നല്ല ജോലിയല്ലല്ലോ അതാണ് ഒരു പ്രശനം.”
” അതൊന്നും ഒരു പ്രശനം അല്ല ഇക്ക. ഇപ്പോ എനിക്കൊരു ജോലിയാണ് വേണ്ടത് അത് ചെറുതോ വലുതോ എന്നത് ഒരു പ്രശ്നമല്ല.”
” എന്നാ നാളെ രാവിലെ എന്റെ കൂടെ പോന്നോ ഒന്നിച്ചു പോകാം.”
” ശരി ഇക്ക ഞാൻ ഇതൊന്നു വീട്ടിലേക്ക് വിളിച്ചു പറയട്ടെ.”
” എടാ രാവിലെ പറയാം.. ഇപ്പോൾ അവരൊക്കെ ഉറങ്ങിക്കാണും.. സമയം എത്രയായെന്ന് നോക്കിയേ ” സലീം പറഞ്ഞു.
” ഏയ് അത് സാരമില്ലിക്കാ ഇപ്പോൾ തന്നെ പറയാം..”
അവൻ വേഗം ഫോണെടുത്തു രേവതിയെ വിളിച്ചു. ബെല്ലടിച്ചു തീരുന്നതിനു മുൻപ് തന്നെ അവൾ ഫോണെടുത്തു.
” എന്താ ഏട്ടാ ഈ സമയത്തൊരു വിളി.. ഇത് പതിവില്ലല്ലോ.? ”
” ഞാൻ ഒരു കാര്യം പറയാനാണ് വിളിച്ചത് ”
” എന്താ ഏട്ടാ ”
” തൽക്കാലം സലീമിക്ക ഒരു ജോലി ശരിയാക്കിയട്ടുണ്ട് ഇവിടെ ഒരു കടയിലാണ് സാധനങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്ന ജോലിയാണ്.”
” അത് വേണോ ഏട്ടാ..ഒന്നും ശരിയായില്ലെങ്കിൽ ഇങ്ങോട്ട് തിരിച്ചു പോര് ഇവിടെ എന്തെങ്കിലും ജോലി നോക്കാം.”
” അങ്ങിനെ പറഞ്ഞാൽ എങ്ങിനെ ശരിയാകും പെണ്ണേ. ബാങ്കിലെ ലോൺ ഒരു ബാധ്യത അല്ലേ. പിന്നെ ലക്ഷങ്ങൾ കൊണ്ടുപോയി വിസ തട്ടിപ്പുകാരാന് കൊടുത്തത് അറിഞ്ഞാൽ നാട്ടുകാർക്ക് കളിയാക്കാൻ അത് മതി.”
” എന്നാലും ഇത്രയും പഠിച്ചിട്ട് ഈ ജോലി എന്ന് പറയുമ്പോ എന്തോ ഒരു വിഷമം പോലെ..” രേവതി പറഞ്ഞു.
” എന്നേലും പഠിപ്പുള്ളവർ പോലും ഇതുപോലെ ജോലി ചെയുന്നുണ്ടിവിടെ. നമുക്കു ഇപ്പോ ലോൺ അടക്കാൻ ഒരു വരുമാനം വേണം ലക്ഷങ്ങൾ കൊണ്ടുപോയി ആ വിസ തട്ടിപ്പുകാരന് കൊടുത്തു ഇനി പറഞ്ഞിട്ട് കാര്യമില്ല. ശരി നീ കിടന്നോ നാളെ രാവിലെ പോണം ”
പിറ്റേദിവസം രാവിലെ പ്രമോദ് സലീമിനൊപ്പം കടയിലേക്ക് പോയി.. പോകുന്ന വഴിക്ക് അയാൾ പ്രമോദിനോട് പറഞ്ഞു..
” ആ കട നടത്തുന്ന ഹൈദർ കുറച്ച് ദേഷ്യക്കാരൻ ആണ് അതുകൊണ്ട് നീ നോക്കി വേണം നിൽക്കാൻ പ്രമോദ് അയാൾ എന്ത് പറഞ്ഞാലും തൽക്കാലം ഒരു ചെവി കൂടി കേട്ട് മറ്റേ ചെവി കൂടെ കളഞ്ഞേക്കണം നിനക്ക് ഒരു ജോലി അത്യാവശ്യമാണ് അതുകൊണ്ടാണ് ഞാൻ ഈ പറയുന്നത് ”
” അതൊന്നും സാരമില്ല ഇക്കാ എന്താണെങ്കിലും എന്ത് പറഞ്ഞാലും ഞാൻ കേട്ടു നിന്നോള്ളാം…കാരണം എനിക്ക് ഒരു ജോലി ആവശ്യമാണ് ബാങ്കിലെ ലോണ് വീട്ടിലെ കാര്യങ്ങളൊക്കെ കഷ്ടത്തിലാണ് അവളുടെ ഒരു വരുമാനം കൊണ്ട് വീട്ടിലെ കാര്യങ്ങൾ എല്ലാം ഓടുല്ല.”
” എനിക്കറിയാവുന്ന കാര്യമല്ലേ ഇവിടെ പിടിച്ചു നിൽക്ക് വേറെ എവിടെയെങ്കിലും കിട്ടുമ്പോൾ നമുക്ക് അങ്ങോട്ട് മാറാം തത്കാലം ഇതൊരു ഒരു പിടിവള്ളി ആയിട്ട് കൊണ്ട് നടക്കു.. ”
അങ്ങനെ അവർ മാർക്കറ്റിലേക്ക് ചെന്നു നേരെ സലീം പ്രമോദിനേയും കൂട്ടി ഹൈദറിന്റെ അടുത്തെത്തി..
” ഹൈദർ ഇതാണ് ഞാൻ പറഞ്ഞ ആൾ ”
സലിം പറയുന്നത് കേട്ട് ഹൈദർ പ്രമോദിനെ ഒന്ന് നോക്കി..
” എന്താ നിന്റെ പേര്?
” പ്രമോദ് ”
” നിനക്ക് നല്ല പഠിപ്പൊക്കെ ഉണ്ടെന്ന് പറഞ്ഞു ജോലി എന്താണെന്ന് നിനക്കറിയാമല്ലോ. ജോലിയുടെ കാര്യത്തിൽ എനിക്ക് നല്ല കൃത്യ നിഷ്ഠയുണ്ട് അതുകൊണ്ട് ജോലിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും ഞാൻ തയ്യാറല്ല.. നൂറു ശതമാനം സത്യസന്ധതയാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” അയാൾ പറഞ്ഞു.
” ആ കാര്യം ഓർത്തു നീ വേവലാതിപ്പെടേണ്ട ഹൈദറേ..പ്രമോദ് വന്ന കാലം മുതൽ എനിക്കറിയാവുന്നതാണ് ജോലിയിൽ അവൻ നൂറു ശതമാനം സത്യസന്ധതയും ആത്മാർത്ഥതയും കാണിക്കും.. ”
സലീം അവനെ സപ്പോർട്ട് ചെയ്തു
” എന്നാൽ നിനക്ക് കൊള്ളാം.. ”
അത് പറഞ്ഞിട്ട് അകത്തേക്ക് വിളിച്ചപ്പോൾ ഒരു പയ്യൻ ഇറങ്ങി വന്നു എന്നിട്ട് പ്രമോദിനെ പരിചയപ്പെടുത്തി കൊടുത്തിട്ട് പറഞ്ഞു
” ഇത് പുതിയതായി കടയിലേക്ക് വന്ന ആളാണ് എല്ലാ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കി കൊടുക്ക്.. അടുത്ത ഓർഡർ കൊടുക്കാൻ പോകുമ്പോൾ ഇവനെയും കൂടെ കൂട്ടിക്കോ കാര്യങ്ങൾ പഠിക്കട്ടെ.. ”
പ്രമോദിനെ കൂടാതെ വേറെ രണ്ടുപേരും കൂടെ ഉണ്ടായിരുന്നു ആ കടയിൽ ഒരാൾ മലയാളിയും ഒരാൾ ഹിന്ദിക്കാരനും കോഴിക്കോട്കാരനായ സമദ് ഡൽഹിക്കാരനായ സിക്കന്ദർ അവരുമായി അവൻ വേഗം ചങ്ങാത്തത്തിലായി..
അന്ന് വന്ന കുറച്ചു ഓർഡറുകൾ കൊടുക്കാൻ പ്രമോദ് അവരുടെ കൂടെ പോയി..പിന്നെ ഹൈദർ പറഞ്ഞത് അനുസരിച്ചു ഫോണിലേക്ക് വന്ന ഓർഡറുകൾ പേരും അഡ്രസ്സും ഫോൺ നമ്പർ സഹിതം ബുക്കിലേക്ക് എഴുതി വച്ചു..
കുറച്ചു നാൾ ആ കമ്പനിയിൽ ജോലി ചെയ്തിരുന്നത് കൊണ്ട് അത്യാവശ്യം പിടിച്ചു നിൽക്കാനുള്ള അറബിഭാഷയെല്ലാം അവൻ പഠിച്ചിരുന്നു.
കൂടെയുള്ളവർ സാധനങ്ങൾ കൊടുത്ത് തിരിച്ചു വരുന്നത് അനുസരിച്ചു അവരുടെ കൂടെ കൂടി ഓർഡർ വന്ന സാധനങ്ങൾ എടുത്തു വച്ചു. അങ്ങനെ ആ ദിവസം കടന്നുപോയി വൈകിട്ട് കടയിൽ എത്തിയ സലീം ചോദിച്ചു
” എങ്ങിനെയുണ്ട് ഹൈദറെ നിന്റെ പുതിയ പണിക്കാരൻ..? ”
” കുഴപ്പമില്ല.. ആദ്യത്തെ ദിവസം അല്ലെ ഒരാഴ്ച കഴിഞ്ഞു പറയാം എന്താ മതിയോ..? ”
” മതി മതി.. ഇവന്റെ വിസയുടെ കാര്യം എങ്ങനെയാണ് പഴയ കമ്പനിയുടെ വിസയിലാണ് ഇവൻ നില്കുന്നത് രണ്ട് മാസം വരെ അതിന് കാലാവധിയുണ്ട് അതുപോലെ ഇവന്റെ ശമ്പളം അതെല്ലാം ഒരു തീരുമാനം ആക്കണ്ടേ..”
” സലീമേ വിസ ഉടൻ തന്നെ ശരിയാക്കാം.. പിന്നെ ശമ്പളം നിനക്ക് അറിയാലോ ഈ കടയുടെ പുറകിൽ ഉള്ള മുറികളിലാണ് ഞങ്ങൾ താമസിക്കുന്നത് വെക്കലും കഴിക്കലും ഒക്കെ ഒന്നിച്ചാണ് ഇവനും ഞങ്ങളുടെ കൂടെ കൂടാം.. കട അടക്കുമ്പോൾ എന്തായാലും പതിനൊന്നു മണി ഒക്കെ ആകും.. അത് കഴിഞ്ഞു അര മണിക്കൂർ യാത്ര ചെയ്ത് ഇവന് അവിടെ എത്താൻ പറ്റോ.”
” അത് ഹൈദർ പറഞ്ഞത് ശരിയാണ് യാത്ര ബുദ്ധിമുട്ടാകും. നീയെന്ത് പറയുന്നു പ്രമോദേ.. നീ ഇവിടെ താമസിക്കുന്നോ അതോ അങ്ങോട്ട് പോരുന്നോ..? ” സലീം ചോദിച്ചു
ഹൈദർ തുടുർന്നു.. ” ശമ്പളം ചിലവുകൾ എല്ലാം കഴിഞ്ഞു നാട്ടിലെ ഒരു ഇരുപത്തഞ്ചായിരം രൂപ കൊടുക്കാം എന്തേ. ”
ശമ്പളം കേട്ടതും സലീം പ്രമോദിനെ ഒന്ന് നോക്കിയിട്ട് ഹൈദരോട് പറഞ്ഞു..
” ശമ്പളം കുറച്ചും കൂടെ കൂട്ടാൻ പറ്റോ..? ”
” നീയെന്ത് വർത്തമാനം ആണ് സലീമേ പറയണത് അവൻ വന്നതല്ലേ ഉള്ളു വേറെ ആരു കൊടുക്കും തുടക്കത്തിൽ ഇത്രയും പൈസ.. ഇവന്റെ പഠിപ്പും കൂടി പരിഗണിച്ചാണ് ഈ ശമ്പളം പറഞ്ഞത്..പിന്നെ വിസയുടെ പൈസ ഞാൻ വാങ്ങിക്കാറില്ല.”
” ഇക്കാ എനിക്ക് സമ്മതമാണ്. ഞാൻ ഇന്ന് പോയിട്ട് നാളെ വരുമ്പോൾ എന്റെ സാധനങ്ങൾ എല്ലാം എടുത്തിട്ടു വരാം താമസം ഇങ്ങോട്ട് മാറ്റാം. ” പ്രമോദ് പറഞ്ഞു.
” എന്നാ ശരി നീ നാളെ എല്ലാം ആയിട്ട് വാ താമസിക്കാനുള്ള കാര്യങ്ങൾ സമദ് ശരിയാക്കിയിടും..”
” എന്നാ ശരി ഹൈദറെ രാത്രി ഇനി യാത്ര പറയുന്നില്ല പ്രമോദേ വാടാ..”
അത് പറഞ്ഞിട്ട് സലീം നടന്നു ഒപ്പം പ്രമോദും.
” നീയെന്തിനാടാ അവൻ പറഞ്ഞ ശമ്പളത്തിന് സമ്മതിച്ചത്… നിനക്ക് കുറച്ചു കൂടി കൂട്ടി ചോദിക്കായിരുന്നു..”
” അതൊന്നും സാരമില്ല ഇക്കാ.. ഇപ്പോൾ ഒരു ജോലിയാണ് പ്രധാനം.. അവിടെ നിന്ന് കൊണ്ട് വേറെ ശ്രെമിക്കാം.. ഇപ്പോൾ കിട്ടിയതായി..”
” എന്തായാലും നിന്റെ വിസ ഏജന്റ് കൊള്ളാം.. അവനെ പിന്നെ നിന്റെ വീട്ടുകാർ ആരെങ്കിലും കണ്ടോ..? ”
” ഏയ് ഇല്ല ഇക്കാ… ആരും കണ്ടിട്ടില്ല ഇനി കണ്ടാലും എന്ത് ചെയ്യാനാ അവർ രണ്ട് പെണ്ണുങ്ങൾ അല്ലെ വീട്ടിൽ ഉള്ളത്… ഇത് വരെയും നാട്ടിൽ നിന്നുമുള്ള ആരെയും ഇവിടെ കണ്ടിട്ടില്ല എന്നുള്ളതാണ് ഏക ആശ്വാസം..”
” അവൻ പലരെയും ഇങ്ങനെ കൊണ്ടുവന്നു പറ്റിച്ചിട്ടുണ്ടല്ലേ..ഇവന്റെയൊക്കെ ഒരു തൊലിക്കട്ടി അപാരം തന്നെ… ഇങ്ങനെ ഉണ്ടാകുന്ന പൈസയൊക്കെ ആശുപത്രിയിൽ കൊടുത്തേ തീരു.. കണ്ടവന്റെ കണ്ണീര് വീണ കാശല്ലേ..”
” മ്മ് അതെ ഇക്കാ..”
ഓരോ വിശേഷങ്ങൾ പറഞ്ഞവർ റൂമിലെത്തി.. രണ്ടുപേരും വേഗം തന്നെ കുളിച്ചു വന്നു ഭക്ഷണം കഴിച്ചു.. പ്രമോദ് വേഗം തന്നെ സാധനങ്ങൾ പാക്ക് ചെയ്യാൻ തുടെങ്ങി.
” എടാ നീയിത് എല്ലാം കൂടി നാളെ കൊണ്ടുപോകേണ്ട പാക്ക് ചെയ്ത് വച്ചാൽ മതി ഞാൻ കൊണ്ട് തന്നോള്ളാം അത്യാവശ്യം ഉള്ളത് മാത്രം എടുത്തു വെയ്ക്ക്.”
” ശരി ഇക്കാ..”
പിറ്റേന്ന് രാവിലെ തന്നെ പ്രമോദ് വീട്ടിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.. താമസം മാറുന്നതിനെ പറ്റിയും ശമ്പളത്തെ പറ്റിയും എല്ലാം അവന്റെ ഓരോ വാക്കുകളിലും തത്കാലം പിടിച്ചു നിൽക്കാനുള്ള ഒരു കച്ചിത്തുരുമ്പ് കിട്ടിയതിന്റെ ആശ്വാസം ആയിരുന്നു..
” പ്രമോദേ എന്നാ നമുക്ക് പോയാലോ..? ”
സലീം പറയുന്നത് കേട്ട് അവൻ സാധനങ്ങളുമായി വണ്ടിയിൽ കയറി..പുതിയ ജോലിയുമായി പൊരുത്തപ്പെടാൻ കഴിയണേ എന്ന പ്രാർത്ഥനയോടെ..
നല്ല വിദ്യാഭ്യാസവും ഒരുപാട് നല്ല ജോലിയും സ്വപ്നം കണ്ട് ഗൾഫ് എന്ന സ്വപ്നഭൂമിയിൽ വന്നിറങ്ങിയ പ്രമോദ് എന്ന ചെറുപ്പക്കാരൻ ഒരു പലചരക്കു കടയിലെ ഡെലിവറി ബോയ് ആയപ്പോൾ
നാട്ടിൽ തമ്പിയെന്ന വിസ ഏജന്റ് തന്റെ കഴുകൻ കണ്ണുകളുമായി അടുത്ത ഇരയെ തേടി നടക്കുകയായിരുന്നു..