പോരാത്തതിന് എന്റെ ബാഗിൽ നിന്ന് കാണാതെ പോയ കാശും എനിക്ക് നിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്ന് കിട്ടി. എന്ന് പഠിച്ചെടാ നീ..

(രചന: പുഷ്യാ. V. S)

“”ശംഭൂ… മേല് കഴുകീട്ടു വന്നു വല്ലോം കഴിച്ചേ “” ഹിമ വിളിച്ചു പറഞ്ഞു. മുറിയിൽ നിന്ന് മറുപടി ഒന്നും വന്നില്ല.

“” ഈ ചെക്കൻ അവിടെ എന്തെടുക്കുവാ. ചായ തണുത്തല്ലോ “” ഹിമ പിറുപിറുത്തുകൊണ്ട് മുകളിലേക്ക് പോയി.

അനിയൻ ശംഭു പത്തിലാണ് പഠിക്കുന്നത്. സ്കൂൾ വിട്ട് വന്നിട്ട് കുറെ നേരമായിട്ടും കഴിക്കാൻ വരാഞ്ഞിട്ട് ആണ് അവൾ അവന്റെ റൂമിലേക്ക് ചെന്നത്. വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. അവൾ വാതിൽ തുറന്നു. വന്ന യൂണിഫോമും ഷൂവും മാറ്റാതെ കട്ടിലിൽ കിടക്കുകയാണ് ശംഭു.

“” എന്താടാ വന്നുടനെ കേറി കിടക്കുന്നെ. അല്ലേൽ എന്നും സിറ്റൗട്ടിൽ നിന്നെ ചായക്ക് അലറി വിളിച്ചുകൊണ്ടു അല്ലേ കേറി വരുന്നേ “” ചേച്ചി ചോദിച്ചത് കേട്ട ഭാവം ഇല്ലാതെ അവൻ കിടന്നു.

“”നിനക്കെന്താ ടാ വയ്യേ “” അവൾ അവന്റെ നെറ്റിയിൽ ചൂട് ഉണ്ടോന്നു നോക്കി.

“” പ്രശ്നം ഒന്നും ഇല്ലല്ലോ. ടാ നിനക്ക് തിന്നാൻ ഒന്നും വേണ്ടേ “” അവൾ അവനെ കുലുക്കി വിളിച്ചു.

“ഏഹ്ഹ്. എന്താ ചേച്ചി “” അവൻ ചോദിച്ചു.

“” ചെവിയും കേട്ടൂടെ. വിശക്കുന്നില്ലേ എന്ന് “” അവൻ ഇല്ലെന്ന് തലയാട്ടി.

“” എന്തോ പറ്റിയിട്ടുണ്ടല്ലോ.ആകെ ഒരു വാട്ടം “” അവൾ പിന്നെയും ചോദിച്ചു.

“” എനിക്ക് ഉറങ്ങണം. നല്ല തലവേദന. “” അതും പറഞ്ഞു അവൻ തിരിഞ്ഞ് കിടന്നു.

രാത്രി ആയപ്പോൾ അവൻ എഴുന്നേറ്റു വന്നു ഫുഡ്‌ കഴിച്ചു. അപ്പോഴും ആരോടും അധികം മിണ്ടിയില്ല.

ഹിമയുടെ അമ്മയ്ക്ക് ബാങ്കിൽ ആണ് ജോലി. അച്ഛൻ മിലിറ്ററിയിലും. അവൾ ടീച്ചിങ് കോഴ്സ് കംപ്ലീറ്റ് ചെയ്തു ഇപ്പോൾ ട്രെയിനിങ്ങിലാണ്. ശംഭു അവളെക്കാൾ എട്ട് വയസിനു ഇളയതാണ്. അമ്മയുടെ ജോലി കുറച്ചു ദൂരെയായതിനാൽ രാത്രി അൽപ്പം വൈകിയാണ് വീട്ടിലെത്തുന്നത്.

പിറ്റേന്ന് രാവിലെ ശംഭു നല്ല ഉഷാറായിട്ടാണ് സ്കൂളിലേക്ക് ഇറങ്ങിയത്. തലേന്നത്തെ വയ്യായ്ക ഒക്കെ മാറിയിരിക്കുന്നു. പക്ഷേ തിരികെ വന്നപ്പോൾ വീണ്ടും തലേന്നത്തെ ഉന്മേഷക്കുറവ് അവനിൽ കണ്ടു.

ചോദിക്കുമ്പോഴൊക്കെ അവൻ ഒഴിഞ്ഞുമാറി. പണ്ടൊക്കെ സ്കൂൾ വിട്ട് വന്നാൽ വിശേഷം പറഞ്ഞും കളിയും ചിരിയും തല്ലുപിടുത്തവും ആയി രാത്രി വരെ നടന്നിട്ട് അമ്മ വരുന്ന നേരമാകുമ്പോഴേക്കും പഠിക്കാൻ പോയിരുന്നവൻ ഇപ്പോൾ ചേച്ചിയോട് സംസാരിക്കാറേയില്ല.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു. ഒരു ദിവസം ഹിമ ജോലി കഴിഞ്ഞു ഇറങ്ങവേ ബാഗിൽ വച്ചിരുന്ന കാശിൽ കുറവ് വന്നത് പോലെ തോന്നി. അവൾക്ക് എത്ര ആലോചിച്ചിട്ടും എവിടെയാണ് കാശ് നഷ്ടപ്പെട്ടത് എന്ന് മനസിലായില്ല. അവളുടെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ കടന്നു വന്നു.

അന്ന് തന്നെ അവൾ ശംഭുവിന്റെ ക്ലാസ്സിലെ അവൾക്ക് പരിചയമുള്ള ഒരു കുട്ടിയെ ചെന്നു കണ്ടു. അവളോട് ചോദിച്ചപ്പോൾ അവന് കുറച്ചു നാളായി നല്ല മാറ്റം ഉണ്ടെന്നും ക്ലാസ്സിൽ അധികം കയറയില്ല എന്നും അവൾ അറിഞ്ഞു.

പ്ലസ് ട്യൂവിൽ ഉള്ള കുറച്ചു മോശം ചേട്ടന്മാരുടെ ഒപ്പം ആണ് അവൻ ലഞ്ച് ബ്രേക്കിനും സ്കൂൾ വിടുമ്പോഴും ഒക്കെ നടക്കുന്നത് എന്നും പറഞ്ഞപ്പോൾ ഹിമയ്ക്ക് എന്തൊക്കെയോ പന്തികേട് തോന്നി.

പിറ്റേന്ന് രാവിലെ അവരുടെ അമ്മ ജോലിക്ക് പോയ ശേഷം സ്കൂളിലേക്ക് പോകാൻ ഇറങ്ങിയ ശംഭുവിനെ അവൾ തടഞ്ഞു.

“” നീയിന്ന് സ്കൂളിൽ പോകണ്ട. എനിക്ക് ഒന്ന് പുറത്ത് പോകാനുണ്ട്. നീയും വരണം എനിക്കൊരു കൂട്ടിന് “” അവൾ പറഞ്ഞു

“” ചേച്ചിക്ക് കൂടിനോ. ചേച്ചി സാധാരണ ഒറ്റയ്ക്ക് പോകുന്നെ അല്ലെ എവിടേലും പോകണമെങ്കിൽ. പിന്നെന്താ “” ശംഭു ചോദിച്ചു

“” ആഹ് ഇത് ഇച്ചിരി ദൂരെയാ. ഒറ്റയ്ക്കു പോകാൻ വയ്യ “” അവൾ പറഞ്ഞു.

“” അതൊന്നും പറ്റൂല. എനിക്ക് സ്കൂളിൽ പോണം. വെറുതെ ലീവ് എടുക്കാൻ ഒന്നും എനിക്ക് പറ്റില്ല. ഇന്നെനിക്ക് പോയേ പറ്റൂ “” ശംഭു പറഞ്ഞു തീർന്നതും ഹിമ അവന്റെ മുഖത്തടിച്ചു.

പെട്ടന്നുള്ള അവളുടെ പ്രവർത്തിയിൽ അവൻ സ്തംഭിച്ച് പോയി. തീരെ പ്രതീക്ഷിച്ചിരുന്നില്ല.

“”നീയെന്നുമുതലാ ടാ കഞ്ചാവ് വലിക്കാൻ പഠിച്ചത്. ഏഹ്ഹ് “” അവളുടെ ചോദ്യം കേട്ട് അവനൊന്നു ഞെട്ടി.

“” കഞ്ചാവോ… ആര് പറഞ്ഞു. ഞാൻ.. ഞാൻ “” അവൻ നിന്ന് വിക്കി.

“” അല്ലെങ്കിൽ ഒരു ദിവസം ലീവ് എടുക്കാൻ ഇവിടെ കിടന്ന് ഉള്ള നാടകം മുഴുവൻ കളിക്കുന്നവന് ഇപ്പൊ കൃത്യമായിട്ട് സ്കൂളിൽ പോയേ പറ്റൂ. വീട്ടിൽ വന്നാ എന്നും ഒരു തലവേദന ക്ഷീണം.

അതാവുമ്പോ ആരോടും മിണ്ടാതെ റൂമിൽ കിടക്കാലോ. സംസാരിച്ചാൽ മോന് സ്വബോധം ഇല്ലന്ന് ഞങ്ങൾക്ക് മനസിലാകില്ലേ “” ഹിമ ദേഷ്യത്തോടെ ചോദിച്ചു.

“” ചേച്ചി എന്തൊക്കെയാ പറയണേ. എനിക്കൊന്നും അറിഞ്ഞൂടാ. ഞാനൊന്നും ചെയ്തിട്ടില്ല “” ശംഭു പറഞ്ഞു.

“” നീയൊന്നും ചെയ്യാതെ പിന്നെ എന്റെ കയ്യിൽ ഈ മുറിവ് എങ്ങനെ വന്നെടാ “” ഹിമ അവളുടെ ഇടത്തെ കയ്മുട്ടിനു മേലെ തൊലിയടർന്നു പോയ ഭാഗം അവന് നേരെ നീട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു. അവന് ഒന്നും വ്യക്തമായില്ല

ഇന്നലെ ഞാൻ നിന്റെ മുറിയിൽ വന്നിരുന്നു രാത്രി പതിനൊന്നു കഴിഞ്ഞപ്പോൾ. എന്തൊക്കെയോ വലിച്ചു കേറ്റി ബോധം പോലും ഇല്ല അന്നേരം.

മോനേ സ്വസ്ഥം ആയിട്ട് കഞ്ചാവ് വലിക്കാൻ അനുവദിക്കാതെ ശല്യം ചെയ്തതിന് പിടിച്ചു തള്ളിയപ്പോ മുറിവ് പറ്റിയതാ. നിനക്ക് ഓർമയുണ്ടാവില്ല “” അവൾ പുച്ഛത്തോടെ പറഞ്ഞു.

“”പോരാത്തതിന് എന്റെ ബാഗിൽ നിന്ന് കാണാതെ പോയ കാശും എനിക്ക് നിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്ന് കിട്ടി. എന്ന് പഠിച്ചെടാ നീ ഇതൊക്കെ “” അവൾ അത് ചോദിച്ചപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞു.

“”ചേച്ചി… ഞാൻ… അന്ന് സ്കൂളിലെ ചേട്ടന്മാർ എന്ന് പിടിച്ചു നിർത്തി നിർബന്ധിച്ചു വലിപ്പിച്ചതാ. അന്ന് എനിക്ക് ശെരിക്കും വയ്യാത്ത പോലെ തോന്നി. എന്തൊക്കെയോ അസ്വസ്ഥത ഉണ്ടായിരുന്നു.

പക്ഷേ പിന്നെയും അവർ തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തി വലിപ്പിച്ചു. രണ്ട് മൂന്നു ദിവസം കഴിഞ്ഞപ്പോൾ എനിക്ക് അത് വലിക്കാതിരുന്നാൽ വയ്യാത്ത പോലെ തോന്നി തുടങ്ങി. അപ്പൊ ആ ചേട്ടന്മാർ പൈസ ചോദിച്ചു. അതുകൊണ്ടാ ഞാൻ ചേച്ചിടെ ബാഗിൽ നിന്ന് കാശ്ശെടുത്തത്.

ഇത്രേം കാശ് ഞാൻ എന്ത് പറഞ്ഞ അമ്മയോട് വാങ്ങുന്നത്. അറിഞ്ഞോണ്ട് ചെയ്തതല്ല ചേച്ചി “” അത് പറയുമ്പോൾ ശംഭുവിന്റെ ശബ്ദത്തിൽ കുറ്റബോധം ഉണ്ടായിരുന്നു.

“” എടാ മോനേ… നീയെന്റെ കാശ് എടുത്തതിനല്ല എനിക്ക് സങ്കടം. ഞങ്ങളാരും അറിയാതെ നീ ഇങ്ങനെ സ്വയം നശിക്കാൻ തുടങ്ങിയത് ഓർത്തിട്ട. ആദ്യ ദിവസം തന്നെ നിനക്ക് ഇത് ഞങ്ങളോട് പറഞ്ഞൂടായിരുന്നോ. എങ്കിൽ ഇത് ഇത്രയും നീണ്ടു പോകില്ലായിരുന്നു. “” അവൾ പറഞ്ഞു.

“” ഞാൻ സത്യമായിട്ടും ഇനി വലിക്കില്ല ചേച്ചി. കാശും എടുക്കില്ല. സോറി ചേച്ചി “” അവൻ പറഞ്ഞു.

“” മ്മ് നിനക്ക് ശെരിക്കും തെറ്റ് തിരുത്തണം എന്നുണ്ടോ. നാളെയും വലിക്കാതെ ഇരിക്കുമ്പോൾ നിനക്ക് വീണ്ടും അസ്വസ്ഥത തോന്നില്ലേ. അപ്പോൾ എന്ത് ചെയ്യും. വീണ്ടും വലിക്കാൻ തോന്നില്ലേ. ഇന്നലത്തെ പോലെ എന്നെ ഉപദ്രവിക്കില്ലേ “” ഹിമ ചോദിച്ചു.

“” ഇല്ല ചേച്ചി. ഇനി ഞാൻ ചെയൂല. സത്യം. ഇന്നലെ അറിയാതെ പറ്റിപ്പോയതാ “”അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു.

“” ഞാൻ നിന്നെ വിശ്വാസമില്ലാത്തകൊണ്ട് പറഞ്ഞതല്ല മോനേ. ലഹരി ഉപയോഗിച്ച് തുടങ്ങിയാൽ അങ്ങനെയാ. സ്വയം നിയന്ത്രിക്കാൻ നിനക്ക് കഴിഞ്ഞെന്ന് വരില്ല.

നിനക്ക് ശെരിക്കും തെറ്റ് തിരുത്തണം എന്നുണ്ടേൽ ചേച്ചി പറയുന്ന പോലെ കേൾക്കണം. എന്നോടൊപ്പം ഒരിടത്തേക്ക് വരണം. “” അവൾ അത് പറഞ്ഞപ്പോൾ അവൻ എങ്ങോട്ടെന്ന ഭാവത്തിൽ അവളെ നോക്കി.

അനിയനെ സൈക്കോളജിസ്റ്റിന്റെ ക്യാബിനിൽ ഇരുത്തി ഹിമ പുറത്തെ ചെയറിൽ വന്നിരുന്നു. അവൾ ആ സമയം കൊണ്ട് തങ്ങളുടെ കുട്ടിക്കാലത്തേക്ക് പോയി.

താൻ രണ്ടാം ക്ലാസ് കഴിഞ്ഞു മൂന്നിലേക്ക് ആയ സമയത്താണ് തന്റെ അമ്മയുടെ വയറ്റിൽ ഒരു പുതിയ വാവ വന്നിട്ടുണ്ടെന്ന് താൻ അറിയുന്നത്.

മാസങ്ങളോളം താൻ അമ്മയുടെ വയറിൽ തഴുകിയും ഉമ്മ വച്ചും അനിയനോട് കിന്നാരം പറഞ്ഞു.മൂന്നാം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞു തന്നെ കൂട്ടി അച്ഛമ്മ ഹോസ്പിറ്റലിൽ എത്തി.

അപ്പോഴാണ് ആദ്യമായി താൻ ശംഭുവിനെ കാണുന്നത്. അവിടെ നിന്ന് അങ്ങോട്ട്‌ അവനായിരുന്നു അവളുടെ ലോകം. എടുത്തുകൊണ്ടു നടന്നും പിച്ച നടത്തിയും ഊട്ടാനും ഉറക്കാനും ഒക്കെ അമ്മയ്‌ക്കൊപ്പം താനും ഉണ്ടായിരുന്നു.

അച്ഛൻ നാട്ടിൽ ഇല്ലാത്ത കൊണ്ട് തന്നെ അമ്മയ്ക്ക് തിരക്ക് പിടിച്ച ജീവിതം ആയിരുന്നു. അതിനിടയിൽ എപ്പോഴോ താൻ ചേച്ചിയിൽ നിന്നും പൂർണമായി അവന്റെ അമ്മയുടെ സ്ഥലത്തേക്ക് ചേക്കേറുകയായിരുന്നു.

അവനും അമ്മയോടുള്ളതിനേക്കാൾ അടുപ്പം ചേച്ചിയോട് ആണ്.ഇടയ്ക്ക് യൂട്യൂബിൽ എന്തെങ്കിലും വെറൈറ്റി ഐറ്റംസ് കണ്ടാൽ അവൻ ചേച്ചിയായാണ് സോപ്പ് ഇടുന്നെ.അമ്മയോട് പറഞ്ഞാൽ നടക്കില്ല എന്ന് അവനറിയാം.

അനിയനിഷ്ടം ഉള്ളതൊക്കെ ഉണ്ടാക്കി നൽകാൻ അവൾക്കും ഏറെ പ്രിയമാണ്.രണ്ടാളും ഒന്നിച്ചു പുതിയ പരീക്ഷണങ്ങൾ ഒക്കെ നടത്താറുണ്ട് ഇടയ്ക്ക്. ഒരു ചേച്ചിയുടെയും അമ്മയുടെയും മാത്രമല്ല ഒരു നല്ല കൂട്ടുകാരിയുടെ വേഷവും അവൾ അന്നേരം അണിയാറുണ്ട്.

“” ഹിമ…. ഡോക്ടർ വിളിക്കുന്നു “” നേഴ്സ് വന്നു പറഞ്ഞു. അവൾ ക്യാബിനുള്ളിലേക്ക് ചെന്നു.

“” താൻ ടെൻഷൻ ആവുകയൊന്നും വേണ്ട. ശംഭു നല്ല കുട്ടിയാ. ഇനി അവൻ പഴയ പോലെ ഒന്നും ആകില്ല. അല്ലേ ശംഭു “” ഡോക്ടർ ചോദിച്ചപ്പോൾ അവനൊന്നു പുഞ്ചിരിച്ചു.

“” പിന്നെ മരുന്ന് ഒന്നും കഴിക്കേണ്ട അവശ്യം ഇല്ല. ഒന്നോ രണ്ടോ ആഴ്ച അല്ലേ ആയിട്ടുള്ളു മോൻ ഇതൊക്കെ യൂസ് ചെയ്തു തുടങ്ങിയിട്ട്. മാസങ്ങളോ വര്ഷങ്ങളോ ഒക്കെ ആയാലാണ് ആ വ്യക്തികളെ തിരികെ പിടിക്കാൻ നീണ്ട ചികിത്സയുടെ ഒക്കെ ആവശ്യം.

പിന്നെ ഹിമയ്ക്ക് ടെൻഷൻ ഉണ്ടെങ്കിൽ നെക്സ്റ്റ് വീക്ക്‌ കൂടെ കോൺസൾട്ടിങ്ങിന് വന്നോളൂ.”” ഡോക്ടർ പറഞ്ഞു

പിന്നെ സ്കൂളിൽ നിന്ന് അല്ലേ ഇവന് കഞ്ചാവ് ലഭിച്ചത്. അപ്പോൾ അത് ആരെയാണെന്ന് വച്ചാൽ അറിയിക്കണം. വിട്ടുകളയരുത്. വേറെയും കുട്ടികൾ ട്രാപ്പിൽ ആവും. “” ഡോക്ടർ തുടർന്നു.

“” എന്റെ സ്കൂളിൽ കുറച്ചു നാൾ മുമ്പ് സ്കൂളുകളിൽ ലഹരി തടയുന്നതിനായിട്ടുള്ള ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. അന്ന് വന്ന ഓഫീസറെ ഞാൻ വിളിച്ചു അറിയിച്ചിട്ടുണ്ട്.

അദ്ദേഹം ആണ് ഇവനെയും കൂട്ടി ഇവിടെ വരാൻ പറഞ്ഞു ഡോക്ടർടെ നമ്പർ തന്നതും. സ്കൂളിലെ കാര്യം ഇനി പോലീസ് നോക്കിക്കോളും. “” ഹിമ പറഞ്ഞു.

“” ഗുഡ്. ശംഭു കേട്ടല്ലോ. ഇയാളുടെ ചേച്ചി ഉള്ളതുകൊണ്ടാ ഇങ്ങനെ ഈസി ആയിട്ട് എല്ലാം സോൾവ് ആയത്.

ഇല്ലായിരുന്നേൽ വീട്ടിലൊക്കെ അറിഞ്ഞു എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകേണ്ടതാ. അതുകൊണ്ട് ഇനി ഇതുപോലുള്ള ഒന്നിലും ചെന്നു പെടാതെ സൂക്ഷിക്കണം കേട്ടല്ലോ. സ്കൂളിലെ കാര്യങ്ങൾ ഒക്കെ വീട്ടിൽ കൃത്യമായി ഷെയർ ചെയ്യണം.”” അതും പറഞ്ഞു ഡോക്ടർ അവരോട് പൊയ്ക്കൊള്ളാൻ പറഞ്ഞു.

“” ചേച്ചി… താങ്ക്സ്. എന്നെ എത്ര വല്യ കുരുക്കിൽ നിന്ന രക്ഷപ്പെടുത്തിയത് എന്ന് എനിക്ക് ഇപ്പോഴാ മനസിലാവുന്നത്.

എന്റെ എല്ലാ കാര്യവും ചേച്ചിയോട് പറഞ്ഞിരുന്ന ഞാൻ എങ്ങനെയാ അവന്മാരുടെ കെണിയിൽ പെട്ടതെന്നും ചേച്ചിയോടൊന്നും ദിവസങ്ങളോളം മിണ്ടാതെ ആയതെന്നും എനിക്ക് ഇപ്പോഴും പിടികിട്ടുന്നില്ല.”” ശംഭു തിരികെ വീട്ടിലേക്ക് വരുന്ന വഴി കാറിൽ ഇരുന്നു പറഞ്ഞു.

“” സാരമില്ലെടാ. ഞാൻ നിന്നെ കുഞ്ഞിലേ മുതൽ അത്രകണ്ടു ശ്രദ്ധിക്കുന്നത് കൊണ്ട് നിന്നിലെ ചെറിയ മാറ്റങ്ങൾ പോലും എനിക്ക് പെട്ടെന്ന് അറിയാൻ പറ്റും.

ഇല്ലായിരുന്നേൽ കാര്യങ്ങൾ ശെരിക്കും കൈവിട്ടു പോയേനെ. പിന്നെ ഞാൻ ഇത് അറിഞ്ഞപ്പോഴേക്കും നിനക്കും സ്വയം തിരുത്താൻ ആഗ്രഹം ഉണ്ടായിരുന്നല്ലോ.

അതിന് പകരം നിയെന്നെ എതിർക്കാൻ ശ്രമിച്ചിരുന്നെങ്കിൽ എനിക്ക് അറിയില്ല എന്ത് ചെയ്യണമായിരുന്നെന്ന്. ഭാഗ്യം കൂടെയുണ്ട്. അതുകൊണ്ട് ഇതിങ്ങനെ അവസാനിച്ചു.”” ഹിമ ഡ്രൈവ് ചെയ്തുകൊണ്ട് മറുപടി പറഞ്ഞു

“” ചേച്ചി പിന്നെ… “” അവൻ എന്തോ പറയാൻ മടിച്ചു നിന്നു.

എന്താടാ

“” അല്ലാ അത് പിന്നെ… അമ്മയോടും അച്ഛനോടും ചേച്ചി ഇത് പറയില്ലല്ലോ അല്ലേ “” അവൻ ഒരു കള്ള നോട്ടം നോക്കി.

“” ഹ്മ്മ്… അതിനെപ്പറ്റി ഞാൻ ഇതുവരെ ആലോചിച്ചില്ല… ആലോചിക്കാം “” അവളും അവനെ കള്ളക്കണ്ണാലേ നോക്കി പറഞ്ഞു.

“” ചേച്ചി പ്ലീസ്… ഐസ്ക്രീം മേടിച്ചു തരാം. ഡീൽ “” അവൻ കളിയായി ചോദിച്ചു.

“” അതിന് ഞാൻ തന്നെ കാശ് കൊടുക്കണ്ടേ “” അവൾ തിരികെ പറഞ്ഞു.

“” ചേച്ചീടെന്ന് അടിച്ചു മാറ്റിയ കാശ് എന്റെ കയ്യിൽ ഉണ്ടല്ലോ”” അവൻ അവളെ നോക്കി ഇളിച്ചു കാണിച്ചു. അവൾ അവനെ നോക്കി കണ്ണുരുട്ടി.

“”എനിക്കറിയാം ചേച്ചി പറയില്ല എന്ന്. എന്നാലും ബാ. നമുക്ക് ഐസ്ക്രീം കഴിക്കാം. ചേച്ചി കാർ സൈഡ് ആക്ക് “” അവൻ പറഞ്ഞു.

കഴിക്കുന്ന ഐസ്ക്രീമിന്റെ തണുപ്പ് ഉള്ളിലേക്ക് അരിച്ചിറങ്ങുന്നതിനൊപ്പം ഒരു വല്യ പ്രശ്നം ഒഴിഞ്ഞു പോയതിന്റെ കുളിരും ആ സഹോരങ്ങൾ അപ്പോൾ അറിഞ്ഞു.