മോൾക്ക് പിരീഡ്സ് ആണെന്ന് തോന്നുന്നു, കഴിഞ്ഞ മാസമാണ് അവൾ വയസ്സറിയിച്ചത് ,ഇതൊക്കെ പെണ്ണുങ്ങൾക്കല്ലേ അറിയൂ..

(രചന: Saji Thaiparambu)

“സീമേ.. താഴെ ഒരു വണ്ടിയുടെ ഹോണടി കേൾക്കുന്നുണ്ട് ,നിന്നെ കൊണ്ട് പോകാൻ വന്ന വാഹനമാണെന്ന് തോന്നുന്നു ,നീ ഇറങ്ങുന്നില്ലേ?

ചന്ദ്രൻ, അകത്ത് ഡൈനിങ് ടേബിളിന് അടുത്ത് നില്ക്കുന്ന ഭാര്യയോട് വിളിച്ചു ചേദിച്ചു.

“ദാ ഇറങ്ങുവാണേട്ടാ…”

കുറച്ചു കഴിഞ്ഞപ്പോൾ, കഴുകി പിഞ്ചിയ കോട്ടൺ സാരിയുടുത്ത്, തോളിൽ തൂക്കിയ ബാഗുമായി സീമ ഇറങ്ങി വന്നു.

“കഞ്ഞിയും മുളക് ചമ്മന്തിയും ടേബിളിന് മുകളിൽ മൂടി വെച്ചിട്ടുണ്ട് , അത് കഴിച്ചിട്ട് നേരത്തെ മാറി കിടക്കാൻ നോക്കണേ”

ഇരു കൈകളും കൊണ്ട് ചെവിക്ക് മുകളിലേക്ക് വീണ മുടിയിഴകൾ കോതി, പുറകിലേക്ക് പിന്നി വച്ച് , പടികളിറങ്ങുമ്പോൾ, അവൾ ഭർത്താവിനോട് പറഞ്ഞു.

“ഒഹ് അത് ഞാൻ കഴിച്ചോളാം, നീയാ മൊബൈലിന്റെ ടോർച്ച് തെളിച്ചിട്ട് നടക്ക്, കപ്പ വെന്ത മണമടിക്കുന്നുണ്ട്, വഴിയിൽ വല്ല ഇഴജന്തുക്കളും കാണും”

ഒതുക്ക് കല്ലുകൾ ധൃതിയിൽ ചവിട്ടി താഴെ റോഡിലെത്തിയപ്പോൾ ,
ടെമ്പോവാനിന് പകരം, ഒരു അംബാസ്സഡർ കാറ് കിടക്കുന്നതാണ്, അവൾ കണ്ടത്.

ഡ്രൈവർ സീറ്റിൽ, മുതലാളിയുടെ പിഎ രാജുവാണുള്ളത്.

“എന്താ രാജു, രാമേട്ടന്റെ വണ്ടി വന്നില്ലേ ?

“ഇല്ല ,പുള്ളിക്കെന്തോ സുഖമില്ല,
അത് കൊണ്ട് നൈറ്റ് ഷിഫ്റ്റിലുള്ളവരെ ,വീടുകളിൽ ചെന്ന് കൂട്ടികൊണ്ട് വരാൻ ,മുതലാളി എന്നോട് പറഞ്ഞു”

നഗരത്തിലെ, സീഫുഡ് കമ്പനിയിലെ, പായ്ക്കിങ്ങ് സെക്ഷനിലെ ജോലിക്കാരിയാണ് സീമചന്ദ്രൻ.

ഭർത്താവ് ചന്ദ്രൻ, ആ കമ്പനിയിലെ തന്നെ ,മെഷീൻ ഓപ്പറേറ്റർ ആയിരുന്നു.

ഒരു ദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ ഏതോ അജ്ഞാതരുടെ വെട്ടേറ്റ്, ചന്ദ്രന്റെ ഒരു കാല് നഷ്ടപ്പെട്ടു.

ആള് മാറി ഏതെങ്കിലും കൊട്ടേഷൻ സംഘം വെട്ടിയതാവാമെന്നാണ്, പോലീസ് ഭാഷ്യം.

ചന്ദ്രന്റെ ഏക വരുമാനത്തിൽ, കഴിഞ്ഞിരുന്ന കുടുംബം, അതോടെ പ്രതിസന്ധിയിലായി.

ഇനിയെന്ത്? എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ,കമ്പനി മുതലാളി തന്റെ പിഎ, രാജുവിനെ പറഞ്ഞ് വിട്ട്, സീമയെ ജോലിക്ക് വരാൻ ആവശ്യപ്പെട്ടത്.

ഭാര്യയും, പ്രായമായ അമ്മയും ഉള്ള ചന്ദ്രന്, അതൊരു വലിയ ആശ്വാസായിരുന്നു.

മാസത്തിൽ രണ്ടാഴ്ച നൈറ്റും ,രണ്ടാഴ്ച ഡേയുമായിട്ടാണ്, ഡ്യൂട്ടി അറേഞ്ച് ചെയ്തിരിക്കുന്നത്.

ഡേ ഷിഫ്റ്റ് കഴിഞ്ഞ്, നൈറ്റ് ഷിഫ്റ്റ് തുടങ്ങിയ രണ്ടാം ദിവസമായിരുന്നു ഇന്ന്.

ചെങ്കൽ പാതയിലൂടെ ഇരുട്ടിനെ കീറി മുറിച്ച് കാറ് മുന്നോട്ട് നീങ്ങി.

“ഇതെന്താ രാജു, കമ്പനിയിലേക്കല്ലേ, നമുക്ക് പോകേണ്ടത് ”

അടുത്ത ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിയേണ്ട കാറ്, വലത്തേക്ക് തിരിഞ്ഞപ്പോൾ ,അവൾ രാജുവിനോട് ഉത്ക്കണ്ഠയോടെ ചോദിച്ചു.

“ഇന്ന് കമ്പനിയിലേക്ക്, മുതലാളി കൂടെ വരുന്നുണ്ടെന്ന് പറഞ്ഞു, വീട്ടിൽ ചെന്ന് അദ്ദേഹത്തെ കൂടി കൂട്ടികൊണ്ട് വേണം പോകാൻ”

കാറിന്റെ റിയർവ്യൂ മീറ്റിലൂടെ അവളെ നോക്കി, രാജു മറുപടി പറഞ്ഞു.

ആശ്വാസത്തോടെ സീമ, ഇടത് വശത്തേക്ക് തലതിരിച്ച്, നഗരകാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു.

തിരക്കേറിയ പാത വിട്ട്, ബോഗൺവില്ലകൾ അതിരിടുന്ന പ്രൈവറ്റ്റോഡിലേക്ക് വളഞ്ഞ്കയറിയ കാറ്, വലിയ കറുത്ത ഗേറ്റിനു മുന്നിൽ ബ്രേക്കിട്ട് നിന്നു .

രാജു ,സീമയോട് ഒന്നും പറയാതെ, കാറിൽ നിന്നിറങ്ങി അകത്തേക്ക് കയറി പോയി.

കുറച്ച് കഴിഞ്ഞപ്പോൾ, മാത്യു മുതലാളി കാറിനടുത്തേക്ക് വന്നു.

“സീമേ.. വിരോധമില്ലെങ്കിൽ, ഒന്ന് അകത്തേക്ക് വരുമോ? മോൾക്ക് നല്ല സുഖമില്ല”

മുതലാളിയുടെ ആ ചോദ്യം, സീമയെ ആശയക്കുഴപ്പത്തിലാക്കി.

എതിർപ്പ് പറയാനാവാതെ ആശങ്കയോടെ അവൾ അയാളെ അനുഗമിച്ചു.

“മോള്, മുകളിലെ മുറിയിലുണ്ട് അങ്ങോട്ടു ചെന്നോളു ”

കരിവീട്ടിയിൽ തീർത്ത, കൈവരികൾ ഉള്ള സ്റ്റെയർകെയ്സ് ചൂണ്ടി ,അയാൾ സീമയോട് പറഞ്ഞു.

ആകാംക്ഷയോടെ അവൾ ചുറ്റിലും നോക്കി.

അങ്ങുമിങ്ങും, അരണ്ട വെളിച്ചമല്ലാതെ, മറ്റൊരു ജീവി പോലും അവിടെ ഉണ്ടെന്ന് തോന്നാത്തത്ര, നിശബ്ദത എങ്ങും തളംകെട്ടി നിന്നു.

“ഇവിടെ മേഡം ഇല്ലേ സാർ”

ഭീതിയോടെ അവൾ ചോദിച്ചു

“ലക്ഷ്മി, കുറച്ചുദിവസമായി ചെന്നൈയിലാണ്, അവിടെ അവളുടെ അച്ഛനെ ,ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്, മോൾക്ക് പിരീഡ്സ് ആണെന്ന് തോന്നുന്നു, കഴിഞ്ഞ മാസമാണ് അവൾ വയസ്സറിയിച്ചത് ,ഇതൊക്കെ പെണ്ണുങ്ങൾക്കല്ലേ അറിയൂ, ഇവിടെ ഇപ്പോൾ ഞാനും, മോളും മാത്രമേ ഉള്ളൂ, അതാ സീമയെ ബുദ്ധിമുട്ടിച്ചത്”

ക്ഷമാപണം എന്ന പോലെ അയാൾ മടിച്ചുമടിച്ച് സീമയോട് പറഞ്ഞു.

അതുകേട്ടപ്പോൾ ഭീതി ഒഴിഞ്ഞ മനസ്സുമായി ,സീമ പടിക്കെട്ടുകൾ കയറി, അടഞ്ഞുകിടന്ന വാതിൽ തള്ളിത്തുറന്ന് മുറിയിലേക്ക് ചെന്നു.

മനോഹരമായി അലങ്കരിച്ച കിടപ്പുമുറിയിലെ, വലിയ കട്ടിലിൽ കൊഞ്ച് പോലെ വളഞ്ഞു കിടക്കുന്ന പെൺകുട്ടിയെ, സീമ കണ്ടു.

“എന്താ മോളേ.. നല്ല വയറു വേദനയുണ്ടോ?

അവളുടെ അടുത്തിരുന്നു തലമുടിയിൽ മെല്ലെ തഴുകി കൊണ്ട് ,സീമ ചോദിച്ചു.

“ഉവ്വ് ആന്റീ .. എനിക്ക് തീരെ സഹിക്കാൻ വയ്യ”

“ഒരു അഞ്ചു മിനിറ്റ്, ആൻറി, ഇപ്പോൾ വരാമേ”

അതും പറഞ്ഞ് സീമ താഴേക്ക് വന്ന് , കിച്ചണിൽ കയറി, ഒരു സ്റ്റീൽ ചരുവത്തിൽ വെള്ളം ചൂടാക്കി, ഒരു കോട്ടൺ തുണിയുമായി മുകളിലേക്ക് ചെന്നു.

കോട്ടൺതുണി വെള്ളത്തിൽ മുക്കി, ചെറുചൂടോടെ, പെൺകുട്ടിയുടെ വയറിൽ മെല്ലെ തടവികൊടുത്തു.

“മോളുടെ പേര് എന്തുവാ?

“നിത്യ മാത്യൂസ്”

“നല്ല പേര്, അതിരിക്കട്ടെ, മോൾ എന്തെങ്കിലും കഴിച്ചായിരുന്നോ?

“ഇല്ല ആൻറി.. പപ്പ വാങ്ങിക്കൊണ്ടുവന്നതൊക്കെ, ഫാസ്റ്റ്ഫുഡാ, എനിക്ക് അതൊക്കെ കണ്ടിട്ട് ചർദ്ദിക്കാൻ വരുവാ”

“എങ്കിൽ, ആന്റി താഴെ പോയിട്ട് ,മോൾക്ക് ദോശ ചുട്ടു കൊണ്ട് തരാം”

ചൂട് ദോശയും കടുക് താളിച്ചചമ്മന്തിയുമായി , സീമ മുറിയിലേക്ക് വരുമ്പോൾ, നിത്യ മോൾ മയക്കത്തിലായിരുന്നു.

അവളെ തട്ടിയുണർത്തി സീമ, ദോശയുടെ പാത്രം അവൾക്ക് നേരെ നീട്ടി.

“ആൻറി എനിക്കൊന്നു വാരി തരുമോ ?

സീമയ്ക്ക് വല്ലാത്ത അത്ഭുതം തോന്നി, മുതലാളിയുടെ മകൾക്ക് ,വേലക്കാരിയുടെ കൈകൊണ്ട് വാരി കൊടുക്കുകയോ?

“മോളെ അത്… അച്ഛൻ എങ്ങാനും കണ്ടാൽ?

“കണ്ടാൽ എന്താ? ആന്റീ പ്ലീസ്
എനിക്ക് കൊതിയായിട്ട് അല്ലേ ?

നിത്യയുടെ നിർബന്ധം കൂടിയപ്പോൾ, സീമ ദോശ പിച്ചിയെടുത്ത്, ചമ്മന്തിയിൽ മുക്കി അവളുടെ വായിൽ വച്ചു കൊടുത്തു ,അവളത്ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോൾ ,സീമയ്ക്ക് ഒത്തിരി സന്തോഷമായി.

“അമ്മ മോൾക്ക്, എന്നും ഭക്ഷണം വാരി വായിൽ വച്ച്തന്ന്, വഷളാക്കി വച്ചിരിക്കുകയാണ് അല്ലേ?

ചിരിച്ചുകൊണ്ടു സീമ അവളോട് ചോദിച്ചു.

പെട്ടെന്ന് അവൾ ചവയ്ക്കുന്നത് നിർത്തി.

അവളുടെ കുഞ്ഞിക്കണ്ണുകൾ ഈറനണിയുന്നത് സീമ കണ്ടു.

“എന്ത് പറ്റി മോളേ..?

“എനിക്ക് അമ്മയില്ല ആന്റീ..

“ങ്ഹേ.. എന്നിട്ട് അച്ഛൻ പറഞ്ഞത് ചെന്നെയിലാണെന്നാണല്ലോ?

“അതച്ഛൻ , ചോദിക്കുന്നവരോട് ഒക്കെ അങ്ങനെയാ പറയുന്നത്, രണ്ടുമൂന്നു വർഷം മുമ്പ് , ചെന്നൈയിലേക്ക് പോകുന്ന വഴി, ഒരു ആക്സിഡന്റിലാണ്, അമ്മയെ ഞങ്ങൾക്ക് നഷ്ടപ്പെട്ടത്”

“ഓഹ് സോറി മോളേ.. ആന്റിക്ക് അതറിയില്ലായിരുന്നു”

“ആൻറി’ ഇന്നിവിടെ എൻറെ കൂടെ കിടക്കുമോ? എന്നെ കെട്ടിപ്പിടിച്ച്?

ആ ചോദ്യം സീമയെ വല്ലാതെ ഉലച്ചു കളഞ്ഞു.

നീണ്ട പതിനാലുവർഷം ഭർതൃമതിയായി കഴിഞ്ഞിട്ടും, ഗർഭം ധരിക്കാൻ കഴിയാത്ത തന്റെ അടിവയറ്റിലുയർന്ന ഒരു കുഞ്ഞ് മർമ്മരം അവൾ കേട്ടു .

“ഉം കിടക്കാം മോളെ.. മോളുറങ്ങിക്കോ”

ആ 12കാരിയെ ചേർത്ത് പിടിച്ചു കിടക്കുമ്പോൾ, മുലകുടി മാറാത്ത അരുമ കുഞ്ഞിനോട് തോന്നുന്ന വാത്സല്യമാണ്, സീമയ്ക്ക് അപ്പോൾ തോന്നിയത്.

എത്രയോ സംവത്സരങ്ങളായി, ഇങ്ങനെയൊരു നിമിഷത്തിനായി അവൾ കൊതിച്ചിരിക്കുന്നു, ഓരോ ആർത്തവകാലം കഴിയുമ്പോഴും , അടുത്ത പ്രാവശ്യമെങ്കിലും തന്റെ ഗർഭപാത്രത്തിൽ ഒരു കുഞ്ഞു പൂവ് , മൊട്ടിടുമെന്ന്‌ അവൾ ആശിച്ചു.

വിപരീതഫലങ്ങൾ ആയിരുന്നു ഓരോ മാസങ്ങളും, അവളെ തേടി വന്നത് .

കതകിൽ തുടരെയുള്ള മുട്ട് കേട്ടാണ് സീമ ,ഞെട്ടിയുണർന്നത്.

കണ്ണ് തിരുമി, കട്ടിലിൽ നിന്ന് എഴുന്നേൽക്കുമ്പോൾ, സ്ഥലകാല ബോധം വീണ്ടെടുക്കാൻ അവൾ കുറച്ച് സമയമെടുത്തു .

കതക് തുറന്നപ്പോൾ മുന്നിൽ മാത്യു മുതലാളിയെ കണ്ട് അവൾ അമ്പരന്നു.

“വീട്ടിൽ പോകണ്ടേ? താമസിച്ച് ചെന്നാൽ ചന്ദ്രൻ എന്ത് കരുതും ?

“സോറി സാർ, മോള് നിർബന്ധിച്ചത് കൊണ്ടാണ്, ഞാൻ അവളുടെ ഒപ്പം കിടന്നത്, ഉറങ്ങിപ്പോകുമെന്ന് കരുതിയില്ല”

“അത് സാരമില്ല, മോൾക്ക് ഒരു ദിവസമെങ്കിലും, അമ്മയുടെ സ്നേഹം കൊടുക്കാൻ , സീമയ്ക്ക് കഴിഞ്ഞല്ലോ, ഒരുപാട് നന്ദി”

അയാൾ സീമയുടെ നേരെ കൈ കൂപ്പി.

“അയ്യോ സാർ, അങ്ങനെ പറയരുത്, അത് ഞാനും ആഗ്രഹിച്ചതാണ്, ഒരു മകളെയോ, മകനെയോ താലോലിക്കാൻ, ഞാനും ഒത്തിരി കൊതിച്ചിട്ടുണ്ട്, അങ്ങയുടെ മകൾ എനിക്കാണ് ഒരു അവസരം തന്നത്, അതുകൊണ്ട് ഒരു രാത്രിയെങ്കിലും അമ്മയാകാൻ എനിക്ക് കഴിഞ്ഞല്ലോ”

അത്രയും പറഞ്ഞ്, നിറകണ്ണുകളോടെ സ്റ്റെയർകെയ്സ് ഇറങ്ങിപ്പോകുന്ന സീമയെ, അയാൾ നിർനിമേഷനായി നോക്കി നിന്നു.

വീട്ടിൽ വന്നയുടൻ തന്നെ, ചന്ദ്രനോട് സീമ, തലേ രാത്രിയിലെ നടന്ന സംഭവങ്ങൾ എല്ലാം വിവരിച്ചു പറഞ്ഞു.

“അപ്പോൾ, ഒരു കുഞ്ഞിനെ താലോലിക്കണമെന്ന നിന്റെ ആഗ്രഹം , ഇന്നലെ ഒരു രാത്രി കൊണ്ട് നടന്നു, ഇനി ഇത് എല്ലാ രാത്രികളിലും നീ ആവർത്തിക്കുമോ?

“അങ്ങനെ തന്നെ വേണമെന്നാണ് എൻറെ മനസ്സിലും, പക്ഷേ , അതിന് ആ കുട്ടിക്ക് മാസത്തിലൊരിക്കൽ അല്ലേ വയറുവേദന ഉണ്ടാകു”

നിരാശയോടെ അയാളെ നോക്കി കൊണ്ട്, സീമ പറഞ്ഞു.

“അയാളുടെ ഭാര്യ മരിച്ചു പോയി എന്നല്ലേ നീ പറഞ്ഞത്, നീ ഒന്നു മനസ്സുവെച്ചാൽ, ഒരു പക്ഷേ, ആ സ്ഥാനത്തേക്കു നിനക്ക് ചിലപ്പോൾ പ്രമോഷൻ കിട്ടിയേക്കും”

“ചന്ദ്രേട്ടാ..”

ഒരു അലർച്ചയായിരുന്നു അത്.

“എനിക്ക് മനസ്സിലായി, ചന്ദ്രേട്ടന്റെ മനസ്സിലിപ്പോൾ വേണ്ടാത്ത ചിന്തകൾ ഒക്കെ ഉണ്ടായി എന്ന്,
ഇല്ല ചന്ദ്രേട്ടാ.. കഴിഞ്ഞ 14 വർഷം, മക്കൾ ഇല്ലാതെ തന്നെയല്ലേ ?ഞാൻ അങ്ങയോടൊപ്പം ജീവിച്ചത് , നിങ്ങൾ എനിക്ക് തന്ന കലർപ്പില്ലാത്ത ഈ സ്നേഹവും ,

കരുതലും ഉണ്ടെങ്കിൽ ,മരണംവരെ അങ്ങയോടൊപ്പം, സംതൃപ്തിയോടെ തന്നെ ജീവിക്കാൻ, എനിക്ക് കഴിയും, മക്കൾ ഉണ്ടെങ്കിലും ഏതൊരു സ്ത്രീക്കും വലുത്, തന്റെ ഭർത്താവ് തന്നെയായിരിക്കുo, ഭർതൃമതിയായ ഒരു സ്ത്രീക്ക് മച്ചിയായിട്ട്, സമൂഹത്തിൽ എത്രനാള് വേണമെങ്കിലും അന്തസ്സോടെ ജീവിക്കാൻ കഴിയും,

പക്ഷേ, മക്കളെത്രയുണ്ടെങ്കിലും ഒരു സ്ത്രീ വിധവയാകുമ്പോൾ ,അവൾ സമൂഹത്തിൽ നിന്ന് തന്നെ, ഒരു പാട് വെല്ലുവിളികൾ നേരിടേണ്ടി വരും ,ഭർത്താവ് കൂടെയുള്ളപ്പോൾ, എന്റെ മാനത്തിന് ആരും വില പറയില്ലല്ലോ ,അതിൽ കൂടുതൽ ഒന്നും, എനിക്ക് വേണ്ട ചന്ദ്രേട്ടാ…,ഇനിയൊരിക്കലും കമ്പനിയിലേക്ക് അല്ലാതെ, മുതലാളിയുടെ വീട്ടിലേക്ക് ഞാൻ പോകില്ല, ഇത് സത്യം”

വീൽ ചെയറിൽ ഇരിക്കുന്ന ചന്ദ്രന്റെ കാലിലേക്ക്, മുട്ടുകുത്തിയിരുന്ന്, മുഖമമർത്തി അവൾ തേങ്ങി കരഞ്ഞപ്പോൾ ,ഉള്ളം നിറഞ്ഞ സന്തോഷത്തോടെ, ചന്ദ്രൻ അവളുടെ ഇടതൂർന്ന മുടിയിൽ വിരലുകൾ ഓടിച്ച് , അവളെ ആശ്വസിപ്പിച്ചു.