നാലാളറിയെ താലികെട്ടി കൂടെ കൂട്ടിയവളുടെകൂടെ കിടക്കാൻ വന്ന കെട്ടിയവന്റെ തലയടിച്ചു പൊട്ടിച്ചിട്ട് അവൾ നിക്കണത് കണ്ടില്ലേ..

രചന: രജിത ജയൻ

” പെണ്ണൊരുത്തിയെ ആണൊരുത്തന് കല്ല്യാണം കഴിച്ചു കൊടുക്കുന്നത് അവന് വെച്ചുവിളമ്പാനും തുണി അലക്കി വെളുപ്പിക്കാനും വേണ്ടി മാത്രമല്ലെടീ ..

“അവന്റെ ശാരീകമായ ആവശ്യങ്ങൾക്കുംകൂടി വേണ്ടിയാണ് ..

” ഇത്രയും പ്രായമായിട്ടും നിനക്കിതൊന്നും അറിയില്ലേ ..?
ഒന്നുമില്ലെങ്കിലും പത്തിരുപതു വയസ്സില്ലേടീ നിനക്ക് ..

“നാലാളറിയെ താലികെട്ടി കൂടെ കൂട്ടിയവളുടെ
കൂടെ കിടക്കാൻ വന്ന കെട്ടിയവന്റെ തലയടിച്ചു പൊട്ടിച്ചിട്ട് അവൾ നിക്കണത് കണ്ടില്ലേ തലതെറിച്ചവള്..

“നീ ചെയ്ത തെണ്ടിത്തരം ക്ഷമിക്കാനും പൊറുക്കാനും ആ ചെക്കനും വീട്ടുക്കാരും റെഡിയായത് തന്നെ നിന്റെ ഭാഗ്യമാണ് ,വേഗം കാര്യങ്ങൾ ഒത്തുതീർപ്പാക്കി അവനോടൊരു മാപ്പും പറഞ്ഞ് അവരുടെ കൂടെ തിരികെ പോവാനുള്ളതിനു പകരം അവൾ പൂങ്കണ്ണീരും ഒലിപ്പിച്ചോണ്ടിരിക്കുവാണ് ..

“ഇതിന്റെ എല്ലാം പുറകെ കിടന്ന് നട്ടം തിരിയാൻ ഞങ്ങൾ കുറച്ചു പോലീസുക്കാരുണ്ടെന്ന് മോൾ കരുതണ്ട, ഞങ്ങൾക്കിതു മാത്രമല്ല പണി, വേഗമൊരു തീരുമാനമെടുത്ത് ഇവിടുന്ന് പോവാൻ നോക്ക് പെണ്ണേ ..

“ആണൊരുത്തന്റെ പെണ്ണായിട്ട് ജീവിക്കാൻ പറ്റില്ലെങ്കിൽ പിന്നെ കെട്ടാൻ നിക്കരുത് ഒരുത്തിയും …മനുഷ്യനെ മെനക്കെടുത്താനായിട്ട് ..

ചുറ്റും കൂടി നിന്ന പോലീസുക്കാർ ദേഷ്യത്തിൽ മുങ്ങിയ ചീത്ത വിളികൾ നടത്തുമ്പോഴും തലയുയർത്താതെ അതെല്ലാം കേട്ടവൾ നിറമിഴികളോടെ നിന്നു

സ്റ്റേഷനകത്തെ തന്റെ സീറ്റിലിരിക്കുമ്പോൾ കിരൺ കേൾക്കുന്നുണ്ടായിരുന്നു പുറത്തെ ബഹളങ്ങൾ ..

മേശപ്പുറത്തേക്കൊന്ന് നീങ്ങിയിരുന്ന് കിരൺ അവന്റെ മുമ്പിലുള്ള ന്യൂസ് പേപ്പറിലേക്ക് കണ്ണോടിച്ചു

ശാരീരിക ബന്ധത്തിനിടെ യുവതി ഭർത്താവിനെ അടിച്ചുവീഴ്ത്തി….

പേരുകേട്ട പത്രത്തിന്റെ മുൻ പേജിലെ വാർത്തയിലവന്റെ കണ്ണുകൾ പതിഞ്ഞു ഒപ്പം തന്നെ പത്രത്തിലെ യുവതിയുടെ ഫോട്ടോയി ലവന്റെ മിഴികളുടക്കി

വിഷാദത്തിൽ പതിച്ചെടുത്ത നേർത്ത ചിരിയുമായൊരുത്തി ..

അവൻ തന്റെ സീറ്റിൽ നിന്നെഴുന്നേറ്റ് പുറത്തേക്ക് നടന്നു..

“എന്താണ് അയ്യപ്പേട്ടാ ,കാര്യങ്ങൾക്കൊന്നും ഇതുവരെ തീരുമാനമായില്ലേ..?

തന്റെ മുമ്പിൽ നിൽക്കുന്ന പോലീസുകാരനോടതു ചോദിക്കുമ്പോഴും കിരണിന്റെ കണ്ണുകൾ പതിഞ്ഞത് നിറമിഴികളുമായ് നിൽക്കുന്നവളിലാണ്..

“എങ്ങനെ തീരുമാനമാവാനാണ് സാറെ, ആ ചെക്കനും വീട്ടുകാരും പരാതിയൊന്നുമില്ലാന്നു പറഞ്ഞു..

ഇവൾ ഉറങ്ങുന്നതിനിടയിൽ ഇവൾക്കടുത്തേക്ക് ഇവളെയൊന്ന് പേടിപ്പിക്കാമെന്ന് കരുതിയാത്രേ ആ ചെക്കൻ പതുങ്ങി വന്നത് , പക്ഷെ ഇവൾ പേടിച്ച് ആ ചെക്കന്റെ തല ഫ്ളവർ വേസ് വെച്ച് തല്ലി പൊളിച്ചു ..

“അല്ല അവനെ കുറ്റം പറയാൻ പറ്റില്ല കല്യാണം കഴിഞ്ഞുമാസമൊന്നു കഴിഞ്ഞിട്ടും ഇവളവനെ നേരാവണ്ണം കൂടെ കിടക്കാൻ സമ്മതിക്കാത്തതു കൊണ്ട് ചെക്കനിത്തിരി ആക്രാന്തം കൂടി കാണും,എന്തായാലും എട്ടു പത്ത്തുന്നുണ്ട് ചെക്കന്റെ തലയിൽ .. എന്നിട്ടും അവർക്ക് പരാതിയില്ല ..

” എന്നിട്ടും പക്ഷെ ഇവളിനി അവന്റെ കൂടെ പോവില്ലാന്നാ സാറെ പറയുന്നത്..

ഇവൾക്കവനെ പേടിയാണെന്ന് ..

അവൻ ഉപദ്രവിക്കുംന്ന് ..

കല്യാണം കഴിഞ്ഞിട്ടു ഭർത്താവ് ഭാര്യയെ സ്നേഹിക്കുന്നതാണ് അതെന്നു പോലും തിരിച്ചറിയാത്ത ഇതിനെയൊക്കെ കെട്ടിച്ചു വിട്ടവരെ പറഞ്ഞാൽ മതിയല്ലോ ..
വെറുതെ മനുഷ്യനെ മെനക്കെടുത്താൻ ..

യുവതിയെ നോക്കി പരിഹാസത്തിലയാൾ പറഞ്ഞതും അവിടെയാകെയൊരു ചിരി മുഴങ്ങി

ചുറ്റുമുള്ളവരുടെ പരിഹാസങ്ങളേറ്റുവാങ്ങി ചൂളി ചുരുങ്ങി നിൽക്കുന്നവളുടെ അരികിലേക്ക് നടന്നു അവൻ

“കാവ്യ….

മൃദുവായ ശബ്ദത്തിയവൻ വിളിച്ചതും ഞെട്ടിയവൾ മുഖമുയർത്തി നോക്കി

ഞൊടിയിട നേരം കൊണ്ടവളുടെ മുഖത്ത് മിന്നി മറഞ്ഞ അനേകം ഭാവങ്ങളിലേക്കവൻ തന്റെ മിഴികൾ പതിപ്പിച്ചു

“കിരണേട്ടൻ …
അല്ല കിരൺ സാർ .. അവൾ പരിഭ്രമത്തോടെ വിളിച്ചതും അവനൊന്നു ചിരിച്ചു

തനിക്ക് മുമ്പിൽ തല താഴ്ത്തി നിൽക്കുന്നവരുടെ മുഖത്തേക്ക് നോക്കുമ്പോൾ തന്റെ ദേഷ്യം നിയന്ത്രിക്കാനെന്നവണ്ണം കിരൺ കൈ ചുരുട്ടി പിടിച്ചിരുന്നു

“ജീവിതത്തിലൊരുപാടു സ്വപ്നങ്ങളും മോഹങ്ങളും ഉണ്ടായിരുന്ന ഒരു പെൺകുട്ടിയെ അവളുടെ ഇഷ്ടമോ സമ്മതമോ ചോദിക്കാതെ ഇവനെ പോലൊരു ആഭാസന് കെട്ടിച്ചു കൊടുത്തപ്പോൾ നിങ്ങൾക്കെന്താണ് പകരം പ്രതിഫലമായ് ലഭിച്ചത്..?

ദേഷ്യത്തോടെയുള്ള കിരണിന്റെ ചോദ്യങ്ങൾക്കൊന്നിനും തന്നെ ഉത്തരമില്ലാതെ അവളുടെ അച്ഛനും സഹോദരന്മാരും തല കുനിച്ചു നിന്നതും കിരണിന്റെ കരുത്തുറ്റ കൈ അവരുടെ സമീപം നിന്ന ഒരുത്തന്റെ കവിളിൽ ആഞ്ഞു പതിച്ചു ..

തലയിലെ തുന്നികെട്ടലിന്റെ വേദനയോടൊപ്പം കവിളിലേറ്റ അടികൂടിയായതോടെ അഭിരാം വേദന കൊണ്ടു പുളഞ്ഞു കിരണിനെ നോക്കി

“നീ താലികെട്ടിയ പെണ്ണല്ലേടാ കാവ്യ ..?

” എന്നിട്ടവളോട് നീ എങ്ങനെയാ കല്യാണദിവസം മുതൽ പെരുമാറുന്നത് ….?

” ഏതെങ്കിലും ആണൊരുത്തൻ ചെയ്യുമോട നീ ചെയ്തതുപോലെ ആഭാസത്തരം ..?

കിരണിന്റെ മൂർച്ചയുള്ള ചോദ്യം കേട്ടതും അഭിരാം തനിക്ക് ചുറ്റുമുള്ള ആരെയും നോക്കാൻ സാധിക്കാതെ തല കുനിച്ചു നിന്നതും കാവ്യയുടെ അച്ഛനും ഏട്ടന്മാരും കിരണിനെ പകച്ചു നോക്കി

“ഓ.. നിങ്ങൾക്ക് കാര്യങ്ങൾ ഒന്നും അറിയില്ലല്ലോ അല്ലേ?

“മകളെ കെട്ടിച്ചു വിട്ടതോടെ നിങ്ങളുടെ ഉത്തരവാദിത്വം തീർന്നല്ലോ അല്ലേ?

പരിഹാസത്തോടെ കിരൺ അവരോടു ചോദിച്ചു കൊണ്ട് തനിക്ക് പുറകിലായ് ചുമരിനോട് ചാരി നിൽക്കുന്ന കാവ്യയെ തനിക്കരികിലേക്ക് ചേർത്തു നിർത്തി

“കല്യാണ പെണ്ണായ് നിങ്ങളുടെ വീടിന്റെ പടിയിറങ്ങി ഇവനൊപ്പം കാറിൽ കയറിയതു മുതൽ ഇവനിൽ നിന്നിവളനുഭവിച്ചതെന്തൊക്കെയാണെന്ന് നിങ്ങളാരെങ്കിലും അന്വേഷിച്ചോ..?

“ഇവന്റെ വീട്ടിലിവരെത്തുമ്പോൾ കല്യാണ പെണ്ണിനെ നോക്കി കളിയാക്കി ചിരിക്കുകയായിരുന്നു അവിടെയുള്ള ഓരോരുത്തരും.., കാരണമെന്താണെന്നോ പുതുപെണ്ണായ് ഇവനൊപ്പം കാറിൽ നിന്നിറങ്ങിയ ഇവളുടെ രൂപം ..

“ഇവൻകടിച്ചു പൊട്ടിച്ചു വീർത്ത ചുണ്ടുകളും അഴിഞ്ഞുലഞ്ഞ സാരിയുമായ് ഇവളെ കണ്ട ഓരോരുത്തരും ചിരിച്ചപ്പോൾ പതറിപ്പോയതിവളായിരുന്നു ..,

“പകച്ചു പോയതും തകർന്നു പോയതും ഇവളായിരുന്നു… കാരണം കൺമുന്നിൽ തകർന്നു വീഴുന്നത് അവളുടെ ജീവിതമാണെന്നവൾ മനസ്സിലാക്കിയിരുന്നു ആ കുറഞ്ഞ സമയം കൊണ്ട് ..

“വിവാഹത്തിനു മുമ്പ് ഒന്നോ രണ്ടോ പ്രാവശ്യം മാത്രം കണ്ടു പരിച്ചയമുള്ള ഒരുത്തന്റെ ഭാര്യയായ് മാറി കുറഞ്ഞ സമയം കൊണ്ടവൻ കാറിനുള്ളിൽ വെച്ച് കാണിച്ചുകൂട്ടിയ പരാക്രമങ്ങളിൽ നിന്നിവൾ തിരിച്ചറിഞ്ഞിരുന്നു ഇവനെങ്ങനെയുള്ളവനാണെന്ന് .. അതു കൊണ്ടു തന്നെയാണിവൾ ഇവനിൽ നിന്നൊഴിഞ്ഞുമാറി നടന്നത്.. എന്നിട്ടും വിട്ടില്ല ഇവനിവളെ..

‘കല്യാണ പിറ്റേന്ന് വിരുന്നിനു ചെന്ന നിങ്ങളോടിവൾ പറഞ്ഞതല്ലേ ഇവനെ പേടിയാണെന്ന് .. ?

“നിങ്ങളിലാരെങ്കിലും ഒരാൾ ഇവളുടെ വാക്കുകൾക്ക് വില കൊടുത്തോ …? ഇതൊക്കെ തന്നെയാണ് വിവാഹ ജീവിതം എന്നിവളെ ഉപദേശിച്ച നിങ്ങൾ എന്തൊക്കെയാണ് അവൾക്ക് പറയാനുള്ളത് എന്ന് ഒരിക്കലെങ്കിലും കേട്ടോ..?

” കഴിഞ്ഞ ദിവസങ്ങളിൽ പത്രങ്ങളും നാട്ടുകാരും കൊട്ടിഘോഷിച്ച ഇവളുടെ വാർത്തയുടെ സത്യാവസ്ഥ എന്താണെന്നെങ്കിലും നിങ്ങളിലൊരാളെങ്കിലും ഇവളോട് ചോദിച്ചോ ..?

“ഇവളെതല്ലാനുയർത്തിയ കൈ കൊണ്ട് ഒരിക്കലെങ്കിലും ഇവളുടെ ശരീരമൊന്ന് തലോടിയിരുന്നെങ്കിൽ നിങ്ങൾ അറിഞ്ഞേനെ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ട് ഇവനിൽ നിന്നിവൾ അനുഭവിച്ചത് ..

കിരൺ പറഞ്ഞു നിർത്തിയതും കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ നിൽക്കുന്ന സ്വന്തം പിതാവിന്റെയും സഹോദരങ്ങളുടെയും മുന്നിൽ സ്വന്തം നഗ്നശരീരമവൾ തുറന്നു കാട്ടിയപ്പോൾ തകർന്നു പോയിരുന്നു അവർ ,ഇനിയൊരിക്കൽ കൂടി അവളെ തലയുയർത്തി നോക്കാൻ പറ്റാത്ത വിധം അവരുടെ ശിരസ്സുകൾ താണിരുന്നു എന്നന്നേക്കുമായ് ..

സിഗരറ്റ് കുത്തിയ പാടുകളും പല്ലുകൾ ആഴ്ന്നിറങ്ങി നീലിച്ച പാടുകളും കൊണ്ട് നിറഞ്ഞിരുന്നു അവളുടെ ആ ശരീരം.. അവളൊരു മാരിറ്റൽ റേപ്പിന്റെ ഇരയാണെന്ന് അവളുടെ ശരീരം അവർക്ക് കാണിച്ചു ബോധ്യപ്പെടുത്തുന്നുണ്ടായിരുന്നു

“നിങ്ങളോരോരുത്തരും ഇവളോടു ചെയ്ത തെറ്റിനുള്ള ശിക്ഷ നിങ്ങൾക്ക് ഞാൻ വാങ്ങി തന്നിരിക്കും … മാത്രമല്ല ഇവളുടെ ഇനിയുള്ള ജീവിതം ഇവൾ ജീവിക്കുക ഇവൾ കണ്ട സ്വപ്നങ്ങൾ നേടിയെടുക്കാനായിട്ടാവും .ഇവളുടെ ആഗ്രഹങ്ങൾ പോലെയാവും .. എനിക്ക് പരിചയമുള്ള ഞാൻ കണ്ട ഒരു കാവ്യ ഉണ്ട് അവളായിട്ടിവൾ ജീവിയ്ക്കുംഇനിയുള്ള കാലം .. നിങ്ങളിലൊരാളുടെ നിഴൽ പോലും ഇവളുടെ മേലിനി പതിയരുത് ..

“പെണ്ണായ് പിറന്നതുകൊണ്ടോ പെണ്ണെന്താണെന്ന് അറിയാത്തവരുടെ ഇടയിൽ ജീവിച്ചതുകൊണ്ടോ തകർന്നു പോവേണ്ടതല്ല ഇവളുടെ ജീവിതം ..

തോറ്റുപോയെന്നു കരുതിയിടത്തു നിന്ന് തിരികെ നല്ലൊരു പുലരിയിലേക്ക് കാവ്യ തലയുയർത്തി നടന്നു തുടങ്ങിയപ്പോൾ ഒരിക്കലും ഉയർന്നു വരാത്ത വിധം അവളെ മനസ്സിലാക്കാത്തവരുടെ തലകൾ താണുപോയിരുന്നു എന്നേക്കുമായ്..