രചന: അംബിക ശിവശങ്കരൻ
“അമ്മേ ഞാൻ നാളെ തിരികെ ബാംഗ്ലൂർക്ക് പോകുകയാണ്.”
പിതാവ് മരിച്ചു ഏഴാം നാൾ അമ്മയോട് യാത്ര പറയേണ്ടി വരുമ്പോഴുള്ള പ്രതികരണം മനസ്സിൽ കണ്ടുകൊണ്ട് തന്നെയാണ് അവൾ അത് അവരോട് പറഞ്ഞത്. നിയന്ത്രിക്കാൻ ആകാത്ത വിധമുള്ള ഒരു കരച്ചിലായിരുന്നു അവരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ചുറ്റിനും ഉണ്ടായിരുന്ന ആരൊക്കെയോ ചേർന്ന് അവരെ സമാധാനിപ്പിച്ചു.
“എന്താ ചന്തു ഇത്? അച്ഛന്റെ ചടങ്ങുകൾ കഴിഞ്ഞതല്ലേ ഉള്ളൂ… അപ്പോഴേക്കും അമ്മയെ തനിച്ചാക്കി പോവുകയാണോ? എത്ര വലിയ ജോലിയാണെന്ന് പറഞ്ഞാലും മരിച്ചത് നിന്റെ അച്ഛനാണ്. അമ്മയ്ക്ക് ഈ സമയത്ത് താങ്ങാകേണ്ടത് നീയാണ്.
ആണായിട്ടും പെണ്ണായിട്ടും ഇവർക്ക് നീ മാത്രമേയുള്ളൂ മറക്കേണ്ട.. പുല വീടുന്നത് വരെയെങ്കിലും നീ ഇവിടെ നിന്നേ പറ്റൂ വെറുതെ നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കേണ്ട. നീ എങ്കിലും ഒന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കു മോനെ…”
കൂട്ടത്തിൽ പ്രായം തോന്നുന്ന ഒരു സ്ത്രീ ചന്ദനയെ ശകാരിക്കും മട്ടിൽ പറയുന്നതിനോടൊപ്പം തൊട്ടരികിൽ നിന്ന അവളുടെ ഭർത്താവ് അശ്വിനെ നോക്കി.
“അവൾ പൊയ്ക്കോട്ടെ ശാരാദേച്ചി… ജന്മം നൽകിയ മാതാപിതാക്കളെക്കാൾ അവൾക്ക് വലുത് അവളുടെ ജോലിയാണെങ്കിൽ അവൾ പൊയ്ക്കോട്ടെ.. മരിക്കുന്നതിന് മുന്നേ ഇവളെ ഒന്ന് കാണാൻ എത്ര കൊതിച്ചതാണെന്നോ ആ മനുഷ്യൻ.
ഞാൻ എത്രവട്ടം കാലു പിടിക്കുന്നത് പോലെ ഇവളോട് പറഞ്ഞു ഒന്ന് അച്ഛനെ കണ്ടു പോകാൻ… അന്നും ഇവൾക്ക് ജോലി തിരക്ക്. ഇവളെ ഒന്ന് നേരിൽ കാണണമെന്ന ആഗ്രഹം ബാക്കി വെച്ചുകൊണ്ട് തന്നെയാണ് രവിയേട്ടൻ പോയത്. ആ മനുഷ്യന്റെ ആത്മാവിന് ഇനി ശാന്തി കിട്ടും എന്ന് തോന്നുന്നുണ്ടോ?”
തുരുതുര ഒഴുകിക്കൊണ്ടിരുന്ന മിഴികളും ഒപ്പം മൂക്കും തന്റെ സാരി തലപ്പിനാൽ പിഴിഞ്ഞെടുത്ത് കൊണ്ട് അവർ തുടർന്നു.
” നിങ്ങൾക്കറിയോ ശാരാദേച്ചി രവിയേട്ടന് ഇവൾ എന്ന് വെച്ചാൽ ജീവനായിരുന്നു. താഴത്തും തലയിലും വയ്ക്കാതെ വളർത്തിയെടുത്തതായിരുന്നു ഇവളെ.. ഇവൾക്കും ചെറുപ്പത്തിൽ അങ്ങനെ തന്നെ ആയിരുന്നു അച്ഛൻ വേറെ കുട്ടികളെ മടിയിൽ എടുത്തു വയ്ക്കുന്നത് പോലും ഇവൾക്ക് ഇഷ്ടമല്ലായിരുന്നു അപ്പോ എന്നോട് ഓടി വന്നു പറയും അമ്മ വാങ്ങി മടിയിൽ ഇരുത്താൻ..
അങ്ങനെ ആയിരുന്നവർക്ക് പിന്നെ പിന്നെ അച്ഛനെ കണ്ടുകൂടാതെയായി. കണ്ടാൽ മിണ്ടാൻ ബുദ്ധിമുട്ട്, ഫോണിൽ വിളിച്ച് സംസാരിക്കാൻ ബുദ്ധിമുട്ട്. ഇങ്ങനെയൊക്കെ ചെയ്യാൻ മാത്രം ആ മനുഷ്യന് ഇവളോട് എന്ത് പാപമാണ് ചേച്ചി ചെയ്തത്? ലോകത്ത് ഒരു അച്ഛനും ഒരു മകളെയും ഇങ്ങനെ സ്നേഹിച്ചു കാണില്ല.
അവൾക്ക് കൊടുത്ത സ്നേഹത്തിന് പ്രതിഫലമാണ് ഈ കാണിക്കുന്നതൊക്കെ എങ്കിൽ അവൾ പോയിക്കോട്ടെ ചേച്ചി… അവൾ പൊയ്ക്കോട്ടെ…. ആരും ഇനി അവളെ തടയേണ്ട.ഞാൻ മരിച്ചാൽ പോലും അവൾ ഇനി ഈ പടി ചവിട്ടേണ്ട… ”
കരഞ്ഞു തളർന്നുകൊണ്ട് അവർ ആ സ്ത്രീയുടെ മേലേക്ക് ചാഞ്ഞു.
“അമ്മ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്? ചന്തു അമ്മയുടെ കൂടെ തന്നെ ഉണ്ടാകും. ജോലിയുടെ കാര്യമൊക്കെ ഞാൻ നോക്കിക്കോളാം.”
അവരുടെ കരച്ചിൽ കണ്ടു നിൽക്കാൻ ആകാതെ അശ്വിൻ അവരെ സമാധാനിപ്പിച്ചു.
” മോനെ നിനക്കുള്ള മനസ്സലിവ് പോലും എന്റെ മകൾക്കില്ലാതെ പോയല്ലോ.. ”
അവരവന്റെ കൈ മുറുകെ പിടിച്ചു. ചന്ദന പിന്നെ അവിടെ നിന്നില്ല മുറിയിലേക്ക് നടന്നു. അവൾക്ക് പുറകെ അശ്വിനും അവിടെ എത്തി.
“ഞാൻ നിന്നോട് പറഞ്ഞതല്ലേ ചന്തു നാളെത്തന്നെ നീ വരേണ്ട എന്ന്… ഓഫീസിലെ കാര്യം ഞാൻ മാനേജ് ചെയ്യുമല്ലോ… നീ നിർബന്ധം പറഞ്ഞതുകൊണ്ടാണ് ഞാൻ പിന്നെ എതിർത്തൊന്നും പറയാതിരുന്നത്.
അച്ഛൻ മരിച്ചതിന്റെ വിഷമത്തിൽ ഇരിക്കുന്ന അമ്മയ്ക്ക് നീ കൂടി പെട്ടെന്ന് പോകുന്നു എന്ന് പറഞ്ഞാൽ അത് ഉൾക്കൊള്ളാൻ കഴിയുമോ? അമ്മയുടെ ഭാഗത്തുനിന്ന് കൂടി ഒന്ന് ചിന്തിച്ചു നോക്ക് ചന്തു..”
അവൾ ഒന്നും തന്നെ മിണ്ടിയില്ല.
“ചന്തു നിന്റെ മനസ്സ് ആകെ അസ്വസ്ഥമാണെന്ന് എനിക്കറിയാം. ഒരു പക്ഷേ അച്ഛന്റെ ആബ്സെൻസിൽ ഈ വീട്ടിൽ കഴിയാൻ ബുദ്ധിമുട്ട് ഉള്ളതു കൊണ്ടായിരിക്കാം നീ ഇവിടെ നിന്ന് എത്രയും വേഗം പോകണമെന്ന് വാശിപിടിക്കുന്നത്.
അമ്മ പറഞ്ഞപ്പോഴാണ് തനിക്ക് അച്ഛനോട് അത്രയേറെ അറ്റാച്ച്മെന്റ് ഉണ്ടായിരുന്നു എന്ന കാര്യം ഞാൻ അറിയുന്നത്. പക്ഷേ നിന്റെ പെരുമാറ്റത്തിൽ നിന്നൊക്കെയും ഞാൻ മനസ്സിലാക്കിയത് നീയും അച്ഛനും തമ്മിൽ എന്തൊക്കെയോ പ്രശ്നം ഉണ്ടായിരുന്നു എന്നാണ്.
അമ്മയോട് മാത്രമാണ് നീ അധികവും സംസാരിച്ചിരുന്നത്.പക്ഷേ ഇത്രയേറെ നിങ്ങൾ പരസ്പരം സ്നേഹിച്ചിട്ടും എന്തിനാണ് നീ അച്ഛനോട് ഇത്ര അകലം പാലിച്ചത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്. മറ്റാർക്കും അറിയാത്ത എന്തെങ്കിലും പിണക്കമോ പരിഭവമോ നിങ്ങൾക്കിടയിൽ ഉണ്ടായിരുന്നോ?”
ആ ചോദ്യം കേട്ട് അവൾ ഒന്ന് പകച്ചെങ്കിലും അതിനെ നിസ്സാരവൽക്കരിച്ചു കൊണ്ട് ഇല്ലെന്ന് അവൾ തലയാട്ടി.
“ഹേയ്…എന്ത് പിണക്കം അശ്വിൻ? എല്ലാം നിനക്ക് വെറുതെ തോന്നുന്നതാണ്. അല്ലെങ്കിലും നീ അറിയാത്ത എന്ത് കാര്യമാണ് എന്റെ ജീവിതത്തിൽ ഉള്ളത്. അമ്മയുടെ ആഗ്രഹം പോലെ കുറച്ചുദിവസം കൂടി ഞാൻ ഇവിടെ നിൽക്കാം. നീ നാളെ പോയി ബോസിനോട് കാര്യങ്ങളൊക്കെ ഒന്ന് സംസാരിച്ച് ബോധ്യപ്പെടുത്തിയാൽ മതി.”
അതും പറഞ്ഞ് അവൾ അവന് തിരികെ പോകാനുള്ള ബാഗ് റെഡിയാക്കി വച്ചു. പിറ്റേന്ന് രാവിലെ തന്നെ അശ്വിൻ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു. അശ്വിൻ പോയതോടെ അവൾക്കവിടെ തികഞ്ഞ ഏകാന്തത അനുഭവപ്പെട്ടു. ഇടയ്ക്കിടെ വന്നു പോകുന്ന സന്ദർശകർ ഒഴിച്ചാൽ ഈ വീട്ടിൽ താനും അമ്മയും തനിച്ചാണ്.
“വിവാഹം കഴിഞ്ഞു പോയാൽ എല്ലാ പെൺകുട്ടികൾക്കും സ്വന്തം വീട്ടിൽ വന്ന് നിൽക്കുന്നത് സ്വർഗ്ഗം ലഭിക്കുന്ന ഒരു അനുഭൂതിയാണ്. എന്നാൽ തന്നെ സംബന്ധിച്ചിടത്തോളം ഈ വീട്ടിലെ താമസം എന്നത് നരകതുല്യമായ ഒരു അനുഭവം പോലെയാണ്. തികട്ടിവരുന്ന ബാല്യകാലസ്മരണകൾ അത്രയും കയ്പ്പ് നിറഞ്ഞതുകൊണ്ടാവാം.”
ആരുമില്ലാത്ത സമയത്താണെങ്കിൽ കൂടിയും അമ്മയുടെ കൂടെ ഇരിക്കാൻ എന്തോ വല്ലാത്ത ഒരു ബുദ്ധിമുട്ടാണ്.അച്ഛന്റെ ആഗ്രഹങ്ങളൊക്കെയും നിരസിച്ച ഒരു മകളായാണ് അമ്മ എപ്പോഴും തന്നെ ചിത്രീകരിക്കുന്നത്. തിരുത്താൻ നിന്നില്ല. അതങ്ങനെ തന്നെ നിലനിന്നു പോട്ടെ… സ്വന്തം ഇണയെ നഷ്ടമായ അമ്മയുടെ മനസ്സ് തനിക്ക് മനസ്സിലാകും. ”
“പക്ഷേ അശ്വിൻ… നിനക്കറിയാത്ത എന്ത് രഹസ്യമാണ് എനിക്കുള്ളതെന്ന് മുഖത്ത് നോക്കി ചോദിക്കുമ്പോൾ.. അശ്വിൻ അറിയാത്ത, മറ്റാരും അറിയാത്ത, ഒരു രഹസ്യം നീ മനസ്സിൽ സൂക്ഷിക്കുന്നില്ലേ എന്ന് മനസ്സാക്ഷി തന്നോടു തന്നെ തിരികെ ചോദിച്ചിരുന്നു.
അശ്വിനോട് മാത്രം പറഞ്ഞാലോ എന്ന് ചിന്തിച്ച് പല കുറി തികട്ടി തികട്ടി വന്ന ആ കാര്യം മനപ്പൂർവ്വം ചവച്ചിറക്കി. ഇല്ല…അത് തന്നോട് ഒപ്പം തന്നെ ഇല്ലാതായി തീരട്ടെ..”
രാത്രികളിൽ അവൾക്ക് തന്റെ അച്ഛന്റെ മുഖം ഓർമ്മ വന്നുകൊണ്ടിരുന്നു. അച്ഛന്റെ വിയോഗം തന്നെ അത്രമാത്രം അലട്ടുന്നുവോ? ഏയ് ഇത് അതല്ല ഒരിക്കലും ഓർക്കാൻ ഇഷ്ടമല്ലാത്ത മുഖം ഇങ്ങനെ മനസ്സിനെ അലട്ടുമ്പോൾ തോന്നുന്ന അസ്വസ്ഥതയാകാം…
“അമ്മ പറഞ്ഞത് ശരിയായിരുന്നു. അച്ഛൻ മറ്റു കുട്ടികളെ കൊഞ്ചിക്കുന്നതോ മടിയിൽ ഇരുത്തുന്നതോ ഒന്നും തന്നെ തനിക്ക് ഇഷ്ടമല്ലായിരുന്നു.
അവരെ അച്ഛന്റെ കയ്യിൽ നിന്നും മറ്റാർക്കെങ്കിലും കൈമാറുന്നത് വരെ തന്നിലെ ആ ചെറിയ കുട്ടി അസ്വസ്ഥയാകാറുണ്ട്. അത് പെൺകുട്ടികൾ ആണെങ്കിൽ അത്രയേറെ അസ്വസ്ഥത ആകാറുണ്ട്.
അതൊരിക്കലും ഒരു മകൾക്ക് പിതാവിനോടുള്ള അമിതമായ സ്നേഹം കൊണ്ടായിരുന്നില്ല.ഒരച്ഛനിൽ നിന്ന് മകൾക്ക് ഏൽക്കാൻ പാടില്ലാത്ത ചില മുറിപ്പാടുകൾ മനസ്സിനേറ്റത് കൊണ്ടാണ്. അത് മറ്റൊരു കുഞ്ഞും അനുഭവിക്കരുതെന്ന ആഗ്രഹം കൊണ്ടാണ്.”
“ഏതെങ്കിലും കുട്ടിയെ അച്ഛൻ മടിയിൽ ഇരുത്തുമ്പോൾ ഒളിഞ്ഞു നിന്ന് താൻ ആ കൈകൾ വീക്ഷിക്കാറുണ്ട്. തന്റെ ശരീരം പിടിച്ചമർത്തുന്നതുപോലെ ആ കൈകൾ അവരുടെ ശരീരവും ഞെരിക്കുന്നുണ്ടോ എന്ന ഭയം കുഞ്ഞായിരുന്നപ്പോൾ പോലും തന്റെ മനസ്സിനെ അലട്ടിയിട്ടുണ്ട്.
അതിനെ അച്ഛന്റെ സ്നേഹം മറ്റു കുട്ടികൾ അനുഭവിക്കുന്നത് കാണുമ്പോൾ ഉള്ള അസൂയയാണെന്നാണ് പെറ്റമ്മ പോലും ധരിച്ചു വെച്ചിരുന്നത്.”
” അമ്മയില്ലാത്ത സമയങ്ങളിൽ അത്രയേറെ സന്തോഷത്തോടെയായിരുന്നു അച്ഛന്റെ അരികിൽ ചെന്നിരിക്കാറുള്ളത്.പിന്നീട് എപ്പോഴോ അനുഭവപ്പെട്ട തലോടൽ ഒരച്ഛന്റെ വാൽസല്യത്തിന്റേതല്ലെന്ന് തിരിച്ചറിഞ്ഞു.
കൈ തട്ടിമാറ്റാൻ ഉള്ളിൽ വല്ലാതെ പേടി തോന്നിയെങ്കിലും കളിക്കാൻ പോണം എന്ന് പറഞ്ഞ് അവിടെ നിന്ന് കുതറി ഓടി. കൂട്ടുകാരോടൊപ്പം കളിക്കുമ്പോഴും സംരക്ഷിക്കേണ്ട കരങ്ങളിൽ നിന്ന് ഏറ്റ ദുരനുഭവം ആയിരുന്നു മനസ്സിനെ വേട്ടയാടിയിരുന്നത്.
അവരുടെ അച്ഛന്മാരും ഇങ്ങനെ തന്നെ ആയിരിക്കുമോ എന്ന് സംശയിച്ചു. അന്ന് മനസ്സിനേറ്റ മുറിവ് ഇന്നോളം മായാതെ കിടപ്പുണ്ട്. പിന്നീടും രണ്ടു മൂന്നു വട്ടം ആ ബലിഷ്ഠമായ കൈകൾ തന്റെ ശരീരത്തെ പിടിച്ചു ഞെരിച്ചു. അമ്മയോട് പറഞ്ഞാൽ തല്ലു കിട്ടുമോ എന്ന പേടികൊണ്ട് എല്ലാം ഉള്ളിലൊളിപ്പിച്ചു.
പിന്നീട് അച്ഛൻ എന്നാൽ ഒരു പേടിസ്വപ്നമായി മാറി. വളരുംതോറും വളർന്നുവരുന്ന മകളുടെ ശരീരത്തിലേക്ക് കാമത്തിന്റെ കണ്ണുകളോടെ നോക്കുന്ന അയാളോട് പിന്നീട് വെറുപ്പായി, അറപ്പായി. അയാളിൽ നിന്ന് രക്ഷനേടാൻ ആണ് ദൂരെ പോയി പഠിച്ചതും ജോലി ചെയ്തതും എല്ലാം. ”
“കാലം നൽകാത്ത തിരിച്ചടിയില്ലെന്ന് പറയുന്നതുപോലെ… ചെയ്ത തെറ്റുകളെ ഓർത്ത് പശ്ചാത്താപം തോന്നിയിട്ട് ആകണം അവസാന നാളുകളിൽ തന്നെ കാണാൻ അത്രയേറെ ആഗ്രഹം അയാൾ പ്രകടിപ്പിച്ചിരുന്നത്.
പക്ഷേ ഉള്ളിൽ പുരണ്ടൊരു കറ എത്ര നാളുകൾ എടുത്താലും തേഞ്ഞുമാഞ്ഞു പോകുകയില്ല എന്നതായിരുന്നു സത്യം. തന്റെ മനസ്സിൽ അച്ഛന് എന്നും കാമത്തിന്റെയും വെറിയുടെയും മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ…”
” അച്ഛൻ മരിച്ചിട്ട് ഒന്ന് കരയാത്ത ആ പെണ്ണിന്റെ ഒരു മനസ്സേ… ”
“ആരൊക്കെയോ അടക്കം പറയുന്നത് കേട്ടിരുന്നു. അവർക്കറിയില്ലല്ലോ ഒരിക്കൽ ഈ അച്ഛന്റെ മരണം മറ്റാരെക്കാളും താൻ ആഗ്രഹിച്ചിരുന്നതായിരുന്നു എന്നത്..”