ഇനിയെന്നെ തൊട്ട് പോവരുത്, അവളാണല്ലോ മനസ്സ് മുഴുവൻ, വർഷങ്ങൾക്ക് ശേഷം, അവർക്ക് കുട്ടികളായി..

(രചന: ഞാൻ ഗന്ധർവ്വൻ)

ഷമീറിന്റെയും സജ്‌നയുടേയും കല്യാണം കഴിഞ്ഞ് രണ്ട് ആഴ്ച്ചയേ ആയിട്ടുള്ളൂ. ഇന്ന് അവരുടെ അയൽവാസിയുടെ വീട്ടിൽ കല്യാണമാണ്. രണ്ടുപേരും ഒരുങ്ങി കല്യാണത്തിന് ഇറങ്ങി. ഷമീറിന്റെ കൂടെ പെങ്ങളുമുണ്ട്.

മൂന്നുപേരും കൂടി വീടിനോട് ചേർന്നുള്ള ഒരിടവഴിയിലൂടെ നടക്കുമ്പോൾ പെട്ടന്ന് മുന്നിൽ നിന്നും ഒരു പെണ്ണ് രണ്ട് കുട്ടികളേയും പിടിച്ച് ഭർത്താവിന്റെ കൂടെ വരുന്നത് കണ്ട ഷമീർ നന്നായി പരുങ്ങുന്നത് സജ്‌ന ശ്രദ്ധിച്ചു. അവൾ അടുത്തെത്തും തോറും ഷമീർ നന്നായി വിയർക്കാൻ തുടങ്ങി

“ഇങ്ങക്ക് ഇതെന്താ പറ്റിയേ ഇക്കാ…? ഇതുവരെ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ”

അവൻ ഒന്നും മിണ്ടിയില്ല. പെങ്ങള് ഒരു കള്ള ചിരി പാസാക്കി സജ്‌നയെ നോക്കി

“ഇത്താ ആ വരുന്നത് ഇക്കാന്റെ പഴേ ലൈൻ ആണ്. പേര് ഷംന. ഭയങ്കര ലവ് ആയിരുന്നു. വീട്ടിൽ കല്യാണത്തിന് സമ്മതിക്കാഞ്ഞിട്ട് ഇക്ക നാട് വിട്ടൊക്കെ പോയിട്ടുണ്ട്. ഷംനയുടെ കല്യാണത്തിന്റെ അന്ന് ഇക്ക ഭയങ്കര കരച്ചിൽ ആയിരുന്നു…”

ഇത് കേട്ടപ്പോൾ സജ്‌ന ഷമീറിനെ നോക്കി പുഞ്ചിരിച്ചു

“ഇതാണോ ഇത്ര വലിയ കാര്യം…? അതൊക്കെ കഴിഞ്ഞ കഥയല്ലേ ഇക്കാ. ഇങ്ങള് നടന്നാണീ”

സജ്‌ന അവനെ ചേർത്ത് പിടിച്ച് മുന്നോട്ട് നടന്നു. കാമുകി ഷമീറിനെ നോക്കി കണ്ണുരുട്ടിയിട്ട് നേരെ അവളുടെ വീട്ടിലേക്ക് പോയി. ഷമീർ അവളുടെ മുഖത്ത് നോക്കാതെ തലയും താഴ്ത്തി നടന്നു.

കല്യാണ വീട്ടിൽ എത്തിയ സജ്‌ന ആരെയോ തിരയുന്നുണ്ടായിരുന്നു. ഫുഡ്‌ കഴിക്കാൻ സമയം ആയപ്പോൾ ഷമീർ അവളെ വിളിച്ചു

“ഇങ്ങക്ക് എന്താ ഇത്ര ദൃതി, കുറച്ച് കഴിഞ്ഞോട്ടെ… ഒന്നുമില്ലേലും നമ്മൾ അയൽവാസികളല്ലേ. ആദ്യം തന്നെ പോയിരിക്കുന്നത് മോശാണ്”

ഷമീർ ഒന്ന് മൂളിയിട്ട് അപ്പുറത്ത് പോയിരുന്നു. സജ്‌ന വീണ്ടും തന്റെ ഉണ്ടക്കണ്ണുകൾ ഉരുട്ടി തിരയൽ തുടങ്ങി. പെട്ടന്ന് അവൾ ഓടിപ്പോയി ഷമീറിനെ പിടിച്ച് വലിച്ചു

“ഇങ്ങള് ഇവിടെ ഇരിക്കാണോ, ഫുഡ്‌ കഴിക്കേണ്ടേ നമുക്ക്. ഭയങ്കര വിശപ്പ്”

ഷമീർ അവളെ അത്ഭുതത്തോടെ നോക്കി

“നീയല്ലേ ഇപ്പൊ കഴിക്കേണ്ടാ പറഞ്ഞേ”

“ഞാൻ എപ്പോ പറഞ്ഞു…? ഇപ്പൊത്തന്നെ കഴിക്കണം”

ഇതും പറഞ്ഞ് അവൾ ഷമീറിന്റെ കയ്യിൽ പിടിച്ച് നടന്നു. ടേബിളിൽ ഇരിക്കാൻ നേരം സജ്‌ന അവനെ നോക്കി

“ഇവിടല്ല, അവിടെ”

അപ്പോഴാണ് ഷമീറിന് കാര്യം മനസിലായത്. ഷംന ഇരിക്കുന്ന ടേബിളിന്റെ തൊട്ടടുത്തുള്ള ടേബിലേക്കാണ് സജ്‌ന അവനേയും കൊണ്ട് പോയത്.

“ടീ, നമുക്ക് ഇവിടെ തന്നെ ഇരിക്കണോ…?”

സജ്‌ന തന്റെ ഉണ്ടക്കണ്ണ് കൊണ്ട് അവനെയൊന്നു നോക്കി

“എനിക്ക് ഇവിടെ ഇരുന്ന് കഴിച്ചാൽ മതി”

നിസ്സഹായനായി ഷമീർ സജ്‌നയെ നോക്കി

“ഷംന നമ്മളെ കാണില്ലേ…?”

ആശ്ചര്യത്തോടെ സജ്‌ന

“അതെന്താ അവൾ നമ്മളെ കണ്ടാൽ…? ഞാൻ ഇങ്ങളെ ഭാര്യ അല്ലേ”

ഊട്ടിയിലേക്ക് ടൂറ് പോയവന്റെ തലയിൽ ഐസ് മഴ പെയ്തു എന്ന അവസ്ഥയിലായിരുന്നു അപ്പോൾ ഷമീർ. ഷംനയെ എങ്ങനെയെങ്കിലും സജ്‌നയുമായുള്ള കൂടിക്കാഴ്ചയിൽ നിന്നും പിന്തിരിപ്പിക്കാൻ അവൻ ആവുന്നതും ചെയ്തു.

പക്ഷേ അപ്പോഴേക്കും അവൾ അവരെ കണ്ടിരുന്നു. അവൾ തങ്ങളെ കണ്ടു എന്ന് മനസിലാക്കിയ സജ്‌ന ബിരിയാണി ഷമീറിന്റെ പ്ലേറ്റിലേക്ക് വിളമ്പി

“ന്റെ ഇക്കൂസ്‌ കഴിക്ക്”

“ഇക്കൂസോ”

“മ്മ്… ന്റെ ഇക്കൂസ്‌ കഴിക്ക്”

ഇതും പറഞ്ഞ് ചിക്കൻ പീസിൽ ഒന്ന് നുള്ളി അതെടുത്ത് ഷമീറിന്റെ വായിലേക്ക് വെച്ചുകൊടുത്ത് സജ്‌ന കൊഞ്ചി

“ഞാൻ വാരി തരണോ പൊന്നിന്”

“പൊന്നോ…?”

“മ്മ്…”

ഇതൊക്കെ കണ്ടോണ്ടിരുന്ന ഷംന തന്റെ ദേഷ്യം മുഴുവൻ കഴിച്ചോണ്ടിരുന്ന ചിക്കനോട്‌ തീർത്തു. അവൾ ഷമീറിനെ കണ്ണുരുട്ടി നോക്കി. അവളുടെ നോട്ടത്തിൽ ദഹിച്ച് പണ്ടാരമടങ്ങിയ ഷമീർ പല്ലിളിച്ച് ഭാര്യ വാരിക്കൊടുക്കുന്ന ബിരിയാണി കഴിച്ചു. പിന്നെ അവിടെ സജ്‌നയുടെ പെർഫോമൻസ് ആയിരുന്നു

“ഇക്കൂസ് ന്താ പറഞ്ഞേ…? എനിക്ക് വാരി തരണോ എന്നോ…? വേണ്ടാ, ന്റെ പൊന്ന് കഴിക്ക്. എനിക്കിങ്ങനെ നോക്കി ഇരുന്നാൽ മതി”

“ഞാൻ എപ്പോ പറഞ്ഞു വാരി തരാന്ന്”

സജ്‌ന കണ്ണുരുട്ടി

“പറഞ്ഞു…”

“ആ… ആ… പറഞ്ഞു”

സജ്‌ന ഒരുപിടി ചോറ് ഉരുട്ടി ആരും കാണാതെ ഷമീറിന്റെ കയ്യിൽ കൊടുത്തു. എന്നിട്ട് പതുക്കെ ചെവിയിൽ പറഞ്ഞു

“ഈ ചോറ് എനിക്ക് വായിലേക്ക് വെച്ച് താ”

“ന്ത്‌…?”

സജ്‌ന കണ്ണുരുട്ടി

“വെച്ച് തരാൻ”

അവൾ പറഞ്ഞ് തീർന്നതും ഷമീർ ആ ചോറുരുള അവളുടെ വായിലേക്ക് വെച്ച് കൊടുത്തു. അവൾ നാണത്തോടെ അത് കഴിച്ചു

“ഈ ഇക്കൂന്റെ ഒരുകാര്യം… ആരേലും കാണും… ഇങ്ങനെ കൊഞ്ചാ കള്ളൻ”

ഷമീർ അന്തംവിട്ട് സജ്‌നയെ നോക്കി. കൊഞ്ചിയും കുഴഞ്ഞും സജ്‌ന ഷമീറിനോപ്പം കഴിക്കുന്നത് കണ്ട ഷംനക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവരുടെ ടേബിളിലേക്ക് നോക്കേണ്ട എന്ന്‌ അവൾ പലപ്രാവശ്യം കരുതിയെങ്കിലും അവളുടെ മനസ്സ് അതിന് സമ്മതിച്ചില്ല.

ഷമീർ സജ്‌നക്ക് ഫുഡ്‌ വാരി കൊടുക്കുന്നതൊക്കെ കണ്ടപ്പോൾ അവൾക്ക് സഹിച്ചില്ല. കഴിച്ചോണ്ടിരുന്ന ഫുഡ്‌ പാതിയിൽ ഇട്ടിട്ട് അവൾ പോവാനൊരുങ്ങി. അപ്പോൾ പിറകിൽ നിന്നും സജ്‌ന അവളെ വിളിച്ചു

“ഷംന താത്ത”

ഷമീർ വേണ്ടാ വേണ്ടാ എന്ന്‌ കെഞ്ചി പറഞ്ഞിട്ടും അതൊന്നും മൈൻഡ് ചെയ്യാതെ അവൾ ഷംനയുടെ അടുത്തേക്ക് പോയി

“ഷംന ഇത്തയല്ലേ…?”

ഷംന തിരിഞ്ഞു കൊണ്ട് അവളെയൊന്ന് നോക്കി

“ഇത്താ എന്നൊന്നും വിളിക്കേണ്ട, എനിക്ക് അതിനുമാത്രം പ്രായം ഒന്നും ആയിട്ടില്ല”

ആശ്ചര്യത്തോടെ സജ്‌ന

“പക്ഷേ കണ്ടാൽ ഒരിക്കലും അങ്ങനെ പറയൂലാട്ടോ, നന്നായി പ്രായം തോന്നിക്കുന്നുണ്ട്. ചിലരുടെ ശരീര പ്രകൃതം അങ്ങനാ”

ഷംന രൂക്ഷമായി അവളെയൊന്നു നോക്കി, എന്നിട്ട് പോവാൻ ഒരുങ്ങി

“പോവല്ലേ ഇത്താ, ഒന്നുമില്ലേലും നമ്മളൊക്കെ അയൽവാസികളല്ലേ. ഇങ്ങനെയൊക്കെ അല്ലേ പരിചയപ്പെടുന്നത്”

“ഞാൻ അയൽവാസി ആണെന്നും, എന്റെ പേര് ഷംന എന്നാണെന്നും എന്നെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഇയാൾക്ക് എങ്ങനെ മനസ്സിലായി”

സജ്‌ന ഒരു സെക്കൻഡ് ഒന്ന് ആലോചിച്ചു

“അത് പിന്നെ… അത്… കല്യാണ ആൽബത്തിൽ കണ്ടപ്പോൾ ഞാൻ ഉമ്മയോട് ചോദിച്ചു, ഈ സുന്ദരി ഇത്ത ആരാണെന്ന്. അപ്പോ ഉമ്മയാണ് ഇത്തയെ കുറിച്ച് പറഞ്ഞത്”

ഷംന സജ്‌നയെ അടിമുടിയൊന്ന് നോക്കി

“ഈ സുന്ദരി ഇത്ത നിങ്ങളുടെ കല്യാണത്തിന് വന്നട്ടില്ല”

അതുവരെ ചിരിച്ച മുഖവുമായി നിന്നിരുന്ന സജ്‌ന ആകെ ചമ്മി എന്താ ഇപ്പൊ പറയാ എന്ന അവസ്ഥയിലായി. കൂടുതൽ ഒന്നും പറയാതെ ദേഷ്യത്തോടെ ഷമീറിനെ നോക്കി കണ്ണുരുട്ടി ഷംന അവിടെ നിന്നും പോയി.

പോണേൽ പോട്ടെ പുല്ല് എന്ന ഭാവത്തിൽ സജ്‌ന ഷമീറിന്റെ അടുത്ത് പോയിരുന്നു

“ഹോ, എന്തൊരു ആശ്വാസം”

ഷമീർ കൈകൾ കൂപ്പി സജ്‌നയെ നോക്കി

“സമാധാനം ആയല്ലോ അല്ലേ…?”

“ഹും… ആയി… ബാക്കി വീട്ടിൽ എത്തിയിട്ട് തരാം”

അന്ന് രാത്രി…

കുളിച്ചൊരുങ്ങി വന്ന സജ്‌നയെ കെട്ടിപിടിച്ച് തന്നിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചപ്പോൾ ഷമീറിന്റെ കൈകൾ തട്ടിമാറ്റി അവൾ റൂമിലെ ജനൽ തുറന്ന് ഷംനയുടെ വീട്ടിലേക്ക് നോക്കി

“ആഹാ, അപ്പോ ഈ മുറിയിൽ ഇരുന്നായിരുന്നല്ലേ കാമുകനും കാമുകിയും കണ്ണും കണ്ണും നോക്കി നിന്നിരുന്നത്”

ഇതും പറഞ്ഞ് അവൾ ഷമീറിനെ നോക്കി കണ്ണുരുട്ടി

“ഇനിയെന്നെ തൊട്ട് പോവരുത്… അവളാണല്ലോ മനസ്സ് മുഴുവൻ”

വർഷങ്ങൾക്ക് ശേഷം…

അവർക്ക് കുട്ടികളായി, പേരക്കുട്ടികളായി… പക്ഷേ…

“ഇനിയെന്നെ തൊട്ട് പോവരുത്… അവളാണല്ലോ മനസ്സ് മുഴുവൻ”

ഷമീർ മരിക്കുന്നത് വരെ ഈ ഡയലോഗ് അവന്റെ കാതിൽ പതിച്ച് കൊണ്ടേയിരുന്നു…