തിരിച്ചറിവ്
(രചന: Bindu NP)
നെറ്റിയിൽ ഒരു മൃദു സ്പർശമേറ്റപ്പോഴാണ് അവൾ കണ്ണ് തുറന്നത് ..
“എടോ .. ഇപ്പൊ എങ്ങനെ ഉണ്ട് .. കുറവുണ്ടോ ..?
ദേവേട്ടനാണ് … അടുക്കളയിൽ നിന്നും ഓടി വന്നതാണ് ..ഏട്ടന് ഓഫീസിൽ പോകണം .. മോൾക്ക് സ്കൂളിൽ പോകണം .. അവൾ പതുക്കെ എണീറ്റു ..
ഇന്നലെ തുടങ്ങിയ തലവേദനയാണ് .. കൂടെ നേരിയ പനിയുമുണ്ട് . രാത്രി ദേവേട്ടനുണ്ടാക്കിയ ചുക്കുകാപ്പിയും കഴിച്ചു കിടന്നതാണ് . പിന്നെ ഉണരുന്നതിപ്പോഴാണ്
“താനിന്ന് റസ്റ്റ് എടുത്തോളൂ . ഇവിടെ എല്ലാം റെഡിയായിട്ടുണ്ട് .സമയത്തിന് ഭക്ഷണവും വെള്ളവും കഴിക്കണം .. ഞാൻ മോളെ ഒരുക്കട്ടെ .. ഓഫീസിൽ പോകാതിരിക്കാൻ പറ്റില്ല .. അല്ലെങ്കിൽ ഞാൻ ലീവെടുത്തേനെ
.”
എന്ന് പറഞ്ഞു ഓരോ കാര്യങ്ങളും ചുറു ചുറുക്കോടെ ചെയ്യുന്ന അയാളെ കണ്ടപ്പോൾ അവൾ പഴയ കാര്യങ്ങൾ ഓർത്തുപോയി ..
ഓഫീസ് കാര്യങ്ങളല്ലാതെ മറ്റൊരു കാര്യങ്ങളും ശ്രദ്ധിക്കാത്ത ദേവേട്ടൻ ..ഓഫീസിൽ നിന്നും തിരിച്ചെത്തിയാൽ ഉറങ്ങുവോളം ഫോണിൽ തന്നെ ..
എത്ര വയ്യെങ്കിലും പുലർച്ചെ എണീക്കണം . അവർക്ക് കൊണ്ടുപോകാനുള്ള ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിനിടയിലാവും പാൽക്കാരന്റെ ഹോണടി ..പാല് വാങ്ങി വരുമ്പോഴേക്കും അടുപ്പത്തു വെച്ച സാധനം ചിലപ്പോൾ കരിഞ്ഞു തുടങ്ങിയിട്ടുണ്ടാവും .
അപ്പോഴും കയ്യിലുള്ള ഫോണിൽ കണ്ണും നട്ടിരിപ്പുണ്ടാവും ദേവേട്ടൻ .
“അയ്യോ .. അടുപ്പത്തുള്ളത് കരിഞ്ഞു പോയെന്ന് തോന്നുന്നു “എന്ന് പറഞ്ഞ് അടുക്കളയിലേക്കോടുമ്പോൾ കേൾക്കാം ദേവേട്ടന്റെ വക ”
“ങാ .. ശ്രദ്ധയില്ലാഞ്ഞിട്ടല്ലേ .. അതെങ്ങനെയാ . ഏത് നേരോം ശ്രദ്ധ ഫോണിലല്ലേ ..”
“ആ ഫോണിൽ നോക്കിയിരിക്കുന്ന നേരം ഒന്ന് പാല് വാങ്ങാൻ പോയിരുന്നെങ്കിൽ ഇത് കരിയില്ലായിരുന്നല്ലോ ..”എന്ന് മനസ്സ് പറയും .
ദേവേട്ടനൊരു കാപ്പിയുണ്ടാക്കിക്കൊടുത്തിട്ട്
മോളുടെ അടുത്തേക്ക് ഓടും . ഏട്ടരയ്ക്ക് അവളുടെ സ്കൂൾ ബസ്സ് വരും .. അപ്പോഴേക്കും അവളെ ഒരുക്കണം . ഭക്ഷണം കൊടുക്കണം ..
അതിനിടയിലാവും ദേവേട്ടന്റെ വിളി .
“എന്റെ ഷേട്ടെവിടെ ..കർച്ചീഫെവിടെ എവിടെ “… എന്നൊക്കെ ചോദിച്ചു കൊണ്ട് .
കണ്ണിനു മുന്നിലുണ്ടായാലും എല്ലാം എടുത്തു കൊടുക്കണം .. അപ്പോഴേക്കും മോളുടെ വണ്ടി ഗേറ്റിനരികിൽ എത്തിയിട്ടുണ്ടാവും ..
മോളെയും സ്കൂളിൽ അയച്ചു തിരിച്ചു വരുമ്പോഴേക്കും ദേവേട്ടൻ ഓഫീസിലേക്ക് ഇറങ്ങിയിട്ടുണ്ടാവും .
അടുക്കളയിൽ കുടിക്കാൻ മറന്ന കാപ്പി ആപ്പോഴേക്കും ആറിത്തണുത്തു പോയിട്ടുണ്ടാവും .
പിന്നെ അടിക്കലും തുടക്കലും അടുക്കള വൃത്തിയാക്കലും എല്ലാം കഴിഞ്ഞോന്ന് കാപ്പി കുടിക്കാൻ ഇരിക്കുമ്പോഴാവും മീൻ കാരന്റെ ഹോണടി കേൾക്കുക .
പകലിലെ ജോലി ക്ഷീണം കാരണം രാത്രി ഒന്ന് നേരത്തെ കിടക്കാമെന്ന് വെച്ചാൽ അപ്പൊ മനസ്സിനെ ആകെ തളർത്തുന്ന ഒരു ചോദ്യമുണ്ട് ..”നിനക്കെന്താ ഇതിനും മാത്രം ഇവിടെ മല മറിക്കുന്ന പണി ..”
അതെ .. പുറമേന്ന് കാണുന്നവർക്ക് ഇവിടെ പണിയൊന്നുമില്ല .. പക്ഷേ എടുത്താൽ തീരാത്ത ഒരിക്കലും അവധിയില്ലാത്ത പണിയാണിതെന്ന് മനസ്സ് മന്ത്രിക്കും ..
അങ്ങനെയിരിക്കെയാണ് മോളുടെ പേരന്റസ് മീറ്റ് വന്നത് . സാധാരണ താനാണ് പോകാറ് . ഇത്തവണ ടൗണിൽ പോകേണ്ട ആവശ്യം ഉള്ളതുകൊണ്ടും ദേവേട്ടൻ അവധിയായത് കൊണ്ടുമാണ് രണ്ടുപേരും കൂടിപ്പോയത് .
അവിടെ എത്തിയപ്പോഴാണ് മോളുടെ ക്ലാസ്സ് ടീച്ചർ തന്റെ ക്ലാസ്സ്മേറ്റ് ഷൈനിയാണെന്ന് അറിയുന്നത് .
സംസാരത്തിനിടയിൽ അവൾ മോളോട് പറഞ്ഞു ..
“മോള് നന്നായി പഠിക്കണം ട്ടോ .. മോളുടെ അമ്മ പണ്ട് നന്നായി പഠിക്കുമായിരുന്നു .. മോളും അമ്മയെ പോലെ നല്ല മിടുക്കിക്കുട്ടിയവണം …”
പെട്ടെന്നായിരുന്നു മോളുടെ ഉത്തരം ..
എനിക്കമ്മയെ പോലെ ആവണ്ട മേം . എനിക്കെന്റെ അച്ഛനെ പോലെ ആയാൽ മതി .. ”
“ഓ !.. ഗ്രേറ്റ് ..” മോളും അച്ഛനെപോലെ വലിയൊരാളാവട്ടെ … ”
അതുകേട്ട ദേവേട്ടൻ അല്പം ഗമയോടെ നിന്നു .
അപ്പോഴാണ് അടുത്ത് നിന്ന മറ്റൊരു അദ്ധ്യാപിക മോളോട് ചോദിച്ചത് ..
“ആട്ടെ ..മോള് അച്ഛനെ പോലെ ആവണമെന്ന് പറയാനെന്താ കാരണം ?”
“മോൾക്ക് അത്രയേറെ ഇഷ്ടമാണോ അച്ഛന്റെ പ്രൊഫഷൻ ..?”
“അതല്ല മേം ..ഞാൻ അമ്മയെപ്പോലെ ആയാൽ എത്ര വയ്യെങ്കിലും പുലർച്ചെ എഴുന്നേൽക്കണം . ജോലികൾ മുഴുവൻ ഒറ്റയ്ക്ക് ചെയ്യണം ..എന്റമ്മ ഒരിടത്തിരുന്ന് സമാധാനത്തോടെ ഭക്ഷണം കഴിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല ..അമ്മയ്ക്ക് എപ്പോഴും ടെൻഷനാണ് .അതുകൊണ്ട് എനിക്കെന്റെ അമ്മയെപ്പോലെ ആവണ്ട മേം ..”
“മറിച്ച് അച്ഛനെ പോലെ ആയാൽ .. എത്ര വൈകി വേണമെങ്കിലും ഉണരാം ..വൈകുവോളം ഫോണിൽ നോക്കിയിരിക്കാം .. അതിനിടയിൽ ആവശ്യമുള്ള കാര്യങ്ങൾക്ക് അമ്മയോട് ആവശ്യപ്പെടാം .. മീൻ വാങ്ങാൻ ഓടേണ്ട …
പാൽക്കാരന്റെ ഹോണടി കേൾക്കുമ്പോ വേവലാതിയോടെ ഓടിപ്പോകണ്ട … അടുപ്പത്തു വെച്ചത് കരിഞ്ഞുപോയോ എന്ന് വെപ്രാളപ്പെടേണ്ട … ആരുടേയും വഴക്കും കേൾക്കണ്ട ..”
അപ്പോ പിന്നെ അച്ഛനെ പോലെ ആവുന്നതല്ലേ മേം നല്ലത് .. ”
മോളുടെ വാക്കുകൾ കേട്ട് എല്ലാവരും സ്തബ്ദരായി .. ദേവേട്ടന്റെ മുഖം വിറളി വെളുത്തു ..
തിരിച്ചു പോരുമ്പോൾ ആരും ഒന്നും സംസാരിച്ചില്ല …
വീട്ടിലെത്തിയപ്പോ ദേവേട്ടൻ പറഞ്ഞു… “സോറിയെടോ… താനെന്നോട് ക്ഷമിക്കൂ… ഞാൻ ഇതൊന്നും ശ്രദ്ധിച്ചതേയില്ല .. നമ്മുടെ മോള് വേണ്ടി വന്നു എനിക്ക് എന്നെ മനസ്സിലാക്കിത്തരാൻ ..”
പിറ്റേന്ന് മുതൽ ദേവേട്ടൻ പുതിയൊരു മനുഷ്യനാവുകയായിരുന്നു .വീട്ടുജോലികളിൽ കൂടെ കൂടും ..
ചിലപ്പോൾ മോളേ ഒരുക്കും .. പാൽക്കാരനും മീൻകരനും ഇപ്പൊ തന്നെ കാണാറേയില്ല . ഇതൊക്കെ കഴിഞ്ഞിട്ടാണ് ഓഫീസിൽ പോകുക . പഴയതുപോലെ ഒന്നിനും ദേഷ്യപ്പെടാറില്ലെന്ന് മാത്രമല്ല നല്ല സ്നേഹത്തോടെ മാത്രമേ തന്നോടും മോളോടും പെരുമാറാറുമുള്ളൂ ..
“എടോ .. ഞാൻ ഇറങ്ങുവാണേ .. താൻ സമയത്തിന് ഭക്ഷണം കഴിക്കണം കേട്ടോ .. ഞാൻ വിളിച്ചോളാം ..”എന്ന് പറഞ്ഞുകൊണ്ട് ഓഫീസിലേക്ക് യത്രയാവുന്ന അയാളെ ചിരിച്ചു കൊണ്ട് യാത്രയാക്കുമ്പോൾ അവൾ അറിയുകയായിരുന്നു .. ചില തിരിച്ചറിവുകൾ ഉണ്ടാക്കുന്ന മാറ്റങ്ങൾ ..