തന്റെ വയറിലൊരു തണുപ്പറിഞ്ഞതും വേദ അവനിൽ നിന്ന് നോട്ടം പിൻവലിച്ച് തന്റെ വയറിലേക്ക് നോക്കിഅവിടെ ഒരു സ്വർണ്ണ..

(രചന: രജിത ജയൻ)

“എനിക്ക് ഈ കല്യാണത്തിന് താൽപ്പര്യമില്ല വേദ

“ഞാൻ പെണ്ണുകാണാൻ വരുന്നത് തന്നെ ആണെന്ന് എനിക്കറിയില്ലായിരുന്നു ,

”അറിഞ്ഞിരുന്നേൽ ഈ പെണ്ണുകാണൽ പോലും നമ്മുക്കിടയിൽ സംഭവിക്കില്ലായിരുന്നു ..

“താനും എന്നെയിവിടെ തീരെ പ്രതീക്ഷിച്ചില്ലാന്ന് തന്റെ മുഖം വിളിച്ചു പറയുന്നുണ്ട്…

“അമ്മയുടെ നിർബന്ധം കൊണ്ടാണ് ആദ്യമായിട്ടൊരു പെണ്ണ് കാണലിന് ഇറങ്ങിയത്..

“വന്നു കണ്ടതോ, പരസ്പരം കണ്ടാൽകടിച്ചുകീറുന്ന നിന്നെയും ….

“സത്യത്തിനൊപ്പം നിൽക്കുന്ന പോലീസുക്കാരനായ ഞാനും, ഞാൻ പിടിക്കുന്ന പ്രതികളെ കള്ളം പറഞ്ഞ് കോടതിയിൽ നിന്നിറക്കി കൊണ്ടു പോവുന്ന വക്കീലായ നീയും..

വേദയുടെ മുഖത്തേക്ക് നോക്കാതെ കിരൺ പറഞ്ഞു കൊണ്ടിരുന്നതും വേദഅവനെ ഒന്ന് നോക്കി

അവന്റെ മുഖത്ത് അപ്പോഴുള്ള ഭാവം എന്തെന്ന് വേർതിരിച്ചെടുക്കാൻ സാധിക്കാതെയവൾ അവനെ നോക്കി നിന്നു

“അപ്പോ ശരി ബുദ്ധിമുട്ടിച്ചതിൽ ക്ഷമ ചോദിക്കുന്നു ,വീണ്ടുമൊരിക്കൽ കൂടി തമ്മിൽ കാണാതിരിക്കാൻ ശ്രമിക്കാം.. ബൈ

ഒരു യാത്ര പറച്ചിലോടെ തന്നെ മറികടന്ന് കോഫി ഷോപ്പിൽ നിന്നിറങ്ങി പോവുന്ന കിരണിനെ വേദ കണ്ണുനീരോടെ നോക്കി നിന്നു

“എന്തായെടാ മോനെ പെണ്ണുകാണാൻ പോയിട്ട്?

” നിനക്ക് പെൺകുട്ടിയെ ഇഷ്ട്ടപ്പെട്ടോ ?

കിരൺ വീട്ടിലെത്തിയതും ചോദ്യങ്ങളുമായ് അവന്റെ അമ്മ മാലതി വന്നു

“എല്ലാം ഞാൻ പറയാം അമ്മേ, ഇപ്പോ ഞാനൊന്ന് കിടക്കട്ടെ വല്ലാത്ത ക്ഷീണം

പറഞ്ഞു കൊണ്ടവൻ അകത്തേക്ക് നടന്നതും അമ്മ അവൻ പോയ വഴിയേ നോക്കി നിന്നു

”വേദ ..ശ്ശെ..

അവളെയാണ് പെണ്ണ് കാണാൻ പോവുന്നതെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ നാണക്കേടിൽ നിന്ന് രക്ഷപ്പെടാമായിരുന്നു

“ചെ…അവളെന്തു കരുതി കാണുമോ ആവോ..?

“അല്ലെങ്കിൽ തന്നെ അവളെന്തു കരുതാനാണ്,

” അവളായിട്ട് ഈ കല്യാണത്തിന് ഇഷ്ട്ടമില്ലാന്ന് പറയുന്നതിന് മുമ്പേ താനവളോട് ആദ്യം പറഞ്ഞല്ലോ തനിക്ക് ഈ വിവാഹത്തിന് താൽപര്യം ഇല്ലെന്ന്..
അപ്പോ കുഴപ്പമില്ല

സ്വയം കാരണങ്ങൾ കണ്ടെത്തി മനസ്സിനെ ആശ്വസിപ്പിക്കുമ്പോഴും കിരണിന്റെ മനസ്സിൽ വേദയുടെ മുഖം തെളിഞ്ഞു വരുന്നുണ്ടായിരുന്നു

എപ്പോഴും ചുണ്ടിലൊരു ചിരിയോടെ മാത്രമേ വേദയെ കാണാറുള്ളുവെന്ന് സഹപ്രവർത്തകർ പറയുമ്പോഴും താൻ ഓർക്കാറുണ്ട് താൻ കാണുമ്പോഴെല്ലാം അവളുടെ മുഖം കടന്നൽ കുത്തിയത് പോലെയാണല്ലോന്ന്..

അല്ലെങ്കിൽ തങ്ങൾ തമ്മിലധികവും കാണുന്നത് കോടതിയിൽ വെച്ചല്ലേ..

എത്ര പ്രതികളെ പല കേസിലായ് താൻ പിടിച്ചിരിക്കുന്നു ,പക്ഷെ അവരിൽ ഭൂരിപക്ഷത്തെയും കോടതിയിൽനിന്ന് രക്ഷപ്പെടുത്തി കൊണ്ടു പോവുന്നത് വേദ ആയിരുന്നു..

നിയമത്തിന്റെ ഏതു നൂലാമാലയും എത്ര നിഷ്പ്രഭമായിട്ടാണ് അവൾ കൈകാര്യം ചെയ്യുന്നത് ..

പലപ്പോഴും ആരാധന തോന്നിയിട്ടുണ്ട് അവളോട് അതോടൊപ്പം തന്നെ ദേഷ്യവും.

സത്യത്തെ എത്ര പെട്ടന്നാണവൾ വളച്ചൊടിക്കുന്നത് എന്നോർത്തിട്ട്…

“സി ഐ കിരൺ സാറിനെ തോൽപ്പിക്കാൻ വേണ്ടിയാണ് വേദ വക്കീൽ കോടതിയിൽ വരുന്നതെന്ന് തോന്നുന്നു ..

തന്റെ സഹപ്രവർത്തകർ പറഞ്ഞതോർത്തപ്പോൾ അറിയാതെ അവന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു …

“കണ്ണാ….

നെറ്റിയിലൊരു തണുപ്പും അമ്മയുടെ വിളിയും കേട്ടാണ് മയക്കത്തിൽ നിന്ന് കിരണുണർന്നത്

“തലവേദന കുറവില്ലേ കണ്ണാ..?

” ഉണ്ടമ്മേ.. പറഞ്ഞു കൊണ്ടവൻ തന്റെ തലയിൽ തലോടുന്ന അമ്മയുടെ മടിയിലേക്ക് തലവെച്ചു

”അമ്മേ… ഇന്നു ഞാൻ കാണാൻ പോയ പെണ്ണാരാണെന്നറിയ്യോ അമ്മയ്ക്ക് …?

“അറിയാം കണ്ണാ.. വേദമോളല്ലേ …?

പതിഞ്ഞ ശബ്ദത്തിൽ അമ്മ പറഞ്ഞതും അമ്പരന്ന് ജീവൻ അമ്മയെ നോക്കി

“അമ്മയ്ക്കറിയാമായിരുന്നോ അമ്മേ ഇത് …?

“എനിക്കറിയാമായിരുന്നു കണ്ണാ..
വേദമോൾക്ക് നിന്നെ ഇഷ്ട്ടമാണെന്ന് പറഞ്ഞതുകൊണ്ടാണ് അവളുടെ വീട്ടുകാർ ഇങ്ങോട്ട് ആലോചന കൊണ്ടുവന്നത്..

“നിനക്കൊരു സർപ്രൈസ് ആവട്ടേന്ന് വിചാരിച്ചാണ് ഞാനെല്ലാം മറച്ചുവെച്ചത് ..

“എപ്പഴൊക്കയോ നിന്റെ സംസാരത്തിനിടയിൽ നിന്ന് നിനക്കാ കുട്ടിയോടിരിഷ്ട്ടം ഉണ്ടെന്ന് ഞാൻ കരുതി..

“അതമ്മയുടെ തോന്നലായിരുന്നു അല്ലേ കണ്ണാ ..?

അമ്മ വിഷമത്തിൽ ചോദിച്ചതൊന്നും കിരൺ കേട്ടില്ല

അവന്റെ മനസ്സ് അമ്മ പറഞ്ഞ വാക്കുകളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു

“വേദയ്ക്ക് തന്നെ ഇഷ്ട്ടമാണെന്ന് ..

അവൾ പറഞ്ഞത് പ്രകാരമാണീ പെണ്ണ് കാണൽ പോലും

”കണ്ണാ… അമ്മ വീണ്ടും വിളിച്ചതും കിരൺ അമ്മയെ നോക്കി..

“കഴിഞ്ഞതു കഴിഞ്ഞു നീ ഇന്നിനി സ്റ്റേഷനിലേക്ക് പോണില്ലേ..?

“പോ… പോണം അമ്മേ..അവനൊന്ന് പതറി പറഞ്ഞു

അവന്റെ മനസ്സിലപ്പോൾ വേദയുടെ മുഖം ആയിരുന്നു ..

അവളോട് പറഞ്ഞിട്ട് പോന്ന വാക്കുകളായിരുന്നു

വൈകുന്നേരം സ്‌റ്റേഷനിലിരിക്കുമ്പോഴും എന്തിനെന്നറിയാത്തൊരു നൊമ്പരം തന്റെ മനസ്സിനെ നീറ്റുന്നത് കിരൺ അറിയുന്നുണ്ടായിരുന്നു

തുടർന്നുള്ള ദിവസങ്ങളിലെല്ലാം തന്നെ കോടതി വളപ്പിലും പരിസരത്തും കിരണിന്റെ കണ്ണുകൾ വേദയെ തേടി നടന്നു

നിരാശയായിരുന്നു ഫലം… അവനു തന്റെ നെഞ്ചിൽ വീണ്ടും കനം കൂടുന്നതായ് തോന്നി..

തീരെ പ്രതീക്ഷിക്കാതെയൊരു ദിവസം വേദയെ കോടതിക്കുള്ളിൽ വെച്ച് കണ്ടപ്പോൾ കിരണിന്റെ മുഖം സന്തോഷത്താൽ നിറഞ്ഞു …

തന്റെ നെഞ്ചിലെ കനം കുറഞ്ഞ് അപ്രത്യക്ഷമായത് കിരണ റിഞ്ഞു

അവനവളെ തന്നെ നോക്കി നിന്നു ,പക്ഷെ വേദയുടെ കണ്ണുകൾ ഒരിക്കൽ പോലും അവനെ തേടി എത്തിയില്ല

മാത്രമല്ല പതിവിനു വിപരീതമായ് അന്നത്തെ കേസ് വേദ തോൽക്കുകയും കൂടി ചെയ്തപ്പോൾ അമ്പരന്നു പോയത് കിരണായിരുന്നു

കാരണം അതവൾക്ക് പുഷ്പം പോലെ ജയിക്കാവുന്ന കേസായിരുന്നു

“ഈ വേദ മാഡത്തിനിതെന്താണ് പറ്റിയതാവോ.. കുറച്ചു ദിവസായിട്ട് ഇങ്ങനെയാണല്ലോ ?

“കേസുകളൊന്നും ഏറ്റെടുക്കാതെ എല്ലാറ്റിൽ നിന്നുമൊരു ഒളിച്ചോട്ടം പോലെ..

ആരെയും ശ്രദ്ധിക്കാതെ വേദ തന്റെ കാറിൽ കയറി പോയപ്പോൾ അവളെ നോക്കി അവളുടെ ജൂനിയേഴ്സ് പറയുന്നത് കേട്ടതും കിരൺ തറഞ്ഞു നിന്നു പോയ്

പേരറിയാത്തൊരു നൊമ്പരം തന്റെ ഉള്ളിൽ വീണ്ടും ഉടലെടുക്കുന്നത് കിരൺ അറിയുന്നുണ്ടായിരുന്നു..

താനും അവളെ ഒരു പാടിഷ്ട്ടപ്പെട്ടിരുന്നുവെന്ന സത്യം കിരൺ തിരിച്ചറിയുകയായിരുന്നു ..

തനിക്കുള്ളിലെ ഈഗോ കാരണം താനത് തിരിച്ചറിഞ്ഞില്ലെന്ന് മാത്രം

തന്നെ പ്രണയിച്ചിരുന്നവളോടാണ് പെണ്ണ് കാണാൻ പോയപ്പോൾ താനങ്ങനെ എല്ലാം പറഞ്ഞതെന്നോർത്തപ്പോൾ അവന് തന്നോട് തന്നെ ദേഷ്യം തോന്നി

തുടർന്നുള്ള ദിവസങ്ങളിലെല്ലാം തന്നെ കിരൺ വേദയെ കാത്തിരുന്നെങ്കിലും അവളൊരിക്കൽ പോലും അവന്റെ മുന്നിൽ വന്നില്ല

വേദയെ ഇനിയുംകാണാതെ ഇരുന്നാൽ താനൊരു പക്ഷെ സമനില നഷ്ട്ടപ്പെട്ടവനായ് തീരുമെന്ന് തോന്നിയതും കിരൺ വീട്ടിലേക്ക് പോയി

വക്കീലോഫിസിലെ തന്റെ മേശയിലേക്ക് തല വെച്ച് കിടക്കുകയായിരുന്നു വേദ..

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു

എത്ര മറക്കാൻ ശ്രമിച്ചിട്ടും, മായ്ക്കാൻ ശ്രമിച്ചിട്ടും മായാത്തതുപോലെ കിരണിന്റെ രൂപം അവളുടെ ഉള്ളിൽ തെളിഞ്ഞു വരുന്നുണ്ടായിരുന്നു

ആദ്യമാദ്യം വെറുമൊരു കൗതുകമായിരുന്നു അവനോട് …

പിന്നീടെപ്പോഴോ അവന്റെ സത്യസന്ധതയോടുള്ള പെരുമാറ്റത്തിൽ കൗതുകം ആരാധനയായ് മാറി

അവൻ തന്നെ ശ്രദ്ധിക്കുന്നില്ലാന്ന് തോന്നിയപ്പോൾ മന: പൂർവ്വം തന്നെ അവനെ കോടതിയിൽ പരാജയപ്പെടുത്തി തുടങ്ങി

അതവനിൽ തന്നോട് ഇത്രമാത്രം വെറുപ്പായ് തീർന്നിട്ടുണ്ടെന്ന് അറിഞ്ഞില്ല ,അറിഞ്ഞിരുന്നെങ്കിൽ തന്റെ ഇഷ്ട്ടം പറഞ്ഞു കൊണ്ട് വീട്ടുകാരെ അങ്ങോട്ട് അയക്കില്ലായിരുന്നു

ഇതിപ്പോൾ അവന്റെ മുന്നിൽ പോലും ചെന്നു നിൽക്കാൻ കഴിയാതെ താൻ പതറുന്നു …

അവനെ നേരിടാൻ തനിക്കിനി ഒരിക്കലും സാധിക്കില്ലേ..?

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി വീണ്ടും…

“ആഹാ … എന്റെ വക്കീലമ്മ കോടതിയിൽ പോവാതെ ഇവിടെ ഇരുന്ന് കരയുകയാണോ..?

തന്റെ പുറകിൽ നിന്നൊരു ശബ്ദം കേട്ടതും വേദ ഞെട്ടി തിരിഞ്ഞു നോക്കി

വാതിലിൽ ചാരി നിന്ന് തന്നെ തന്നെ നോക്കുന്ന കിരണിനെ കണ്ടതും അവളിലൊരു പരിഭ്രമം നിറഞ്ഞു

“ഇയാളെന്താ ഇവിടെ ?
താനെന്തിനാ വാതിലടച്ചത് ?

പരിഭ്രമം പുറത്തു കാട്ടാതെ വേദ ചോദിച്ചതും കിരണവളെ അലിവോടെ നോക്കി

കുറച്ചു ദിവസങ്ങൾ കൊണ്ട് അവളാകെ മാറിപ്പോയതവൻ തിരിച്ചറിഞ്ഞു

“ഞാൻ വന്നത് ഞാൻ സ്നേഹിക്കുന്ന ,ഞാൻ സ്നേഹിക്കുന്നഎന്റെ പെണ്ണിനെ കാണാനാ …

“വാതിലടച്ചത് ഞാനവളോട് എന്റെ ഹൃദയം തുറക്കുന്നത് മറ്റാരും കാണാതെ ഇരിക്കാനാ …

കുസൃതിയോടെ പറഞ്ഞു കൊണ്ടവൻ അവൾക്കരികിലേക്ക് വന്നതും അവൾ പിന്നോട്ട് നീങ്ങി

ഒടുവിൽ ചുമരിൽ തട്ടിയവൾ നിന്നതും അവൻ അവളുടെ മുഖത്തിനടുത്തായ് വന്നു നിന്നു

“സോറി വേദൂ…

അവൻ പറഞ്ഞതും അവൾ അവനെ നോക്കി

“നിന്നെ എനിക്കിഷ്ട്ടമായിരുന്നെടോ ഒരു പാട്..

അതെന്നെക്കാൾ മുമ്പേ തിരിച്ചറിഞ്ഞത് എന്റെ അമ്മയാ..

“ഞാൻ പക്ഷെ അതൊന്നും ഓർക്കാതെ എന്റെ വേദൂനെ ഒത്തിരി വേദനിപ്പിച്ചു ..
ഈ സ്നേഹം കണ്ടില്ലെന്ന് നടിച്ചു

“ഇനി വയ്യ മോളെ നിന്നെ കാണാതൊരു നിമിഷം പോലും ഇരിക്കാൻ വയ്യ എനിക്ക്..

കിരൺ പറഞ്ഞു കൊണ്ടേ ഇരുന്നതും അവൻ പറഞ്ഞ വാക്കുകൾ കേട്ട് അവളുടെ ഹൃദയം അവളെ മറന്നെന്ന പോലെ സന്തോഷത്തിൽ ഉറക്കെമിടിച്ചു കൊണ്ടിരുന്നു

“വേദൂ…. നീ ക്ഷമിക്കില്ലേടാ എന്നോട് ?

ഒരു യാചന പോലെ കിരൺ ചോദിച്ചതും അവളവനെ നോക്കി

അവന്റെ മുഖം കണ്ടതും അവളുടെ ഉള്ളിലെ വാശിക്കാരി പെണ്ണ് ഉണർന്നു…

“ഞാൻ ക്ഷമിക്കില്ല കിരൺ നിന്നോട് ,നീ പറഞ്ഞ ഓരോ വാക്കും കീറി മുറിച്ചത് എന്റെ മനസ്സിനെയാണ്

”നീ പറഞ്ഞത് സത്യമാണ് എനിക്കിഷ്ട്ടമായിരുന്നു നിന്നെ ..

”പക്ഷെ നീയെന്നെ വേണ്ടാന്ന് പറഞ്ഞപ്പോൾ ഞാനും ഉപേക്ഷിച്ചു നിന്നെ

വാശിയോടെ വേദപറഞ്ഞു കൊണ്ടിരുന്നതും അവളുടെ കണ്ണിലെ കുസൃതിയിൽ നിന്ന് കിരണിന് മനസ്സിലായിരുന്നു അവൾക്ക് തന്നോടുള്ള ഇഷ്ട്ടം

“അപ്പോ നീ പറഞ്ഞു വരുന്നത് നിനക്കെന്നോട് ഇഷ്ടം ഇല്ലാന്നല്ലേ വേദാ …?

“ഇയാൾക്കെന്താ ചെവി കേട്ടൂടെ..?
ഞാനതു തന്നെയാ പറഞ്ഞ …..

വേദ പറഞ്ഞത് പൂർത്തിയാക്കും മുമ്പേ കിരണവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു

കിരണിന്റെ നെഞ്ചിൽ വന്നിടിച്ച് നിന്നതും വേദ അവനെ പകച്ചു നോക്കി

അവളുടെ കവിൾ ചുവക്കുന്നതും ചുണ്ടുകൾ വിറക്കുന്നതും കിരൺ നോക്കി നിന്നു

പെട്ടന്നാണവന്റെ കൈ അവളുടെ ഇടുപ്പിലമർന്നത് ..
വേദ പകച്ചവനെ നോക്കിയതും ഒരു കുസൃതി ചിരിയോടെ അവളെ നോക്കിയ അവന്റെ കൈകൾ അവളുടെ ഇടുപ്പിനെ ചുറ്റി വരിഞ്ഞു

തന്റെ വയറിലൊരു തണുപ്പറിഞ്ഞതും വേദ അവനിൽ നിന്ന് നോട്ടം പിൻവലിച്ച് തന്റെ വയറിലേക്ക് നോക്കി

അവിടെ ഒരു സ്വർണ്ണ അരഞ്ഞാണം അവളുടെ വയറിലൊതുങ്ങി കിടന്നിരുന്നു..

“ഹാപ്പി ബർത്ത് ഡേ വേദൂ..

അവളുടെ കാതോരം കിരണിന്റെ ശബ്ദം കേട്ടതും അവന്റെ ശ്വാസം മുഖത്ത് തട്ടി അവളൊന്ന് വിറച്ചു

“എന്റെ പെണ്ണിനോട് എന്റെ മനസ്സിലുള്ളത് തുറന്നു പറയാൻ നല്ലത് ഈ ദിനം തന്നെയല്ലേ വേദൂ…

“പിന്നെ എന്റെ പിറന്നാൾ സമ്മാനം അതവിടെ ആ അരയിലങ്ങനെ കിടന്നോട്ടെ ട്ടൊ വേദൂ.. നമ്മുടെ കല്യാണം കഴിഞ്ഞിട്ടേ ഞാനത് നോക്കുള്ളൂ..

അപ്പോ ശരി ഞാനങ്ങ് പോയാലോ അല്ലെങ്കിൽ ചിലപ്പോ എന്റെ സമ്മാനം എനിക്ക് ഇപ്പോ തന്നെ കാണാൻ തോന്നിയാലോ

ഒരു കുസൃതി ചിരിയോടെ കിരൺ പറഞ്ഞതും വേദഅവനെ തന്നിൽ നിന്ന് തള്ളിമാറ്റി

അപ്പോൾ അവൾ പൂർണ്ണമായും സന്തോഷവതിയായിരുന്നു അവളുടെ പ്രണയം അവളെ തേടിയെത്തിയതിൽ …

ഇനിയവർ പ്രണയിക്കട്ടെ ,അവരിൽ പ്രണയം പൂത്തു തളിർക്കട്ടെ …